'ഹിറ്റ് പാട്ടുണ്ടാക്കാനല്ല, എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന പാട്ട് ഉണ്ടാക്കാനാണ് 'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലൂടെ ശ്രമിച്ചത്. ആ ആഗ്രഹത്തോടെ ഒരുക്കിയ പാട്ടുകള്‍ ഇറങ്ങിയപ്പോള്‍ അത് ജനങ്ങളില്‍ സൃഷ്ടിച്ച പ്രതികരണം മനസ്സ് നിറയ്ക്കുന്നതായിരുന്നു. മണ്ണിന്റെയും മനുഷ്യമനസ്സിന്റെയും സ്പര്‍ശമുള്ള ഗാനങ്ങള്‍ എന്ന് അത് എന്നെ തന്നെ ബോധ്യപ്പെടുത്തുന്നതായി തോന്നി' ലളിതസുഭഗമായി മനസ്സിനെ കീഴടക്കുന്ന 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയിലെ പാട്ടുകളെ കുറിച്ച് അതിന്റെ ഈണകാരന്‍ ബിജിബാലിന്റെ വാക്കുകളാണിത്.
അടിപൊളി പാട്ടുകള്‍ അര്‍ത്ഥത്തെയും സംഗീതത്തെയും വൈരുദ്ധ്യങ്ങളാക്കി മാറ്റുന്ന ഇക്കാലത്ത് മനസ്സിന്റെ ഈണവുമായി ഇറങ്ങിയ പാട്ടുകള്‍ എന്ന് ഈ പാട്ടുകള്‍ നമ്മെയും ബോധ്യപ്പെടുത്തും. ഇവിടെ വരികളും ഈണവും ശബ്ദവും ഒത്തുചേര്‍ന്നാണ് നമ്മുടെ മനസ്സിലേക്ക് ഒഴുകുന്നത്. ലാളിത്യമുള്ള വാക്കുകളില്‍ സുഗന്ധം ചാലിച്ച ഈണവുമായി പ്രകൃതിയുടെ മണ്ണിന്റെ, വിണ്ണിന്റെ ഒരു നനുത്തസ്പര്‍ശം നമ്മെ തൊടുന്നപോലെ.
സമീപകാലത്തെ തന്റെ പാട്ടുകളില്‍ ഏറ്റവും പ്രതികരണം സൃഷ്ടിച്ച പാട്ടുകളായിരുന്നു 'മഹേഷിന്റെ പ്രതികാര'ത്തിലേതെന്ന് ബിജിബാല്‍ പറയുന്നു. 'പാട്ട് ഇറങ്ങിയശേഷം ഒട്ടേറെ ഫോണ്‍കോളുകളാണ് തേടിയെത്തിയത്. ഓരോ കേള്‍വിക്കാരനിലും അത് പകര്‍ന്ന സന്തോഷത്തിന്റെ തിളക്കം തനിക്കും അനുഭവിക്കാനായി' ബിജിബാല്‍ വ്യക്തമാക്കുന്നു.
സിനിമയുടെ പ്രമേയം, ലൊക്കേഷന്‍, കഥപറയുന്ന രീതി, തുടങ്ങിയ ഘടകങ്ങളോടെല്ലാം നീതി പുലര്‍ത്തുന്നതായി ഇതിലെ പാട്ടുകളും പശ്ചാത്തല സംഗീതവും. പാട്ടുകളുടെ കാര്യത്തില്‍ റഫീക്ക് അഹമ്മദിന്റെയും സന്തോഷ് വര്‍മ്മയുടെ വരികളും ഇത്തരത്തിലുള്ള ഈണം പകരാന്‍ തനിക്ക് തുണയായതായും ഇദ്ദേഹം പറയുന്നു.
ചിത്രത്തിലെ മൂന്ന് പാട്ടുകളാണ് റഫീക്ക് അഹമ്മദ് രചിച്ചിട്ടുള്ളത്. സന്തോഷ് വര്‍മ ഒരുപാട്ടും രചിച്ചു. 'മലമേലെ തിരിവെച്ച് പെരിയാറിന് തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി, ഇവളാണ് മിടുമിടുക്കി', 'തെളിവെയില്‍ അഴകും.. ലല്ലല്ലാ, മഴയുടെ കുളിരും. ലല്ലല്ലാ', 'മൌനങ്ങള്‍ മിണ്ടുമോരീ നേരത്ത്, മോഹങ്ങള്‍ പെയ്യുമൊരു തീരത്ത്'. എന്നീ പാട്ടുകളാണ് റഫീക്ക് അഹമ്മദിന്റെ രചനയിലുള്ളത്. 'ചെറുപുഞ്ചിരി' എന്ന് തുടങ്ങുന്ന ഗാനമാണ് സന്തോഷ് വര്‍മ രചിച്ചത്.

ബിജിബാല്‍- ഫോട്ടോ > എം എ ശിവപ്രസാദ്
'നാലുപാട്ടിന്റെ വരികളിലും തുടിക്കുന്നത് സ്വാഭാവികമായ പ്രകൃതിയുടെ സൌന്ദര്യമാണ്. അതിലൂടെ കണ്ണോടിയപ്പോള്‍ തന്നെ തനിക്കും അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. തുടര്‍ന്ന് ആ പ്രകൃതിഭംഗിയോടും സ്വാഭാവികതയോടും ചേര്‍ന്ന് നില്‍ക്കുന്ന ഈണത്തിനാണ് താന്‍ മുന്‍തൂക്കം നല്‍കിയതും. ഈണമൊരുക്കാനാകട്ടെ അങ്ങേയറ്റം സ്വാതന്ത്യ്രവും ലഭിച്ചു. ഇതും നേട്ടമായി. എന്നിട്ടും ചിത്രത്തിലെ ഒരുപാട്ട് തന്റെ ആദ്യഈണത്തില്‍ നിന്നും മാറ്റി ട്യൂണ്‍ ചെയ്യേണ്ടി വന്നു. ഇതിന്റെ ആവശ്യകത കൃത്യമായി എന്നെ ബോധ്യപ്പെടുത്താന്‍ സംവിധായകനും കൂട്ടര്‍ക്കും കഴിഞ്ഞു. അവരുടെ അഭിപ്രായം ഞാന്‍ ശരിവെയ്ക്കുകയുമായിരുന്നു'.
ഗായകരുടെ തെരഞ്ഞെടുപ്പും പാട്ടുകളോട് അങ്ങേയറ്റം നീതി പുലര്‍ത്തിയെന്ന വിശ്വാസമാണ് ബിജിബാലിനുള്ളത്. 'ചിത്രത്തില്‍ മുഖ്യവേഷം ചെയ്ത അപര്‍ണ മികച്ച ഗായിക കൂടിയാണെന്ന് ഇതിലെ 'മൌനങ്ങള്‍' എന്ന പാട്ടിലൂടെ തെളിയിച്ചു. സംഗീതജ്ഞന്‍ ബാലമുരളിയുടെ മകളായ അപര്‍ണയെ പാട്ടുപാടിക്കാന്‍ ശ്രമിച്ചത് ചിത്രത്തിന്റെ സംവിധായകനായ ദിലീഷ് പോത്തനാണ്. വിജയ് യേശുദാസുമായി ചേര്‍ന്നുള്ള ഗാനം ഈ കുട്ടി ഗംഭീരമാക്കിയപ്പോള്‍ ഈ തെരഞ്ഞെടുപ്പ് അങ്ങേയറ്റം ഉചിതമായി എന്ന് തോന്നി. ഇതിലെ 'ഇടുക്കി' പാട്ടിന്റെ ഗായകനായി എന്നെയല്ല തീരുമാനിച്ചിരുന്നത്.
താന്‍ പലപാട്ടിലും പതിവുള്ളതുപോലെ ട്രാക്ക് പാടുകയാണ് ചെയ്തിരുന്നത്. മറ്റൊരു സുഹൃത്തിനായാണ് ഗാനം നിശ്ചയിച്ചിരുന്നത്. അദേഹത്തെക്കൊണ്ട് പാട്ട് റെക്കോര്‍ഡ് ചെയ്യിക്കുകയും ചെയ്തു. എന്നാല്‍ താന്‍ ഈ പാട്ട് പാടുന്നതിനേക്കാള്‍ ബിജി തന്നെ പാടുന്നതാകും നല്ലതെന്ന് ഈ സുഹൃത്ത് തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു. ദിലീഷനും നിര്‍മ്മാതാവ് ആഷിക് അബുവിനും ഒക്കെ ഇതേ അഭിപ്രായമായിരുന്നു. അങ്ങിനെയാണ് ഇടുക്കിപ്പാട്ട് എന്റെ ശബ്ദത്തിലായത്. 'തെളിവെയില്‍' ആലപിച്ച സംഗീത പ്രഭു, സുദീപ് കുമാര്‍ എന്നിവരും തനിക്കൊപ്പം ചേര്‍ന്ന് 'ചെറുപുഞ്ചിരി' ആലപിച്ച നിഖില്‍ മാത്യുവുമൊക്കെ മികച്ച ഗായകര്‍ തന്നെയാണ്. പലപ്പോഴായി ഇവരുടെ പാട്ടുകള്‍ എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഈ പാട്ടുകള്‍ പാടുന്നതിനായി തെരഞ്ഞെടുത്തത്. ആ തെരഞ്ഞെടുപ്പ് ഏറ്റവും മികച്ചതായി എന്നാണ് പാട്ട് ഇറങ്ങിയപ്പോള്‍ ബോധ്യപ്പെട്ടത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തോടും അങ്ങേയറ്റം നീതി പുലര്‍ത്താന്‍ തനിക്ക് കഴിഞ്ഞുവെന്നാണ് വിശ്വാസമെന്നും' ഇദ്ദേഹം പറയുന്നു.
ഏതായാലും പ്രമേയത്തിലെ വ്യത്യസ്തതയും പുതുമയും പോലെ ഒരു നാടന്‍പെണ്ണിന്റെ നാട്ടുവിശുദ്ധിയുമായാണ് 'മഹേഷിന്റെ പ്രതികാരം' എന്ന സിനിമയും അതിലെ പച്ചപ്പുള്ള പാട്ടുകളും നമ്മുടെ ഹൃദയത്തില്‍ തൊടുന്നത്. അത് അത്രപെട്ടെന്ന് നമ്മുടെ മനസ്സിനെ വിട്ടകലില്ലെന്ന് പ്രതീക്ഷിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..