19 April Friday

വൈറലായി ‘മ്യൂസിക് കസിന്‍സ്’

എ എസ് ജിബിനUpdated: Wednesday May 13, 2020


കൊച്ചി
ലോക്ക്ഡൗണ്‍ കാലത്ത് കവര്‍ പാട്ടുപാടി വൈറലാകുകയാണ് ‘മ്യൂസിക് കസിന്‍സ്'. കേരളത്തിനകത്തും പുറത്തുമുള്ള 16 കസിന്‍സ് അവരവരുടെ വീട്ടിലിരുന്ന് പാടിയ തമിഴ്, മലയാളം സൂപ്പര്‍ ഹിറ്റ് പാട്ടുകളുടെ കവര്‍ പാട്ടാണ് ‘മ്യൂസിക് കസിന്‍സ്'. ദുബായില്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗായിക ശാലിനിയാണ് കസിന്‍സിനെ ഉള്‍പ്പെടുത്തി ലോക്ക്ഡൗണ്‍ കാലത്ത് ആല്‍ബം ഇറക്കാനുള്ള ആശയം മുന്നോട്ടുവച്ചത്. ഭര്‍ത്താവും ഗായകനുമായ രാഗേഷിന്റെ പിന്തുണ കിട്ടിയതോടെ നാട്ടിലുള്ള സഹോദരങ്ങളായ ശരത്തിനോടും ശാരികയോടും ഇക്കാര്യം പങ്കുവച്ചു. പിന്നീട് അവര്‍കൂടി മുന്‍കൈയെടുത്ത് സംഗീതത്തില്‍ താല്‍പ്പര്യമുള്ള ബന്ധുക്കളെ ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.

പാട്ടുപാടാനും ഫ്‌ളൂട്ടും വയലിനും ഗിറ്റാറും കൈകാര്യം ചെയ്യാനും കഴിവുള്ളവര്‍ ഗ്രൂപ്പിലുള്ളതിനാല്‍ അതിവേഗം ആല്‍ബം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. നിരവധി ചര്‍ച്ചകളും നിര്‍ദേശങ്ങളും കസിന്‍സ് പരസ്പരം പങ്കുവച്ചു. രണ്ടാഴ്ചയ്‌ക്കൊടുവില്‍ ബുധനാഴ്ച മ്യൂസിക് കസിന്‍സ് യുട്യൂബിലെത്തി. ആല്‍ബം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി കാഴ്ചക്കാര്‍ മ്യൂസിക് കസിന്‍സിനെ പ്രശംസിച്ചെത്തി. സമൂഹമാധ്യമങ്ങളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി.

ശാലിനി ബോസ്, ശാരിക ബോസ്, പ്രവീണ പ്രദീപ്, രജിത കണ്ണന്‍, കിരണ്‍ വിജയ്, രാഖി രാജേഷ്, രാധിക കണ്ണന്‍, ശരത്ചന്ദ്രബോസ്, അശ്വതി എസ്, കീര്‍ത്തി, ശരണ്‍ ഗിരികുമാര്‍, ശ്രീരാഗ് സുന്ദര്‍, ശ്രീരാജ് ഓണക്കൂര്‍, ശ്രീരശ്മി എന്നിവരാണ് പാടിയിരിക്കുന്നത്. രാകേഷ് കെ ഫ്‌ളൂട്ടും ശ്രീരാഗ് സുന്ദര്‍ വയലിനും വായിച്ചു. പ്രോഗ്രാമിങ്, മിക്‌സിങ്, മാസ്റ്ററിങ് നിര്‍വഹിച്ച വരുണ്‍ ബാബു തന്നെയാണ് ഗിറ്റാര്‍ വായിച്ചിരിക്കുന്നത്. ശരത് ചന്ദ്രബോസാണ് വോക്കല്‍ അറേഞ്ച്‌മെന്റ്. കൃഷ്ണകുമാര്‍ വി എസ് വീഡിയോ ആന്‍ഡ് മോഷന്‍ ഗ്രാഫിക്‌സ് നിര്‍വഹിച്ചു. ദുബായ്, ബംഗളൂരു, എറണാകുളം, കോഴിക്കോട്, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വീട്ടിലിരുന്നാണ് ഈ കസിന്‍സ് മ്യൂസിക് കസിന്‍സിനായി പരിശ്രമിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top