26 April Friday

പ്രണയവും കണ്ണീരും പൊടിയുന്ന ഈണങ്ങള്‍- പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് സംസാരിക്കുന്നു

ഷംസുദ്ദീന്‍ കുട്ടോത്ത്Updated: Friday Dec 22, 2017

വിരലിലെണ്ണാവുന്ന അത്രയും ചലച്ചിത്രഗാനങ്ങള്‍കൊണ്ട് മലയാളികളെ പാട്ടിലാക്കിയ സംഗീതസംവിധായകനാണ് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്. ലളിതഗാനം, ഭക്തിഗാനം, ശാസ്ത്രീയ സംഗീതം എന്നീ മേഖലകളിലെല്ലാം അദ്ദേഹം നല്‍കിയ സംഭാവന ഏറെ വലുതാണ്. ലളിതഗാനങ്ങള്‍ ചലച്ചിത്ര ഗാനങ്ങളേക്കാള്‍ ജനകീയമായിരുന്ന കാലത്ത് മലയാളികള്‍ പാടിനടന്ന പല ഗാനങ്ങള്‍ക്കും ഈണം നല്‍കിയത് രവീന്ദ്രനാഥാണ്.

രാമായണത്തിലെ തത്വോപദേശങ്ങളും സ്തുതികളുമെല്ലാം താളാത്മകമാക്കി മോഹിനിയാട്ടം, കഥകളി തുടങ്ങി വിവിധ കലാരൂപങ്ങള്‍ക്ക് എങ്ങിനെ ഉപയോഗിക്കാം എന്ന്  പഠനം നടത്തുകയും കടലായും ആകാശമായും പ്രപഞ്ചത്തിന്റെ ശ്വാസമായും നിറയുന്ന സംഗീതത്തെ കൂടുതല്‍ അറിയാനും ശ്രമിക്കുന്ന മിടുക്കനായ വിദ്യാര്‍ഥി...അതിനെല്ലാമപ്പുറം കലുഷമായ പുതിയ കാലത്തിന്റെ മുറിവുണക്കാന്‍ സംഗീതം ഔഷധമാണെന്നു വിശ്വസിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരന്‍... തൂവാനത്തുമ്പികള്‍, ഇന്നലെ, സ്നേഹം, അയലത്തെ അദ്ദേഹം, ആലഞ്ചേരി തമ്പ്രാക്കള്‍, അക്ഷരം, ചിത്രശലഭം, സായാഹ്നം, താണ്ഡവം, വസത്തിന്റെ കനല്‍വഴികളില്‍....ഉള്‍പ്പെടെ 20-ഓളം സിനിമകളില്‍ ഗാനങ്ങള്‍ ഒരുക്കി. 1990-ല്‍ 'ഇന്നലെ' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം ലഭിച്ചു.

സംഗീതസാന്ദ്രമാണ് തിരുവനന്തപുരം ശാസ്തമംഗലത്തെ 'ആഞ്ജനേയം' വീട്. രാവിലെയും വൈകീട്ടും സംഗീതം പഠിക്കാനെത്തുന്ന പല പ്രായത്തിലുള്ളവര്‍, ഇടവേളകളില്‍ സംഗീതത്തില്‍ മിണ്ടാനും സംഗീതത്തെ കൂടുതലറിയാനും എത്തുന്ന പ്രശസ്തരും അപ്രശസ്തരുമായവര്‍...എഴുപത്തിനാലാം വയസ്സിലും സംഗീതത്തിന്റെ ലോകത്ത് തിരക്കിലാണ് രവീന്ദ്രനാഥ്... അനന്തമായ സംഗീതത്തിന്റെ സാധ്യതകളിലൂടെ സഞ്ചരിച്ചും പരീക്ഷണം നടത്തിയും ജീവിതം അനുഭവിക്കുന്ന തിരക്കില്‍..രവീന്ദ്രനാഥിനോട് സംസാരിച്ചു കഴിയുമ്പോള്‍ ഒരു ലളിതഗാനം പോലെ  സുന്ദരമാണ് ജീവിതം എന്ന ഫിലോസഫി തിരിച്ചറിയാം....ആ ജീവിതത്തിലേക്ക്...

? താങ്കളുടെ കുട്ടിക്കാലം, വീട്, ഗുരുക്കന്മാര്‍, സംഗീതലോകത്തേക്കുള്ള ചുവടുവെപ്പ്...നമുക്കീ സംസാരം ഇങ്ങനെ തുടങ്ങാം


അച്ഛന്‍ വി ആര്‍ ഗോപാലപിള്ള വളരെ പ്രശസ്തനായ ഒരു ക്രിമിനല്‍ ലോയറായിരുന്നു.  എനിക്ക് ഒന്നര വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ഞങ്ങള്‍ 11 മക്കളാണ്. ഏറ്റവും ഇളയ കുട്ടിയാണ് ഞാന്‍. അപ്പൂപ്പന്റെ വീട് വൈക്കത്തായിരുന്നു. അമ്മ എം കെ ഭാര്‍ഗവിയമ്മ അവിടെയാണ് താമസിച്ചിരുന്നത്. വൈക്കം പണ്ടുകാലത്ത് സംഗീതത്തിന്റെ ഒരു കേന്ദ്രമായിരുന്നു. അമ്മ കുട്ടിക്കാലത്തേ സംഗീതം പഠിച്ചിരുന്നു. കല്യാണം കഴിഞ്ഞ് പെരുമ്പാവൂരിലേക്ക് വന്നതോടെ അമ്മ സംഗീതം പഠിക്കാന്‍ പോകാതായി. വലിയ സാമ്പത്തികമില്ലെങ്കിലും ബുദ്ധിമുട്ടില്ലായിരുന്നു. ചാക്കുസഞ്ചിയുമൊക്കെയായാണ് സ്കൂളില്‍ പോയിരുന്നത്. പത്താം ക്ളാസ് കഴിഞ്ഞാണ് ചെരിപ്പ് ഇട്ടത്.

ചേട്ടന്‍ രാമചന്ദ്ര മേനോന്‍ ഇതിനിടെ സംഗീതം പഠിച്ചു. കേരളവര്‍മ കോളേജിലാണ് ചേട്ടന്‍ പഠിച്ചിരുന്നത്. ചേട്ടനെ പാട്ട് പഠിപ്പിക്കാനായി ഗാനഭൂഷണം വി കെ ശങ്കരപ്പിള്ള എന്ന അധ്യാപകന്‍ വീട്ടില്‍ വരുമായിരുന്നു. അന്ന് ഞാന്‍ കുട്ടിയായിരുന്നു. ചേട്ടന്‍ പഠിക്കുന്നത് കേട്ടുകേട്ടു കൊണ്ടിരുന്നപ്പോഴാണ് എനിക്കും സംഗീതത്തോട് താല്‍പര്യം തോന്നിത്തുടങ്ങിയത്. "തെറ്റുകള്‍ കേട്ടുപഠിക്കരുത്, പ്രാക്ടീസ് ചെയ്യരുത് സമയമാകുമ്പോള്‍ ഞാന്‍  തുടങ്ങിത്തരാം'' എന്നൊക്കെ സാര്‍ പറയുമായിരുന്നു. ഞാനെന്നും പോയി സാറിനോട് ചോദിക്കും എനിക്ക് സംഗീതം പഠിക്കാറായോ എന്ന്. "ഇല്ല, അഞ്ചാം ക്ളാസ് കഴിഞ്ഞിട്ട് പഠിച്ചാല്‍ മതി''യെന്ന് അദ്ദേഹം  മറുപടിയും പറയും.

അങ്ങനെ അഞ്ചാംക്ളാസിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കീഴില്‍ ഞാന്‍ സംഗീതം അഭ്യസിച്ചുതുടങ്ങി. പത്താംക്ളാസുവരെ അത് തുടര്‍ന്നു. പിന്നീട് എസ്എസ്എല്‍സിക്ക് പഠിക്കുമ്പോള്‍ പെരുമ്പാവൂരിലുണ്ടായിരുന്ന ബാലകൃഷ്ണയ്യര്‍ എന്ന സംഗീത പണ്ഡിതന്റെ കീഴില്‍ പഠനം തുടങ്ങി. ഹാര്‍മോണിയം വായിക്കാനും പഠിച്ചു. അദ്ദേഹം ഒരു 'അണ്‍നോണ്‍ ജീനിയസ്' ആണ്. ഒരു പ്രത്യേക ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.  വയലിനും വീണയും ഫ്ളൂട്ടും മൃദംഗവുമൊക്കെ അനായാസം കൈകാര്യംചെയ്യും. രാഗലക്ഷണങ്ങള്‍ പറഞ്ഞുതരാനും എങ്ങനെ ഒരു രാഗം ഡവലപ്പ് ചെയ്യണമെന്നുമൊക്കെ പറഞ്ഞുതരുന്ന അപാര പണ്ഡിതനായിരുന്നു . അതേ സമയം ഒട്ടും പ്രശസ്തി ആഗ്രഹിക്കാത്ത ഒരാളായിരുന്നു. സംഗീതത്തില്‍ ഈ രണ്ട് പേരാണ് എന്റെ ഗുരുക്കന്മാര്‍.

പ്രീ യൂണിവേഴ്സിറ്റി ഇരിങ്ങാലക്കുടയാണ് പഠിച്ചത്. ഞാനും പി ജയചന്ദ്രനുമൊക്കെ അന്ന് ഒരുമിച്ചായിരുന്നു. ജയചന്ദ്രനുമായി ഇപ്പോഴും നല്ല സൌഹൃദമാണ്. അതുകഴിഞ്ഞ് ബിഎസ്സിക്ക് കാലടി കോളേജില്‍ ചേര്‍ന്നു. പത്താംക്ളാസില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ ശാസ്ത്രീയസംഗീതത്തില്‍ ഞാന്‍ ഒന്നാം സ്ഥാനം നേടി.  പ്രശസ്തനായ തിരുവിഴ ശിവാനന്ദനാണ് അന്ന് വയലിനില്‍ ഒന്നാംസ്ഥാനം നേടിയത്. എന്റെ രണ്ടാമത്തെ യുവജനോത്സവമായിരുന്നു അത്. ആദ്യത്തേതില്‍ ദാസേട്ടനായിരുന്നു ഒന്നാമന്‍. ദാസേട്ടനോട് തിരുവനന്തപുരത്ത് നടന്ന യുവജനോത്സവത്തില്‍ ഞാന്‍ മത്സരിച്ചിട്ടുണ്ട്. അതിലെനിക്ക് സമ്മാനം കിട്ടിയില്ല. എട്ടിലോ ഒമ്പതിലോ പഠിക്കുമ്പോഴായിരുന്നു അത്. ബിഎസ്സി കെമിസ്ട്രിക്ക് പഠിക്കുമ്പോള്‍ കേരള യൂണിവേഴ്സിറ്റി കലോത്സവത്തില്‍ ക്ളാസിക്കല്‍ മ്യൂസിക്കിന് ഒന്നാംസ്ഥാനം നേടി. അതുകഴിഞ്ഞ് ഇന്റര്‍ യൂണിവേഴ്സിറ്റി ഫെസ്റ്റിവലിന് ഡെല്‍ഹിക്ക് പോയി. അവിടെ നിന്ന് നെതര്‍ലാന്‍ഡ്സ് കള്‍ച്ചറല്‍ ഫെസ്റ്റില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. പക്ഷേ പാക്കിസ്ഥാന്‍ യുദ്ധം വന്നപ്പോള്‍ ആ പരിപാടി ക്യാന്‍സലായിപ്പോയി. പിന്നീടുള്ള നാളുകള്‍ ഒരു ജോലിക്കുള്ള ശ്രമമായിരുന്നു. കുറേ ശ്രമിച്ചെങ്കിലും നല്ല ജോലിയൊന്നും ശരിയായില്ല. കവിതകളൊക്കെ എഴുതി ട്യൂണ്‍ ചെയ്ത് തുടങ്ങിയത് അക്കാലത്താണ്.

താങ്കളുടെ പേരിനൊപ്പം സ്വന്തം നാടുമുണ്ട്. പെരുമ്പാവൂര്‍ എന്ന നാട് എത്രത്തോളം സംഗീത ജീവിതത്തിന് ഊര്‍ജമായിട്ടുണ്ട്.?

എന്റെ ചേട്ടന്‍ അമ്പതുവര്‍ഷത്തോളം പെരുമ്പാവൂര്‍ അമ്പലത്തിലെ ഉത്സവത്തിന്റെ സെക്രട്ടറിയായിരുന്നു . ചേട്ടന് കലകളോടൊക്കെ വലിയ ഇഷ്ടമായിരുന്നു.സംഗീത കച്ചേരി, നാദസ്വര കച്ചേരി, പഞ്ചവാദ്യം, തായമ്പക ഇതിലെല്ലാം പ്രഗത്ഭരായ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ അവിടെ വരുമായിരുന്നു. അക്കാലത്ത് അവിടെ വരാത്ത  സംഗീതജ്ഞരുണ്ടായിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ സകലരുടെയും നാദസ്വരം ഞാന്‍ കേട്ടിട്ടുണ്ട്. ഒരു മ്യുസീഷ്യന്‍ എന്ന നിലയില്‍ എനിക്ക് ഒരുപാട് പഠിക്കാനുള്ള 'റിജിനെസ്' ഈ നാദസ്വരമാണ് നല്‍കിയത്. രാഗം നാദസ്വരത്തില്‍ ഡവലപ് ചെയ്യുന്നതിന് ഒരു പ്രത്യേക സ്റ്റൈലുണ്ട്. ഒരു രാഗം കിട്ടിയാല്‍ അവര്‍ക്കെത്ര നേരം വേണമെങ്കിലും  വായിക്കാന്‍ പറ്റും. ഇതെല്ലാം കുട്ടിക്കാലത്തേ ഉറക്കമൊഴിച്ചിരുന്ന് ഞാന്‍ കേട്ടിട്ടുണ്ട്. സംഗീതം പഠിച്ച് കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെ സ്കൂളില്‍ നിന്നും നാട്ടില്‍ നിന്നുമൊക്കെ വലിയ സപ്പോര്‍ട്ടും കിട്ടി. വര്‍ഷത്തില്‍ ഒരു കച്ചേരി എന്ന നിലയില്‍ അടുപ്പിച്ച് മുപ്പത് വര്‍ഷത്തോളം ഞാനവിടെ കച്ചേരി പാടിയിട്ടുണ്ട്.

പഠന ശേഷം കുറച്ചു കാലം യേശുദാസിന്റെ തരംഗിണി സ്കൂളില്‍ അധ്യാപകനായിരുന്നു എന്നു വായിച്ചിട്ടുണ്ട്. അതിനിടെ ആകാശവാണിയിലൂടെ ഗായകനും അവിടുത്തെ ജോലിക്കാരനുമായി. 

ആകാശവാണി താങ്കളുടെ സംഗീതയാത്രയില്‍ എത്രത്തോളം പ്രധാനപ്പെട്ടതാണ്?

ഡിഗ്രി കഴിഞ്ഞതിനുശേഷം ഒരു വര്‍ഷം തിരുവനന്തപുരത്ത് യേശുദാസിന്റെ തരംഗിണി സ്കൂളില്‍ സംഗീതാധ്യാപകനായി. ദാസേട്ടനുമായി ഇപ്പോഴും നല്ല ബന്ധമാണ്. തരംഗിണി സ്കൂളിലെ എതു പരിപാടിക്കും ഞാന്‍ പോകാറുണ്ട്. കച്ചേരി സ്വന്തമായി പാടിയത് നാലഞ്ചുവര്‍ഷം കഴിഞ്ഞാണ്. മാവേലിക്കര കൃഷ്ണന്‍ കുട്ടി ചേട്ടന്‍ വഴിയാണ് ഞാന്‍ തിരുവനന്തപുത്ത് വരുന്നത്. അപ്പോഴേക്കും ആകാശവാണിയില്‍ എന്റെ ഓഡിഷന്‍ കഴിഞ്ഞിരുന്നു. അതിനൊക്കെ മുമ്പ് ഞാന്‍ കോഴിക്കോട് ആകാശവാണിയിലും  തൃശൂരിലുമൊക്കെ പാടിയിട്ടുണ്ട്. തരംഗിണിയില്‍ എത്തുന്നതിന് അഞ്ചുമാസം മുമ്പേ ആകാശവാണിയിലെ ഇന്റര്‍വ്യൂ കഴിഞ്ഞു.  ജോയിന്റ്ചെയ്ത് ആറുമാസം കഴിഞ്ഞപ്പോള്‍ ആകാശവാണിയില്‍ മ്യൂസിക് കമ്പോസറായി ജോലി ലഭിച്ചു. ആദ്യത്തെ ഒരുവര്‍ഷം ടെംപററി പോസ്റ്റ് ആയിരുന്നു. അന്ന് ആകാശവാണിയിലെ സ്റ്റാഫ് ആര്‍ട്ടിസ്റ്റിന്റെ നിയമനം കോണ്‍ട്രാക്ട് പോലെയാണ്. ഇന്ദിരാഗാന്ധി ബ്രോഡ്കാസ്റ്റിങ് മിനിസ്റ്ററായിരുന്നപ്പോള്‍ ആര്‍ട്ടിസ്റ്റുകളുടെ കഷ്ടപ്പാട് മനസ്സിലാക്കിയിട്ടാണ് യൂണിയന്‍ ഫോം ചെയ്ത് ഡല്‍ഹിയിലുള്ള എല്ലാവരെയും വിളിച്ച് 58 വയസുവരെയുള്ളവരെ പെര്‍മനന്റ് ആക്കാന്‍ തീരുമാനിച്ചത്. ഞാന്‍ ചെന്ന ഉടനെയാണിത് നടന്നത്.

ആകാശവാണിയാണ് ഇന്നത്തെ എല്ലാ സൌഭാഗ്യങ്ങളും എനിക്ക് തന്നത്. ലളിതഗാനങ്ങളാണ് കമ്പോസ് ചെയ്തിരുന്നത്. ഒരുപാട് പാട്ടുകള്‍ അവിടെ ചെയ്യാന്‍ സാധിച്ചു. പലപാട്ടുകളും സ്കൂള്‍, യൂണിവേഴ്സിറ്റി കലോത്സവങ്ങളില്‍ ഹിറ്റായി സമ്മാനങ്ങള്‍ നേടി. ജി വേണുഗോപാല്‍ 'നിളാനദിയുടെ തീരം നിര്‍മലതീരം' പോലുള്ള പാട്ടുകള്‍ ഹിറ്റാക്കി. അപ്പോഴേക്കും കല്യാണം കഴിഞ്ഞു ശാസ്തമംഗലത്ത് താമസം തുടങ്ങി. ക്ളാസെടുക്കാന്‍ തുടങ്ങിയപ്പോള്‍ കുറേ ശിഷ്യരുണ്ടായി. ശാസ്ത്രീയസംഗീതം മാത്രമാണ് പഠിപ്പിച്ചിരുന്നത്. അതൊരു ഹരമായിരുന്നു.  അതിലേക്ക് കൂടുതല്‍ കോണ്‍സന്‍ട്രേറ്റ്ചെയ്തു. ലളിതഗാനം എന്റെ ജോലിയുടെ ഒരു ഭാഗമായിരുന്നു. അങ്ങനെ കുറേ ഗാനങ്ങളൊക്കെ ചെയ്യാന്‍ സാധിച്ചു. യൂത്ത്ഫെസ്റ്റിവല്‍ വഴിയുള്ള പബ്ളിസിറ്റി കവിതകള്‍ക്ക് കൂടുതല്‍ പ്രൊപ്പഗാന്‍ഡ തന്നു.

ലളിതഗാന ശാഖയുടെ സുവര്‍ണകാലമായിരുന്നു താങ്കളുടെ ആകാശവാണികാലം. നിരവധി പ്രശസ്തകവികളുടെ വരികള്‍ക്ക് ഈണം പകരാന്‍ അന്ന് താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതില്‍  ഉള്ളൂര്‍, പി കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയവരുടെ വരികളും ഉള്‍പ്പെടും. എങ്ങനെ ഓര്‍ക്കുന്നു ആ കാലത്തേയും അനുഭവങ്ങളേയും?


 ശരിയാണ് ആകാശവാണിയിലൂടെ നിരവധി ലളിതഗാനങ്ങള്‍~~ ചെയ്യാന്‍ പറ്റി. അതില്‍ പലതും ഇന്നും ആളുകള്‍ പാടിനടക്കുന്നുണ്ട്. കുറേ മ്യൂസിക് ലെസണ്‍സ് ആകാശവാണിയില്‍ എടുത്തിരുന്നു. പ്രശസ്തരായ കവികളുടെയൊക്കെ കവിതകള്‍ ട്യൂണ്‍ ചെയ്യാനുള്ള അവസരവും ലഭിച്ചു. ഉള്ളൂരിന്റെയും  പി കുഞ്ഞിരാമന്‍ നായരുടെ ലളിതഗാനം ചെയ്യാന്‍ പറ്റി. ശരിക്ക് അതൊരു അത്ഭുതമായിട്ടാണ് ഇപ്പോഴുംതോന്നുന്നത്. അതില്‍ പലരും പാട്ടെഴുതിത്തന്നത് ആകാശവാണിയില്‍ വച്ചു തന്നെയാണ്. അന്ന് പ്രൊഡ്യൂസര്‍ പത്മനാഭന്‍ നായരായിരുന്നു. ഒരു ദിവസം ഞാന്‍ ആകാശവാണിയിലിരിക്കുമ്പോള്‍ പി കുഞ്ഞിരാമന്‍ നായര്‍ വന്നു. കവിത വായിക്കാനാണ് വന്നത്. പത്മനാഭന്‍ നായരുമായി നല്ല ബന്ധമായിരുന്നു അദ്ദേഹത്തിന്.

അവരുടെ സംസാരത്തിനിടയില്‍ ഏറെനാളായി തരാമെന്നു പറഞ്ഞിരുന്ന കവിത ഇതുവരെ തന്നിട്ടില്ലെന്ന് പത്മനാഭന്‍ നായര്‍ പരാതി പറഞ്ഞു. എന്നാല്‍ ഇയാളുടെ പരാതി തീര്‍ന്നു എന്നു പറഞ്ഞ് ജുബ്ബയുടെ പോക്കറ്റില്‍ നിന്ന് ഒരു ചെറിയ പേപ്പറെടുത്ത് അപ്പോള്‍ തന്നെ കവിത എഴുതിത്തന്ന് എന്നോട് ട്യൂണ്‍ ചെയ്യാന്‍ പറഞ്ഞു. 'കാവേരി, കാവേരി, പൂങ്കാവേരി നീ വരുമോ' എന്നായിരുന്നു ആ പാട്ട്.  പാട്ട് ഞാന്‍ ട്യൂണ്‍ ചെയ്തു. അത് വലിയ ഹിറ്റായി. ഒരിക്കല്‍ തിക്കുറിശ്ശി ചേട്ടനുമായി സംസാരിച്ചിരിക്കേ അദ്ദേഹം ഈ പാട്ട് പാടാന്‍ പറഞ്ഞു. ഞാനത് മുഴുവന്‍ പാടി. അദ്ദേഹം അപ്പോള്‍ പറഞ്ഞു. ഒരു കോമ പോലും മാറ്റാന്‍ ആര്‍ക്കും പറ്റില്ല. അത്ര മനോഹരമാണിതെന്ന്. കുഞ്ഞിരാമന്‍ നായരുടെ ഏക ലളിതഗാനമായിരിക്കും അത്. ഒരുപാട് നോണ്‍ ഡിനോമിനേഷണല്‍ സോങ്സിനും കവിതകള്‍ക്കുമൊക്കെ ഞാന്‍ കോറല്‍ മ്യൂസിക് നല്‍കിയിട്ടുണ്ട്. അതുപോലെ കാവാലം നാരായണപ്പണിക്കര്‍ ചേട്ടന്റെയടുത്ത് പല കവികളുടേയും കവിതകള്‍കാണ്ട് പോയി അദ്ദേഹം സെലക്ട് ചെയ്ത പാട്ടുകള്‍ക്ക് ഗ്രൂപ്പ് മ്യൂസിക്കിനായും കോറല്‍ ചെയ്തിട്ടുണ്ട്.

ആകാശവാണിയുടെ സുവര്‍ണ കാലമായിരുന്നു അന്ന്. മാവേലിക്കര കൃഷ്ണന്‍ കുട്ടി നായരായിരുന്നു മൃദംഗം. മാവേലിക്കര എസ് ആര്‍ രാജു, ആര്‍ വെങ്കിട്ടരാമന്‍, ബി ശശികുമാര്‍, വെങ്കിടാചലം, ചാരുക്കുടി നാരായണന്‍, ബാലകൃഷ്ണന്‍, രഘുവീരന്‍ തുടങ്ങിയ പ്രഗത്ഭരായിരുന്നു മറ്റ് ആര്‍ട്ടിസ്റ്റുകള്‍. എസ് രത്നാകരന്‍, സോമശേഖരന്‍, കെ പി ഉദയഭാനു, എം ജി രാധാകൃഷ്ണന്‍ തുടങ്ങിയ മ്യൂസിക് ഡയറക്ടര്‍മാരുമുണ്ടായിരുന്നു. കെ എസ് ഗോപാലകൃഷ്ണന്‍ ഫ്ളൂട്ട് വായിക്കുന്നതില്‍ വളരെ പ്രഗത്ഭനായിരുന്നു. 34ഓളം സ്റ്റാഫ് ആര്‍ട്ടിസ്റ്റുകളുണ്ടായിരുന്നു. അവരെല്ലാവരും അറിയപ്പെടുന്നവരും. എസ് എ സ്വാമി (ഗിറ്റാറിസ്റ്റ്), എസ് എ മണി (തബല) ഇവരെയൊന്നും മറക്കാന്‍ കഴിയില്ല.

സാഹിത്യ മേഖലയില്‍ ജഗതി എന്‍ കെ ആചാരി, കെ ജി സേതുനാഥ്, ടി എന്‍ ഗോപിനാഥന്‍ നായര്‍, ടി പി രാധാമണി, ദേവകിയമ്മ, സരസ്വതിയമ്മ, നാഗവല്ലി ആര്‍ എസ് കുറുപ്പ് എന്നിവരൊക്കെയുണ്ട് ബോര്‍ഡില്‍. എന്തു സംശയം ചോദിച്ചാലും പറഞ്ഞുതരാന്‍ കെല്‍പ്പുള്ളവരായിരുന്നു ഇവര്‍. ഇങ്ങനെയുള്ളൊരു സ്ഥാപനത്തിലാണ് ഞാന്‍ എത്തിപ്പെട്ടത്. ഇവരുടെയൊക്കെ കൂടെയുള്ള ജീവിതം എന്റെ മ്യൂസിക്കിനെ വളരാന്‍ ഏറെ സഹായിച്ചു.
ലളിതഗാനത്തിന് ഇന്നത്തെ സിനിമാപാട്ടുകളേക്കാള്‍ പ്രാധാന്യം അന്നുണ്ടായിരുന്നു. ഇന്നും ആകാശവാണിയില്‍ ആ പ്രോഗ്രാമും നല്ല നല്ല ലളിതഗാനങ്ങളും ഉണ്ടാവുന്നുണ്ട്. ഇപ്പോഴും ഞാന്‍ പഠിപ്പിക്കാനും പോകാറുണ്ട്. എന്നാല്‍ കുട്ടികള്‍ ലളിതഗാനം പഠിക്കാന്‍ ആകാശവാണിയെ കൂടുതല്‍ ആശ്രയിക്കുന്നില്ല. പണ്ട് റേഡിയോ കേള്‍ക്കലല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നു. ഇപ്പോള്‍ നമുക്ക് യൂട്യൂബ് അടക്കം പലവഴികളുണ്ട്. ഇഷ്ടംപോലെ അവസരവും. ഒരു വര്‍ഷം മുമ്പ് ഞാന്‍ ആകാശവാണിയില്‍ ചെയ്ത ലളിതഗാനത്തിന് കഴിഞ്ഞ യുവജനോത്സവത്തില്‍   ഒരു കുട്ടി സമ്മാനം നേടി. സംഗീതപരിപാടിക്കും ഇടക്കിടെ വിളിക്കാറുണ്ട്.  ഇപ്പോഴും ഏറെ സാധ്യതയുള്ള ഗാനശാഖയായിട്ടാണ് ലളിതഗാനത്തെ എനിക്ക് തോന്നുന്നത്.

ആദ്യ കമ്പോസിങ് ഓര്‍മ്മയുണ്ടോ?


മറക്കാനാവാത്ത സംഭവമാണ് ആദ്യ കമ്പോസിങ്.  മൂന്നാംക്ളാസില്‍ പഠിക്കുമ്പോഴാണ്. വൈലോപ്പിള്ളിയുടെ 'മാമ്പഴം' എന്ന കവിത ഞാന്‍ ട്യൂണ്‍ചെയ്ത് പാടി. അന്ന് ചീഫ് ഗസ്റ്റായിട്ടുവന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ അതുകേട്ടിട്ട് അഞ്ചുരൂപ എനിക്ക് തന്നു. പാട്ട് വളരെ ഇഷ്ടമായിട്ട് എന്നെ കെട്ടിപ്പിടിക്കുകയൊക്കെചെയ്തു. നല്ലൊരു നിലയിലെത്തും എന്നെന്നെ അനുഗ്രഹിച്ചു.

എങ്ങിനെയാണ് സിനിമയില്‍ എത്തുന്നത്?


ആകാശവാണിക്കുവേണ്ടി കൈതപ്രത്തിന്റെ വരികളില്‍ ഞാനൊരു ലളിതഗാനംചെയ്തിരുന്നു. ഇടവ ബഷീറും ചിത്രയുമാണത് പാടിയത്. പി പത്മരാജന്‍ അന്ന് തിരുവനന്തപുരം ആകാശവാണിയില്‍ അനൌണ്‍സര്‍ ആണ്. ഈ പാട്ട് ബ്രോഡ്കാസ്റ്റ് ചെയ്യുമ്പോള്‍ അനൌണ്‍സ്മെന്റ് നടത്തിയത് പത്മരാജനാണ്. അപ്പോഴേക്ക് എം ജി രാധാകൃഷ്ണന്‍ ചേട്ടനൊക്കെ ഒരു സിനിമ ചെയ്തു കഴിഞ്ഞിരുന്നു. അന്ന് ഞാന്‍  ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം പത്മരാജനോടു പറഞ്ഞു. പുറത്ത് തട്ടി 'നമുക്ക് ശ്രമിക്കാം, സമയം വരു'മെന്നായിരുന്നു മറുപടി. പിന്നെ ഞാന്‍ സിനിമയുടെയും പാട്ടിന്റെയുമൊക്കെ കാര്യം വിട്ടു. അക്കാലത്ത് അദ്ദേഹം ഇടക്കിടെ ലീവായിരുന്നു. ഒരു ദിവസം എന്നെ വിളിച്ചുപറഞ്ഞു പടംചെയ്യുകയാണ്, അതിന് മ്യൂസിക് ചെയ്യണമെന്ന്. സിറ്റ്വേഷന്‍ പറഞ്ഞുതരാം അങ്ങോട്ടേക്ക് ചെല്ലണമെന്നും പറഞ്ഞു. അങ്ങനെയാണ് 'തൂവാനത്തുമ്പികളി'ലെത്തുന്നത്.

തൂവാനത്തുമ്പികളിലെ പാട്ടുകള്‍ തലമുറകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പുതിയ തലമുറ അവരുടെ ഇഷ്ടഗാനങ്ങളില്‍ ഇതിലെ പാട്ടുകളും ചേര്‍ത്തുവെക്കുന്നുണ്ട്. തൂവാനത്തുമ്പികള്‍ അനുഭവം പങ്കുവെക്കാമോ?


തൂവാനത്തുമ്പികളുടെ ഷൂട്ടിന്പോയിട്ടില്ല. കംപ്ളീറ്റ് വിഷ്വല്‍സ് പത്മരാജന്‍ കാണിച്ചുതന്നിരുന്നു. അതിനുശേഷമാണ് പാട്ടുചെയ്യുന്നത്. തിരക്കായതുകൊണ്ട് പാട്ടുകള്‍ ചിത്രീകരിക്കാന്‍   പറ്റിയിരുന്നില്ല. അതുകൊണ്ട് തന്നെ പാട്ടിനുവേണ്ട മനസ്സിലുള്ള വിഷ്വലുകളൊക്കെ പത്മരാജന്‍ എടുത്തുവച്ചു. ഇതുകഴിഞ്ഞ് ഇങ്ങനെയാണ് പാട്ടുവരുന്നത് എന്നുപറഞ്ഞു. ആദ്യം ഒഎന്‍വി കുറുപ്പുസാറിന്റെ ഒരു കവിതയാണ് ട്യൂണ്‍ ചെയ്തത്. പക്ഷേ അതാ സിറ്റ്വേഷന് ശരിയാകുന്നില്ലെന്ന് പത്മരാജന്‍ പറഞ്ഞു. പിന്നെ നോക്കിയപ്പോള്‍ കുറുപ്പുസാറിന് തിരക്കായി. പെട്ടെന്ന് വരികളെഴുതാന്‍ സാധിക്കാതായി.
അന്ന് എന്നോട് കുറച്ച് ട്യൂണുകള്‍ ചെയ്തുവെക്കണമെന്നു പത്മരാജന്‍ പറഞ്ഞു. ഞാന്‍ സിറ്റ്വേഷന് അനുസരിച്ച് നാലഞ്ച് ട്യൂണുകള്‍ ചെയ്തുവച്ചു. അതില്‍ നിന്ന് സെലക്ട് ചെയ്ത രണ്ട് ട്യൂണുകളാണ് 'ഒന്നാംരാഗം പാടിയും' 'മേഘം പൂത്തുതുടങ്ങി'യും. അതിഷ്ടപ്പെട്ട് എന്നോട് ചെന്നൈയിലേക്ക് ചെല്ലാന്‍ പറഞ്ഞു. ശ്രീകുമാരന്‍തമ്പിച്ചേട്ടനുമായി ചേര്‍ന്നാണ് പാട്ടുകള്‍ പൂര്‍ത്തിയാക്കിയത്. രണ്ട് ദിവസംകൊണ്ട് തമ്പിച്ചേട്ടന്‍ ആ ട്യൂണുകള്‍ക്ക് വരികളെഴുതിത്തന്നു. എനിക്ക് വലിയ പേടിയായിരുന്നു ആദ്യംചെയ്യുമ്പോള്‍. ഇത് ശരിയാകുമോ എന്നൊക്കെ ചിന്തിച്ച്. മോഹന്‍ലാല്‍ അഭിനയിച്ച ആ പാട്ട് സീന്‍ കാണുമ്പോള്‍ അന്നും ഇന്നും എന്റെ ഓര്‍മയില്‍ വരുന്നത് പത്മരാജന്റെ മുഖമാണ്. ഭയങ്കര സന്തോഷമായിരുന്നു ആ മുഖത്ത്. എന്റെ മനസ്സിലുടക്കിയ സംഗീതമാണ് എന്നാണ് പറഞ്ഞത്. അതൊരു വലിയ അംഗീകാരമാണ്. 

പത്മരാജനുമായുള്ള സൌഹൃദം ?


പത്മരാജന്‍ വലിയ ഒരു ഓര്‍മയാണ്. ആകാശവാണിയില്‍ വരുംമുമ്പ് തന്നെ പത്മരാജന്റെ ഒരുപാട് കഥകള്‍ വായിച്ചിട്ടുണ്ട്. അന്ന് കുങ്കുമം അവാര്‍ഡൊക്കെ ലഭിച്ചിരുന്നു അദ്ദേഹത്തിന്. കുങ്കുമം വിശേഷാല്‍പ്രതിയിലും കഥകള്‍ വരുമായിരുന്നു. സിനിമയെകുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ഒരു ധാരണയുണ്ടായിരുന്നു. ഒരു സിനിമയ്ക്ക് മ്യൂസിക് വേണ്ടതെവിടെയെന്നൊക്കെ പറയും. അപ്പോള്‍ തന്നെ നമ്മുടെ മനസ്സിലും മ്യൂസിക് വരും.

'തൂവാനത്തുമ്പികള്‍' കഴിഞ്ഞ് 'ഇന്നലെ' എന്ന സിനിമയില്‍ കൂടി എനിക്ക് മ്യൂസിക് ചെയ്യാന്‍ അവസരം ലഭിച്ചു. രണ്ട്മൂന്ന് ദിവസംകൊണ്ടാണ് 'ഇന്നലെ'യില്‍ ട്യൂണുകള്‍ചെയ്തത്. 8 ട്യൂണുകള്‍ ഉണ്ടാക്കിയിരുന്നു. കൈതപ്രമാണ്് അതിലെ വരികള്‍ഐഴുതിയത്. ഈ രണ്ട് സിനിമകള്‍ ചെയ്തുകഴിഞ്ഞപ്പോള്‍ അദ്ദേഹംഎന്നോട് പറഞ്ഞു. 'നീ ഒരുപാട് സിനിമകള്‍ ഇങ്ങനെ ചെയ്യേണ്ട, ഒരു വര്‍ഷം നാലോ അഞ്ചോ മതി, അങ്ങനെ ചെയ്താലേ ഒരു വാല്യൂ വരൂ' എന്ന്. 'ഇതുപോലെ ക്രിയേറ്റീവ് ആയ പാട്ടുകള്‍ ചെയ്യണം. അങ്ങനെ ഒരവസരം വരുമ്പോള്‍ ചെയ്താമതി. ക്രിയേഷന്‍, കമ്പോസിങ് ഒക്കെ ഒരു ടാലന്റാണ്. വരുന്ന തലമുറയ്ക്ക് നിന്റെ വ്യക്തിത്വം പറഞ്ഞു കൊടുക്കുന്നതാവണം സംഗീതം. അങ്ങനെയുള്ള പാട്ടുകളേ ചെയ്യാവൂ, അങ്ങനെ ചെയ്തിട്ടേ കാര്യമുള്ളൂ, അങ്ങനെയുള്ള അവസരം വരുമ്പോള്‍ ഞാന്‍ വിളിക്കാം'. എന്നൊക്കെ പറഞ്ഞു. അവസാനകാലം വരെ പത്മരാജനുമായി നല്ല സൌഹൃദമായിരുന്നു.

മരിക്കുന്നതിന് ഒരാഴ്ചമുമ്പ് മ്യൂസിക്കല്‍ തീമാണ് അടുത്ത സിനിമയ്ക്കെന്നുപറഞ്ഞ് വിളിച്ചിരുന്നു. അതിന് നമുക്കിരിക്കണം, ഞാന്‍ പ്ളാന്‍ചെയ്തുവരികയാണ് എന്നും പറഞ്ഞു. നല്ലൊരു മ്യൂസിക് സബ്ജക്ട് എനിക്കും ചെയ്യണമെന്നുണ്ട്, വിളിച്ചാല്‍ മതിയെന്നുപറഞ്ഞാണ് ഞാന്‍ അന്ന് സംസാരം നിര്‍ത്തിയത്.

രവീന്ദ്രന്‍മാഷ്, എം ജി രാധാകൃഷ്ണന്‍, ജോണ്‍സണ്‍ മാഷ് തുടങ്ങി പ്രമുഖരായ നിരവധി സംഗീഞജര്‍ താങ്കളുടെ സമകാലികരായി അന്ന് സിനിമയില്‍ നിറഞ്ഞു നിന്നിട്ടുണ്ട്. അവരുമായൊക്കെയുള്ള ബന്ധം?


രവീന്ദ്രന്‍മാഷ്, എം ജി രാധാകൃഷ്ണന്‍, ജോണ്‍സണ്‍ മാഷ് തുടങ്ങി എല്ലാവരുമായും നല്ല ബന്ധമായിരുന്നു. എല്ലാവരുടെയും സംഗീതവും ശ്രദ്ധിക്കാറുമുണ്ട്. രവീന്ദ്രന്‍ മാഷും ജോണ്‍സണുമൊക്കെ ചെന്നൈയിലായതിനാല്‍ ചുരുക്കം മാത്രമേ കണ്ടിട്ടുള്ളൂ. എം ജി രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ദക്ഷിണാമൂര്‍ത്തി സ്വാമി ആകാശവാണിയില്‍ വരുമ്പോള്‍ പോയി കണ്ട് സംസാരിക്കാറൊക്കെയുണ്ട്. ചിദംബരനാഥൊക്കെ വരുമായിരുന്നു. അവരുടെ യാതനകളും സങ്കടങ്ങളുമൊക്കെ പലപ്പോഴും സംസാരിക്കും. അതൊക്കെ കേട്ടിരിക്കും. അതുപോലെ പുതിയ തലമുറ, പഴയ തലമുറ എന്നൊന്നുമില്ലാതെ സംഗീതത്തില്‍നിന്ന്് പഠിക്കാനുള്ളതൊക്കെ ശ്രദ്ധിക്കാറുണ്ട്.

വയലാര്‍, പി ഭാസ്കരന്‍ തുടങ്ങിയ എഴുത്തുകാരുമായി ബന്ധമുണ്ടായിരുന്നോ?

വയലാറിനെ കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരിക്കല്‍ കണ്ടിട്ടുണ്ട്. ഭാസ്കരന്‍ മാഷിനെ നല്ല പരിചയമുണ്ട്. അദ്ദേഹത്തിന്റെ മൂന്നുനാലു പാട്ടുകള്‍ എഐആറില്‍ ചെയ്തിട്ടുണ്ട്. നല്ല ഇടപെടലായിരുന്നു. അതൊക്കെ ജീവിതത്തിലെ വലിയ അനുഭവങ്ങളാണ്. ഒരിക്കലും മറക്കാത്ത ഓര്‍മ്മകളാണ്.

ബാബുരാജിനെ കണ്ടിട്ടുണ്ടോ

ബാബുരാജുമായുള്ള പരിചയവും നല്ല ഓര്‍മയാണ്. അദ്ദേഹം എനിക്ക് പാടാനായി രണ്ട് അവസരങ്ങള്‍ തരാനിരുന്നെങ്കിലും അന്നത്തെ കാലത്തത് നടന്നില്ല. പിന്നെ ഒരിക്കല്‍ ആകാശവാണിയില്‍ ഇന്റര്‍വ്യൂ എടുക്കാന്‍ വന്നപ്പോള്‍ അദ്ദേഹത്തിന് ഇരിക്കാനൊക്കെ ബുദ്ധിമുട്ടായിരുന്നു. ഞാനാണന്ന് സഹായിച്ചത്. അദ്ദേഹത്തിനത് വലിയ സന്തോഷമായിരുന്നു. 'ഇവിടെത്തന്നെ എത്തിയല്ലോ, ഇവിടെയും സംഗീതം തന്നെയാണല്ലോ' എന്നൊക്കെ പറഞ്ഞു.

എത്ര സിനിമകള്‍ ചെയ്തു?


പതിനാല്  സിനിമകളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഓരോ പാട്ട് ട്യൂണ്‍ ചെയ്തപ്പോഴും  വരികളോടും സാഹിത്യത്തോടും നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. കുറേ  ഡിവോഷണല്‍, ഫെസ്റ്റിവല്‍ ആല്‍ബങ്ങളുംചെയ്തു. ആദ്യംചെയ്ത ആല്‍ബം ദേവീസ്തുതികളാണ്. ചെട്ടിക്കുളങ്ങര ദേവിക്ക്. അതിലെ 10 പാട്ടുകള്‍ പാടുകയുംചെയ്തു. അതൊരു നല്ല തുടക്കമായിരുന്നു. ഞാന്‍ എന്നും ദേവിയെ സ്മരിക്കുന്ന ആളാണ്. പിന്നീട് അറുന്നൂറ്റമ്പതോളം ഡിവോഷണല്‍ ആല്‍ബങ്ങള്‍ ചെയ്യാന്‍ പറ്റി. രണ്ടാമത് ചെയ്തത് പാഞ്ചജന്യം. പിന്നെ 'ചോറ്റാനിക്കര ദേവീ, അമ്മേ നാരായണ ദേവീ നാരായണ' തുടങ്ങിയ ആല്‍ബങ്ങളും ചെയ്തു. ഓണപ്പാട്ടുകള്‍, വിഷുപ്പാട്ടുകള്‍ ആകാശവാണിയുടെ പല നിലയങ്ങളിലും ദൂരദര്‍ശനിലും ലളിതഗാനങ്ങള്‍ എന്നിവയെല്ലാം ചെയ്തു.

വലിയ ദൈവ ഭക്തനാണോ. സംഗീതവും ഭക്തിയും തമ്മില്‍ എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്?

ഞാനെല്ലാ മതത്തിലും വിശ്വസിക്കുന്ന ഒരാളാണ്. എല്ലാ ദിവസവും ബൈബിള്‍ വായിക്കും. യേശുവിനെയും അള്ളാവിനെയും വിളിക്കും. അമ്പത് വര്‍ഷത്തോളമായി ചെയ്യുന്ന കാര്യമാണത്. അമ്പലത്തിലും കാഞ്ഞിരപ്പള്ളിയിലും വീടിനടുത്തുള്ള മുസ്ലിംപള്ളിയിലുമൊക്കെ പോകും. എല്ലാ പ്രാര്‍ഥനകളും ഒന്നിലേക്ക് തന്നെയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇങ്ങനെയിരിക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് എന്തെങ്കിലും ഒന്നു കടന്നുവരും.സംഗീതം എല്ലാതരം വിഭാഗീയതേയും ദോഷചിന്തകളേയും ഇല്ലാതാക്കുന്നതാണ്. മത-ജാതി-ദേശ ചിന്തകള്‍ക്കപ്പുറത്തേക്ക് മനുഷ്യനെ കൂടെ കൊണ്ടുപോകുന്ന വല്ലാത്ത പ്രതിഭാസമാണത്.

ഗാനരചയിതാക്കളുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്നോ?

കൈതപ്രം, ഒഎന്‍വി, ശ്രീകുമാരന്‍ തമ്പി, പൂവച്ചല്‍ ഖാദര്‍ എന്നിവരുടെയൊക്കെ കൂടെ വര്‍ക്ക്ചെയ്തു. എല്ലാവരുമായും നല്ല ബന്ധം സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോഴും അടുപ്പമുണ്ട്.  ആഘോഷകാലമാകുമ്പോഴേക്കും കവികളോടൊക്കെ കവിതകള്‍ക്ക് ആകാശവാണിയില്‍നിന്നും റിക്വസ്റ്റ് ചെയ്യും. ഇങ്ങനെ അയച്ചുകിട്ടുന്ന കവിതകളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ് ഉപയോഗിക്കുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ്.  ഒരുപാട് പേര്‍ കവിതകള്‍ അയക്കും. അതില്‍ നിന്ന് നമ്മള്‍ തന്നെയാണ് രചനകള്‍  സെലക്ട് ചെയ്യുന്നത്. അന്ന് രമേശന്‍ നായര്‍ ആകാശവാണിയില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ കൊണ്ടുകാണിച്ചാണ് തെരഞ്ഞെടുപ്പ്. അദ്ദേഹം പാട്ട് കറക്ട്ചെയ്തു തരുമായിരുന്നു. അങ്ങനെ ഒരുപാട് കവിതകള്‍ കിട്ടി. കളര്‍കോട് ചന്ദ്രന്‍, മുട്ടാര്‍ ശശികുമാര്‍, പി എന്‍ ഈശ്വരന്‍ നമ്പൂതിരി, ഉമ്മന്നൂര്‍ ഗോപാലകൃഷ്ണന്‍ അങ്ങനെ കുറേ എഴുത്തുകാരുണ്ട്.

എങ്ങിനെയാണ് ഒരു ഗാനം ചിട്ടപ്പെടുത്തുന്നത്. പ്രത്യേകിച്ച് എന്തൊക്കെ തയ്യാറെടുപ്പുകളാണ് ഇതിനായി ഉണാകുക. സ്ഥലം, സമയം ഇങ്ങനെയുള്ള ഘടകങ്ങളൊക്കെ ബാധിക്കാറുണ്ടോ?

രാഗമോ മറ്റെന്തിങ്കിലുമോ ഒന്നും ഞാന്‍ ആദ്യം പ്ളാന്‍ചെയ്യാറില്ല. മനസ്സിലേക്ക് വരുന്ന ആദ്യത്തെ ആശയത്തിലാണ് ദൈവവുമായുള്ള കണക്ഷന്‍ കിടക്കുന്നത്. അതാണ് പിന്നെ പാട്ടിലേക്ക് വഴിമാറുന്നത്. ഇത് തോന്നിച്ചാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണ്. ഇതെന്റെ രീതി മാത്രമാണ്. ഓരോരുത്തര്‍ക്കും ഓരോ രീതിയാണല്ലോ. എനിക്ക് പാട്ട് ട്യൂണ്‍ ചെയ്യാന്‍ ഹാര്‍മോണിയം വേണമെന്നൊന്നുമില്ല. മനസ്സില്‍തന്നെ ട്യൂണ്‍ ചെയ്യാന്‍ പറ്റും. അങ്ങനെയാണ് എല്ലാം ചെയ്തിരിക്കുന്നത്. കോമ്പിനേഷന്‍ നോട്ടുകളൊക്കെ കച്ചേരി പാടിയാല്‍ അറിയാന്‍ പറ്റും. അതുകൊണ്ട് വായിച്ചുനോക്കാതെന്നെ നോട്ടുകളൊക്കെ മനസിലേക്ക് വരും. പിന്നെയേ ഹാര്‍മോണിയത്തില്‍ ശ്രുതി ഇട്ട് നോക്കുകയുള്ളൂ.

ഒരു പാട്ട് ചെയ്യുമ്പോള്‍ തന്നെ ഞാന്‍ പല ട്യൂണുകള്‍ചെയ്തുനോക്കും. അതിന്റെ മുന്നില്‍ സമയമൊന്നും പ്രശ്നമല്ല. പല വേരിയേഷനുകളുംചെയ്യും. അതും ഒറ്റക്കിരുന്നുതന്നെ ചെയ്യണം. വേറൊരാള്‍ ഇരുന്നാല്‍ ചെയ്യാന്‍ പറ്റാത്ത കുഴപ്പമുണ്ടെനിക്ക്. എപ്പോ പാട്ടുകിട്ടിയാലും നല്ല മൂഡാണെങ്കില്‍ അപ്പോള്‍ തന്നെ ഞാന്‍ ആലോചിച്ചത് ചെയ്യും. കുറേ പാടിനോക്കും. പക്ഷേ സിനിമയിലാകുമ്പോള്‍ അത് വലിയ ബുദ്ധിമുട്ടാണ്. ഹോട്ടല്‍ മുറികളിലൊക്കെ ഒരുപാടുപേരുണ്ടാകുമ്പോള്‍ ചെയ്യേണ്ടിവരും. ആകാശവാണിയില്‍ നിന്ന് പാട്ട് വീട്ടിലേക്കെടുത്തുകൊണ്ടുവന്ന് ചെയ്ത് ശീലിച്ചതിന്റെയാണ്. പാട്ട് പാടുന്നയാളാണെങ്കില്‍ പോലും പറ്റില്ല. ഞാന്‍ അവരോട് നാളെ തന്നാല്‍ മതിയോ എന്നുചോദിക്കും. ഒറ്റക്കിരുന്ന് പാട്ടിന്റെ ലോകത്ത് സഞ്ചരിക്കുന്നതാണിഷ്ടം. ഞാനിക്കാര്യം പത്മരാജനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും എഴുതുമ്പോള്‍ ഇതേ പ്രശ്നമുണ്ടെന്ന് പറഞ്ഞു. വീട്ടുകാരോടുപോലും പറയാതെ എവിടെയെങ്കിലും പോയി മുറിയെടുത്തിരുന്നാണ് എഴുതുതാറ്. ഭാര്യയോട് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ മാത്രം വിളിച്ചാല്‍ മതിയെന്നുപറയും.

ആദ്യം വരികള്‍ എഴുതി ഈണമിടുന്നതാണോ ട്യൂണ്‍ ഇട്ട ശേഷം
വരികള്‍ എഴുതിക്കുന്നതാണോ കൂടുതല്‍ സൌകര്യം?


തൂവാനത്തുമ്പികളൊക്കെ ഈണമിട്ടശേഷമാണ് പാട്ടെഴുതിയത്. ഇപ്പോള്‍ പാട്ടെഴുതിയ ശേഷം ഈണമിടുന്ന രീതിയാണ്.  എന്നെ സംബന്ധിച്ച് രണ്ടും ഒരുപോലെയാണ്. എളുപ്പവുമാണ്. പത്മരാജനൊക്കെ പാട്ടിനെകുറിച്ച് ഒരുപാട് ഐഡിയകള്‍ നേരത്തെ ഉണ്ടാകും. ഇന്ന വരികളും ഇരട്ടിച്ച പദങ്ങളും ചിത്രങ്ങളുമൊക്കെ പാട്ടില്‍ വേണമെന്നുണ്ടാകും. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ നമുക്കും വലിയ സൌകര്യമാകും.  പലതരം പരീക്ഷണങ്ങള്‍ ഇത്തരത്തില്‍ ചെയ്യാന്‍ കഴിയും. തൂവാനത്തുമ്പികളില്‍ മോഹന്‍ലാലിന്റെ കടലിലെ സീനിലൊക്കെയുള്ളയുള്ള ഹമ്മിങ് ഒക്കെ പത്മരാജന്റെ ഐഡിയ മനസ്സിലായപ്പോള്‍ വന്നതാണ്.

പണ്ടൊക്കെ പാട്ടെഴുതുന്നവരും പാടുന്നവരും സംഗീതം പകരുന്നവരുമൊക്കെയായി നല്ല ബന്ധമായിരുന്നു. ഒരുമിച്ചിരുന്നാണ് പാട്ടുകള്‍ ഉണ്ടാക്കിയത്. പുതിയ കാലത്ത് സാങ്കേതിക വിദ്യ വളര്‍ന്നതോടെ ആരും തമ്മില്‍ കാണണമെന്നുപോലുമില്ല.?


പാട്ടെഴുത്തുകാരും ഈണം നല്‍കുന്നവരും പണ്ട് നല്ല ബന്ധമായിരുന്നു. ഇന്നതില്ല. പക്ഷേ പാട്ടിനെ അത് ബാധിക്കാത്തത് മോഡേണ്‍ ടെക്നോളജി കാരണമാണ്. പണ്ട് ഇന്‍സ്ട്രുമെന്റ്സ് അടക്കം കൂട്ടമായി ഇരുന്നാണ് പാട്ട് റെക്കോഡ് ചെയ്തിരുന്നത്. ഒരു തെറ്റ് വന്നാല്‍ വീണ്ടും ആദ്യംമുതല്‍ പാടുകയും ഇന്‍സ്ട്രുമെന്റ്സ് വായിക്കുകയും വേണം. പാടിയും വായിച്ചുംചെയ്യുന്ന തിരുത്തലുകളില്‍ മിക്കവരുടെയും മികച്ച പെര്‍ഫോമന്‍സുകള്‍ മാറിക്കൊണ്ടിരിക്കും. സ്ട്രെയിന്‍ കാരണം ആദ്യത്തെയത്രയും ക്ളാരിറ്റിയുണ്ടാവില്ല അവസാനമെത്തുമ്പോള്‍. പക്ഷേ പാട്ട് എല്ലാവര്‍ക്കും ഹൃദിസ്ഥമായിരിക്കും. ഇന്നതല്ല സ്ഥിതി. ടെക്നോളജി മാറിയതോടെ പാട്ടുകാര്‍ക്ക് നല്ല സൌകര്യമാണ്. ഏറ്റവും മികച്ചത് നമുക്ക് എവിടെ വച്ചുമുണ്ടാക്കാം. ഒരുവരിയാണെങ്കില്‍പ്പോലും അവിടെ വച്ച്തിരുത്താം. പാടിക്കൊണ്ടിരിക്കുമ്പോള്‍ എനിക്ക് പുതിയ ഒരു ഐഡിയ തോന്നുകയാണ്. എനിക്കത് അപ്പോള്‍ പാടിപ്പിക്കാം. അങ്ങനെ ഒരു പത്ത് രീതിയില്‍ വേണമെങ്കിലും പാടിപ്പിക്കാന്‍ അവസരമുണ്ട്. അതൊരു വലിയ പ്ളസ് പോയിന്റാണ്. അതൊക്കെ കൊണ്ടുതന്നെ  എനിക്ക് ഇന്നത്തെ സംഗീതം ഒരുപാടിഷ്ടമാണ്.

അതുപോലെ തന്നെ പാടുന്നയാള്‍ക്ക് എന്തെങ്കിലും പുതിയ ഐഡിയ ഉണ്ടെങ്കില്‍ ഞാനതുപാടിക്കോളാന്‍ പറയും. അതെന്റെയൊരു സ്റ്റൈല്‍ ആണ്. സംഗീതത്തിനെ ഒരുമാര്‍ജിനില്‍ നിര്‍ത്താന്‍ പറ്റില്ല. അവര്‍ പാടി വരുമ്പോള്‍ ആ മ്യൂസികിനടുത്തൊരു സംഗതി അറിയാതെ അവരുടെ മനസില്‍ വരും. അത് ഉപയോഗിക്കുന്നത് ശരിക്കും നല്ലതാണ്. അവര്‍ക്ക് ഫുള്‍ ഫ്രീഡമാണ് അക്കാര്യത്തില്‍. അതുകൊണ്ട് തന്നെ പാടുന്നവര്‍ക്കും ഒരു ധൈര്യവും ആത്മവിശ്വാസവും ലഭിക്കും. പിന്നെ പരസ്പര ബന്ധം എല്ലാമേഖലയിലും കുറഞ്ഞുവരികയാണല്ലോ...

താങ്കള്‍ സിനിമയില്‍ സജീവമായിരുന്ന കാലത്തു നിന്നും  പ്രകടമായി  എന്തൊക്കെ മാറ്റങ്ങളാണ് ഇന്ന് സിനിമയുടെ ഉള്ളടക്കത്തിലും സംഗീതത്തിലുമൊക്കെ വന്നത്?

നമ്മുടെ സിനിമകളുടെ സ്റ്റൈല്‍ ഒരുപാട് മാറിയിട്ടുണ്ട്. പണ്ട് നല്ല നോവലുകളും ആഴമുള്ള കഥകളുമൊക്കെയാണ്് സിനിമയായി വന്നത്. അതിനിടയിലെ സീക്വന്‍സുകളില്‍ വരുന്ന വയലാറിന്റെയും മറ്റും കവിതാശകലങ്ങള്‍. 'കരയുന്നോ പുഴ ചിരിക്കുന്നോ' പോലുള്ളവ. എംടിയുടെ മുറപ്പെണ്ണ് അതിഗഹനമായ കഥപറയുന്ന  ഒരു നോവലാണ്. അതുകൊണ്ട് തന്നെ അതിലെ ആ വരികള്‍ കഥാസന്ദര്‍ഭവുമായി നന്നായി ബന്ധപ്പെട്ട് പോകും. തിക്കുറിശ്ശി ചേട്ടന്‍ ശ്മശാനത്തിനടുത്തുനിന്ന് 'ആത്മവിദ്യാലയമേ' പാടുമ്പോള്‍ ആ സാഹചര്യവുമായി അത് അത്രയേറെ ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. നമ്മുടെ മനസ്സിലേക്ക് ആ വരികള്‍ വല്ലാതെ കയറിക്കൂടും. അത്തരം കഥകളില്‍ നിന്നൊക്കെ ഒരുപാട്മാറി ഒരു ചെറിയ ത്രെഡ്ഡില്‍ നിന്നാണ് ഇപ്പോള്‍ സിനിമകള്‍ രൂപപ്പെടുന്നത്. ചെറിയ വിഷയമാകുന്നതുകൊണ്ടുതന്നെ സീക്വന്‍സുകള്‍ക്ക് വലിയ പ്രാധാന്യമില്ല. ഒരു പര്‍ട്ടിക്കുലര്‍ സമയത്തേക്ക് വേണ്ട മ്യൂസിക്കാണ് ഇപ്പോഴുള്ളത്. അതിനുവേണ്ട വരികളാണ് വേണ്ടത്്.

 അതുപോലെ, കാലത്തിന്റെ മാറ്റം മ്യൂസിക്കിലും കാണാം. അതിനെയൊരിക്കലും നമുക്ക് കുറ്റപ്പെടുത്താനാവില്ല. മ്യൂസിക് മാത്രമല്ല നമ്മുടെ ലൈഫ് സ്റ്റൈല്‍  തന്നെ മാറിപ്പോയി. നമ്മുടെ കുട്ടിക്കാലം പുതിയ തലമുറയോട് പറഞ്ഞാല്‍ വിശ്വസിക്കില്ല. അതാണ് കാലത്തിന്റെ മാറ്റം.  ഇന്ന് ഫാസ്റ്റ് ലൈഫാണ്. രണ്ട് തനിയാവര്‍ത്തനവുമടക്കം (ഒരു മെയിന്‍ കീര്‍ത്തനം, രാഗം താളം പല്ലവി) പണ്ട് അഞ്ച് മണിക്കൂറായിരുന്നു കച്ചേരി പാടിക്കൊണ്ടിരുന്നത്. ഇപ്പോഴത് രണ്ടര മണിക്കുറാണ്. കഥകളി മുഴുവന്‍ രാത്രിയുള്ളത് ഇപ്പോള്‍ മൂന്നുമണിക്കൂറായി. പെര്‍ഫോമന്‍സിന്റെ ഡ്യുറേഷന്‍ അങ്ങനെ എല്ലാറ്റിലും കുറഞ്ഞു.

ചെയ്ത ഗാനങ്ങളെല്ലാം ഹിറ്റായിരുന്നിട്ടും വളരെ കുറച്ചു സിനിമകളിലാണ് താങ്കള്‍ സഹകരിച്ചത്. സമകാലികരായ മറ്റു സംഗീത സംവിധായകര്‍ പോലും അക്കാലത്ത് നിരവധി സിനിമകളില്‍ ഭാഗവാക്കായിട്ടുണ്ട്?

ആകാശവാണിയില്‍ നിന്ന് ലീവെടുത്ത് പോകാനുള്ള ബുദ്ധിമുട്ട് കാരണമാണ് ചെയ്ത പാട്ടുകളൊക്കെ ഹിറ്റായിട്ടും അവ എണ്ണത്തില്‍ കുറയാന്‍ കാരണം. അന്നെല്ലാം ചെയ്യുന്നത് ചെന്നൈയിലായിരുന്നു.  സിനിമയുടെ പുറകെ പോകാനുള്ള സമയം കിട്ടിയിരുന്നില്ല. മാത്രമല്ല അന്ന് കുറേ കച്ചേരികളും സംഗീതക്ളാസുകളുമൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഒരിക്കലും സിനിമയ്ക്ക് ശ്രമിക്കാതിരുന്നിട്ടില്ല. പലരോടും സംസാരിച്ചെങ്കിലും അവസരങ്ങള്‍ കിട്ടിയില്ല. എല്ലാവര്‍ക്കും എന്റെ മ്യൂസിക് ഇഷ്ടപ്പെടണമെന്നില്ല എന്നുള്ളതുകൊണ്ട് അതില്‍ വലിയ വിഷമവും തോന്നിയിട്ടില്ല. അങ്ങനെ ആഗ്രഹിക്കുന്നതുംതെറ്റാണ്. അന്ന് ചെയ്ത പാട്ട് ഇന്നുചെയ്യാന്‍ പറഞ്ഞാല്‍ എനിക്ക് ഒരുപക്ഷേ പറ്റിയില്ലെന്നുംവരും. പിന്നെ ട്രെന്‍ഡുകളും മാറി വരികയാണല്ലോ.
സിനിമയില്‍ എനിക്ക് ഒരുപാട് ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അപ്പോഴും ഞാന്‍ നിരാശനൊന്നുമല്ല. ഇനിയും അവസരം വരില്ലെന്ന് പറയാന്‍ പറ്റില്ലല്ലോ.  ഇപ്പോഴും സിനിമയില്‍ സംഗീതംചെയ്യാന്‍ ഞാന്‍ തയ്യാറാണ്. പ്രതിഫലത്തെക്കുറിച്ചൊന്നും ഞാന്‍ ഒരുപാട് ചിന്തിക്കാറില്ല. ആരോടും അങ്ങനെ പറഞ്ഞിട്ടുമില്ല. സംഗീതത്തോടുള്ള താല്‍പര്യംകൊണ്ട് ചെയ്യുന്നെന്നേ ഉള്ളൂ. അവര്‍ക്ക് അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്നത് ചെയ്യാന്‍ പറയും.
പഴയപോലെ സംഗീത വിമര്‍ശനങ്ങളും ഇന്ന് ആധികാരികമായി നടക്കുന്നില്ല.? ആധികാരികമായി സംഗീതത്തെ വിമര്‍ശിക്കണമെങ്കില്‍ സംഗീതം ശാസ്ത്രീയമായി പഠിച്ചിരിക്കണം. ഇന്ന് നൂറുപേര് പാട്ട് കേള്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ 3 പേര്‍ മാത്രമേ പാട്ട് പഠിച്ചിട്ടുണ്ടാകൂ. സംഗീതം പഠിച്ചാലേ നിങ്ങള്‍ക്ക് ഞാന്‍ പാടുന്നതിലെ മിസ്റ്റേക്ക്  അറിയാന്‍ സാധിക്കൂ. മറ്റുള്ളവരൊക്കെ കേള്‍വിജ്ഞാനംകൊണ്ട് പറയുന്നതാണ്. എണ്ണത്തിലും ഇന്ന് ഗാനങ്ങള്‍ കൂടുതലാണ്. ചില രാഗങ്ങള്‍ സാധാരണക്കാരന് പരിചയപ്പെടുത്തിക്കൊടുത്തതില്‍ ദേവരാജന്‍ മാസ്റ്റര്‍, ദക്ഷിണാമൂര്‍ത്തി സ്വാമി, ബാബുരാജ് എന്നിവര്‍ക്കുള്ള പങ്ക് വളരെ വലുതാണ്. മോഹനം, ഖരഹരപ്രിയ, ഹിന്ദുസ്ഥാനിയാണെങ്കില്‍ പഹാഡി തുടങ്ങിയ രാഗങ്ങള്‍ ജനമധ്യത്തിലേക്കെത്തിച്ചെത് അവരാണ്.

ഇന്ന് സംഗീതം പഠിക്കുന്നതും റിയാലിറ്റി ഷോകളില്‍ പങ്കുെക്കുന്നതുമെല്ലാം സിനിമയില്‍ എത്തിപ്പെടാന്‍ വേണ്ടിയാണ്. സംഗീതത്തെ സിനിമയുമായി മാത്രം ബന്ധിപ്പിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. താങ്കള്‍ ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?

അത് പൂര്‍ണമായും ശരിയാണെന്ന് തോന്നുന്നില്ല. പിന്നെ  സിനിമ ഒരുപാട് പബ്ളിസിറ്റി കിട്ടുന്ന ഒരു വിങ്ങാണ്. അതുകൊണ്ടുതന്നെ സംഗീതം പഠിക്കുന്നവരൊക്കെ സിനിമയിലേക്ക് പോകുന്നു. പക്ഷേ ഇന്നത്തെ കാലത്ത് സിനിമ അല്ലാതെ തന്നെ ശ്രദ്ധിക്കപ്പെടാനുള്ള അവസരങ്ങള്‍ ധാരാളമുണ്ട്. യു ട്യൂബ് വഴിയൊക്കെ ആളുകള്‍ക്ക് നമ്മള്‍ ചെയ്യുന്ന പരിപാടികള്‍ കാണാന്‍ ധാരാളം വഴികളുണ്ട്. പണ്ട് ആളുകള്‍ സിനിമയൊന്നും ചെയ്യുന്നില്ലേ എന്ന് ചോദിക്കുമായിരുന്നു. ഇന്നത് മാറി. ഇപ്പോള്‍ സിനിമയൊന്നും വേണമെന്നില്ല. സിനിമയില്‍ പാടാത്തവരുടെ എത്രയോ പാട്ടുകള്‍ നമ്മളിന്ന് കേള്‍ക്കുന്നുണ്ട്. ഫേസ്ബുക്ക് ഒക്കെ തുറന്നാല്‍ നല്ല ഒരുപാട് പാട്ടുകാരെ കാണാം. റിയാലിറ്റി ഷോകളൊക്കെ വന്നതോടെ പാട്ടുകാര്‍ക്ക് ഇഷ്ടംപോലെ അവസരങ്ങളായി.

നല്ലപാട്ടുകള്‍ എല്ലാവരും സ്വീകരിക്കുന്ന ഒരു കാലമാണിത്. നാട്ടുകാര്‍ക്കെല്ലാം നല്ല സംഗീതബോധവുമുണ്ടായി. ആരെന്തൊക്കെ  പറഞ്ഞാലും റിയാലിറ്റി ഷോകളാണ് ആളുകളെ സംഗീതത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. കേരളത്തിലെ വീട്ടമ്മമാര്‍ക്കുവരെ പാട്ടിലെ തെറ്റുകള്‍ എന്തെന്ന് കണ്ടെത്താന്‍ ഇപ്പോഴാകും. അത് വലിയൊരു കാര്യമാണ്. ഒരുപാടാളുകള്‍ക്ക് പാട്ടുപാടാനും അതുകൊണ്ട് ജീവിക്കാനുമൊക്കെ പറ്റി. ഒന്നുമില്ലാത്ത കാലത്ത് പാട്ട് നിര്‍ത്തി മറ്റുജോലിക്ക് പോയ ഒരുപാടാളുകളുണ്ട്. ഇന്നതിന്റെ ആവശ്യമില്ല. പാട്ടുകൊണ്ടുതന്നെ ജീവിക്കാന്‍ പറ്റും.  മാത്രമല്ല സിനിമയില്‍ ഇപ്പോള്‍ പാട്ടുകളുടെ എണ്ണം കുറവരാണ്. പണ്ടൊക്കെ പത്തും പതിനഞ്ചും പാട്ടുകള്‍ ഒരു സിനിമയില്‍ ഉണ്ടായിരുന്നു. സിനിമയോാടാപ്പം പാട്ടുപുസ്തകങ്ങളും ഇറങ്ങിയിരുന്നു. സാധാരണക്കാരൊക്കെ പാട്ടുപാടിയിരുന്നത് ഇത്തരം പുസ്തകങ്ങള്‍ വാങ്ങിയാണ്. ആ ഒരു സംസ്കാരം ഇപ്പോള്‍ ഇല്ല എന്നു തന്നെ പറയാം. ചില എഴുത്തുകാരുടെ എല്ലാ പാട്ടുകളും ചേര്‍ത്ത് പുസ്തകമിറക്കുന്ന രീതി ഇപ്പോഴുണ്ട്.

സംഗീത രംഗത്തെ പുതുതലമുറയെ എങ്ങിനെ വിലയിരുത്തുന്നു?

ഇപ്പോഴത്തെ പാട്ടുകാരെല്ലാം നല്ല കഴിവുള്ളവരാണ്. അവര്‍ക്ക് നല്ല അവസരങ്ങളുമുണ്ട്. നല്ല ഹാര്‍ഡ് വര്‍ക്ക് ചെയ്യാന്‍ എല്ലാവരും തയ്യാറാണ്.   ഇപ്പോഴത്തെ മ്യൂസിക് കമ്പോസേഴ്സും മികച്ച കഴിവുള്ളവരാണ്. പക്ഷേ അവര്‍ക്ക് വേണ്ടത്ര ഫ്രീഡം കിട്ടുന്നുണ്ടോ എന്നെനിക്കറിയില്ല. ഒരുലിമിറ്റേഷനുള്ളില്‍ അവരെ കൊണ്ടുവരുമ്പോഴാണ് പ്രശ്നം. എല്ലാവരുടെയും ജീവിതമാര്‍ഗമാണത്. അപ്പോള്‍ വിട്ടുവീഴ്ചചെയ്താലേ പറ്റുള്ളൂ. അതുകൊണ്ട് അവര്‍ കഴിവില്ലാത്തവരാകുന്നില്ല. എത്രയോ നല്ല പാട്ടുകള്‍ ഗോപീസുന്ദറൊക്കെ ചെയ്തിട്ടുണ്ട്. എനിക്കേറെ ഇഷ്ടമാണ് അദ്ദേഹം ചെയ്ത 'ഓലഞ്ഞാലി കുരുവി' ഒരു ഗംഭീര കമ്പോസിങ് ആണ്. ഭയങ്കര രസമാണ് കേള്‍ക്കാന്‍. അതുപോലെ ബിജിബാലും. എന്റെ ശിഷ്യനായ എം ജയചന്ദ്രന്‍ചെയ്ത മികച്ച ഒരുപാട് ഗാനങ്ങളുണ്ട്.  കുട്ടനും (എം ജി ശ്രീകുമാര്‍) അങ്ങനെയാണ്. ഇവരൊക്കെ പഠിക്കുന്ന കാലംതൊട്ട് ഒരുപാട് ഡെഡിക്കേറ്റഡ്ആയാണ് സംഗീതത്തെ കണ്ടിരുന്നത്. അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്.

ഇപ്പോള്‍ ചലച്ചിത്ര ഗാന മേഖലയില്‍ ഇടക്കെങ്കിലും കണ്ടുവരുന്ന പ്രവണതയാണ് സംഗീത മോഷണം. സാങ്കേതിക വിദ്യ വളര്‍ന്നതോടെ മോഷണത്തിനുള്ള സാധ്യതയും കൂടി.മറ്റു ഭാഷകളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമൊക്കെയുള്ള സംഗീതം കേള്‍ക്കാനുള്ള അവസരം ഇന്ന് ഏറെയുണ്ട്. ഇത് ആരോഗ്യകരമാണോ?

ഓരോരുത്തരുടെയും ആരാധന പോലെയാണ് അവരുടെ മ്യൂസിക്. അത്രയും ധ്യാനനിരതമായ സംഗതി. ഞാന്‍ പണ്ട്് പാട്ടുചെയ്യുമ്പോള്‍ എങ്ങനെയായാലും ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ശൈലി കടന്നുവരുമായിരുന്നു. അതുപോലെ സലില്‍ ചൌധരിയുടേതും. എന്നാല്‍ അതൊരിക്കലും അനുകരണമായിരിക്കില്ല. അവര്‍ ഇങ്ങനെ ചെയ്തെങ്കില്‍ നമുക്ക് ഇങ്ങനെ ചെയ്തൂടേ എന്നതോന്നലാണത്. സ്വാധീനമാണ്. അത് തെറ്റല്ല. മികച്ച സാഹിത്യവും സിനിമകളുമൊക്കെ എക്കാലവും ആളുകളെ സ്വാധീനിച്ചിട്ടുണ്ട്. അതില്‍ നിന്നും മികച്ച സൃഷ്ടികള്‍ പിറവിയെടുത്തിട്ടുമുണ്ട്് .പിന്നെ , ഒരാളുടെ ട്യൂണ്‍ അതുപോലെഎടുക്കുന്നത് തെറ്റാണ്. നമ്മുടെ വ്യക്തിത്വം കളയലാണ് അത്. ചിലര്‍ക്ക് ജീവിക്കാനുള്ള  മാര്‍ഗത്തിനത് ചെയ്യേണ്ടിവരും. പ്രൊഫഷണലുകള്‍ക്ക് വിട്ടുവീഴ്ച ചെയ്യാതെ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ഞങ്ങള്‍ക്കൊക്കെ കൂടെ ഒരുജോലി ഉണ്ടായിരുന്നതുകൊണ്ട് ഒരു ധൈര്യമുണ്ടായിരുന്നു. ധൈര്യം ഒരു വലിയ കാര്യമാണ്. എന്‍ജിനിയറിങ് കഴിഞ്ഞ കുട്ടികളൊക്കെ ഇപ്പോള്‍ അതൊക്കെവിട്ട് സംഗീതലോകത്തേക്ക് വരാറുണ്ട്. ഇപ്പോള്‍ ആരുവന്നാലും അവരോട് ഞാന്‍ ജോലി സംഘടിപ്പിക്കാന്‍ പറയും. ജീവിക്കാനുള്ള മാര്‍ഗം കണ്ടശേഷം പിന്നെന്തുമാകാം. പിന്നീട് ഒരു കാലത്ത് ഇത് ശരിയായില്ലെന്നുതോന്നിയാല്‍ അതിലേക്കു തിരിച്ചു പോകാം. അല്ലെങ്കില്‍ ചില നിഷേധസമീപനങ്ങള്‍ കൊണ്ട് മാനസികമായി തളര്‍ന്നുപോയേക്കാം.

ഒരു കാലത്ത് സിനിമാ ഗാനങ്ങളേക്കാള്‍ ആഘോഷിക്കപ്പെട്ട നാടകഗാനങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു നമ്മുടെ നാടകവേദി. താങ്കളെ അവ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. ?

നാടകങ്ങള്‍ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് നാടകഗാനങ്ങളാണ്ഞാന്‍ കൂടുതല്‍ കേട്ടിരുന്നത്. അന്ന് സിനിമാഗാനങ്ങളില്ലല്ലോ. കെപിഎസ്സിയുടെയൊക്കെ നാടകങ്ങള്‍ പെരുമ്പാവൂരില്‍ വരുമ്പോഴേക്കും തിയറ്ററുകള്‍ ഫുള്‍ ആകും. സംഗീതം പഠിക്കുമ്പോള്‍ പാട്ട് ചെയ്യാനുള്ള ഉത്തേജനംതന്നത് പോലും നാടകഗാനങ്ങളായിരുന്നു. കെ എസ് ജോര്‍ജ്, പി സുശീല എന്നിവരൊക്കെയായിരുന്നു അന്നത്തെ പ്രിയപ്പെട്ട പാട്ടുകാര്‍. ഒഎന്‍വി കുറുപ്പുസാറിന്റേതായിരുനു നാടകഗാനങ്ങളേറെയും.

സംഗീതം നല്‍കിയ പുതിയ സിനിമകള്‍ ?


എബ്രിഡ് ഷൈനിന്റെ 'പൂമരം' കഴിഞ്ഞിറങ്ങുന്ന ചിത്രത്തില്‍ രണ്ട് പാട്ട് ചെയ്യുന്നുണ്ട്. അതില്‍ ഒരുപാട്ടിന്റെ വരികള്‍ കഴിഞ്ഞ ദിവസംകിട്ടിയിട്ടുണ്ട്. എബ്രിഡ് ഷൈനിന്റെ സുഹൃത്താണ് പാട്ട് എഴുതിയിരിക്കുന്നത്. അതു കഴിഞ്ഞൊരു ഡ്യുയറ്റ്ചെയ്യാനുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന 'സീബ്രവരകള്‍' എന്ന ചിത്രത്തിലും വര്‍ക്ക്ചെയ്തിട്ടുണ്ട്. അതില്‍ ഒരുപാട്ട് ദാസേട്ടനാണ് പാടിയത്. സുദീപ് കുമാറാണ് ട്രാക്ക്പാടിയത്. റെക്കോഡ് കഴിഞ്ഞ് നല്ല പാട്ടാണെന്ന്പറഞ്ഞ് ദാസേട്ടന്‍ വിളിച്ചിരുന്നു.

വളരെ കുറച്ചു സിനിമാ ഗാനങ്ങളേ താങ്കളുടേതായിട്ടുള്ളൂ...ആകാശവാണിയില്‍ നിന്നും റിട്ടയര്‍ ചെയ്തശേഷം വലിയ ഒരു കായളവാണ് കടന്നുപോയത്. ഇക്കാലത്ത് സംഗീതവുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് ചെയ്തത്.?


ഒരിക്കലും വെറുതെയിരുന്നിട്ടില്ല. എപ്പോഴും സംഗീതം കൂടെതന്നെയുണ്ട്. വീട്ടില്‍ ചെറിയ തോതില്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. പിന്നെ, രാമായണത്തിലെ തത്വോപദേശങ്ങളും സ്തുതികളുമെല്ലാം താളാത്മകമാക്കി മോഹിനിയാട്ടം, കഥകളി തുടങ്ങി ഏതെല്ലാം കലാരൂപങ്ങള്‍ക്ക് ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള പഠനം നടത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് കിട്ടിയ പ്രൊജക്ട് ആണത്. നാല്‍പത് വയസു കഴിഞ്ഞവര്‍ക്ക് അവരുടെ സംഭാവനകള്‍ പരിഗണിച്ചുനല്‍കുന്ന അംഗീകാരമാണ്്. രണ്ടുവര്‍ഷംകൊണ്ട് ആ പ്രൊജക്ട് പൂര്‍ത്തിയാക്കി അയച്ചുകൊടുക്കണം. ആറുമാസം കൂടുമ്പോള്‍ മൂല്യനിര്‍ണയം നടത്തിയാണ് അതിന്റെ പ്രതിഫലം നമുക്ക് നല്‍കുന്നത്. അവരത് റെക്കോഡായി സൂക്ഷിക്കും. അതൊരു ബേസിക് ആയി സൂക്ഷിക്കാനും പുതിയ പഠനങ്ങള്‍ അത്തരത്തില്‍ ആര്‍ക്കും ചെയ്യാനും സാധിക്കും. രാമായണം പാരായണംചെയ്യാന്‍ മാത്രമല്ലാതെ സംഗീതാത്മകമായും ചെയ്യാന്‍ സ്യൂട്ടബിള്‍ ആണെന്ന് കാണിക്കുകയാണ് അതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്.

പ്രിയപ്പെട്ട രാഗം ഏതാണ്?

ഏറ്റവും ഇഷ്ടപ്പെട്ട രാഗം എന്നൊന്നുമില്ല. ഇഷ്ടപ്പെട്ട രാഗങ്ങളിലെല്ലാം  പലരും നിരവധി പാട്ടുകള്‍ ചെയ്തുകഴിഞ്ഞു. മോഹനം നല്ല ഇഷ്ടമുള്ള രാഗമാണ്. പക്ഷേ ആ രാഗത്തില്‍ ഒരുപാട്ട് ചെയ്യുമ്പോള്‍ അതിന്റെ സ്ട്രക്ച്ചറിനകത്തുനിന്നുവേണം ചെയ്യാന്‍. അതിന്റെ വ്യത്യസ്തങ്ങളായ പല ഈണങ്ങളും പല പാട്ടുകളിലും വന്നിട്ടുണ്ട്. അതുകൊണ്ട് അധികം പോപ്പുലറല്ലാത്ത രാഗങ്ങളെടുത്ത്ചെയ്യുകയാണ് പതിവ്്. ഒരു രാഗത്തില്‍ നിന്നുതന്നെ പത്തോ പതിനഞ്ചോ പാട്ടുകളുണ്ടാക്കാന്‍ പറ്റുന്ന രാഗങ്ങളുണ്ട്.

ഏതു തരം സംഗീതമാണ് കേള്‍ക്കാനിഷ്ടം?

എല്ലാതരം പാട്ടുകളും കേള്‍ക്കും. എല്ലാവരും കേള്‍ക്കണം. ശാസ്ത്രീയസംഗീതം, ഹിന്ദുസ്ഥാനി, ഗസല്‍സ് എന്നിവയാണ് കൂടുതല്‍ കേള്‍ക്കാറുള്ളത്. ഓരോരുത്തരും ഓരോ ശൈലിയാണ് എന്നതുകൊണ്ടുതന്നെ എല്ലാവരുടെയും പാട്ടുകള്‍ കേള്‍ക്കും. ഹിന്ദുസ്ഥാനിയില്‍ ഭീംസെന്‍ ജോഷി  മുതല്‍ രമേഷ് നാരായണന്‍ ഉള്‍പ്പെടെ പുതിയ തലമുറയിലുള്ളവരുടെ സംഗീതം വരെ ശ്രദ്ധിക്കാറുണ്ട്. പണ്ടുകാലത്ത് റഫിയെയും മറ്റുമൊക്കെ ഒരുപാട് കേള്‍ക്കുമായിരുന്നു. നുസ്രത്ത് ഫത്തേ അലിഖാന്റേതുള്‍പ്പെടെയുള്ള ഖവാലികളൊക്കെ ഒരുപാട് കേള്‍ക്കാറുണ്ട്. മൈക്കിള്‍ ജാക്സണ്‍ കേള്‍ക്കുന്നത് കുറവാണ്.

ഈ പ്രായത്തിലും കൃത്യമായി സാധകം ചെയ്യാറുണ്ടോ?


സാധകംചെയ്യാറുണ്ടെങ്കിലും ഓപണ്‍ ത്രോട്ടും ഓവര്‍ സ്ട്രെയിനും ഇല്ലാതെയാണ് ചെയ്യുന്നത്. മനസിലും പ്രാക്ടീസ്ചെയ്യും. പ്രാദേശിക കച്ചേരികള്‍ക്കുംപോകാറുണ്ട്. ശങ്കര, തിരുപ്പതി ചാനലുകളില്‍ വൈകീട്ട് കച്ചേരികളും നൃത്തങ്ങളുമുണ്ടാകും. അതിരുന്നു കാണാറുണ്ട്.  സംഗീതം ഒട്ടും ബോറടിക്കാറില്ല. സംഗീതമെന്ന സമുദ്രത്തില്‍ എത്ര നേരംവേണമെങ്കിലും മുഴുകിയിരിക്കാം.

നേരത്തെ രാമയണത്തെകുറിച്ച് പറഞ്ഞപോലെ സംഗീതത്തില്‍ പുതിയ അന്വേഷണങ്ങള്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നുണ്ടോ?

എത്രയോ പരീക്ഷണങ്ങള്‍ക്കുള്ള അവസരം സംഗീതത്തിലുണ്ട്. ശാസ്ത്രീയ സംഗീതത്തില്‍ തന്നെ ഇനിയെന്തൊക്കെ പുതിയതായി ചെയ്യാന്‍പറ്റും എന്നതാണ് ഞാന്‍ ആലോചിക്കുന്നത്. ശാസ്ത്രീയ സംഗീതത്തിന്റെ അത്രയും ഗഹനമായി നമുക്ക് സിനിമാസംഗീതം ചെയ്യാന്‍ പറ്റില്ല. അതുപോലെ വളരെ ലളിതമായി ഒരുപാട്ട് ചെയ്യാനും ഏറെ ബുദ്ധിമുട്ടാണ്. നേരെ മറിച്ച് ഒരു ഭക്തിഗാനം ചെയ്യാന്‍ വളരെ എളുപ്പമാണ്. ഒരു രാഗം ബേസ് ചെയ്ത് ഒരു പാട്ട് ചെയ്താല്‍ മാത്രം മതി. പക്ഷേ ഒരു സിനിമാ പാട്ടെടുത്തു നോക്കി അതില്‍ രാഗമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് മാത്രമേയുള്ളൂ. രാഗങ്ങളെപ്പറ്റി ആര്‍ക്കും പൂര്‍ണബോധ്യമുണ്ടാകില്ല. രാഗങ്ങളെകുറിച്ചുള്ള ധാരണ യുണ്ടാകാന്‍ വലിയ അറിവ് വേണം. അതിന് പല ജന്മങ്ങള്‍ എടുത്താലും സാധിക്കില്ല. ഒരുവിധം അറിയുന്നവര്‍ക്ക് മാത്രമേ അതൊക്കെ കണ്ടുപിടിക്കാനാകുള്ളൂ.

രാഗങ്ങള്‍ക്ക് ലളിതമായതും ഗഹനമായതുമായ കോമ്പിനേഷന്‍ നോട്ടുകളുണ്ട്. ഇതിലൊന്നറിഞ്ഞാല്‍ മാത്രമേ മറ്റേത് ചെയ്യാന്‍ പറ്റൂ. ആനന്ദഭൈരവി പോലുള്ള രാഗത്തില്‍ എന്തുചെയ്യാന്‍ പറ്റുമെന്ന് ഒരാളൊരിക്കല്‍ ഇന്റര്‍വ്യൂവില്‍ ചോദിച്ചിട്ടുണ്ട്. ഒരാള്‍ എന്നോട് ആനന്ദഭൈരവിയില്‍ ഒരു വെസ്റ്റേണ്‍ മ്യൂസിക് വേണമെന്ന് പറഞ്ഞാല്‍ ഞാന്‍ ചെയ്തുകൊടുക്കും. പഠിക്കുന്ന സമയത്ത് തന്നെ അത്തരം ശ്രമങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്.

സംഗീതം പഠിക്കുകയും സ്വയം അറിയുകയും ചെയ്യുന്നതുപോലെ മറ്റുള്ളവരെ പഠിപ്പിക്കുമ്പോഴും പുതിയ വഴികള്‍ തുറന്നുകിട്ടില്ലേ...വേറെ തരത്തിലുള്ള അന്വേഷണം പഠിപ്പിക്കുമ്പോള്‍ സാധ്യമാകില്ലേ എന്നാണുദ്ദേശിച്ചത്.?

ഒരു രാഗം പാടുകയോ കേള്‍ക്കുകയോ കേട്ടാല്‍ ക്ളാസ് കഴിഞ്ഞെല്ലാവരും പോയിക്കഴിഞ്ഞാല്‍ അതിനെ നാടോടിഗാനമാക്കുന്നതും പ്രണയഗാമമാക്കുന്നതുമെല്ലാമെങ്ങനെയെന്ന് ഞാന്‍ ഒരുപാട് നേരമിരുന്ന് ചിന്തിക്കാറുണ്ട്. എന്നിട്ട് എന്തെങ്കിലുമൊക്കെ മൂളിക്കൊണ്ടിരിക്കും. അങ്ങനെ വന്നപ്പോള്‍ എനിക്കുതോന്നി പുതിയ ജനറേഷനെ അതൊന്നു പഠിപ്പിക്കണമെന്ന്. ഒരു ദിവസം കുട്ടികളെ ഒരു രാഗം പഠിപ്പിച്ചിട്ട് ഞാന്‍ പറഞ്ഞു. വീട്ടില്‍ ചെന്നിട്ട് അതിനെ ഏതൊക്കെ തരത്തില്‍ മാറ്റിച്ചൊല്ലാമെന്ന് നോക്കണമെന്ന്. ഏത് മതത്തില്‍പെട്ട ആളായാലും അവരുടെ പ്രാര്‍ഥനകളെ ഇത്തരത്തില്‍ മാറ്റിനോക്കാന്‍ പറഞ്ഞു. എല്ലാ മതക്കാരും ഈശ്വരനെ പ്രാര്‍ഥിക്കുന്നതുകൊണ്ടുതന്നെ അതൊരു നല്ല കമ്പോസിങ് ടാലന്റ് ആകും. ഒരു മന്ത്രമോ പ്രാര്‍ഥനയോ ആണെങ്കില്‍ പോലും അത് ഏതെല്ലാം തരത്തില്‍ സംഗീതാത്മകമാക്കാന്‍ പറ്റുമെന്ന് നോക്കണം. ആദ്യം അവരെന്നോട് ഇതുകൊണ്ടെന്ത് പ്രയോജനം എന്നാണ് ചോദിച്ചത്. ഞാന്‍ പറഞ്ഞു. കുറച്ചുകാലം കഴിഞ്ഞാല്‍ അത് നിങ്ങള്‍ക്കുതന്നെ മനസ്സിലാകും. അതുവഴി രാഗം എങ്ങിനെ ഉറപ്പിച്ച്പഠിക്കാന്‍ കഴിയുമെന്നും. നമ്മുടെ കയ്യില്‍ വരികള്‍ കിട്ടുമ്പോഴാണ് അതെന്തുചെയ്യാം എന്ന് നാം ആലോചിക്കുന്നത്. രാഗം പാടിക്കൊണ്ടിരുന്നാല്‍ ഒരിക്കലും അത് ആലോചിക്കില്ല.

കുട്ടികളോട് വെറുതെ വരികള്‍ എഴുതി ട്യൂണ്‍ ചെയ്യാന്‍ പറയാറുണ്ട്. വള്ളപ്പാട്ടായും പ്രണയഗാനമായും കൊയ്ത്തുപാട്ടുപോലെയുമൊക്കെ ട്യൂണ്‍ ചെയ്തുനോക്കാന്‍ പറയും. അങ്ങനെയൊക്കെ ചെയ്ത്ചെയ്ത് വരുമ്പോഴാണ് നമുക്ക് കമ്പോസിങ് ടാലന്റ് കൈവരുന്നത്. കമ്പോസിങ് ദൈവമായിട്ട് തരുന്നതൊന്നുമല്ല. അത് പ്രാക്ടീസില്‍ നിന്ന് വരുന്നതാണ്. പാട്ട് പഠിച്ച് നമുക്ക് ശ്രമിച്ച് അതുണ്ടാക്കാം. എനിക്കു ട്യൂണ്‍ചെയ്യാന്‍ പറ്റില്ലെന്നൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അത് വലിയ തെറ്റാണ്. നമ്മളതില്‍ പൂര്‍ണ മനസ്സോടെ ക്രിയേറ്റീവായി ശ്രമിക്കണം.

സംഗീതം നമ്മുടെ മനസിനെ സന്തോഷിപ്പിക്കാന്‍ ദൈവം തന്നതാണ്. അതുകൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ നമുക്ക് പ്രയത്നിക്കാമെന്നേയുള്ളു. ഈശ്വരനോട് അടുത്ത് നില്‍ക്കുന്നവര്‍ക്ക് അത് സാധിക്കും. അതുകൊണ്ടാണ് യേശുദാസിനത് പറ്റുന്നത്. സംഗീതം ഈശ്വരന്‍ കൊടുത്ത നിധിപോലെയാണ് സൂക്ഷിക്കുന്നത്. അങ്ങനെ ഹാര്‍ഡ്വര്‍ക്ക്ചെയ്താല്‍ നമുക്കോ മറ്റുള്ളവര്‍ക്കോ എന്നെങ്കിലും ഒരുകാലത്ത് അത് പ്രയോജനപ്പെടും. ഞാനിപ്പോഴും എന്റെടുത്ത് പഠിക്കാനെത്തുന്നവരോട് നിങ്ങള്‍ ഒരുനല്ല ടീച്ചറാകാന്‍ നോക്കണമെന്നാണ് പറയാറുള്ളത്. മറ്റുള്ളവരെ നല്ലവണ്ണം പഠിപ്പിക്കുന്നവരായാല്‍ നല്ല പെര്‍ഫോമറാകാന്‍ പറ്റും. എവിടെയെങ്കിലും നിങ്ങള്‍ക്കത് പ്രയോജനെപ്പെടുത്താനും പറ്റും. മറ്റു കുട്ടികളെ പഠിപ്പിക്കുക, നല്ല സ്റ്റാന്‍ഡേര്‍ഡ് വരുത്തുക. അതുവഴി ജീവിക്കുക.

ചെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ മട്ട് ഒരുപാടെണ്ണം ചെയ്തിട്ടില്ല. നിരവധി സ്വാതി തിരുനാള്‍ കൃതികള്‍ക്ക് അദ്ദേഹം മട്ട് ചെയ്തിട്ടുണ്ട്. പ്രശസ്തമായ 'ഭാവയാമി രഘുരാമ' അദ്ദേഹം മട്ട് ഇട്ടതാണ്. അപ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട് അദ്ദേഹം എത്ര വലിയ കമ്പോസര്‍ ആണെന്ന്. അദ്ദേഹത്തിന് ഒരു പാട്ട്ചെയ്യാനും ബുദ്ധിമുട്ടുവരില്ല. അത്രയും നിസ്സാരമാണ്. പക്ഷേ അദ്ദേഹം അതിലേക്ക് പോയിട്ടില്ലെന്നു മാത്രമേയുള്ളൂ. ബാലമുരളി, ലാല്‍ഗുഡിയുമൊക്കെ ഒരുപാട് പാട്ടിലേക്കിറങ്ങി. ചെമ്പങ്കോട് സാറിന്റെ വയലിന്‍ വായിച്ചയാളാണ് ലാല്‍ഗുഡിയൊക്കെ. അപ്പോള്‍ ഒരുപാട് ചെയ്യാന്‍ പറ്റും. മാത്രമല്ല, ശാസ്ത്രീയ സംഗീതമോ പാശ്ചാത്യസംഗീതമോ ഹിന്ദുസ്ഥാനിയോ ഒക്കെ ആധികാരികമായി പഠിച്ചവര്‍ക്ക് കുറേക്കൂടി എളുപ്പമാണ് കമ്പോസിങ്.
വെസ്റ്റേണ്‍ പാട്ടുകളും ഞാന്‍ ഒരുപാട് കേള്‍ക്കാറുണ്ട്. പക്ഷേ അങ്ങനെ ചെയ്യാന്‍ അവസരമുണ്ടായിട്ടില്ല. ഏത് രാഗത്തില്‍ വേണമെങ്കിലും വെസ്റ്റേണ്‍ മ്യൂസിക് ചെയ്യാനുംപറ്റും. ശാസ്ത്രീയസംഗീതത്തില്‍ നമുക്ക് വേണ്ടത് എല്ലാമുള്ളതുകൊണ്ടാണത്. നമ്മളത് കണ്ടെത്തണമെന്നുമാത്രം.

എന്തൊക്കെ പുരസ്കാരങ്ങളാണ് താങ്കള്‍ക്ക് കിട്ടിയത്
'ഇന്നലെ' എന്ന സിനിമയിലെ ഗാനത്തിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടി. പിന്നെ ഞാന്‍ ചെയ്ത'സായാഹ്നം' എന്ന ചിത്രത്തില്‍ പാടിയതിന്  ് വിധുപ്രതാപിന് അവാര്‍ഡ് കിട്ടിയിട്ടുണ്ട്.

താങ്കളുടെ ശിഷ്യരില്‍ പലരും പ്രശസ്തരാണ്. ഒരുപക്ഷേ ഇത്രയും പ്രതിഭകളായ ശിഷ്യരെ പഠിപ്പിക്കാന്‍ അവസരം കിട്ടുക എന്നത് തന്നെ അപൂര്‍വമായ കാര്യമാണ്?


സത്യമാണ്. അക്കാര്യത്തില്‍ ഞാന്‍ വലിയ ഭാഗ്യവാനാണ്. സുദീപ്, വേണുഗോപാല്‍, മഞ്ജരി, എം ജയചന്ദ്രന്‍, ഭാവന രാധാകൃഷ്ണന്‍, വിധു പ്രതാപ്, രവി ശങ്കര്‍ അവരൊക്കെ എന്റെ ശിഷ്യരാണ്. എല്ലാകവരുമായും ഇപ്പോഴും നല്ല ബന്ധമുണ്ട്. ഞാന്‍ ചെയ്യുന്ന ഡിവോഷണലുകളില്‍ പലരും പാടാറുമുണ്ട്. ഇപ്പോള്‍ സംഗീതം പഠിച്ച കുറച്ചുപേര്‍ക്ക് രാവിലെയും വൈകീട്ടും ക്ളാസ് എടുക്കുന്നുണ്ട്.

താങ്കളുടെ രാഷ്ട്രീയ നിലപാടുകളൊക്കെ എങ്ങിനെയാണ്. ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ?


തീര്‍ച്ചയായും. സോഷ്യലിസ്റ്റ് കാഴ്ചപ്പാടാണ് എനിക്കുള്ളത്.   ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള ദൂരം ഇല്ലാതാകണം.  കൈക്കൂലിയൊന്നും പെട്ടെന്ന് ഇന്ത്യയില്‍ നിര്‍ത്താന്‍ പറ്റില്ല. ഒരുപക്ഷേ കുറേ കാലംകൊണ്ട് മാറിവരേണ്ട ഒരു സാമൂഹ്യ പ്രശ്നമാണത്. പണക്കാരോടും ഇടത്തരക്കാരോടും കൈക്കൂലി വാങ്ങിച്ചാലും സഹിക്കാം. പാവപ്പെട്ടവരായ താഴെക്കിടയിലുള്ളവരോട് കൈക്കൂലി വാങ്ങുന്നവരോട് ഒരു വിട്ടുവീഴ്ചയുംചെയ്യരുത്. അങ്ങനെയുള്ളവരെ ഉടനെ പ്രതിരോധിക്കണം.

എന്റെ ഇത്തരം ചിന്താഗതികള്‍ അമ്മയില്‍ നിന്ന് കിട്ടിയതാണ്. എല്ലാറ്റിനും അമ്മയായിരുന്നു മാതൃക. പാവങ്ങളോടുള്ള കനിവ് അമ്മയ്ക്ക് വലിയ നിര്‍ബന്ധമാണ്. ക്രിസ്ത്യാനികളും മുസ്ളിങ്ങളുമൊക്കെ  ഒന്നാണെന്ന് കഥകളിലൂടെയാണ്  അമ്മ പറഞ്ഞുതന്നത്. അങ്ങനെ വീട്ടിലെല്ലാവര്‍ക്കും അങ്ങനെയൊരു ആറ്റിറ്റ്യൂഡ് വന്നു. എന്റെ മക്കളെയും സഹോദരങ്ങളുടെ മക്കളെയും അങ്ങനെതന്നെ പഠിപ്പിച്ചു. അടുത്ത ജനറേഷനും അങ്ങനെ വേണമെന്നാണ് ആഗ്രഹം.

 ചേട്ടന്‍ ഗോപിനാഥ്മേനോന്റെ അടുത്ത സുഹൃത്തായിരുന്ന പി ഗോവിന്ദപിള്ള ചേട്ടനുമായുംഎനിക്ക്  നല്ല ബന്ധമായിരുന്നു. കുട്ടിക്കാലത്ത് വീട്ടില്‍ വരുമായിരുന്നു.  പാവങ്ങളോടുള്ള  അദ്ദേഹത്തിന്റെ  ചിന്താഗതിയും കാഴ്ചപ്പാടുമൊക്കെ ഞങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്.  ആര്‍ഭാടത്തില്‍ ജീവിക്കാനൊന്നും താല്‍പര്യമില്ലെനിക്ക്. കഷ്ടപ്പെടുന്നവര്‍ക്ക് എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യാറുണ്ട്.

മുമ്പില്ലാത്ത വിധം വര്‍ഗീയതയും ജാതീയതയുമൊക്കെ സൂഹത്തില്‍ വളര്‍ന്നു വരികയാണ്. സാമൂഹിക -സാംസ്കാരിക രംഗത്ത് ഏറെ മുന്നിലെത്തിയ നമ്മുടെ സമൂഹത്തെ ചിലര്‍ പിറകിലോട്ട് പിടിച്ചു വലിക്കുന്നു. ഒരു കലാകാരന്‍ എന്ന നിലയില്‍ എങ്ങിനെ ഇതിനെ നോക്കികാണുന്നു.
സാംസ്കാരിക ലോകത്തിനു നേരെയും സമൂഹത്തില്‍ മൊത്തവും ഉണ്ടായ ആക്രമണങ്ങള്‍ക്ക് പ്രധാന ഉത്തരവാദിത്തം തെറ്റായ തരത്തിലുള്ള പൊളിറ്റിക്സിനാണ്. അത്തരം കാഴ്പ്പാട് പുലര്‍ത്തുന്നവരുടെ  നിലനില്‍പ് ഇങ്ങനെ വിഘടിപ്പിക്കുന്നതിലൂടെയാണ്. അതാണ് ബേസിക് പ്രശ്നം. അതിനിയും ആളുകള്‍ മനസിലാക്കിയില്ലെങ്കില്‍ ജനാധിപത്യം തോറ്റുപോകും. അതാരുമറിയാതെ പോയിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍തന്നെ.
മാത്രമല്ല മുമ്പില്ലാത്ത തരത്തില്‍ മതം നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് കയറിവരുന്നു. വിശ്വാസികള്‍ കൂടുകയും വിശ്വാസം കുറയുകയുംചെയ്യുന്നു. ഒപ്പം വാല്യൂസും പുതിയകാലത്ത് കുറഞ്ഞുവരുന്നു. നമ്മുടെ സ്കൂളിന്നു തുടങ്ങണം മൂല്യങ്ങളെ കുറിച്ചുള്ള വിദ്യാഭ്യാസം. ഇപ്പോഴത്തെ പല കാര്യങ്ങളും കലാകാരന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും എല്ലാവരേയും പോലെ എന്നെയും ആശങ്കപ്പെടുത്തുന്നുണ്ട്.

മ്യൂസിക് തെറാപ്പിയിലൂടെ രോഗങ്ങള്‍ ഭേദപ്പെടുത്താന്‍ പറ്റുമെന്ന് ചില പഠനങ്ങള്‍ വന്നിട്ടുണ്ട്. ശ്രദ്ധിച്ചിരുന്നോ?


രോഗങ്ങള്‍ മാറ്റാന്‍ മ്യൂസിക്കിന് കഴിയുമെന്ന് ആധികാരികമായി പറയാനാവുമെന്ന് തോന്നുന്നില്ല. എന്നാല്‍ മാനസികാരോഗ്യം കിട്ടാന്‍ മ്യൂസിക് മികച്ച ഔഷധമാണ്. മാനസിക ശാന്തി ലഭിച്ചാല്‍ തന്നെ വലിയ കാര്യമാണ്. എ കൈന്‍ഡ് ഓഫ് യോഗയാണ് സംഗീതം. പക്ഷേ, രോഗങ്ങള്‍ക്ക് മരുന്നുതന്നെ കഴിക്കണം എന്നാണ് എന്റെ അഭിപ്രായം.

സ്കൂളുകളില്‍ സംഗീത പഠനം എത്രത്തോളം അനിവാര്യമാണ്.?

തീര്‍ച്ചയായും സ്കൂളുകളില്‍ സംഗീതം പഠിപ്പിക്കണം. ഇപ്പോള്‍ പല സ്കൂളുകളിലും സംഗീതപഠനമില്ല എന്നത് സങ്കടകരമാണ്. പണ്ടൊക്കെ താല്‍പര്യമുള്ളവര്‍ മാത്രമായിരുന്നു ഇത്തരം ക്ളാസുകളില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും സംഗീതത്തോട് താല്‍പര്യമുണ്ട്. എല്ലാ മതത്തിന്റേയും പാട്ടുകള്‍ കുട്ടികളെ പഠിപ്പിക്കണം. പെരുന്നാളും ക്രിസ്തുമസുമൊക്കെ വരുമ്പോള്‍ അവര്‍ ഒരുമിച്ച് പാടട്ടെ. അപ്പോള്‍ അവര്‍ക്കിടയില്‍ അറിവും സൌഹൃദവും വളരും മറ്റു മതത്തെ പഠിക്കും. ഇത്തരത്തില്‍ ജാതിമതചിന്തകളെ കുട്ടികളില്‍ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. ദേശസ്നേഹം വളരുന്ന ഗാനങ്ങളും പഠിപ്പിക്കണം. സംഗീതത്തിലൂടെ പരസ്പരം അറിയാന്‍ കഴിഞ്ഞാല്‍ അത് വലിയ തിരിച്ചറിവായിരിക്കും. സ്കൂള്‍ സിലബസില്‍ സംഗീതപഠനം ഉള്‍പ്പെടുത്തണം. അടുത്ത തലമുറ സംഗീതം കേട്ട് വളരട്ടെ. അവര്‍ക്കിടയില്‍ വിഭാഗീയത ഇല്ലാതെ വരട്ടെ.

ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എണീറ്റു നില്‍ക്കണമെന്ന വിധിയെ എങ്ങിനെ കാണുന്നു?


ഫോഴ്സ്ഫുള്ളായി പറഞ്ഞു ചെയ്യിക്കേണ്ടതല്ല ദേശസ്നേഹം. അത് ഓരോരുത്തര്‍ക്കും ഉള്ളില്‍ തോന്നേണ്ടതാണ്. ഞാന്‍ പറഞ്ഞത് ദേശീയഗാനം പഠിപ്പിക്കുന്ന കാര്യമല്ല. ദേശസ്നേഹം നിറഞ്ഞ കവിതകള്‍ പഠിപ്പിക്കണമെന്നാണ്. ഉള്ളൂരും പി ഭാസ്കരന്‍ മാഷുമൊക്കെ എഴുതിയ കവിതകള്‍. ബംഗാളിലും മറ്റു ഭാഷകളിലുമൊക്കെ ഇത്തരം നിരവധി കവിതകളുണ്ട്. അവ പഠിക്കുമ്പോള്‍ കുട്ടികളില്‍  ദേശസ്നേഹം ഉണ്ടാകും. ഉറവ പൊടുംപോലെ നൈസര്‍ഗികമായി ഉണ്ടാകുന്ന ദേശസ്നേഹം. അതാണുവേണ്ടത്. അടുത്ത തലമുറയെ ലക്ഷ്യം വെച്ചുവേണം നാം കാര്യങ്ങള്‍ ചെയ്യാന്‍.
 
ഇതുവരെയുള്ള വ്യക്തിപരവും സംഗീതവുമായി ബന്ധപ്പെട്ട അനുഭവവുമൊക്കെ പുതിയ തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കേണ്ടതല്ലേ?

വേണം. ആത്മകഥ എഴുതണമെന്നുണ്ട്. അടുത്തുതന്നെ തുടങ്ങും. ഓര്‍മളേറെയുണ്ട് ഇതുവരെയുള്ള ജീവിതത്തില്‍. സ്വയം ഓര്‍ക്കാനും ആര്‍ക്കെങ്കിലും അതൊക്കെ വായിച്ച് ഉപകാരപ്പെടുമെങ്കിലും നല്ലതല്ലേ...

കുടുംബം?

തിരുവനന്തപുരം ശാസ്തമംഗലത്ത് ആഞ്ജനേയത്തിലാണ് താമസിക്കുന്നത്. ഭാര്യ: ശോഭാമേനോന്‍. മക്കള്‍ ഡോ. എസ് ലക്ഷ്മി മേനോന്‍, ആനന്ദ് പത്മനാഭന്‍.

പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥിന്റെ
ഹിറ്റ് ഗാനങ്ങള്‍
1)  മേഘം പൂത്തുതുടങ്ങി മോഹം പെയ്തു തുടങ്ങി
2) ഒന്നാം രാഗം പാടി
3)  കണ്ണില്‍ നിന്‍ മെയ്യില്‍
4) നീ വിണ്‍ പൂ പോല്‍ ഇതളായ്
5) പേരറിയാത്തൊരു നൊമ്പരത്തെ
6)  രാവ് നിലാപൂവ്
7)  മറക്കാന്‍ കഴിഞ്ഞെങ്കില്‍
8)  കോടിയുടുത്തു മുടി മാടി വിടര്‍ത്തും
9)  പാടാത്ത പാട്ടിന്റെ കേള്‍ക്കാത്ത നാദമാണു നീ
10) പാടാതെ പോയോ നീയെന്റെ നെഞ്ചില്‍
11) ആരോഹണത്തില്‍ ചിരിച്ചും
12) ഹിമഗിരി നിരകള്‍
13) ഏതോ വര്‍ണ
14) കൊണ്ടോട്ടീന്നോടിവന്ന
15) കൈതപ്പൂ മണമെന്തേ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top