03 October Tuesday

സിതാര സംഗീത സംവിധാനത്തിലും ചുവടുറപ്പിയ്ക്കുന്നു: ഉടലാഴം ആദ്യചിത്രം

ഗിരീഷ്‌ ബാലകൃഷ്ണന്‍Updated: Friday Mar 9, 2018

സംസ്ഥാന അവാര്‍ഡിന്റെ അംഗീകാര നിറവിനിടയില്‍ സംഗീതസംവിധാന രംഗത്തേക്ക് പുതിയ കാല്‍വെയ്പ്പിന്റെ ആഹ്ലാദത്തില്‍ കൂടിയാണ് ഗായിക സിതാര. 

ആണെഴുത്തും പെണ്ണെഴുത്തും എന്നപോലെ ആൺസംഗീതം, പെൺസംഗീതം എന്ന പ്രയോഗം മലയാളത്തിൽ കേട്ടിട്ടില്ല.  സംഗീതസംവിധാനം എന്ന സാഹസത്തിന് മുതിർന്ന സ്ത്രീകൾ നന്നേ കുറവ്. നവതിയിലെത്തിയ മലയാള സിനിമയിൽ ഇന്നോളം പെൺപ്രണയവും വിരഹവും സൗന്ദര്യവും ദുഃഖവുമെല്ലാം വർണിക്കാൻ സംഗീതമൊരുക്കിയത് ആൺ സംഗീതജ്ഞരാണ്. എന്നാൽ, പുതിയകാലത്തിന്റെ ദൗത്യം പേറി സംഗീതസംവിധാനരംഗത്തേക്ക് കടക്കുകയാണ് സിതാര കൃഷ്ണകുമാർ.

പെൺസംഗീതത്തിന്റെ പുതുവഴികള്‍ തിരയുന്നതിനെപ്പറ്റി സിതാരയുമായി ദേശാഭിമാനി ലേഖകന്‍ ഗിരീഷ്‌ ബാലകൃഷ്ണന്‍ നടത്തിയ സംഭാഷണം വായിക്കാം :

'ഭൂപ്രകൃതിയും രാഷ്ട്രീയ സാംസ്കാരിക ചരിത്രവുമെല്ലാം കാലാകാലങ്ങളായി സംഗീതത്തിൽ പ്രതിഫലിക്കുന്നുണ്ടെങ്കിൽ സംഗീതം സൃഷ്ടിക്കുന്ന ആളിന്റെ ജെൻഡറും സംഗീതത്തിൽ പ്രതിഫലിക്കേണ്ടതല്ലേ'യെന്ന്് ചോദിക്കുന്നു സിതാര. രാത്രിയിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് അഭിവാദ്യമർപ്പിച്ച് ഒരുക്കിയ 'എന്റെ ആകാശം' എന്ന ഗാനത്തിലൂടെയാണ് സിതാര ആദ്യമായി സംഗീത സംവിധനത്തിലേക്ക് കടക്കുന്നത്. പിന്നീട് സാമൂഹ്യനീതിവകുപ്പിന്റെ 'അനുയാത്ര' ക്യാമ്പയിനുവേണ്ടി സിതാരയുടെ സംഗീതത്തിൽ പി ജയചന്ദ്രൻ ആലപിച്ച ഗാനം പുറത്തുവന്നു. ഉണ്ണിക്കൃഷ്ണൻ ആവള ഒരുക്കുന്ന 'ഉടലാഴ'ത്തിലൂടെയാണ് സിതാര സിനിമസംഗീതത്തിലേക്ക് കടക്കുന്നത്. സംഗീതപഠനകാലം മുതൽ ഒപ്പമുള്ള മിഥുൻ ജയരാജിനൊപ്പമാണ് സിനിമയിലെ ഗാനങ്ങൾ ഒരുക്കിയത്. ആദിവാസിജീവിതം പ്രമേയമാകുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തും. യുവ ഡോക്ടർമാരുടെ കൂട്ടായ്മയായ 'ഡോക്ടേഴ്സ് ഡിലമ'യാണ് സിനിമയുടെ നിർമാണം. സിതാരയുടെ ഭർത്താവ് ഡോ. സജീഷ് കൂട്ടായ്മയിൽ അംഗമാണ്. 'കഥ പറഞ്ഞ കഥ' എന്ന സിനിമയുടെ ടൈറ്റിൽ സോങ്ങിനും സിതാര സംഗീതം ഒരുക്കി. ചലച്ചിത്രപിന്നണി ഗാനമേഖലയിൽനിന്ന് ആവേശകരമായ അനുഭവമാണ് സിതാരയ്ക്ക് ലഭിച്ചത്. 

സിതാര പറയുന്നു

സിതാര കൃഷ്ണകുമാർ

സിതാര കൃഷ്ണകുമാർ

എല്ലാ പാട്ടുകാരിലും സംഗീതസംവിധായകരുണ്ട്. പാടാൻ വേണ്ടി പുതിയ ട്യൂണുകൾ ഉണ്ടാക്കുന്നത് എന്റെ ശീലമായിരുന്നു. അപക്വമായ അത്തരം പരീക്ഷണങ്ങൾ മറ്റുള്ളവരെ കേൾപ്പിക്കുന്ന വിധം ഓർക്കസ്ട്രേഷനോടെ അവതരിപ്പിക്കാനുള്ള ആത്മവിശ്വാസം ലഭിച്ചത്, എന്റെ സംഗീതപഠനത്തിൽനിന്നാണ്. ഗായിക എന്ന നിലയിൽ  ഓരോ പാട്ടും ഓരോ പാഠങ്ങളായിരുന്നു. മികച്ച സംഗീതസംവിധായർക്കൊപ്പം പ്രവർത്തിക്കാനായി. അങ്ങനെ മനസ്സിലാക്കിയ കാര്യങ്ങൾ സ്വയം പരീക്ഷിച്ചുനോക്കിയാണ് സംഗീത പ്രോഗ്രാമിങ്ങിലേക്ക് കടന്നത്്. 

സിനിമാസംഗീതം

സ്വന്തം അഭിരുചിക്ക് അനുസരിച്ച് സംഗീതം ഒരുക്കാൻ എളുപ്പമാണ്. എന്നാൽ, സിനിമയ്ക്കുവേണ്ടി സംഗീതം ഒരുക്കണമെങ്കിൽ സ്വന്തം ഇഷ്ടംമാത്രം പരിഗണിച്ചാൽ പോര. മറ്റുള്ളവരുടെ ആവശ്യത്തിന് അനുസൃതമായി സംഗീതം ഒരുക്കണം. കൂട്ടായ്മയിലൂടെ അത്തരത്തിൽ സംഗീതം പിറവിയെടുക്കുന്നത് അത്ഭുതകരമായ പ്രക്രിയയാണ്. രണ്ടു സിനിമയിലും സുഹൃത്തുക്കൾക്ക് ഒപ്പമാണ് പ്രവർത്തിച്ചത്. സംഗീതം രൂപപ്പെടുത്തുന്ന പ്രക്രിയ ശരിക്കും ആസ്വദിക്കാനായി. സംഗീതമേഖലയിലെ മുതിർന്നവരിൽനിന്ന് അകമഴിഞ്ഞ പിന്തുണ ലഭിച്ചു. അനുഭവപരിചയത്തിലൂടെ ലഭിച്ച അറിവുകൾ പകർന്നുതരാൻ അവർ മടികാണിച്ചിട്ടില്ല.

തൊഴിലിടം

ചലച്ചിത്രസംഗീതമേഖലയിൽ പത്തുവർഷം പിന്നിടുമ്പോൾ ഇവിടെ തൊഴിലിടത്തിൽ ആൺ‐പെൺ വേർതിരിവ് ഉള്ളതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. പ്രതിഭക്ക് ആൺ‐പെൺ വ്യത്യാസമില്ല. എന്നാൽ, സംഗീതസംവിധാനം എന്ന തൊഴിൽ ആവശ്യപ്പെടുന്ന അധികസമയം മാറ്റിവയ്ക്കാൻ പലകാരണങ്ങളാൽ സ്ത്രീകൾക്ക്  കഴിയാറില്ല. ഒരു ഗായികയ്ക്ക്  പാട്ട് റെക്കോഡ് ചെയ്യാൻ  പരമാവധി ഒന്നോ രണ്ടോ മണിക്കൂർ ചെലവിട്ടാൽ മതി. പക്ഷേ, ഒരു സംഗീതസംവിധായികയ്ക്ക് അങ്ങനെയല്ല, രാത്രിയും പകലുമില്ലാതെ മാസങ്ങളോളം പ്രയത്നിക്കേണ്ടിവരും ഒരു ഗാനമൊരുക്കാൻ. കേരളീയ കുടുംബചുറ്റുപാടുകളിൽ പലർക്കും അതിനു കഴിയുന്നില്ല. പുഷ്പവതിചേച്ചിയെയും സംഗീതവർമയെയും പോലുള്ളവർ സ്വന്തം നിലയിൽ സംഗീതസംവിധാനമേഖലയിൽ ഇടപെട്ടിട്ടുണ്ട്്്. എന്നാൽ, പുതിയതലമുറ ഗാനാലാപനത്തിൽ മാത്രം ഒതുങ്ങാൻ ഇഷ്ടപ്പെടുന്നില്ല. സംഗീതസംവിധാനത്തിന്റെ സാങ്കേതിക സംവിധാനങ്ങൾ മനസ്സിലാക്കാനും പ്രയോഗിക്കാനും ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട്്. സാങ്കേതികവിദ്യയുടെ വരവ്  കാര്യങ്ങൾ ലളിതമാക്കി. അഭ്രപാളിയിൽ പെൺമനസ്സിന്റെ വൈകാരികതയ്ക്ക് ഗാനരൂപമൊരുക്കാൻ പെൺസംഗീതസംവിധായകർക്ക് വലിയസാധ്യത തുറന്നുകിടക്കുന്നുവെന്നും സിതാര പറയുന്നു.

ഭര്‍ത്താവ് ഡോ. സജീഷിനൊപ്പം

ഭര്‍ത്താവ് ഡോ. സജീഷിനൊപ്പം

പ്രോജക്ട് മലബാറിക്കസ്

ദക്ഷിണേന്ത്യൻ ഭാഷകളിൽ ഇരുനൂറിലേറെ ഗാനങ്ങൾ ഇതിനോടകം ആലപിച്ച സിതാരയുടെ പതിനഞ്ചിലേറെ ഗാനങ്ങൾ ഈ വർഷം പുറത്തുവരാനുണ്ട്്. ഇടവേളകളിൽ കൂട്ടുകാർക്കൊപ്പം രൂപീകരിച്ച പ്രോജക്ട് മലബാറിക്കസ് എന്ന ബാൻഡിന്റെ തിരക്കിൽ.
 
 

ഉടലാഴത്തില്‍ സിതാര സംഗീതം നല്‍കിയ ഒരു ഗാനം ഇവിടെ:

 

(ദേശാഭിമാനി വാരാന്ത പതിപ്പില്‍ നിന്ന് )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top