10 June Saturday

'കൊച്ചി റോക്ക്‌സ്'; സിരകളില്‍ സംഗീതം നിറച്ച് കൊച്ചി

ആര്‍ ഹേമലതUpdated: Friday Mar 2, 2018

 കൊച്ചിയുടെ സിരകളില്‍ നിറയെ സംഗീതമാണ്. ഒരുകാലത്ത് മട്ടാഞ്ചേരിയുടെ തെരുവുകളില്‍ സംഗീതം ലഹരിയായി കൊണ്ടുനടന്ന ധാരാളം ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. ഹോട്ടലുകളുടെ നേരിയ ചുവന്ന വെളിച്ചത്തില്‍ പാറിപ്പറന്ന മുടിയും നരച്ച ജീന്‍സിന്റെ ഓവര്‍ക്കോട്ടും ധരിച്ച് കൈയിലൊരു ഗിത്താറുമായി സംഗീതംപൊഴിച്ചു നടന്ന സംഘത്തെ നഗരം ഇനിയും മറന്നിട്ടില്ല....അവരുടെ പിന്‍തലമുറ ഇന്നു വേദികള്‍ കീഴടക്കി സംഗീതത്തെ കൂടുതല്‍ ജനകീയമാക്കുന്നു. കള്ളിമുണ്ടും ബനിയനും ധരിച്ച് വേദികളിലെത്തി നിറഞ്ഞ കൈയടി ഏറ്റുവാങ്ങുന്നു. മലയാളവും മറ്റു ഭാഷകളും കൂട്ടിക്കലര്‍ത്തി പഴയതും പുതിയതുമായ പാട്ടുകളെ അവരുടേതായ കാഴ്ചപ്പാടില്‍ പുനരവതരിപ്പിച്ചാണ് ചിട്ടവട്ടങ്ങള്‍ മറികടന്നുള്ള ഈ ശബ്ദകാഴ്ച വിസ്മ‌‌‌യം പുതുതലമുറ ഒരുക്കുന്നത്.

അവിയല്‍, തൈക്കൂടം ബ്രിഡ്ജസ്, അമൃതംഗമയ മ്യൂസിക് ബാന്‍ഡ് തുടങ്ങിയവയെ കൂടാതെ വില്ലുവണ്ടി, മസാല കോഫി, തകര തുടങ്ങിയവയും ഉദിച്ചുവരുന്ന താരങ്ങളാണ്. കഫെ പപ്പായ പോലുള്ള ചിലയിടങ്ങള്‍ പുതുതലമുറ സംഗീതത്തെ ഇരുകൈയുംനീട്ടി സ്വീകരിക്കുന്നു.

 വില്ലുവണ്ടി ബാന്‍ഡ് അംഗങ്ങളായ സുബി, സേതു, ബാലു, സ്വാതി സംഗീത് എന്നിവര്‍

വില്ലുവണ്ടി ബാന്‍ഡ് അംഗങ്ങളായ സുബി, സേതു, ബാലു, സ്വാതി സംഗീത് എന്നിവര്‍രാഷ്ട്രീയം പറയുന്ന വില്ലുവണ്ടി


സംഗീതത്തിനും രാഷ്ട്രീയമുണ്ടെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വിദ്യാര്‍ഥികള്‍ ചേര്‍ന്നൊരുക്കിയ 'വില്ലുവണ്ടി' എന്ന മ്യൂസിക് ബാന്‍ഡ്. 2009ല്‍ ആരംഭിച്ച ഈ സംഗീതക്കൂട്ടായ്മ അടിസ്ഥാനവര്‍ഗത്തിന്റെ വിഷയംമുതല്‍ വടയമ്പാടിയിലെ വിഷയംവരെ സംഗീതത്തിലൂടെ കൈകാര്യംചെയ്യുന്നു. സംഗീതം പുതിയ സമരരീതിയായി ഇവര്‍ മുന്നോട്ടുവയ്ക്കുന്നു. സമീപകാലത്ത് മനഃപൂര്‍വം മറന്നുവച്ച ചരിത്രത്തെ സംഗീതത്തിലൂടെ ഇവര്‍ വീണ്ടും വിളിച്ചുപറയുന്നു. ബാന്‍ഡിലെ അംഗങ്ങളായ സേതുവും സ്വാതി സംഗീതും എറണാകുളം മഹാരാജാസ് കോളേജിലെയും ബാലുവും സുധിയും കുസാറ്റിലെയും വിദ്യാര്‍ഥികളാണ്്. ഇംഗ്ലീഷില്‍ പാട്ടെഴുതി സംവിധാനംചെയ്ത് അവതരിപ്പിക്കുന്ന ഈ ബാന്‍ഡിനെത്തേടി കേരളത്തിനു പുറത്തുനിന്നും അന്വേഷണങ്ങള്‍ എത്തിക്കഴിഞ്ഞു. 
 
വാദ്യമേളങ്ങളുടെ അവിയല്‍

പേരുപോലെതന്നെ എല്ലാം കൂട്ടിക്കുഴച്ച് ആദ്യം മലയാളികള്‍ക്കു മുന്നിലെത്തിയ മ്യൂസിക് ബാന്‍ഡുകളില്‍ ഒന്നാണ് 'അവിയല്‍'. പല ബാന്‍ഡുകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഒത്തുകൂടിയാണ് അവിയല്‍ രൂപപ്പെടുന്നത്. 2008 മുതല്‍ അവിയല്‍ സ്വദേശത്തും വിദേശത്തും പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. ടോണി ജോണ്‍, റക്‌സ് വിജയന്‍, ബിന്നി, മിഥുന്‍ പുത്തന്‍വീട്ടില്‍ എന്നിവരാണ് ബാന്‍ഡിന്റെ നട്ടെല്ല്. സംഗീതരംഗത്തെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുളള ഈ ബാന്‍ഡ് ആല്‍ബങ്ങളിലും ടിവി പരിപാടികളിലും സജീവമാണ്.

 
തൈക്കുടം ബ്രിഡ്ജ്

തൈക്കുടം ബ്രിഡ്ജ്പാലം കടന്ന തൈക്കൂടം ബ്രിഡ്ജ്

മലയാളം കൂടാതെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഗാനങ്ങള്‍ കോര്‍ത്തിണക്കി ആസ്വാദകരെ പിടിച്ചിരുത്തുന്നതില്‍ മിടുക്കരാണ് 'തൈക്കൂടം ബ്രിഡ്ജസ'്. 2013ലാണ് ബാന്‍ഡ് തുടങ്ങുന്നത്. 15 അംഗ സുഹൃത്തുക്കള്‍ ചേര്‍ന്നു രൂപീകരിച്ച ബാന്‍ഡിന് ഇന്നു കൈനിറയെ പരിപാടികളാണ്. പിന്നണിഗായകന്‍ സിദ്ധാര്‍ഥ്‌മേനോന്‍ ഈ ട്രൂപ്പിലൂടെയാണ് സംഗീതരംഗത്ത് സജീവമാകുന്നത്.

പാട്ടിന്റെ അമൃത്


രണ്ടു സഹോദരിമാര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയതാണ് 'അമൃതം ഗമയ' എന്ന മ്യൂസിക് ബാന്‍ഡ്. ടിവി പരിപാടികളിലൂടെ സംഗീതരംഗത്ത് സജീവമായ അമൃത സുരേഷും അഭിരാമി സുരേഷുമാണ് ബാന്‍ഡിലെ പാട്ടുകാര്‍. ഇവരുടെ അച്ഛന്‍ സുരേഷാണ് പുല്ലാങ്കുഴല്‍ വായിക്കുന്നതെന്ന വ്യത്യസ്തതയുമുണ്ട്. സിനിമകളിലും ഇവരുടെ ട്രൂപ്പ് പാടുന്നുണ്ട്. 'ആട് രണ്ടി'ലും 'ക്രോസ് റോഡ്സി'ലുമാണ് അമൃതംഗമയ പാട്ട് അവതരിപ്പിച്ചത്. വിദേശത്തും കേരളത്തിലും സജീവമായി പരിപാടികള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് അമൃതയും കൂട്ടരും.

മൊസാര്‍ട്ടിന്റെ ഓര്‍ഫിയോ

2008ല്‍ രൂപീകരിച്ച ഈ ബാന്‍ഡ് വിദേശത്തും സ്വദേശത്തുമായി നിരവധി പരിപാടികള്‍ അവതരിപ്പിച്ചുകഴിഞ്ഞു. വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിപാടികളാണ് ഇവരുടെ പ്രത്യേകത. വയലിന്‍ കുടുംബത്തില്‍ പെട്ട ഉപകരണങ്ങള്‍ക്കാണ് ട്രൂപ്പില്‍ പ്രാധാന്യം. ഫ്രാന്‍സിസ് എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ ഒരു റഷ്യന്‍ യുവതി ഉള്‍പ്പടെ ഏഴുപേരാണ് ബാന്‍ഡിലെ അംഗങ്ങള്‍. വായ്പാട്ട് കുറവാണെങ്കിലും ആവശ്യപ്പെടുകയാണെങ്കില്‍ പാട്ടുകാരെ ക്കൂടി ചില പരിപാടികള്‍ക്കായി  ഉള്‍പ്പെടുത്താറുണ്ട്.

പാട്ടുപൂക്കുന്ന തെരുവുകള്‍


  ത്രസിപ്പിക്കുന്ന സംഗീതത്തിനൊരു പില്‍ക്കാലചരിത്രമുണ്ട്. കൊച്ചിയുടെ തെരുവുകളിലും രാജേന്ദ്രമൈതാനിയിലും കൊച്ചിന്‍ക്ലബ്ബിലും (പഴയ യൂറോപ്യന്‍ ക്ലബ്) സംഗീതം ലഹരിയായി കൊണ്ടുനടന്ന ചെറുപ്പക്കാരുടെ സംഘമുണ്ടായിരുന്നു. 'ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിങ് ഒ പ്ലേറ്റ്' എന്ന റോക് ബാന്‍ഡാണ് കൊച്ചിയുടെ സിരകളിലേക്ക് ചടുലസംഗീതത്തിന്റെ ലഹരി ആദ്യം ചൊരിഞ്ഞത്. പേഴ്‌സി ലോംബോ എന്ന വിദേശിയായിരുന്നു കൊച്ചിനിവാസികളെ ഉള്‍പ്പെടുത്തി 1934ല്‍ ഈ ബാന്‍ഡിനു രൂപംനല്‍കിയത്. ഒരു സ്ട്രിങ് ബോര്‍ഡും ഗിറ്റാറും ബോംഗോസുമായി കാണികളെ ആവേശത്തിലാഴ്ത്തിയ ഈ ബാന്‍ഡ് യൂറോപ്യന്‍ ക്ലബ്ബില്‍ (ഇപ്പോഴത്തെ കൊച്ചിന്‍ ക്ലബ്) സ്ഥിരമായി താളപ്രപഞ്ചം തീര്‍ത്തു. എന്നാല്‍, രണ്ടാം ലോകയുദ്ധത്തിന്റെ പ്രകമ്പനങ്ങളാണ്ഈ റോക് ബാന്‍ഡിന്റെ താളം ഇല്ലാതാക്കിയത്.

അറുപതുകളിലാണ് കൊച്ചിയുടെ തെരുവോരങ്ങളിലേക്ക് റോക്‌സംഗീതം പിന്നീടെത്തിയത്. മരുഭൂമിയിലേക്ക് കേരളത്തിലെ ആദ്യതലമുറ ഒഴുകാന്‍ തുടങ്ങിയ നാളുകള്‍. ബീറ്റില്‍സിന്റെ തരംഗം പടര്‍ന്നൊഴുകാന്‍ തുടങ്ങിയ നാളുകള്‍. കൊച്ചിയിലും റോക്‌സംഗീതത്തിന്റെ ചങ്ങാതിക്കൂട്ടങ്ങള്‍ രൂപപ്പെട്ടു. 1960ല്‍ രൂപമെടുത്ത 'സൂപ്പര്‍സോണിക്' ആയിരുന്നു അക്കാലത്തെ ലഹരി. യൂസ് റാല്‍ഫ് ട്രയോണും റോണിയും ചേര്‍ന്നു രൂപംനല്‍കിയസൂപ്പര്‍ സോണിക്കിന് തുടക്കത്തില്‍ കിട്ടിയ മൈലേജ് മുതലാക്കാനായില്ല. റോക് ട്രൂപ്പ് വന്‍വിജയത്തോടെ തുടങ്ങിയെങ്കിലും ഇടയ്ക്ക് കാലിടറി. ഹോട്ടല്‍ സീലോര്‍ഡിലും മറ്റുമായി ഇവരവതരിപ്പിച്ചിരുന്ന പരിപാടികള്‍ പെട്ടെന്നു നിലച്ചു.

മസാല കോഫി ബാന്‍ഡ്

മസാല കോഫി ബാന്‍ഡ്കൊച്ചിയിലെ റോക്‌സംഗീതത്തിന് യഥാര്‍ഥ ദിശാബോധം നല്‍കാന്‍കഴിഞ്ഞത് 1962ല്‍ രൂപമെടുത്ത 'എലൈറ്റ് അക്‌സസ്' എന്ന ബാന്‍ഡിനായിരുന്നു. കൊച്ചിയിലെ റോക്‌സംഗീതത്തിന്റെ പിന്നീടുള്ള വളര്‍ച്ചയ്ക്ക് സഹായകമായ സംഭാവനകള്‍ നല്‍കിയ എമില്‍ ഐസക്‌സ്് ആയിരുന്നു ഇതിന്റെ ശില്‍പ്പി. ഹോട്ടല്‍ കാസിനോയില്‍ സ്ഥിരംവേദികള്‍ തീര്‍ത്ത ഇവര്‍ക്ക് അവിടെ ആരാധകരുടെ പ്രളയം തീര്‍ക്കാനായി. ഫ്രാന്‍സിസ് എനിസ്വേറ്റോ റോഡ്രിഗൂസ് എന്ന അങ്കിള്‍ റോഡി സാക്‌സോഫോണില്‍ തീര്‍ത്ത നാദപ്രപഞ്ചം മറക്കാനാവാത്ത അനുഭവമാക്കി. അസാമാന്യമായ ശബ്ദവിന്യാസമുള്ള വിന്നി ഡിസൂസയായിരുന്നു ഈ ട്രൂപ്പിലെ മുഖ്യപാട്ടുകാരന്‍.

അറുപതുകളുടെ അവസാനം റോക് ബാന്‍ഡുകളുടെ പെരുമഴയായിരുന്നു കൊച്ചിയില്‍. ഗിറ്റാറും ഡ്രംസും വായിക്കാനറിയുന്ന നാലുപേരുണ്ടെങ്കില്‍ ഒരു റോക് ബാന്‍ഡ് ഉണ്ടാക്കാമെന്ന സ്ഥിതി. 1968ല്‍ കൊച്ചിയുടെ റോക് ആകാശത്തേക്ക് 'ഹൈജാക്കേഴ്‌സ്', 'ഹൈവേ ഹാസേയും' 'സ്‌റ്റോക്‌സും' ഒക്കെയെത്തി. പക്ഷേ, ഇവയൊക്കെ ഹോട്ടല്‍ ബാന്‍ഡുകളായി ഒതുങ്ങി. കൊച്ചിക്കപ്പുറമുള്ള ഒരു ആകാശത്തേക്ക് ഉയരാന്‍ ഇവര്‍ക്കായില്ല. '2ബി3സി' എന്ന ബാന്‍ഡിനാണ് കുറച്ചെങ്കിലും പേരെടുക്കാനായത്. പക്ഷേ, അത് പാട്ടിന്റെപേരില്‍ ആയിരുന്നില്ല. പേരിന്റെ വ്യത്യസ്തതയാണ് ഇതിനു പിന്നിലെ ശക്തിയായത്. 'ടു ബ്രാഹ്മിന്‍സ് ത്രീ ക്രിസ്ത്യന്‍സ്' എന്നതായിരുന്നു അതിന്റെ മുഴുവന്‍ പേര്. ശരിക്കും രണ്ടു ബ്രാഹ്മണരും മൂന്നു ക്രിസ്ത്യാനികളുമായിരുന്നു ബാന്‍ഡിന്റെ ശില്‍പ്പികള്‍.

അമൃതംഗമയ ബാന്‍ഡ്

അമൃതംഗമയ ബാന്‍ഡ്സംഗീതം ലഹരിയായ കൊച്ചിയുടെ സുവര്‍ണ ആകാശത്തില്‍ 'തേര്‍ട്ടീന്‍ എഡി' പൊട്ടിവീഴുന്നത് എണ്‍പതുകളുടെ അവസാനത്തിലാണ്. റോക്‌സംഗീതത്തിലലിഞ്ഞുനടന്ന യുവാക്കള്‍ കോളേജ് വിട്ടപ്പോള്‍ അതിന്റെ ലഹരിയിലേക്കുതന്നെ ചേക്കേറി. രാജേന്ദ്രമൈതാനിയിലും ഹോട്ടല്‍ സീലോഡിലുമൊക്കെയായി പരിപാടികള്‍ അവതരിപ്പിച്ചുനടന്ന അവര്‍ക്ക് കൊച്ചിയുടെ റോക്‌ലോകത്ത് അരങ്ങുവാഴാനുള്ള മോഹമുണ്ടായിരുന്നു. അതിനായി അവര്‍ രാവും പകലും സംഗീതത്തിലലിഞ്ഞുനടന്നു. പിന്‍സണ്‍ കൊറിയ, ഏലോയ് ഐസക്, ഗ്ലെന്‍ ലാറിവ് എന്നിവര്‍ ഒത്തുചേര്‍ന്നപ്പോള്‍ അതു കേരളത്തിലെ എക്കാലത്തെയും മികച്ച റോക് ബാന്‍ഡിന്റെ പിറവിയായിരുന്നു. രാജേന്ദ്രമൈതാനിയിലും ഹോട്ടല്‍ സീലോര്‍ഡിലും പരിപാടികള്‍ രണ്ടരവര്‍ഷത്തോളം സംഗീതലഹരി തീര്‍ത്തു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top