26 April Friday

വയലാര്‍ രാമവര്‍മ്മ പ്രവാസി സാഹിത്യ പുരസ്‌കാരം കവിയും, സംവിധായകനുമായ സോഹന്‍ റോയിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019
തിരുവനന്തപുരം> വയലാര്‍ രാമവര്‍മ്മ സാസ്‌കാരിക വേദിയുടെ ഈ വര്‍ഷത്തെ പ്രവാസി സാഹിത്യ പുരസ്‌കാരം ഏരീസ് ഗ്രൂപ്പ് സി.ഇ.ഒയും, കവിയുമായ സോഹന്‍ റോയിക്ക്. പ്രവാസി മേഖലയില്‍ സോഹന്‍ റോയ് നടത്തുന്ന സാമൂഹിക സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് വയലാര്‍ രാമവര്‍മ്മ സാംസ്‌കാരിക വേദി പ്രസിഡന്റ് അഡ്വ.കെ.ചന്ദ്രികയും സെക്രട്ടറി മണക്കാട് രാമചന്ദ്രനും അറിയിച്ചു.
 
ജൂലയ് 18 മുതല്‍ 24 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം വയലാര്‍ നഗറില്‍ നടക്കുന്ന വയലാര്‍ സാംസ്‌കാരിക ഉത്സവത്തേടനുബന്ധിച്ച് പുരസ്‌കാരം വിതരണം ചെയ്യും. 19 ന് നടക്കുന്ന പ്രവാസി സംഗമത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുരസ്‌കാരദാനം നിര്‍വ്വഹിക്കും. വയലാര്‍ രാമവര്‍മ്മയുടെ സ്മരണാര്‍ത്ഥം വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികള്‍ക്കാണ് വര്‍ഷം തോറും പുരസ്‌കാരം നല്‍കിവരുന്നത്.
 
മറൈന്‍, വിനോദം, മാധ്യമം, ആരോഗ്യം തുടങ്ങിയ മേഖലകളിലായി 16 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 50 കമ്പനികള്‍ ഉള്‍പ്പെടുന്ന വ്യവസായ ശൃംഖലയാണ് ഏരീസ് ഗ്രൂപ്പിന്റേത്. 1998-ല്‍ സോഹന്‍ റോയ് തുടക്കമിട്ട ഏരീസ് ഗ്രൂപ്പ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നേവല്‍ ആര്‍കിടെക്ചര്‍ കണ്‍സല്‍ട്ടന്‍സിയാണ്. അറബ് ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തുന്ന ശക്തരായ ഇന്ത്യക്കാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഫോബ്‌സ് മാസികയുടെ പട്ടികയില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും സോഹന്‍ റോയ് ഇടം നേടിയിരുന്നു. വിഖ്യാതമായ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിരവധി സിനിമകളുടേയും ഡോക്യുമെന്ററികളുടേയും രൂപകല്‍പന നിര്‍വ്വഹിച്ചതും സോഹന്‍ റോയ് ആണ്.
 
മലയാള സാഹിത്യരംഗത്തേക്ക് കടന്നുവരാനാഗ്രഹിക്കുന്ന നവപ്രതിഭകള്‍ക്ക്, അവരുടെ രചനകള്‍ കുറഞ്ഞ ചിലവില്‍ കൂടുതല്‍ ആളുകളിലേക്ക് ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലൂടെ എത്തിക്കാനുള്ള ''പോയട്രോള്‍'' എന്ന മൊബൈല്‍ ആപ്പിനും അടുത്തിടെ സോഹന്‍ റോയ് തുടക്കമിട്ടിരുന്നു. സോഹന്‍ റോയ് രചന നിര്‍വ്വഹിച്ച 'അഭിനന്ദനം ' എന്ന കവിത മുമ്പ് നവമാധ്യമങ്ങളിലുള്‍പ്പടെ വൈറലായിരുന്നു. അണുകാവ്യം എന്ന പേരില്‍ വേറിട്ട ശൈലിയില്‍ കവിതാ രചനയ്ക്കും സോഹന്‍ റോയ് തുടക്കം കുറിയ്ക്കുകയുണ്ടായി. ആനുകാലിക പ്രശ്നങ്ങളെ ചുരുങ്ങിയ വാക്കുകള്‍ക്കുള്ളില്‍ നവമാധ്യമത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് അണുകാവ്യത്തിലൂടെ ലക്ഷ്യമിടുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top