26 April Friday

"കിലോമീറ്റേഴ്‌സ്‌ ആൻഡ്‌ കിലോ മീറ്റേഴ്‌സ്‌' പാട്ടുകൾ എത്തി; സൂരജ്‌ എസ്‌ കുറുപ്പിന്റെ സംഗീതം

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

ടൊവീനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം 'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സി'ന്‍റെ ഓഡിയോ ജൂക്ബോക്സ് പുറത്തെത്തി. ചിത്രം ഡയറക്‌ട് ഒടിടി റിലീസിനു തയ്യാറെടുക്കുന്നതിനിടെയാണ് അണിയറക്കാര്‍ ചിത്രത്തിലെ പാട്ടുകള്‍ യുട്യൂബിലൂടെ ഒരുമിച്ച് പുറത്തുവിട്ടിരിക്കുന്നത്.

ഒരു എക്സ്റ്റന്‍ഡഡ് വെര്‍ഷന്‍ ഉള്‍പ്പെടെ ചിത്രത്തിലെ അഞ്ച് പാട്ടുകളാണ് എത്തിയിരിക്കുന്നത്. യുവസംഗീത സംവിധായകരില്‍ ശ്രദ്ധേയനായ സൂരജ് എസ് കുറുപ്പ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വിനായക് ശശികുമാര്‍, നിഷ നായര്‍, ഹരി നാരായണന്‍ ബി കെ, ലക്ഷ്മി മേനോന്‍ എന്നിവര്‍ക്കൊപ്പം സൂരജ് എസ് കുറുപ്പും വരികള്‍ എഴുതിട്ടുണ്ട്. റാംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുല്‍ അനില്‍, പവിത്ര ദാസ്, പ്രണവ്യ ദാസ്, സിതാര കൃഷ്ണകുമാര്‍, അദിതി നായര്‍, യദു കൃഷ്ണന്‍ കെ, നീതു നടുവത്തേട്ട്, മൃദുല്‍ അനില്‍ എന്നിവരാണ് പാട്ടുകള്‍ പാടിയിരിക്കുന്നത്.

ഇന്ത്യ കാണാനെത്തുന്ന അമേരിക്കക്കാരി പെണ്‍കുട്ടിയും ഒരു മലയാളി യുവാവുമൊത്തുള്ള സംസ്ഥാനാന്തര യാത്രയാണ് ചിത്രത്തിന്‍റെ പ്രമേയം. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസ് ആണ് നായിക. നേരത്തേ രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ജിയോ ബേബിയുടെ മൂന്നാമത്തെ ചിത്രമാണിത്. ജോജു, ജോര്‍ജ്, ബേസില്‍ ജോസഫ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍റേതു തന്നെയാണ് രചന. രാംഷി അഹമ്മദ്, ആന്‍റോ ജോസഫ്, ടൊവീനോ തോമസ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം സിനു സിദ്ധാര്‍ഥ്. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. മാര്‍ച്ച് 12ന് തീയേറ്ററുകളില്‍ എത്തേണ്ട ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റുകയായിരുന്നു. ചിത്രത്തിന്‍റെ വ്യാജപതിപ്പ് പുറത്തിറങ്ങുമെന്ന ആശങ്കയില്‍ ഡയറക്ട് ഒടിടി റിലീസായി ചിത്രം പ്രേക്ഷകരിലെത്തിക്കാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്‍റോ ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top