15 September Monday

മേരി ആവാസ് ഹി പെഹചാൻ ഹേ... ജീവിതത്തിൽ അലിഞ്ഞ ലതയെന്ന ശബ്ദത്തെ കുറിച്ച്...രവിമേനോൻ

രവിമേനോൻUpdated: Wednesday Feb 16, 2022

ലത മങ്കേഷ്‌കർ

ആ നാദസൗഭഗം ഇനിയില്ല എന്ന് വിശ്വസിക്കാൻ പ്രയാസം. സംഗീതപ്രേമികളുടെ മനസ്സിൽ നിത്യയൗവനമാർന്നുനിൽക്കുന്നു ലതയുടെ ശബ്ദം. ‘കിനാര' എന്ന ചിത്രത്തിനുവേണ്ടി ‘നാം ഗും ജായേഗാ ചെഹരാ യേ ബദൽ ജായേഗാ, മേരി ആവാസ് ഹി പെഹചാൻ ഹേ ഗർ യാദ് രഹേ' എന്ന് ഗുൽസാർ എഴുതിയത് ലതയെക്കുറിച്ചുതന്നെയല്ലേ? പേരും മുഖവുമൊക്കെ ഓർമയിൽ നിന്ന് മാഞ്ഞുപോയാലും ആ ശബ്ദം മറക്കില്ല നാം.

പൂനെയിലെ സസൂൻ ആശുപത്രിയുടെ ജനറൽ  വാർഡിൽ വിറങ്ങലിച്ചുകിടന്ന ഒരു മൃതദേഹം‍; നേരമിരുട്ടും മുൻപ്  ആ ശരീരം നാഴികകൾക്കപ്പുറത്തുള്ള  വീട്ടില്‍ എങ്ങനെ എത്തിക്കുമെന്ന  വേവലാതിയുമായി  ഒരമ്മയും അഞ്ചു മക്കളും.
മക്കളിൽ  ഒരാളുടെ പേര് ലത എന്നായിരുന്നു. പിൽക്കാലത്ത്  ഇന്ത്യയുടെ വാനമ്പാടിയായി വളർന്ന ഗായിക. അന്ന് പതിമൂന്നു വയസ്സേയുള്ളൂ ലതയ്‌ക്ക്‌. ആശുപത്രിക്കിടക്കയിൽ ചേതനയറ്റ് കിടന്ന മനുഷ്യന്‍ ദീനനാഥ് മങ്കേഷ്‌കർ‍. മറാഠി നാടകവേദിയിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന ഗായകൻ, നടൻ, സംവിധായകൻ...

രണ്ടാം ലോകയുദ്ധകാലമായതിനാൽ കർശനമായ കർഫ്യൂ ആയിരുന്നു പൂനെയിൽ. അടഞ്ഞുകിടക്കുന്ന കടകൾ. ആളൊഴിഞ്ഞ വീഥികൾ. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വിജനമായ തെരുവിലൂടെ പൊടിപടലങ്ങൾ ഉയര്‍ത്തി വന്നെത്തിയ ടാക്‌സിയുടെ ഡ്രൈവറോട് ദിനനാഥിന്റെ ഭാര്യ മായി (ശെവന്തി) മങ്കേഷ്‌കർ താണുകേണപേക്ഷിച്ചു: ‘രാത്രിയാകും മുൻപ് അദ്ദേഹത്തെ സംസ്‌കരിച്ചേ പറ്റൂ. ഇല്ലെങ്കില്‍ നിരോധനാജ്ഞയുടെ ലംഘനമാകും. ഞങ്ങളെ വീട്ടിലേക്കു കൊണ്ടുപോകാൻ കനിവുണ്ടാകണം...'

ദീനനാഥ്‌ മങ്കേഷ്‌കർ

ദീനനാഥ്‌ മങ്കേഷ്‌കർ

അമ്മയുടെയും മക്കളുടെയും ദൈന്യാവസ്ഥ കണ്ടു മനമലിഞ്ഞാകണം, കാറിന്റെ ജനാലയിലൂടെ തല പുറത്തേക്കിട്ടു അയാൾ ചോദിച്ചു: ‘മരിച്ചത് ആരാണ്?’
‘മാസ്റ്റർ ദീനനാഥ്.'  മായിയുടെ മറുപടി.
 ഡ്രൈവറുടെ  കണ്ണുകളില്‍ തിരിച്ചറിവിന്റെ തിളക്കം. ‘ഓ, ബൽവന്ത് സംഗീത്‌ മണ്ഡലിയുടെ ഉടമസ്ഥൻ? പ്രശസ്തനായ ആ പഴയ പാട്ടുകാരൻ? അദ്ദേഹത്തിന്റെ നാടകക്കമ്പനി ഓഫിസിൽ എത്രയോ വി ഐ പിമാരെ  ഈ കാറിൽ കൊണ്ടുവിട്ടിട്ടുണ്ട് ഞാന്‍. ആ വലിയ മനുഷ്യന് എങ്ങനെ ഈ ഗതി വന്നു?'

ഉത്തരമുണ്ടായിരുന്നില്ല മായിക്കും മക്കൾക്കും. വെള്ളക്കുതിരകളെ പൂട്ടിയ വണ്ടിയില്‍ രാജകുമാരനെേപ്പാലെ ഇരുന്ന് ആരാധകരുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി താന്‍ വര്‍ഷങ്ങളോളം സഞ്ചരിച്ച വഴിയിലൂടെ ദീനനാഥ് ഒരു വിറങ്ങലിച്ച മൃതശരീരമായി വീട്ടിലേക്കു തിരിച്ചുപോകുന്നത് കാണാൻ  വഴിയോരത്ത് ഒരു ജീവി പോലും ഉണ്ടായിരുന്നില്ല എന്നോര്‍ക്കുന്നു അന്ന് അമ്മയുടെ മടിയില്‍ കണ്ണുതുറന്നുകിടന്ന ഇളയ മകള്‍ മീന ഖാദിക്കര്‍.

 പ്രശസ്തിയുടെ താരാപഥങ്ങളിൽ നിന്ന് യാതനകളിലേക്കും വേദനനകളിലേക്കുമുള്ള ദീനനാഥിന്റെ പതനം അവിശ്വസനീയമായിരുന്നു. കലാജീവിതത്തിൽ നേരിട്ട പ്രതിസന്ധികളും തുടർന്നുണ്ടായ കടുത്ത ദാരിദ്ര്യവും ദിനനാഥിനെ മദ്യത്തിന്റെ അടിമയാക്കി. എന്നും ആരാധനയോടെ മാത്രം അച്ഛനെ കണ്ട മക്കൾക്ക് ആ ചെറുപ്രായത്തിലും താങ്ങാനാവില്ലായിരുന്നു ദീനനാഥിന്റെ ഭാവപ്പകർച്ച. കൈവിട്ടുപോയ ജീവിതമോർത്ത് ഏകാന്തതയിലിരുന്നു വിങ്ങിപ്പൊട്ടുന്ന പിതാവിന്റെ ചിത്രം എന്നും നീറുന്ന വേദനയായി മനസ്സിൽ കൊണ്ടുനടന്നു മൂത്തമകൾ ഹേമ.

അതേ മകളിലൂടെയാണ്  ഇന്ന് ദീനനാഥ് മങ്കേഷ്‌കറെ ലോകമറിയുന്നത് എന്നത് വിധിവൈചിത്ര്യമാകാം. ഹേമ എന്നാണ് മകൾക്ക് പേരിട്ടതെങ്കിലും  ചെറുപ്പത്തിലേ മരിച്ചുപോയ ആദ്യവിവാഹത്തിലെ മകളായ ലതികയുടെ ഓർമക്കായി ലത എന്ന് വിളിച്ചു ദീനനാഥ് അവളെ. ദീനനാഥിന്റെ ലത ഇന്ത്യയുടെ, ലോകത്തിന്റെ ലതയായി വളർന്നത് ചരിത്രം.
എന്തായിരിക്കണം എട്ടു പതിറ്റാണ്ടോളം ലതയെ ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തോട് ചേർത്തുനിർത്തിയ ഘടകം?

പ്രണയം തുളുമ്പിയ ലഗ് ജാ ഗലേ

മുംബൈ സാന്താക്രൂസിലെ നിഗൂഢപരിവേഷമുള്ള ബംഗ്ലാവിൽ സാധനയെ ചെന്ന് കണ്ടു സംസാരിച്ച പത്രപ്രവർത്തക സുഹൃത്ത് പങ്കുവെച്ച ഹൃദയസ്‌പർശിയായ  ഒരു അനുഭവമുണ്ട്.

സാധന

സാധന

ബോളിവുഡിന്റെ  വർണപ്പകിട്ടിൽ നിന്നും തിരക്കിൽ നിന്നും ബഹളത്തിൽ നിന്നുമെല്ലാം ഏറെ അകലെ ഏകാകിതയുടെ തുരുത്തിലേക്ക്  ഒതുങ്ങിക്കൂടിയിരുന്നു അപ്പോഴേക്കും അറുപതുകളിലെ  സ്വപ്‌നനായിക. അഭിമുഖങ്ങളില്ല. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല. ഫോട്ടോയ്‌ക്ക്‌ നിന്നുകൊടുക്കാറുപോലുമില്ല. ഒട്ടനവധി ദുരൂഹതകൾ പൊതിഞ്ഞുനിന്ന സ്വന്തം വീട്ടിൽ  സംഗീതം മാത്രമായിരുന്നു എഴുപതാം വയസ്സിൽ സാധനയ്‌ക്ക് കൂട്ട്. സിനിമയിൽ താൻ പാടി അഭിനയിച്ച പാട്ടുകൾ ആവർത്തിച്ചു കേട്ടുകൊണ്ടിരുന്നു അവർ; എല്ലാം ലത മങ്കേഷ്‌കർ പാടി അനശ്വരമാക്കിയ പാട്ടുകൾ.  ‘മേരാ സായാ'യിലെ നൈനോം മേ ബദ്രാ ഛായ, ‘പരഖി'ലെ ഓ സജ്‌ന ബർഖാ ബഹാർ, ‘വോ കോൻ  ഥി'യിലെ നൈനാ ബർസെ രിംജിം രിംജിം, ‘അസ്ലി നഖ്‌ലി'യിലെ തേരാ മേരാ പ്യാർ അമർ, ‘മേരെ മെഹബൂബി'ലെ മേരേ മെഹബൂബ് തുജേ...

മരിക്കാൻ  ഭയമുണ്ടോ? അഭിമുഖത്തിനിടെ അപ്രതീക്ഷിതമായി ലേഖകന്റെ ചോദ്യം. തലമുറകളുടെ ഹൃദയം കവർന്ന താരസുന്ദരി ഒരു നിമിഷം മൗനിയാകുന്നു. മുഖത്തെ ചിരി മായുന്നു. തെല്ലുനേരം കണ്ണടച്ചിരുന്ന ശേഷം ഉറച്ച ശബ്ദത്തിൽ മറുപടി: ‘ഇല്ല. ഒട്ടും ഭയമില്ല. ഇതാ ഈ നിമിഷം ഇവിടെ വീണുമരിക്കാനും തയ്യാർ. ഒരൊറ്റ കാര്യത്തിലേയുള്ളൂ ദുഃഖം. ലതാജിയുടെ എനിക്കേറെ പ്രിയപ്പെട്ട പാട്ടുകൾ ഈ ഭൂമിയിൽ ഉപേക്ഷിച്ചു പോകേണ്ടി വരുമല്ലോ എന്നതിൽ. പ്രത്യേകിച്ച് ലഗ് ജാ ഗലേ കേ ഫിർ യേ ഹസീൻ രാത് ഹോ ന ഹോ... '

 എന്തുകൊണ്ട്? ‘ആ  ഗാനത്തിന്റെ വരികളിൽ എന്റെ പ്രണയമുണ്ട്. വിരഹമുണ്ട്. മറക്കാനാവാത്ത ഒരു കാലമുണ്ട്.' പതിനെട്ടാം വയസ്സിൽ രാം കൃഷ്‌ണ നയ്യാർ എന്ന 22 കാരൻ സംവിധായകനെ പ്രേമിച്ചു കല്യാണം കഴിച്ചു വീടുവിട്ടിറങ്ങിയ സാധനയുടെ വാക്കുകൾ.

ലത മങ്കേഷ്‌കർ

ലത മങ്കേഷ്‌കർ

കൗതുകം തോന്നാം. ഭാഗ്യം കൊണ്ടുമാത്രം വോ കോൻ ഥി (1964) യിൽ ഇടം നേടിയ പാട്ടാണ്  ‘ലഗ് ജാ ഗലേ'. വരികൾക്കും ഈണത്തിനും ഗൗരവം കൂടിപ്പോയതിനാൽ പാട്ട് സിനിമയിൽ നിന്ന് ഒഴിവാക്കണം എന്നായിരുന്നു സംവിധായകൻ രാജ് ഖോസ്ലയുടെ നിലപാട്. പക്ഷേ, നായകൻ മനോജ് കുമാർ വഴങ്ങിയില്ല. ആ പാട്ടായിരിക്കും സിനിമയുടെ മുഖ്യ ആകർഷണം എന്ന കാര്യത്തിൽ സംശയമില്ലായിരുന്നു അദ്ദേഹത്തിന്.

മനസ്സില്ലാമനസ്സോടെ പാട്ട് സിനിമയിൽ ഉൾപ്പെടുത്താൻ ഖോസ്ല സമ്മതിക്കുന്നു. രാജാ മെഹ്ദി അലി ഖാൻ എഴുതി മദൻ മോഹൻ ചിട്ടപ്പെടുത്തിയ ‘ലഗ് ജാ ഗലേ' ജനം ഏറ്റുപാടിയതും തലമുറകൾക്ക് അപ്പുറത്തേക്ക് വളർന്ന് ക്ലാസിക്‌ പരിവേഷം ആർജിച്ചതും പിൽക്കാല ചരിത്രം. ‘സിനിമ തന്ന സൗഭാഗ്യങ്ങൾ പലതാണ്. പണം, പ്രശസ്തി, ആരാധന, പ്രണയം, ദാമ്പത്യം, മറക്കാനാവാത്ത കഥാപാത്രങ്ങൾ... പക്ഷേ, അവയ്‌ക്കെല്ലാം മുകളിലാണ് എന്റെ ജീവിതത്തിൽ  ലഗ് ജാ ഗലേയ്‌ക്കുള്ള സ്ഥാനം'‐  സാധന പറഞ്ഞു. ആ പാട്ടുൾപ്പെടെ തനിക്കേറ്റവും പ്രിയപ്പെട്ട ഗാനങ്ങളെല്ലാം ഭൂമിയിൽ ഉപേക്ഷിച്ച്  ഒടുവിൽ സാധന പറന്നകന്നത്  2015 ഡിസംബർ 25 ന്.

മുനവർ മുതൽ റാണി വരെ

 ലത മങ്കേഷ്‌കറുടെ സ്വർഗീയ സ്വരമാധുരിയുടെ തണലിൽ  പ്രശസ്തിയുടെ പടവുകൾ കയറിപ്പോയ  നായികമാർ അങ്ങനെ എത്രയെത്ര. പിന്നിട്ട ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, തിരശ്ശീലയിലെന്നവണ്ണം നൂറുനൂറു മുഖങ്ങൾ തെളിയുന്നുണ്ടാകും ലതാജിയുടെ മനസ്സിൽ... മുനവർ സുൽത്താന മുതൽ റാണി മുഖർജി  വരെയുള്ളവരുടെ മുഖങ്ങൾ.

 പിന്നണി പാടിയ പഴയ ബ്ലാക്ക് ആന്റ്‌ വൈറ്റ് സിനിമകൾ  കഴിയുന്നതും കാണാറില്ലായിരുന്നു ലത. തന്റെ ശബ്ദത്തിൽ പാടി അഭിനയിച്ച സുന്ദരികളായ നായികമാർ പലരും ഓർമയായിക്കഴിഞ്ഞെന്ന സത്യം ഉൾക്കൊള്ളാൻ മനസ്സ് മടിക്കുന്നതുകൊണ്ടായിരുന്നു അത്‌. ‘മീനാകുമാരിയെപ്പോലുള്ളവരെ സ്‌ക്രീനിൽ കണ്ടിരിക്കാൻ പറ്റില്ല എനിക്ക്, കരച്ചിൽ വരും.'  ഒരു അഭിമുഖത്തിൽ ലത ഈയിടെ പറഞ്ഞു.

മീനാകുമാരി

മീനാകുമാരി

  ‘വർഷങ്ങൾക്ക് മുൻപ് പക്കീസയിലെ പാട്ടുകളുടെ റിഹേഴ്‌സലിന് സംവിധായകൻ കമാൽ അമ്രോഹിയുടെ വീട്ടിൽ ചെന്നപ്പോൾ മീനാജിയുണ്ട് അവിടെ.  എന്റെ പാട്ടുകൾക്കൊപ്പം ചുവടുവെച്ചു പരിശീലിക്കാൻ വന്നിരിക്കയാണ് അവർ. തുടക്കക്കാരിയുടെ കൗതുകത്തോടെ, ചുറുചുറുക്കോടെ നൃത്തം ചെയ്യുന്ന മീനാജിയുടെ രൂപം മനസ്സിൽ നിന്ന് ഒരിക്കലും മായില്ല...' ഇൻഹി ലോഗോം നേ, ചൽത്തേ ചൽത്തേ, താരേ രഹിയോ, മൗസം ഹേ ആശിഖാനാ... പക്കീസയിലെ ഏത് പാട്ടാണ് നമുക്ക് മറക്കാനാകുക?

നിർഭാഗ്യവശാൽ, ‘പക്കീസ'യുടെ നിർമാണം ഇടക്കുവെച്ചു മുടങ്ങി. ഒന്നര പതിറ്റാണ്ടോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ചിത്രീകരണം പുനരാംഭിച്ചപ്പോഴേക്കും മീനാകുമാരി രോഗിണിയായിക്കഴിഞ്ഞിരുന്നു. അമിതമദ്യപാനം മൂലം വന്നുഭവിച്ച  മാരകമായ കരൾരോഗത്തിന്റെ ഇര. താൻ മനസ്സിൽ കണ്ട നൃത്തച്ചുവടുകളൊന്നും ക്യാമറക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയാതെ പലപ്പോഴും നിസ്സഹായയായി സെറ്റിൽ തളർന്നിരുന്നു അവർ. മിക്ക ഗാനരംഗങ്ങളും ഡ്യൂപ്പിനെ വെച്ച് പൂർത്തിയാക്കേണ്ടിവന്നു സംവിധായകന്. ‘മീനാജിയെ അവസാനം കണ്ടത് ഒരു അവാർഡ് നിശയിൽ വെച്ചാണ്.  കൈകൾ ചേർത്തുപിടിച്ച്  കുറെ നേരം നിറഞ്ഞ കണ്ണുകളോടെ എന്നെ  നോക്കിനിന്നു അവർ.'  ലതാജിയുടെ ഓർമ.

പക്കീസയിലെ മീനാകുമാരിയെ കാണുമ്പോഴൊക്കെയും ആ നിമിഷങ്ങൾ ഓർമവരുമായിരുന്നു ലതയ്‌ക്ക്‌. ഒപ്പം മീനയ്‌ക്കുവേണ്ടി താൻ പാടിയ അനശ്വര ഗീതങ്ങളും: ‘ബൈജു ബാവ്‌ര'യിലെ ബച്പൻ കി മൊഹബ്ബത് കോ, ‘ദിൽ അപ്‌നാ ഔർ പ്രീത് പരായി'യിലെ അജീബ് ദാസ്താ ഹേ യേ, ‘അകേലി മത് ജായിയോ'യിലെ വോ ജോ മിൽതേ ഥേ  കഭി...

ലതയും കജോളും

ലതയും കജോളും

മധുബാലയുടേത് മറ്റൊരു ദുരന്തകഥ. സിനിമകൾക്ക് കോൾഷീറ്റ് നൽകുമ്പോൾ തനിക്കുവേണ്ടി പാടാൻ  ലതാജി തന്നെ വേണം എന്ന് നിർബന്ധം പിടിച്ചിരുന്നു മധുബാല. ഇരുവരുടേയും ചലച്ചിത്ര ജീവിതത്തിൽ വഴിത്തിരിവായി മാറിയ ‘മഹൽ' (1949) എന്ന ചിത്രത്തിലെ ആയേഗാ ആനേവാല എന്ന  സൂപ്പർഹിറ്റ് ഗാനം തൊട്ട് തുടങ്ങിയ ശീലം. മധുബാല‐  ലത കൂട്ടുകെട്ടിന്റെ  മായാജാലം പിന്നീട് എത്രയോ സിനിമകളിൽ നാം കണ്ടു, കേട്ടു, ആസ്വദിച്ചു.  മുഗൾ എ അസം (പ്യാർ കിയാ തോ ഡർനാ ക്യാ, മൊഹബ്ബത് കി ജൂട്ടി, മോഹെ പൻഘട്ട് കി നന്ദലാല...) എങ്ങനെ മറക്കും?

  ‘ഹൃദയ വേദന സഹിച്ചാണ്  മുഗൾ എ അസമിലെ പാട്ടുകൾക്കൊത്ത് ചുവടുവെച്ചതെന്ന് മധുബാല പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. തൊഴിലിനെ ഈശ്വരനായി കാണുന്ന കലാകാരിക്കേ അതിനു ധൈര്യം വരൂ.' ലതയുടെ വാക്കുകൾ. 1950 കളുടെ അവസാനമാണ് തന്റെ ഹൃദയം അത്ര ‘ശ്രുതിശുദ്ധ'മല്ലെന്ന് മധുബാല ആദ്യമായി തിരിച്ചറിഞ്ഞത്.

ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ പ്രചാരത്തിൽ വന്നിട്ടില്ലാത്ത കാലം. ‘തുളവീണ' ഹൃദയവുമായിത്തന്നെ പിന്നെയും വർഷങ്ങളോളം സിനിമയിൽ അഭിനയിച്ചു അവർ, മുപ്പത്താറാം വയസ്സിൽ മരിക്കും വരെ. അവസാന സിനിമയായ ‘ജ്യോതി'യിലും മധുബാല പാടിയത് ലതയുടെ ശബ്ദത്തിൽ തന്നെ.

 മധുബാല

മധുബാല

ലതയുടെ പാട്ടുകളാണ്  പ്രതിസന്ധികളോട് പൊരുതി ജീവിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പറഞ്ഞിട്ടുണ്ട് മധുബാല.

 വെള്ളിത്തിരയിൽ തന്റെ പാട്ടുകൾ ചിത്രീകരിച്ചുകാണുമ്പോൾ ചിലപ്പോഴെങ്കിലും അപകർഷത തോന്നും ലതയ്‌ക്ക്‌; തെല്ലൊരു അസൂയയും. ‘എന്റെ ഗാനങ്ങൾ എന്നേക്കാൾ ഭംഗിയായി പാടി അഭിനയിക്കുന്നവരാണ് അധികവും. ആ പാട്ടുകൾക്കൊത്ത്  ഇത്ര തന്മയത്വത്തോടെ ചുണ്ടനക്കി അഭിനയിക്കാൻ ഈ ജന്മം കഴിയില്ല എനിക്ക്.

‘സീമ’ (1955) എന്ന ചിത്രത്തിലെ നൂതന്റെ പ്രകടനം  ഉദാഹരണമായി എടുത്തുപറയുന്നു അവർ. മൻമോഹനാ ബഡി ജൂട്ടേ എന്ന ശാസ്ത്രീയ ഗാനം എത്ര  സ്വാഭാവികമായി പാടി അഭിനയിച്ചിരിക്കുന്നു നൂതൻജി. അവർ തന്നെയല്ലേ അത് പാടിയതെന്ന് തോന്നും നമുക്ക്. നല്ലൊരു ഗായിക കൂടി ആയതുകൊണ്ടുള്ള ഗുണം.' സ്വന്തം  പാട്ടുകളുടെ ചലച്ചിത്രാവിഷ്‌കാരങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതായി ലത എടുത്തുപറയാറുള്ളതും ‘സീമ'യിലെ ഈ ഗാനം തന്നെ.

 നൂതനുവേണ്ടി പാടും മുമ്പ്‌ നൂതന്റെ അമ്മ ശോഭന സമർഥിനുവേണ്ടി പിന്നണി പാടിയ ചരിത്രമുണ്ട് ലതയ്‌ക്ക്‌. പിൽക്കാലത്ത് നൂതന്റെ  സഹോദരി തനൂജക്കുവേണ്ടിയും അവരുടെ മകൾ കജോളിനുവേണ്ടിയുമെല്ലാം പാടി ലത. ഒരേ കുടുംബത്തിലെ മൂന്നുതലമുറയ്‌ക്കുവേണ്ടി പാടിയ ഗായികമാർ അധികമുണ്ടാവില്ല.

തീർന്നില്ല. നർഗീസ് (രസിക് ബൽമാ, ഉഠായെ ജാ ഉൻകെ സിതം), നിമ്മി (ജിയാ ബേഖരാർ ഹേ), മാലാ സിൻഹ (ആപ് കി നസ്‌രോം നേ സംജാ), നന്ദ (അല്ലാ തേരോ നാം), ശർമിള ടാഗോർ (രെയ്‌ന ബീതി ജായേ), വൈജയന്തിമാല (ആജാരെ പർദേശി), പത്മിനി (ഓ ബസന്തി പവൻ പാഗൽ), ഹെലൻ (ആ ജാനേ ജാ), വഹീദ റഹ്‌മാൻ (ആജ് ഫിർ ജീനേ കി തമന്നാ ഹേ), ബീനാറായി (യെ സിന്ദഗി ഉസി കി ഹേ), ഗീതാ ബാലി (ബൽമാ ബഡെ നാദാൻ), സീനത്ത് അമൻ (സത്യം ശിവം സുന്ദരം), സൈറാ ബാനു (എഹ്സാൻ തേരാ ഹോഗാ), ആശ പരേഖ് (സയനോര സയനോര), മുംതസ് (ബിന്ദിയ ചംകേഗി), മൗഷ്‌മി ചാറ്റർജി (രിംജിം ഗിരെ സാവൻ), ഹേമമാലിനി (ഏ ദിൽ എ നാദാൻ), ജയഭാദുരി (പിയാ ബിനാ), രേഖ (നീലാ ആസ്മാൻ സോഗയാ), മാധുരി ദീക്ഷിത് (ദീദി തേരാ ദേവർ ദീവാന), ഡിംപിൾ കപാഡിയ (ദിൽ ഹൂം ഹൂം കരേ), ജൂഹി ചൗള (തു മേരെ സാംനേ).... ഏഴു പതിറ്റാണ്ടിനിടെ ലതയുടെ ആലാപനചാരുതയുടെ പിന്തുണയോടെ  വെള്ളിത്തിര അടക്കിവാണ നായികമാരുടെ നിര ഇവിടെയെങ്ങും നിൽക്കില്ല.

ദിലീപ്‌കുമാറിന്റെ ലത

  മറവിയുടെ മായാതീരത്തായിരുന്ന ദിലീപ് കുമാറിനെ ലതാജി കാണാൻ പോയ കഥയുണ്ട്. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊന്നും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ് ദിലീപ്. സംസാരം പോലും പേരിനുമാത്രം. അതുകൊണ്ടുതന്നെ ജ്യേഷ്ഠതുല്യനായ മഹാനടനെ ചെന്നുകാണാൻ ബാന്ദ്രയിലെ വസതിയിലേക്ക്  പുറപ്പെടുമ്പോൾ ആകെ അസ്വസ്ഥമായിരുന്നു ഗായികയായ കൊച്ചുപെങ്ങളുടെ മനസ്സ്. യൂസുഫ് സാഹിബിന്  തന്നെ തിരിച്ചറിയാൻ കഴിയാതെ വന്നാലോ  ? ആ ദുഃഖം എങ്ങനെ സഹിക്കാനാകും തനിക്ക്?

ദിലീപ്‌കുമാറും ലതയും

ദിലീപ്‌കുമാറും ലതയും

 രോഗപീഡകളും മറവിയുവുമായി മല്ലടിച്ചു തളർന്ന്  ഭർത്താവ്  മയങ്ങുന്ന മുറിയിലേക്ക് സന്ദർശകയെ അനുഗമിക്കേ, ദിലീപിന്റെ ഭാര്യ സൈറാബാനു മുന്നറിയിപ്പ് നൽകിയിരുന്നു: ‘ദീദിയെ യൂസുഫ് സാബ് തിരിച്ചറിഞ്ഞില്ലെങ്കിൽ വേദനിക്കരുത്. കുറച്ചുകാലമായി ഇങ്ങനെയാണ് അദ്ദേഹം.'

 പക്ഷേ, സൈറയെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട്, കിടപ്പുമുറിയുടെ വാതിൽ തുറന്നു കൈകൂപ്പി കടന്നുവന്ന വിരുന്നുകാരിയുടെ മുഖത്തുനോക്കി ചിരിച്ചു ദിലീപ്. പിന്നെ പതുക്കെ ചുണ്ടുകളനക്കി: ‘ലത'. ജീവിതത്തിൽ ഏറ്റവും ആഹ്ലാദം തോന്നിയ നിമിഷങ്ങളിൽ ഒന്നായിരുന്നു അതെന്ന് പിന്നീട്‌ പറഞ്ഞു ലത മങ്കേഷ്‌കർ; ദിലീപ്കുമാറിന്റെ പ്രിയപ്പെട്ട ‘ചോട്ടി ബഹൻ'.  മറവിയുടെ ആഴങ്ങളിലേക്ക് സഞ്ചരിക്കുമ്പോഴും ആ മനസ്സിൽ തന്റെ പേരും രൂപവും ഉണ്ടായിരുന്നു എന്ന അറിവിന് മുന്നിൽ കണ്ണീരോടെ പ്രണമിച്ചു ഇന്ത്യയുടെ വാനമ്പാടി. തിരിച്ചറിയുക മാത്രമല്ല വർഷങ്ങൾക്കുമുമ്പ്‌ ‘മുസാഫിർ’ (1957) എന്ന ചിത്രത്തിൽ ലതയ്‌ക്കൊപ്പം സലിൽ ചൗധരിയുടെ ഈണത്തിൽ താൻ പാടിയ പാട്ടിന്റെ പല്ലവി മൂളാൻ ശ്രമിക്കുക കൂടി ചെയ്തു ദിലീപ്: ‘ലാഗി നാഹീ ചൂട്ടേ രാം...' നിറകണ്ണുകളോടെ അത് കേട്ടുനിന്നു കൊച്ചുപെങ്ങൾ.

 ആ നാദസൗഭഗം ഇനിയില്ല  എന്ന് വിശ്വസിക്കാൻ പ്രയാസം. സംഗീതപ്രേമികളുടെ മനസ്സിൽ നിത്യയൗവനമാർന്നുനിൽക്കുന്നു ലതയുടെ ശബ്ദം. ‘കിനാര' എന്ന ചിത്രത്തിനുവേണ്ടി ‘നാം ഗും ജായേഗാ ചെഹരാ യേ ബദൽ ജായേഗാ, മേരി ആവാസ് ഹി പെഹചാൻ ഹേ ഗർ യാദ് രഹേ' എന്ന് ഗുൽസാർ എഴുതിയത് ലതയെക്കുറിച്ചുതന്നെയല്ലേ?  പേരും മുഖവുമൊക്കെ ഓർമയിൽ നിന്ന് മാഞ്ഞുപോയാലും ആ ശബ്ദം മറക്കില്ല നാം. അത്രകണ്ട് ജീവിതത്തിൽ അലിഞ്ഞുപോയിരിക്കുന്നു  അത്  .

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top