29 March Friday

"1981ല്‍ ‘അടിമച്ചങ്ങല’ യിൽ ആദ്യമായി എ ആർ റഹ്‌മാൻ കീബോർഡ്‌ വായിച്ചു; പിന്നീട്‌ കുറേക്കഴിഞ്ഞാണ്‌ മണിരത്‌നം ക്ഷണിക്കുന്നത്‌'

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020

മലയാള സിനിമ സംഗീതശാഖയ്‌ക്ക്‌ അർജുനൻ മാസ്‌റ്റർ ഒരു കാലം ആയിരുന്നു. മുന്നോട്ട്‌ കുതിച്ച ഒരുപാടുപേർ മാഷിൽനിന്ന്‌ തുടങ്ങിയിട്ടുണ്ട്‌. സിനിമയിലെത്തിയ കാലംമുതൽ സുഹൃത്തായിരുന്നു ആർ കെ ശേഖറിന്റെ മകനായ സാക്ഷാൽ എ ആർ റഹ്‌മാനെയും സംഗീതലോകത്തേക്ക്‌ എത്തിച്ചത്‌ അർജുനൻ മാഷാണ്‌. അര്‍ജുനന്‍ മാസ്റ്റര്‍ക്കൊപ്പം ഒരുപാട്‌ സിനിമകളിൽ കീ ബോര്‍ഡ് പ്ലയറായി റഹ്‌മാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

റഹ്‌മാൻ തന്റെയടുക്കൽ എത്തിയതിനെക്കുറിച്ച്‌ ഒരിക്കൽ അർജുനൻ മാസ്‌റ്റർ പറയുകയുണ്ടായി. റഹ്‌മാന്റെ അച്ഛൻ ശേഖർ വഴിയാണ്‌ അദ്ദേഹത്തെ പരിചയപ്പെടുന്നത്‌. 1968ല്‍ സിനിമയില്‍ വന്നപ്പോഴാണ് ശേഖറിനെ പരിചയപ്പെടുന്നത്. കംപോസിങ്ങിനായി അന്നൊക്കെ ശേഖറിന്റെ വീട്ടിൽ പോകും. അവിടെ വച്ച് ഈ കുട്ടിയെ (എ ആര്‍ റഹ്‌മാൻ) കാണും.

കംപോസിങ് നടക്കുമ്പോൾ അവിടെ വന്നിരിക്കും. പഠിത്തം കഴിഞ്ഞു വന്നാൽ പിന്നെ കീബോർഡിന്റെ മുകളിൽ കിടന്നാണ് ‘ഓട്ടം’. കൈ വെറുതെ വച്ചങ്ങനെ ഓടിക്കും. പിന്നീട്, അദ്ദേഹം പിയാനോ പഠിക്കാൻ പോയി. കംപോസിങ് കഴിഞ്ഞു ഞങ്ങൾ അവിടെ നിന്നു മാറിയാലും റഹ്‌മാൻ അവിടെ ഇരുന്ന് ഇതെല്ലാം വായിച്ചു കൊണ്ടേയിരിക്കും. റഹ്മാന്റെ അച്ഛന്റെ മരണ ശേഷം ഒരു ദിവസം അമ്മ വിളിച്ചു പറഞ്ഞു–ഇയാളെ ഒന്ന് എവിടെയെങ്കിലും സ്റ്റുഡിയോയിൽ കൊണ്ടുപോയി പഠിപ്പിക്കണം.



1981ല്‍ ‘അടിമച്ചങ്ങല’ എന്ന ചിത്രത്തിൽ ആദ്യമായി വായിപ്പിച്ചു. അതേതുടർന്ന് എന്റെ എല്ലാ സിനിമകൾക്കും വായിക്കാൻ തുടങ്ങി. പിന്നീട് പലരും റഹ്മാനെ വിളിക്കുകയും വായിക്കാൻ പോകുകയും ചെയ്തു. ഇയാൾ അക്കാലത്ത് ജിംഗിൾസ് ചെയ്യും. അങ്ങനെയിരിക്കെ ഒരിക്കൽ ഇയാൾ ചെയ്‌ത ജിംഗിൾസ് മണിരത്നം കേട്ടു. അങ്ങനെയാണ് ‘റോജ’യിലേക്ക് ക്ഷണിക്കുന്നത്.

റഹ്‌മാനെ സംബന്ധിച്ചിടത്തോളം ‘റോജ’യ്ക്കു ലഭിച്ച നേട്ടങ്ങൾ വരാനിരിക്കുന്ന അവാർഡുകളുടെ തുടക്കം മാത്രമായിരുന്നു. അതിപ്പോൾ ഓസ്കർ പുരസ്‌കാരം വരെ എത്തിയിരിക്കുന്നു. അതിനു കാരണം റഹ്മാന്റെ പ്രയത്നം തന്നെയാണ്. എല്ലാവരും പാട്ടു ചെയ്യുന്നതു പോലെ രണ്ടാഴ്ച കൊണ്ടോ, മൂന്നാഴ്ച കൊണ്ടോ, ഒരുമാസം കൊണ്ടോ ചെയ്തു തീർക്കാറില്ല. വർഷങ്ങളെടുക്കും. ഒരു പാട്ടെടുത്താൽ അയാൾക്കു തൃപ്തി വരുന്നതു വരെ ചെയ്യും. ഇൻസ്ട്രുമെന്റിൽ ചെയ്യുന്ന സൗണ്ട്സ് പ്രത്യേകമാണ്. ആ പ്രത്യേകത തന്നെയാണ് അയാളുടെ വിജയവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top