പാട്ടിനൊപ്പമുള്ള ജീവിതയാത്രയാണ് സനിത്ത് എന്ന തിരുവനന്തപുരം പട്ടം സ്വദേശിയുടേത്. സ്‌കൂൾ–- കോളേജ് കാലത്തിന്റെ ഓർമകളിലെല്ലാം നിറഞ്ഞുനിൽക്കുന്നതും പാട്ടാണ്. ദേവരാജൻ മാസ്റ്ററുടെ ശിഷ്യന് പാട്ട് തന്നെയാണ് ജീവശ്വാസം. ബാങ്ക് മാനേജരായി ജോലി ചെയ്യുന്നതിനിടയിലും പാട്ട് തന്നെയാണ് ജീവശ്വാസം. 11 സിനിമയിൽ പാടി. ഗായകൻ പട്ടം സനിത്ത് സംസാരിക്കുന്നു:
ദേവരാജൻ മാഷുടെ ശിഷ്യൻ
സംഗീതമേഖലയിലെ കുലപതിയായ ജി ദേവരാജൻ മാസ്റ്ററുടെ ശിഷ്യരിൽ ഒരാളാണ്. അദ്ദേഹത്തിനൊപ്പം സിനിമാഗാനരംഗത്ത് 11 ചിത്രത്തിൽ പാടി. ആദ്യ ഗാനം "ലൗ ലാൻഡ്’ എന്ന സിനിമയിലെ "മനസ്സിന്റെയുള്ളിൽനിന്ന്...’ എന്നതായിരുന്നു. ഈ പാട്ട് വലിയരീതിയിൽ സ്വീകരിക്കപ്പെട്ടു. ലളിതഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ, ഭക്തിഗാനങ്ങൾ, വിപ്ലവ ഗാനങ്ങളടക്കം വിവിധ ഗാനശാഖകളിലായി ആയിരത്തിലധികം ഗാനങ്ങൾ പാടി. ഒ എൻ വി കുറുപ്പ് രചിച്ച് ജി ദേവരാജൻ സംഗീതംനൽകി തരംഗിണി പുറത്തിറക്കിയ ആൽബങ്ങളിലും 13–--ാം പാർടി കോൺഗ്രസിനുവേണ്ടി തരംഗിണി പുറത്തിറക്കിയ ചെങ്കൊടി ചെങ്കൊടി, ലാൽസലാം സഖാക്കളേ, കടലിനുമക്കരെനിന്നും തുടങ്ങിയ ഗാനങ്ങളടങ്ങുന്ന കാസെറ്റിനും പാടാൻ അവസരം ലഭിച്ചു.1989-ൽ മലമ്പുഴയിൽ സംസ്ഥാന യുവജനോത്സവത്തിൽ ഒ എൻ വി രചിച്ച് ദേവരാജൻ സംഗീതം നൽകിയ ഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. മൂന്നാം ക്ലാസുമുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. സ്കൂൾ–- കോളേജ് സംസ്ഥാന കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചു. 2014-ൽ ശങ്കർ മഹാദേവൻ അക്കാദമി അഖിലേന്ത്യ തലത്തിൽ നടത്തിയ സംഗീതമത്സരത്തിൽ അംഗീകാരം ലഭിച്ചത് വലിയ നേട്ടമായി. ലയൺസ് ഇന്റർനാഷണൽ പുരസ്കാരം, നടൻ സുകുമാരൻ സ്മാരക ചലച്ചിത്ര അവാർഡ്, ബാലഭാസ്കർ അവാർഡ്, ബോധി പുരസ്കാരം, ഭാരത് സേവക് നാഷണൽ അവാർഡ്, ദുബായ് ഗ്ലോബൽ മീഡിയയുടെ ഗോൾഡൺ അച്ചീവ്‌മെന്റ് അവാർഡ് എന്നിവ ലഭിച്ചു.
സംഗീതമാണ് ലോകം
ആഘോഷദിനങ്ങളെല്ലാം അനാഥമന്ദിരങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കൊപ്പം ചെലവിടാനാണ് ശ്രമിക്കാറ്. ശ്രീചിത്രാ പുവർഹോം, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം, ക്യാൻസർ സെന്റർ, പൂജപ്പുര മഹിളാമന്ദിരം, ചെഷയർ ഹോം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് അന്തേവാസികളെ പാട്ടുപാടി സന്തോഷിപ്പിക്കും. സംഗീതത്തിലൂടെ പരിസ്ഥിതി ബോധവൽക്കരണ പരിപാടികളുമുണ്ട്. സ്വദേശത്തും വിദേശത്തുമായി രണ്ടായിരത്ത ഞ്ഞൂറിലധികം വേദികളിൽ ഗാനമേളകൾ അവതരിപ്പിച്ചു. ആകാശവാണിയിലും ദൂരദർശനിലുമടക്കം ചാനലുകളിൽ സംഗീത പരിപാടികളുടെ ഭാഗമാണ്. ബാങ്ക് ജോലിയിലെ തിരക്കുകൾക്കിടയിൽ ഒഴിവ് സമയത്ത് ഇപ്പോഴും ഗാനമേളകളിൽ പങ്കെടുക്കാറുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..