23 April Tuesday

അനുരാഗത്തിന്റെ നാനാർഥങ്ങൾ

ഡോ. എം ഡി മനോജ്‌Updated: Sunday Mar 27, 2022

ഓരോ പാട്ടിനെയും അനുരാഗപൂർവം സമീപിച്ച യൂസഫലി കേച്ചേരിയുടെ വേർപാടിന്‌  ഏഴാണ്ട്‌

മലയാള ചലച്ചിത്രഗാനങ്ങളിൽ പ്രണയാനുരാഗത്തിന്റെ വേറിട്ടതും സർഗാത്മകവുമായ സൗന്ദര്യജീവിതം ആഴത്തിൽ അനുഭവിപ്പിച്ച കവിയായിരുന്നു യൂസഫലി കേച്ചേരി. ഓരോ പാട്ടിനെയും അനുരാഗപൂർവം സമീപിച്ചു അദ്ദേഹം. പാട്ടിൽ കവി നിർമിച്ചെടുക്കുന്ന അനുരാഗത്തിന്റെ അനുഭൂതികൾ അത്രയ്‌ക്കധികമായിരുന്നു.  ഈ നിത്യാനുരാഗത്തിന്റെ നിമിഷങ്ങൾ അനുരാഗികളെ കൂടുതൽ അനുരാഗികളാക്കി മാറ്റി. അനുരാഗത്തിൽ സ്വയമാറാടുന്ന  രീതിയായിരുന്നു അത്‌. അനുരാഗത്തിലേക്കുള്ള കാവ്യതരളമായ വഴികൾ ആ ഗാനങ്ങളിൽ നീണ്ടുകിടന്നു. പ്രണയാനുരാഗത്തെ പരിപാലിക്കുന്ന ആത്മഭാവങ്ങളെയാണ്‌ യൂസഫലി കേച്ചേരി ഗാനങ്ങളിൽ ആവിഷ്‌കരിച്ചത്‌. അനുരാഗത്തിന്റെ തീവ്രസാക്ഷ്യങ്ങളായിരുന്നു അവ. അവിടെ മാരനും മന്മഥനും മധുപനും കാമദേവനും സുമശരനും മലരമ്പനും മദനനും മനസിജനും താരമ്പനും പഞ്ചബാണനുമെല്ലാം വ്യത്യസ്‌ത രീതിയിൽ അനുരാഗം ചമയ്‌ക്കുന്നു. പാട്ടിൽ മന്മഥജ്വരവും മന്മഥസാരവും സുമശരലീലയും മാരമഹോത്സവവും മാരകാകളിയും മദനവികാരതരംഗിണിയും രതിസുഖസാരവുമൊക്കെ അനുരാഗത്തിന്റെ പല കൈവഴികളായിപ്പിരിയുന്നു. ‘ആദ്യവും അവസാനവുമില്ലാത്ത പെരും വ്യഥയാണ്‌ അനുരാഗം’ എന്ന്‌ കവി മാമ്പൂമണമുള്ള കാറ്റിനോട്‌ ചോദിക്കുന്നുണ്ട്‌. അനുരാഗത്തിന്റെ പൂജാമണിയറ തുറക്കാൻ റോജാമലരിനോട്‌ പറയുന്നുണ്ട്‌. കാലമാം കവി കണ്ണീരാലെഴുതിയ കാവ്യമാണ്‌ എന്നും അദ്ദേഹം പാട്ടിലെഴുതി. അത്‌ ആദ്യം കണ്ണിൽ മുളയ്‌ക്കുകയും ഹൃദയത്തിൽ വേരൂന്നി നിൽക്കുകയും ചെയ്യും. വിടരുംമുമ്പേ വീണടിയുന്നൊരു വനമലരാണിന്നീയനുരാഗം എന്ന്‌ അനുരാഗത്തിന്റെ അനിവാര്യമായ തലങ്ങളെയും കവി പാട്ടിൽ രേഖപ്പെടുത്തി. കണ്ണീർക്കടലിൽ തിരകളിലലിയും പുഞ്ചിരിയാണിനിയനുരാഗം എന്ന പാട്ടിലും കവി പറയുന്നത്‌ മറ്റൊന്നല്ല. അനുരാഗനാണയത്തിന്റെ ഒരുപുറം ദുഃഖവും മറുപുറം സുഖവുമാണെന്ന്‌  മറ്റൊരു ഗാനത്തിൽ കവി ഓർമിപ്പിക്കുന്നുണ്ട്‌. അനുരാഗവല്ലരിയും അനുരാഗത്തേൻമുദ്രയും അനുരാഗപ്പൂമുല്ലയും അനുരാഗമോഹനവീണയും അനുരാഗരമ്യസാനുവും അനുരാഗപ്പൊയ്‌കയും അനുരാഗമോഹനചന്ദ്രനും അനരാഗക്കളരിയുമെല്ലാം യൂസഫലി കേച്ചേരിയുടെ അനുരാഗഗാനങ്ങളിൽ സജീവാടയാളങ്ങളായിത്തീർന്നു. അനുരാഗഗാനംപോലെ അണയുകയാണൊരു പ്രണയിനി അദ്ദേഹത്തിന്റെ പാട്ടിൽ.

അനുരാഗമെന്നത്‌ കവിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സമീപസ്ഥമായ വികാരസത്തയായിത്തീരുന്നു. യൂസഫലിയുടെ പാട്ടുകളിൽ നിറയെയുണ്ടായിരുന്നു അനുരാഗത്തിന്റെ സൂക്ഷ്‌മശ്രുതികൾ. പാട്ടെന്ന പൂവിതളിൽ അനുരാഗവസന്തത്തെ വിടർത്തുകയായിരുന്നു കവി. മാരൻ എന്ന മനുഷ്യസ്വരൂപമാണ്‌ യൂസഫലിയുടെ പാട്ടിൽ അനുരാഗത്തെ അതിന്റെ സാഫല്യത്തിലെത്തിക്കുന്ന ഒരാൾ. ‘ആശിച്ച മാരൻ നിൻമുന്നിൽ നീറിയിരിപ്പാണല്ലോ’ എന്ന ആദ്യ ചലച്ചിത്രഗാന (മൈലാഞ്ചിത്തോപ്പിൽ)ത്തിൽത്തന്നെ അദ്ദേഹം എഴുതിയിട്ടുണ്ട്‌. കണ്ണാടിക്കവിളുള്ള കണ്ടാൽ ചേലുള്ള പുതുമാരനാണ്‌ അനുരാഗത്തിന്റെ അനുചരൻ. തട്ടംകൊണ്ട്‌ മുഖം മറച്ചാലും തട്ടിത്തെറിപ്പിക്കും ആ മണിമാരൻ. മാരന്റെ കോവിൽ തേടിയാലേ അനുരാഗത്തിന്റെ മായാമയൂരമാടുന്നത്‌. യൂസഫലി കേച്ചേരിയുടെ ഗാനങ്ങളിൽ അനുരാഗത്തിന്റെ അകമ്പടി സേവിക്കുന്ന മറ്റൊരാൾ മനസ്സിനെ മഥിക്കുന്ന മന്മഥനാണ്‌. മന്മഥസാരമാണ്‌ യൂസഫലി കേച്ചേരിയുടെ പാട്ട്‌. മന്മഥനേന്തുന്ന ശരങ്ങൾക്ക്‌ മുമ്പിൽ മനസ്സുകൾ കീഴടങ്ങി എന്ന ഗാനം കേൾക്കുമ്പോൾ അത്‌ അനുരാഗമല്ലാതെ മറ്റെന്താണ്‌? അഞ്ചുശരങ്ങളും പോരാതെയാണ്‌ മന്മഥൻ പ്രണയിനിയുടെ ചിരിയെ സായകമാക്കുന്നത്‌. കാമദേവനേന്തുന്ന ചാപമായും മണിമാരൻ തൊടുക്കുന്ന ശരമായും കാമദേവന്റെ കളിച്ചെണ്ടയായും കുരവയായും മന്മഥൻ കൊളുത്തുന്ന തീനാളമായും താരമ്പന്റെ തങ്കപ്പതക്കമായും മാരൻ വളർത്തുന്ന മാൻപേടയായും വേണുവൂതുന്ന മധുപനായും എല്ലാം അനുരാഗം യൂസഫലി കേച്ചേരിയുടെ ഗാനങ്ങളിൽ വ്യത്യസ്‌ത വിതാനത്തിൽ വിസ്‌തൃതമാകുന്നു. രജനീഗന്ധി വിടരുമ്പോൾപ്പോലും അനുരാഗസൗരഭ്യം പടരുകയാണ്‌. അനുരാഗലോലഗാത്രിയായ നീലരാത്രിയും അനുരാഗിയായ ഏകാന്തതയുമൊക്കെ നമ്മുടെ കൂടെ പോരുന്നു. അനുരാഗ സുരഭില നിമിഷങ്ങളാണ്‌ മാനസമരുഭൂമിയെ മലർവാടിയാക്കുന്നതെന്ന്‌ കവിയുടെ ഒരു ഗാനം നമ്മെ അറിയിക്കുന്നുണ്ട്‌. മധുരിക്കും വേദനയും കണ്ണീരും പുഞ്ചിരിയുമൊക്കെയാണ്‌ അനുരാഗത്തിന്റെ ആകെത്തുകയെന്ന്‌ പാട്ടിലൂടെ പറഞ്ഞിട്ടുണ്ട്‌, കവി. അനുപമ സൗന്ദര്യമേ, അനുരാഗമെന്ന്‌ വിളിക്കുന്നു നിന്നെയെന്ന്‌ പാട്ടിൽ പലവുരു ആവർത്തിക്കുന്നുണ്ട്‌ കവി. ഈ അനുരാഗമാണ്‌ ആലിംഗനവും അമൃതാഭിഷേകവുമൊക്കെയായി മാറുന്നതെന്ന്‌ പാട്ടിലൂടെ കവി നമുക്ക്‌ പറഞ്ഞുതരുന്നു. അമൃതൊഴുകും അനുരാഗഗാനം പാടിവരുന്നൊരു പനിനീർപ്പൂങ്കാറ്റിനെയാണ്‌ യൂസഫലി കേച്ചേരി തന്റെ പാട്ടിലേക്ക്‌ ക്ഷണിച്ചുവരുത്തുന്നത്‌. അങ്ങനെ പാട്ടുകളിൽ  അനുരാഗപർവം തന്നെയൊരുക്കി അദ്ദേഹം.

യൂസഫലി കേച്ചേരിയുടെ ഗാനങ്ങളിൽ അനുരാഗമെന്നത്‌ ആത്മാവിന്റെ ഉള്ളുതുറന്നുള്ള സന്നദ്ധതയും വിനിമയവുമൊക്കെയായിത്തീരുന്നു. അത്‌ ജീവിത പ്രണയ സന്ദർഭങ്ങളോട്‌ പുലർത്തുന്ന ഉന്നതവും ആത്മീയവുമായ നീതിബോധം തന്നെയാണ്‌. അനുരാഗം, സൗന്ദര്യത്തിന്റെ ഉദാത്തമായ സംഗീതമായി മാറുന്നു; യൂസഫലി കേച്ചേരിയുടെ ഗാനങ്ങളിൽ. കാളിദാസന്റെയും മോയിൻകുട്ടി വൈദ്യരുടെയും കാവ്യശൈലികൾ ആ ഗാനങ്ങളിൽ പലമട്ട്‌ പതിഞ്ഞുകിടക്കുന്നുണ്ടാകും. ഒരു കാര്യമുറപ്പാണ്‌, അനുരാഗം അതിന്റെ സാകല്യത്തിൽ മറ്റൊരാളുടെ പാട്ടിലും ഇത്രയ്‌ക്ക്‌ നിർവൃതിദായകമായിട്ടില്ല ഇന്നോളം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top