03 October Tuesday

അച്‌ഛന്റെ സംഗീതം; മകന്റെ ആലാപനം...രണ്ടര വർഷംകൊണ്ട്‌ പിറന്ന ‘നാട്ടു നാട്ടു’ പാട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023

മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്‌ക്കാർ പുരസ്‌ക്കാരം നേടിയ ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം രാഹുൽ സിപ്ലി ഗുഞ്ജിനൊപ്പം ആലപിച്ച ഗായകൻ കാലഭൈരവയുമായി രവി മേനോൻ നടത്തിയ അഭിമുഖം. ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ പാട്ട്‌ രൂപപ്പെട്ട വഴികൾ വിവരിക്കുകയാണ്‌ സംഗീത സംവിധായകൻ കീരവാണിയുടെ മകൻ കൂടിയായ ഗായകൻ.

കാലഭൈരവ, എങ്ങനെ കിട്ടി വിചിത്രമായ ഈ പേര്?

മുത്തച്ഛൻ ശിവശക്തി ദത്തയുടെ സമ്മാനമാണെന്ന് പേരക്കിടാവിന്റെ മറുപടി. ‘‘സാക്ഷാൽ പരമശിവന്റെ പര്യായപദം ആയതുകൊണ്ട് മാത്രമല്ല. ഞാൻ ജനിക്കുന്ന സമയത്ത് അച്ഛൻ ഒരു ഭക്തിഗാന ആൽബത്തിനുവേണ്ടി കാലഭൈരവാഷ്ടകം ചിട്ടപ്പെടുത്തുന്ന തിരക്കിലാണ്. എന്നാൽ പിന്നെ ആ പേര് തന്നെ ഇരിക്കട്ടെ പേരക്കുട്ടിക്ക് എന്ന് വിചാരിച്ചുകാണും മുത്തച്ഛൻ''.

ഒരു നിമിഷം നിർത്തി ആത്മഗതംപോലെ, കീരവാണിയുടെ മകൻ കൂട്ടിച്ചേർക്കുന്നു: 'എന്തായാലും  ആ പേര് എനിക്ക് ഭാഗ്യമേ കൊണ്ടുവന്നിട്ടുള്ളൂ; ഇതാ ഈ നിമിഷം വരെ''.
മറിച്ചൊരു അഭിപ്രായമുണ്ടാവില്ല ആർക്കും. ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ, ഓസ്കാറിന് നാമനിർദേശം ചെയ്യപ്പെട്ട ഒരു ഗാനത്തിലൂടെ കാലഭൈരവ എന്ന പേര് കാലദേശാതിർത്തികൾക്കപ്പുറത്തേക്ക് യാത്രയായിരിക്കുന്നു.

ആർആർആർ എന്ന തെലുങ്കുചിത്രത്തിലെ 'നാട്ടു നാട്ടു’ എന്ന സൂപ്പർ ഹിറ്റ് നൃത്തഗാനം പാടിയത് കാലഭൈരവയും രാഹുൽ സിപ്ലിഗുഞ്ജും ചേർന്നാണ്. അതേ ചിത്രത്തിലെ 'കൊമുരം ഭീമൂഡോ’ എന്ന ഹൃദയസ്പർശിയായ സോളോ ഗാനത്തിന് ശബ്ദം പകർന്നതും കാലഭൈരവ തന്നെ.

കുടുംബകാര്യമാണ് കാലഭൈരവക്ക് ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രം.  സംവിധാനം പിതൃസഹോദരൻ  എസ് എസ് രാജമൗലി. കഥ മുത്തച്ഛന്റെ സഹോദരൻ വിജയേന്ദ്ര പ്രസാദിന്റെ വക. സംഗീത സംവിധായകനാകട്ടെ പിതാവ് കീരവാണിയും. പക്ഷേ ആ ആനുകൂല്യമൊന്നും പാട്ടുകാരനെന്ന നിലയിൽ തനിക്ക് ലഭിച്ചിട്ടില്ല എന്ന് തുറന്നുപറയുന്നു കാലഭൈരവ.

‘‘വിശ്വസിക്കുമോ എന്നറിയില്ല, നാട്ടു നാട്ടു എന്ന ഗാനം ഇന്നത്തെ രൂപത്തിൽ എത്തിച്ചേർന്നത് രണ്ടര വർഷത്തെ കഠിനാധ്വാനത്തിനൊടുവിലാണ്. പെർഫക്ഷന്റെ കാര്യത്തിൽ കടുകിട വിട്ടുവീഴ്ച ഇല്ലാത്തവരാണ് എന്റെ അച്ഛനും അമ്മാവനും. അവരെ സംതൃപ്തരാക്കുക എളുപ്പമല്ല. സ്റ്റുഡിയോയിൽ അദ്ദേഹം അച്ഛനും ഞാൻ മകനുമല്ല. സംഗീത സംവിധായകനും ഗായകനും മാത്രം''.

ആ അധ്വാനം അംഗീകരിക്കപ്പെടുന്നു എന്നത് കാലഭൈരവയ്ക്ക് അനൽപ്പമായ ആഹ്‌ളാദം പകരുന്ന കാര്യം. ‘‘ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവാർത്ത കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഇതൊന്നും പ്രതീക്ഷിച്ചല്ലല്ലോ നമ്മൾ പാട്ട് റെക്കോർഡ് ചെയ്യുന്നത്. പാടുന്ന പാട്ട് ജനങ്ങൾ ഇഷ്ടപ്പെടണം, സിനിമയിലെ രംഗത്തോട് പരമാവധി ചേർന്നുനിൽക്കണം എന്നൊക്കെയേ ആഗ്രഹിക്കാറുള്ളൂ. അതുകൊണ്ടുതന്നെ ഇതുപോലൊരു അംഗീകാരം സ്വപ്നങ്ങൾക്കെല്ലാം അപ്പുറത്തായിരുന്നു.  കുടുംബാംഗങ്ങൾക്ക് ഒപ്പമിരുന്നാണ് ആ വാർത്ത ടെലിവിഷനിൽ കണ്ടത്. അത്  മറക്കാനാവാത്ത മറ്റൊരനുഭവം''.

കാലഭൈരവ

കാലഭൈരവ

ഏറ്റവും വലിയ വെല്ലുവിളി പാടുന്ന പാട്ടുകളുടെ ഭാവവൈവിധ്യംതന്നെ. രൂപഭാവങ്ങൾകൊണ്ടും വൈകാരികതകൊണ്ടും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന പാട്ടുകളാണ് ‘നാട്ടു നാട്ടു'വും 'കൊമുരം ഭീമൂഡോ’യും. ആദ്യത്തേത് അങ്ങേയറ്റം ഊർജസ്വലമായ, ചോര തിളപ്പിക്കേണ്ട പാട്ട്.

രണ്ടാമത്തേത് ഹൃദയദ്രവീകരണ ശക്തിയുള്ള, അശ്രുപൂരിതമായ പാട്ട്. ഒരു പാട്ട് പഠിച്ചുകഴിഞ്ഞശേഷം അതിന്റെ മൂഡ് പൂർണമായി വിട്ട് പുതിയ പാട്ടിന്റെ വൈകാരിക പശ്ചാത്തലത്തിനിണങ്ങുംവിധം മനസ്സിനെ പാകപ്പെടുത്തിയെടുക്കുക എളുപ്പമല്ല.

'എല്ലാ അർഥത്തിലും വലിയൊരു പാഠമായിരുന്നു രണ്ടുപാട്ടിന്റെയും റെക്കോർഡിങ്. സ്ക്രാച്ച് ഘട്ടം മുതൽ പാട്ടുകൾ അവസാന രൂപത്തിലെത്തുംവരെ കൂടെയുണ്ടായിരുന്നു ഞാൻ. സൃഷ്ടിയുടെ ഓരോ സ്റ്റേജും ആവേശകരമായിരുന്നു. വേർഷനുകൾ മാറിമാറി വന്നു. ഈണങ്ങൾ തിരസ്കരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും വീണ്ടും തിരസ്കരിക്കപ്പെടുകയും ചെയ്തു. പാട്ട് ചിത്രീകരിക്കപ്പെട്ടുകഴിഞ്ഞശേഷം പോലും ഈ യജ്ഞം തുടർന്നു എന്നതാണ് രസകരം.

രംഗത്തെ നൃത്ത ചലനങ്ങൾക്ക് ഇണങ്ങുംവിധം ഗാനത്തിന്റെ രൂപഘടന ചിലയിടങ്ങളിൽ മാറ്റേണ്ടിവന്നു. പാട്ടിനനുസരിച്ച് ചുവടുകളും മാറിവന്നു. അങ്ങനെ സുദീർഘവും സംഭവബഹുലവുമായിരുന്നു ഗാനസൃഷ്ടി''. ബിഗ് ബോസ്‌ (തെലുങ്ക്) സീസൺ മൂന്നിൽ ജേതാവായിരുന്ന പ്രശസ്ത ഫോക്  റാപ് ഗായകൻ രാഹുൽ സിപ്ലിഗുഞ്ജ്

രാഹുൽ സിപ്ലിഗുഞ്ജ്

രാഹുൽ സിപ്ലിഗുഞ്ജ്

ആണ് 'നാട്ടു നാട്ടു' എന്ന ഗാനം കാലഭൈരവയ്‌ക്കൊപ്പം ആലപിച്ചത്.

നേരത്തെ കീരവാണിയുടെ തന്നെ സംഗീതത്തിൽ 'ബാഹുബലി 2’ ലും പാടിയിരുന്നു കാലഭൈരവ;  'ദണ്ഡാലയ്യാ’, 'ഒക പ്രാണം’ എന്നീ ഗാനങ്ങൾ. ‘‘അച്ഛന്റെ സംഗീതസംവിധാന ശൈലി കണ്ടും കേട്ടുമാണ് ഞാൻ വളർന്നത്. കുട്ടിക്കാലം മുതലേ എത്രയോ ഗാനസൃഷ്ടികൾക്കും റെക്കോർഡിങ് സെഷനുകൾക്കും സാക്ഷ്യം വഹിക്കാൻ ഭാഗ്യമുണ്ടായി. പുതിയൊരു ഈണം അദ്ദേത്തിന്റെ മനസ്സിൽ നാമ്പിടുന്നതും പിന്നീടത് ഗാനമായി വളരുന്നതും വാദ്യവിന്യാസത്തിന്റെ അകമ്പടിയോടെ പൂർണത നേടുന്നതുമൊക്കെ വിസ്മയത്തോടെ കണ്ടുനിന്നിട്ടുണ്ട്''.

പിൽക്കാലത്ത് 'മതുവതലറാ’ (2019) എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി തുടക്കം കുറിക്കുമ്പോൾ പിതാവിന്റെ സ്വാധീനത്തിൽനിന്ന് പുറത്തുകടക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ‘‘അച്ഛൻ തന്നെയാണ് അന്നും ഇന്നും എന്റെ മാതൃക. പക്ഷേ അനുകരണങ്ങളിൽ ചെന്നുവീഴാതെ സംഗീത സംവിധായകനെന്ന നിലയിൽ വ്യക്തിത്വമാർന്ന ശൈലി രൂപപ്പെടുത്തിയാലേ ഈ രംഗത്ത് നിലനിൽക്കാനാകൂ.

ആദ്യ ചിത്രത്തിൽ ആ ശ്രമം വിജയം കണ്ടു എന്നാണെന്റെ വിശ്വാസം''. കാലഭൈരവയുടെ ഇളയ സഹോദരൻ സിംഹ കോഡൂരി ആയിരുന്നു  'മതുവതലറാ’യിലെ നായകൻ എന്ന പ്രത്യേകത കൂടിയുണ്ട്.  സൂപ്പർ ഹിറ്റായി മാറിയ ഈ ക്രൈം ത്രില്ലറിന്റെ ശീർഷക ഗാനത്തിന് ശബ്ദം നൽകിയത് കീരവാണിയും കാലഭൈരവയും ചേർന്ന്.

മൈക്കൽ ജാക്സന്റെ ആരാധകൻ

മൈക്കൽ ജാക്സൺ

മൈക്കൽ ജാക്സൺ

വീട്ടിലെ സംഗീതാന്തരീക്ഷം തന്നെയാണ് തന്നേയും പാട്ടിന്റെ വഴിയിലെത്തിച്ചത് എന്നുപറയും കാലഭൈരവ. ‘‘സിനിമ കാണുക, പാട്ടുകൾ കേൾക്കുക  ഇത്‌ രണ്ടുമായിരുന്നു കുട്ടിക്കാലത്തെ ഹോബികൾ. അന്നെന്നെ ഏറ്റവും ആകർഷിച്ച പാട്ട് മൈക്കൽ ജാക്സന്റെ ഹീൽ ദി വേൾഡ് ആണ്; ഈണംകൊണ്ടും ആലാപനംകൊണ്ടും മാത്രമല്ല ഹൃദയസ്പർശിയായ വരികൾ കൊണ്ടും. മനുഷ്യസ്നേഹമാണ് ആ ഗാനത്തിന്റെ അന്തഃസത്ത. ഇന്നും ആ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയും...''
സിനിമയിൽ തുടക്കം കുറിച്ചത് ട്രാക്ക് ഗായകനായാണ്. പലരും കരുതുന്നതുപോലെ അച്ഛനല്ല മകനെ ആദ്യം സിനിമയിൽ അവതരിപ്പിച്ചത്; അമ്മാവൻ  കല്യാണി മാലിക്കാണ്. ആദ്യം ട്രാക്ക് പാടിയത് മാലിക് സംഗീതം നിർവഹിച്ച 'നാം' എന്ന ചിത്രത്തിൽ. തൊട്ടുപിന്നാലെ കീരവാണി സംഗീതം പകർന്ന ‘‘യമഡോംഗ''യിലുമുണ്ടായി കാലഭൈരവയുടെ ട്രാക്ക് സാന്നിധ്യം. എങ്കിലും നിർണായകമായ ബ്രേക്ക് നൽകിയത് ബാഹുബലി  2 ലെ 'ദണ്ഡാലയ്യാ’ തന്നെ.

അച്ഛന്റെ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടത് തെരഞ്ഞെടുക്കുക അസാധ്യമെന്ന് പറയും കാലഭൈരവ. 'ഓരോന്നും ഓരോ അനുഭവമാണ്. പെട്ടെന്ന് ഓർമയിലെത്തുന്ന സിനിമാ ആൽബങ്ങളിൽ ഒകരിക്കി ഒകാരു, നാ ഓട്ടോഗ്രാഫ്, വേദം, സീതാരാമ രാജു, ക്ഷണ ക്ഷണം എന്നിവയുണ്ട്.

അച്ഛന്റെ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടത് തെരഞ്ഞെടുക്കുക അസാധ്യമെന്ന് പറയും കാലഭൈരവ. 'ഓരോന്നും ഓരോ അനുഭവമാണ്. പെട്ടെന്ന് ഓർമയിലെത്തുന്ന സിനിമാ ആൽബങ്ങളിൽ ഒകരിക്കി ഒകാരു, നാ ഓട്ടോഗ്രാഫ്, വേദം, സീതാരാമ രാജു, ക്ഷണ ക്ഷണം എന്നിവയുണ്ട്. ഹിന്ദിയിൽ സുർ, സകം, ജിസം, സ്പെഷ്യൽ ചബീസ് ഒക്കെ ആവർത്തിച്ചുകേൾക്കുന്ന ആൽബങ്ങൾ. തമിഴിൽ അഴകനാണ് ഇഷ്ടചിത്രം.  മറ്റു ഭാഷകളിൽനിന്ന് തീർത്തും വ്യത്യസ്തമായ സമീപനമാണ് മലയാള ഗാനങ്ങൾ ചിട്ടപ്പെടുത്തുമ്പോൾ അദ്ദേഹം സ്വീകരിച്ചിരുന്നത് എന്ന് തോന്നാറുണ്ട്. ആ പാട്ടുകൾ എല്ലാം എനിക്ക് പ്രിയങ്കരം'.

കീരവാണി

കീരവാണി

സമീപകാലത്ത് കേട്ടു മനസ്സിൽ പതിഞ്ഞ മലയാളഗാനങ്ങളിൽ 'ആരാധികേ'യോട് പ്രത്യേകിച്ചൊരു ഇഷ്ടമുണ്ട് കാലഭൈരവയ്ക്ക്. ഭാഷയ്ക്കതീതമായ എന്തോ ഒരു ആകർഷണീയതയുണ്ട് ആ പാട്ടിന് എന്നുപറയുന്നു അദ്ദേഹം. പരീക്ഷണങ്ങൾ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നവരാണ് മലയാളികൾ എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മലയാളത്തിൽ പാടാനോ സംഗീത സംവിധാനം നിർവഹിക്കാനോ ക്ഷണം ലഭിച്ചാൽ സന്തോഷപൂർവം സ്വീകരിക്കും. 'ആർആർആറി’ന്റെ മലയാളം പതിപ്പിൽ ‘‘കൊമുരം ഭീമനോ'' എന്ന പാട്ടിന് ശബ്ദം നൽകിയത് കാലഭൈരവയാണ്.  

ബഹുവർണങ്ങളിൽ ചാലിച്ച സംഗീതത്തിനുപുറമെ പൈതൃകമായി മറ്റൊന്നുകൂടി പകർന്നുകിട്ടിയിട്ടുണ്ട് മകന് വിനയം.  സ്വന്തം ഗാനം ദേശാന്തരങ്ങളിൽ വെന്നിക്കൊടി പറത്തുമ്പോഴും കാലുകൾ മണ്ണിൽ ഉറപ്പിച്ചുനിർത്താൻ ശ്രദ്ധിക്കുന്നു കാലഭൈരവ. ഒപ്പം തനിക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ചും ജനതയെക്കുറിച്ചും വരുംകാലത്തെക്കുറിച്ചും  വേവലാതിപ്പെടുന്ന ഒരു മനസ്സ് ഉള്ളിൽ കൊണ്ടുനടക്കുന്നു.  

ഏറ്റവും പ്രിയപ്പെട്ട മൈക്കൽ ജാക്സൺ ഗാനത്തിന്റെ വരികളിലുള്ളതും അതേ മനസ്സ് തന്നെയല്ലേ?  'ഹീൽ ദി വേൾഡ്, മേക്ക് ഇറ്റ് എ ബെറ്റർ പ്ലേസ്  ഫോർ യു ആൻഡ് ഫോർ മി ആൻഡ് ദി എന്റയർ ഹ്യൂമൻ റെയ്‌സ്... ’  .
 

(ദേശാഭിമാനി വാരികയിൽ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top