16 June Sunday

ഇന്ത്യയുടെ സ്വരമാധുര്യം.. ലതാ മങ്കേഷ്‌കറെ കുറിച്ച്‌ ജി വേണുഗോപാൽ

ജി വേണുഗോപാൽUpdated: Saturday Sep 28, 2019

ലോകത്തെങ്ങുമുള്ള ജനപ്രിയ സംഗീതശ്രേണികളിൽ, ഭാരതീയ സിനിമാ സംഗീതത്തെപ്പോലെ ഒരു ജനതയെ മുഴുവൻ സ്വാധീനിച്ച വേറൊരു സംഗീതശാഖ കണ്ടെത്താൻ പ്രയാസമാണ്‌. ലളിത സംഗീതത്തിലെ സൃഷ്‌ടിപരത എന്ന വാക്കിന്റെ അന്തസ്സത്ത പരിപൂർണമാകുന്നത് ഒരുപക്ഷേ പാശ്ചാത്യഗാനങ്ങളുടെ നിർമിതിയിലാണെന്ന് നമുക്ക്‌ കാണാൻ സാധിക്കും. അവിടെ, കവിയും ഗായകനും എല്ലാം പലപ്പോഴും ഒരാൾതന്നെ ആകും. അല്ലെങ്കിൽ, ഒരു ബാൻഡിലൂടെ ആശയങ്ങളുടെ അർഥസമ്പൂർണത ചോരാതെ അത് ഗാനമാക്കി, റെക്കോഡിങ് ലേബലിലൂടെ പുറത്തു വരുത്തുകയും ഈ ഗാനങ്ങളുടെ പ്രചാരണാർഥം ടീം അംഗങ്ങൾ ലോകമെമ്പാടും ലൈവ് ഷോയ്‌ക്കായി സഞ്ചരിക്കുന്നു. നമ്മുടെ രാജ്യത്ത്‌  ഒരു തീവണ്ടിയുടെ മൂന്നു വ്യത്യസ്‌തങ്ങളായ കംപാർട്ട്‌മെന്റുകൾ പോലെയാണ്‌ കവിയും സംഗീത സംവിധായകനും ഗായകരും.  അവർ ഗാനങ്ങളുടെ ചുമതല ശിരസ്സാവഹിക്കുകയും സിനിമകളിൽ ആവർത്തിച്ചുവരുന്ന സന്ദർഭങ്ങളിലൂടെ  ജനഹൃദയങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അത്യപൂർവമായി ഈ സംഗീത ശിൽപ്പികളിൽ ഒരാൾ മാത്രമേ ‘ലാർജർ ദാൻ ലൈഫ് സ്റ്റാറ്റസ്' കൈവരിക്കുകയുള്ളൂ.

ഏഴു പതിറ്റാണ്ടുകളിലൂടെ ഇന്ത്യൻ ജനതയുടെ ലളിത സംഗീത സംസ്‌കാരത്തെ ആദ്യം നിർണയിക്കുകയും, പിൽക്കാലത്ത് അത് ശുദ്ധീകരിച്ച്, സ്‌ഫുടംചെയ്‌ത്‌ ഇന്ത്യൻ ലളിതസംഗീതത്തെ മുഴുവൻ സ്വന്തം ഉച്ഛസ്ഥായീ ശബ്‌ദത്തിലേക്ക് സന്നിവേശിപ്പിച്ച് വിഭിന്ന ഭൂപ്രകൃതി പ്രദേശങ്ങളിലെ വ്യത്യസ്‌ത ഭാഷ സംസാരിക്കുന്ന ഭാരതജനതയുടെ വികാരവിക്ഷോഭങ്ങളെ മുഴുവൻ സ്വന്തം സ്വരത്തിലൂടെ പ്രതിനിധാനംചെയ്‌ത ഭാഗ്യവനിതയാണ് ലതാ മങ്കേഷ്‌കർ. ഈ ശബ്‌ദത്തിന്റെ ചിറകിലേറി ഏഴു പതിറ്റാണ്ടോളം സംഗീത വിഹായസ്സിൽ പാറിപ്പറക്കാൻ സാധിച്ച സംഗീതപ്രേമികൾ അതിലേറെ ഭാഗ്യം ചെയ്‌തവരും.

പാട്ടിലേക്കുള്ള വഴി
1942ൽ ദീനനാഥ് മങ്കേഷ്‌കർ മരിക്കുമ്പോൾ ലതയ്‌ക്ക്‌ വയസ്സ് വെറും പതിമൂന്ന്. താഴെ നാലു സഹോദരങ്ങളും അമ്മയും. കുടുംബം പോറ്റാനാണ് ലത പാടിത്തുടങ്ങുന്നത്. ലതയുടെ ആദ്യ സംഗീതശ്രമങ്ങളെല്ലാം പാഴാവുകയായിരുന്നു. 1942 ൽ ‘കിതി ഹസൽ' എന്ന മറാത്തി സിനിമയിലെ ലതയുടെ ആദ്യഗാനം തഴയപ്പെട്ടിരുന്നു. കുടുംബ സുഹൃത്തായ വിനായക് ദാമോദർ കർണാടകി ആണ് ലതയെ സംഗീതസംവിധായകൻ ബസന്ത് ദേശായിയെ പരിചയപ്പെടുത്തുന്നത്. മറാത്തിയുടെ ഇത്തിരി വെട്ടത്തുനിന്ന്‌ ലതയെ ഹിന്ദിയുടെ നടുമുറ്റത്തെത്തിക്കുക എന്നതായിരുന്നു വിനായകിന്റെ ഉദ്ദേശ്യം. പിൽക്കാലത്ത് തന്റെ ഗോഡ് ഫാദർ എന്ന് ലത തന്നെ വിശേഷിപ്പിച്ച സംഗീത സംവിധായകൻ ഗുലാം ഹൈദർ തന്റെ ‘ഷഹീദ്' എന്ന സിനിമയിൽ ലതയെ പാടിക്കാൻ ശ്രമിച്ചു. പക്ഷേ, സിനിമയുടെ നിർമാതാവ് ശശാങ്കർ മുഖർജി സമ്മതിച്ചില്ല. ലതയുടെ ശബ്‌ദം വളരെ നേർത്തതാണെന്നും തന്റെ നായികയ്‌ക്ക്‌ ചേരുകയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോപാകുലനായ ഗുലാം ഹൈദർ ഉച്ചത്തിൽ അലറി: "നിങ്ങൾ ഒരു കാലത്ത് ഇവളുടെ കാൽക്കൽ വീണ് സ്വന്തം സിനിമകളിൽ പാടണമെന്ന് അപേക്ഷിക്കും.’ പിന്നീട്‌ 1948 ൽ ഹൈദറിന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ ‘മജ്ബൂർ' എന്ന ചിത്രത്തിൽ ലത പാടി. ലതയുടെ ആദ്യത്തെ ഹിറ്റ് 1949 ൽ പുറത്തിറങ്ങിയ ‘മഹൽ' എന്ന ചിത്രത്തിലേതാണെന്ന് സിനിമാസംഗീതചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

 

അമ്പതുകളിൽ ലതാ മങ്കേഷ്‌കർ എന്ന പുതുഗായിക തന്റെ അതിനേർത്ത സ്വരഭേദത്തോടെ ഹിന്ദി സിനിമയിലെ സംഗീത പടവുകൾ താണ്ടിത്തുടങ്ങി. അക്കാലത്ത്‌ നിലനിന്നിരുന്ന നൂർജഹാൻ മുതലായ ഗായികമാരുടെ ദൃഢമായ ശാസ്‌ത്രീയ നിബദ്ധതപൂണ്ട ശബ്‌ദവീചികളിൽനിന്ന്‌ വേറിട്ടുനിൽക്കുന്ന അത്യപൂർവമായ ഒരു ശബ്‌ദവൈശിഷ്‌ട്യമായിരുന്നു ലതയുടേത്. അതിലോലവും ഉച്ഛസ്ഥായിലുള്ളതുമായ ഒരു ശബ്‌ദ സൗകുമാര്യം. പക്ഷേ, ഒരു ശബ്‌ദത്തിനുമാത്രം സിനിമയുടെ വലിയ സ്‌ക്രീനിനുള്ളിൽ നിലനിൽക്കാൻ സാധിക്കില്ല. അത്‌ സാധ്യമാക്കാൻ രണ്ട് നടിമാരും ആ കാലത്ത് ഉയിർകൊണ്ടു. മധുബാലയും ദുഃഖപുത്രിയായ മീനാകുമാരിയും. അമ്പതുകളിൽ ഇവർ ഇരുവരും ലതയുടെ ഗാനങ്ങൾ പാടി, സംഗീത ഹൃദയങ്ങളിലേക്ക് ഊളിയിട്ടിറങ്ങുകയായിരുന്നു. അന്നത്തെ കന്യകാ സങ്കൽപ്പങ്ങളുടെയും നായികമാരുടെ സ്വഭാവ ഗുണങ്ങളുടെയും മൂർത്തിമത് ഭാവമായിരുന്നു ലതയുടെ ശബ്‌ദം. ഒരു ദുഃഖസാഗരം മുഴുവൻ ഉള്ളിലൊതുക്കി, നേർത്ത മന്ദഹാസം എന്നും മുഖത്ത് വിരിയിച്ച്, തൊട്ടാൽ പൊട്ടുമെന്ന് കേൾവിക്കാർക്ക് തോന്നിപ്പിക്കുന്ന ഒരു മന്ത്രമുഗ്ധ ആലാപനം. ഈ കപടലോകത്ത് സർവമാന നിഷ്‌കളങ്കതയും നിശ്ചല സൗന്ദര്യവും ഉള്ളിലൊതുക്കി വിധിയുടെ ക്രൂര ഹസ്‌തങ്ങളിൽപ്പെട്ട് പിടഞ്ഞുമരിക്കുന്ന നായികമാർ! അവരുടെ ആത്മഗതം ലതയും. ഇക്കാലയളവിലെ ലതയുടെ രണ്ട് അതിപ്രശസ്‌ത ഗാനങ്ങളായിരുന്നു മുഗൾ ഇ അസം എന്ന ചിത്രത്തിലെ ‘പ്യാർ കിയാ തോ ഡർനാ ക്യാ'യും ദിൽ അപ്‌ന ഔർ പ്രീത് പരായി എന്ന ചിത്രത്തിലെ ‘അജീബ് ദാസ്‌താ ഹേ യെ’യും. 

സ്‌നേഹത്തിലും പ്രതീക്ഷയിലും നിറയുന്ന ശബ്‌ദം
അറുപതുകളിലെ കുട്ടിക്കാലത്ത് ഞങ്ങളുടെ ഉയരത്തിലുള്ള മർഫി റേഡിയോയിൽനിന്ന്‌ അലകളായി എന്നെ പുൽകുന്ന ശബ്‌ദം. അമ്മാവൻ വരുത്തുന്ന ഫിലിം ഫെയർ മാഗസിനിലെ ശുഭ്രവസ്ത്രധാരിയായിരുന്ന ഈ സ്‌ത്രീയാണോ ഈ ഗാനം ആലപിച്ചത്? ആറു വയസ്സുകാരന്റെ ദൃഷ്‌ടിയിൽ അത് അവന്റെ ചെറിയമ്മയുടെ ഓർമയാണ് ഉണർത്തിയത്. വളരെ ചെറുപ്പത്തിലേ വൈധവ്യം കവർന്നെടുത്ത ഒരു ജീവിതം. എന്നും വെളുത്ത വസ്‌ത്രങ്ങളിൽ മാത്രമേ ചെറിയമ്മയെ കണ്ടിട്ടുള്ളൂ. സ്‌നേഹത്തോടെ എന്നെ പുണർന്ന് പാട്ടുകൾ പറഞ്ഞുതരുമെങ്കിലും, എപ്പോഴും ഒരു ഗദ്ഗദം ഉള്ളിൽ നിറഞ്ഞുനിൽക്കും. ഓർക്കാപ്പുറത്ത് കണ്ണുനീരും. സ്‌നേഹത്തിലും പ്രതീക്ഷയിലും നിറയുന്ന ദുഃഖത്തിന്റെ നേർത്ത പാട ആ ശബ്‌ദത്തിനും അതിന്റെ ഉടമയ്‌ക്കും ഞാൻ കൽപ്പിച്ചു നൽകി.

‘തരസ്‌തീ നിഗാഹോം നേ ആവാസ് ദീ ഹേ’
കേഴുന്ന അനുരാഗ ചൈതന്യമുള്ള കണ്ണുകൾ, അവയെന്നെ വിളിക്കുന്നു.
‘മുഹബ്ബത് കീ രാഹോം നേ ആവാസ് ദീ ഹേ'
പ്രണയത്തിന്റെ കൽപ്പടവുകൾ എന്നെ വിളിക്കുന്നു, വരൂ പ്രണയ നായകാ ഇനി കാത്തുനിൽക്കാൻ എനിക്കാകില്ല.

കൈ നിറയെ പാട്ടുകൾ കിട്ടുകയും, അവ ഓരോന്നായി ഹിറ്റ് ആകുകയും ചെയ്യുമ്പോഴും ലതയുടെ ഉള്ളിലെ അരക്ഷിതാവസ്ഥയ്‌ക്ക്‌ ഒരു കുറവും ഉണ്ടായിരുന്നില്ല. രംഗത്ത് തന്റെ നില ഒന്നുകൂടെ ഉറപ്പിക്കാനായി,  കേവലം ആറു വർഷത്തിനുള്ളിൽ ലത സിനിമാ നിർമാണത്തിലേക്ക്‌ തിരിഞ്ഞു. ‘വാദൽ' എന്ന മറാത്തി സിനിമയും ‘ഛാൻജർ’,'കാഞ്ചൻ ഗംഗ' എന്ന ഹിന്ദി സിനിമകളും ലത നിർമിച്ചു.

റഫിയോടൊപ്പമുള്ള യുഗ്മഗാനങ്ങൾ
ലതയുടെ സമകാലീനനും സിനിമാ സംഗീതരംഗത്ത് അതിപ്രശസ്‌തമായി ലതയോടൊപ്പം മുന്നേറിയിരുന്ന സഹപ്രവർത്തകനുമായിരുന്നു മുഹമ്മദ് റഫി. ഇരുവരുടെയും യുഗ്മഗാനങ്ങൾ ആസ്വാദക ഹൃദയങ്ങളെ കോൾമയിർ കൊള്ളിച്ചിരുന്ന കാലം. ലതയുടെ ശക്തമായ നിലപാടുകളുടെ പേരിൽ ഇരുവരും തമ്മിൽ അകലുന്നത് 1961ലാണ്. സിനിമാ നിർമാതാക്കൾ സംഗീത സംവിധായകർക്ക് നൽകുന്ന അഞ്ചു ശതമാനം റോയൽറ്റിയുടെ പകുതി, ഗായകർക്കുകൂടി അവകാശപ്പെട്ടതാണെന്നുപറഞ്ഞ് ലതയുടെ നേതൃത്വത്തിൽ പിന്നണി ഗായകരെല്ലാം ഇന്ത്യൻ പ്രസിഡന്റിന്‌ നൽകിയ മെമ്മോറാണ്ടത്തിൽനിന്ന്‌ റഫിമാത്രം വിട്ടുനിന്നു. ഗായകർക്ക് ലഭിക്കുന്ന പ്രതിഫലംമാത്രം മതിയെന്നും, റോയൽറ്റി എന്ന ഈ ആവശ്യം പലിശ വാങ്ങുന്നതുപോലെയാണെന്നും, അത് തന്റെ മതവിശ്വാസത്തിന് നിരക്കാത്തതാണെന്നും ആയിരുന്നു റഫിയുടെ അഭിപ്രായം.

അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഈ സമയം ഹിന്ദി സിനിമ രണ്ടു ചേരിയിലായി നിലയുറപ്പിക്കുകയുണ്ടായി. ലതയുടെ ആരാധകരായ നിർമാതാക്കൾ റഫിയെപ്പോലെ പാടുന്ന മഹേന്ദ്ര കപൂറിനെ കൊണ്ടുവന്നു. റഫിയുടെ അനുചരർ ലതയുടെ ശബ്‌ദംപോലെ തോന്നിപ്പിക്കുന്ന സുമൻ കല്യാൺപൂറിനെയും. ഇവർ രണ്ടു പേരുടെയും ഇടയിലെ മഞ്ഞുരുകാൻ ശങ്കർ ജയ്കിഷനിലെ ജയ്കിഷൻ ധാരാളം ശ്രമിച്ചു.

 അറുപതുകളിൽ ലതയുടെ ശബ്‌ദം ഉപയോഗിച്ചവരിൽ പ്രധാനികൾ സി രാമചന്ദ്ര, എസ് ഡി ബർമൻ, ശങ്കർ ജയ്കിഷൻ, മദൻ മോഹൻ, ജയ്‌ദേവ് എന്നിവരായിരുന്നു. ഇവരിൽ ലതയുടെ പ്രിയങ്കരൻ ലക്ഷ്‌മികാന്ത് പ്യാരേലാൽ ആയിരുന്നു. 35 വർഷങ്ങൾക്കുള്ളിൽ ലക്ഷ്‌മികാന്ത് പ്യാരേലാലിന്റെ എഴുനൂറ് ഗാനങ്ങളാണ് ലത റെക്കോർഡ് ചെയ്‌തത്‌. ഇന്ത്യയിലെ അതിപ്രശസ്‌ത സിനിമാ നിർമാതാക്കളായ യാഷ് ചോപ്ര ഫിലിംസിന്റെ എല്ലാ സിനിമകളും ലതയുടെ ഗാനങ്ങളുമായി മാത്രമേ ഇറങ്ങിയിരുന്നുള്ളൂ.

2001ലെ ഭാരതരത്‌ന അവാർഡിനുശേഷമാണ് ലതാ മങ്കേഷ്‌കർ മനുഷ്യകാരുണ്യ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നത്. പുണെയിലെ ഒരു സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ലതാ മങ്കേഷ്‌കർ മെഡിക്കൽ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കാൻ തുടങ്ങി, പേര് മാസ്റ്റർ ദീനനാഥ് മങ്കേഷ്‌കർ ഹോസ്‌പിറ്റൽ. 2005–-06 കാലഘട്ടം ഒരുപക്ഷേ ലതയുടെ സിനിമാ സംഗീത കരിയറിലെ അവസാന വർഷങ്ങളായിരിക്കണം. ‘ബേവഫാ', ‘ലക്കി: നോ ടൈം ഫോർ ലൗ’, ‘രംഗ് ദേ ബസന്തി' തുടങ്ങിയ സിനിമകളിലെ ഗാനങ്ങളാണ് ലത ഈ വർഷങ്ങളിൽ പാടിയത്.

 

ആ നാദം ഏഴു കടലും കടന്ന് സഞ്ചരിച്ചു
എഴുപത് വർഷത്തിലേറെ നീണ്ടുനിൽക്കുന്ന ഒരു സംഗീത സപര്യയുടെ നിറവിൽ ഒരു ഉന്നത സംഗീതജ്ഞ എന്നതിലുപരി, വലിയൊരു സമൂഹത്തിന്റെ വിഭിന്നങ്ങളായ ആശയ വിചാരധാരകളെ ഗാനത്തിലൂടെ ഒന്നിപ്പിച്ച കിന്നര ഗായിക മാത്രമായാണോ ലതാ മങ്കേഷ്‌കറെ കാണേണ്ടത്, അതോ സംഗീതത്തിലൂടെ സാർഥകമാകുന്ന ഉന്നതമായ മനുഷ്യസ്‌നേഹ നീതിബോധങ്ങളുടെ കാവലാളായിട്ടോ എന്നതാണ് വ്യക്തമായൊരു ചോദ്യം. പുരുഷാധിപത്യം എക്കാലവും നിലനിന്നിരുന്ന നമ്മുടെ രാഷ്‌ട്രീയ പൊതുജീവിത സാംസ്‌കാരിക സാമൂഹ്യ സിനിമാ മേഖലകളിൽ ഒരുപക്ഷേ ആദ്യമായും അവസാനമായുമാകും ഇത്തരത്തിലുള്ള ഒരു താരോദയത്തിന് ഭാരതം സാക്ഷ്യം വഹിക്കുന്നത്‌! ഒരു സ്ത്രീ, അതും വാണിജ്യ സിനിമയുടെ സാമ്പത്തികഘടനയുടെ പിറകിൽമാത്രം നിൽക്കുന്ന, പിന്നണി ഗാനാലാപന മേഖലയിൽനിന്ന്‌ ഉയർന്നുവന്ന് ഭാരതത്തിന്റെ മുഴുവൻ ശബ്‌ദമാകുക! എന്നും പോരടിച്ചു നിൽക്കുന്ന, നാനാത്വങ്ങളിൽനിന്ന് ഏകത്വം തിരിച്ചറിയാൻ സാധിക്കാതിരുന്ന ഇന്ത്യൻ ജനതയെ മുഴുവൻ സ്വന്തം ശബ്‌ദവീചികളിൽ കോർക്കുമ്പോഴും, ലതയ്‌ക്ക്‌ തന്റെ പ്രാധാന്യം തിരിച്ചറിയാൻ  സാധിച്ചിരുന്നോ എന്ന്‌ സംശയം! സംഗീതം പലപ്പോഴും അങ്ങനെയാണ്. തിരിച്ചറിവോ രംഗബോധമോ ആയിരിക്കില്ല അത് പ്രദാനം ചെയ്യുക. ഉള്ളറകളിലെ തന്ത്രികൾ ശ്രുതിമീട്ടുമ്പോൾ, ഒരു വീണ എങ്ങോനിന്ന് പാടുന്നു. ആ നാദം ഏഴു കടലും കടന്ന് സഞ്ചരിച്ചുകൊണ്ടേയിരിക്കും. പക്ഷേ, പാട്ടുകാരിക്കറിയില്ലല്ലോ ഈ നാദബലത്തിന്റെ ചരിത്രപരമായ കടമകൾ!

വീണ്ടും ലത പാടുന്നു എന്റെ അറുപതുകളിലെ മർഫി റേഡിയോ ഓർമകളിൽനിന്ന്‌...
‘ചമക്തി ഹെ ജബ്‌ തക്‌ യെ ചാന്ദ്‌ ഔർ താരെ...’
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top