26 April Friday

അന്നപൂർണാദേവി: സംഗീതവും ജീവിതവും -വേണു വി ദേശം എഴുതുന്നു

വേണു വി ദേശംUpdated: Thursday Apr 21, 2022

അന്നപൂർണാദേവി

തികച്ചും ആത്മീയമായ അടിത്തറയിൽ പടുത്തുയർത്തിയതായിരുന്നു അന്നപൂർണാദേവിയുടെ ജീവിതവും സംഗീതവും. ഭൗതികജീവിതത്തിൽ ഒരുപാട് തിക്താനുഭവങ്ങൾക്ക് ഇരയാകേണ്ടിവന്ന അന്നപൂർണ സ്വപ്രത്യയസ്ഥൈര്യത്തോടെ ലോകത്തിന്റെ യുക്തികളെ നേരിട്ടു ഹിന്ദുസ്ഥാനി സംഗീതപ്രതിഭ അന്നപൂർണാദേവിയെ ഓർക്കുന്നു...

മൂന്നു വർഷങ്ങൾക്കു മുൻപ് ശരീരം വെടിഞ്ഞ അന്നപൂർണാദേവി ഇരുപതാം നൂറ്റാണ്ടിൽ ഭാരതം കണ്ട ഏറ്റവും മഹത്വപൂർണമായ സംഗീതജീവിതം നയിച്ച പുണ്യാത്മാവാണ്. തികച്ചും ആത്മീയമായ അടിത്തറയിൽ പടുത്തുയർത്തിയതായിരുന്നു അവരുടെ ജീവിതവും സംഗീതവും. ഭൗതികജീവിതത്തിൽ ഒരുപാട് തിക്താനുഭവങ്ങൾക്ക് ഇരയാകേണ്ടിവന്ന അന്നപൂർണ സ്വപ്രത്യയസ്ഥൈര്യത്തോടെ ലോകത്തിന്റെ യുക്തികളെ നേരിട്ടു. മെയ്ഹർ ഖരാനയുടെ ആധികാരികവക്താവായിരുന്നു അന്നപൂർണയുടെ പിതാവായ ബാബ അലാവുദ്ദീൻ ഖാൻ. മെയ്ഹർ രാജാവിന്റെ സദസ്സിലെ ആസ്ഥാന സംഗീതജ്ഞനുമായിരുന്നു ആ മഹാമനീഷി. പിതാവിൽ നിന്നും തനിക്കു പകർന്നു കിട്ടിയ സംഗീതം ഉത്തമശിഷ്യന്മാർക്കു വീതിച്ചു കൊടുത്തുകൊണ്ട് അന്നപൂർണ ജീവിതം സഫലമാക്കി. വിധി ഒരേസമയം അനുഗ്രഹിക്കുകയും വേദനിപ്പിക്കുകയും ചെയ്ത അന്നപൂർണയുടെ ജീവിതം എങ്ങനെയായിരുന്നു എന്ന് ക്ഷണദീപ്തിയിൽ പരിശോധിക്കുകയാണ് ഈ ലേഖനം.

അന്നപൂർണാദേവി

അന്നപൂർണാദേവി

അന്നപൂർണയുടെ മൂത്ത സഹോദരി ജഹനാരക്കും സംഗീതബോധമുണ്ടായിരുന്നു. കുട്ടിക്കാലം തൊട്ടേ അവർ സംഗീതോപകരണങ്ങൾ മീട്ടുകയും പിതാവിൽനിന്നും സംഗീതപാഠങ്ങൾ പഠിക്കുകയും ചെയ്തിരുന്നു. നിർഭാഗ്യവശാൽ വിവാഹം ചെയ്തയച്ചതോടെ അവളുടെ സ്വപ്നങ്ങൾക്കു മേൽ ഇരുൾപരന്നു. കടുത്ത സംഗീതവിരോധിയായിരുന്നു അവളുടെ ജാമാതാവ്. സംഗീതപ്രേമത്തിന്റെ പേരിൽ ആ സ്ത്രീ ജഹനാരക്ക് ഒരിക്കലും ഒരു സ്വൈര്യവും കൊടുത്തില്ല. മാത്രമല്ല, ഒരിക്കൽ അവൾ ആരാധിച്ചിരുന്ന തന്ത്രിവാദ്യമെടുത്ത് അഗ്നിക്കിരയാക്കുകയും ചെയ്തു. അതോടെ കടുത്ത നൈരാശ്യത്തിനും വിഷാദരോഗത്തിനും ജഹനാര വിധേയയായി.

ഒടുവിൽ ജഹനാരയെ അവർ ഒരു മുറിക്കുള്ളിലിട്ടു പൂട്ടി പീഡിപ്പിക്കുവാനും തുടങ്ങി. എങ്ങനെയൊക്കെയോ ഭർതൃഗൃഹത്തിൽ നിന്നും രക്ഷപ്പെട്ടോടി ആ ശുദ്ധാത്മാവ് സ്വഭവനത്തിൽ തിരിച്ചെത്തി. പിതാവും മാതാവും സാന്ത്വനിപ്പിക്കുവാൻ അത്യധികം പരിശ്രമിച്ചുവെങ്കിലും ജഹനാരയുടെ വേദനയും ആധിയും ശമിച്ചില്ല. അവൾക്ക് കടുത്ത ജ്വരം ബാധിച്ചു. മാതാവിന്റെ മടിയിൽക്കിടന്ന് ആ സാധു കണ്ണടച്ചു. ഈ അനുഭവം ബാബ അലാവുദ്ദീൻ ഖാനെ മരണം വരെ നീറ്റിക്കൊണ്ടേയിരുന്നു. പെൺകുട്ടികളെ സംഗീതമഭ്യസിപ്പിക്കുകയില്ല എന്ന കടുത്ത തീരുമാനത്തിലേക്ക് ഈ ദുരന്തം അദ്ദേഹത്തെ എത്തിച്ചു.

താൻ ഉൾക്കൊണ്ടു കഴിഞ്ഞിരുന്ന സംഗീതം അടുത്ത പരമ്പരയിലേക്ക് പകരുവാൻ ബാബ അദമ്യമായി അഭിലഷിച്ചിരുന്നു. അലി അക്ബർ എന്നു പേരായ പുത്രനിലായിരുന്നു ആദ്യം ബാബ പ്രതീക്ഷയർപ്പിച്ചത്. അവന് അക്കാലത്ത് പത്തു വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നോർക്കണം. കഠിനമായിരുന്നു ആ കുട്ടിയിൽ ബാബ അടിച്ചേൽപ്പിച്ച സംഗീത ശിക്ഷണവും അച്ചടക്കവും. തന്റെ പ്രതീക്ഷകൾക്കൊത്ത് പുത്രൻ (ശിഷ്യൻ) പ്രതിഭ പ്രകടിപ്പിക്കുന്നില്ലെന്നു കണ്ട് ബാബ പലപ്പോഴും വ്യഥിതചിത്തനായി.

അങ്ങനെയിരിക്കെ താൻ മകനെ പഠിപ്പിക്കാൻ ശ്രമിച്ച പാഠങ്ങൾ ഒളിഞ്ഞുനിന്നു കേൾക്കുക മാത്രം ചെയ്ത അന്നപൂർണ താൻ വീട്ടിലില്ല എന്ന ധൈര്യത്തിൽ ഒരിക്കൽ സഹോദരന് പറഞ്ഞു കൊടുക്കുന്നതും അവനെ പഠിപ്പിക്കുവാൻ ഉപയോഗിച്ചിരുന്ന തന്ത്രിവാദ്യത്തിൽ മീട്ടുന്നതും കേട്ട് ബാബ അത്ഭുതസ്തബ്ധനായി. തന്റെ പാരമ്പര്യം നിലനിർത്താൻ വേണ്ടി ദൈവം സമ്മാനിച്ചതാണ് അന്നപൂർണയെ എന്ന് ആ നിമിഷം ബാബ തിരിച്ചറിഞ്ഞു.

ചിത്രപൗർണമി നാളിൽ ജനിച്ച അന്നപൂർണയ്ക്ക് ആ പേര്നൽകിയത് മെയ്റിലെ രാജാവായിരുന്ന രാജാ ബ്രിജ്‌നാഥസിംഗായിരുന്നു. മെലിഞ്ഞിരുണ്ട ആ പെൺകുട്ടിക്ക്- "റോഷനാര' എന്നൊരു പേരുകൂടിയുണ്ടെന്ന് പിന്നീടാരും തന്നെ ഓർത്തതേയില്ല

ചിത്രപൗർണമി നാളിൽ ജനിച്ച അന്നപൂർണയ്ക്ക് ആ പേര് നൽകിയത് മെയ്ഹറിലെ രാജാവായിരുന്ന രാജാ ബ്രിജ്നാഥ സിംഗായിരുന്നു. മെലിഞ്ഞിരുണ്ട ആ പെൺകുട്ടിക്ക് റോഷനാര എന്നൊരു പേരുകൂടിയുണ്ടെന്ന് പിന്നീടാരും തന്നെ ഓർത്തതേയില്ല. ഒരു ദിവസം തന്റെ സരസ്വതീ വിഗ്രഹത്തിന് മുന്നിൽ പ്രതിഷ്ഠിച്ചിരുന്ന സംഗീതോപകരണങ്ങളിൽ നിന്നും 'സിതാർ' പുറത്തെടുത്ത് മകൾക്കു നൽകി, ബാബ അവളെ അനുഗ്രഹിച്ചു. തന്റെ ഗുരുവായ വസീർഖാനെ മനസാ പ്രണമിച്ചുകൊണ്ട് അന്നപൂർണയെ ബാബ വിദ്യയുടേയും കലാസാഹിത്യാദികളുടേയും പരമദേവതയായ സരസ്വതിക്കു സമർപ്പിച്ചു. താൻ മുമ്പ് കൈക്കൊണ്ടിരുന്ന സമീപനത്തിന്റെ കാരണമായ ദുരന്തം അതിന്‌ വിഘാതമായില്ല.
അനന്തമായ ക്ഷമയും ശാന്തമായ മനസ്സുമാണ് സംഗീതാഭ്യസനത്തിന് അത്യാവശ്യം വേണ്ട ഘടകങ്ങൾ അന്നപൂർണയിൽ ഈ രണ്ടു ഗുണങ്ങളും സവിശേഷമായി സമ്മേളിച്ചിരുന്നു.

ബാബാ അലാവുദ്ദീൻ ഖാനും അന്നപൂർണാദേവിയും

ബാബാ അലാവുദ്ദീൻ ഖാനും അന്നപൂർണാദേവിയും

മൂത്തപുത്രിയുടെ മരണകാരണം സംഗീതത്തോടുള്ള അഭിനിവേശമാണെന്ന് കണ്ട് അകം നീറിക്കഴിഞ്ഞിരുന്നതിനാലാണ് തനിക്കു ബാബ സംഗീതം നിഷേധിച്ചതെന്ന് അറിയാമായിരുന്നതിനാൽ, ഒരിക്കലും അതുവരെ അന്നപൂർണയ്ക്ക് പിതാവിനോട് ദേഷ്യം തോന്നിയിരുന്നില്ല. ബാല്യം തൊട്ടേ അവൾക്കു സ്വപിതാവിന്റെ വ്യക്തിവൈശിഷ്ടം തിരിച്ചറിയുവാൻ കഴിഞ്ഞിരുന്നു. ആരാധനാഭാവത്തോടെയാണ് അവൾ അദ്ദേഹത്തെ കണ്ടിരുന്നതും. കുട്ടിക്കാലംതൊട്ടു തന്നെ പാവപ്പെട്ടവരോട് അതിരറ്റ സഹാനുഭൂതിയും അവൾ പുലർത്തിപ്പോന്നിരുന്നു.

അസാധാരണമായ ഒരു സംഗീതോപകരണമാണ് "സുർബഹാർ.' വലിയ ഒരു സിതാറോ കച്ഛപി വീണയോ പോലെയുള്ള സുർബഹാർ വായിക്കുന്നതിലുള്ള ക്ലേശം മറ്റുപകരണങ്ങൾക്കില്ല. സുർബഹാറിനെയാണ് തന്റെ ആത്മസംഗീതം പൊഴിക്കുവാനുള്ള മാധ്യമമായി അന്നപൂർണ സ്നേഹിച്ചത്.

അസാധാരണമായ ഒരു സംഗീതോപകരണമാണ് 'സുർബഹാർ.' വലിയ ഒരു സിതാറോ  കച്ഛപി വീണയോ പോലെയുള്ള സുർബഹാർ വായിക്കുന്നതിലുള്ള ക്ലേശം മറ്റുപകരണങ്ങൾക്കില്ല. സുർബഹാറിനെയാണ് തന്റെ ആത്മസംഗീതം പൊഴിക്കുവാനുള്ള മാധ്യമമായി അന്നപൂർണ സ്നേഹിച്ചത്. ആ സംഗീതോപകരണത്തോടുള്ള അന്നപൂർണയുടെ ഭക്തി അചഞ്ചലവും അനുപമവുമായി വളർന്നുവന്നുകൊണ്ടേയിരുന്നു. പിന്നീട് സിതാറിലും ഓടക്കുഴലിലും സരോദിലും അന്നപൂർണ സ്വന്തം സവിശേഷ സിദ്ധികൾ പ്രകടിപ്പിക്കുകയുണ്ടായിയെങ്കിലും ജീവിതാന്ത്യം വരേയ്ക്കും സുർബഹാറിനെയാണ് ആ മഹാസംഗീതജ്ഞ നെഞ്ചോടമർത്തിയത് എന്നുകാണുന്നു.

പ്രശസ്തനായ ഒരു അഭിഭാഷകന്റെ മകനായാണ് ഉദയശങ്കർ ജനിച്ചത്. അമ്മ ഹേമാംഗിനി ഒരു പ്രഭുകുടുംബസന്തതിയും. നാലു സഹോദരന്മാരായിരുന്നു ഉദയശങ്കറിനുണ്ടായിരുന്നത്. ഏറ്റവും താഴെയായിരുന്ന രവിശങ്കർ. മൂന്നാമത്തെ സഹോദരനായിരുന്ന ഭൂപേന്ദ്രശങ്കർ ചെറുപ്രായത്തിലേ തന്നെ മരിച്ചുപോയി.

പിതാവായ ശ്യാംശങ്കർ ചൗധരി ലണ്ടനിലായിരിക്കെ ഉദയശങ്കറിനെ ജെ ജെ സ്കൂൾ ഓഫ് ആർട്സിൽ നിന്നും ചിത്രകലയും ഗന്ധർവ മഹാവിദ്യാലയത്തിൽ നിന്നും നൃത്തവുമഭ്യസിപ്പിച്ചു. 1927‐ൽ ഉദയശങ്കർ ലണ്ടനിലെത്തി റോയൽ കോളജ് ഓഫ് ആർട്സിൽ ചിത്രകലയിൽ ഉപരിപഠനത്തിന് ചേർത്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം ശേഖരിക്കുവാനായി നടത്തിയ നൃത്ത സദസ്സുകളിൽ വെച്ച് ഒരിക്കൽ റഷ്യൻ നർത്തകിയായി അന്ന പാവ്ലോവ്നയെ സന്ധിക്കാനുമിടയായി.

ഈ ബന്ധം ഉദയശങ്കറിന്റെ ജീവിതം മാറ്റി മറിക്കുവാൻ കാരണമായി. ഉദയശങ്കറിന്റെ നൃത്തപ്രകടനം അന്ന പാവ്ലോവ്നയെ വിസ്മിതയാക്കി. ആ യുവാവിന്റെ ചലനങ്ങളും ശരീരലയവും താൻ ചെയ്തുകൊണ്ടിരുന്ന നൃത്തപദ്ധതിക്ക് പൂരകമാകുമെന്ന് അവർ കണ്ടു. തന്റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനുള്ള ഒരു ശിഷ്യനെ ലഭിച്ചതിൽ പാവ്ലോവ്ന സന്തുഷ്ടയായി.

ഇന്ത്യൻ ആശയങ്ങൾക്ക് നൃത്തരൂപം നൽകി അവതരിപ്പിച്ചുപോന്ന പാവ്ലോവ്നയുടെ രണ്ട് നൃത്താവിഷ്കാരങ്ങൾക്ക് സഹായിയായി പ്രവർത്തിക്കുകയും കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പാവ്ലോവ്നയെ അനുഗമിക്കുകയും ചെയ്തു ഉദയശങ്കർ.

ഉദയശങ്കർ

ഉദയശങ്കർ

ആ യാത്ര ഒൻപതു മാസങ്ങൾ നീണ്ടുപോയി. ഉദയശങ്കറിന്റെ ചിത്രകലാപഠനം അവസാനിക്കുകയും ചെയ്തു. തന്റെ ആത്മാവിഷ്കാരോപാധി നർത്തനമാണെന്ന് ആ യുവാവ് തിരിച്ചറിഞ്ഞു എന്നർത്ഥം.

സ്വന്തമായി ഒരു നൃത്തസംഘം രൂപീകരിക്കണമെന്ന മോഹം ആ യാത്രയുടെ അവസാനം ഉദയശങ്കറിൽ മുളച്ചുപൊന്തി. പക്ഷേ 1930‐ലാണ് ആ സ്വപ്നം സാക്ഷാത്കൃതമായത്. പാവ്ലോവ്നയോടൊപ്പം നടത്തിയ ആ ദീർഘയാത്ര തന്നെയാണ് ഈ മോഹം സാധിത പ്രായമാക്കുവാൻ ഉദയശങ്കറിന് അടിസ്ഥാനമായത്. ആ യാത്രയിൽ രണ്ടു സവിശേഷവ്യക്തിത്വങ്ങളെ ഉദയശങ്കർ പരിചയപ്പെടുവാനിട വന്നിരുന്നു.

സിമ്വോൻ ബാർബിയർ എന്ന പിയാനിസ്റ്റാണ് ആ രണ്ടു പേരിലൊരുവൾ. ശുദ്ധകലയുടെ ഹൃദയം തേടി നടന്ന ആ കലാകാരി പിന്നീട് ഉദയശങ്കറിന്റെ നൃത്തസംഘത്തിലെ പ്രമുഖ അംഗമായിത്തീരുകയും ചെയ്തു. ശിൽപകലാ വിദഗ്ധയായ ഒരു സൂറിച്ചുകാരിയാണ് രണ്ടാമത്തെ ഉപകർത്താവ്. ആലീസ് ബോണെർ. നൃത്തസംഘരൂപീകരണത്തിന് പ്രചോദനം നൽകിയ ഇക്കൂട്ടർ തന്നെയാണ് പ്രായോഗിക സഹായങ്ങളും ഉദയശങ്കറിന് നൽകിയത്.
ആയിടെ കൽക്കത്തയിൽവെച്ച് ബാബ അലാവുദ്ദീൻ ഖാന്റെ ശിഷ്യനും സരോദ് വാദകനുമായ തിമിർബാരൻ ഭട്ടാചാര്യയെ കണ്ടുമുട്ടാനിടവന്ന ഉദയശങ്കർ തന്റെ സംഗീതവിഭാഗത്തിലേക്ക് അദ്ദേഹത്തെയും ഉൾപ്പെടുത്താനാഗ്രഹിച്ചു. തിമിർബാരൻ ഭട്ടാചാര്യ ആ ക്ഷണം സ്വീകരിക്കുകയുമുണ്ടായി.

1931‐ൽ ഉദയശങ്കർ പുത്തൻ നൃത്തസംഘത്തോടൊപ്പം വിദേശ പരിപാടികൾക്കു യാത്രയായി. രണ്ടു വർഷങ്ങൾക്കു ശേഷമാണ് തിരിച്ചെത്തിയത്. ഉദയശങ്കറിനോടൊപ്പം സ്ഥിരം സഹയാത്രികനായി തുടരുന്നത് തന്റെ ഭാവിഭദ്രതയ്ക്കും കലാപരമായ മുന്നേറ്റത്തിനും തടസ്സമാകുമെന്ന് കണ്ട തിമിർബാരൻ ഭട്ടാചാര്യ, കൽക്കത്തയിലെത്തിയ പാടെ ഉദയശങ്കറിനെ ഉപേക്ഷിച്ചുപോയി. പുതിയ ഒരു സംഗീതവിദഗ്ധനുവേണ്ടിയുള്ള തിരക്കുപിടിച്ച അന്വേഷണങ്ങൾക്കിടയിൽ ബാബ അലാവുദ്ദീൻ ഖാനെക്കുറിച്ചുള്ള സ്തുതിവാചകങ്ങൾ ഉദയശങ്കറിന്റെ ചെവികളിൽ വന്നുവീണു. ബാബയെ തന്റെ നൃത്തസംഘത്തിൽ ഉൾപ്പെടുത്തുവാൻ ഉദയശങ്കറിന്റെ ഉള്ളം അതോടെ തുടിച്ചു.

ഏറ്റവും ഇളയ അനുജനായ രവിശങ്കറിനെ തന്റെ ആദ്യ യൂറോപ്പ് നൃത്തയാത്രയ്ക്ക് ഉദയശങ്കർ കൂടെകൂട്ടിയിരുന്നു. അന്ന് അവന് പന്ത്രണ്ടു വയസ്സേ ഉള്ളൂ. ആദ്യമാദ്യം പാശ്ചാത്യസംസ്കാരം ആ കൗമാരക്കാരനെ മുഷിപ്പിച്ചുവെങ്കിലും പോകെപ്പോകെ രവിശങ്കർ അതുമായി പൊരുത്തപ്പെട്ടു. ഈ പൊരുത്തപ്പെടൽ പിന്നീട് രവിശങ്കർ ചിട്ടപ്പെടുത്തിയ ഫ്യൂഷൻ സംഗീതത്തിൽ പ്രതിഫലിക്കുന്നുണ്ട്. ആർഭാടം നിറഞ്ഞ വേഷഭൂഷകളണിഞ്ഞ് നഗരരാവുകളിലെ ആഘോഷജീവിതം കാണുകയെന്നത് രവിശങ്കറിന് ഹരമായി മാറി, പന്ത്രണ്ടാം വയസ്സിൽത്തന്നെ.

ബാബ അലാവുദ്ദീൻ ഖാനുമായി രവിശങ്കർ പരിചയത്തിലാകുന്നത് ഉദയശങ്കർ ട്രൂപ്പിന്റെ രണ്ടാമത്തെ യൂറോപ്യൻ പര്യടനത്തിനിടയിലാണ്. തന്നിൽ ഉറങ്ങിക്കിടന്നിരുന്ന സംഗീതത്തെ ആ മഹാസംഗീതജ്ഞന്റെ സാന്നിധ്യത്തിലാണ് ആദ്യമായി രവിശങ്കർ തിരിച്ചറിഞ്ഞത്. അതുവരെ അറിയാത്ത അനുഭൂതികളുടെ ദിവ്യലോകത്തിലേക്കാണ് രവിശങ്കറിനെ ബാബയുടെ സംഗീതം ഉണർത്തിക്കൊണ്ടുപോയത്.

ബാബ അലാവുദ്ദീൻ ഖാനുമായി രവിശങ്കർ പരിചയത്തിലാകുന്നത് ഉദയശങ്കർ ട്രൂപ്പിന്റെ രണ്ടാമത്തെ യൂറോപ്യൻ പര്യടനത്തിനിടയിലാണ്. തന്നിൽ ഉറങ്ങിക്കിടന്നിരുന്ന സംഗീതത്തെ ആ മഹാസംഗീതജ്ഞന്റെ സാന്നിധ്യത്തിലാണ് ആദ്യമായി രവിശങ്കർ തിരിച്ചറിഞ്ഞത്. അതുവരെ അറിയാത്ത അനുഭൂതികളുടെ ദിവ്യലോകത്തിലേക്കാണ് രവിശങ്കറിനെ ബാബയുടെ സംഗീതം ഉണർത്തിക്കൊണ്ടുപോയത്. എന്നാൽ രവിശങ്കർ അതിനകം സ്വീകരിച്ചുകഴിഞ്ഞ രീതികൾ ബാബയ്ക്ക് ഉൾക്കൊള്ളാൻ കഴിയാത്തവയായിരുന്നു. ഉത്സവപരതയാളുന്ന ബഹിർമുഖത്വത്തിൽനിന്ന് ആന്തരലോകത്തിന്റെ സ്വച്ഛതയിലേക്ക് രവിശങ്കറിനെ തിരികെക്കൊണ്ടു വന്നാൽ മാത്രമേ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഹൃദയത്തിലേക്ക് അയാളെ വഴിനടത്തുവാൻ കഴിയൂ എന്നായിരുന്നു ബാബ തിരിച്ചറിഞ്ഞത്.

എന്നാൽ മരണംവരെയും തന്റെ ബഹിർമുഖത്വം കൈവെടിയുവാൻ രവിശങ്കറിന്‌ കഴിഞ്ഞില്ല. കീർത്തിക്കും ധനത്തിനും ലോകഭോഗങ്ങൾക്കും വേണ്ടി ഉഴറി നടന്നു ആ കലാകാരൻ. അതിനുവേണ്ടി തന്റെ ഭാവിഭാര്യയായിത്തീർന്ന അന്നപൂർണാദേവിയുടെ സ്വപ്നങ്ങളെ ഹോമിക്കുകയും ഗുരുവായ ബാബ അലാവുദ്ദീൻ ഖാനെ നിത്യദുഃഖത്തിലേക്ക് തള്ളിവിടുകയും ചെയ്തു എന്നു പറഞ്ഞാൽ മതിയല്ലോ. ശിഷ്യന്റെ ശലഭപ്രകൃതിയെ നിയന്ത്രിച്ച് നേരെ കൊണ്ടുവരാനാണ് ആദ്യം തന്നെ ബാബ ശ്രമിച്ചത്.

വിദേശയാത്ര പൂർത്തിയാക്കി തിരിച്ചെത്തിയപ്പോഴേക്കും ബാബയുടെ കീഴിൽ സംഗീതപഠനത്തിന് രവിശങ്കർ സജ്ജനായി എന്നു കണ്ട ഉദയശങ്കർ രവിശങ്കറിന്റെ അപേക്ഷ സത്വരം പരിഗണിക്കുകയുണ്ടായി. രവിശങ്കറിന് സംഗീതത്തോടുള്ള അഭിനിവേശം താൽക്കാലികമാണെന്നും വൈകാതെ അയാൾ പിരിഞ്ഞുവന്ന് നൃത്തസംഘത്തിൽ ലയിക്കുമെന്നാണ് ആ സമയം ഉദയശങ്കർ കരുതിയത്.
നൃത്തം പൂർണമായും ഉപേക്ഷിക്കേണ്ടിവരുമെന്നും എങ്കിലേ സിതാറിൽ പൂർണത കൈവരിക്കാൻ കഴിയൂ എന്നും ബാബ രവിശങ്കറിനെ ബോധ്യപ്പെടുത്തിയിരുന്നു. ബാബയുടെ ആ കാഴ്ചപ്പാടും പ്രബോധനവും രവിശങ്കറിന്റെ ചിന്തയിൽ പ്രകാശം വീഴ്ത്തിയിരുന്നു. തന്റെ തുടർജീവിതം എങ്ങനെയാവണമെന്ന് ആ  യുവാവ് തീരുമാനിച്ചതങ്ങനെയാണ്. യാത്രാവേളയിൽ ബാബയെ കഴിയുന്നത്ര ശുശ്രൂഷിക്കുവാനും സഹായിക്കുവാനും രവിശങ്കർ സമയം കണ്ടെത്തിയിരുന്നു. സാധാനയ്ക്കും പൂർണതയ്ക്കും വേണ്ടി സ്വയം സമർപ്പിക്കുന്നതിനായുള്ള വെമ്പലിൽ മറ്റെല്ലാം അയാൾക്ക് മറക്കുവാനും കഴിഞ്ഞു.

രവിശങ്കറിന്റെ ജ്യേഷ്ഠത്തിയായ കൃഷ്ണാശങ്കറിനാണ് രവിശങ്കറിനെയും അന്നപൂർണയേയും വിവാഹത്തിലൂടെ ഒന്നാക്കണമെന്ന ചിന്ത ആദ്യമുണ്ടായത്. ആ വിവാഹബന്ധം രവിശങ്കറിനെന്തുകൊണ്ടും ഗുണകരമാവുമെന്ന് ആ സ്ത്രീ വിലയിരുത്തിയത് എന്തു കാരണത്താലാണാവോ? ഒരേ താൽപ്പര്യങ്ങളുള്ളവരായതിനാൽ അന്നപൂർണയും രവിശങ്കറും സുഖമായി ജീവിച്ചുകൊള്ളുമെന്നതാവുമോ അവർ കണ്ടെത്തിയ ന്യായം? ഭർത്താവിനു മുന്നിൽ ഈ ആശയം അവതരിപ്പിക്കപ്പെട്ടപ്പോൾ ആദ്യം വെറും തമാശയായാണ് അദ്ദേഹം ആ ആശയത്തെ പരിഗണിച്ചത്. പിന്നീട് ആ ചിന്ത ഗൗരവതരമായപ്പോൾ ബാബ അലാവുദ്ദീൻ ഖാൻ അതെങ്ങനെ ഉൾക്കൊള്ളുമെന്നറിയാതെ ഉദയശങ്കർ കുഴങ്ങി. ഒരു ഹിന്ദുകുടുംബത്തിലേക്ക് തന്റെ അരുമമകളെ വിവാഹം കഴിച്ചയയ്ക്കുവാൻ ബാബ തയ്യാറാകാതിരുന്നാൽ അത് സ്വാഭാവികം മാത്രമല്ലേ? ആ കാലത്ത് അത്തരം വിവാഹബന്ധങ്ങൾ അത്യന്തം അപൂർവമായിരുന്നു.

ബാബ സ്വപുത്രിയെ എത്രമേൽ സ്നേഹിച്ചിരുന്നു എന്ന സത്യം ഉദയശങ്കറിനറിയാമായിരുന്നുവല്ലോ. വത്സലപുത്രിയായിരുന്ന ജഹനാരയുടെ ജീവിതദുരന്തത്തിന്റെ മുറിപ്പാടുകൾ പേറിയാണ് ആ മനുഷ്യൻ ജീവിച്ചിരുന്നതെന്നും ഉദയശങ്കറിനറിയാമായിരുന്നുവല്ലോ.1937‐ൽ വിദേശത്തുവെച്ചാണ് രവിശങ്കർ ഒരു പെൺകുട്ടിക്ക് തന്റെ ഹൃദയം കൈമാറുന്നത്.  ഉസ്ര എന്നായിരുന്നു അവളുടെ പേര്. മെയ്ഹറിൽ താമസമാക്കിയിട്ടും രവിശങ്കറിന്റെ മനസ്സിൽ നിന്നും അവളെക്കുറിച്ചുള്ള ഓർമ്മകൾ മാഞ്ഞുപോയില്ല. ഏകാന്തരാത്രികളിൽ അവളെപ്പറ്റിയുള്ള ചിന്ത അയാളുടെ ഹൃദയത്തെ മഥിച്ചു.

അന്നപൂർണയുമായി രവിശങ്കർ വിവാഹിതനായേക്കുമെന്ന വാർത്തകൾ കാറ്റിൽ വ്യാപിച്ചിരുന്ന കാലത്ത് (1940‐41) ബാബ അലാവുദ്ദീൻ ഖാൻ അൽമോറയിൽ കുറച്ചുകാലം സംഗീതാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. അതിനകം തന്റെ ശിഷ്യനായിക്കഴിഞ്ഞിരുന്ന രവിശങ്കറിനേയും അദ്ദേഹം കൂടെക്കൂട്ടി.

അന്നപൂർണയുമായി രവിശങ്കർ വിവാഹിതനായേക്കുമെന്ന വാർത്തകൾ കാറ്റിൽ വ്യാപിച്ചിരുന്ന കാലത്ത് (1940‐41) ബാബ അലാവുദ്ദീൻ ഖാൻ അൽമോറയിൽ കുറച്ചുകാലം സംഗീതാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. അതിനകം തന്റെ ശിഷ്യനായിക്കഴിഞ്ഞിരുന്ന രവിശങ്കറിനേയും അദ്ദേഹം കൂടെക്കൂട്ടി. ഉസ്രയുമായി സന്ധിക്കുന്നതിന് ഈ നാളുകൾ രവിശങ്കറിന് കളമൊരുക്കി. പക്ഷേ അൽമോറയിൽ വെച്ച് ആ വിവാഹം നടക്കുന്നതിന് മുൻപേ തന്നെ അവൾ നൃത്തകേന്ദ്രം ഉപേക്ഷിച്ചു തിരിച്ചുപോയി. പിന്നീട് അവളും വിവാഹിതയായെങ്കിലും ദാമ്പത്യം അൽപ്പകാലമേ നിലനിന്നുള്ളൂ. വൈകാതെ വിധവയായിത്തീരുകയായിരുന്നു.
വിവാഹത്തിന്റെ ദിനങ്ങൾ അന്നപൂർണ സന്തോഷവതിയായിരുന്നു. തങ്ങൾക്ക് ഒരു കുഞ്ഞുണ്ടാകുവാൻ പോകുന്നുവെന്ന സന്ദേശം രവിശങ്കറിന് അന്നപൂർണ നൽകിയ ദിവസം മുഴുവൻ അയാൾ സന്തോഷചിത്തനായി കഴിച്ചുകൂട്ടി. കലാവതി രാഗത്തിലുള്ള ഒരു ഗാനമാണ് അയാൾ അന്നു മുഴുവൻ മൂളിക്കൊണ്ടിരുന്നത്.

കുട്ടിപിറന്ന് അധികം വൈകാതെ തന്നെ അന്നപൂർണയുടെ സന്തോഷത്തിന്റെ നാളുകൾ അസ്തമിച്ചു. ആ ദാമ്പത്യത്തിൽ കരടുകൾ വീണു തുടങ്ങിയതാണ് കാരണം. 1944‐ൽ രവിശങ്കറിന് മാരകമായ ഒരു ജ്വരം ബാധിച്ചു. അന്നപൂർണ കുട്ടിയേയും രോഗിയായ ഭർത്താവിനേയും ശുശ്രൂഷിക്കുവാൻ വളരെ ബുദ്ധിമുട്ടി. പക്ഷേ രവിശങ്കറിന്റെ ഒരു ജ്യേഷ്ഠനായ രാജേന്ദ്രശങ്കർ ബോംബെയിലുള്ള തന്റെ വീട്ടിലേക്ക് രവിശങ്കറിനെ കൂട്ടിക്കൊണ്ടുപോകാനും ചികിത്സിക്കുവാനുള്ള സൗമനസ്യം പ്രദർശിപ്പിച്ചു. ആ പോക്ക് അന്നപൂർണയെ കൂടുതൽ ക്ലേശങ്ങളിലേക്ക് തള്ളിവിട്ടു.

പിന്നീടുള്ള നാളുകൾ അന്നപൂർണയ്ക്ക് സഹനത്തിന്റേതായിരുന്നു. രവിശങ്കറിന്  മറവിരോഗവും പിടിപെട്ടു. കുട്ടിയേയും മന്ദബുദ്ധിയെപ്പോലെയായിപ്പോയ രവിശങ്കറിനേയും ശുശ്രൂഷിക്കുവാൻ അവൾ ഒറ്റയ്ക്കേ ഉണ്ടായിരുന്നുള്ളൂ. അന്നപൂർണയുടെ പേരു പോലും രവിശങ്കറിന് ഓർമ്മിക്കാൻ കഴിയാതെയായി. സംഗീതപാഠങ്ങൾ രവിശങ്കർ മറന്നുപോയി. കൈ നേരെപിടിച്ച് സിതാർ വായിക്കാനും കഴിയാതെയായി.
മറന്നുപോയ സംഗീതപാഠങ്ങൾ നിഷ്ഠയോടെ വീണ്ടും ഭർത്താവിനെ അന്നപൂർണ അഭ്യസിപ്പിച്ചു. മഹത്തായ ത്യാഗമായിരുന്നു അത്. പോകെപ്പോകെ രവിശങ്കർ ഓർമ്മശക്തി വീണ്ടെടുത്തു. പൂർണാരോഗ്യവാനുമായി. സിതാർ യഥാവിധി വായിക്കാമെന്നുമായി.

ഇക്കാലത്ത്, പിന്നീട് ജീവിതത്തിലൊരിക്കലും തനിക്ക് ഉൾക്കൊള്ളാൻ കഴിയാതിരുന്ന ചില സത്യങ്ങളിലേക്ക് അന്നപൂർണ എത്തി. ഒടുവിൽ തനിക്ക് മറ്റൊരു സ്ത്രീയോട് ഇപ്പോഴും അവസാനിക്കാതെ നിൽക്കുന്ന അനുരാഗത്തെക്കുറിച്ച് രവിശങ്കർ ഏറ്റുപറഞ്ഞു. കമലയെ തനിക്ക് മറക്കാൻ കഴിയുകയില്ല എന്നതായിരുന്നു ആ സത്യകഥനം. ഒരിക്കലും മേലിൽ അവളോടുള്ള അഭിനിവേശം നിയന്ത്രിച്ചു നിർത്താൻ കഴിയുമെന്നു തോന്നുന്നുമില്ല. ഈയിടെ പ്രണയലേഖനങ്ങൾ പോലും കൈമാറാൻ തുടങ്ങിയിരുന്നു. എന്തിന് രവിശങ്കർ ഈ ഹൃദയരഹസ്യം ഭാര്യയോട് തുറന്നു പറഞ്ഞു? സ്വയം ശുദ്ധീകരിക്കുന്നതിനോ? അതോ അന്നപൂർണയെ പീഡിപ്പിക്കുന്നതിനോ? അത്തരം കുമ്പസാരം ഏതു ഭാര്യയ്ക്കാണ് തീരാവേദന സമ്മാനിക്കാതിരിക്കുക? അതുളവാക്കുന്ന ആഘാതത്തെപ്പറ്റി അയാൾക്കെങ്ങനെ ബോധവാനാകാതിരിക്കുവാൻ കഴിയും? തന്റെ പ്രതിഷേധം മൗനത്തിലൂടെയാണ് അന്നപൂർണ അറിയിച്ചത്. പിന്നീട് മൗനം അവൾക്ക് ഒരു പ്രതികരണശൈലിയായി മാറി. ഒരു രാത്രിയിൽ പക്ഷേ, അവർക്കിടയിൽ കമലയെച്ചൊല്ലി തുറന്ന കലഹവും തർക്കവുമുണ്ടായി.

അന്നപൂർണാദേവി

അന്നപൂർണാദേവി

ജ്യേഷ്ഠനായ രാജേന്ദ്രശങ്കർ, അനുജന്റെ പുതിയ കുതൂഹലത്തെപ്പറ്റി ഭാര്യയിൽനിന്നും അറിഞ്ഞ് ചകിതനും ക്രുദ്ധനുമായി. ഒരിക്കലും അന്നപൂർണയെ ഉപേക്ഷിക്കുവാനോ കമലയെ വിവാഹം കഴിക്കുവാനോ താൻ അനുവദിക്കുകയില്ലെന്ന് ജ്യേഷ്ഠൻ വെട്ടിത്തുറന്നു പറഞ്ഞു. ഗുരുവിന്റെ മകളാണ് അന്നപൂർണ എന്ന് അദ്ദേഹം ആവർത്തിച്ചു ചൂണ്ടിക്കാട്ടുകയും ചെയ്തു. ജീവിതത്തിലെ ദിശാവ്യതിയാനങ്ങൾ തന്നെ ഞെരിച്ചമർത്താതിരിക്കുവാൻ അന്നപൂർണ കരുതൽ പുലർത്തി. തളരാതെ പിടിച്ചുനിൽക്കുവാൻ മൂന്നു കാര്യങ്ങൾ അവൾക്ക് പ്രേരണയായി. ഒന്ന് തന്റെ പിതാവിനോടുള്ള അഗാധസ്നേഹം തന്നെ. താൻ ഹൃദയത്തിൽ സൂക്ഷിക്കുന്ന സംഗീതം രണ്ടാമത്തേത്. 

മകനെ ഒരു സിതാർവാദകനായി ഉയർത്തി കൊണ്ടുവന്ന് പാരമ്പര്യത്തിന്റെ പ്രതിനിധിയാക്കുക എന്നത് മൂന്നാമത്തേതും. ഐഹികമായ കുരുക്കുകളിൽനിന്നും വിട്ടുനിൽക്കുവാൻ സംഗീതം സഹായമാകുമെന്ന് അന്നപൂർണ പൂർണമായും തിരിച്ചറിഞ്ഞ ഒരു കഷ്ടകാണ്ഡമായിരുന്നു ആ കാലം.  ആ കാലം അവളുടെ ജീവിതശൈലിയെ ദൃഢതരമാക്കി. ക്രുദ്ധമായ ഒരു വിപ്ലവമായിരുന്നില്ലത്. മറിച്ച് ശാന്തമായ പ്രതിരോധം തന്നെയായിരുന്നു. ഉള്ളിലെ ശാന്തമായ ആഴങ്ങളിൽ നിന്നുള്ള ചെറുത്തുനിൽപ്പ്.

കാലം പോകെപ്പോകെ ബഹിർമുഖനും കച്ചേരി വിദഗ്ധനുമായ രവിശങ്കറും ശാന്തയും ആത്മാരാമത്വത്തിലേക്ക് നിവൃത്തയായ അന്നപൂർണയും തമ്മിലുള്ള ബന്ധം നാമമാത്രമായിക്കൊണ്ടിരുന്നു. രവിശങ്കറിന് നിരന്തരം സിതാർ കച്ചേരികൾ ലഭിച്ചു തുടങ്ങി. ജനപ്രിയതയ്ക്കുവേണ്ടി രവിശങ്കർ ഒത്തുതീർപ്പുകൾക്കു തയ്യാറായപ്പോൾ കൂടുതൽ വേദികൾ ലഭിച്ചു. മൂകയായ ഒരു നിരീക്ഷകയോ സാക്ഷിയോ മാത്രമായി അന്നപൂർണയും ജീവിച്ചുപോയി.
രവിശങ്കറിനോടൊപ്പം നടത്തിയ ചുരുക്കം ചില കച്ചേരികൾ മാത്രമേ, അന്നപൂർണ പൊതുസദസ്സിൽ അവതരിപ്പിച്ചിട്ടുള്ളു. പൊതുജീവിതത്തിൽ നിന്നും അന്നപൂർണ പൂർണമായും ഉൾവലിയുവാനിടയാക്കിയ സാഹചര്യം രവിശങ്കർ തന്നെ സൃഷ്ടിച്ചതാണ് താനും.

ജീവിതത്തിലുടനീളം ചിലപ്പോഴൊക്കെ കുറ്റബോധം കൊണ്ടാവാം, രവിശങ്കർ ഒത്തുതീർപ്പുകൾക്കായി അന്നപൂർണയെ സമീപിച്ചിരുന്നു. ഒരുപക്ഷേ, സ്വന്തം നേട്ടങ്ങൾക്കു വേണ്ടിയായിരുന്നു അത്തരം സമീപനങ്ങളെന്നും രവിശങ്കറിന്റെ പ്രകൃതം വിലയിരുത്തുമ്പോൾ തോന്നിപ്പോകും. അപ്പോഴൊന്നും പരിഹാസത്തിന്റെ മുദ്രകൾ അത്തരം സമീപനങ്ങളിൽ അന്നപൂർണ ദർശിച്ചില്ല. ഒരു ഉന്നതനായ കലാകാരനോടുള്ള ബഹുമാനം വിയോജിപ്പുകൾക്കിടയിലും അന്നപൂർണ ഭർത്താവിനോട് ജീവിതാവസാനം വരെ പുലർത്തിയിരുന്നുവെന്നത് അവിശ്വസനീയമായി തോന്നാമെങ്കിലും സത്യം തന്നെയാണ്. ബാഹ്യജീവിതത്തെ തന്റെ ആന്തരജീവിതത്തിൽനിന്നും വിജയകരമായി വേർതിരിക്കുന്നതിൽ അവൾ എന്നും നിഷ്ഠ പുലർത്തി. തന്റെ വിധി അവൾ തിരഞ്ഞെടുത്തിരുന്നുവെങ്കിലും പുറമേയ്ക്ക് പിതാവിനെയും മകനെയും കരുതി ജീവിച്ചുപോന്നു. എത്രമേൽ ശ്രമിച്ചിട്ടും ആ മനസ്സ് ക്ലേശമുക്തമായി മാറിയില്ല. മാനസികമായ ആഘാതങ്ങളത്രയും സഹിച്ച് ആ ലോലമനസ്സ് സമനില നിലനിർത്താൻ ശ്രമിച്ചുവെങ്കിലും അപസ്മാരത്തിലേക്കാണ് അത്തരം അടിച്ചമർത്തലുകൾ അവളെ എത്തിച്ചത്. പിതൃഭവനത്തിൽ വെച്ച് പലവട്ടം അപസ്മാരാക്രമണമുണ്ടായി. ആഴ്ചകൾ പിന്നിട്ടാൽ മാത്രമേ, അത്തരം ആഘാതങ്ങളിൽ നിന്ന് വിശ്രാന്തി ലഭിക്കുകയുള്ളൂ.

സഹനത്തിൽ നീറിനീറി ആ ഹൃദയം കരുത്താർജിച്ചു. മെയ്ഹറിലെ ഒറ്റപ്പെട്ട ജീവിതം സംഘർഷങ്ങളെ മാറിനിന്നു കാണുവാൻ അന്നപൂർണയെ പഠിപ്പിച്ചു. ആ കാലം അവൾ ബുദ്ധിപരമായ വളർച്ചയിലേക്കും കുതിച്ചു. അവൾ ഒരുപാട് വായിച്ചുകൂട്ടി. മനഃശാസ്ത്രവും സാഹിത്യവുമായിരുന്നു പ്രധാനം‐ വിശേഷിച്ചും ടാഗോർ കൃതികൾ. പിതാവിൽനിന്നും പുതിയതായെന്തെങ്കിലുമൊക്കെ അഭ്യസിക്കുകയും ചെയ്തു.
ഡൽഹിയിലെ രവിശങ്കറിന്റെ വസതിയിലെത്തിയ അന്നപൂർണ ഭർത്താവിന്റെ സുഹൃത്തുകളുടേയും ശിഷ്യന്മാരുടേയും നിരന്തര സന്ദർശനങ്ങളാൽ പൊറുതിമുട്ടി. സാധനയ്ക്കാവശ്യമായ ഏകാന്തതയും ഏകാഗ്രതയും ഭഞ്ജിക്കപ്പെട്ടു എന്നതാണ് പ്രധാന കാരണം. ആന്തരശാന്തിയെ മുറിപ്പെടുത്തുന്ന ശബ്ദങ്ങൾ എന്നും അവൾക്ക് ദുഃസ്സഹമായാണനുഭവപ്പെട്ടിരുന്നതെന്നത് സ്വാഭാവികം മാത്രം.

ബാബാ അലാവുദ്ദീൻ ഖാന്റെ സംഗീതകച്ചേരി

ബാബാ അലാവുദ്ദീൻ ഖാന്റെ സംഗീതകച്ചേരി

സരോദിനോട് ഛായസാമ്യമുള്ള ഒരു പുരാതനതന്തിവാദ്യമാണ് സുർശൃംഗാർ. ഒരിക്കൽ അലഹബാദ് റേഡിയോസ്റ്റേഷനിൽ ബാബ അലാവുദ്ദീൻ ഖാൻ സുർശൃംഗാറിൽ രണ്ട് രാഗങ്ങൾ വിസ്തരിച്ചു വായിച്ചു. അന്നപൂർണ പൂർണശ്രദ്ധയോടെ പിതാവ് പൊഴിച്ച ശുദ്ധസംഗീതം കേട്ട് കോൾമയിർക്കൊണ്ടു. ആ സംഗീതത്തിന്റെ തനിമയും വിശുദ്ധിയും നിലനിർത്താൻ തനിക്കു കഴിയണമെന്ന് ആ കേൾവിക്കിടെ അവൾ വീണ്ടും പ്രാർത്ഥിച്ചുപോയി. മകനായ ശുഭോശങ്കറിനേയും അവൾ ആ തന്തിവാദ്യപ്രകടനം കേൾപ്പിച്ചുകൊടുത്തു. നാളെ ബാബയുടെ പാരമ്പര്യം അവനിലൂടെയാണല്ലോ ലോകം ഏറ്റുവാങ്ങേണ്ടതെന്ന് അഭിമാനിക്കുകയും ചെയ്തു.

പക്ഷേ സ്വീകരണമുറിയിലിരുന്ന രവിശങ്കറിന്റെ പുത്തൻകൂറ്റുകാരായ ശിഷ്യന്മാർ ആ വാദ്യോപകരണത്തിന്റെ പഴക്കത്തെയും ബാബയുടെ വായനയെയും വിമർശിച്ചുകൊണ്ട് സംസാരിക്കുന്നത് അന്നപൂർണയ്ക്കു സഹിക്കുവാൻ കഴിയുന്നതിനുമപ്പുറത്തായിപ്പോയി. ആധുനികതയ്ക്കു വേണ്ടി പാരമ്പര്യത്തെ കയ്യൊഴിക്കുന്നതെങ്ങനെ എന്ന് അവൾ ചിന്തിച്ചു. ബാബ ഒരിക്കലും ശുദ്ധസംഗീതത്തിൽ അലങ്കാരങ്ങൾ പാകുകയോ  വീട്ടുവീഴ്ചയ്ക്കൊരുങ്ങുകയോ ചെയ്തിട്ടില്ലല്ലോ. നേരെ ഹൃദയത്തിൽനിന്നും ഉറന്നൊഴുകുന്നതായിരുന്നു അദ്ദേഹത്തിന്റെ സംഗീതാവതരണം. അതിനാൽ തന്നെ ആ സംഗീതം നിപുണ ശ്രോത്രാക്കളുടെ ആത്മസത്തയിലേക്ക് ചൂഴ്ന്നിറങ്ങിപ്പോകുകയും ചെയ്തു.
ദൽഹിയിൽ വെച്ച് അന്നപൂർണയോടൊപ്പം രവിശങ്കർ ചെയ്ത ഒരു ജൂഗൽബന്ദിയിൽവെച്ച് ജനപ്രിയതയ്ക്കു വേണ്ടി ബോധപൂർവം രവിശങ്കർ ലളിതവൽക്കരിച്ച സംഗീതം ഒഴുക്കി.

അന്നപൂർണ ഒരിക്കലും അത്തരം കലർപ്പുകൾ സംഗീതത്തിലുൾപ്പെടുത്തുവാൻ സന്നദ്ധയായിരുന്നില്ല. ബാബ പഠിപ്പിച്ചതിൽ നിന്നും താഴേയ്ക്കു പ്രയോഗിക്കുവാൻ അവൾ ഒരിക്കലും തയ്യാറായില്ല. ശ്രോതാക്കൾ അന്നപൂർണയ്ക്കു വിധേയരാവുകയും ചെയ്തു. ആ പരിപാടിയിൽ അന്നപൂർണ സമ്പൂർണവിജയം നേടി. അന്നപൂർണ തന്നേക്കാൾ ശ്രദ്ധിക്കപ്പെട്ടുവെന്ന വസ്തുത രവിശങ്കറിനെ മുറിവേൽപ്പിച്ചു. അവൾ നേടിയ അംഗീകാരം അസ്വാസ്ഥ്യജനകമായി രവിശങ്കറിന് അനുഭവപ്പെട്ടു.

സംഗീതത്തെ ജനപ്രിയമാക്കാനുള്ള രവിശങ്കറിന്റെ ശ്രമങ്ങളെ ഒരിക്കൽപ്പോലും അന്നപൂർണ വിമർശിച്ചിട്ടില്ലെന്നോർക്കണം. സംഗീതത്തിനുവേണ്ടി അദ്ദേഹം സഹിച്ച ത്യാഗങ്ങളെ എന്നും അന്നപൂർണ വിലമതിച്ചു. സംഗീതത്തേക്കാൾ സംഗീതജ്ഞന്‌ പരിവേഷം ലഭിക്കുന്ന പുതിയ കാലത്തിന്റെ രീതികളുമായി അന്നപൂർണയ്ക്ക് യോജിച്ചുപോകുവാൻ കഴിയുമായിരുന്നില്ല. മാത്രമല്ല കച്ചേരികൾ നടത്തുന്നതിൽ അവൾക്ക് താൽപര്യമുണ്ടായിരുന്നുമില്ല. സാധനയിൽ മുഴുകുന്നതിലും ശിഷ്യർക്ക് സംഗീതം പകർന്നുനൽകുന്നതിലുമായിരുന്നു അവൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതായിരുന്നു അവൾക്ക് ആനന്ദം. മകൻ ശുഭോശങ്കറിന് പിതാവിന്റെ സാന്നിധ്യം മിക്കവാറും ലഭ്യമായിരുന്നില്ല. പക്ഷേ തന്റെ പിതാവ് ആരാധനീയനും പ്രശസ്തനുമാണെന്ന് തിരിച്ചറിഞ്ഞതോടെ അവനും പിതാവിനെപ്പോലെയാകണമെന്ന മോഹം ഉള്ളിൽ മുളപൊട്ടി. അതിസമ്പന്നമായ ഒരു സംഗീതപാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ് താനെന്ന തിരിച്ചറിവ് ഇടയ്ക്കിടെ അവനെ അഭിമാനപുളകിതനാക്കുകയും ചെയ്തു. സംഗീതത്തിന്റെ ബാലപാഠങ്ങൾ അമ്മ സിതാറിൽ അവന് നൽകിത്തുടങ്ങിയിരുന്നു.

രവിശങ്കർ നിരന്തരം സംഗീതയാത്രകളിലായിരുന്നു. അതുവരെ സമാഹരിച്ച ധനം കൊണ്ട് ജവഹർലാൽ നെഹ്റുവിന്റെ 'ഇന്ത്യയെ കണ്ടെത്തലി'നെ (Discov-ery of India)  ആധാരമാക്കി ഒരു സംഗീതശില്പത്തിന് രവിശങ്കർ രൂപം നൽകി. അവതരണത്തിന് മുമ്പേ തന്നെ ഇന്ത്യ മുഴുവനും ഇതിനുവേണ്ടി സഞ്ചരിക്കേണ്ടി വന്നു. പക്ഷേ ഈ പദ്ധതി ഒരു സമ്പൂർണപരാജയമായി മാറി. എന്തിനു പറയുന്നു, രവിശങ്കർ കഴുത്തറ്റം കടത്തിൽ മുങ്ങി. കച്ചേരികളിൽനിന്നും പിൻവാങ്ങിക്കഴിഞ്ഞിരുന്ന അന്നപൂർണയ്ക്കു ഭർത്താവിനെ ദുർഘടസന്ധിയിൽനിന്നും കരകയറ്റുവാനായി കച്ചേരികളിൽ വീണ്ടും ഭാഗഭാക്കേണ്ടിവന്നു.

മഹാഗായകനായ വിഷ്ണു ദിംഗബർ പുലസ്ക്കറിന്റെ ഒരു ജന്മദിനാഘോഷത്തിന് അന്നപൂർണയ്ക്ക് ക്ഷണം ലഭിച്ചു. ജന്മദിനാഘോഷം തികഞ്ഞ ഒരു ഹിന്ദുസ്ഥാനി സംഗീതമേള പോലെയാണ് ആഘോഷിക്കപ്പെട്ടത്. പ്രസിദ്ധരായ സംഗീതജ്ഞർ പങ്കെടുത്ത ആ ആഘോഷത്തിൽ അന്നപൂർണയ്ക്ക് സുർബഹാർ വായിക്കേണ്ടിവന്നു.

മഹാഗായകനായ വിഷ്ണു ദിംഗബർ പുലസ്ക്കറിന്റെ ഒരു ജന്മദിനാഘോഷത്തിന് അന്നപൂർണയ്ക്ക് ക്ഷണം ലഭിച്ചു. ജന്മദിനാഘോഷം തികഞ്ഞ ഒരു ഹിന്ദുസ്ഥാനി സംഗീതമേള പോലെയാണ് ആഘോഷിക്കപ്പെട്ടത്. പ്രസിദ്ധരായ സംഗീതജ്ഞർ പങ്കെടുത്ത ആ ആഘോഷത്തിൽ അന്നപൂർണയ്ക്ക് സുർബഹാർ വായിക്കേണ്ടിവന്നു.

വിഷ്‌ണു ദിഗംബർ പുലസ്‌ക്കർ

വിഷ്‌ണു ദിഗംബർ പുലസ്‌ക്കർ

പിന്നീട് ഒരിരുൾത്തുരങ്കത്തിലൂടെയായി രവിശങ്കറിന്റെ യാത്ര (1946‐47). കമലയെ സ്വന്തമാക്കാൻ കഴിയാത്തതിന്റെ വേദന ഉള്ളിൽ കെടാതെ കിടന്നിരുന്നുവല്ലോ. ഗുരുപുത്രിയായതിനാൽ അന്നപൂർണയെ ഉപേക്ഷിക്കുവാനും വയ്യ. സമാധാനം തേടിച്ചെന്നിടത്തൊക്കെ ആ കാലയളവിൽ രവിശങ്കറിന് വിപരീത ഫലങ്ങളാണ് കൈവന്നത്. ധർത്തി കേലാൽ, നീചാനഗർ എന്നീ ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചുവെങ്കിലും ആ ശ്രമങ്ങളും പാഴായി. ആ ചിത്രങ്ങൾ പ്രദർശന വിജയം നേടാതെ പിൻവലിക്കപ്പെട്ടു. സാധന തീവ്രമാക്കേണ്ട സമയത്ത് പ്രദർശനങ്ങൾക്കും സംഘാടനത്തിനുമായി കാലം പാഴാക്കിയതിൽ രവിശങ്കറിന് കുറ്റബോധവും ഖേദവുമനുഭവപ്പെട്ടു. വിഷാദരോഗത്തിലേക്കാണ് ആ മനുഷ്യൻ നടന്നടുത്തത്.

നാനാവശങ്ങളിൽ നിന്നും ഇരുട്ടും പരാജയവും പൊതിയാൻ തുടങ്ങിയപ്പോഴാണ് അദ്ദേഹം ആത്മഹത്യയിൽ അഭയം തേടാൻ നിശ്ചയിച്ചത്. തന്റെ മരണത്തിൽ ആരും കുറ്റക്കാരല്ലെന്ന് ജ്യേഷ്ഠൻ രാജേന്ദ്രശങ്കറിന് ഒരു കുറിപ്പ് എഴുതി വെച്ച ശേഷം തീവണ്ടിക്കു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുവാൻ രവിങ്കർ തീരുമാനിച്ചു. 1955 മാർച്ച് 30‐ാം തീയതി അന്നപൂർണയുടെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു തീയതിയാണ്. അന്നാണ് അന്നപൂർണ തന്റെ അവസാനത്തെ കച്ചേരി അരങ്ങേറിയത്. രവിശങ്കറുമൊത്തുള്ള ഒരു ജൂഗൽബന്ദി. സദസ്സ് മികച്ച സംഗീതജ്ഞരാൽ തിങ്ങി നിറഞ്ഞിരുന്നു. 

കുമാർഗന്ധർവ, ബിസ്മില്ലാഖാൻ, അലി അക്ബർ ഖാൻ, ഹീരാബായ് ബരോളേക്കർ, ഗംഗുഭായി ഹംഗൽ, ജനാക്കത്ത് സലാമത്ത് സഹോദരന്മാർ, എന്നിവർ ആ പ്രമുഖരിൽ ചിലർ മാത്രം.
പതിവിൻപടി ആ ജൂഗൽബന്ദിക്കു ശേഷവും രവിശങ്കറിനേക്കാൾ മികച്ച പ്രകടനം അന്നപൂർണയുടേതായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടു. ഭർത്താവിനെ അതിശയിക്കുന്ന പ്രകടനം കാഴ്ചവെയ്ക്കരുതെന്ന് ബാബ അലാവുദ്ദീൻ ഖാൻ മകൾക്ക് മുൻപ് ഒരു ഉപദേശം നൽകിയിരുന്നു. രവിശങ്കറിനോടുള്ള സ്നേഹം കൊണ്ടാവുമോ അത്? അതോ, അയാളിലുള്ള അധമത്വബോധം തിരിച്ചറിഞ്ഞിരുന്നതു കൊണ്ടോ? അവരുടെ ദാമ്പത്യത്തിൽ അഹങ്കാരത്തിന്റെയും അസൂയയുടേയും കരടുകൾ വീഴരുതെന്ന മോഹത്താൽ തന്നെയോ?

അന്നുരാത്രി രവിശങ്കർ അന്നപൂർണയെ സംഗീതത്തെപ്രതി ഗുണദോഷിക്കുവാൻ ചെലവഴിച്ചു. അന്നപൂർണ മൂകയായി എല്ലാം കേട്ടു നിന്നതേയുള്ളൂ. കാലത്തിനൊത്ത് ഉയരാൻ അന്നപൂർണയ്ക്കു കഴിയുന്നില്ലെന്നും ഒരു പഴഞ്ചൻ സ്കൂളധ്യാപികയുടെ മനോഭാവം ഇനിയെങ്കിലും ഉപേക്ഷിക്കണമെന്നുമായിരുന്നു രവിശങ്കറിന്റെ ഉപദേശം. ജനാഭിരുചിക്കനുസരിച്ച് സംഗീത സിദ്ധാന്തങ്ങളിൽ വെള്ളം ചേർക്കേണ്ടി വരുമെന്ന് കൂട്ടിച്ചേർക്കുവാനും ഇത്തവണ രവിശങ്കർ ധൈര്യപ്പെട്ടു. അന്നത്തെ കച്ചേരിയിൽ അന്നപൂർണയ്ക്കു ലഭിച്ച കയ്യടി നീണ്ടുനിൽക്കുമെന്ന് താൻ കരുതുന്നില്ലെന്നും രവിശങ്കർ അഭിപ്രായപ്പെട്ടു.

രവിശങ്കറും അന്നപൂർണയും ഒരു സംഗീതകച്ചേരിയിൽ

രവിശങ്കറും അന്നപൂർണയും ഒരു സംഗീതകച്ചേരിയിൽ

മുൻപും തങ്ങൾ ഒരുമിച്ചു ജൂഗൽബന്ദി നടത്തിയപ്പോഴൊക്കെയും അന്നപൂർണയാണ് മുൻകൈ നേടിയതെന്ന സത്യം രവിശങ്കറിന്റെ മനസ്സിനെ അലട്ടിയിരുന്നു. സംഗീതോപകരണം മീട്ടുന്നതിലും സംഗീതപാഠങ്ങൾ ശിഷ്യർക്കു പകരുന്നതിലും അന്നപൂർണ പുലർത്തിപ്പോന്ന പൂർണത രവിശങ്കറിനെ അസൂയാലുവാക്കിയിട്ടുണ്ട്. ബംഗാളി യാഥാസ്ഥിതികത്വത്തിലുറങ്ങിക്കിടന്നിരുന്ന പുരുഷമേധാവിത്വ ബോധം രവിശങ്കറിൽ സടകുടഞ്ഞെഴുന്നേൽക്കാൻ തീർച്ചയായും ഈ അധമത്വബോധം കാരണവുമായി.

പൊതുജനദൃഷ്ടിയിൽനിന്നും പിൻവാങ്ങുവാൻ തന്റെ ഭാര്യ ഇച്ഛിച്ചിരുന്നുവെന്ന കാര്യം തിരിച്ചറിയുവാൻ ആ അസ്വസ്ഥചിത്തന്റെ അന്ധതയ്ക്ക് കഴിഞ്ഞതുമില്ല. ഭാര്യയും ഭർത്താവും ഒരേ തൊഴിലിൽ ഏർപ്പെടുമ്പോഴുണ്ടാകുന്ന 'തൊഴിൽപരമായ അസൂയ' സാധാരണക്കാർക്കിടയിലാണെങ്കിൽ സ്വാഭാവികമാവും. പക്ഷേ ഇവർ ശരാശരി മനുഷ്യരായിരുന്നില്ലല്ലോ. ഉൽക്കർഷേച്ഛുവും അഹംഭാവിയുമായിരുന്ന രവിശങ്കർ പ്രത്യക്ഷമായോ പരോക്ഷമായോ ആരും തന്നെ ഭരിക്കുവാനനുവദിക്കുമായിരുന്നില്ല.

അന്ന് രാത്രി അന്നപൂർണ കൈക്കൊണ്ട തീരുമാനം ജീവിതാവസാനം വരെ കാത്തു പാലിച്ചു. സിതാറിനുവേണ്ടി സുർബഹാറിനെ ഉപേക്ഷിക്കുകയില്ലെന്നും ഭർത്താവിന്റെ വിജയകരമായ സംഗീതയാത്രയ്ക്ക് താൻ ഒരിക്കലും ഒരു വിഘാതമാകുകയില്ലെന്നും ആ മഹതി ഉറപ്പിച്ചു. സുർബഹാർ മീട്ടുമ്പോഴാണ് അന്നപൂർണ സ്വാത്മാവിനോട് സംവദിക്കുക. ആ സ്വപ്നവും കൂടി കാറ്റിൽ പറത്തുവാൻ അവൾ ഒരുക്കമായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും ശീതസമരത്തിനു മധ്യേ വളർന്നുവന്ന ബാലനായിരുന്നല്ലോ ശുഭോശങ്കർ. വേദനയിൽ ജീവിച്ച ആ ബാലന് സ്വതേ ആരോഗ്യം കുറവായിരുന്നു. അമ്മയെ ഒറ്റയ്ക്കാക്കിപ്പോയ അച്ഛനോടായിരുന്നു കുട്ടിക്കാലത്തൊക്കെ അവനു ദേഷ്യം. അവസാനം പിതാവിനോടൊപ്പം ചേരാൻ ശുഭോ അമേരിക്കയിലേക്കു പോയി ‐ എല്ലാം പാതിയിൽ നിർത്തിക്കൊണ്ട്.

കുറച്ചുവർഷങ്ങൾക്കകം ശുഭോ തനിക്കു പറ്റിയ അബദ്ധം മനസ്സിലാക്കിയെന്നു അന്നപൂർണയ്ക്കു ബോധ്യം വന്നു. ഒടുവിലൊടുവിൽ അയാൾ പിതാവിൽനിന്നും പൂർണമായും അകന്നു. ഒരിക്കലും ശുഭോയ്‌ക്ക് സ്വന്തം പ്രതിഭ തെളിയിക്കുവാനുള്ള അവസരം രവിശങ്കർ ഒരുക്കിക്കൊടുത്തില്ല. ഇതിനിടെ തന്റെ പുത്രിയുടെ ജീവിതത്തിനു സംഭവിച്ച ദുർഗതി ബാബ അലാവുദ്ദീൻ ഖാൻ മനസ്സിലാക്കി. അദ്ദേഹത്തിന്റെ ജീവിതം ഏറെ ദുഃഖകരമായിത്തീർന്നുവെന്നു പറഞ്ഞാൽ മതിയല്ലോ. മകൾ വീട്ടിൽ വരുമ്പോഴൊക്കെ മേൽമുറിയിലിരുന്ന് സുർബഹാറിൽ ഹൃദയരാഗങ്ങൾ മീട്ടി. അപ്പോഴൊക്കെ ആ വൃദ്ധഹൃദയം തപിച്ചുരുകി. അമ്മ തന്റെ ദുഃഖമാണ് സംഗീതമാക്കിയൊഴുക്കി വിടുന്നതെന്ന് അറിയാനുള്ള വിവേകം ശുഭോ ബാല്യത്തിൽ തന്നെ കൈവരിച്ചുമിരുന്നു.

അമേരിക്കയിൽ രവിശങ്കറിനോടൊപ്പം താമസമാക്കിയ നാൾ മുതൽ പ്രതീക്ഷിച്ച സുരക്ഷിതത്വം തനിക്കു ലഭിക്കുന്നില്ലെന്ന തിരിച്ചറിവ് ശുഭോ ശങ്കറിനുണ്ടായി.  രവിശങ്കർ സദാ സംഗീത പരിപാടികൾക്കായി ലോകത്തെമ്പാടും പറന്നു നടക്കുകയായിരുന്നു. ശുഭോയെ ശ്രദ്ധിക്കുവാൻ ആരുമുണ്ടായില്ല. യുവാക്കൾ സ്വതന്ത്രരായി ജീവിക്കണമെന്ന് നിർദ്ദേശിച്ച് രവിശങ്കർ മകന് ഒരു ചെറിയ ഫ്ളാറ്റും കാറും വാങ്ങി നൽകി. ആ ഗതിമാറ്റം ശുഭോയെ ധൂർത്തിനും നിയന്ത്രണരഹിതമായി ജീവിക്കുന്നതിനും സഹായിക്കുകയാണുണ്ടായത്. ക്രമരഹിതമായ ആ അന്തംവിട്ട ജീവിതത്തിന്റെ സ്വാഭാവിക പരിണതിയായിരുന്നില്ലേ ശുഭോശങ്കറിന്റെ അകാലമരണം?

രവിശങ്കറും മകൻ ശുഭോശങ്കറും

രവിശങ്കറും മകൻ ശുഭോശങ്കറും

1972 സെപ്തംബറിലായിരുന്നു ബാബ അലാവുദ്ദീൻ ഖാന്റെ ഇതിഹാസസമാനമായ ജീവിതത്തിന് തിരശ്ശീല വീണത്.

ബോംബെയിലായിരുന്നു ആ സമയത്ത് അന്നപൂർണ. പിതാവിന്റെ മരണവാർത്ത പ്രതീക്ഷിച്ചിരുന്ന അന്നപൂർണ ആ വേർപാട് തന്നെ ബാധിക്കരുതെന്ന കരുതൽ പുലർത്തിയിരുന്നു. ബാഹ്യ യാഥാർത്ഥ്യങ്ങളാൽ ബന്ധിതമാക്കപ്പെടാനാവാത്ത തലത്തിലേക്ക് സ്വന്തം മനസ്സിനെ ജീവിതാനുഭവങ്ങളാൽ, അന്നപൂർണ പാകപ്പെടുത്തിയിരുന്നു. സഹാനുഭൂതിക്കു പാത്രമായി ജീവിക്കുവാൻ ഒരിക്കലും അന്നപൂർണ ആഗ്രഹിച്ചില്ല. സ്വന്തം വഴി സ്വയം രൂപീകരിച്ചു, ആ തിരസ്കൃതയായ സംഗീത സാമ്രാജ്യചക്രവർത്തിനി.

ജീവിതത്തിൽ ഒരിക്കലും തന്റെ സ്വകാര്യത ഭഞ്ജിക്കപ്പെടുവാൻ അന്നപൂർണ ഇഷ്ടപ്പെട്ടില്ല. അതിനനുവദിക്കുമായിരുന്നുമില്ല. അവരുടെ ഉൽക്കൃഷ്ടമായ സംഗീതം വേണ്ടത്ര രേഖപ്പെടുത്താതെ പോയതിനു പിന്നിൽ ഈ പിടിവാശിയാണ്. ഹരിപ്രസാദ് ചൗരസ്യ, നിഖിൽ ബാനർജി, നിത്യാനന്ദ് ഹാദിൽപൂർ, സുരേഷ് വ്യാസ് എന്നീ മഹാരഥന്മാർ അന്നപൂർണയുടെ ശിഷ്യന്മാരിലുൾപ്പെടുന്നു. ഈ ശിഷ്യന്മാരിലൂടെയാണ് മെയ്ഹർ ഖരാനയുടെ അമൃതസംഗീതം അന്നപൂർണ വരാനിരിക്കുന്ന പുരുഷാന്തരങ്ങളിലേക്ക് ഒഴുക്കിവിട്ടത്. അങ്ങനെ ആ മഹാസംഗീതജ്ഞയുടെ ജീവിതം സാർത്ഥകമായി.

ജീവിതത്തെ നെടുകേ പിളർക്കുന്ന ദുരനുഭവങ്ങൾ നേരിട്ട ആ മഹാപ്രതിഭയ്ക്ക് അത്തരമൊരു ജീവിതമേ സാധ്യമാകുമായിരുന്നുള്ളൂ. ഒരുവശത്ത് സവിശേഷ സിദ്ധികൾ നൽകിയനുഗ്രഹിച്ച വിധി മറുവശത്ത് എന്തൊക്കെയോ അപഹരിക്കുകയാണുണ്ടായത്. ഒരു സ്ത്രീ അനുഭവിക്കേണ്ട സുരക്ഷിതത്വം ഏതാണ്ട് ജീവിതത്തിന്റെ അപരാഹ്നത്തിലാണ് അവരെ തേടിയെത്തിയത്.  അന്നപൂർണ രാത്രി വൈകിയും സാധനയിലേർപ്പെടുക സാധാരണമായിരുന്നു. ഒരു രാത്രി ആലപിച്ചുകൊണ്ടിരിക്കെ തനിക്കു ചുറ്റും പനീർപ്പൂ ഗന്ധം കുമിയുന്നതായി അന്നപൂർണ അറിഞ്ഞു. അന്ന് അവർക്ക് ഭയം തോന്നി. പിന്നീടതൊരു പതിവായി മാറിയപ്പോൾ ഭയം നീങ്ങുകയും ചെയ്തു. ആ അനുഭവം അന്നപൂർണയിൽ അനുഭൂതിയും നിർവൃതിയും നിറച്ചു. ഏറെ വർഷങ്ങൾ ഏകാകിനിയായിക്കഴിഞ്ഞു കൂടിയതിനാൽ എപ്പോഴെങ്കിലും പുറത്തിറങ്ങിയാൽ വഴിതെറ്റിപ്പോകുമെന്നുറപ്പായിരുന്നു ‐ വീട്ടിലേക്കുള്ള വഴി.

ഹൃദയത്തിന്റെ ഭാഷയിൽ മാത്രമേ അന്നപൂർണ വിശ്വസിച്ചിരുന്നുള്ളൂ. അനുഷ്ഠാനങ്ങളിലോ ആചാരമര്യാദകളിലോ അവർ ഒന്നും കണ്ടെത്തിയില്ല. ശിഷ്യന്മാർ ദണ്ഡനമസ്കാരം ചെയ്യുന്നതോ പാദസ്പർശം ചെയ്യുന്നതോ അവരനുവദിച്ചിരുന്നില്ല. അത്തരം പ്രകടനങ്ങൾ അസംബന്ധമാണെന്നാണ് അവർ ശിഷ്യരോട് പറയുക. ആത്മാന്വേഷിയായ ആ സംഗീതഗുരുവിന്റെ ദൃഢവിശ്വാസം മനസ്സിലാണ് സർവവും എന്നായിരുന്നു. ആത്മബോധം കൈവരിച്ചു കഴിഞ്ഞതിനു ശേഷം തന്നെ അഭിമുഖീകരിച്ചിരുന്ന ലൗകിക വിഷമ സമസ്യകൾക്ക് ലളിതമായ പരിഹാരങ്ങൾ അവർ കണ്ടെത്തുകയും അനന്തതയുമായി തന്മയീഭവിച്ചുകൊണ്ട് ശാന്തി നിലനിർത്തുകയും ചെയ്തു.

അപ്പോഴും അന്നപൂർണയിൽ നിന്നും ആളുകളെ അകറ്റി നിർത്തുന്നതിൽ രവിശങ്കർ വിജയിച്ചുകൊണ്ടേയിരുന്നു. അന്നപൂർണയെ അദ്ദേഹത്തിന് അവസാനം വരെ ഭയമായിരുന്നു എന്നാണിത് കാണിക്കുന്നത്. അന്നപൂർണ ആരേയും സ്വീകരിക്കുകയില്ലെന്നും ആരാധകരേയും സംഗീത പ്രേമികളേയും പടിവാതിലിൽ നിന്നും ശകാരിച്ചു പറഞ്ഞുവിടുകയാണിപ്പോഴുമൊന്നൊക്കെ രവിശങ്കറിന്റെ കീർത്തന സംഘം വ്യാപകമായി പ്രചരിപ്പിച്ചു.

അപ്പോഴും അന്നപൂർണയിൽ നിന്നും ആളുകളെ അകറ്റി നിർത്തുന്നതിൽ രവിശങ്കർ വിജയിച്ചുകൊണ്ടേയിരുന്നു. അന്നപൂർണയെ അദ്ദേഹത്തിന് അവസാനം വരെ ഭയമായിരുന്നു എന്നാണിത് കാണിക്കുന്നത്. അന്നപൂർണ ആരേയും സ്വീകരിക്കുകയില്ലെന്നും ആരാധകരേയും സംഗീത പ്രേമികളേയും പടിവാതിലിൽ നിന്നും ശകാരിച്ചു പറഞ്ഞുവിടുകയാണിപ്പോഴുമൊന്നൊക്കെ രവിശങ്കറിന്റെ കീർത്തന സംഘം വ്യാപകമായി പ്രചരിപ്പിച്ചു.

മകന്റെ മരണശേഷം തനിക്ക് ലഭിച്ച പിതൃസ്വത്തിന്റെ ഭാഗം വിറ്റഴിച്ച് ഒരു ഭാഗം മകന്റെ ഭാര്യയ്ക്ക് ആ മഹതി അയച്ചു കൊടുത്തു. കുറേക്കാലം വിനിമയം നടന്നിരുന്നു. ഏതോ അജ്ഞാത കാരണത്താൽ പിന്നീടതും നിലച്ചു.
1982‐ൽ അന്നപൂർണയുടെ അടുത്തേക്ക് തിരിച്ചുവരണമെന്നും ഇന്ത്യയിൽ ശിഷ്ടകാലം കഴിച്ചുകൂട്ടണമെന്നും രവിശങ്കർ മോഹിച്ചുവേത്ര.

അപ്പോഴേക്കും തനിക്കുള്ളതെല്ലാം അന്നപൂർണ ത്യജിക്കുകയും ഏതാണ്ട് സർവസംഗപരിത്യാഗിയാകുകയും ചെയ്തിരുന്നു. അന്നപൂർണ താമസിച്ചിരുന്ന ഫ്ളാറ്റിന് പുത്തൻചായമടിക്കണമെന്ന് രവിശങ്കർ നിർദ്ദേശിച്ചു. അന്നപൂർണയുടെ മറുപടി നിസ്സംഗമായിരുന്നു. രവിശങ്കറിന് താമസിക്കുവാൻ അനേകം ആഡംബരഹോട്ടലുകൾ ബോംബെയിലുണ്ടല്ലോ എന്നായിരുന്നു പ്രതികരണം. ഇത്രമേൽ കടുത്ത സഹനം ആർക്കുവേണ്ടിയാണോ താനനുഭവിച്ചത് അയാളുമായി മേലിൽ സഹവസിക്കുന്നത് അന്തഃസ്സാരശൂന്യതയാവുമെന്ന് അന്നപൂർണയ്ക്കറിയാമായിരുന്നു.

ഒടുവിൽ പ്രകൃതി സർവംസഹയായ അന്നപൂർണയ്ക്ക് ഒരു കൂട്ടുകാരനെ അയച്ചുകൊടുത്തു. റൂഷികുമാർ എന്നായിരുന്നു ദേവദൂതനെപ്പോലെ അന്നപൂർണയ്ക്കരികിലെത്തിയ ആ മനുഷ്യന്റെ പേര്. കുട്ടിക്കാലം തൊട്ടേ റൂഷിയിൽ സംഗീതവാസനയുണ്ടായിരുന്നു. കുറച്ചുകാലം ഒരു ഗുരുവിന്റെ കീഴിൽ അഭ്യസിക്കുകയും ചെയ്തിട്ടുണ്ട്. അച്ഛൻ  ചിത്രകാരനായിരുന്നു.

രവിശങ്കർ

രവിശങ്കർ

രണ്ടാം ലോക മഹായുദ്ധകാലത്ത് ജർമ്മനിയിലെ ഒരു പ്രസ്സിലേക്ക് പകർപ്പുകളെടുക്കുവാൻ കൊടുത്തയച്ച വളരെയധികം ചിത്രങ്ങളുടെ ഒറിജിനലുകൾ ഒരു ബോംബാക്രമണത്തിൽ നശിച്ചുപോയതിനാൽ വലിയ തകർച്ചയെ നേരിടേണ്ടിവന്നു. ആ കുടുംബം അലഹബാദിലേക്കാണ് കുടിയേറിയത്. റൂഷിക്ക് അഞ്ചു വയസ്സുള്ളപ്പോഴായിരുന്നു ആ ദുരനുഭവം.

അന്നപൂർണ സന്ദർശകരെ സ്വീകരിക്കാറില്ലെന്ന് റൂഷിയും ഇന്ത്യയിലെത്തിയപ്പോൾ അറിഞ്ഞു. മടിയോടെയാണെങ്കിലും അന്നപൂർണയുടെ വാതിലിൽ മുട്ടി. ജ്യേഷ്ഠൻ അയച്ചതാണെന്ന പരിഗണനയിൽ അൽപ്പം വൈമുഖ്യത്തോടെയാണെങ്കിലും അന്നപൂർണ റൂഷിയെ വിദ്യാർഥിയായി സ്വീകരിച്ചു. റൂഷിയുടെ സിതാർ വാദനം കേട്ടതിനു ശേഷമായിരുന്നു ശിഷ്യത്വപദവി നൽകിയത്.
താവോ (ചൈനീസ് വേദാന്തം) യിൽ അഭിരമിക്കുന്ന റൂഷിയുടെ മനസ്സ് അന്നപൂർണയുടെ ജീവിതശൈലിയേയും നിഷ്ഠകളേയും ആരാധനയോടെയാണ് കണ്ടത്. റൂഷിയുടെ നിഷ്ക്കളങ്കതയേയും സഹായമനഃസ്ഥിതിയേയും സംഗീത താൽപര്യത്തേയും അന്നപൂർണയും തിരിച്ചറിഞ്ഞു. നിഗൂഢമായ ഒരു സ്വരൈക്യം അവരെ വലയം ചെയ്തിരിക്കുന്നതായി ഗുരുവും ശിഷ്യനും തിരിച്ചറിയുകയായിരുന്നു.

ശിഷ്യത്വം സ്വീകരിച്ച് ആറു വർഷങ്ങൾക്കുശേഷം 1982‐ൽ ഡിസംബറിൽ അവർ വിവാഹിതരായി. വാർത്തയറിഞ്ഞ രവിശങ്കറിന് സ്വന്തം ശ്രവണേന്ദ്രിയത്തെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു ശിഷ്യനോട് അദ്ദേഹം പറഞ്ഞു. 'ഒരു കോടി ഡോളർ വിലമതിക്കുന്ന വാർത്ത.' അന്നപൂർണ വലിയ ദേശാഭിമാനിയായിരുന്നു. ഒരിക്കലും അവർ കടൽകടന്നു പോയില്ല. ചലച്ചിത്രങ്ങളിൽ അവർ തൽപ്പരയായിരുന്നു ‐ വിശേഷിച്ചും പാകിസ്ഥാനി സിനിമകളിൽ. അനവധി ഒന്നാം കിട സംഗീതജ്ഞരെ ലോകത്തിന് സംഭാവന ചെയ്തു എന്നതാണ് അന്നപൂർണയുടെ ജീവിതത്തെ അർത്ഥപൂർണമാക്കിയത്.

റൂഷികുമാർ തന്റെ മരണം വരെ അന്നപൂർണയ്ക്ക് സുരക്ഷയും സാന്ത്വനവും പകർന്നു. ശിഷ്യൻ എന്ന നിലയിൽ ഗുരുവിനോടുള്ള ആരാധനയും ബഹുമാനവും അതിരറ്റതായിരുന്നു. പിന്നീടുള്ള ജീവിതം റൂഷി അന്നപൂർണയ്ക്കു സമർപ്പിച്ചു എന്നുതന്നെ പറയാം. ഭഗവദ്ഗീതയ്ക്ക് റൂഷി പഠനങ്ങൾ രചിക്കുകയുമുണ്ടായിട്ടുണ്ട്. ആത്മീയ സിദ്ധാന്തങ്ങളെക്കുറിച്ച് അന്നപൂർണ ബോധവതിയായിരുന്നുവോ എന്നറിയില്ല. പക്ഷേ അത്തരം സിദ്ധാന്തങ്ങളുടെ മർമ്മം സ്വജീവിതത്തിലൂടെ അന്നപൂർണ പ്രയോഗവൽക്കരിച്ചു. രവിശങ്കറിന്റെ മരണവാർത്ത ഒരു പ്രഭാതത്തിൽ റൂഷിയാണ് അന്നപൂർണയെ അറിയിച്ചത്. ‘മഹാനായ ഒരു സംഗീതജ്ഞനെയാണ് ഇന്ത്യയ്ക്കു നഷ്ടപ്പെട്ട' തെന്നായിരുന്നത്രെ തൽക്ഷണ പ്രതികരണം.

(ദേശാഭിമാനി വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top