29 March Friday

യൂട്യൂബിൽ പറന്നുയർന്ന്‌ ‘നീലി’; സിതാര കൃഷ്‌ണകുമാർ പാടിയ ഗാനം

ശ്രീരാജ‌് ഓണക്കൂർUpdated: Sunday Mar 1, 2020

കൊച്ചി > അടിയാളന്മാരുടെ യാതനകളുടെ ദൃശ്യാവിഷ്‌കാരവുമായി ‘നീലി’ മ്യൂസിക് വീഡിയോ യുട്യൂബിൽ തരംഗമാകുന്നു. അഞ്ചു ലക്ഷത്തിലധികംപേരാണ്‌ ഒരു മാസത്തിനുള്ളിൽ യൂട്യൂബിൽ നീലിയെ കണ്ടത്‌. സിത്താര കൃഷ്‌ണകുമാർ പാടിയ ‘നീയും കണ്ടോ പെണ്ണേ പുഞ്ചവയൽ പാടത്തവളേ’ ഗാനം ടിക്‌ടോക്കിലും ഹിറ്റായി.

മഹാരാജാസ്‌ കോളേജ്‌ പൂർവ്വ വിദ്യാർഥി എൽദോസ്‌ നെച്ചൂരും സിനിമാ സ്വപ്‌നം കാണുന്ന ഒരുസംഘം ചെറുപ്പക്കാരും ചേർന്നാണ്‌ ദൃശ്യാവിഷ്‌കാരം. സിനിമപോലെ തയ്യാറാക്കിയ മ്യൂസിക് വീഡിയോ പറയുന്നത്‌ നാടുവാഴിത്ത കാലഘട്ടത്തിൽ ദളിത്‌ സ്‌ത്രീകൾ നേരിട്ട ചൂഷണത്തെക്കുറിച്ചാണ്‌. പെണ്ണുടലിനെ കടിച്ചുകീറിയ അന്നത്തെ തമ്പ്രാക്കൻമാരെ ഇതിൽ കാണാം. സ്വന്തം നാട്ടിൽ തന്നെ ജീവിച്ചു കാണിക്കുക എന്ന പ്രതിരോധമാണ്‌ പ്രതികാരത്തിലൂടെ നീലി ഉയർത്തുന്നത്‌.

കാലവും ദേശവും മാറിയെങ്കിലും ഇത്തരം അതിക്രമങ്ങൾ ഇപ്പോഴും തുടരുന്നുവെന്ന സന്ദേശമാണ്‌ ‘നീലി’ നൽകുന്നതെന്ന്‌ സംവിധായകൻ എൽദോസ്‌ നെച്ചൂർ പറയുന്നു. ഗാനരചന നിർവഹിച്ച എൽദോസ്‌, കൃപ ഉണ്ണിക്കൃഷ്‌ണനൊപ്പം സംഗീത സംവിധാനത്തിലും പങ്കാളിയാണ്‌. 2017ൽ മഹാരാജാസിൽ പഠിക്കുമ്പോഴാണ്‌ നീലിയെന്ന ഗാനം എഴുതിയത്‌. കോളേജിലെ മലയാളം അധ്യാപകൻ എസ്‌ ജോസഫ്‌ എല്ലാ പ്രോത്സാഹനവും നൽകി.

എറണാകുളത്തുള്ള മാസ്‌ക്‌ മീഡിയ പ്രൊഡക്‌ഷൻസാണ്‌ നിർമാണം. അവിടത്തെ എഡിറ്റർ മിഥുൻ മഹാരാജാസ്‌ കോളേജ്‌ വിദ്യാർഥിയാണ്‌. ആ പരിചയം നീലിയെന്ന ആശയം മാസ്‌ക്‌ മീഡിയ സിഇഒ മീരജ്‌ മൈക്കിളിന്റെ അടുത്തെത്തിച്ചു. മീരജ്‌ ഇത്‌ നിർമിക്കാൻ തയ്യാറായി. നായിക നീലിയായി എത്തുന്നത്‌ നയൻതാരയുടെ ഐറ സിനിമയിൽ അഭിനയിച്ച ചെന്നൈ സ്വദേശിനി ഗബ്രിയേലയാണ്‌. അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്‌ ഫെയിം ശ്യാം കാർഗോസും അഭിനയിച്ചിട്ടുണ്ട്‌. പാലക്കാട്‌ കൊല്ലങ്കോട്‌ ഗ്രാമത്തിന്റെ ദൃശ്യംഭംഗി ഒപ്പിയെടുത്തത്‌ ‘സുല്ല്‌’ സിനിമയുടെ ക്യാമറാമാൻ പെരുമ്പാവൂർ കുറുപ്പംപടി സ്വദേശി സ്‌റ്റിജിൻ സ്‌റ്റാർവ്യൂവാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top