29 March Friday

ഇരുളില്‍ മറഞ്ഞ നാദ പൌര്‍ണമി

എ സുരേഷ്Updated: Thursday Aug 24, 2017

ഹിന്ദുസ്ഥാനി സംഗീത ഗുരു ഉസ്താദ് അലാവുദ്ദീന്‍ ഖാന്റെ മകള്‍, പ്രസിദ്ധ സംഗീതജ്ഞന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യഭാര്യ, വിഖ്യാത സരോദ് വാദകന്‍അലി അക്ബര്‍ ഖാന്റെ സഹോദരി, പുതുതലമുറ സംഗീതജ്ഞരായ അനുഷ്ക ശങ്കറിന്റെയും നോറ ജോണ്‍സിന്റെയും ചിറ്റമ്മ.. അന്നപൂര്‍ണാദേവി. ആ വിശേഷണങ്ങള്‍ക്കുപരി ഹിന്ദുസ്ഥാനി സിത്താറിലും സുര്‍ബഹാറിലും അവസാന വാക്കെന്ന് സംഗീത ചരിത്രകാരന്മാരും നിരൂപകരും.

തെക്കന്‍ മുംബൈയില്‍ വാര്‍ഡന്‍ റോഡ് അപ്പാര്‍ട്മെന്റിലെ വസതിയുടെ അടച്ചിട്ട വാതിലും രാത്രികാലങ്ങളില്‍ വെളിയിലേക്ക് ഒഴുകിയെത്തുന്ന മനോഹര സംഗീതവുമെല്ലാം ഇടയ്ക്ക് കഥയിലെന്നപോലെ മാധ്യമങ്ങള്‍ വര്‍ണിച്ചു. അരനൂറ്റാണ്ടിലേറെയായി ആസ്വാദകലോകം കേള്‍ക്കാത്ത ശ്രുതിമാധുര്യത്തിന് ഉടമയെങ്കിലും ഇന്ത്യന്‍ സംഗീതചരിത്രത്തിന് അവഗണിക്കാനാവാത്ത പ്രതിഭയാണ് കഥയിലെ നായിക.

ഹിന്ദുസ്ഥാനി സംഗീത ഗുരു ഉസ്താദ് അലാവുദ്ദീന്‍ ഖാന്റെ മകള്‍, പ്രസിദ്ധ സംഗീതജ്ഞന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ ആദ്യഭാര്യ, വിഖ്യാത സരോദ് വാദകന്‍ അലി അക്ബര്‍ ഖാന്റെ സഹോദരി, പുതുതലമുറ സംഗീതജ്ഞരായ അനുഷ്ക ശങ്കറിന്റെയും നോറ ജോണ്‍സിന്റെയും ചിറ്റമ്മ.. അന്നപൂര്‍ണാദേവി. ആ വിശേഷണങ്ങള്‍ക്കുപരി ഹിന്ദുസ്ഥാനി സിത്താറിലും സുര്‍ബഹാറിലും അവസാന വാക്കെന്ന് സംഗീത ചരിത്രകാരന്മാരും നിരൂപകരും. 2017 ഏപ്രിലില്‍ തൊണ്ണൂറ് വയസ്സ് പൂര്‍ത്തിയാക്കിയ ആ സംഗീത വിദുഷി ജീവിച്ചിരിപ്പുണ്ടെന്നത് പലര്‍ക്കും അജ്ഞാതം. 2005ല്‍ ഇറങ്ങിയ സ്വപന്‍കുമാര്‍ ബന്ദോപാധ്യായയുടെ 'അന്നപൂര്‍ണാദേവി: ആന്‍ അണ്‍ഹേര്‍ഡ് മെലഡി' എന്ന ജീവചരിത്രം കൂടി ഇല്ലായിരുന്നെങ്കില്‍ ആ വിസ്മൃതി പൂര്‍ണമായേനെ.

പണ്ഡിറ്റ് രവിശങ്കര്‍ മരണാനന്തരവും ആസ്വാദക മനസ്സുകളിലും സംഗീത ചരിത്രത്തിലും തുടര്‍ന്നെങ്കില്‍ അന്നപൂര്‍ണാദേവി ഉയിരോടെ വിസ്മൃതിയുടെ കരിമ്പടത്തില്‍ മൂടിയത് ചരിത്ര  വൈപരീത്യം. ലോകം കേള്‍ക്കാന്‍ കൊതിച്ച മധുരശബ്ദത്തെ തടവിലാക്കി ആ സംഗീതം മൌനത്തെ പുല്‍കിയപ്പോള്‍ പ്രശസ്തിയുടെ ശൃംഗങ്ങള്‍ കയറി വിശ്വസംഗീതജ്ഞനെന്ന് കീര്‍ത്തിനേടി രവിശങ്കര്‍. ലോകം മുഴുവന്‍ സഞ്ചരിച്ച് എണ്ണമറ്റ ആരാധകരുമായി കച്ചേരികളില്‍, റെക്കോര്‍ഡുകളില്‍, മാധ്യമങ്ങളില്‍ അദ്ദേഹം   നിറഞ്ഞപ്പോള്‍ ഭൂമിക്കടിയിലൊളിച്ച സരസ്വതീ നദിയെപ്പോലെ അന്നപൂര്‍ണ മൌനത്തിന്റെ ആഴങ്ങളിലമര്‍ന്നു. ആറ് പതിറ്റാണ്ടിലേറെയായി കച്ചേരികളിലോ പൊതുവേദികളിലോ അവരുടെ സാന്നിധ്യമില്ല.

ആ നാദമധുരിമ അനുഭവിക്കാന്‍ ആസ്വാദകര്‍ക്ക് അവസരമുണ്ടായില്ല. ഡിസ്ക്കുകളിലോ റെക്കോര്‍ഡുകളിലോ അവര്‍ രേഖപ്പെടുത്തിയില്ല. രവിശങ്കറുമൊത്തുമുള്ള ഒരു ജുഗല്‍ബന്ദിയും (യമന്‍ കല്യാണ്‍) ഒന്നോ രണ്ടോ അവതരണങ്ങളും(കാമോജ്, കൌഷികി) മാത്രമാണ് ഡിജിറ്റല്‍ ലോകത്തില്‍ ലഭിക്കുക. അവയാകട്ടെ അനുവാദമില്ലാതെ പകര്‍ത്തിയതും. രവിശങ്കറുമായി മാനസികമായി അകന്നതില്‍ പിന്നെയാണ് പൊതുവേദികളില്‍നിന്ന് എന്നേക്കുമായി അന്നപൂര്‍ണ വിട്ടുനിന്നത്. അതൊരു പ്രതിജ്ഞയായിരുന്നു. ബാബയേയും ശാരദാമ്മ എന്നുവിളിക്കുന്ന ശാരദാദേവിയേയും സാക്ഷിയാക്കി എടുത്ത ദൃഢപ്രതിജ്ഞ.

ഇരുപതാം നൂറ്റാണ്ടിലെ ഉത്തരേന്ത്യന്‍ മത സാമുദായിക ജീവിതത്തിലേക്കും സംഗീത സാംസ്കാരിക ചരിത്രത്തിലേക്കും അതിന്റെ പരിണാമങ്ങളിലേക്കും വെളിച്ചംവീശുന്ന ജീവചരിത്രമാണ് രോഷ്നാരയെന്ന അന്നപൂര്‍ണാദേവി. പ്രഭാതത്തില്‍ ക്ഷേത്രങ്ങളില്‍ നാദാര്‍ച്ചന നടത്തുകയും സന്ധ്യയില്‍ ഖയാലുകളിലും ഖവാലികളിലും ആസ്വാദകരെ ആന്ദത്തിന്റെ ആത്മാനുഭൂതികളിലേക്ക് ഉയര്‍ത്തുകയും ചെയ്ത ഉസ്താദുമാരുടെ പാരമ്പര്യത്തിലെ കണ്ണി. ദേശത്തിനും മതത്തിനും അതീതമായി മാനവികചിന്ത പുലര്‍ത്തിയ അലാവുദ്ദീന്‍ ഖാന് മകളെ ഹിന്ദുദേവിയുടെ പേര് വിളിക്കുന്നതിലോ അന്യമതസ്ഥന് വിവാഹം ചെയ്തുകൊടുക്കുന്നതിലോ വൈമുഖ്യമുണ്ടായില്ല. ഉറച്ച മതേതരവാദിയായ അദ്ദേഹം സംഗീതത്തിന്റെ വിശുദ്ധിയില്‍ വിശ്വാസമര്‍പ്പിച്ചു. സഹവര്‍ത്തിത്വത്തിന്റെയും ആത്മീയതയുടേയും സംസ്ക്കാരമായിരുന്നു അവര്‍ക്കത്. 'ഇന്ത്യയില്‍ ഓരോ വീട്ടിലും ഒരാളെങ്കിലും ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചിരുന്നെങ്കില്‍ ഇവിടെ വിഭജനമുണ്ടാകുമായിരുന്നില്ലെന്ന്' ഗുലാം അലിഖാന്‍ പറഞ്ഞത് ഓര്‍ക്കുക.

രോഷ്നാരയില്‍നിന്ന് അന്നപൂര്‍ണയിലേക്ക്

ഒരു ചൈത്യപൂര്‍ണിമാ ദിനത്തിലായിരുന്നു (ചൈത്രപൌര്‍ണമി) അവളുടെ ജനനം. കുഞ്ഞുന്നാളിലേ അവളെ കാണാറുള്ള മെയ്ഹാര്‍ രാജാവ് ബ്രിജ്നാഥ് അതുകൊണ്ടത്രെ അന്നപൂര്‍ണയെന്ന് വിളിച്ചു. പതിനാലാം വയസ്സില്‍ രവിശങ്കറിന്റെ വധുവാകാന്‍ ഒരുങ്ങിയ അവള്‍ക്ക് അത് അനുയോജ്യമായ പേരെന്ന് ശാരദാദേവി ഭക്തനായ ബാബാ അലാവുദ്ദീന്‍ ഖാനും കരുതി. മെയ്ഹാര്‍ കൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്ന ഉസ്താദ് അലാവുദ്ദീന്‍ ഖാന്റെ മകള്‍ രോഷ്നാര അങ്ങനെ ഹിന്ദുസ്ഥാനി സംഗീത ചക്രവാളത്തിലെ അന്നപൂര്‍ണയായി. ക്ളാസിക്കല്‍ സംഗീതത്തില്‍ താന്‍ പോഷിപ്പിച്ച പാരമ്പര്യത്തെ ഏറ്റെടുക്കാന്‍ ആ കൈകള്‍ പ്രാപ്തമെന്ന് അദ്ദേഹത്തിന് ബോധ്യമായിരുന്നു. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് ആ സംഗീത പൌര്‍ണമി വിഷാദ മേഘത്തില്‍ മറഞ്ഞുപോയത്.

ഹിന്ദുസ്ഥാനിയിലെ പ്രധാന വാദ്യോപകരണങ്ങളായ സിത്താര്‍, സരോദ്, സുര്‍ബഹാര്‍(ബാസ്സിത്താര്‍), ദില്‍രൂപ, ബാന്‍സുരി എന്നിവയില്‍ നിഷ്ണാതനായ ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍ സേനിയ മെയ്ഹാര്‍ ഘരാനയുടെ ശില്‍പിയായിരുന്നു. ഹിന്ദുസ്ഥാനിയിലെ വിവിധ ഘരാനകളില്‍ തന്ത്രിവാദ്യത്തിന് പ്രാധാന്യം നല്‍കിയ കൈവഴിയായിരുന്നു മെയ്ഹാര്‍ ഘരാന. സിത്താറില്‍ വിശ്വപ്രസിദ്ധനായ പണ്ഡിറ്റ് രവിശങ്കര്‍ അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യന്‍. മകന്‍ അലിഅക്ബര്‍ ഖാന്‍ സരോദില്‍ വിഖ്യാതന്‍. മകള്‍ അന്നപൂര്‍ണ സുര്‍ബഹാറില്‍ അതിവിദഗ്ധ.

സിരകളിലെ സംഗീതം

രോഷ്നാരയെ കൂടാതെ ഷെഹ്നാര, ഷാരിജ എന്നീ പെണ്‍മക്കളുമുണ്ടായിരുന്നു അലിഅക്ബര്‍ ഖാന്. രണ്ടാമത്തെ മകള്‍ ഷാരിജ നേരത്തെ മരിച്ചു. മൂത്തമകള്‍ ഷെഹ്നാരയെ സംഗീതം പരിശീലിപ്പിച്ചിരുന്നു. അവളെ വിവാഹം ചെയ്തുകൊടുത്തത് യാഥാസ്ഥിതിക കുടുംബത്തിലേക്ക്. സംഗീതം ഇഷ്ടപ്പെടാത്ത ഭര്‍തൃമാതാവ് ഒരുദിവസം അവളുടെ സിത്താര്‍ അഗ്നിക്കിരയാക്കി. മനംനൊന്ത് വീട്ടില്‍ തിരിച്ചെത്തിയ അവള്‍ വൈകാതെ മരണമടഞ്ഞു. ദുഃഖകരമായ ആ സംഭവത്തില്‍ മനസ്സുലഞ്ഞ അലാവുദ്ദീന്‍ എടുത്ത തീരുമാനമായിരുന്നു, കുടുംബജീവിതത്തിന് വിലങ്ങാവുന്ന സംഗീതം ഇളയമകള്‍ക്ക് നല്‍കില്ലെന്ന്. പക്ഷേ, സംഗീതം സിരകളിലലിഞ്ഞ അവളെ പിന്തിരിപ്പിക്കാനാവില്ലെന്ന് വൈകാതെ അദ്ദേഹത്തിന് ബോധ്യമായി.

ബാബ വീട്ടിലില്ലാത്ത ഒരു വൈകുന്നേരം. അകത്ത് ജ്യേഷ്ഠന്‍ അലിഅക്ബര്‍ ഖാന്‍ പരിശീലിക്കുന്നത് കേട്ടുകൊണ്ട് മുറ്റത്ത് കളിക്കുകയായിരുന്ന അന്നപൂര്‍ണ പറഞ്ഞു: 'ഭയ്യാ, അങ്ങനെയല്ലല്ലൊ ബാബ പഠിപ്പിച്ചത്.' തുടര്‍ന്ന് ആ ഭാഗം ശരിയായി അവള്‍ കേള്‍പ്പിച്ചു. പുറത്തുപോയ പിതാവ് വീട്ടില്‍ തിരിച്ചെത്തിയത് അറിയാതെയാണ് അവളുടെ അഭ്യസനം. കേട്ടുകൊണ്ട് പിന്നില്‍നിന്ന ബാബയെ കണ്ട ആ ആറ് വയസ്സുകാരി പേടിച്ചു. കടുത്ത ശിക്ഷ പ്രതീക്ഷിച്ച് മുറിയിലേക്ക് ചെന്ന അവളുടെ കൈയില്‍ പക്ഷേ, അദ്ദേഹം നല്‍കിയത് സിത്താര്‍ ആയിരുന്നു. അതുവരെ താന്‍ പാഠങ്ങളൊന്നും നല്‍കിയിട്ടില്ലാത്ത അവള്‍ വാതില്‍ തിരശ്ശീലയ്ക്കു പിന്നില്‍നിന്ന് അവ ഹൃദിസ്ഥമാക്കിയിരുന്നത് ബാബയ്ക്ക് പുതിയ അറിവായിരുന്നു. ഒളിഞ്ഞുകേട്ട് പഠിച്ച അവള്‍ അങ്ങനെ രവിശങ്കറിനും ജ്യേഷ്ഠനുമൊപ്പമിരുന്ന് പരിശീലനം തുടങ്ങി. ബാബ അവളുടെ മനസ്സില്‍ പിതാവ് എന്നതിലേറെ ഗുരുവായിരുന്നു, പിന്നീടെന്നും.

സിത്താറില്‍നിന്ന് സുര്‍ബഹാറിലേക്ക് അവളെ വഴിതിരിച്ചത് പിതാവ്. സിത്താറില്‍ രവിശങ്കറിനുള്ള അഭിനിവേശം മനസ്സിലാക്കിയായിരുന്നു അതെന്ന് പറയുന്നു. അതിലേറെ സ്പ്രിങ് മെലഡി(വസന്ത ശ്രുതി)എന്നറിയപ്പെടുന്ന ആ ഉപകരണം അപ്പോഴേക്കും വിസ്മൃതിയിലേക്ക് മറയുകയായിരുന്നു. സിത്താറിനേക്കാള്‍ ആര്‍ദ്രതയും ധ്യാനാത്മകതയും വേണ്ട ആ ഉപകരണത്തില്‍ വൈദഗ്ധ്യം നേടുന്നതിന് അന്നപൂര്‍ണക്ക് കഴിയുമ്പോലെ മറ്റാര്‍ക്കുമാവില്ലെന്ന് അദ്ദേഹം കരുതി. "ആ ഉപകരണം വായിക്കുമ്പോഴൊക്കെ ഒരു സമര്‍പ്പണം, അനുകമ്പ, ശാന്തി ഞാന്‍ അനുഭവിക്കാറുണ്ടെന്ന്'' അന്നപുര്‍ണ പറയുമ്പോള്‍ ആ ഗുരുശിഷ്യ ബന്ധത്തിന്റെകൂടി പൊരുളറിയാം. നാല് വര്‍ഷത്തെ അഭ്യസനത്തോടെ നാദകലയില്‍ അന്നപൂര്‍ണ വൈദഗ്ധ്യമാര്‍ജിച്ചു.

രവിശങ്കറും അന്നപൂര്‍ണാദേവിയും സിത്താറില്‍ സംഗീതകച്ചേരി നടത്തുന്നു

രവിശങ്കറും അന്നപൂര്‍ണാദേവിയും സിത്താറില്‍ സംഗീതകച്ചേരി നടത്തുന്നു



രവിശങ്കര്‍ ജീവിതത്തിലേക്ക്

ഇതിനിടയിലാണ് സുഹൃത്തായ നര്‍ത്തകന്‍ ഉദയശങ്കര്‍ തന്റെ അനുജന്‍ രവിശങ്കറിനുവേണ്ടി വിവാഹാലോചനയുമായി അലാവുദ്ദീന്‍ ഖാനെ കാണാനെത്തിയത്. അന്നപൂര്‍ണക്ക് പതിനാലും രവിശങ്കറിന് ഇരുപത്തിയൊന്നും പ്രായം. പ്രിയ ശിഷ്യനുവേണ്ടിയുള്ള ആലോചന ബാബ സന്തോഷപൂര്‍വം സ്വീകരിച്ചു. ഹിന്ദു മുസ്ലിം വിവാഹം അപൂര്‍വമായ കാലം. അഞ്ച് നേരം നിസ്ക്കരിക്കുന്ന വിശ്വാസിയെങ്കിലും ശാരദാദേവിയുടെ ഭക്തനായ അദ്ദേഹം തികഞ്ഞ മതേതരനുമായിരുന്നു. വിവാഹത്തിന് ഇരുപക്ഷത്തുനിന്നും എതിര്‍പ്പുണ്ടായെങ്കിലും ബാബ അവരെ അനുഗ്രഹിച്ചു. 1941ല്‍ വിവാഹം. അടുത്തവര്‍ഷം മകന്‍ ശുഭേന്ദ്ര ശങ്കര്‍ പിറന്നു. ആ ദാമ്പത്യം പക്ഷേ, അധികകാലം നിലനിന്നില്ല. ഇരുവരും ഒരുമിച്ചുള്ള കച്ചേരികള്‍ ആസ്വാദകശ്രദ്ധ നേടിയെങ്കിലും ഏതോ ശ്രുതിഭംഗങ്ങള്‍ ആ ബന്ധത്തില്‍ വിള്ളല്‍വീഴ്ത്താന്‍ തുടങ്ങിയിരുന്നു. രവിശങ്കറുമായി പിണങ്ങിയ അന്നപൂര്‍ണ മെയ്ഹാറിലേക്ക് മടങ്ങിയെങ്കിലും രണ്ട് വര്‍ഷത്തിനുശേഷം തിരിച്ചുചെന്നു. എന്നാല്‍ അകല്‍ച്ച വര്‍ധിക്കുകയും തിരിച്ചുപോരുകയുമാണ് ഉണ്ടായത്. ഇരുപതു വര്‍ഷത്തെ ആ ദാമ്പത്യം 1962ഓടെ അവസാനിച്ചു.

അവരുടെ വേര്‍പിരിയിലിനെക്കുറിച്ച് സംഗീതലോകത്ത് പലവിധ വ്യാഖ്യാനങ്ങളുണ്ടായി. അതിലും, അപൂര്‍വമായ അഭിമുഖത്തിലും (ആലിഫ് സുര്‍തി, 2000)അന്നപൂര്‍ണ സൂചിപ്പിക്കുന്നത് തങ്ങള്‍ ഒരുമിച്ചുള്ള അവതരണങ്ങളില്‍ രവിശങ്കര്‍ അസന്തുഷ്ടനായി പലപ്പോഴുമെന്നാണ്. അന്നപൂര്‍ണക്ക് ലഭിച്ച വര്‍ധിച്ച ആസ്വാദക പ്രശംസ രവിശങ്കറിനെ അസ്വസ്ഥനാക്കി. തുടര്‍ന്നാണ് പൊതുപരിപാടികളില്‍നിന്ന് പിന്മാറാന്‍ അന്നപൂര്‍ണ തീരുമാനിച്ചത്. ദുരന്തങ്ങള്‍ അതിനിടെ പലവധത്തില്‍ ആ ജീവിതത്തെ കടന്നുപോയി. പിതാവിനൊപ്പം പോയ മകന്‍ ശുഭേന്ദ്രശങ്കറിനെ കാത്തിരുന്നതും വെറുതെയായി. കുഞ്ഞുനാളില്‍ അമ്മയില്‍നിന്ന് സംഗീതം നുകര്‍ന്ന അവന്‍ വലിയ കലാകാരനാകുമെന്ന് അവര്‍ കരുതിയിരിക്കും. മെയ്ഹാര്‍ ഘരാനയുടെ പാരമ്പര്യാവകാശിയാകേണ്ടവന്‍. പിന്നീട് രവിശങ്കറില്‍നിന്നും പഠിക്കുകയും അമേരിക്കയിലും മറ്റും കച്ചേരികള്‍ നടത്തുകയും ചെയ്ത ശുഭേന്ദ്ര രോഗഗ്രസ്തനായി 50ാം വയസ്സില്‍ മരിച്ചു. കുഞ്ഞിലേ ഉണ്ടായിരുന്ന രോഗത്തോടൊപ്പം അസന്തുഷ്ട ജീവിതവും അവന് അകാലമരണം സമ്മാനിക്കുകയായിരുന്നുവെന്ന ദുഃഖം അവര്‍ക്കുണ്ടായി. 1972ല്‍ ബാബയുടെ മരണശേഷം മകനും നഷ്ടമായത് അവര്‍ക്ക് വലിയ പ്രഹരമായി.

അന്നപൂര്‍ണയുമായി ഒരുമിച്ചുണ്ടായപ്പോള്‍ അവര്‍ക്കിടയില്‍ അസ്വാരസ്യത്തിനു വഴിതുറന്നത് കമലയെന്ന നര്‍ത്തകിയുമായി രവിശങ്കറിനുള്ള വഴിവിട്ട ബന്ധമായിരുന്നെന്ന് ശ്രുതിയുണ്ടായി. അതുകഴിഞ്ഞാണ് 1972ല്‍ അനുഷ്ക ശങ്കറിന്റെ അമ്മ സുകന്യയെ രവിശങ്കര്‍ വിവാഹം കഴിച്ചത്. ഭാര്യയായി കൂടെയുണ്ടായിരുന്നത് പിന്നീട് അവര്‍. തുടര്‍ന്ന് അമേരിക്കയില്‍ സ്യൂ ജോണുമായുള്ള ബന്ധത്തില്‍ പിറന്ന മകളാണ് പ്രശസ്ത ഗായികയും ഗാനരചയിതാവും അഭിനേത്രിയുമായ നോറ ജോണ്‍സ്.

പ്രമുഖരായ ശിഷ്യര്‍


സംഗീതത്തെ പ്രകടനപരമായി ഉപയോഗിക്കാന്‍ കഴിയാത്തവിധം അര്‍ച്ചനയോ ആരാധനയോ ആയിരുന്നു അന്നപൂര്‍ണാദേവിക്ക്. അമേരിക്കക്കാരനായ ജോര്‍ജ് ഹാരിസണ് മാത്രമാണ് നിത്യസാധനയില്‍ ശ്രോതാവായിരിക്കാന്‍ 1970ല്‍ അവസരം ലഭിച്ചത്. അതും ഇന്ദിരാഗാന്ധിയുടെ ശുപാര്‍ശയില്‍. പിതാവിനെ പോലെ സംഗീത അധ്യാപനമാണ് അന്നപൂര്‍ണയും തെരഞ്ഞെടുത്തത്. സിത്താര്‍, ഫ്ളൂട്ട്, സരോദ്, വായ്പ്പാട്ട് എന്നിവയിലെല്ലാം പൂര്‍ണത തേടിയെത്തിയവരെ ശിഷ്യരായി സ്വീകരിച്ചു. അര്‍ധരാത്രി മുതല്‍ പുലരുംവരെയാണ് ക്ളാസുകള്‍. പിതാവിന്റെ ശിഷ്യനായിരുന്ന അന്തരിച്ച നിഖില്‍ ബാനര്‍ജി, ബാന്‍സുരിയില്‍ ലോകപ്രശസ്തനായ ഹരിപ്രസാദ് ചൌരസ്യ തുടങ്ങി നിത്യാനന്ദ് ഹല്‍ദിപുര്‍, ബസാന്ത് കാബ്ര, അമിത് ഭട്ടാചാര്യ, അമിത് റോയ് എന്നിങ്ങനെ പ്രഗത്ഭരായിരുന്നു അവരെല്ലാം.
രവിശങ്കറും അന്നപൂര്‍ണാദേവിയും- ആദ്യകാലചിത്രം

രവിശങ്കറും അന്നപൂര്‍ണാദേവിയും- ആദ്യകാലചിത്രം



അതിനിടെ സഹോദരന്‍ അലിഅക്ബര്‍ ഖാന്റെ ശുപാര്‍ശയില്‍ ശിഷ്യനായെത്തിയ റോഷികുമാര്‍ പാണ്ഡ്യ അപ്രതീക്ഷിതമായി അന്നപൂര്‍ണയുടെ ജീവിത പങ്കാളിയുമായി. മനഃശാസ്ത്രജ്ഞനും സംഗീതകാരനുമായ പാണ്ഡ്യക്ക് അവരെക്കാള്‍ 13 വയസ്സ് കുറവ്. 1982ല്‍ വിവാഹിതരായി. ഗുരുവെന്ന നിലയില്‍ അവരോട് എന്നും ബഹുമാനം പുലര്‍ത്തിയെന്ന് പാണ്ഡ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്. 2013ല്‍ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ സ്നേഹവും കരുതലും തനിക്ക് ആശ്വാസമേകുകയും നീണ്ട കാലം ജീവിക്കാന്‍ പ്രേരണയാവുകയും ചെയ്തെന്ന് അന്നപൂര്‍ണയും പറയുന്നുണ്ട്. അലാവുദ്ദീന്‍ ഖാന്‍ മ്യൂസിക്ക് സര്‍ക്കിളിന്റെ നടത്തിപ്പില്‍ അന്നപൂര്‍ണ മുഴുവന്‍ ശ്രദ്ധയും പുലര്‍ത്തി. നവതിയുടെ നിറവിലെത്തിയ അവരുടെ സാന്നിധ്യം കാലത്തിന്റെ ഓര്‍മതെറ്റായല്ല, ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലായാണ് നമുക്ക് മുമ്പിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top