29 March Friday

ഗായകന്‍ ശ്രീനിവാസിന്റെ ആദ്യ സംഗീത ആല്‍ബം "ദൂരെ ഏതോ "ഇന്ന്‌ റീലീസ് ചെയ്യുന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 3, 2021

കൊച്ചി> പ്രശസ്ത ഗായകന്‍ ശ്രീനിവാസിന്റെ ആദ്യ സ്വതന്ത്ര സംഗീത ആല്‍ബമായ "ദൂരെ ഏതോ" 12 യുവസംഗീതജ്ഞര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ റീലീസ് ചെയ്യുന്നു. വെള്ളിയാഴ്‌ച വൈകുന്നേരം ആറിന്‌ ഹരീഷ് ശിവരാമകൃഷ്ണന്‍, സിതാര കൃഷ്ണകുമാര്‍, വിധു പ്രതാപ്, ജ്യോത്സ്‌ന രാധാകൃഷ്ണന്‍, രാഹുല്‍ രാജ്, സയനോര ഫിലിപ്പ്, രഞ്ജിനി ജോസ്, ശ്രീകാന്ത് ഹരിഹരന്‍, ഹരിശങ്കര്‍ കെ എസ്, സിദ്ധാര്‍ത്ഥ് മേനോന്‍, സൂരജ് സന്തോഷ്, ആര്യ ദയാല്‍ എന്നിവര്‍ ചേര്‍ന്നാണ് ആല്‍ബം തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ റിലീസ് ചെയ്യുന്നത്. ശ്രീനിവാസിന്റെ മകള്‍ ശരണ്യയും ഈ മെലഡിയില്‍ പാടിയിട്ടുണ്ട്.

ദൂരങ്ങളില്‍ ഇരുന്ന് പലര്‍ ചേര്‍ന്ന് മൂളിയതും എഴുതിയതും ക്ലബ് ഹൗസിലെ പാതിരാപ്പാട്ട് എന്ന മുറിയില്‍ ഗാനമായി പിറന്നപ്പോള്‍ അത് റിലീസ് ചെയ്യാന്‍ എത്തിയ ശ്രീനിവാസ് ഈ ഗാനത്തിലേക്ക്‌ എത്തുകയായിരുന്നു.  സംഗീതവുമായി ബന്ധപ്പെട്ട കഴിവുകള്‍ അവതരിപ്പിക്കാനുള്ള ക്ലബ്‌ഹൗസ് വേദിയാണ് പാതിരാപ്പാട്ട്. പാതിരാപ്പാട്ടിലെ സജീവ സാന്നിദ്ധ്യമായ അഭിനേത്രിയും സൈക്കോളജിസ്റ്റുമായ മാലാ പാര്‍വതി മുന്നോട്ട് വച്ച ഒരു ആശയത്തില്‍ നിന്ന് "കാണാതെ" എന്ന ഗാനം പിറന്നു. പാതിരാപ്പാട്ട് സംഘത്തിലെ അംഗങ്ങള്‍ ചേര്‍ന്ന് എഴുതി, സംഗീതം നല്‍കിയ ഗാനം അവതരിപ്പിക്കാമെന്ന ആശയമാണ് മാലാ പാര്‍വതി മുന്നോട്ടുവച്ചത്. അങ്ങനെ പിറന്നതാണ് "കാണാതെ" എന്ന ഗാനം. ഷിന്‍സി നോബിള്‍ എഴുതിയ വരികള്‍ക്ക് സജീവ് സ്റ്റാന്‍ലി ഈണം നല്‍കി സജീവ് തന്നെ ആലപിക്കുകയായിരുന്നു.

ജൂലൈ 24-ന് അത് റിലീസ് ചെയ്യാന്‍ ശ്രീനിവാസ് എത്തി. പാട്ട്‌ റിലീസ് ചെയ്യുന്ന വേദിയില്‍ ശ്രീനിവാസ് ആ ഗാനത്തിന്റെ വരികള്‍ പാടുകയും പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ച യുവസംഗീതജ്ഞരുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, അദ്ദേഹം ഒരു മണിക്കൂറിനുള്ളില്‍ പുതിയൊരു ഗാനത്തിനുവേണ്ടിയുള്ള സംഗീതം ചെയ്ത് അയച്ചു കൊടുക്കുകയായിരുന്നു.

ആ സംഗീതത്തിന് ഷിന്‍സി വരികളെഴുതുകയും സജീവ് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിക്കുകയും ചെയ്തു. ശ്രീനിവാസും മകള്‍ ശരണ്യയും പാടുകയും ചെയ്തു. ആ ഗാനത്തെ പാതിരാപ്പാട്ട് സംഘം ദൃശ്യവല്‍ക്കരിച്ച് ശ്രീനിവാസിന്റെ ജീവിതത്തിലെ ആദ്യ സംഗീത ആല്‍ബം "ദൂരെ ഏതോ" പിറന്നു.

"അമ്മമരത്തണലില്‍" എന്ന സിനിമയ്ക്കുവേണ്ടി നാവൂറ് പാട്ട് എന്ന ഗാനം ഷിന്‍സി എഴുതിയിരുന്നു. സജീവ്‌ "ബേബി സാം" എന്ന ചിത്രത്തിനുവേണ്ടി സംഗീതം നല്‍കുകയും ചെയ്‌തു.കൊറോണയെത്തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ കാരണം സിനിമ റിലീസ് ചെയ്‌തിട്ടില്ല.

സുര്‍ ജാം പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ഈ ആല്‍ബം അവതരിപ്പിക്കുന്നത് മ്യൂസിക് 247 ആണ്.

"ദൂരെ ഏതോ"യുടെ റിലീസിന്റെ ഭാഗമായി ഇന്ന് രാത്രി ഒമ്പതിന്‌ പാതിരാപാട്ടുകള്‍ ക്ലബ്‌ഹൗസ് മുറിയില്‍ ആഘോഷം സംഘടിപ്പിക്കുന്നുണ്ട്. അതിഥികളായി ശ്രീനിവാസനും മകള്‍ ശരണ്യയും പങ്കെടുക്കും. അതില്‍, സംഗീത ലോകത്തെ പ്രമുഖരായ പാലക്കാട് ശ്രീരാം, വീത് രാഗ്, ഹരീഷ് ശിവരാമകൃഷ്ണന്‍, സിതാരാ കൃഷ്ണകുമാര്‍, പ്രദീപ് സോമസുന്ദരം, നടി വീണാ നന്ദകുമാര്‍ എന്നിവരും ക്ലബ്ബ് ഹൗസിലെ പ്രമുഖ ക്ലബ്ബായ പാതിരാപാട്ടിനെ പ്രതിനിധികരിച്ച് മാല പാർവതി മാലാ പാര്‍വതിയും പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top