20 April Saturday

കര്‍ക്കശക്കാരനായ ഹൃദയാലു

എം കെ അര്‍ജുനന്‍Updated: Sunday Mar 13, 2016

ദേവരാജന്‍മാഷ് ചിട്ടക്കാരനായിരുന്നു, എല്ലാത്തിലും. സംഗീതത്തില്‍, വൃത്തിയില്‍, കുടുംബകാര്യങ്ങളില്‍ എല്ലാം. ആ കാര്‍ക്കശ്യം കൊണ്ട്  മറ്റുള്ളവര്‍ക്ക് നന്മയേ ഉണ്ടായിട്ടുള്ളൂ –  ദേവരാജന്‍ മാസ്റ്ററെ ശിഷ്യന്‍ കൂടിയായ  അര്‍ജുനന്‍ മാസ്റ്റര്‍ ഓര്‍ക്കുന്നു. ദേവരാജന്‍ മാസ്റ്റര്‍ വിടപറഞ്ഞിട്ട്  മാര്‍ച്ച് 15ന് പത്താണ്ട് തികയുന്നു

 

ദേവരാജന്‍ മാസ്റ്റര്‍

ദേവരാജന്‍ മാസ്റ്റര്‍

അറുപതുകളിലാണ്. ക്ളാരനറ്റ് കലാകാരനായ സുഹൃത്ത് ടി ടി ജോസഫ് ഒരു ദിവസം എന്നെ കാണാന്‍ വരുന്നു. ഞാനന്ന് ഹാര്‍മോണിയം വായനയും അല്‍പ്പം സംഗീതപരിപാടികളുമായി നാട്ടില്‍ ചുറ്റിത്തിരിയുന്ന കാലം. കൊല്ലം കാളിദാസകലാകേന്ദ്രത്തില്‍ ഹാര്‍മോണിയം വായിക്കാന്‍ ജോസഫ് ക്ഷണിച്ചു. നാടകസമിതിയില്‍ ഇക്കാര്യം നേരത്തെ ആലോചിച്ചിട്ടുണ്ടെന്നും എനിക്ക് മനസ്സിലായി. അവിടെ ചെന്നപ്പോഴോ? എത്രയോ പ്രഗത്ഭന്മാരാണവിടെയുള്ളത്! ഒ മാധവനും ഒ എന്‍ വിയുമുണ്ട്. ജോസഫ് എന്നെ മറ്റൊരു മഹാവ്യക്തിത്വത്തിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ദേവരാജന്‍ മാഷ്. കെപിഎസിയുടെ നാടകഗാനങ്ങളിലൂടെതന്നെ താരപരിവേഷം ലഭിച്ച സംഗീതശില്‍പ്പി. പതിറ്റാണ്ടുകള്‍ നീണ്ട വലിയൊരു ബന്ധത്തിന്റെ തുടക്കം ആ കൂടിക്കാഴ്ചയാണ്.

ദേവരാജന്‍മാഷെ നേരില്‍ കാണണമെന്നുള്ള ആഗ്രഹം മനസ്സില്‍ കയറിക്കൂടിയിട്ട് ഏറെ നാളുകളായിരുന്നു. മുടിയനായ പുത്രന്‍ നാടകം കാണുകയും അതിലെ 'തുഞ്ചന്‍പറമ്പിലെ തത്തേ വരൂ... പഞ്ചവര്‍ണക്കിളി തത്തേ വരൂ...' എന്ന ഗാനം കേള്‍ക്കുകയും ചെയ്തപ്പോള്‍മുതല്‍ മാഷോടുള്ള ആരാധന തുടങ്ങി. അദ്ദേഹത്തെ ഗുരുനാഥനായി മനസ്സില്‍ പ്രതിഷ്ഠിച്ചു.
സി ഒ ആന്റോ, കെ ഇ ശ്രീധരന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരടങ്ങിയ ഗാനവിഭാഗം. ആദ്യകൂടിക്കാഴ്ചയില്‍ത്തന്നെ മാഷ് പറഞ്ഞു 'നോക്കാം. പറ്റില്ലെങ്കില്‍ പറഞ്ഞയക്കും' എന്ന്. മാഷ് പിന്നീട് സിനിമയില്‍ സജീവമാവുകയും മദ്രാസിലേക്ക് പോവുകയും ചെയ്തപ്പോള്‍ കാളിദാസകലാകേന്ദ്രത്തിലെ സംഗീത വിഭാഗത്തിന്റെ ചുമതല എന്നെയാണ് ഏല്‍പ്പിച്ചത്.
കാളിദാസകലാകേന്ദ്രത്തിന്റെ ആദ്യനാടകമായ ഡോക്ടറിന്റെ റിഹേഴ്സല്‍ക്യാമ്പിലേക്കാണ് ഞാനാദ്യം ചെല്ലുന്നത്. വെളുപ്പിനുതന്നെ ക്യാമ്പ് തുടങ്ങും. ഡോക്ടറിലെ പാട്ടൊന്നുമല്ല പഠിക്കുന്നത്. പഴയ ചില ഗാനങ്ങളാണ്. രണ്ടോ മൂന്നോ ആഴ്ച ഇങ്ങനെ തുടര്‍ന്നു. അതിനുശേഷം നാടകത്തിലെ ഗാനങ്ങള്‍ പാടിപഠിച്ചുതുടങ്ങി. 'വെണ്ണിലാ ചോലയിലെ വെണ്ണക്കല്‍ പടവിങ്കല്‍...', 'കാറ്റിന്റെ തോണിയില്‍' തുടങ്ങി പ്രശസ്തവും ഹൃദയഹാരിയുമായ ഗാനങ്ങള്‍.


മറ്റുള്ളവര്‍ക്ക് നന്മമാത്രം

എല്ലാരും പറയാറുണ്ട് മാഷിന്റെ കടുംപിടിത്തത്തെപ്പറ്റി. അത് ശരിയുമാണ്. ശരികളെപ്പറ്റി നല്ല ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അവയ്ക്കുവേണ്ടി ഉറച്ചുനില്‍ക്കും.
ചിട്ടക്കാരനായിരുന്നു, എല്ലാത്തിലും. സംഗീതത്തില്‍, വൃത്തിയില്‍, കുടുംബകാര്യങ്ങളില്‍ എല്ലാം. ആ കാര്‍ക്കശ്യംകൊണ്ട് മറ്റുള്ളവര്‍ക്ക് നന്മയേ ഉണ്ടായിട്ടുള്ളൂ. പാട്ടുപഠിക്കാന്‍ വെളുപ്പിന് ആറുമണിക്കെത്തണമെന്ന് നിര്‍ദേശിച്ചാല്‍ കൃത്യമായി പാലിച്ചിരിക്കണം.
കുടുംബമെന്താണെന്നും സ്നേഹമെന്താണെന്നും എന്നെ പഠിപ്പിച്ചത് ദേവരാജന്‍മാഷാണ്. ശിലാഹൃദയമായിരുന്നില്ല അദ്ദേഹത്തിന്റേത്. ശിലയെന്ന് തോന്നിപ്പിക്കുകയായിരുന്നു.
ഞാന്‍ മദ്രാസില്‍ താമസിക്കുന്നകാലത്ത് ഒരിക്കല്‍ മൂത്തമകന്‍ അശോകന്‍ അവിടെയെത്തി. അയാള്‍ക്ക് ഗള്‍ഫില്‍ ജോലി ലഭിക്കാന്‍ ചെറുതല്ലാത്ത പണം ആവശ്യമുണ്ട്. അത്തരം കാര്യങ്ങള്‍ സംസാരിക്കാനാണ് വന്നത്. ആ സമയം വീട്ടിലേക്ക് മാഷിന്റെ വിളിയെത്തി. ഞാന്‍ ആ സമയം ഉണ്ടായിരുന്നില്ല. മകന്‍ ഫോണെടുത്തു. ആരാണിതെന്ന് മാഷിന്റെ ചോദ്യം. അശോകന്‍ വിവരങ്ങള്‍ പറഞ്ഞു. 'ശരി അര്‍ജുനന്‍ വന്നാല്‍ വിളിക്കാന്‍ പറയണ'മെന്ന് നിര്‍ദേശിച്ച് ഫോണ്‍ വച്ചു. പിറ്റേദിവസം രാവിലെ മാഷിന്റെ കാര്‍ എന്റെ താമസസ്ഥലത്തിന്റെ മുന്നില്‍. അശോകനാവശ്യമായ പണവുമായി അദ്ദേഹം എത്തിയിരിക്കുന്നു!

ഇടയ്ക്ക് എന്നോട് പിണക്കമായി. ഇനി കാണണ്ട, സംസാരിക്കണ്ട, കത്തയക്കരുത് എന്നൊക്കെ പറഞ്ഞു. അങ്ങനെയിരിക്കെ എന്റെ ഇളയമകന്‍ ഒരു സ്റ്റുഡിയോ ആരംഭിക്കാന്‍ തീരുമാനിച്ചു. അത് വിളക്കുകൊളുത്തി തുടങ്ങുന്നത് എന്റെ മാഷുതന്നെയായിരിക്കണമെന്ന് മനസ്സ് പറഞ്ഞു. ഞങ്ങള്‍ രണ്ടുംകൂടി അദ്ദേഹത്തിന്റെ മഹാലിംഗപുരത്തെ വീട്ടിലെത്തി. പക്ഷേ, ആള്‍ പഴയ കടുപ്പത്തില്‍ത്തന്നെ. കാണാന്‍ കൂട്ടാക്കിയില്ല. ഒരു മണിക്കൂര്‍ പുറത്തുനിര്‍ത്തി. ഒടുവില്‍ അകത്തേക്കുവിളിച്ചു. പിന്നെ എല്ലാം മാഷിന്റെ നിര്‍ദേശങ്ങളായിരുന്നു. തീയതി കേട്ട ഉടന്‍ അതുവേണ്ട എന്നുപറഞ്ഞു. തീയതിയും സമയവുമെല്ലാം സ്വയം നിശ്ചയിച്ചു. മകനെ അനുഗ്രഹിച്ചു. അതാണ് ആ മനസ്സ്. അടുപ്പമുള്ളവര്‍ക്കുവേണ്ടി വെണ്ണപോലെ ഉരുകും.
സഹപ്രവര്‍ത്തകരായ പലര്‍ക്കും മാഷിന്റെ സഹായം ലഭിച്ചു. ബാബുരാജിന്റെ കുടുംബത്തെ സഹായിക്കാറുണ്ടായിരുന്നു, അങ്ങനെ പലരെയും. ജോണ്‍സണ്‍ പണം സൂക്ഷിക്കാനറിയാത്തയാളെന്ന് മനസ്സിലാക്കിയപ്പോള്‍ 'ഇനി അയാള്‍ക്ക് ചെലവിനുള്ളതേ' കൊടുക്കാവൂ എന്ന് പ്രൊഡ്യൂസര്‍മാരോടാവശ്യപ്പെട്ടു. ബാക്കി തുക ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് ഇടീച്ചു. ജോണ്‍സന്റെ സഹോദരിയുടെ വിവാഹത്തിന് അങ്ങനെ കരുതിവച്ച തുകയുമായാണ് മാഷെത്തിയത്. ആ മനുഷ്യനെ കഠിനഹൃദയനെന്ന് വിളിക്കാമോ?
എന്റെ സംഗീതജീവിതത്തിലും ദേവരാജന്‍മാഷ് ഒപ്പമുണ്ടായിരുന്നു. സിനിമയ്ക്ക് സംഗീതം ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ എനിക്ക് മദിരാശിയില്‍ ഒരു പരിചയവുമുണ്ടായിരുന്നില്ല. അതുകൊണ്ട് ആര്‍ കെ ശേഖറിനെ (എ ആര്‍ റഹ്മാന്റെ അച്ഛന്‍) വിളിച്ച് 'അര്‍ജുനനൊപ്പം നില്‍ക്കണ'മെന്ന് അഭ്യര്‍ഥിച്ചു. റെക്കോഡിങ് സമയത്ത് സ്റ്റുഡിയോയിലെത്തി. എന്റെ രണ്ടാമത്തെ ചിത്രമായ റസ്റ്റ്ഹൌസിന്റെ റെക്കോഡിങ്ങിന് മാഷ് വന്നിരുന്നു.

ദേവസംഗീതത്തിലെ ഏതുഗാനത്തെയാണ് നമുക്ക് ഗുണംകുറഞ്ഞു എന്നുപറഞ്ഞ് മാറ്റിനിര്‍ത്താനാവുക. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടവ. 'കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു..', 'ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍..' തുടങ്ങി ഓരോ ഗാനവും കേള്‍ക്കുമ്പോള്‍ അതിന്റേതായ വികാരം, ആനന്ദം. ചിലപാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മ്മയുടെ കടലിരമ്പും. എന്റെ ആദ്യചിത്രമായ കറുത്ത പൌര്‍ണമിയിലെ 'ഹൃദയമുരുകി കരയില്ലെങ്കില്‍' എന്ന ആദ്യമായി കമ്പോസ് ചെയ്ത ഗാനം ആദ്യംപാടി കേള്‍പ്പിച്ചത് മാഷിനെയാണ്. നിരവധി മാറ്റങ്ങള്‍ അദ്ദേഹം വരുത്തുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top