സംഗീതരംഗത്തെ എന്റെ അന്വേഷണത്തിന്റെ ഭാഗമാണ് 'രസ' മ്യൂസിക് ബാന്‍ഡ്. കുറെക്കാലം പലരുടെയും കൂടെ സംഗീതരംഗത്ത് പ്രവര്‍ത്തിച്ചതിന്റെ അനുഭവവും പഠനവുമൊക്കെയാണ് ഇങ്ങനെയൊരു ശ്രമത്തിനു പിന്നില്‍. കേട്ടതും പഠിച്ചതുമായ ഈണങ്ങളില്‍നിന്ന് ചിലത് സ്വീകരിച്ച് യൂണിവേഴ്സലായി എന്തെങ്കിലും ചെയ്യണമെന്ന ഏറെക്കാലത്തെ ആഗ്രഹത്തിലേക്കുള്ള ചുവടുവയ്‌പ് എന്ന് വേണമെങ്കില്‍ പറയാം. പാശ്ചാത്യവും പൌരസ്ത്യവുമായ എല്ലാതരം സംഗീതവും തമ്മില്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സംഗീതത്തെ കുറെക്കൂടെ വൈഡായി കാണണമെന്നാണ് എന്റെ അഭിപ്രായം. ഇത്തരത്തില്‍ വിശാലമായി സംഗീതത്തെ അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു ചെറിയ വേദിയാകുക എന്നാണ് ആശിക്കുന്നത്. താല്‍പ്പര്യമുള്ളവര്‍ ഇത്തരം അന്വേഷണം തുടര്‍ന്ന് പൊയ്ക്കൊള്ളും.
പൊതുവെ മ്യൂസിക് ബാന്‍ഡുകള്‍ ഡ്രം, കീ ബോര്‍ഡ്, ഗിറ്റാര്‍... എന്നീ സംഗീത ഉപകരണങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക. എന്നാല്‍, രസ മ്യൂസിക് ബാന്‍ഡില്‍ പുള്ളുവര്‍ വീണ, പുള്ളുവക്കുടം, തുടി, ഉടുക്ക്, മഴമൂളി, പറ, തമില്, കോടങ്കി, ചെണ്ട, താളം, ചേങ്ങില, തപട... തുടങ്ങിയ സംഗീത ഉപകരണങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ട്. അടുത്ത ഘട്ടത്തില്‍ നന്തുണി, കൊമ്പ്, കുഴല്‍, ഇടയ്ക്ക... തുടങ്ങിയവയും ഉള്‍പ്പെടുത്താന്‍ ആഗ്രഹമുണ്ട്. മാത്രമല്ല, ബാന്‍ഡ് എന്ന നിലയില്‍ പ്രോഗ്രാം ചെയ്യുന്നതിനൊപ്പം ഈ രംഗത്ത് കൂടുതല്‍ ഗവേഷണവും നടത്താനാണ് പദ്ധതി.
സംഗീത അന്വേഷണം
വയനാട്ടിലാണ് ഞാന്‍ എംഎസ്ഡബ്ള്യുവിന് പഠിച്ചത്. അക്കാലത്ത് ആദിവാസികള്‍ക്കിടയില്‍നിന്ന് ഒരുപാട് നാടന്‍പാട്ടുകള്‍ ശേഖരിച്ചിരുന്നു. പിന്നീട് കൊല്‍ക്കത്തയില്‍ സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച കാലത്ത് എന്റെ സംഗീതചിന്തകള്‍തന്നെ മാറ്റിമറിക്കപ്പെട്ടു. സംഗീതത്തോടുള്ള അവരുടെ സമീപനം വല്ലാതെ അത്ഭുതപ്പെടുത്തി. ഏക്താരയുമായി അലഞ്ഞുതിരിയുന്ന ബാവൂള്‍ ഗായകരെയൊക്കെ കൌതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. പഠനം കഴിഞ്ഞിട്ടും കൊല്‍ക്കത്തയില്‍ കുറെക്കാലം കഴിഞ്ഞു.
തെരുവില്‍പ്പോലും സംഗീതത്തിന് അവിടത്തുകാര്‍ നല്‍കുന്ന വില കണ്ടറിയേണ്ടതുതന്നെയാണ്. ജീവശ്വാസംപോലെ സംഗീതത്തെ കൊണ്ടുനടക്കുന്നവരില്‍ ദരിദ്രരും ധനികരുമൊക്കെയുണ്ട്. ആ സമയത്തുതന്നെ തന്‍മോയ്ബോസ്, കനിഷ്ക സര്‍ക്കാര്‍ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവര്‍ത്തിക്കാനും കഴിഞ്ഞു. ഇതൊക്കെ കുറെക്കൂടി വിശാലമായി സംഗീതത്തെ നോക്കിക്കാണുന്നതിന് എനിക്ക് പ്രേരണയായി. പേര്‍ഷ്യന്‍ സംഗീതമായാലും കേരളത്തിലെ നാടന്‍പാട്ടായാലും ഇവ തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്ന കാണാച്ചരടുകളെക്കുറിച്ച് സൂക്ഷ്മതയോടെ നിരീക്ഷിച്ചുതുടങ്ങാന്‍ ഇത്തരം സംഗീതയാത്രകള്‍ എനിക്ക് അവസരംതന്നു. പിന്നീട് കേരളത്തില്‍ വന്നപ്പോള്‍ റക്സ് വിജയന്‍, ജോണ്‍ തോമസ്, ബിജിപാല്‍, ജോണ്‍ വര്‍ക്കി... പോലുള്ളവരുടെ കൂടെയും വര്‍ക്കുചെയ്തു. ഇതും എനിക്ക് മികച്ച പാഠങ്ങളായിരുന്നു.
കാലദേശങ്ങള്‍ക്കപ്പുറം
ഏഴ് ഗാനങ്ങളാണ് 'രസ' ആദ്യവേദിയില്‍ അവതരിപ്പിക്കുന്നത്. നാഗപ്പാട്ട്, തോറ്റംപാട്ട് ഉള്‍പ്പെടെയുള്ള പരമ്പരാഗതഗാനങ്ങളെ സ്വന്തംശൈലിയില്‍ ചിട്ടപ്പെടുത്തി ആധുനിക സംഗീത ഉപകരണങ്ങളുടെയും ശബ്ദത്തിന്റെയും അകമ്പടിയോടെ വേറിട്ട പരീക്ഷണത്തിന് വിധേയമാക്കുന്നു. ഒപ്പം പരമ്പരാഗത സംഗീത ഉപകരണങ്ങള്‍ അകമ്പടിയാകും. ബാന്‍ഡിലെ അംഗങ്ങള്‍ ഒരുമിച്ചിരുന്നാണ് ഓരോ പാട്ടും ചിട്ടപ്പെടുത്തിയത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, സജു ശ്രീനിവാസ്, മധു നാരായണന്‍ തുടങ്ങിയവര്‍ എഴുതിയ ഗാനങ്ങളും അവതരിപ്പിക്കുന്നുണ്ട്. ഭാഷയ്ക്കും കാലത്തിനും ദേശത്തിനുമെല്ലാം അതീതമായി സംഗീതത്തെ വളരെ സ്വതന്ത്രമായി കാണാനുള്ള ശ്രമമാണ് ഓരോ പാട്ടും. അതുകൊണ്ടുതന്നെ ചില മലയാളം പാട്ടിനൊപ്പം ഇംഗ്ളീഷ് വരികളും ചേരുന്നുണ്ട്. വളരെ നൈസര്‍ഗികമായി ഓരോ പാട്ടിനെയും സമീപിക്കാനാണ് ശ്രമം. അതേസമയം, ഓരോ പാട്ടിനെയും നിരവധി പരീക്ഷണങ്ങള്‍ക്കും വിധേയമാക്കുന്നു. വിനോദ് ശ്രീദേവന്‍ (ലിഡ് ഗിറ്റാറിസ്റ്റ്), ബി എസ് ബാലു (ബേസ് ഗിറ്റാറിസ്റ്റ്), അരുണ്‍കുമാര്‍ (ഡ്രമ്മര്‍ കം പെര്‍ക്കഷനിസ്റ്റ്) എന്നിവരാണ് ബാന്‍ഡിലെ മറ്റ് അംഗങ്ങള്‍. പരമ്പരാഗത സംഗീത ഉപകരണങ്ങള്‍ കൈകാര്യംചെയ്യുക ആ മേഖലകളിലെ പ്രമുഖരാണ്.
മ്യൂസിക് ബാന്‍ഡുകള്‍ കേരളത്തില്‍
കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷത്തിനിടയില്‍ നിരവധി മ്യൂസിക് ബാന്‍ഡുകള്‍ കേരളത്തില്‍ രൂപംകൊണ്ടിട്ടുണ്ട്. മികച്ച കലാകാരന്മാരാണ് ഒട്ടുമിക്ക ബാന്‍ഡുകളിലുമുള്ളത്. എന്നാല്‍, പുതിയ അന്വേഷണങ്ങള്‍ നടത്താന്‍ പലരും തയ്യാറാകുന്നില്ല. പഴയ സംഗീതത്തില്‍തന്നെ വട്ടംചുറ്റുകയാണ്. സ്വതന്ത്ര സംഗീത അന്വേഷണം നടത്താന്‍ താല്‍പ്പര്യമില്ല. സിനിമാപ്പാട്ടും നാടന്‍പാട്ടും മാത്രമായി മ്യൂസിക് ബാന്‍ഡുകള്‍ പരിമിതപ്പെട്ടുപോകുന്നു.
ചലച്ചിത്രഗാനങ്ങള്‍
ഉറുമി, ചാപ്പാകുരിശ്, ബാച്ചിലര്‍ പാര്‍ടി, മാറ്റിനി, സൌണ്ട് തോമ, ഫ്രൈഡേ, ഉട്ടോപ്യയിലെ രാജാവ്, റാസ്പുടിന്‍, സിലോണ്‍ (തമിഴ്), ഖുബ്സൂരത് (ഹിന്ദി) തുടങ്ങി ഏതാനും ചിത്രങ്ങളില്‍ പാടി. ഇനിയും നല്ല അവസരങ്ങള്‍ വന്നാല്‍ സിനിമയ്ക്കുവേണ്ടി പാടും. 'ഇനി വരുന്നൊരു തലമുറയ്ക്ക്...' ഇപ്പോഴും ജനങ്ങളുടെ ഹൃദയത്തിലുണ്ട് എന്നത് വലിയ സന്തോഷമാണ് തരുന്നത്. രോഹിത് വെമുലയ്ക്ക് സമര്‍പ്പിച്ച് മുഹ്സിന്‍ പെരാരി സംവിധാനംചെയ്ത 'ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍' എന്ന വീഡിയോ ആല്‍ബത്തില്‍ പാടി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
പരീത് പണ്ടാരി
ഞാന്‍ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് പരീത് പണ്ടാരി. 22 ഫീമെയില്‍ കോട്ടയം, ഇടുക്കി ഗോള്‍ഡ്, ഉട്ടോപ്യയിലെ രാജാവ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. ഉട്ടോപ്യയില്‍ പാടി അഭിനയിക്കാന്‍ അവസരം ലഭിച്ചു.
ഗഫൂര്‍ ഇല്യാസ് സംവിധാനംചെയ്ത പരീത് പണ്ടാരിയില്‍ മുഴുനീള കഥാപാത്രമാണ്. ബിരിയാണിവയ്പുകാരനായ പരീതിന്റെ മൂത്ത മകള്‍ മെഹര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചെന്നൈ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ടി ഷൈബിന്‍, ബെല്ലിരാജ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിലെ പ്രശസ്തഗാനമായ 'കണ്‍കള്‍ ഇരണ്ടാല്‍' എന്ന പാട്ട് പാടിയത് ബെല്ലിരാജാണ്. സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനായ ജയിംസ് വസന്താണ് ഈ ചിത്രത്തിന്റെയും സംഗീതസംവിധാനം നിര്‍വഹിച്ചത്.
കാളിനാടകം
ഞാന്‍ ആദ്യമായി അഭിനയിക്കുന്ന നാടകമാണ് കാളിനാടകം. സജിത മഠത്തില്‍ എഴുതി ചന്ദ്രദാസന്‍ സംവിധാനംചെയ്ത നാടകത്തിന് മികച്ച പ്രതികരണമായിരുന്നു. കൂളി എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള നാടകമാണ് കാളിനാടകം. പാരീസ് ചന്ദ്രനായിരുന്നു സംഗീതം. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വലിയ അനുഭവമായിരുന്നു. 20 സംഗീത ഉപകരണങ്ങള്‍ അനായാസമായി കൈകാര്യംചെയ്യുന്ന പ്രതിഭ. നാടകത്തെക്കുറിച്ചും മ്യൂസിക്കിനെക്കുറിച്ചുമെല്ലാം അടുത്തുനിന്ന് മനസ്സിലാക്കാനുള്ള അവസരം കാളിനാടകത്തിലൂടെ ലഭിച്ചു. നാടകത്തിന്റെ പ്രൊഡക്ഷന്‍ കോ–ഓര്‍ഡിനേറ്ററും ഞാനായിരുന്നു.
shamsudeen.p@gmail.com

രസ ബാന്‍ഡിന്റെ റിഹേഴ്സല്‍ ക്യാമ്പില്‍നിന്ന് / ഫോട്ടോ > സുമേഷ് കോടിയത്ത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..