26 April Friday

പാട്ടിനൊരു ബാങ്ക്‌‌; പത്ത് വര്‍ഷം പിന്നിട്ട്‌ M3DB

ദിലീപ് വിശ്വനാഥ്Updated: Sunday Dec 20, 2020

മലയാള‌ സിനിമയിലും സിനിമാ സംഗീത മേഖലയിലും പ്രവര്‍ത്തിക്കുന്ന കലാകാര ന്മാരുടെയും‌ സാങ്കേതിക വിദഗ്‌ധരുടെയും ജീവിതരേഖയും അവരുടെ സൃഷ്ടികളുടെ സമ്പൂർണ വിവരവും ഒരു ക്ലിക്കിലൂടെ ആര്‍ക്കും ലഭ്യമാകുന്ന സ്വതന്ത്ര ഡാറ്റാബേസായ M3DB (മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ്) ഡിസംബര്‍ 20ന്‌ പത്ത്  വര്‍ഷം പിന്നിടുന്നു.

 
മലയാള സിനിമാ ഗാനശേഖരത്തിനായി ഒരുകൂട്ടം സംഗീത പ്രേമികളുടെ കൂട്ടായ്‌മ  ഇന്ന് M3DB (മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ്) എന്ന വിവര സഞ്ചയമായി പന്തലിച്ച്‌ നിൽക്കുന്നു. പാട്ടുകളും‌ അവയുടെ വരികളും ശേഖരിച്ച് ഇന്റർനെറ്റിൽ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലും വിദേശത്തുമുള്ള  സംഗീതപ്രേമികൾ 2004-ലാണ്‌ ഇതിന്‌ ആരംഭം കുറിച്ചത്‌. 
 
ഇന്റർനെറ്റ് ഉപയോക്താക്കളായ സംഗീതാസ്വാദകർ പഴയ പാട്ടുപുസ്‌തകങ്ങളിൽനിന്നും‌, ഗാനശേഖകരുടെ പക്കൽനിന്നും പാട്ടുകൾ ശേഖരിച്ചു.  കൈവശമുള്ള സിഡി, ഓഡിയോ കാസറ്റുകൾ, എൽപി റെക്കോർഡുകൾ എന്നിവ അതീവ ശ്രദ്ധയോടെ കേട്ട് സങ്കീർണമായ സ്വരങ്ങൾ ഉൾപ്പെടെ പാട്ടുകൾ പകർത്തി. അങ്ങനെ ആ ശേഖരം വിപുലമായി. കിരൺ എന്ന പേരിലറിയപ്പെടുന്ന അജു തോമസ് പാട്ടുകൾ സൂക്ഷിക്കാൻ ഓൺലൈൻ സ്റ്റോറേജെന്ന നിലയിൽ തുടങ്ങിയ യാഹൂ ഗ്രൂപ്പായിരുന്നു അംഗങ്ങൾ വിവരങ്ങളും‌ ആശയങ്ങളും‌ പങ്കുവച്ച ആദ്യവേദി. ശേഖരിച്ച പാട്ടുകളുടെ വരികൾ ലളിതമായി സെർച്ച് ചെയ്‌ത്‌ കണ്ടെത്താൻ മലയാളം സോങ് ലിറിക്‌സ്‌ എന്ന പേരിൽ ഒരു വെബ്സൈറ്റും തുടങ്ങി. 
 
സംഗീത സംവിധായകന്‍ ജോണ്‍സണും സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദും ചേര്‍ന്ന് M3DB ഡേറ്റാ ബേസിന്റെ ഉദ്ഘാടനം 2010ല്‍ പാലക്കാട്ട് നിർവഹിച്ചപ്പോള്‍

സംഗീത സംവിധായകന്‍ ജോണ്‍സണും സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദും ചേര്‍ന്ന് M3DB ഡേറ്റാ ബേസിന്റെ ഉദ്ഘാടനം 2010ല്‍ പാലക്കാട്ട് നിർവഹിച്ചപ്പോള്‍

ഇന്റർനെറ്റ് മലയാളവും മലയാളം ബ്ലോഗുകളും സാംസ്‌കാരിക പരിസരത്ത് ശക്തമായ സ്വാധീനം ചെലുത്തിയ കാലഘട്ടമായിരുന്നു അത്. സ്വാഭാവികമായും 2007-ന്റെ തുടക്കത്തിൽ മലയാളം യൂണികോഡിലേക്ക് ആ ഗാനശേഖരം വളർന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ളവർ പരസ്‌പരം കാണാതെ ഇന്റർനെറ്റിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഗാനങ്ങൾ തയ്യാറാക്കി അവ സംഗീതാസ്വാദകർക്ക് സൗജന്യമായി ഡൗൺലോഡിന് ലഭ്യമാക്കിയ സംരംഭമായ ‘ഈണം', മലയാള ഇന്റർനെറ്റ് ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ സിനിമാ-സംഗീത ക്വിസ് ആയ ‘എം‌എസ്‌എൽ ക്വിസ്' തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിലൂടെ ആ കൂട്ടായ്‌മ‌ ഗാനശേഖരത്തിനപ്പുറത്തേക്കും ചിറകുവിരിച്ചു.
 
 സിനിമയുടെയും അതിന്‌ മുന്നിലും പിന്നിലു  പ്രവർത്തിക്കുന്നവരുടെയും വിവരങ്ങൾ ഡാറ്റാബേസിലൂടെ ലഭ്യമാക്കുക എന്ന  ആശയം ഉടലെടുത്തു. ലോകത്തിന്റെ പല കോണുകളിൽനിന്ന്‌ നൂറിലധികം‌ മലയാളികളുടെ പരിശ്രമത്തോടെ മലയാള സിനിമയുടെ പ്രാരംഭ ഘട്ടം മുതലുള്ള വിവരങ്ങൾ ഡാറ്റാബേസിൽ ചേർത്തു. അങ്ങനെ 2010 ഡിസംബർ 20-ന് സംഗീത സംവിധായകൻ ജോൺസണും സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദും മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് (M3DB) എന്ന ചലച്ചിത്ര വിവര സഞ്ചയം ഉദ്ഘാടനംചെയ്‌തു.  സിനിമയിലും സിനിമാ സംഗീത മേഖലയിലും പ്രവർത്തിക്കുന്ന കലാകാരന്മാരുടെയും‌ സാങ്കേതിക വിദഗ്‌ധരുടെയും ജീവിതരേഖയും അവരുടെ സൃഷ്ടികളുടെ സമ്പൂർണ വിവരവും ഒരു ക്ലിക്കിലൂടെ ആർക്കും ലഭ്യമാകുന്ന സ്വതന്ത്ര ഡാറ്റാബേസാണിത്‌. 
 
ചലനാത്മകമായ  ഡാറ്റാബേസിൽ പത്തുവർഷം കൊണ്ട് 21000 പാട്ടുകളുടെ വരികളും ആറായിരത്തിലധികം സിനിമകളുടെയും 40000ലധികം സിനിമാ പ്രവർത്തകരുടെയും വിവരങ്ങളും 2500ഓളം ഗാനങ്ങളുടെ രാഗങ്ങളുമുണ്ട്‌.   ഡിസംബർ 20-ന് പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ വിവരശേഖരണത്തിലും ഡോക്ക്യുമെന്റേഷനിലും‌ താൽപ്പര്യമുള്ള കൂടുതൽ ചലച്ചിത്രപ്രേമികളെ ഈ പദ്ധതിയുടെ ഭാഗമാക്കി M3DB-യെ എല്ലാ അർഥത്തിലും ഒരു ജനകീയ ഡാറ്റാബേസാക്കി മുന്നോട്ടുകൊണ്ടുപോകാനാണ് ഇതിന്റെ അമരക്കാർ ഉദ്ദേശിക്കുന്നത്.
 
ഇത് കൂടാതെ ഗാനങ്ങളിലെ രാഗങ്ങളെ തരം തിരിച്ച് രേഖപ്പെടുത്താനായി ‘രാഗ' പ്രോജക്‌റ്റും കേരളത്തിലെ തിയറ്ററുകളുടെയും ഷൂട്ടിങ്‌ ലൊക്കേഷനുകളുടെയും‌ ചരിത്ര  വിവരശേഖരണത്തിനായി ലൊക്കേഷൻ/തിയറ്റർ ലൈബ്രറി എന്ന പ്രോജക്‌റ്റും, സിനിമയിലെ ശബ്‌ദവിഭാഗത്തിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി അടയാളപ്പെടുത്തുന്ന ‘വോയ്സ് ലൈബ്രറി' എന്ന പ്രോജക്റ്റും M3DB തുടങ്ങിക്കഴിഞ്ഞു. 
 (M3DB സ്ഥാപകരിൽ  ഒരാളാണ് ലേഖകൻ)

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top