17 April Wednesday

മലയാള ഗാനശാഖയ്ക്ക് സുറുമയെഴുതിയ ബാബുക്കയുടെ 40ാം ചരമവാര്‍ഷികദിനത്തില്‍ ഓര്‍മ പുതുക്കി താനൂരും

മനു വിശ്വനാഥ്‌Updated: Sunday Oct 7, 2018

താനൂര്‍ >  മലയാള ഗാനശാഖയ്ക്ക് സുറുമയെഴുതിയ ബാബുക്കയുടെ 40ാം ചരമവാര്‍ഷികദിനത്തില്‍ താനൂരും ഓര്‍മ പുതുക്കി. മലയാള ഗാനലോകത്ത് ചുവട് ഉറപ്പിക്കുന്നതിനു മുമ്പേ താനൂരുമായി അഗാധമായ ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ബാബുരാജ്.
 
  ബാബുരാജിന്റെ ജീവിതത്തില്‍  കല്ലായിപ്പുഴക്കെന്താണോ സ്ഥാനം അതുപോലെയാണ്‌ താനൂരിലെ ആഘോഷപരിപാടികളില്‍ ബാബുക്കയും. താനൂരിലെ പടിഞ്ഞാറന്‍ മേഖലയില്‍ സജീവമായിരുന്ന കലാ സാംസ്‌കാരിക കൂട്ടായ്മകളുടെ ഓരോ ചെറിയ ആഘോഷത്തിലും ഹാര്‍മോണിയപ്പെട്ടിയുമായുള്ള ബാബുരാജിന്റെ  സാന്നിധ്യം ഉണ്ടായിരുന്നതായി പഴമക്കാര്‍ ഇന്നും ഓര്‍ക്കുന്നു.
  
എല്ലാവര്‍ക്കും ഒരുമിച്ച് പങ്കെടുക്കാനും ആഘോഷിക്കാനും അന്നത്തെ വിവാഹങ്ങള്‍ രാത്രികാലങ്ങളിലായിരുന്നു. കൊട്ടും, കുരവയും, പാട്ടുമെല്ലാം അന്നത്തെ രാത്രികളെ  പകലുകളാക്കി മാറ്റിയിരുന്നു. ചെമ്പില്‍ നിന്നുയരുന്ന  തേങ്ങാച്ചോറിന്റെയും, ഇറച്ചിച്ചോറിന്റെയും മണവും ബാബുക്കയുടെ പാട്ടുകളും ഇന്നും മനസ്സില്‍ നിന്നും മാഞ്ഞു പോയില്ല എന്നാണ് ആദ്യകാല നാടക സിനിമാ നടന്‍ പൂതേരി വിജയന്‍ പറയുന്നത്.   

ബാബുക്ക ഹാര്‍മോണിയത്തില്‍ താളമിട്ടു പാടുമ്പോള്‍ തബല വായിക്കാനായതിന്റെ ആഹ്ലാദം ഇപ്പോഴും മനസ്സിലുണ്ടെന്നും വിജയന്‍ കൂട്ടിച്ചേര്‍ത്തു. മത്സ്യ തൊഴിലാളിയായിരുന്ന കുന്നുമ്മല്‍ ബാവ സാഹിബിന്റെ ഉറ്റ തോഴനായിരുന്നു മലയാളിയുടെ സ്വന്തം ബാബുക്ക. ആ ബന്ധത്തിന്റെ ആഴമാണ് ബാബുക്കയെ താനൂരുമായി ബന്ധിപ്പിച്ചത്. ബാവ സാഹിബിന്റെ മകനായ യു കെ ഒ ബാപ്പുവിന്റെ കൂടെയും ബാബുരാജ്‌ താനൂരില്‍ ഉണ്ടായിരുന്നു.

ബാവ സാഹിബിന്റെ ആലിന്‍ചുവടിലെ വീട് ബാബുരാജ്, ബോംബെ കമാല്‍ അടക്കമുള്ള ആദ്യകാല ഗായകരുടെ സങ്കേതമായിരുന്നു. നാല്‍പത് വര്‍ഷത്തിനിപ്പുറവും സുറുമയെഴുതിയ മിഴികളുമായി ഒരു പുഷ്പത്തെ ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ് താനൂരുകാര്‍.
 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top