01 December Friday

ഭാവപൗർണമി: തെന്നിന്ത്യയുടെ സ്വരവീണയായ പി സുശീലയെപ്പറ്റി രവി മേനോന്‍ എഴുതുന്നു

രവി മേനോന്‍Updated: Tuesday Jun 29, 2021

പി സുശീല

ഇന്നും പി സുശീലയുടെ 'മന്നവൻ വന്താനടി' എന്ന പാട്ടിനൊപ്പം ഓർമ്മയിൽ തെളിയുക പരിമളയുടെ എണ്ണക്കറുപ്പാർന്ന മുഖമാണ്. രാകിമിനുക്കിയെടുക്കപ്പെട്ടതെങ്കിലും ഭാവദീപ്തമായ ആ ശബ്ദവും. 'തിരുവരുൾചെൽവർ' എന്ന പടത്തിൽ കെ വി മഹാദേവൻ ഈണമിട്ട ആ ക്ലാസിക് ഗാനം വർഷങ്ങൾക്ക് ശേഷം ചെന്നൈയിലെ വീട്ടിലിരുന്ന് ഭാവഗായകൻ ജയചന്ദ്രന്റെ ആഗ്രഹം മാനിച്ച് സുശീലാമ്മ പാടുന്നതിന് സാക്ഷ്യം വഹിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ടെനിക്ക്. അപ്പോഴും ഓർമ്മവന്നത് പരിമളയെത്തന്നെ- ആറ് പതിറ്റാണ്ടിലധികമായി തെന്നിന്ത്യയുടെ സ്വരവീണയായി പരിലസിക്കുന്ന പി സുശീലയുടെ സംഗീതജീവിതത്തിലൂടെ. ഒപ്പം സുശീലയെക്കുറിച്ചുള്ള ഹൃദയഹാരിയായ ഓർമകളും...രവി മേനോന്‍ എഴുതുന്നു.

റോഡരികിലെ തേയിലച്ചെടിയിൽ നിന്ന് ഒരില നുള്ളിയെടുത്ത് അതിൽ പറ്റിപ്പിടിച്ച മഞ്ഞുതുള്ളികൾ സൂക്ഷ്മതയോടെ എന്റെ കാൽപാദത്തിലെ മുറിവിലിറ്റിച്ചു പരിമള. പിന്നെ മൃദുകരങ്ങളാൽ മുറിവേറ്റ ഭാഗം തലോടി.

സുഖമുള്ള ആ നീറ്റലിൽ മറ്റെല്ലാം മറന്നുനിൽക്കേ കാതിൽ ഒരു മൂളിപ്പാട്ടിന്റെ നേർത്ത ശീലുകൾ ഒഴുകിയെത്തുന്നു. ചുറ്റും നോക്കി. വിജനമാണ് നിരത്ത്. പിന്നെങ്ങുനിന്നാവണം മൃദുമന്ത്രണം പോലുള്ള ഈ ഗാനധാരയുടെ വരവ് ? താഴെ കുനിഞ്ഞിരുന്ന് എന്റെ മുറിവേറ്റ കാലിൽ ശ്രദ്ധയോടെ ചെരുപ്പണിയിച്ചുകൊണ്ടിരുന്ന പരിമളയിലേക്ക് കണ്ണുകൾ നീണ്ടുചെന്നത് അപ്പോഴാണ്. അത്ഭുതം. പാട്ടൊഴുകുന്നത് ആ ചുണ്ടുകളിൽ നിന്ന് തന്നെ. മധുരോദാരമായ ഒരു ഗാനത്തിന്റെ ഈരടികളിൽ മതിമറന്നൊഴുകുകയാണ് അവൾ: ``മന്നവൻ വന്താനടി തോഴീ മഞ്ചത്തിലേ ഇരുന്ത് നെഞ്ചത്തിലേ അമർന്ത മന്നവൻ വന്താനടി......''

ആ പാട്ടും അത് പാടിയ പി സുശീല എന്ന ഗായികയും എന്റെ ജീവിതത്തിലേക്ക് ആദ്യമായി കടന്നുവന്ന നിമിഷം. പരിമളയ്ക്ക് നന്ദി.

വയനാട്ടിലെ ചുണ്ടേൽ ആർ സി ഹൈസ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ഞാനന്ന്. പരിമള ഏഴാം ക്ളാസുകാരിയും. നാലിൽ നിന്ന് അഞ്ചിലേക്ക് ജയിച്ചതിനുള്ള പാരിതോഷികമായി അച്ഛൻ വാങ്ങിത്തന്ന പ്ലാസ്റ്റിക് ചെരിപ്പിട്ട് അഭിമാനപൂർവം ആദ്യമായി സ്‌കൂളിലേക്ക് നടന്നുപോയ ദിവസം. ജീവിതത്തിലാദ്യമണിയുന്ന പാദരക്ഷയാണ്. പക്ഷെ സ്‌കൂളിലേക്കുള്ള രണ്ടര കിലോമീറ്റർ പാതയുടെ പാതി പിന്നിട്ടപ്പോഴേക്കും കാലും ചെരിപ്പും തമ്മിൽ പിണങ്ങി.  പുത്തൻ ചെരിപ്പിന്റെ പരുക്കൻ പ്രതലവുമായുള്ള സമ്പർക്കമേൽപ്പിച്ച ക്ഷതങ്ങളേറ്റ് നീറിപ്പുകയുന്ന കാലുമായി റോഡരികിൽ നിസ്സഹായനായി നിന്നു അന്നത്തെ ഒൻപതുകാരൻ; ഒരടി പോലും മുന്നോട്ട് വെക്കാനാവാതെ. ഒപ്പമുള്ള കൂട്ടുകാരെല്ലാം അവനെ ഉപേക്ഷിച്ചു നടന്നു മറഞ്ഞിരുന്നു.

കരയാൻ വെമ്പുന്ന മുഖവുമായി ``അപമാനിത''നായി നിന്ന അവന്റെ മുന്നിൽ ദേവദൂതികയെപ്പോലെ പരിമള അവതരിച്ചത്  അപ്പോഴാണ്. ചുണ്ടേൽ എസ്റ്റേറ്റിലെ  ``ചപ്പുപറിക്കാരി''യുടെ മകൾ. തമിഴത്തി. കൂട്ടുകാർക്കൊപ്പം കളിയും ചിരിയുമായി നടന്നുപോകുന്ന കറുത്ത് മെലിഞ്ഞ പെൺകുട്ടിയെ  മുൻപും കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊരു സന്ദിഗ്ധ ഘട്ടത്തിൽ രക്ഷകയായി അവൾ അവതരിക്കുമെന്ന് ആരോർത്തു? ``എന്ത് പറ്റി തമ്പീ? കാൽ മുറിഞ്ഞോ?'' -- തമിഴ് കലർന്ന മലയാളത്തിൽ പരിമളയുടെ  ചോദ്യം. ജാള്യത്തോടെ ഒന്നും മിണ്ടാതെ നിന്നപ്പോൾ മാറോടടുക്കിപ്പിച്ച പുസ്തകക്കെട്ടും ഇൻസ്ട്രുമെന്റ് ബോക്‌സും നിലത്തുവെച്ച്, എന്റെ ചെരിപ്പ് സൂക്ഷ്മതയോടെ അഴിച്ചെടുത്തു അവൾ; അനുവാദം പോലും ചോദിക്കാതെ. പൊടുന്നനെ അവളൊരു സ്നേഹനിധിയായ അക്കയായി മാറി. വയനാടൻ  ഹിമകണങ്ങൾക്ക് ഔഷധമൂല്യം കൂടിയുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞ നിമിഷങ്ങൾ. എല്ലാം കഴിഞ്ഞ്, അഭിമാനം വീണ്ടെടുത്ത് സ്‌കൂളിലേക്ക് നടന്നുപോകുമ്പോഴാണ് പേര് ചോദിച്ചത്. ``പരിമള''-- ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
 
ഏതാനും മാസം കഴിഞ്ഞു സ്‌കൂളിലെ വാർഷിക കലാപരിപാടിയിൽ യാദൃച്ഛികമായി വീണ്ടും കേട്ടു പരിമളയുടെ ``മന്നവൻ വന്താനടി.'' സ്‌കൂൾ പരിസരത്തെ തൂണുകളിൽ വലിച്ചുകെട്ടിയ ഉച്ചഭാഷിണികളിലൂടെ ഒഴുകിവന്ന ശബ്ദത്തിന് മാർദ്ദവം കുറവായിരുന്നു. പക്ഷേ തമിഴിന്റെ എല്ലാ ഗ്രാമ്യസൗന്ദര്യവും വിളങ്ങിച്ചേർന്നിരുന്നു അതിൽ. പിന്നെയെപ്പോഴോ പരിമള  സ്‌കൂളിൽ നിന്ന് അപ്രത്യക്ഷയാകുന്നു. അമ്മയോടൊപ്പം തേയിലക്കൊളുന്ത് നുള്ളുന്ന ചപ്പുതൊഴിലാളിയുടെ വേഷത്തിലാണ് പിന്നീടവളെ കണ്ടത്. ഇടയ്ക്കൊരിക്കൽ വിജനമായ റോഡരികിൽ നിന്നുകൊണ്ട് ആ ഗാനം ഒരിക്കൽ കൂടി എനിക്ക് പാടിത്തന്നു പരിമള. ഒരു ചെരുപ്പിന്റെ ``പിണക്ക''ത്തിൽ നിന്നാരംഭിച്ച ഇണക്കം. അന്ന് ഒൻപതിലോ പത്തിലോ പഠിക്കുകയാണ് ഞാൻ...അധികം വൈകാതെ അമ്മയുമൊത്ത് ജന്മനാടായ തിരുപ്പൂരിലേക്ക് യാത്രയായി അവൾ എന്നറിഞ്ഞു. പിന്നീടൊരിക്കലും  കണ്ടിട്ടില്ല പരിമളയെ. എവിടെയുണ്ടോ ആവോ.

ഇന്നും പി സുശീലയുടെ ``മന്നവൻ വന്താനടി'' എന്ന പാട്ടിനൊപ്പം ഓർമ്മയിൽ തെളിയുക പരിമളയുടെ എണ്ണക്കറുപ്പാർന്ന മുഖമാണ്. രാകിമിനുക്കപ്പെടുത്തതെങ്കിലും ഭാവദീപ്തമായ  ആ ശബ്ദവും.  ``തിരുവരുൾചെൽവർ''  എന്ന പടത്തിൽ കെ വി മഹാദേവൻ ഈണമിട്ട  ആ ക്‌ളാസിക് ഗാനം വർഷങ്ങൾക്ക് ശേഷം ചെന്നൈയിലെ വീട്ടിലിരുന്ന് ഭാവഗായകൻ ജയചന്ദ്രന്റെ ആഗ്രഹം മാനിച്ച്  സുശീലാമ്മ പാടുന്നതിന് സാക്ഷ്യം വഹിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ടെനിക്ക്. അപ്പോഴും ഓർമ്മവന്നത് പരിമളയെത്തന്നെ.
 
പാടിയ പാട്ടുകളിൽ സുശീലയ്ക്കും ഏറെ പ്രിയപ്പെട്ടതാണ് മന്നവൻ വന്താനടി. ഗായികയെന്ന നിലയിൽ സുശീലയുടെ അപാരമായ റേഞ്ച് വെളിപ്പെടുത്തുന്ന പാട്ടുകളിലൊന്ന്. ``ജെമിനി സ്റ്റുഡിയോയിൽ ആ പാട്ട് റെക്കോർഡ് ചെയ്യുമ്പോൾ ക്ഷണിക്കാതെ ഒരു അതിഥിയെത്തി. പടത്തിലെ നായകൻ ശിവാജി ഗണേശൻ.''-- സുശീല ഓർക്കുന്നു. ``വോയ്സ് ബൂത്തിൽ മൈക്കിന്റെ തൊട്ടടുത്ത് ഒരു കസേരയിട്ട് ഞാൻ പാടുന്നതും നോക്കിയിരിക്കുകയായിരുന്നു അദ്ദേഹം.

ശിവാജി ഗണേശനും ആശാ ഭോസ്‌ലേക്കും ഒപ്പം

ശിവാജി ഗണേശനും ആശാ ഭോസ്‌ലേക്കും ഒപ്പം

ആ സാന്നിധ്യം അസ്വസ്ഥയാക്കി എന്നെ. പാടുമ്പോൾ ആരും അങ്ങനെ വന്നിരിക്കുന്നത് എനിക്കിഷ്ടമില്ല. അത് ശിവാജി സാറിനെ പോലൊരാൾ ആകുമ്പോൾ നമ്മുടെ മനസ്സാന്നിധ്യം തന്നെ നഷ്ടപ്പെടും. തുടക്കം  മുതലേ പ്രശ്നമായിരുന്നു. ടേക്കുകൾ ഒന്നും ശരിയാകുന്നില്ല. ശിവാജി സാറിനോട് എഴുന്നേറ്റുപോകാൻ പറയാൻ ആർക്കും ധൈര്യവുമില്ല. ഭാഗ്യവശാൽ, അദ്ദേഹം തന്നെ കാര്യം മനസ്സിലാക്കി എഴുന്നേറ്റു പോയിക്കളഞ്ഞു. അടുത്ത ടേക്ക് ഓക്കേ.''  ആ പാട്ടുമായി ബന്ധപ്പെട്ട മറക്കാനാവാത്ത മറ്റൊരു ചിത്രം നടി പദ്മിനിയുടേതാണ്. അമേരിക്കൻ പര്യടനത്തിനിടെ മന്നവൻ വന്താനടി പാടുമ്പോൾ സ്റ്റേജിൽ കയറിവന്നു  നൃത്തച്ചുവടുകൾ വെച്ച്  സുശീലയേയും സദസ്സിനെയും വിസ്മയിപ്പിച്ചു പദ്മിനി; പ്രായത്തെ വെല്ലുന്ന ഉത്സാഹത്തോടെ.

 ദൈവം അനുഗ്രഹിച്ച തൊണ്ട

മറക്കാനാവില്ല സുശീലയുമായുള്ള ആദ്യ കൂടിക്കാഴ്ച്ച. ആദ്യം നേരിൽ കാണുകയായിരുന്നു പ്രിയഗായികയെ. കസവുകരയുള്ള പട്ടുസാരിക്കുള്ളിൽ ദേവതയെപ്പോലെ ജ്വലിച്ചുനിന്നു അവർ. അളവറ്റ ആരാധനയോടെ ആ സ്വർഗീയ പരിവേഷത്തിൽ മതിമറന്നിരിക്കുകയാണ്  ജയേട്ടൻ. ``എങ്ങനെയാണ് ഇത്രയും ഭാവം പാട്ടിൽ കൊണ്ടുവരാൻ കഴിയുന്നത് അമ്മയ്ക്ക്?'' - ഇടയ്ക്കൊരിക്കൽ കൊച്ചുകുട്ടിയുടെ ജിജ്ഞാസയോടെ ഭാവഗായകന്റെ ചോദ്യം. ``അത് ട്രേഡ് സീക്രട്ട്. പറയില്ല.''-- സുശീലാമ്മയുടെ കുസൃതി നിറഞ്ഞ മറുപടി. എങ്കിലും വിശദീകരണം പിന്നാലെ വന്നു: ``എല്ലാം കടവുൾ ബ്ലെസ്സിംഗ്. പാട്ട് പാടിത്തുടങ്ങിയാൽ തൊണ്ടയിൽ എല്ലാം വരും. സന്തോഷമെങ്കിൽ സന്തോഷം. സങ്കടമെങ്കിൽ സങ്കടം. കാതലെങ്കിൽ കാതൽ...'' സുദീർഘമായ ആ കൂടിക്കാഴ്ചക്ക് ശേഷം കാറിൽ മടങ്ങുമ്പോൾ ജയേട്ടൻ പറഞ്ഞ വാക്കുകൾ ഓർമ്മയുണ്ട്: ``ദൈവം അനുഗ്രഹിച്ചു  വിട്ടിരിക്കുകയാണ് അവരുടെ തൊണ്ട.  വികാരങ്ങളും ഭാവങ്ങളും സംഗതികളുമെല്ലാം ക്ഷണിക്കാതെ തന്നെ വന്നു ക്യൂ നിൽക്കും അവിടെ.''

സുശീലയുടെ പാട്ടുകൾ ശ്രദ്ധിച്ചു തുടങ്ങിയത് വൈകിയാണ്. കുട്ടിക്കാലത്ത് എസ് ജാനകിയുടെ പാട്ടുകളോടായിരുന്നു കൂടുതൽ സ്നേഹം. സൂര്യകാന്തിയും തളിരിട്ട കിനാക്കളും വാസന്തപഞ്ചമിനാളിലും റേഡിയോയിൽ നിന്ന് ഒഴുകിവരുമ്പോൾ അറിയാതെ കാതുകൾ ആ ശബ്ദമാധുര്യത്തിന് പിറകെ സഞ്ചരിക്കും. സുശീലയുടെ പാട്ടുകളും കേട്ടിരുന്നെങ്കിലും അവയിലൊരു മലയാളിത്തക്കുറവ് അനുഭവപ്പെട്ടിരുന്നു ആദ്യകാലത്ത്. അത് മാറ്റിയെടുത്തത് അച്ഛന്റെ മൂത്ത സഹോദരിയായ  ചിന്നമ്മുവല്യമ്മയാവണം. നടന്മാരിൽ സത്യനെയും ഗായകരിൽ ജയചന്ദ്രനേയും സുശീലയെയും ഹൃദയത്തോട് ചേർത്തുവെച്ചു വല്യമ്മ. നാട്ടിലെല്ലാവരും യേശുദാസിന്റെ യൗവന ദീപ്തമായ കാൽപ്പനിക ശബ്ദത്തിന്റെ ആകർഷണ വലയത്തിൽ മുഴുകി സ്വയം മറന്നു നടന്ന കാലത്ത് ചിന്നമ്മു വല്യമ്മ ജയചന്ദ്രന്റെ പാട്ടുകളെ മാത്രം സ്നേഹിച്ചു. ``ആണത്തംള്ള ശബ്ദം ജയേന്ദ്രന്റെയാ.''-- അവർ പറയും. ഞങ്ങളേയും കൂട്ടി അമ്മ ചുണ്ടേൽ റോഷൻ ടോക്കീസിൽ പ്രേംനസീറിന്റെ പടങ്ങൾ കാണാൻ പോകുമ്പോൾ ഉമ്മറത്തിരുന്ന് ഓട്ടക്കണ്ണിട്ടുനോക്കി വല്യമ്മ പിറുപിറുക്കും: ``വേറൊരു പണീം ഇല്യേ നിങ്ങക്ക്?  പെണ്ണുങ്ങടെ പിന്നാലെ കുണുങ്ങിക്കുണുങ്ങി നടക്കാനല്ലാതെ എന്താ കഴിയുക നസീറിന്.  കൊറേ വെളുപ്പുണ്ടായിട്ട് കാര്യൊന്നുംല്യ.  കറുപ്പിനാ ഏഴഴക്. ആൺകുട്ടി സത്യനാ. അയാള്ടെ സിനിമ്യാണ് സിനിമ.''  സുശീലാമ്മയുടെ ശബ്ദത്തെ വെള്ളാരം കല്ലിനോടാണ് വല്യമ്മ ഉപമിക്കുക. ``അത്ര മിനുസം ഉണ്ടാവില്ല്യ. ശര്യാ. പക്ഷെ അതോണ്ടൊരു കൊഴപ്പോംല്യ. ശബ്ദാവുമ്പോ ഇത്തിരി കിരുകിരുപ്പൊക്കെ വേണ്ടേ..''

ദേവരാജൻ മാസ്റ്ററുടെ കൂടെ

ദേവരാജൻ മാസ്റ്ററുടെ കൂടെ


ആ ``കിരുകിരുപ്പി''ന്റെ രഹസ്യം പിടികിട്ടിയത് വർഷങ്ങൾ കഴിഞ്ഞൊരിക്കൽ ചെന്നൈ കാംദാർ നഗറിലെ വീട്ടിലിരുന്ന് കലാകൗമുദിക്ക് വേണ്ടി ദേവരാജൻ മാസ്റ്ററെ ഇന്റർവ്യൂ ചെയ്യുമ്പോഴാണ്. ``വളരെ പ്രത്യേകതയുള്ള ശബ്ദമമാണ് സുശീലയുടേത്. മഞ്ചാടിമണി പോലുള്ള ശബ്ദം എന്നാണ് ഞാൻ പറയുക. വഴുവഴുപ്പുണ്ട്. ഒപ്പം തരിതരിപ്പും.'' -- മാസ്റ്റർ പറഞ്ഞു. എന്തുകൊണ്ട് തന്റെ ഏറ്റവും മികച്ച ഇരുനൂറ്റിയൻപതോളം പാട്ടുകൾ സുശീലക്ക് നൽകി എന്നതിന്റെ ഉത്തരം കൂടിയായിരുന്നു മാസ്റ്ററുടെ വാക്കുകൾ.``സിനിമാഗാനങ്ങളിൽ ഞാൻ പ്രാധാന്യം നൽകുന്നത് ഭാവത്തിനാണ്. ഉച്ചാരണം അതുകഴിഞ്ഞേ വരൂ. ഉച്ചാരണവും ശ്രുതിയുമൊക്കെ നിരന്തര പരിശീലനത്തിലൂടെ മെച്ചപ്പെടുത്താൻ കഴിയും. പക്ഷേ ഭാവം ജന്മസിദ്ധമായി വന്നുചേരേണ്ടതാണ്. സുശീല മലയാളിയല്ലായിരിക്കാം. പക്ഷേ അവരുടെ ശബ്ദത്തിൽ ഭാവമുണ്ട്. മാത്രമല്ല, എന്റെ ആലാപനത്തിൽ വരുന്ന നുറുങ്ങു സംഗതികൾ പോലും അവരുടെ ശബ്ദത്തിൽ സ്വതന്ത്രമായി അനായാസം വരും.''

ദേവരാജ സംഗീതത്തിൽ ആദ്യം പാടിയ ``ഭാര്യ'' (1962) യിൽ തന്നെയുണ്ടായിരുന്നു കാലത്തിനപ്പുറത്തേക്ക് വളർന്ന പാട്ടുകൾ: പെരിയാറേ പെരിയാറേ (എ എം രാജയോടൊപ്പം), മുൾക്കിരീടമിതെന്തിന് നൽകി, ഓമനക്കൊമ്പിൽ ഒലീവിലകൊമ്പുമായ്‌. പിന്നീടങ്ങോട്ട് ദേവരാജൻ -- സുശീല കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങളിൽ സംഗീത സംവിധായകനും ഗായികയും തമ്മിലുള്ള  അപൂർവ  രസതന്ത്രത്തിന്റെ മായാജാലം  കൂടി അനുഭവിച്ചറിയുന്നു നാം. രാജശില്പി നീയെനിക്കൊരു (പഞ്ചവൻകാട്), കറുത്ത ചക്രവാള മതിലുകൾ ചൂഴും, ഏഴു സുന്ദരരാത്രികൾ (അശ്വമേധം), കിനാവിന്റെ കുഴിമാടത്തിൽ (ഡോക്ടർ), അഷ്ടമിരോഹിണി രാത്രിയിൽ (ഓമനക്കുട്ടൻ), ഹിമവാഹിനി ഹൃദയഹാരിണി (നാടൻ പെണ്ണ്), പ്രിയതമാ (ശകുന്തള), പൂന്തേനരുവീ, ശ്രാവണ ചന്ദ്രിക (ഒരു പെണ്ണിന്റെ കഥ), മാറോടണച്ചു ഞാൻ ഉറക്കിയിട്ടും, അറിയുന്നില്ല ഭവാൻ (കാട്ടുകുരങ്ങ്), ചന്ദ്രകിരണം ചാലിച്ചെടുത്തൊരു   (ദേവി), തുറന്നിട്ട ജാലകങ്ങൾ (ദത്തുപുത്രൻ), പൂവുകൾക്ക് പുണ്യകാലം (ചുവന്ന സന്ധ്യകൾ), വിളിച്ചു ഞാൻ വിളികേട്ടു (യക്ഷി), കാറ്റിൽ ഇളംകാറ്റിൽ (ഓടയിൽ നിന്ന്), എന്തിനീ ചിലങ്കകൾ (കരുണ), അജ്ഞാതഗായകാ (ഹോട്ടൽ ഹൈറേഞ്ച്), കല്യാണസൗഗന്ധിക പൂങ്കാവനത്തിലൊരു (വാഴ്‌വേമായം),  വെള്ളോട്ടുവളയിട്ടു കമ്മലിട്ടു, കദളീവനങ്ങൾക്കരികിലല്ലോ (ഒതേനന്റെ മകൻ),  കാറ്റു വന്നു കള്ളനെപ്പോലെ (കരകാണാക്കടൽ)....

അപൂർവ സമാഗമം: ചെന്നൈയിൽ നടന്ന ഒരു അവാർഡ്ദാനച്ചടങ്ങിൽ നിന്ന്. സുശീല, ലത മങ്കേഷ്‌കർ, ദേവരാജൻ, ബാബുരാജ്, മദൻമോഹൻ, ടി എം സൗന്ദർരാജൻ, ശീർകാഴി ഗോവിന്ദരാജൻ, പി ബി ശ്രീനിവാസ് തുടങ്ങിയവർ

അപൂർവ സമാഗമം: ചെന്നൈയിൽ നടന്ന ഒരു അവാർഡ്ദാനച്ചടങ്ങിൽ നിന്ന്. സുശീല, ലത മങ്കേഷ്‌കർ, ദേവരാജൻ, ബാബുരാജ്, മദൻമോഹൻ, ടി എം സൗന്ദർരാജൻ, ശീർകാഴി ഗോവിന്ദരാജൻ, പി ബി ശ്രീനിവാസ് തുടങ്ങിയവർ

സ്വകാര്യജീവിതത്തിലെ ഏറ്റവും വലിയ ദുരിതപർവ്വത്തെ സുശീല അതിജീവിച്ചത്  സംഗീതത്തിലൂടെയാണ്. അതിനു നിമിത്തമായത് ദേവരാജനും. 1960 കളുടെ ഒടുവിൽ ആദ്യത്തെ കുഞ്ഞിനെ പ്രസവത്തിൽ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ സിനിമാഗാനങ്ങളോട് എന്നെന്നേക്കുമായി വിടപറയാൻ ആലോചിച്ചതാണ് സുശീല. ഭർത്താവ് ഡോ മോഹൻ റാവുവുമായി ചേർന്നെടുത്ത തീരുമാനം.  ഏകാന്തതയുടെ തുരുത്തിലേക്കൊതുങ്ങി മാസങ്ങളോളം ചെന്നൈയിലെ വീട്ടിൽനിന്നിറങ്ങാതെ കഴിച്ചുകൂട്ടിയ സുശീലയെ ആ അജ്ഞാതവാസം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചത് ദേവരാജൻ മാസ്റ്ററുടെ സ്‌നേഹപൂർണമായ നിർബന്ധം തന്നെ. ``പാടാൻ സുശീലയില്ലെങ്കിൽ ഇനി പാട്ടുണ്ടാക്കാൻ താല്പര്യമില്ല എന്ന് മാസ്റ്റർ പറഞ്ഞപ്പോൾ വഴങ്ങാതെ പറ്റില്ലെന്ന് വന്നു എനിക്ക്.''-- സുശീലയുടെ വാക്കുകൾ. ``എന്തോ മാസ്റ്റർക്ക് എന്റെ കഴിവുകളിൽ പൂർണ്ണവിശ്വാസമായിരുന്നു. അദ്ദേഹം പാടിത്തരുന്നത് കേട്ടിരിക്കാൻ മാത്രമല്ല കണ്ടിരിക്കാനും ഇഷ്ടമായിരുന്നു എനിക്ക്. പ്രണയഗാനങ്ങൾ പാടിത്തരുമ്പോൾ ആ മുഖത്ത് നോക്കാൻ തന്നെ ലജ്ജ തോന്നും. അത്രയും ഇൻവോൾവ്മെന്റോടെ ആണ് പാടുക. അതിന്റെ അറുപത് ശതമാനം നമ്മുടെ ആലാപനത്തിൽ കൊണ്ടുവന്നാൽ പോലും പാട്ട് ഗംഭീരമായിരിക്കും.''
സുശീല, യേശുദാസ്, പ്രഭ യേശുദാസ്

സുശീല, യേശുദാസ്, പ്രഭ യേശുദാസ്


ചെറിയൊരു അസ്വാരസ്യത്തിന്റെ പേരിൽ അകന്നുനിന്ന ദേവരാജനെയും സുശീലയെയും ദീർഘകാലത്തിന്‌ ശേഷം ഒരുമിപ്പിച്ചത് ``അഗ്രജൻ'' എന്ന സിനിമയിലെ യേശുമഹേശാ എന്ന പാട്ടിലൂടെ  തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫാണ്. ``എന്റെ ഒരു സിനിമയിൽ ദേവരാജൻ മാഷിന് വേണ്ടി സുശീലാമ്മ പാടിക്കേൾക്കണം എന്നത് വളരെ നാളായുള്ള ആഗ്രഹമായിരുന്നു. മാഷിൽ നിന്ന് സുശീലാമ്മ പാടിപ്പഠിക്കുന്നത് തന്നെ കാണേണ്ട  കാഴ്ച്ചയാണ്. ആ കാഴ്ച്ചയ്ക്കൊപ്പം എത്രയെത്ര അനശ്വര ഗാനങ്ങളാണെന്നോ എന്റെ ഓർമ്മയിൽ വന്നു തുളുമ്പിയത്.'' -- ഡെന്നിസ് പറഞ്ഞു. അഗ്രജനിലെ പാട്ടുകളുടെ റെക്കോർഡിംഗിനിടെ യാദൃച്ഛികമായി ഒരിക്കൽ സുശീലാമ്മ സംസാരവിഷയമായപ്പോൾ, വികാരഭരിതനായി ദേവരാജൻ മാസ്റ്റർ പറഞ്ഞ വാക്കുകൾ  മരണം വരെ ഓർമ്മയിൽ സൂക്ഷിച്ചു ഡെന്നിസ്: ``ഒരു പാട്ട് ചിട്ടപ്പെടുത്തിക്കഴിഞ്ഞാൽ ആദ്യമത് വായ് കൊണ്ട് പാടിനോക്കും ഞാൻ.  തൃപ്തി വരുന്നില്ലെങ്കിൽ ഹൃദയം കൊണ്ട് പാടിനോക്കും. അപ്പോൾ കേൾക്കുക സുശീലയുടെ ശബ്ദമാണ്.'' മാസ്റ്ററുടെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നിന് ശബ്ദം പകർന്നത് സുശീലയും എൽ ആർ ഈശ്വരിയും ചേർന്നാണ്.  വിശ്വനാഥൻ--രാമമൂർത്തി  ഈണമിട്ട എങ്ക വീട്ട് പിള്ളയിലെ ``മലര്ക്ക് തെൻട്രൽ പകൈയാനാൽ.'' സുശീലയ്ക്ക് വേണ്ടി താൻ സൃഷ്ടിച്ച അസംഖ്യം ഗാനങ്ങളിൽ പ്രേമകവിതകളേ (അവൾ) എന്ന പാട്ടിനോടാണ് മാസ്റ്റർക്ക് കൂടുതൽ മമത.

ചോര പൊടിയും വരെ

ദേവരാജന് വേണ്ടി പാടുന്നതിന് രണ്ടു വർഷം മുൻപേ അഭയദേവ് -- ദക്ഷിണാമൂർത്തി ടീമിന്റെ പാട്ടുപാടിയുറക്കാം ഞാൻ (സീത-- 1960) എന്ന ഗാനത്തിലൂടെ മലയാളത്തിൽ അരങ്ങേറിയിരുന്നു സുശീല.   പി ലീലയെ ഉദ്ദേശിച്ച് സ്വാമി ചിട്ടപ്പെടുത്തിയ പാട്ട് സുശീലയെ തേടിയെത്തിയത് തികച്ചും യാദൃച്ഛികമായി. ലീലയുടെ തിരക്ക് സുശീലയ്ക്ക് അനുഗ്രഹമായി മാറുകയായിരുന്നു. ``മലയാളം വാക്കുകളുടെ ഉച്ചാരണമാണ്  ആദ്യ ചിത്രത്തിൽ എനിക്ക് ഏറ്റവുമധികം തലവേദന സൃഷ്ടിച്ചത്.''-- സുശീല പറയും. `` കൂടുതൽ പ്രശ്നമുണ്ടാക്കിയത്  ന, റ എന്നീ അക്ഷരങ്ങൾ. ഞങ്ങളുടെ ഭാഷയിലെ ഉച്ചാരണമല്ല  രണ്ടിനും ഇവിടെ. മലയാളത്തിൽ രണ്ടു തരത്തിൽ ന ഉച്ചരിക്കാം. പല്ലുകൊണ്ട് നാക്കിന്റെ കീഴെ സ്പർശിച്ച് പറഞ്ഞുപഠിക്കാനാണ് സ്വാമി എനിക്ക് നൽകിയ നിർദ്ദേശം. കഠിനമായിരുന്നു ആ പരിശീലനം. ചോര പൊടിയും വരെ തുടർന്നു അത്. റ വേണ്ടിടത്ത് ര കടന്നുവരുന്നു എന്നതായിരുന്നു മറ്റൊരു പ്രശ്നം. എന്തായാലും പാട്ട് പുറത്തുവന്നപ്പോൾ അത്തരം പിഴവുകളൊന്നും ആരും ശ്രദ്ധിച്ചില്ല. തമിഴിലും തെലുങ്കിലുമെന്ന പോലെ മലയാളത്തിലേയും എന്റെ ആദ്യ ഗാനം സൂപ്പർഹിറ്റായി. അതൊരു ഭാഗ്യം തന്നെയായിരുന്നു.''

 ജാനകി, പി ബി ശ്രീനിവാസ്,സുശീല,

ജാനകി, പി ബി ശ്രീനിവാസ്,സുശീല,


സുശീലയെ മലയാളത്തിൽ അവതരിപ്പിച്ച ദക്ഷിണാമൂർത്തി പിന്നീട് അധികം സോളോ ഗാനങ്ങളിൽ അവരുടെ ശബ്ദം പ്രയോജനപ്പെടുത്തിയില്ല എന്നത് കൗതുകകരമായി തോന്നാം. പി ലീലയുടെയും  എസ് ജാനകിയുടെയും ശബ്ദങ്ങളോടായിരുന്നു സ്വാമിക്ക് കൂടുതൽ ആഭിമുഖ്യം. എങ്കിലും സ്വാമിയുടെ ഈണത്തിൽ സുശീല പാടിയ പാട്ടുകൾ, പ്രത്യേകിച്ച് യുഗ്മഗാനങ്ങൾ, ഇന്നും മലയാളിയുടെ ഹൃദയത്തിലുണ്ട്: പ്രത്യുഷപുഷ്പമേ (സതി), വിലാസലോലുപയായി (ശ്രീമദ് ഭഗവത് ഗീത), രാവ് പോയതറിയാതെ (അഭയം), ഉദ്യാനപാലകാ (ഉർവശി ഭാരതി), പഞ്ചബാണൻ എൻ ചെവിയിൽ (അരക്കള്ളൻ മുക്കാക്കള്ളൻ) എന്നിവ ഉദാഹരണം. സ്വാമി മാത്രമല്ല, ബാബുരാജ്, കെ രാഘവൻ, ചിദംബരനാഥൻ, പുകഴേന്തി, എം കെ അർജ്ജുനൻ, ആർ കെ ശേഖർ, എം ബി ശ്രീനിവാസൻ, കണ്ണൂർ രാജൻ, സലിൽ ചൗധരി, ശ്യാം, ജെറി അമൽദേവ്, രവീന്ദ്രൻ, ജോൺസൺ തുടങ്ങി 1980 കളുടെ അവസാനം വരെ മലയാളത്തിൽ നിറഞ്ഞുനിന്ന  സംഗീത സംവിധായകരുടെയെല്ലാം പ്രിയഗായിക ജാനകിയായിരുന്നുവെന്ന് സിനിമാസംഗീതത്തിലെ അവരുടെ ബാലൻസ് ഷീറ്റ് പരിശോധിച്ചാലറിയാം. തമിഴിൽ സുശീലയ്ക്ക് വേണ്ടി എണ്ണമറ്റ ക്ലാസിക് ഗാനങ്ങൾ മിനഞ്ഞെടുത്ത എം എസ് വിശ്വനാഥൻ പോലും മലയാളത്തിൽ ഹിറ്റുകൾ സൃഷ്ടിക്കാൻ ആശ്രയിച്ചത് ജാനകിയെ. മലയാളപദങ്ങളുടെ ഉച്ചാരണത്തിൽ ജാനകി പുലർത്തിയിരുന്ന നിഷ്കർഷയും അതിനൊരു കാരണമായിരുന്നിരിക്കാം.
 
ദേവരാജൻ കഴിഞ്ഞാൽ കെ ജെ ജോയ് ആണ് സുശീലയുടെ നാദസൗഭഗം സ്വന്തം സൃഷ്ടികളിൽ ഏറ്റവുമധികം പ്രയോജനപ്പെടുത്തിയ  സംഗീതസംവിധായകൻ. ജോയിയുടെ സ്ത്രീശബ്ദ ഗാനങ്ങളിൽ 90 ശതമാനവും പാടിയത് സുശീല തന്നെ. കാലിത്തൊഴുത്തിൽ പിറന്നവനെ (സായൂജ്യം), ബിന്ദൂ നീയനാന്ദ ബിന്ദുവോ (ചന്ദനച്ചോല), രാജമല്ലിപ്പൂ വിരിക്കും (ഇവനെന്റെ പ്രിയപുത്രൻ), രാധാ ഗീതാഗോവിന്ദ രാധ (ലിസ), തത്തപ്പെണ്ണേ തഞ്ചത്തിൽ വാ (പപ്പു) എന്നിവ ഈ കൂട്ടുകെട്ടിന്റെ മികച്ച സൃഷ്ടികളിൽ ചിലത്. ``സ്ഫടികതുല്യമാണ്  സുശീലയുടെ ശബ്ദം. കളങ്കത്തിന്റെ അംശം പോലുമില്ല അതിൽ.''-- ജോയിയുടെ വാക്കുകൾ ഓർമ്മവരുന്നു. ``ഏതു ഗാനവും ചിട്ടപ്പെടുത്തിക്കഴിഞ്ഞാൽ എന്റെ മനസ്സിൽ ആദ്യം തെളിയുക സുശീലയുടെ മുഖമാണ്. സുശീല കഴിഞ്ഞേയുള്ളൂ എനിക്ക് മറ്റെല്ലാ ഗായകരും.''

വയലാറിന്റെ രചനയിലാണ്   ബാബുരാജിന്റെ മികച്ച സുശീലഗീതികൾ അധികവും പിറന്നത്. കണ്ണുതുറക്കാത്ത ദൈവങ്ങളെ, കിളികിളി പരുന്തിന്, അഗ്നിനക്ഷത്രമേ  (അഗ്നിപുത്രി), ഗംഗയാറൊഴുകുന്ന നാട്ടിൽ (കാട്ടുതുളസി), പ്രണയഗാനം പാടുവാനായ്, ഏഴു ചിറകുള്ള തേര് (അനാർക്കലി), കറുത്തപെണ്ണേ നിന്റെ കണ്ണാടിച്ചില്ലിനുള്ളിൽ (കളക്ടർ മാലതി)  എന്നിവ മറക്കാനാകുമോ?  എന്റെ വളയിട്ട കൈപിടിച്ച വിരുന്നുകാരൻ, കണ്മണി നീയെൻ കരം പിടിച്ചാൽ (ഭാസ്കരൻ), കനകപ്രതീക്ഷ തൻ (ശ്രീകുമാരൻ തമ്പി) എന്നീ ഗാനങ്ങളിലുമുണ്ട് മുഗ്ദമധുരമായ  ആ ബാബുരാജ് സ്പർശം. കെ രാഘവൻ (പതിവായി പൗർണമി തോറും, കന്നിരാവിൽ കളഭക്കിണ്ണം, മാനത്തെ മഴമുകിൽ മാലകളെ), സലിൽ ചൗധരി (കാട് കുളിരിണ്‌, നീയും വിധവയോ, ഓമനത്തിങ്കൾ പക്ഷി), അർജ്ജുനൻ (മല്ലീസായകാ, ദ്വാരകേ, നക്ഷത്രകിന്നരന്മാർ), എ ടി ഉമ്മർ (വൃശ്ചികരാത്രി തൻ, ചന്ദ്രക്കലാധരന്റെ), ആർ കെ ശേഖർ (കത്താത്ത കാർത്തിക വിളക്കുപോലെ, നീയെന്റെ വെളിച്ചം), ശ്യാം (ദേവദാരു പൂത്തു, കിനാവിൻ ഏദൻ തോട്ടം), ജോൺസൺ (പണ്ടൊരു കാട്ടിലൊരാൺ സിംഹം, മനസ്സിന്റെ മോഹം), രവീന്ദ്രൻ (ആലോലം പൂമുത്തേ, ഹൃദയഗീതമായ്)... ഇവരുടെയൊക്കെ ഗാനപ്രപഞ്ചത്തിൽ  സുശീലയുടെ ദീപ്‌തസാന്നിധ്യമുണ്ടായിരുന്നു; സ്ഥിരമായിട്ടല്ലെങ്കിലും.
 
മുഹമ്മദ് റഫിയുടെ കൂടെ

മുഹമ്മദ് റഫിയുടെ കൂടെ


ദേവരാജൻ സ്‌കൂളിന്റെ പിന്മുറക്കാരനായിട്ടും എന്തുകൊണ്ട് സുശീലയുടെ ശബ്ദത്തിന്റെ ആകർഷണവലയത്തിൽ വീണുപോയില്ല എന്ന് ചോദിച്ചിട്ടുണ്ട് ജോൺസൺ മാഷോട്. ഉത്തരം ഒരു മറുചോദ്യമായിരുന്നു: ``ആര് പറഞ്ഞു ഞാൻ സുശീലയുടെ ആരാധകനല്ല എന്ന്? എം എസ് വിക്കും കെ വി മഹാദേവനും ദേവരാജൻ മാഷിനും വേണ്ടി സുശീലാമ്മ പാടിയ പാട്ടുകൾ ഓരോന്നും തികവാർന്ന ശിൽപ്പങ്ങൾ ആണെന്നുതന്നെ വിശ്വസിക്കുന്നു ഞാൻ. തനത് മുദ്രയുള്ള ആലാപനശൈലിയാണ് അവരുടേത്. പക്ഷേ എന്റെ  പാട്ടുകളുടെ രൂപഭാവങ്ങൾ വേറെയായിരുന്നു; റേഞ്ചും.  അവയ്ക്കിണങ്ങിയത് ജാനകിയുടെയും വാണി ജയറാമിന്റെയും ശബ്ദങ്ങളാണ്.'' സുശീലാമ്മയുടെ തനിക്കേറെ പ്രിയപ്പെട്ട ``അത്താൻ എന്നത്താൻ അവർ എന്നൈത്താൻ എപ്പടി സൊൽവേനടീ''  എന്ന സുന്ദര ഗാനം ആവേശത്തോടെ ഗിറ്റാർ വായിച്ചു പാടിക്കേൾപ്പിക്കുക കൂടി ചെയ്തു ജോൺസൺ മാസ്റ്റർ.

ഷമ്മികപൂറിനെ ``വീഴ്ത്തിയ'' പാട്ട് 

    ``പാവമന്നിപ്പി''ൽ കവിഞ്ജർ കണ്ണദാസൻ എഴുതി വിശ്വനാഥൻ -- രാമമൂർത്തി സ്വരപ്പെടുത്തിയ  ``അത്താൻ എന്നത്താൻ'' എന്ന  ഗാനത്തെ  ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസ്സിക്കുകളിൽ ഒന്നായി വിശേഷിപ്പിച്ചിട്ടുണ്ട് സംഗീത സംവിധായകൻ നൗഷാദ്. ഭാഷയുടെ അതിർവരമ്പുകൾ പോലും അപ്രസക്തമാക്കുന്നു  അതിന്റെ ലാവണ്യം. ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം വിവരിച്ചു കേട്ട ഒരു സംഭവമാണ് ഓർമ്മയിൽ. 1960 കളിലെ കാല്പനിക നായകൻ ഷമ്മികപൂർ അഭിനയിക്കുന്ന ഒരു ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ നടക്കുന്നു. ഷൂട്ടിംഗിന്റെ ഇടവേളയിൽ ആകസ്മികമായാണ് ഷമ്മി ``അത്താൻ എന്നത്താൻ'' എന്ന പാട്ട് കേൾക്കാൻ ഇടവന്നത്; ലൊക്കേഷനിൽ ആരോ കൊണ്ടുവന്ന ടേപ്പ് റെക്കോർഡറിൽ നിന്ന്.  വിസ്മയത്തോടെ ആ ഗാനം ആവർത്തിച്ചു കേട്ടു അദ്ദേഹം. ഗായികയുടെ പേര് ചോദിച്ചറിഞ്ഞു.
 
``അന്ന് രാത്രി വളരെ വൈകി, കാറിൽ  ഹോട്ടലിലേക്ക് തിരിച്ചുപോകുമ്പോഴും ഷമ്മിയുടെ മനസ്സ് മൂളിക്കൊണ്ടിരുന്നത് അതേ പാട്ടായിരുന്നിരിക്കണം.''- എസ് പി ബി പറഞ്ഞു. `` ഇല്ലെങ്കിൽ നേരമല്ലാത്ത നേരത്ത് സുശീലയുടെ വാസസ്ഥലത്ത്  തന്നെ കൊണ്ടുചെല്ലാൻ  കാർ ഡ്രൈവറോട് പറയില്ലല്ലോ അദ്ദേഹം.  സുശീലയുടെ വീടിനു മുന്നിൽ ഷമ്മി  ചെന്നിറങ്ങുമ്പോൾ സമയം രാത്രി പതിനൊന്ന് മണി. അസമയത്തുള്ള  മുട്ടു കേട്ട് സുശീലാമ്മയുടെ ഭർത്താവ് മോഹൻ സാർ കതക് തുറന്നുനോക്കിയപ്പോൾ ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ മുന്നിൽ തൊഴുതു നിൽക്കുന്നു. അത്താൻ എന്നത്താൻ എന്ന പാട്ട് പാടിയ ഗായികയെ ഒന്ന് കാണണം, നമസ്കരിക്കണം എന്ന ആഗ്രഹവുമായി വന്ന ഷമ്മിയെ സുശീലാമ്മ നിരാശനാക്കിയില്ല. പ്രിയഗായികയുടെ പാദങ്ങളിൽ നമസ്കരിച്ച ശേഷമാണ് അന്ന് ഷമ്മി തിരിച്ചു പോയത്. ഇത്തരം അനുഭവങ്ങൾ അപൂർവമല്ല സുശീലാമ്മയുടെ ജീവിതത്തിൽ.''

എസ് പി ബിയും സുശീലയും

എസ് പി ബിയും സുശീലയും

എസ് പി ബിയുടെ സംഗീതയാത്രയിൽ സുശീല ഒരു നിർണ്ണായകഘടകമായിരുന്നു എന്നും. ``സുശീലാമ്മയുടെ പാട്ടുകൾ ആദ്യം കാതിൽ ഒഴുകിയെത്തിയത് അടുത്ത വീട്ടിലെ റേഡിയോയിൽ നിന്നാണ്. ആദ്യമായി ഞാൻ എന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്തു കേട്ടതും  സുശീലാമ്മയുടെ പാട്ട് തന്നെ. കാളഹസ്തിയിലെ ആർ പി ബി സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അന്ന് ഞാൻ. ഒരു നാൾ  ഗ്രണ്ടിഗിന്റെ  പുതിയ സ്പൂൾ റെക്കോർഡർ സ്‌കൂളിൽ വാങ്ങിക്കൊണ്ടുവന്നു ഹെഡ് മാസ്റ്റർ. ആ സെറ്റിലാണ് ജീവിതത്തിലാദ്യമായി ഞാൻ എന്റെയൊരു പാട്ട്  റെക്കോർഡ് ചെയ്ത് കേട്ടത്. ചെഞ്ചുലക്ഷ്മി എന്ന ചിത്രത്തിൽ രാജേശ്വരറാവുവിന്റെ ഈണത്തിൽ സുശീലാമ്മ പാടിയ പാലകടലിപൈ എന്ന തെലുങ്ക് കൃതി. അന്നൊന്നും സ്വപ്നം കണ്ടിട്ടുപോലുമില്ല അതേ സുശീലാമ്മയോടൊപ്പം റെക്കോർഡിംഗ് സ്റ്റുഡിയോയിൽ ഒരേ മൈക്കിന് മുന്നിൽ നിൽക്കാൻ ഭാഗ്യമുണ്ടാകുമെന്ന്..''

വിധിനിയോഗമെന്നോണം തെലുങ്കിലും കന്നടയിലും തമിഴിലും എസ് പി ബിയുടെ ആദ്യ ഗാനങ്ങൾ സുശീലയ്ക്കൊപ്പമായിരുന്നു: തെലുങ്കിൽ ``ശ്രീ ശ്രീ മര്യാദരാമണ്ണ''യിലെ എമിയീ വിന്ത മോഹം, കന്നടയിൽ ``നക്കരെ അടെ സ്വർഗ''യിലെ കനസിദോ നനസിദോ, തമിഴിൽ ``ശാന്തിനിലയ''ത്തിലെ ഇയർകൈ എന്നും ഇദയക്കനി. ആദ്യ പാട്ട് ഒരുമിച്ചു പാടി റെക്കോർഡ് ചെയ്യുമ്പോൾ സുശീലാമ്മയുടെ മുഖത്ത് അന്തം വിട്ട് നോക്കിനിന്നുപോയത് ഓർമ്മയുണ്ട് എസ് പി ബിയ്ക്ക്.  ഓരോ അക്ഷരവും അവർ ഉച്ചരിക്കുന്ന രീതി, ഓരോ വാക്കിനും നൽകുന്ന ഭാവം, മൈക്കിൽ നിന്ന് അവർ പാലിക്കുന്ന അകലം... ഇതൊക്കെ മനസ്സിലാക്കാനുള്ള ആകാംക്ഷ.

മൈക്കിന്റെ ഗുണനിലവാരത്തിനും ശബ്ദലേഖകന്റെ കഴിവുകൾക്കുമെല്ലാം അതീതമാണ് സുശീലയുടെ ആലാപനമികവ് എന്ന് വിശ്വസിച്ചു എസ് പി ബി. തുരുമ്പ് പിടിച്ചതോ ഒട്ടും സാങ്കേതികത്തികവില്ലാത്തതോ ആയ മൈക്കിലൂടെ  കടന്നുപോകുമ്പോൾ പോലും അനിർവചനീയമായ  അനുഭൂതി സൃഷ്ടിക്കാൻ കഴിയുന്നു ആ ശബ്ദത്തിന്. ചിക്കാഗോയിൽ വെച്ചുണ്ടായ ഒരനുഭവം എസ് പി ബി വിവരിച്ചതിങ്ങനെ: ``തമിഴ് ഇസൈ സംഘത്തിന്റെ ഗാനമേളയാണ്. പാടുന്നത് ഞാനും സുശീലാമ്മയും. പരിപാടിക്ക് അരമണിക്കൂർ മുൻപ്  ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് സംഘാടകർ അറിയിക്കുന്നു; പാടാൻ മൈക്ക് ഇല്ല എന്ന്.  കരാറിൽ മൈക്കിന്റെ കാര്യം ഉൾപ്പെടുത്തിയിരുന്നില്ലത്രേ. എന്ത് ചെയ്യണമെന്നറിയാതെ അമ്പരന്നു നിന്നപ്പോൾ ആരോ സ്വന്തം വീട്ടിൽ നിന്ന് ഒരു പഴയ മ്യൂസിക് സിസ്റ്റം സ്റ്റേജിൽ കൊണ്ടുവന്നുവെച്ചു. ഒരു ടേപ് റെക്കോർഡറും രണ്ടു സ്പീക്കറും ചെറിയൊരു കേബിൾ മൈക്കും. പാടാൻ വേണ്ടി സുശീലാമ്മ കേബിൾ മൈക്ക് കയ്യിലെടുത്തപ്പോൾ എനിക്ക് ഭയമായിരുന്നു -- ഈശ്വരാ, അമ്മയുടെ സുവർണ്ണശബ്ദത്തിന്റെ സൗന്ദര്യം മുഴുവൻ മൈക്ക് ചോർത്തിക്കളയുമല്ലോ എന്ന്. പക്ഷേ കണ്ണാ കരുമൈനിറക്കണ്ണാ എന്ന പാട്ടിന്റെ തുടക്കത്തിലേ കണ്ണാ എന്ന വാക്ക് കൊച്ചു സ്പീക്കറുകളിലൂടെ ഒഴുകിവന്നപ്പോൾ ഹാളിലിരുന്ന ഞാനടക്കമുള്ള  രണ്ടായിരത്തോളം പേർ കോരിത്തരിച്ചുപോയി. ആ ശബ്ദത്തിലെ ഊർജ്ജം അത്രയും വിസ്മയകരമായിരുന്നു. മറ്റൊരു ഗായികയിലും കണ്ടിട്ടില്ല ഈ സവിശേഷത.''

എസ് ജാനകിയുടെ ശബ്ദത്തെ നിളയുടെ ശാലീനതയോടാണ് ഗായകൻ ജയചന്ദ്രൻ ഉപമിക്കുക; പി സുശീലയുടെ ശബ്ദത്തെ പെരിയാറിന്റെ മാദകത്വത്തോടും. സുശീലാമ്മയുടെ പാട്ടുകൾ കേട്ടുകൊണ്ടാണ് പതിവായി താൻ ഉറക്കത്തിലേക്ക് വഴുതിവീഴാറുള്ളതെന്ന് അദ്ദേഹം പറഞ്ഞുകേട്ടിട്ടുണ്ട്. ജന്മസിദ്ധമായിത്തന്നെ ഭാവസമ്പുഷ്ടമാണ് സുശീലയുടെ ശബ്ദം. പ്രണയവും വിരഹവും വേദനയും വാത്സല്യവും എല്ലാം സ്വാഭാവികമായി വന്നുചേരും ആ സ്വർഗീയനാദത്തിൽ.  എഴുപതുകളിലെ ജയചന്ദ്രന്റെ  കാൽപനികനാദവുമായി അത് ലയിച്ചുചേരുമ്പോൾ എന്തു സംഭവിക്കുന്നു എന്നറിയാൻ ഒരൊറ്റ പാട്ട് കേട്ടു നോക്കുകയേ വേണ്ടൂ:  ശ്രീമദ് ഭഗവദ് ഗീതയിലെ ``വിലാസലോലുപയായി വസന്തകൗമുദി വന്നു.''  കല്യാണവസന്തം എന്ന രാഗത്തിന്റെ പ്രണയഭാവം മുഴുവൻ ആവാഹിച്ച് ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ അസാധാരണ ഗാനം. ആത്മവിസ്മൃതിയുടെ തലത്തിലേക്കുയർന്നുകൊണ്ടുള്ള  ആലാപനം കണക്കിലെടുത്താൽ മലയാളസിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച  യുഗ്മഗാനങ്ങളിൽ ഒന്നായി എണ്ണപ്പെടേണ്ട പാട്ട്. ആദ്യ ചരണത്തിൽ (വനാന്ത ശീതള നളിനീ, നളിനീ വർണ്ണ മനോഹരിയായി..) ജയചന്ദ്രന്റെ ശബ്ദത്തിനു പൊൻകസവു ഞൊറിയുകയാണ് സുശീലയെങ്കിൽ, രണ്ടാമത്തേതിൽ  സുശീലയുടെ ആലാപനത്തിന് തൊടുകുറിയാകുന്നു ജയചന്ദ്രനാദം.
 
പി സുശീല,എസ ജാനകി,എസ് പി ബി ,ടി എം സൌന്ദരാജന്‍,എല്‍ ആര്‍ ഈശ്വരി തുടങ്ങിയവര്‍ ഒരു ചടങ്ങില്‍

പി സുശീല,എസ ജാനകി,എസ് പി ബി ,ടി എം സൌന്ദരാജന്‍,എല്‍ ആര്‍ ഈശ്വരി തുടങ്ങിയവര്‍ ഒരു ചടങ്ങില്‍


ജയചന്ദ്രനും സുശീലയും തമ്മിലുള്ള  സർഗാത്മകമായ ഈ   ``കൊടുക്കൽ വാങ്ങൽ''  പ്രക്രിയ കൊണ്ട് ശ്രദ്ധേയമായ വേറെയും യുഗ്മഗാനങ്ങളുണ്ട് :  മകരം പോയിട്ടും മാടമുണർന്നിട്ടും മാറത്തെ കുളിരൊട്ടും  പോയില്ലേ  ( വെളുത്ത കത്രീന), സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതായുഗത്തിലെ ശ്രീരാമൻ (വാഴ്‌വേമായം, മണിവർണ്ണനില്ലാത്ത വൃന്ദാവനം, പൊന്നമ്പിളിയുടെ പൂമുഖ വാതിലിൽ (മിസ്‌ മേരി), ചന്ദ്രോദയം കണ്ടു കൈകൂപ്പി നിൽക്കും (സിന്ധു), അനുരാഗനാട്ടിലെ തമ്പുരാട്ടി (മദാലസ)... അങ്ങനെയങ്ങനെ. യേശുദാസുമായുള്ള യുഗ്മഗാനങ്ങളിൽ  ഇതിഹാസതുല്യരായ രണ്ടു ഗായകർ തമ്മിലുള്ള തികച്ചും സർഗാത്മകമായആലാപനമത്സരത്തിന്റെ ``സ്പിരിറ്റ്'' നാം അനുഭവിച്ചറിയുന്നു: ഇനിയെന്റെ ഇണക്കിളിക്കെന്തുവേണം, മാലിനിനദിയിൽ കണ്ണാടി നോക്കും, അറബിക്കടലൊരു മണവാളൻ, വൽക്കലമൂരിയ വസന്തയാമിനി, ഉറക്കം വരാത്ത പ്രായം, വൃശ്ചികരാത്രി തൻ, കണ്ണാ ആരോമലുണ്ണിക്കണ്ണാ, ഇക്കരെയാണെന്റെ താമസം....

വീണാനാദം പോലെ

ജാനകിയുടെ സ്വരമാധുരിയെ പുല്ലാങ്കുഴൽ  നാദവുമായി താരതമ്യപ്പെടുത്തുന്നവരുണ്ട്. അങ്ങനെയെങ്കിൽ സുശീലയുടേത് മന്ദ്രമധുരമായ വീണാനാദമാണ്.  പ്രതിധ്വനിയുണർത്തുന്ന ശബ്ദം. കേട്ടുതീർന്ന ശേഷവും നിമിഷങ്ങളോളം കാതിൽ പ്രകമ്പനം തീർക്കുമത്. അത്താൻ എന്നത്താൻ എന്ന ഗാനത്തിൽ മംഗളമൂർത്തിയുടെ എക്കോർഡിയനുമായി അലിഞ്ഞുചേരവേ ആ വീണാനാദത്തിന് കൈവരുന്ന ഐന്ദ്രജാലികപ്രഭ വിവരണാതീതം.  ``ആലയമണിയിൻ ഓശൈ''യിൽ സത്യം മാസ്റ്ററുടെ ഷഹനായിയും ``മാലൈ സൂടും മണനാളി''ൽ ഹനുമന്ത റാവുവിന്റെ തബലയും ``കണ്ണുക്ക് കുലമേതി''ൽ നഞ്ചപ്പയുടെ പുല്ലാങ്കുഴലും നിർവഹിക്കുന്ന ധർമ്മവും ഇതുതന്നെ. ``സുശീലാമ്മയുടെ ശബ്ദം അമിത വാദ്യഘോഷം  കൊണ്ട് മലീമസമാക്കാൻ ശ്രമിക്കാറില്ല. അവരുടെ ഗാനങ്ങളിൽ പലപ്പോഴും ഓർക്കസ്ട്ര പോലും അധികപ്പറ്റായി തോന്നും എനിക്ക്.'' -- സംഗീത സംവിധായകൻ അർജ്ജുനൻ മാസ്റ്റർ ഒരിക്കൽ പറഞ്ഞു. അന്വേഷണത്തിലെ ``ചന്ദ്രരശ്മി തൻ ചന്ദനനദിയിൽ'' എന്ന ഒരൊറ്റ ഗാനം കേട്ടുനോക്കിയാൽ മതി  സുശീലയുടെ ശബ്ദത്തെ എത്ര സൂക്ഷ്മതയോടെയും കരുതലോടെയുമാണ്  മാസ്റ്റർ പരിചരിച്ചിരിക്കുന്നത് എന്നറിയാൻ.സീതയിലെ കുശലകുമാരി തൊട്ടി ങ്ങോട്ട് നായികമാരുടെ എത്രയോ തലമുറകൾക്ക് വേണ്ടി പാടിയെങ്കിലും ഷീലയുടെയും  ജയഭാരതിയുടേയും അഭിനയശൈലിയോടും  ശരീരഭാഷയോടുമാണ്  സുശീലയുടെ ശബ്ദം ഏറ്റവും ചേർന്നുനിന്നത് എന്ന് തോന്നിയിട്ടുണ്ട്-- തികച്ചും വ്യക്തിപരമായ നിരീക്ഷണം. ഏഴു സുന്ദര രാത്രികൾ, കറുത്ത ചക്രവാള മതിലുകൾ, ഹിമവാഹിനി ഹൃദയഹാരിണി, കണ്ണ് തുറക്കാത്ത ദൈവങ്ങളെ, പനിനീർക്കാറ്റിൻ താരാട്ടിലാടി, തിങ്കളും കതിരൊളിയും, കല്യാണസൗഗന്ധിക പൂങ്കാവനത്തിലെ, പൂന്തേനരുവി, ശ്രാവണ ചന്ദ്രിക, തീരാത്ത ദുഖത്തിൻ തീരത്തൊരുനാൾ, അഭിനന്ദനം എന്റെ അഭിനന്ദനം, കാദംബരീ പുഷ്പസദസ്സിൽ.... ഇവയൊക്കെ ഷീലയ്ക്ക് വേണ്ടി സുശീല പാടിയ പാട്ടുകൾ. എല്ലാരും പാടത്ത് സ്വർണം വിതച്ചു, തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ, കാറ്റു വന്നു കള്ളനെപ്പോലെ, മാനത്തെ മഴമുകിൽ മാലകളെ,  കണ്ണിനും കണ്ണാടിക്കും, സീതപ്പക്ഷി, സൂര്യകാന്ത കല്പടവിൽ, ഓട്ടുവളയെടുക്കാൻ മറന്നു, പുഞ്ചിരിപ്പൂവുമായ്, മാറോടണച്ചു ഞാൻ, പൂന്തുറയിലരയന്റെ  തുടങ്ങിയ പാട്ടുകൾ ജയഭാരതിക്ക് വേണ്ടി മാത്രം പിറന്നവയാണെന്ന്   നമുക്ക് തോന്നുന്നതിന് പിന്നിൽ നായികയും ഗായികയും തമ്മിലുള്ള അപൂർവ രസതന്ത്രമല്ലെങ്കിൽ പിന്നെ മറ്റെന്ത്? തമിഴിൽ സുശീലയുടെ ശബ്ദം ഇണങ്ങാത്ത നടിമാർ കുറവ്.   ദേവിക (നിനൈക്ക തെരിന്ത മനമേ), സരോജാദേവി (ആലയമണിയിൻ), സാവിത്രി (മലർന്ത് മലരാത), ഷൗക്കാർ ജാനകി (മാലൈ പൊഴുതിൻ മയക്കത്തിലെ), പദ്മിനി (മന്നവൻ വന്താനടി), ജയലളിത (ഉന്നൈ നാൻ സന്ധിത്തേൻ), കെ ആർ വിജയ (മലർഗൾ നനൈന്തന പനിയാലേ), വിജയകുമാരി (കണ്ണാ കരുമൈനിറക്കണ്ണാ)... ഉദാഹരണങ്ങൾ നിരവധി.

പി സുശീല ഇളയരാജയ്ക്കൊപ്പം

പി സുശീല ഇളയരാജയ്ക്കൊപ്പം


എം എസ് വിശ്വനാഥനും കെ വി മഹാദേവനും ദേവരാജനും ഉൾപ്പെട്ട തലമുറയുടെ പ്രഭവകാലം അസ്തമിച്ചു തുടങ്ങിയതും സുശീലയ്ക്ക് തിരക്ക് കുറഞ്ഞതും ഒരേ കാലത്തായിരുന്നുവെന്നത് യാദൃച്ഛികതയാവില്ല. ``അന്നൈക്കിളി''യിലൂടെ ഇളയരാജ രംഗപ്രവേശം ചെയ്തതോടെ ഈ  അസ്തമയം  കൂടുതൽ പ്രകടമായി. അന്നൈക്കിളിയിൽ ഗായികയായി സുശീലയും ഉണ്ടായിരുന്നെങ്കിലും (സൊന്തമില്ലൈ ബന്ധമില്ലൈ) എസ് ജാനകിക്കാണ് തന്റെ മികച്ച ആദ്യകാല ഈണങ്ങൾ ഭൂരിഭാഗവും ഇളയരാജ സമ്മാനിച്ചത്; ഇളയരാജയോടൊപ്പംപിൽക്കാലത്ത് ചിത്രയ്ക്കും. എങ്കിലും സുശീലയുടെ ആലാപന ശൈലിയോടുള്ള ആദരം എന്നും ഉള്ളിൽ സൂക്ഷിച്ചു രാജ. രാസാത്തി മനസ്സുല, ഉന്നൈ നമ്പി നെറ്റിയിലെ, കണ്ണൻ ഒരു കൈക്കുഴന്തൈ (യേശുദാസിനൊപ്പം), മഞ്ചൾ നിലാവുക്ക് (ജയചന്ദ്രനൊപ്പം),  സോലൈ പുഷ്പങ്കളെ തുടങ്ങി ഇളയരാജക്ക് വേണ്ടി സുശീല പാടിയ അപൂർവം പാട്ടുകളിൽ  പരസ്പരമുള്ള ഈ ആദരവിന്റെ തിളക്കമുണ്ട്.

തന്നെ വിസ്മയിപ്പിച്ച ഗായിക എന്നാണ് സുശീലയെ എ ആർ റഹ്‌മാൻ ഒരിക്കൽ വിശേഷിപ്പിച്ചത്. പുതിയ മുഖത്തിലെ ``കണ്ണുക്ക് മയ്യഴക്'' ആ കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും മികച്ച ഗാനം. പിൽക്കാലത്ത് ``ഇരുവർ'' എന്ന പീരിയഡ് ചിത്രത്തിന് ഈണമൊരുക്കുമ്പോൾ സുശീലയെ അനുസ്മരിപ്പിക്കുന്ന ഒരു ഗാനം അതിലുണ്ടാവണം എന്നത് റഹ്‌മാന്റെ കൂടി ആഗ്രഹമായിരുന്നു. എം ജി ആർ -- കരുണാനിധി കാലഘട്ടത്തിന്റെ ഓർമ്മകളിൽ നിന്ന്  ആ അനുപമ ശബ്ദധാരയെ  ഒഴിച്ചുനിർത്താനാകുമോ ആർക്കെങ്കിലും? ആ ചിത്രത്തിൽ സുശീലയുടെ മരുമകൾ സന്ധ്യയ്ക്ക് വേണ്ടി റഹ്‌മാൻ ചിട്ടപ്പെടുത്തിയ ``പൂക്കൊടിയിൻ പുന്നഗൈ'' എന്ന പാട്ടിൽ നൈമിഷികമായെങ്കിലും നാം കണ്ടുമുട്ടുക ആ പഴയ സുശീലയെ തന്നെ.
 
ജീവിതത്തിലെ ഏത്  പ്രതിസന്ധിയേയും  അതിജീവിക്കാൻ സുശീലയുടെ പാട്ടുകൾ സഹായിച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നവർ നിരവധി. സുശീലയുടെ ശബ്ദത്തിൽ അന്തർലീനമായ സാന്ത്വനഭാവം പരീക്ഷണ വിഷയമാണ് കോഴിക്കോട്ടുകാരനായ ഡോ മെഹ്‌റൂഫ് രാജിന്. ഔഷധമൂല്യമുള്ള ശബ്ദമെന്ന് വിശേഷിപ്പിക്കും സുശീലാനാദത്തെ  ഡോ മെഹ്‌റൂഫ്.  പി സുശീലയ്ക്കുള്ള ഏറ്റവും ഹൃദയസ്പർശിയായ പ്രണാമങ്ങളിലൊന്ന് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്റെതാണ്.  പ്രിയഗായികയെ കുറിച്ച്  വൈരമുത്തു ഒരിക്കൽ പറഞ്ഞു: ``വടുഗപ്പട്ടി  എന്ന കുഗ്രാമത്തിന്റെ നാട്ടുവഴികളിലൂടെ കീറിയ കുപ്പായക്കീശയിൽ സ്വപ്നങ്ങളും പേറി അലഞ്ഞ ബാല്യത്തിൽ എത്രയെത്ര വിചിത്ര ധാരണകളാണ് ഞാൻ മനസ്സിൽ കൊണ്ടുനടന്നിരുന്നത് എന്നറിയാമോ? വരാഗ നദിയായിരുന്നു എന്റെ കണ്ണിൽ ലോകത്തെ ഏറ്റവും സുന്ദരമായ നദി. ഈസോപ്പ് കഥകളാണ്  ലോകത്തെ ഏറ്റവും മഹത്തായ സാഹിത്യ സൃഷ്ടിയെന്നും കപ്പലണ്ടി മിട്ടായിയെ കവിഞ്ഞൊരു മധുരപദാർത്ഥം ലോകത്തില്ലെന്നും വിശ്വസിച്ചു ഞാൻ. രണ്ടാം ക്‌ളാസിലെ അദ്ധ്യാപികയായിരുന്നു എന്റെ കണ്ണിലെ വിശ്വസുന്ദരി. ഗ്രാമത്തിലെ ഏക സിനിമാക്കൊട്ടകയുടെ സ്ഥാപകനായ തിരുമല ചെട്ടിയാരെ ഏറ്റവും വലിയ കോടീശ്വരനായും പി സുശീലയെ ഭൂമിയിലെ ഏറ്റവും മധുരമുള്ള ശബ്ദത്തിന്റെ ഉടമയായും സങ്കൽപ്പിച്ചു ഞാൻ..''

രവി മേനോന്‍ പി സുശീലയ്ക്കൊപ്പം

രവി മേനോന്‍ പി സുശീലയ്ക്കൊപ്പം

കാലപ്രവാഹത്തിൽ തന്റെ മിഥ്യാധാരണകൾ ഒന്നൊന്നായി ചുറ്റും ഇടിഞ്ഞുവീഴുന്നത് അമ്പരപ്പോടെ കണ്ടുനിന്നു വൈരമുത്തു -- ഒന്നൊഴികെ. `അന്നത്തെ വിശ്വാസങ്ങളിൽ ഒന്ന് മാത്രം ഞാൻ ഇന്നും കൂടെ കൊണ്ടുനടക്കുന്നു. സുശീലയുടെ ശബ്ദമാധുര്യത്തെ കുറിച്ചുള്ള എന്റെ ശൈശവ സങ്കല്പം എത്ര സത്യമായിരുന്നുവെന്ന് കാലം തന്നെ തെളിയിച്ചുതന്നു. ദുഃഖങ്ങളിൽ, ആഹ്ളാദങ്ങളിൽ, ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം തണലായി എനിക്കൊപ്പമുണ്ടായിരുന്നു സുശീലാമ്മ. ഇന്നുമുണ്ട്..''

മറ്റൊരു സ്വകാര്യസ്വപ്നം കൂടി പങ്കുവെക്കുന്നു വൈരമുത്തു:  ``മരണം തൊട്ടടുത്ത് എത്തിനിൽക്കുന്ന വേളയിൽ മനസ്സിൽ അവശേഷിക്കുന്ന ആഗ്രഹം എന്തെന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ പറയും, സുശീലാമ്മയുടെ ശബ്ദം അവസാനമായി ഒരിക്കൽ കൂടി കേൾക്കുക. ആ പാട്ടുകൾ മാത്രമുള്ള മ്യൂസിക് സിസ്റ്റം എനിക്കുവേണ്ടി ഓൺ ചെയ്തുവെച്ച് പതുക്കെ വാതിൽ ചാരി നിങ്ങൾ സ്ഥലം വിട്ടോളൂ. എല്ലാം മറന്ന് ആ സ്വരമാധുരിയിൽ മുഴുകി ഞാൻ കണ്ണടയ്ക്കട്ടെ ..''
 
ചിലപ്പോൾ തോന്നും വൈരമുത്തു പങ്കുവെച്ചത്  എന്റെ  മനസ്സിലെ ആഗ്രഹം കൂടിയല്ലേ  എന്ന്...

(ദേശാഭിമാനി വാരികയില്‍ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top