20 April Saturday

ജോൺ കെയ്ജ്‌:നഷ്ടശബ്ദങ്ങളുടെ സംഗീതം

വെബ് ഡെസ്‌ക്‌Updated: Friday Jan 25, 2019

പാശ്ചാത്യ ക്ലാസിക്കൽ-മോഡേൺ സംഗീതജ്ഞനായ ജോൺ കെയ്ജിന്റെ 4' 33' എന്ന സം​ഗീതരചനയില്‍ കേള്‍ക്കുന്നത് നിശ്ശബ്ദതയാണ്. പിയാനോവാദകൻ കീബോര്‍ഡില്‍ നോക്കിനിന്നശേഷം പിയാനോ അടച്ചുവയ്ക്കുന്നു. പരിസരശബ്ദങ്ങളുടെ സംഗീതത്തിന് കാതോർക്കുന്ന നീണ്ട സെൻ ബുദ്ധിസ്റ്റ് നിമിഷങ്ങൾ

പാശ്ചാത്യ ക്ലാസിക്കൽ-മോഡേൺ സംഗീതജ്ഞനായ ജോൺ കെയ്ജിന്റെ 4' 33' (നാലു മിനിറ്റ് 33 സെക്കൻഡ്‌) ഒരു നിശ്ശബ്‌ദ സംഗീതരചനയാണ്.  പിയാനോവാദകൻ വന്നിരുന്ന് സ്‌കോർഷീറ്റ് സശ്രദ്ധം നോക്കിയശേഷം പിയാനോ തുറക്കുന്നു.  പിയാനോ പ്രവർത്തിപ്പിക്കാതെ കുറച്ചുനേരം കീബോര്‍ഡില്‍ നോക്കിനിന്നശേഷം പിയാനോ അടച്ചുവയ്ക്കുന്നു. വേദിയിൽ നാല് ഉപകരണവാദ്യക്കാരുണ്ട്.  വാദ്യോപകരണങ്ങൾ വാദനം ചെയ്യരുതെന്ന് അവർക്ക് കെയ്ജിന്റെ നിർദേശമുണ്ട്.  തുടർന്ന്, രണ്ടുതവണകൂടി ഇതേ പ്രവൃത്തി ആവർത്തിക്കുന്നു. കച്ചേരി കഴിഞ്ഞു.  രചയിതാവ് ഹസ്തഘോഷങ്ങൾ ഏറ്റുവാങ്ങി തലകുനിച്ച് നന്ദി രേഖപ്പെടുത്തുന്നു.

സംഗീതത്തിൽ ശ്രദ്ധ പതിയുമ്പോൾ ചുറ്റുമുള്ള ശബ്ദങ്ങളുടെ സൗന്ദര്യാത്മകഗുണങ്ങൾ കേൾക്കാതെ പോകുകയാണ്.  ആ നഷ്ടശബ്ദങ്ങളുടെ സംഗീതമാണ് 4'33'': സംഗീതജ്ഞന്റെ സംഗീതം പരിസരശബ്ദങ്ങളുടെ സംഗീതത്തിന് കാതോർക്കുന്ന നീണ്ട സെൻ ബുദ്ധിസ്റ്റ് നിമിഷങ്ങൾ.  
 
പാട്ടു കേൾക്കുമ്പോൾ പാട്ടിനുചുറ്റും നിശ്ശബ്ദത വലയംചെയ്തു നിൽക്കും.  തിരിച്ച്, നിശ്ശബ്ദതയെ കേൾക്കുമ്പോൾ ചുറ്റും ശബ്ദങ്ങൾ വലയം ചെയ്യും.  ശബ്ദങ്ങൾ നിശ്ശബ്ദതയുടെ ഒഴിഞ്ഞ പാത്രത്തിലേയ്ക്ക് വന്നുപതിക്കും.  കെയ്ജിന്റെ നിശ്ശബ്ദമായ കച്ചേരിയ്ക്കിടയ്ക്ക് പുറത്തുനിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കടന്നുവന്നു.  ഒന്നും കേൾക്കാനില്ലാതിരുന്ന സമയത്ത് സ്വന്തം ഹൃദയമിടിപ്പ് കേൾക്കാം.  തലയിലേയ്ക്ക് രക്തം പ്രവഹിക്കുന്നതുപോലും കെയ്ജ് കേട്ടു.  ഇനി അഥവാ ഒന്നും കേട്ടില്ലെങ്കിലും നിശ്ശബ്ദതയുടെ ശൂന്യതയിൽ പ്രതീക്ഷിക്കപ്പെടുന്ന ശബ്ദങ്ങളുടെ പ്രേതങ്ങളുണ്ടാകും.  ഫലത്തിൽ അത് പരിസരശബ്ദങ്ങളുടെ കച്ചേരിയാണ്.  സാധാരണ ഒരു കച്ചേരി നടക്കുമ്പോൾ സദസ്സിലുള്ള ആരെങ്കിലും ചുമച്ചേയ്ക്കാം.  ഒരു കുട്ടിയുടെ കരച്ചിൽ ഉയരാം.  അത്തരം ശബ്ദങ്ങൾ കച്ചേരിയുടെ ഇടയിൽ കയറിവരും. എന്നാൽ, കെയ്ജിന്റെ ഈ രചന അത്തരം പരിസരശബ്ദങ്ങൾ നടത്തുന്ന കച്ചേരിയിൽ ഇടപെടാതെ നിശ്ശബ്ദമായി നിൽക്കുകയാണ്. 
 
കെയ്ജിന്റെ ഈ നിശ്ശബ്ദരചന സംഗീതമല്ല എന്ന വാദമുണ്ട്.  സംഗീതമാകാൻ ചില മാനദണ്ഡങ്ങളെ തൃപ്തിപ്പെടുത്തേണ്ടതുണ്ട് എന്ന നിർവചനമനുസരിച്ച്.  ഒരു രചന സംഗീതരചനയാകാൻ ആദ്യംവേണ്ടത് അതിന്റെ മാധ്യമം ശബ്ദമാകുകയാണ്.  രചന സംഗീതരചനയാകണമെങ്കിൽ അനിവാര്യമായും അതിൽവരുന്ന ശബ്ദങ്ങൾ സൃഷ്ടാവ് ഉണ്ടാക്കിയതോ ക്രമീകരിച്ചതോ ആയിരിക്കണം.  എന്നാൽ, പ്രസ്തുത രചനയിലെ ശബ്ദങ്ങൾ കെയ്ജ് ഉണ്ടാക്കിയതല്ല. അതുകൊണ്ട് ഇത് സംഗീതമല്ല, മറിച്ച് സംഗീതേതരമായ ഒരു കലാസൃഷ്ടിയാണ് എന്ന് സ്ഥാപിക്കുന്നതിലേയ്ക്കാണ് ഈ വാദം നീളുക. 
 
ഒരു സംഗീതരചന അതിന്റെ അതിർത്തിയെ ലംഘിച്ചുനിൽക്കുന്ന അവസ്ഥയാണ് ഇവിടെ.  എങ്കിലും അനുഭവത്തെ ഗ്രഹിക്കാൻ ആശ്രയിക്കുന്ന സങ്കൽപ്പം സംഗീതപരമാണ്.  സംഗീതത്തെക്കുറിച്ചുള്ള സംഗീതമാണ് ഈ രചന.  നിശ്ശബ്ദതയുടെ ലക്ഷ്യം ശബ്ദമില്ലായ്മയല്ല, സംഗീതത്തിന്റെ  അന്ത്യമല്ല.  പാട്ടുകാരൻ മൗനം പൂണ്ടിരിക്കുന്നത് പാട്ട് നിർത്തിയതുകൊണ്ടല്ല.  തുടക്കത്തിന്റെ മൗനമാണ്.  ശീലിച്ച വഴിയിൽനിന്ന് പുതിയ വഴിയിലേയ്ക്ക് ചുവടുമാറുന്ന മുഹൂർത്തം.  കെട്ടിയതിനെ കെട്ടഴിച്ച്, വീണ്ടും നവ്യാനുഭൂതി പകരുന്ന ഒരു സംഗീതത്തെ സ്വാഗതം ചെയ്യുന്നതിനു മുമ്പുള്ള ശൂന്യത.  ഖയാൽ രൂപപ്പെടുന്നതിനു മുമ്പ‌് ഹിന്ദുസ്ഥാനിസംഗീതം ധ്രുപദിനപ്പുറത്തുള്ള സംഗീതത്തെ കാംക്ഷിച്ചിരുന്നപ്പോൾ പശ്ചാത്തലത്തിന്റെ ചക്രവാളമായി നിലകൊണ്ട നിശ്ശബ്ദതപോലെ.
നിശ്ശബ്ദതയുടെ ധനാത്മക അർഥവിന്യാസങ്ങൾ കവിതയിലും സിനിമയിലും മറ്റുപല മേഖലകളിലും കാണാം.  ആദ്യമായി മഞ്ഞിനെ കാൽപ്പനികമായി കാണുന്നതിനു മുമ്പുള്ള നിശ്ശബ്ദതയെ സൂചിപ്പിച്ചാണ് ഓസ്‌കാർ വൈൽഡ് 19‐ാം നൂറ്റാണ്ടിലെ കവികളാണ് മഞ്ഞിനെ ദർശനീയമാക്കിയത് എന്ന് പറഞ്ഞിട്ടുള്ളത്.  മനുഷ്യമുഖത്തിന്റെ സങ്കീർണതകളുടെയും സൂക്ഷ്മതകളുടെയും അനുഭവം സിനിമയ്ക്ക് മുമ്പ‌് നിശ്ശബ്ദമായിരുന്നു എന്ന് സൂസൻ സോൺടാഗ് പറഞ്ഞതിലും സമാനമായ ധ്വനിയുണ്ട്.     
  
പാടിയും കേട്ടും ശീലിച്ച പാട്ടുകൾ ശ്രോതാക്കളെ പ്രീതിപ്പെടുത്തുന്നവയാണ്.  ശ്രോതാക്കൾ കേട്ടതുതന്നെ കേൾക്കുകയാണ്.  അറിഞ്ഞതുത ന്നെ അറിയുകയാണ്.  കേട്ടവയെ താരതമ്യം ചെയ്തുകൊണ്ട് കേൾക്കുകയാണ്.  ചരിത്രനിരപേക്ഷമായി പാടുമ്പോൾ കേൾക്കപ്പെടുന്നത് തീർത്തും പുതിയ, അന്യമായി തോന്നുന്ന, സംഗീതമാണ്.  
 
ഗ്രീക്ക് കലശത്തെ (Grecian Urn) ക്കുറിച്ചുള്ള കവിതയിൽ കീറ്റ്‌സ് പറയുന്നത് കേൾക്കാത്ത ഗീതങ്ങൾ നിലനിൽക്കും, കേട്ടവ നശിക്കുമെന്നാണ്.  യാഥാർഥ്യങ്ങളിൽ അഴുക്കായി പറ്റിക്കിടക്കുന്ന വാക്കുകളെ കഴുകിക്കളയുകയാണ് കവിതയുടെ ധർമം എന്ന് സ്റ്റീഫൻ മല്ലാർമെ പറയുന്നുണ്ട്.  ഇവിടെ നിശ്ശബ്ദത കാവ്യരചനയ്ക്ക് മുമ്പുള്ള ശുദ്ധീകരണമാണ്.  അതുപോലെ തുരുമ്പിച്ച പാട്ടുകൾ മൂടിനിൽക്കുന്ന അനുഭവ സ്രോതസ്സിനെ കഴുകി വൃത്തിയാക്കി അതിനുചുറ്റും നിശ്ശബ്ദതയെ സ്ഥാപിക്കലായിരിക്കാം സംഗീതത്തിന്റെ വർത്തമാനകാല ധർമം.  നിശ്ശബ്ദതയെ ആരാധിക്കുന്ന നിരവധി രൂപകങ്ങൾ കാവ്യഭാവനകളിലുണ്ട്.
സച്ചിദാനന്ദന്റെ കവിതയിൽ നിശ്ശബ്ദതയുടെ ആഴക്കയത്തിലേയ്ക്ക് നാദത്തിന്റെ പൊന്മാൻ ചാടുന്നുണ്ട്.  മറ്റൊരു കവിതയിൽ ആ പൊന്മാൻ നാദത്തെ ഓർമിപ്പിച്ചുകൊണ്ട് പറന്നുപോകുന്നു.   
 
നിശ്ശബ്ദതപോലെ നിറവുള്ളതാണ് പ്രകൃതിദൃശ്യം.  നിറവിൽ അഭാവമില്ല.  ഒന്നും ആവശ്യമില്ലാത്തതുകൊണ്ട് നോട്ടവും അവിടെ അധികപ്പറ്റാണ്.  കലയുടെ സ്വപ്‌നസാക്ഷാൽക്കാരമാണ് ആ നിറവ്.  യുക്തിയെ ഉപേക്ഷിച്ചും ആർഭാടത്തിന്റെ നിറം നരച്ച പച്ചയാക്കിയും പ്രകൃതിയുമായി ഇണങ്ങാൻ കലകൾ ആഗ്രഹിക്കാറുണ്ട്.  ഒരുപക്ഷേ, അത്തരം ഒരു ആഗ്രഹമാണ് 4'33''യിൽ നിറവേറിയത്.   
 
ബാലമുരളീകൃഷ്ണ, ഹരിപ്രസാദ് ചൗരാസ്യ, എം ഡി ആർ, എൻ രാജം, ടി ആർ മഹാലിംഗം, കുമാർ ഗന്ധർവ തുടങ്ങിയ സംഗീതജ്ഞർ അവരുടെ സംഗീതത്തിൽ നിശ്ശബ്ദതയ്ക്ക് സംഗീതാത്മ കമായ ഇടംനൽകിയവരാണ്.  കെയ്ജ് ആ അന്വേഷണത്തിന്റെ അറ്റംവരെ പോയി.  ഏത് ശബ്ദവും തുല്യമായ ശ്രദ്ധ അർഹിക്കുന്നു എന്ന തത്വം സംഗീതത്തിൽ പ്രാവർത്തികമാക്കാൻ അദ്ദേഹം അവസാനം നിശ്ശബ്ദമായ ഒരു രചന അവതരിപ്പിച്ചു.  പ്രധാനം -അപ്രധാനം എന്ന വേർതിരിവിനെ നിർണയിക്കുന്ന തീരുമാനങ്ങൾ നിശ്ശബ്ദതയിൽ ഇല്ലാത്തതുകൊണ്ട്. "യഥാർഥത്തിൽ നിശ്ശബ്ദതയും ഇല്ല.  എപ്പോഴും ശബ്ദം ഉണ്ടാക്കുന്ന എന്തെങ്കിലും ഉണ്ടായിക്കൊണ്ടിരിക്കും.  ശ്രദ്ധിച്ചു തുടങ്ങുമ്പോൾ ആർക്കും അതിനെപ്പറ്റി ഒരു ഏകദേശ രൂപംപോലും ഊഹിക്കാനാകാത്തത്ര സാധ്യതകളോടെ.'  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top