20 June Thursday

കൈതപ്പൂ മണമുള്ള പാട്ടുമായി ജോബ് മാസ്റ്ററുടെ മകന്‍ മലയാളി മനസ്സിലേക്ക്

ആര്‍ ഹേമലതUpdated: Wednesday Aug 24, 2016

കൊച്ചി > 'അല്ലിയാമ്പല്‍ കടവിലന്ന് അരയ്ക്കുവെള്ളം...' എന്ന ശ്രുതി മധുരമായ ഗാനത്തിലൂടെ മലയാളികളുടെ മനസില്‍  ചിരകാല പ്രതിഷ്ഠ നേടിയ സംഗീത സംവിധായകന്‍ ജോബ് മാസ്റ്ററിന്റ മകന്‍ അജയ് ജോസഫ് അച്ഛന്റെ പാത പിന്തുടര്‍ന്ന് സംഗീതസംവിധാന രംഗത്ത് ചുവടുറപ്പിക്കുന്നു.

അജയ്യുടെ രണ്ടാമത്തെ ആല്‍ബം ഓണത്തോടനുബന്ധിച്ച് പുറത്തിറങ്ങി. 1964 ല്‍ പുറത്തിറങ്ങിയ റോസി എന്ന ചിത്രത്തിലെ 'അല്ലി ആമ്പല്‍ കടവില്‍' എന്ന ഒറ്റ ഗാനത്തോടെയാണ് ജോബ് മാസ്റ്റര്‍ എന്നെന്നും ഓര്‍മിക്കപെടുന്നവരുടെ നിരയിലേക്ക് സ്ഥിരപ്രതിഷ്ഠ നേടിയത്. 64 ല്‍ സംഗീത സംവിധാന രംഗത്തേക്ക് എത്തിയ ജോബ് മാസ്റ്റര്‍ തന്റെ രണ്ടാമത്തെ ചിത്രത്തില്‍ തന്നെ 11 പാട്ടുകള്‍ക്ക് ഈണം നല്‍കി ശ്രദ്ധേയനായിരുന്നു.

ജോബ് മാസ്റ്റര്‍ പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് അവശതയിലായപ്പോള്‍ കുടുംബം പുലര്‍ത്താന്‍ നല്ല പ്രായത്തില്‍തന്നെ നിര്‍മാണമേഖലയിലെ പൊടിയുടെ ലോകത്ത് ചേക്കേറാന്‍ നിര്‍ബന്ധിതനായി അജയ്. ജോലിയുടെ ക്ളേശങ്ങള്‍ക്കിടയില്‍ കിട്ടാവുന്നത്ര പാട്ടുകള്‍ കേള്‍ക്കലായിരുന്നു ഏക ആശ്വാസം. ഭാവഗാനങ്ങളോടായിരുന്നു കൂടുതല്‍ താല്‍പ്പര്യം.
പ്രതീക്ഷിക്കാതിരുന്ന സമയത്താണ് സംഗീതസംവിധാനത്തിലേക്ക്് അജയ് ചുവടുവച്ചത്. ഇഷ്ടഗായകനായ കെസ്റ്ററിന്റെ പാട്ടുകേള്‍ക്കാന്‍ സമയംകിട്ടുമ്പോഴൊക്കെ പോകുമായിരുന്നു.

ഒരുദിവസം പരിപാടികഴിഞ്ഞ് ഇറങ്ങിയപ്പോള്‍ സംഗീതസംവിധായകന്‍ രാജാമണി ചോദിച്ചു: "എന്തുകൊണ്ട് ജോബ് മാഷിന്റെ മകന് സംഗീതം ചെയ്തുകൂടാ''. എങ്കിലും ആദ്യം ആത്മവിശ്വാസം തോന്നിയില്ല. കാറില്‍ കയറിയപ്പോള്‍ സഹയാത്രികനായ കവി ശശീന്ദ്രന്‍ കീഴാറ്റൂരിനോട് മടിച്ചാണെങ്കിലും ഒരു കവിത ചോദിച്ചു. തന്റെ ഈണം ചേര്‍ത്തുവച്ചപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. 'കൈതപ്പൂ മണമുള്ള.....' എന്നുതുടങ്ങുന്ന ഈ ഗാനം ജി വേണുഗോപാലിന്റെ ശബ്ദത്തില്‍ 'തിരുവോണത്തെന്നല്‍' എന്ന ആല്‍ബത്തിലുണ്ട്.


വേണുഗോപാലിനെ കൂടാതെ വിജയ് യേശുദാസ്, ഉണ്ണി മേനോന്‍, എം ജി ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍,  ദുര്‍ഗ വിശ്വനാഥ്, നജീം ഇര്‍ഷാദ്, രാജലക്ഷ്മി തുടങ്ങിയവരും ആല്‍ബത്തില്‍ പാടിയിട്ടുണ്ട്. എംസി ഓഡിയോസ് ആന്‍ഡ് വീഡിയോസ് പുറത്തിറക്കിയ ആല്‍ബത്തില്‍ 101 ഓണപ്പാട്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ക്കൂടിയാണ് ജോബ് മാസ്റ്റര്‍ സംഗീതസംവിധാന രംഗത്തേക്ക് പ്രവേശിച്ചത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് അജയ് 10 ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. 'പ്രകാശം' എന്നപേരില്‍ പുറത്തിറങ്ങിയ ആല്‍ബത്തിലെ പാട്ടുകള്‍ രചിച്ചത് ഫാ. വിന്‍സെന്റ് വാരിയത്ത്, ഫാ. ആന്റണി കീരംമ്പള്ളി, അഭിലാഷ് ഫ്രേസര്‍, ടൈറ്റസ് ഗോതുരത്ത്, നെസ്ലി വിനോദ് എന്നിവരാണ്. ഗായകന്‍ കെസ്റ്റര്‍ മൂന്നു ഗാനങ്ങള്‍ ആലപിച്ചു. മധു ബാലകൃഷ്ണന്‍, ഗാഗുല്‍ ജോസഫ്, മൃദുല വാര്യര്‍, എലിസബത്ത് രാജു, കെസ്റ്ററുടെ മകള്‍ നാലാം ക്ളാസുകാരി കൃപ എന്നിവരും പാടി.

സലില്‍ ചൌധരിയുടെ ആരാധകനായ അജയ് ഗായിക രാജലക്ഷ്മിയുടെ ശബ്ദം ഏറെ ഇഷ്ടപ്പെടുന്നു. കളമശേരി സെന്റ് പോള്‍സ് കോളേജിനടുത്ത് ജോബ് മാഷിന്റെ ഓര്‍മകള്‍ തങ്ങുന്ന കിണറ്റിങ്കല്‍ തറവാട്ടിലാണ് താമസം. ഭാര്യ റോസ് ബിഎഡ് കോളേജ് അധ്യാപികയാണ്. 12–ാം ക്ളാസുകാരനായ മകന്‍ അമല്‍ ജോസഫും സംഗീതവഴിയില്‍ത്തന്നെ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top