28 March Tuesday

VIDEO:- അര്‍ജുനന്‍ മാഷിന്റെ ഓര്‍മ്മയില്‍ മകനൊപ്പം 'കാണാനഴകുള്ള മാണിക്യക്കുയിലുമായി' ജി വേണുഗോപാല്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 5, 2021
കൊച്ചി> 'കാണാനഴകുള്ള മാണിക്യക്കുയിലു'മായി വീണ്ടും ജി വേണുഗോപാല്‍; ഒപ്പം മകനും ഗായകനുമായ അരവിന്ദ് വേണുഗോപാലും. മുപ്പത്തിമൂന്ന് കൊല്ലം മുമ്പ് ഊഴം എന്ന സിനിമയ്ക്ക് വേണ്ടി  ദുര്‍ഗയ്ക്കൊപ്പം  പാടിയ  ഗാനമാണ് ഇപ്പോള്‍  മകനൊപ്പം വേണുഗോപാല്‍ ആലപിച്ചത്. ഹൃദയവേണു ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലില്‍ ഗാനം റിലീസ് ചെയ്തു. ഒഎന്‍വി കുറുപ്പ് രചിച്ച് എം കെ അര്‍ജുനന്‍ സംഗീതം നല്‍കിയ ഗാനം 1988 ലാണ് പുറത്തുവന്നത്.

"ഈ പാട്ട് എന്നിൽ അവശേഷിപ്പിക്കുന്ന ഓർമ്മ കനിവ് നിറച്ച ഒരു ചിരി , കവിളത്തൊരു മൃദുസ്പർശം, 'മോനേ'  എന്ന് സ്നേഹത്തോടെയുള്ള സംബോധന, ഇതൊക്കെയാണ്. അതാണ് " കാണാനഴകുള്ള മാണിക്യക്കുയിലേ ". അതാണ് അർജുനൻ മാസ്റ്റർ!-പാട്ടിനെപ്പറ്റി
ജി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
ഒരു പുതുപ്പാട്ടുകാരനോട് അയാളുടെ ആദ്യ ഗാനങ്ങളെക്കുറിച്ചുള്ള അവിസ്മരണീയമായ ഓർമ്മയെന്തെന്നു് ചോദിച്ചാൽ, ഗാനലയത്തിൽ മതിമറന്ന നിമിഷങ്ങളോ, പെർഫക്ഷനിലേക്കെത്തിച്ചേർന്ന മുഹൂർത്തമോ ആയിരിക്കില്ല അയാളുടെ മനസ്സിൽ. പാട്ട് പാടി പഠിപ്പിച്ച് തന്നയാളുടെ മുഖത്ത് വിരിഞ്ഞൊരു ചിരി , നന്നായി എന്നൊരു വാക്ക്, ഇതൊക്കെയായിരിക്കണം ഏത് പാട്ടുകാരൻ്റെയും മധുരസ്മരണകൾ! എൺപതുകളിലും തൊണ്ണൂറുകളിലും സ്ട്രെയിറ്റ് ലൈവ് റിക്കാർഡിംങ്ങ് നടക്കുന്ന കാലഘട്ടങ്ങളിൽ, ഓരോ പുതിയ പാട്ടും, പുതിയ സംഗീത സംവിധായകനുമൊക്കെ പാട്ടുകാരനോരോ പുതിയ പരീക്ഷണങ്ങൾ തന്നെയായിരുന്നു.
 
ഈ പാട്ട് എന്നിൽ അവശേഷിപ്പിക്കുന്ന ഓർമ്മ കനിവ് നിറച്ച ഒരു ചിരി , കവിളത്തൊരു മൃദുസ്പർശം, "മോനേ " എന്ന് സ്നേഹത്തോടെയുള്ള സംബോധന, ഇതൊക്കെയാണ്. അതാണ് " കാണാനഴകുള്ള മാണിക്യക്കുയിലേ ". അതാണ് അർജുനൻ മാസ്റ്റർ!
എം കെ അര്‍ജുനനൊപ്പം ജി വേണുഗോപാല്‍

എം കെ അര്‍ജുനനൊപ്പം ജി വേണുഗോപാല്‍

ആദ്യത്തെ ടേക്ക്, തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോയിൽ, ഗാനം ഒ കെ ആകുന്നു. വോയിസ് ബൂത്തിലേക്ക് വന്ന മാസ്റ്റർ ഒരു ചെറു ചിരിയോടെ "മോനേ, ഇനി വേറൊരു സിററുവേഷന് വേണ്ടി ഇതേ പാട്ട് തന്നെ നമുക്ക് നടയൊന്നു് മാറ്റി പിടിച്ചാലോ?" മാസ്റ്റർ ഹാർമോണിയത്തിലേക്ക്. അതിവേഗം പഠിച്ച് നന്നായി പാടിയ പാട്ടിൻ്റെ താളം മാറിയപ്പോൾ, ഒന്ന് രണ്ട് പ്രാവശ്യം ഞാൻ തപ്പിത്തടഞ്ഞ് വീണ് വീണ്ടും പഴയ താളത്തിൽ തന്നെ ചെന്നു നിൽക്കുന്നു. ഒരു കാൾ ഷീററിൽ തീരേണ്ട റിക്കാർഡിംങ്ങാണ്. സംഗീതോപകരണ വിദഗ്ദ്ധരെല്ലാം അവരവരുടെ ബൂത്തുകളിലേക്ക്. റിക്കാർഡിംങ്ങ് തുടങ്ങുന്നു. പുതിയ നടയിൽ പാടി പാടി വന്ന് ഞാൻ വീണ്ടും പഴയ താളത്തിൽ ചെന്നെത്തും. ഒരു പിന്നണി ഗായകന് വേണ്ട അത്യാവശ്യ ഗുണം ആ പാട്ടെന്നെ പഠിപ്പിക്കുകയായിരുന്നു. പെട്ടെന്ന് പഠിച്ച് കൃത്യമായി പാടുക . പഠിച്ചത് ഉടൻ മറന്ന് പുതിയത് ഹൃദിസ്ഥമാക്കുക. തരംഗിണിയുടെ തണുപ്പിച്ച സ്റ്റുഡിയോക്കുള്ളിൽ ഞാൻ മാത്രം വിയർത്തൊലിച്ചു. മൂന്ന് ടേക്കുകൾക്ക് ശേഷം പെട്ടെന്നൊരു ശ്മശാനമൂകത അവിടെ പരന്നു. ഇനി സംഭവിക്കാൻ പോകുന്നത് ഏത് പുതുപ്പാട്ടുകാരനും ഓർക്കാൻ ഭയപ്പെടുന്ന ഒരവസ്ഥയാണ്. തോൽവിയുടെ അടയാളമായ പറഞ്ഞുവിടൽ. ഇയാൾ പോരെന്ന് നിശ്ശബ്ദമായി കണ്ണകളാലുള്ള മുദ്ര വയ്ക്കൽ!
 
അതാ വോയിസ് ബൂത്ത് കണ്ണാടിക്കപ്പുറം മാസ്റ്റർ എന്നെ മാടിവിളിക്കുന്നു. ഹാർമോണിയത്തിനടുത്തേക്ക് മാസ്റ്റർ എന്നെ കൂട്ടിക്കൊണ്ട് പോയി. ഓരോ വാക്കും പാട്ടിൻ്റെ നടയ്ക്കനുസരിച്ച് മുറിക്കാതെ എങ്ങനെ പാടാൻ സാധിക്കും എന്നതിന് ഒന്ന് രണ്ട് പൊടിക്കൈകൾ പറഞ്ഞു തന്നു!
 
അടുത്ത ഇരുപത് മിനിറ്റിൽ, പാട്ട് റെഡി. പോകാൻ നേരം പ്രതിഫലം ഒരു കവറിലാക്കി തന്നിട്ട് മാസ്റ്റർ എൻ്റെ കവിളത്തൊന്ന് തലോടി. " ശാസ്ത്രീയം പഠിച്ചോണേ മോനേ.... ഒരു വെല്ലുവിളി വന്നാൽ തോറ്റ് കൊടുക്കരുത്!"
 
എന്നും മാസ്റ്ററിനെ കണ്ടാൽ അറിയാതെ എൻ്റെ ശിരസ്സ് കുനിയുമായിരുന്നു. എൻ്റെ കൈകൾ ആ കാൽപ്പാദം തേടും. "മോനേ " എന്ന വിളിയോടെ മാസ്റ്ററിൻ്റെ മൃദുസ്പർശം എൻ്റെ കവിളത്തും. ജൂറി ആയിരിക്കുന്ന ഓരോ സംഗീത റിയാലിറ്റി ഷോ മത്സരങ്ങളിലും, കണ്ണഞ്ചിക്കുന്ന വെള്ളി വെളിച്ചത്തിൽ പകച്ച് നിന്ന് പാടുന്ന കുട്ടികളെ കാണന്നോൾ അർജുനൻ മാസ്റ്ററിൻ്റെ ചിരിച്ച മുഖം എൻ്റെ മനസ്സിലുദിക്കും. ഒപ്പം "മോനേ " എന്ന വിളിയും, കണ്ണുകളിലെ വാത്സല്യത്തിരയിളക്കവും, കവിളത്തെ മൃദുസ്പർശവും.

 


 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top