28 November Tuesday

ഓരോ പാട്ടിനുമുണ്ട്‌ ഓരോ ജീവിതം: രവി മേനോന്റെ അഭിമുഖം അവസാനഭാഗം

രവി മേനോൻ/ കെ ബി വേണുUpdated: Tuesday Jan 25, 2022

രവി മേനോൻ - ഫോട്ടോ: ജി പ്രമോദ്‌

ഓരോ പാട്ടിനുമുണ്ട്‌ ഓരോ ജീവിതം. വരികളുടെ ആത്മാവിൽ ലയിക്കുന്ന സ്വരരാഗലയതാള പ്രവാഹം. പാട്ട്‌ ഒരു ഒഴുക്കാണ്‌. അനാദിയായ ഓർമകളുടെ, ജീവിതസന്ധികളുടെ. പാട്ടിനൊപ്പം അലിഞ്ഞവരും അലഞ്ഞവരുമായ എത്രയോ മനുഷ്യർ. അറിയുന്നവരും അറിയപ്പെടാത്തവരുമായ പ്രതിഭകൾ.
പാട്ടുകൾക്കൊപ്പം നിറയുന്നത്‌ ചില പാട്ടുകളുടെ കഥകളുമാണ്‌...

 

(ആദ്യഭാഗം ഇവിടെ വായിക്കാം: ഗൃഹാതുരതയുടെ നിത്യഹരിതലോകം)


ദേവരാജൻ

ദേവരാജൻ

ദേവരാജൻ മാഷുടെ സംഗീത സംവിധാന ശൈലിയെക്കുറിച്ച് രവി എഴുതിയിട്ടുണ്ടല്ലോ...

= രാത്രി ലോകം മുഴുവൻ ഉറങ്ങിക്കിടക്കുമ്പോഴാണ് മാഷ് കംപോസ് ചെയ്യാനിരിക്കുക. രാത്രി രണ്ടു മണിയൊക്കെയാകും തീരുമ്പോൾ. റെക്കോഡ് ചെയ്യുകയോ നോട്ട്സ് എഴുതി വയ്ക്കുകയോ ഒന്നും ചെയ്യില്ല. വെളുപ്പിനേ എഴുന്നേൽക്കും. ആ ട്യൂൺ ഓർത്തെടുക്കാൻ ശ്രമിക്കും. ഓർത്തെടുത്താൽ മാത്രമേ അത് റീട്ടെയ്ൻ ചെയ്യൂ. ഓർത്തെടുക്കാൻ പറ്റിയില്ലെങ്കിൽ പുതിയൊരു ട്യൂൺ ഉണ്ടാക്കും. ആ പോളിസി കൊണ്ടായിരിക്കാം ഇത്രയും കാലം അദ്ദേഹത്തിന്റെ പാട്ടുകൾ നമ്മൾ ഓർത്തിരിക്കുന്നത്.

? ‘പരീക്ഷ’ എന്ന സിനിമയിലെ ‘ഒരു പുഷ്പം മാത്രമെൻ’ എന്ന പാട്ടിലെ ശാരദയുടെ നൃത്തത്തെക്കുറിച്ച് രവി പറയുന്നുണ്ടല്ലോ, ഈ പുസ്തകത്തിൽ. എനിക്കാ നൃത്തം വളരെ ഓക്വേഡ് ആയി തോന്നിയിട്ടുണ്ട്. ശാരദയ്ക്ക് നൃത്തമറിയില്ല എന്നായിരുന്നു തോന്നൽ.

ശാരദ

ശാരദ

= ശാരദയ്ക്ക് അന്ന് നൃത്തമേ അറിയില്ലായിരുന്നു. ഗുരു ഗോപാലകൃഷ്ണനാണ് അക്കാര്യം പറഞ്ഞത്. ഗുരു ഗോപിനാഥിന്റെ ശിഷ്യനാണ് അദ്ദേഹം. നീലക്കുയിൽ മുതലുള്ള സിനിമകളിൽ കൊറിയോഗ്രാഫി ചെയ്തയാൾ. പാതാള ഭൈരവി പോലെയുള്ള സിനിമകളും ചെയ്തു. ഭാസ്കരൻ മാഷ് പറഞ്ഞതനുസരിച്ച് തബലയുടെ മൂവ്മെന്റ് അനുസരിച്ചുള്ള സ്റ്റെപ്സ് മാത്രം ശാരദയെ പഠിപ്പിച്ചു കൊടുത്തു. പ്രേം നസീറിന്റെ മുഖമൊക്കെ കാണിച്ച് അഡ്ജസ്റ്റ് ചെയ്ത് എടുത്തതാണ് ആ പാട്ട്. ടി ഇ വാസുദേവൻ പറഞ്ഞ ഒരു സംഭവമുണ്ട്. മലയാളത്തിലെ ഏറ്റവും വലിയ നിർമാതാക്കളിലൊരാളായിരുന്നു അദ്ദേഹം. കുട്ടിക്കുപ്പായം എന്ന സിനിമ ഒരു ലക്ഷം രൂപയിൽ താഴെ മുതൽ മുടക്കിൽ എടുക്കണമെന്ന് അദ്ദേഹത്തിന്‌ വാശി വന്നു. വലിയ മ്യൂസിക്കൽ ഹിറ്റാണത്. അന്നത്തെ കാലത്ത് ഒരു ലക്ഷം ഒന്നരലക്ഷം ഒക്കെ വേണം സിനിമ തീർക്കാൻ. ഇദ്ദേഹം ചെലവു ചുരുക്കലിന്റെ അങ്ങേയറ്റം ആയിരുന്നു. തൊണ്ണൂറ്റിയയ്യായിരം രൂപയ്ക്ക് ആ സിനിമ തീർത്തു.
രവി മേനോനും കെ പി ഉദയഭാനുവും

രവി മേനോനും കെ പി ഉദയഭാനുവും

ബാബുരാജിന് എന്തോ ചെറിയ ഒരു തുക കൊടുത്ത് പാട്ടൊക്കെ ആദ്യം തന്നെ കംപോസ് ചെയ്യിച്ചു. പിക്ചറൈസ് ചെയ്തത് ഏതാണ്ട് ഒരു മുറിയിൽത്തന്നെയാണ്. ബാക്ക്‌ ഗ്രൗണ്ട് സ്കോർ ചെയ്യേണ്ടിയിരുന്നത് ബാബുരാജ് ആണ്. ബാബുരാജിന് എക്സ്ട്രാ പൈസ കൊടുക്കേണ്ടി വരുമെന്നു വിചാരിച്ച് ടി ഇ  വാസുദേവൻ

ടി ഇ  വാസുദേവൻ

ടി ഇ വാസുദേവൻ

സ്വന്തം പടങ്ങളിലെ തന്നെ ബാക്ക്‌ ഗ്രൗണ്ട് മ്യൂസിക് കടമെടുത്തു. മൂവിയോളയിൽ ഈ പടങ്ങളൊക്കെ എടുത്തുകണ്ട് ഒരു നോട്ട്ബുക്കിൽ എഴുതുകയാണ്. ദുഃഖം‐ വയലിൻ. കല്യാണം‐ ഷഹനായി. ഇങ്ങനെ പുള്ളിതന്നെ ബാക്ക്‌ ഗ്രൗണ്ട് സ്കോർ ചെയ്തു. പടം ഹിറ്റായി.

ഒരു കൊല്ലത്തിൽ കൂടുതലൊക്കെ ഓടിയിട്ടുണ്ട് ആ സിനിമ. ഞാൻ അവസാനം കാണുമ്പോൾ അദ്ദേഹം പറഞ്ഞു: ‘എനിക്ക് ആ പാട്ടിന്റെ എല്ലാ ചെലവും കൂടി പതിനായിരം രൂപയിൽ താഴെയേ വന്നിട്ടുള്ളൂ. ഇന്ന് ഞാൻ ജീവിക്കുന്നതു തന്നെ എന്റെ സിനിമകളിലെ പാട്ടുകളുടെ റോയൽറ്റി കൊണ്ടാണ്. കൊല്ലം കൊല്ലം എനിക്ക് ലക്ഷക്കണക്കിന് രൂപ റോയൽറ്റി കിട്ടും. അത് കുറച്ചുകൂടി സീരിയസ്സായി ഷൂട്ട് ചെയ്തിരുന്നെങ്കിൽ എന്ന് ഇപ്പോൾ ഞാൻ ആലോചിക്കാറുണ്ട്…’ അന്നൊക്കെ ആ നിർമാതാക്കൾ എത്ര ലാഘവത്വത്തോടെയാണ്‌ ആ പാട്ടുകളെ സമീപിച്ചത്. ഇന്ന് ആ സിനിമ നമ്മൾ കാണുന്നില്ല. നമ്മൾ ചർച്ച ചെയ്യുന്നതുപോലും ആ പാട്ടുകളെപ്പറ്റിയാണ്.

ആർ സുദർശനം എന്ന മ്യൂസിക് ഡയറക്ടറെക്കുറിച്ചുള്ള റൊമാന്റിക് ആയ ഒരു കുറിപ്പുണ്ട്, ഈ പുസ്തകത്തിൽ…

= ‘ചിത്രാപൗർണമി രാത്രിയിൽ’ എന്ന പാട്ട് സംഗീതം ചെയ്തയാൾ. എന്നെ പ്രണയിക്കാൻ പഠിപ്പിച്ച പാട്ട് എന്നാണ് എഴുതിയിരിക്കുന്നത്. സുദർശനത്തിന്റെ പാട്ടു കേട്ടാൽ അദ്ദേഹം മലയാളിയാണ് എന്നേ തോന്നൂ. എവിഎം സ്റ്റുഡിയോയുടെ ആസ്ഥാന സംഗീതസംവിധായകനായിരുന്നു അദ്ദേഹം. അന്ന് സ്റ്റുഡിയോകൾക്ക് ആസ്ഥാന ടെക്നീഷ്യൻസ് ഉള്ള കാലമാണ്. മലയാളത്തിൽ അപൂർവമായേ സംഗീതം ചെയ്തിട്ടുള്ളൂ. ‘ഇന്ദുലേഖേ ഇന്ദുലേഖേ…’ ‘ബാല്യകാല സഖീ...’ തുടങ്ങിയ പാട്ടുകളൊക്കെ ചെയ്തിട്ടുണ്ട്. എനിക്കദ്ദേഹത്തെ കാണാൻ പറ്റിയിട്ടില്ല. എന്റെയൊക്കെ ചെറുപ്പത്തിലേ തന്നെ അദ്ദേഹം മരിച്ചു. ‘ചിത്രാപൗർണമി രാത്രി’  എന്ന പാട്ട് ഒരിക്കലും മറക്കാൻ പറ്റില്ല. അദ്ദേഹത്തിന്റെ പാട്ടുകളൊക്കെ വളരെ ഹോണ്ടിങ് ആണ്.

? മലയാളി അല്ല എന്നു പറഞ്ഞപ്പോഴാണ് ശരിക്കും അത്ഭുതപ്പെട്ടത്.

= പലരും അങ്ങനെ കരുതിയിട്ടുണ്ടാകും. ‘വെള്ളത്താമര മൊട്ടു പോലെ’ എന്ന പാട്ടൊക്കെ ചെയ്തിട്ടുണ്ടല്ലോ.

? ബാബുരാജിന്റെ ശക്തമായ സ്വാധീനമുണ്ട് അദ്ദേഹത്തിന്റെ ശൈലിയിൽ.

ബോബെ രവി

ബോബെ രവി

ഉണ്ടായിരിക്കണം. പുറത്തുനിന്ന് മലയാളസിനിമയിലെത്തുന്ന സംഗീതസംവിധായകർ പലരും ആദ്യം ട്യൂണിട്ടിട്ട് എഴുതിക്കുകയാണ് പതിവ്. സലിൽ ചൗധരിയൊക്കെ അങ്ങനെയായിരുന്നല്ലോ. പക്ഷേ, ബോംബെ രവി അങ്ങനെയായിരുന്നില്ല. അദ്ദേഹം ഒഎൻവിയോട് കവിതയെഴുതിത്തരൂ എന്നാണ് പറഞ്ഞത്. ഒഎൻവിയോട് വരികളുടെ അർഥമൊക്കെ ചോദിച്ചു മനസ്സിലാക്കി, ഗുരുവായൂരമ്പലത്തിന്റെ അന്തരീക്ഷം മനസ്സിലാക്കി ആ ആംബിയൻസ് റെക്കോഡ് ചെയ്തു കേട്ടാണ് നഖക്ഷതങ്ങളിലെ ‘മഞ്ഞൾ പ്രസാദവും’ എന്ന പാട്ട് ട്യൂൺ ചെയ്തത്. അദ്ദേഹം ഒരു ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയുള്ളവരെ ബഹുമാനിക്കണം.

? രഘുനാഥ്- സെയ്-ഠിനെയും ഓർക്കുന്നു. ആരണ്യകത്തിലെ പാട്ടുകൾ.. 

രഘുനാഥ് സെയ്ഠും ആദ്യം എഴുതിക്കുകയാണ് ചെയ്തത്. ഒഎൻവി സാറിന് ഒരു ഗുണം ഉള്ളതെന്താണെന്നു വച്ചാൽ ഒരു താളമുണ്ട്. ‘ഒളിച്ചിരിക്കാൻ’ എന്ന പാട്ടിന്റെ വരികൾ ട്രഡീഷണൽ ആയ ഒരു താളത്തിൽ അദ്ദേഹം ചൊല്ലിക്കൊടുക്കുകയാണ്‌ ചെയ്തത്. അപ്പോൾ സെയ്ഠിന് ആ ട്യൂൺ കിട്ടി. ആ ഒരു സിനിമയേ അദ്ദേഹം മലയാളത്തിൽ ചെയ്തുള്ളൂ.

രഘുനാഥ്‌ സെയ്‌ഠ്‌

രഘുനാഥ്‌ സെയ്‌ഠ്‌

ജയരാജിനുവേണ്ടി മറ്റൊരു സിനിമയിൽ സംഗീതം ചെയ്തെങ്കിലും ആ പടം ഇറങ്ങിയില്ല. പാട്ട് റെക്കോഡ് ചെയ്യുകപോലുമുണ്ടായി.

? ‘ഏഴിലം പാല പൂത്തു’ എന്ന പാട്ട് ചെയ്ത വേദ്പാൽ വർമ്മയും ഇതുപോലെ മലയാളികൾക്കു പ്രിയപ്പെട്ട സംഗീതസംവിധായകനാണ്.

= ‘വാഷിങ് പൗഡർ നിർമ്മ’ എന്ന പരസ്യത്തിന്റെ ട്യൂൺ ചെയ്തയാളാണ് അദ്ദേഹം. എന്റെ ഒരു സ്നേഹിതൻ കോളേജ് ജീവിതം കഴിഞ്ഞ് ഗൾഫിലേയ്ക്കു പോകുമ്പോൾ ഒരു കാസറ്റിന്റെ രണ്ടു സൈഡിലും ഏഴിലം പാല പൂത്തു എന്ന പാട്ട് ബാക്ക്‌ ടു ബാക്ക്‌ ആയി റെക്കോഡ് ചെയ്തു കൊണ്ടുപോയി. കാസറ്റിന്റെ കാലം കഴിഞ്ഞ് സിഡി വന്നു, എംപി ത്രീ വന്നു, പെൻഡ്രൈവ് വന്നു, പിന്നെ മൊബൈൽ ഫോണിൽ പാട്ടു കേൾക്കുന്ന കാലം വന്നു. ഇപ്പോഴും അദ്ദേഹം ഈ പാട്ടിന്റെ ആരാധകനാണ്. ടെക്നോളജി മാറുന്നു എന്നല്ലാതെ പാട്ടു മാറുന്നില്ല. ഈ പാട്ടിനോടുള്ള അഗാധമായ ഇഷ്ടത്തിനു കാരണം എന്തോ പ്രണയനൈരാശ്യമോ മറ്റോ ആണെന്നു തോന്നുന്നു. പക്ഷേ, ഈ കാലത്തും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഏഴിലം പാല പൂത്തു എന്ന പാട്ടാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ശ്രീകുമാരൻ തമ്പി സാർ തന്നെ പറയാറുണ്ട്, എഴുതുമ്പോൾ ഇത്ര പ്രശസ്തമാകുമെന്നൊന്നും കരുതിയിട്ടില്ലെന്ന്. ചിലപ്പോൾ ഒരു മണിക്കൂർ കൊണ്ടൊക്കെ സംഭവിച്ച പാട്ടായിരിക്കും. എന്നിട്ടും കാലങ്ങൾക്കപ്പുറത്തേക്കു വളരുകയാണ് ഇത്തരം ഗാനങ്ങൾ.

പി ഭാസ്കരൻ

പി ഭാസ്കരൻ

സംവിധായകൻ ചൂണ്ടുന്ന തോക്കിനു മുന്നിൽ എഴുതി കംപോസ് ചെയ്ത പാട്ടുകൾ വിസ്മയകരമാം വണ്ണം ഹിറ്റായ കഥകൾ രവി പലപ്പോഴും എഴുതിയിട്ടുണ്ട്.

= ചില പാട്ടുകൾ ദൈവം നമുക്കു തരുന്നതാണെന്ന് ജോൺസൺ മാഷ് പറയാറുണ്ട്. അദ്ദേഹത്തിന്റെ തുടക്കകാലത്ത് ഭാസ്കരൻ മാഷ് എഴുതിക്കൊടുത്ത ഒരു പാട്ടുണ്ട്. നസീമയിലെ ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ, എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ’ എന്ന പാട്ട്.  വായിച്ചു നോക്കുമ്പോൾ, ഈ വരികൾ ഭാസ്കരൻ മാഷ് എവിടെയോ നിർത്തി തുടങ്ങിയതുപോലെ തോന്നി. ‘എന്നിട്ടും...’ എന്നാണ് തുടങ്ങുന്നത്. ചരണം ആദ്യം എഴുതിയതായിരിക്കുമെന്നു തോന്നി. അദ്ദേഹം ഭാസ്കരൻ മാഷിനെ വിളിച്ചു. ‘ചരണം ആണ് മാഷ് ആദ്യം എഴുതിയിരിക്കുന്നത്. അത് മാറ്റി കൊടുക്കട്ടെ?’ എന്നു ചോദിച്ചു. മാഷ് വിശദീകരിച്ചു: ‘കഥാപാത്രത്തിന്റെ മാനസികാവസ്ഥ വച്ച് എഴുതിയതാണ്. അബ്റപ്റ്റ് ആയ ഒരു തുടക്കം. എവിടേയോ നിർത്തിയിടത്തുവച്ചു തുടങ്ങുന്നതുപോലെതന്നെയാണ് ഉദ്ദേശിച്ചത്.

ജോൺസൺ

ജോൺസൺ

ജോൺസണ് ബുദ്ധിമുട്ടാണെങ്കിൽ മാറ്റിക്കോളൂ’. ജോൺസൺ അതൊരു വെല്ലുവിളിയായെടുത്തു. അങ്ങനെ കവി ഉദ്ദേശിച്ചാൽ അതുപോലെ തന്നെ സംഗീതം ചെയ്യണമല്ലോ. ഒരാഴ്ച ഈ കവിത പോക്കറ്റിലിട്ടു നടന്നു അദ്ദേഹം. യാദൃച്ഛികമായി എപ്പോഴോ ആ ട്യൂൺ മനസ്സിലേക്കു വരികയാണുണ്ടായത്. അതിലൊക്കെ വലിയ എഫർട്ട് എടുത്തിട്ടുണ്ട്, അദ്ദേഹം.

അതേ സമയം ‘എന്റെ മൺവീണയിൽ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നു’ എന്ന് ഒഎൻവി എഴുതിക്കൊടുത്തത് വായിക്കുമ്പോൾത്തന്നെ പാട്ടിന്റെ ട്യൂൺ കിട്ടിയെന്നും ജോൺസൺ പറഞ്ഞിട്ടുണ്ട്. ‘ചിലപ്പോൾ ദൈവം, നമുക്ക് അതു തരും. ചിലപ്പോൾ പിടിച്ചെടുക്കേണ്ടി വരും’ എന്നാണ് ജോൺസൺ പറയാറുള്ളത്. അക്കാലത്ത് അവർക്ക് അത്രയും സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇന്നിപ്പോ സംവിധായകൻ ഒരു വാക്കു പറയും‐ ചിലുക്കം എന്നോ കൊക്കക്കോ എന്നോ ഒക്കെ. ആ വാക്ക് നിർബന്ധമായും പാട്ടിൽ ഉണ്ടാകണമെന്നു പറയും. എല്ലാ വരികളുടെയും ഒടുവിൽ മഴ എന്ന വാക്കു വരണം. ‘ഠ’ എന്ന അക്ഷരം പാട്ടിൽ വേണ്ട. ഇങ്ങനെയൊക്കെയാകും നിർദേശങ്ങൾ. ഒരുതരത്തിലും സ്വാതന്ത്ര്യമില്ലാത്ത ഒരേർപ്പാടായി മാറിക്കഴിഞ്ഞു, എഴുത്തും സംഗീതസംവിധാനവും. കലാകാരന്റെ ആത്മാംശം ഒന്നും പാട്ടുകളിലുണ്ടായിക്കൊള്ളണമെന്നില്ല. എങ്കിലും മനുഷ്യന്റെ നൊസ്റ്റാൾജിയ പാട്ടിനെ നിലനിർത്തും.

പഴയൊരു കുടുംബചിത്രം. നിൽക്കുന്നവരിൽ വലത്തേയറ്റം രവി മേനോൻ

പഴയൊരു കുടുംബചിത്രം. നിൽക്കുന്നവരിൽ വലത്തേയറ്റം രവി മേനോൻ

ഇപ്പോൾ ഇരുപതുവയസ്സുള്ള ഒരു കുട്ടിയുടെ നൊസ്റ്റാൾജിയ ‘ലജ്ജാവതിയേ’ എന്ന പാട്ടായിരിക്കും. നമുക്ക് അത്ഭുതം തോന്നും എങ്ങനെ ആ പാട്ട് നൊസ്റ്റാൾജിയ ആയെന്ന്. ഓരോ കാലഘട്ടത്തിനും ഓരോ ഗൃഹാതുരതയുണ്ട്. അതു നമ്മൾ മനസ്സിലാക്കിയേ പറ്റൂ. നമ്മൾ ഇഷ്ടപ്പെടുന്ന പാട്ടാണ് ഏറ്റവും മഹത്തായ പാട്ടെന്ന് ഒരിക്കലും പറയാൻ പറ്റില്ല. ആദ്യകാലത്തൊക്കെ ഞാൻ ഏറ്റവും നല്ല പാട്ടുകൾ സെലക്ട്‌ ചെയ്യുമായിരുന്നു. പിന്നെയാണ് അതെന്തൊരു മണ്ടത്തരമാണെന്ന് മനസ്സിലായത്.

നല്ല പാട്ട് എങ്ങനെ നമുക്കു സെലക്ട്‌ ചെയ്യാൻ പറ്റും. നമുക്കിഷ്ടമുള്ള പാട്ട് എന്നേ പറയാൻ പറ്റൂ. എന്റെ നല്ല പാട്ട് വേണുവിന്റെ നല്ല പാട്ട് ആയിക്കോളണമെന്നില്ല. ‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ’ എന്ന പാട്ട് വെറുക്കുന്ന ഒരാളെ എനിക്കറിയാം. ആ പാട്ടിനെക്കുറിച്ചെഴുതിയത്‌ വായിച്ച് അയാളെന്നെ വിളിച്ചു പറഞ്ഞതാണ്. ആ പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോഴാണ് അയാളുടെ സുഹൃത്ത് അപകടത്തിൽപ്പെട്ടു മരിച്ചതത്രേ. അങ്ങനെ പല വിചിത്രമായ കാരണങ്ങളാലും ആളുകൾക്ക് ഇഷ്ടാനിഷ്ടങ്ങളുണ്ടാകും. അങ്ങനെ വേണുവിനു തോന്നിയിട്ടില്ലേ?

?  ഉവ്വ്. നൊസ്റ്റാൾജിയ വലിയ ഘടകമാണ് ഈ ഇഷ്ടാനിഷ്ടങ്ങളുടെ കാര്യത്തിൽ. എന്റെ ഓർമ്മയിലെ ആദ്യത്തെ പാട്ടുകളിലൊന്ന് ‘ചിന്നും വെൺതാരത്തിൻ ആനന്ദവേള’  ആണ്. വളരെ കുട്ടിക്കാലത്ത് അച്ഛനുമമ്മയും ജോലി ചെയ്തിരുന്ന

മുഹമ്മദ്‌ റഫി

മുഹമ്മദ്‌ റഫി

സ്കൂളിനടുത്തു ഞങ്ങൾ താമസിച്ചിരുന്ന ഒരു വാടകവീട്ടിലെ നാല്പതു വാട്ട് ബൾബിൽ നിന്നുള്ള വെളിച്ചമാണ് ആ പാട്ട് കേൾക്കുമ്പോൾ ഓർമ്മയിൽ വരാറുള്ളത്. അങ്ങനെ ഒരോർമ്മ ഇപ്പോഴത്തെ കുട്ടികൾക്ക് ഒരിക്കലും ഉണ്ടാകാൻ വഴിയില്ലല്ലോ. പുതിയ തലമുറയുടെ പാട്ടുകളെക്കുറിച്ച് എനിക്കുണ്ടായിരുന്ന മുൻധാരണകൾ തിരുത്തിത്തന്നത് എന്റെ മക്കൾ തന്നെയാണ്. ഇപ്പോഴത്തെ പാട്ടുകളൊക്കെ ഏതാണ്ടെല്ലാം ഒരുപോലെയാണെന്ന് ഞാൻ പറഞ്ഞപ്പോൾ കുട്ടികൾ പറഞ്ഞു, അവർക്ക് പഴയ പാട്ടുകളെക്കാൾ കൂടുതൽ വൈവിധ്യം അനുഭവപ്പെടുന്നത് പുതിയ പാട്ടുകളിലാണെന്ന്.

= എന്നോട് ജെറി അമൽദേവ് പറഞ്ഞ ഒരു കഥയുണ്ട്. റഫി സാഹിബ് സുഹാനി രാത് പാടി ഹിറ്റായ കാലത്തെക്കുറിച്ച്. അദ്ദേഹത്തിന്റെ ആദ്യത്തെ സൂപ്പർ മെഗാഹിറ്റ് പാട്ടാണത്. അതു കേട്ടിട്ട് മാഷിന്റെ ഒരമ്മാമൻ, സംഗീതപ്രേമിയായ ഒരു കാരണവർ വിമർശിച്ചു. മൂപ്പര് ജീവിച്ചിരിക്കുന്നത് സൈഗാളിന്റെ കാലത്താണ്. സോജാ രാജകുമാരീ... കേട്ടുവളർന്ന തലമുറയാണ്. ‘ഇതെന്തു പാട്ടാണ്? മോങ്ങിക്കരയുന്നതു പോലെയുണ്ട്. സൈഗാളല്ലേ യഥാർത്ഥ പാട്ടുകാരൻ?’ എന്നാണ് അദ്ദേഹം ചോദിച്ചത്. അക്കാലം തൊട്ടുതന്നെ തലമുറകളുടെ അഭിരുചി വ്യത്യാസങ്ങൾ പ്രകടമായിരുന്നു. വേണുവിന്റെ മക്കളും പ്രായമാകുമ്പോൾ പുതിയ തലമുറയോട് ഇതേപോലെ തർക്കിച്ചേക്കാം.

ഉറപ്പല്ലേ? ദേവരാജൻ മാഷ് ചെയ്ത ‘ഉല്ലാസപ്പൂത്തിരികൾ കണ്ണിലണിഞ്ഞവളേ’ എന്ന പാട്ട് ഇറങ്ങിയ സമയത്ത് അന്നത്തെ മുതിർന്ന തലമുറ വിമർശിച്ചത് ഓർമയുണ്ട്. ‘കസ്തൂരിമാൻ മിഴി മലർശരമെയ്തു’ എന്ന പാട്ട് എന്റെ ഏഴാം ക്ലാസ് കാലത്ത് പാടി നടക്കുന്നതുകേട്ട് അച്ഛൻ അവജ്ഞയോടെ നോക്കിയിട്ടുള്ളത് ഇപ്പോഴും ഓർമയുണ്ട്.

=  ‘ചാംചച്ച ചോംചച്ച ചമര് ചച്ചച്ചാ...’ എന്ന പാട്ടൊക്കെ അക്കാലത്താണ്.

? ആരെന്തൊക്കെ വിമർശിച്ചെഴുതിയാലും ഇല്ലെങ്കിലും ഈ പാട്ടൊന്നും നമ്മളെ വിട്ടുപോകുന്നില്ല. ബിച്ചു തിരുമലയെ ഒരിക്കൽ യാദൃച്ഛികമായി കണ്ടുമുട്ടിയിട്ടുണ്ട്. ട്യൂണിനൊപ്പിച്ചു പാട്ടെഴുതുന്നതിനെക്കുറിച്ചാണ് അദ്ദേഹം അന്നു സംസാരിച്ചത്.

=   ശ്യാമിനും ബിച്ചു തിരുമലയ്ക്കുമിടയിൽ രസകരമായ ഒരു കോംപറ്റീഷൻ സ്പിരിറ്റ് ഉണ്ടായിരുന്നു. അല്പം വിഷമം പിടിച്ച ട്യൂണൊക്കെ ഇട്ടുകൊടുക്കും. ‘മഞ്ഞിൻ തേരേറി’ എന്ന പാട്ടിൽ വളരെ കോംപ്ലിക്കേറ്റഡ് ആയ ചില പ്രയോഗങ്ങളുണ്ട്. ഈ പാട്ട് തമിഴിൽ വന്നപ്പോൾ ലിറിക്സ് എഴുതിയത് കണ്ണദാസനാണ്. ഇത്രയ്ക്ക് വളഞ്ഞുപുളഞ്ഞ ട്യൂണിനനുസരിച്ച് വരികളെഴുതിയ ബിച്ചു തിരുമലയെ അപാര കവിഞ്ജർ എന്ന് കണ്ണദാസൻ പുകഴ്ത്തിയത്രേ.

ബിച്ചു തിരുമല

ബിച്ചു തിരുമല

‘നക്ഷത്രദീപങ്ങൾ തിളങ്ങി’ എന്ന പാട്ടിനെക്കുറിച്ചും ഒരു കഥയുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതർ നവരാത്രി മണ്ഡപത്തിൽ കച്ചേരി നടത്തുന്നതാണ് പാട്ടിന്റെ പ്രമേയം. യഥാർത്ഥത്തിൽ ചെമ്പൈ നവരാത്രിമണ്ഡപത്തിൽ കച്ചേരി നടത്തിയിട്ടേയില്ല.

അത് വലിയ ചർച്ചയായിരുന്നു അക്കാലത്ത്. ചോദിച്ചപ്പോൾ ബിച്ചുച്ചേട്ടൻ പറഞ്ഞു. “അതെന്റെ ഒരു സ്വപ്നമായിരുന്നു, രവി മേനോൻ. അങ്ങനെ കരുതിക്കോളൂ.” സിനിമാപ്പാട്ടിൽ അങ്ങനെയൊരു സ്വാതന്ത്ര്യമുണ്ട്. ഉദാഹരണത്തിന്  നീൾമിഴിപ്പീലിയിൽ എന്നാണ് ഒഎൻവി. എഴുതിയിട്ടുള്ളത്. പക്ഷേ, ദാസേട്ടൻ പാടിയത് നീർമിഴിപ്പീലിയിൽ എന്നാണ്. ലെനിൻ രാജേന്ദ്രൻ അതു ശ്രദ്ധിച്ചില്ല. അതു തെറ്റാണെന്ന് ചിലരൊക്കെ ചൂണ്ടിക്കാണിച്ചു. പക്ഷേ, അതൊന്നും പാട്ടിനെ ബാധിച്ചില്ല. സിനിമാപ്പാട്ടിൽ ലിറിക്സ് എവിടെയെങ്കിലും തെറ്റിയാൽപ്പോലും സംഗീതം അസാധ്യമായാൽ മതി, ആലാപനം ഗംഭീരമായാൽ മതി. ബാക്കിയെല്ലാം ആസ്വാദകർ മറക്കും. അത്രേയുള്ളൂ. വ്യാകരണമൊന്നും ജനങ്ങൾ ശ്രദ്ധിക്കാറില്ല. എന്നെ ദിവസവും ഫോണിൽ വിളിക്കുന്നവർക്കിടയിൽ എല്ലാത്തരം മനുഷ്യരുമുണ്ട്. ഡോക്ടർമാരും എൻജിനീയർമാരും മുതൽ സാധാരണക്കാർ വരെ.

ശ്രീകുമാരൻ തമ്പി

ശ്രീകുമാരൻ തമ്പി

ഒരിക്കൽ ഹോട്ടലിൽ ചായ അടിക്കുന്ന ഒരാൾ എന്നെ വിളിച്ചു പറഞ്ഞു, നിങ്ങൾ ഇതുവരെ പ്യാരേലാലിനെപ്പറ്റി എഴുതിയില്ല എന്ന്. ലക്ഷ്മീകാന്ത് പ്യാരേലാലിനെക്കുറിച്ചു ഞാൻ എഴുതിയിട്ടുണ്ടല്ലോ എന്ന് ഞാൻ മറുപടി പറഞ്ഞു. പ്യാരേലാൽ ഒറ്റയ്ക്ക് കുറച്ചു പടങ്ങൾ ചെയ്തിട്ടുണ്ട്. അക്കാര്യം എഴുതിയിട്ടില്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. സത്യമാണത്. നമ്മളേക്കാൾ വിവരമുള്ളവരാണ് ഇതൊക്കെ വായിക്കുന്നത്. നമുക്ക് എഴുതാൻ ഒരവസരമുള്ളതുകൊണ്ട് നമ്മൾ എഴുതുന്നു. പക്ഷേ, നമ്മളേക്കാൾ എത്രയോ വിവരമുള്ള വായനക്കാരുണ്ട്. അവരെ മനസ്സിൽ കണ്ടുകൊണ്ടുവേണം എഴുതാൻ. ചിലരൊക്കെ തീയ്യതികൾ തെറ്റിയ കാര്യം വരെ ചൂണ്ടിക്കാണിച്ചുകൊണ്ട് വിളിക്കാറുണ്ട്. അത്രയും വൈകാരികമായി പാട്ടുകളെ സ്നേഹിക്കുന്നവരോടാണ് നമ്മൾ സംവദിക്കുന്നത്. അങ്ങനെ ചീത്ത കേൾക്കാനും എനിക്കിഷ്ടമാണ്. ഒരു ത്രില്ലാണത്.

രാത്രി സദസ്സുകളിൽ നിന്ന് രവിക്കു വരുന്ന ഫോൺകോളുകൾ പലപ്പോഴും പാട്ടുകളെക്കുറിച്ചുള്ള തർക്കങ്ങളിൽ തീർപ്പുകല്പിക്കാനാണെന്നറിയാം.

= ഒരിക്കൽ രഞ്ജിത്തും ഷാജി കൈലാസും കൂടി എന്നെ വിളിച്ചു. മഞ്ഞലയിൽ മുങ്ങിത്തോർത്തി മധുമാസ ചന്ദ്രിക വന്നു എന്നാണെന്ന് ഷാജി കൈലാസ് പറയുന്നു.

രഞ്‌ജിത്‌, അഗസ്‌റ്റിൻ എന്നിവർക്കൊപ്പം

രഞ്‌ജിത്‌, അഗസ്‌റ്റിൻ എന്നിവർക്കൊപ്പം

അതല്ല, ധനുമാസ ചന്ദ്രിക ആണെന്ന് രഞ്ജിത് പറയുന്നു. ഭയങ്കര വാദപ്രതിവാദം. അന്ന് ഓൺലൈനിൽ സംശയം നോക്കാനൊന്നും പറ്റുന്ന കാലമല്ല. രാത്രി രണ്ടു മണിക്ക് അവർ എന്നെ വിളിച്ചുണർത്തി. ഞാൻ ധനുമാസ ചന്ദ്രിക എന്നു തീർപ്പു കല്പിച്ചു. രഞ്ജിത് പറഞ്ഞു: ‘ഞാൻ ജയിച്ചു’. കരഞ്ഞുകൊണ്ടു വിളിക്കുന്നവരുമുണ്ട്. ‘ചെമ്പകത്തൈകൾ പൂത്ത മാനത്ത് എന്ന പാട്ടിനെക്കുറിച്ചു നിങ്ങളെഴുതിയില്ലേ? എന്റെ ഭാര്യയുടെ ഇഷ്ടഗാനമാണത്‌ ’ എന്നൊക്കെപ്പറഞ്ഞ് കരച്ചിലോടു കരച്ചിൽ. പക്ഷേ, മറക്കാൻ പറ്റാത്തൊരു ഫോൺകോൾ യേശുദാസിന്റേതാണ്. പുലർച്ചെ മൂന്നുമണിക്ക്. ഞാൻ സുഖസുഷുപ്തിയിലായിരുന്നു. മൊബൈൽ ഫോൺ വന്ന കാലമാണത്. പരിചയമില്ലാത്ത ഒരു വിദേശ നമ്പർ. ദാസേട്ടന്റെ വൈഫ് പ്രഭച്ചേച്ചിയാണ് വിളിക്കുന്നത്.

‘ദാസേട്ടൻ ന്യൂയോർക്കിൽ ഒരു പ്രൈവറ്റ് പ്രോഗ്രാമിൽ പങ്കെടുക്കുകയാണ്. കടലിനക്കരെ പോണോരെ എന്ന പാട്ട് ശ്രോതാക്കളുടെ ആവശ്യപ്രകാരം പാടേണ്ടതുണ്ട്. ചരണത്തിലെ വരികൾ ഓർമവരുന്നില്ല. രവി പെട്ടെന്ന് ഒന്നു പറഞ്ഞു കൊടുക്കൂ. ദാസേട്ടൻ പാട്ടിന്റെ ബുക്കൊന്നും എടുത്തിട്ടില്ല’. എനിക്ക് ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് സംശയം. ചേച്ചി ദാസേട്ടനു ഫോൺ കൊടുത്തു. ‘നീ ഉറങ്ങുകയാണെന്നെനിക്കറിയാം. ആ വരി ഒന്നു പെട്ടെന്നു നോക്കി പറയൂ’, എന്ന് അദ്ദേഹം പറയുന്നു. ഒരു മിനിറ്റു കഴിഞ്ഞിട്ടൊന്ന്‌ വിളിക്കൂ എന്നു ഞാൻ പറഞ്ഞു. എന്തോ ഭാഗ്യത്തിന് എനിക്ക് വരികൾ ഓർമവന്നു. ടെൻഷൻ കാരണം ഓർമവരാൻ പാടില്ലാത്തതാണ്. അദ്ദേഹം രണ്ടു മിനിറ്റു കഴിഞ്ഞു വിളിച്ചു, ഞാൻ പറഞ്ഞുകൊടുക്കുകയും ചെയ്തു. സ്വപ്നം പോലെ തോന്നിച്ച ഒരനുഭവമാണത്. വയനാട്ടിൽ ഞങ്ങൾ താമസിച്ചിരുന്നത്  കുഗ്രാമം പോലുള്ള സ്ഥലത്താണ്.

യേശുദാസിനും ഭാര്യ പ്രഭയ്‌ക്കുമൊപ്പം രവി മേനോൻ

യേശുദാസിനും ഭാര്യ പ്രഭയ്‌ക്കുമൊപ്പം രവി മേനോൻ

വയനാട്ടിലൊക്കെ ഒരു സംഗീതപരിപാടി നടക്കുക വളരെ അപൂർവമായാണ്. യേശുദാസൊക്കെ വരികയെന്നു പറഞ്ഞാൽ പ്രധാനമന്ത്രിയോ പ്രസിഡന്റോ വരുന്നതുപോലെയാണ്. ഒരു ദിവസം യേശുദാസിനെ അവിടെയൊരു ഫൈൻ ആർട്സ് സൊസൈറ്റി കൊണ്ടുവന്നു. യേശുദാസിനെ കാണണമെന്നു വലിയ ആഗ്രഹമുണ്ട്. ടിക്കറ്റിനൊക്കെ വലിയ റേറ്റാണ് അന്നത്തെക്കാലത്ത്. അച്ഛൻ പരിപാടിക്കു പോയി. എന്നെ കൊണ്ടുപോയൊന്നുമില്ല. ഞാൻ ആ പരിപാടിയുടെ നോട്ടീസും കയ്യിൽ വച്ച് വീട്ടിലിരുന്നു. റേഡിയോയിൽ തരംഗമാലകളായിട്ടു വരുന്ന ശബ്ദങ്ങൾ മാത്രമാണല്ലോ യേശുദാസും ജയചന്ദ്രനുമൊക്കെ. അവരെ നേരിട്ടു കാണുമെന്നൊന്നും അന്നറിയില്ല. പിന്നീട് യേശുദാസിനെ നേരിൽ കണ്ടു, അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചു. ഇതൊന്നും സങ്കല്പത്തിൽപ്പോലും ഉണ്ടായിരുന്ന കാര്യങ്ങളല്ല. പാട്ടിന്റെ വഴികളിലൂടെ കൊണ്ടുപോയതിന് ദൈവത്തിനു നന്ദി പറയുന്നു. അതിനു നിമിത്തമാകാൻ കമൽറാം സജീവുണ്ടായിരുന്നു. ജയേട്ടൻ ഉണ്ടായിരുന്നു. അതൊക്കെ അങ്ങനെ സംഭവിച്ചു എന്നേ പറയാൻ പറ്റൂ.

? പലപ്പോഴും ഇതുപോലുള്ള ഫോൺ കോൾ എനിക്കും വരും. ഞാനും പറയും ഒരു മൂന്നു മിനിറ്റു കഴിഞ്ഞു വിളിച്ചാൽ പറയാമെന്ന്. എന്നിട്ട്‌ രവിയെ വിളിക്കും. രവി പറയുന്നതു കേട്ട്  തർക്കത്തിന്‌ തീർപ്പു കല്പിക്കും. ഇപ്പോൾപ്പിന്നെ ഗൂഗിളിലൊക്കെ നോക്കാം.

= പക്ഷേ, ഗൂഗിളിൽ ധാരാളം തെറ്റുകളുണ്ട്. പി ബി ശ്രീനിവാസ്‌ മരിച്ചപ്പോൾ വിക്കിപ്പീഡിയയിലുണ്ടായിരുന്നത് ഇപ്പോൾ ജീവിച്ചിരിക്കുന്ന ശ്രീനിവാസന്റെ ബയോഡാറ്റയാണ്. അത് ടെലിവിഷൻ ചാനലുകൾ അതേപടി കൊടുക്കുകയും ചെയ്തിരുന്നു. അന്ധമായി അതൊക്കെ ഫോളോ ചെയ്യുകയാണ്. ഇന്റർനെറ്റിൽ അങ്ങനെയുള്ള അപകടങ്ങളുണ്ട്.

എസ്‌ പി  ബാലസുബ്ര ഹ്‌മണ്യം

എസ്‌ പി ബാലസുബ്ര ഹ്‌മണ്യം

ഓർമകളെ ഗൂഗിളിനു പണയംവച്ചു ജീവിക്കുന്ന ഒരു ജനതയായി നമ്മൾ മാറിക്കൊണ്ടിരിക്കുന്നു. അതിരിക്കട്ടെ, അമരം എന്ന സിനിമയിലെ പാട്ടുകളുമായി ബന്ധപ്പെട്ട അധികമാർക്കുമറിയാത്ത ഒരു കാര്യം രവി ഈ പുസ്തകത്തിൽ പറയുന്നുണ്ടല്ലോ. അതിലെ പാട്ടുകളൊക്കെ എസ് പി  ബാലസുബ്രഹ്മണ്യമാണ് പാടേണ്ടിയിരുന്നതെന്ന്.

=  എസ്‌പി യെ ‘വികാരനൗകയുമായ് ’ എന്ന പാട്ട് രവീന്ദ്രൻ മാഷ് പഠിപ്പിച്ചു. അപ്പോൾത്തന്നെ അദ്ദേഹം അതിൽ നിന്നു പിന്മാറി. ‘ഇത് ആരെ ഉദ്ദേശിച്ചു നിങ്ങൾ കംപോസ് ചെയ്തതാണെന്ന് എനിക്കു മനസ്സിലായി. അദ്ദേഹം തന്നെ പാടിക്കോട്ടെ...’ എന്നു പറഞ്ഞു. അങ്ങനെയുള്ള വ്യക്തികൾ, ആ കാലം... അതൊക്കെ ഒരോർമയാണ്. ഇനിയതൊക്കെ ആവർത്തിക്കപ്പെടും എന്നും അതുപോലുള്ള ആളുകൾ ഉണ്ടാകുമെന്നും പ്രതീക്ഷയില്ല. എസ് പി ബി മഹാനായ മനുഷ്യനായിരുന്നു, മനുഷ്യസ്നേഹിയായിരുന്നു. നല്ലൊരു കലാകാരൻ നല്ലൊരു മനുഷ്യൻ കൂടിയാകുക എന്നത് എളുപ്പമല്ല.

ചിത്ര

ചിത്ര

രണ്ടും കൂടി ചേർന്നയാളായിരുന്നു എസ് പി ബി. അങ്ങനെയൊരാളാണ് ചിത്രയും. ഒരു പാട്ടുകാരി എന്ന നിലയിൽ മാത്രല്ല, ഒരു വ്യക്തി എന്ന നിലയിലും മലയാളികൾ ഏറെ അവരെ സ്നേഹിക്കുന്നു. ചിത്രയുമായുള്ള ബന്ധം അമൂല്യമായി ഞാൻ കണക്കാക്കുന്നു.

?   ഗിരീഷ് പുത്തഞ്ചേരിയെക്കുറിച്ച് രവി എഴുതിയിട്ടുണ്ടല്ലോ, പലപ്പോഴും.

= ഗിരീഷിനെ പാട്ടെഴുത്തുകാരൻ എന്നതിലപ്പുറം ഒരാസ്വാദകനായിട്ടാണ് ഞാൻ പരിചയപ്പെട്ടിട്ടുള്ളത്. മുല്ലശ്ശേരി രാജഗോപാലൻ എന്ന എന്റെ അമ്മാവൻ ആയിരുന്നു ഒരു കാലത്ത് ഇവരുടെയൊക്കെ ഒരു താത്വികാചാര്യൻ. എല്ലാവരും അവിടെ വന്നു കൂടും. രഞ്ജിത്‌, ഗിരീഷ് പുത്തഞ്ചേരി, യേശുദാസിനെയും ജയചന്ദ്രനെയും പോലുള്ള ഗായകർ... രാഷ്ട്രീയത്തിനു മാത്രമേ അവിടെ പ്രവേശനം വിലക്കിയിരുന്നുള്ളൂ. ഗിരീഷ് ഒരു സഞ്ചിയും തൂക്കി വരും. ഗിരീഷ് അന്ന് ശ്ലോകങ്ങളും സ്തോത്രങ്ങളുമൊക്കെ എഴുതിയിരുന്ന കാലമാണ്. ഇതൊക്കെ അവിടെ കൊണ്ടു വന്നു വായിക്കും. സ്വന്തം ട്യൂണിലാണ് വായിക്കുക. രാജുമ്മാമ കിടക്കുകയായിരിക്കും.

ഞാൻ വെറുതെ ഇദ്ദേഹത്തെ ചൂടാക്കാൻ വേണ്ടി ടി പി ശാസ്തമംഗലത്തിന്റെയൊക്കെ ചില ക്രിട്ടിക്കൽ സ്റ്റേറ്റ്മെന്റ്സ് കടമെടുത്ത് വിമർശിക്കും.

ഗിരീഷ് പുത്തഞ്ചേരി

ഗിരീഷ് പുത്തഞ്ചേരി

അപ്പോൾ ഗിരീഷ് പറയും: ‘എന്നെങ്കിലും ഞാൻ സിനിമയ്ക്കു പാട്ടെഴുതിയാൽ ആദ്യം കൊല്ലുന്നത് നിന്നെയായിരിക്കും’. പിന്നീട് അദ്ദേഹം സിനിമയിൽ പാട്ടെഴുതി. എന്റെ ആദ്യത്തെ ബുക്ക്‌ റിലീസിനൊക്കെ അദ്ദേഹം കാര്യമായിട്ടു സംസാരിച്ചു. ആ പുസ്തകത്തിന്റെ ആദ്യത്തെ റിവ്യൂ ഗിരീഷാണ് എഴുതിയത്. അവസാനം വിളിക്കുമ്പോൾ അദ്ദേഹം പറഞ്ഞു, ‘നമുക്ക് ടെലിവിഷൻ ചാനലിൽ ഇരുന്ന് ഒന്നു സംസാരിക്കണം; പഴയ പാട്ടുകളെപ്പറ്റി. നമുക്കു രണ്ടുപേർക്കും കാഷ്വലായിരുന്നു സംസാരിക്കാം.

അവരെന്താണെന്നു വച്ചാൽ ഷൂട്ടു ചെയ്തോട്ടെ...’ അതൊക്കെ നടക്കുന്നതിനു മുമ്പ് ഗിരീഷ് നമ്മെ വിട്ടു പോയി . കോഴിക്കോടിന്റെ കൾച്ചറിന്റെ ഭാഗമാണ് അവരൊക്കെ. ഞാൻ പാട്ടിനെപ്പറ്റി എഴുതുന്നതിൽപ്പോലും കോഴിക്കോടിന്‌ വലിയൊരു റോളുണ്ട്. അക്കാലത്ത് കോഴിക്കോട് മാനാഞ്ചിറയിൽക്കൂടി വെറുതെ നടന്നാൽ മതി. പാട്ടുകൾ ഇങ്ങനെ കാതിൽ വന്നു വീഴും. നജ്മൽ ബാബു പാടുന്നുണ്ടായിരിക്കും, കെ ആർ വേണു പാടുന്നുണ്ടായിരിക്കും. സി എ അബൂബക്കർ, മച്ചാട്ട് വാസന്തി അങ്ങനെ ആരെങ്കിലുമൊക്കെയുണ്ടാകും. അതിൽ മുഴുകി അങ്ങനെ ഒഴുകുകയായിരുന്നു ഞാൻ. വേണുവിനും ഓർമയുണ്ടാകും കോഴിക്കോടിന്റെ ആ കാലം. അങ്ങനെ ഞാൻ പാട്ടിന്റെ വഴിയിൽ എത്തിപ്പെട്ടെന്നേ പറയാൻ പറ്റൂ.

? കോഴിക്കോട്ടെ പാട്ടുകാരെപ്പറ്റിത്തന്നെ രവി ഒരുപാട് ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.

=  ഉവ്വ്. ഞാൻ ആദ്യം കണ്ട ഗാനമേള മറക്കാൻ പറ്റില്ല. വയനാട്ടിൽ ആറിലോ ഏഴിലോ പഠിക്കുകയാണ്. ഞങ്ങളുടെ സ്കൂളിൽ തിക്കോടിയന്റെയും നെല്ലിക്കോട് ഭാസ്കരന്റെയും നാടകവും കോഴിക്കോട് അബ്ദുൾ ഖാദറിന്റെ ഗാനമേളയും വന്നു. ‘അബ്ദുൾ ഖാദർ, ഫിലിം പ്ലേബാക് സിങ്ങർ’ എന്നു പറഞ്ഞ് നോട്ടീസൊക്കെയുണ്ട്. ഒരു പിന്നണി ഗായകനെ ആദ്യമായി കാണാൻ വേണ്ടി ഞാനും എന്റെ പെങ്ങളും വല്യമ്മയുമൊക്കെ പോയി. അപ്പോഴേക്കും അബ്ദുൾ ഖാദർ വൃദ്ധനായിക്കഴിഞ്ഞിരുന്നു. ചുമയൊക്കെയുണ്ട്. ഒരു ഓവർ കോട്ട് ഇട്ടിട്ടുണ്ട്. അദ്ദേഹം തൊഴുകൈകളോടെ സദസ്സിനോടു പറഞ്ഞു: ‘എനിക്കു നിൽക്കാൻ ബുദ്ധിമുട്ടുണ്ട്. ഇരുന്നു പാടാം, നിങ്ങളുടെ അനുവാദത്തോടെ...’  പാടാനോർത്തൊരു മധുരിതഗാനം എന്ന അദ്ദേഹത്തിന്റെ തന്നെ പാട്ട് അന്നു പാടി; വളരെ വിഷാദസാന്ദ്രമായി. എന്റെ അടുത്ത് എന്നെ പഠിപ്പിക്കുന്ന ഒരു കന്യാസ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. ഈ പാട്ടുകേട്ട് അവർ വളരെ ഇമോഷണലാകുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞാൻ വല്യമ്മയോടു ചോദിച്ചു അവർ എന്തിനാണിങ്ങനെ കരയുന്നതെന്ന്. വല്യമ്മ പറഞ്ഞു, ഈ പാട്ട് അവർക്കെന്തെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടാകും.

കോഴിക്കോട്‌ അബ്‌ദുൾ ഖാദർ

കോഴിക്കോട്‌ അബ്‌ദുൾ ഖാദർ

അപ്പോഴാണ് പാട്ടിന് ഇങ്ങനെ ചിലതൊക്കെ മനുഷ്യരിൽ സൃഷ്ടിക്കാൻ കഴിയുമെന്നു മനസ്സിലായത്. രണ്ടുമൂന്നു പാട്ടുകൾ കഴിഞ്ഞപ്പോൾ അബ്ദുൾ ഖാദർ ആരോഗ്യകാരണങ്ങൾ പറഞ്ഞ് വിരമിച്ചു. അദ്ദേഹം പറഞ്ഞു: ‘എന്റെ മകൻ പാടും, അവനെ പ്രോത്സാഹിപ്പിക്കണം’. അങ്ങനെ നജ്മൽ ബാബു വന്നു. അന്നത്തെ സ്റ്റൈലിൽ വലിയ കോളറുള്ള ഷർട്ടും ബെൽബോട്ടം പാന്റ്സുമൊക്കെയിട്ട്. ‘മേ ശായർ തോ നഹീ’ എന്ന പാട്ടു പാടി. ബോബിയിലെ പാട്ടുകൾ സൂപ്പർ ഹിറ്റായിരുന്ന കാലമായിരുന്നു അത്. പിന്നെ മച്ചാട്ട് വാസന്തി വന്നു. അങ്ങനെയാണ് ആദ്യത്തെ ഗാനമേള കേൾക്കുന്നത്. നജ്മലിനെ പിന്നീടു  കാണുന്നത് ഞാൻ കോഴിക്കോട്ട് കേരളകൗമുദിയിൽ ജോയിൻ ചെയ്തിനു ശേഷമാണ്. ആ സമയത്ത് നജ്മൽ അവിടെ ഗസൽ ഗാനമേളയൊക്കെ നടത്തുകയാണ്. ഹസൻ കോയ എന്ന എന്റെ ജേണലിസ്റ്റ് സുഹൃത്താണ് ബാബുവുമായി പരിചയപ്പെടുത്തുന്നത്.

അങ്ങനെയാണ് കോഴിക്കോടിന്റെ സംഗീതലോകത്തേക്ക് ഞാൻ പ്രവേശിക്കുന്നത്. എന്റെ വിവാഹത്തിന്റെ തലേന്ന് ഒരു ട്രിബ്യൂട്ട് പോലെ മുല്ലശ്ശേരി വീട്ടിൽ വന്ന് കോഴിക്കോട്ടെ ഗായകരെല്ലാവരും കൂടി ഒരു ഗാനപ്രണാമം നടത്തിയിരുന്നു. സതീഷ് ബാബു, നജ്മൽ ബാബു, എം എസ് നസീം, ഡോക്ടർ സേതു (ഇപ്പോൾ ലണ്ടനിലാണ്) ഇവരൊക്കെ വന്ന് മുല്ലശ്ശേരിയുടെ പൂമുഖത്ത് നിലത്തിരുന്നു പാടി. ഭയങ്കര മഴയുള്ള രാത്രിയായിരുന്നു. ലൈറ്റു പോയി ആ സമയത്ത്. മൈക്ക് ഓഫായി. അപ്പോൾ അവർ പാട്ടു നിർത്തി. രാജുമ്മാമ കസേരയിൽ കിടന്നു പറഞ്ഞു: ‘ബാബു, നീ പണ്ടു മൈക്കുള്ള കാലത്തായിരുന്നോ പാടിയിരുന്നത്? മൈക്കില്ലാണ്ട് പാട്...’  അങ്ങനെ ബാബു ‘കരളിൽ കണ്ണുനീർ മുകിൽ നിറഞ്ഞാലും കരയാൻ വയ്യാത്ത വാനമേ...’ എന്ന പാട്ട് പാടി. അസാമാന്യമായ അപാരതയുടെ ആഴമുണ്ടായിരുന്നു നജ്മലിന്റെ ആലാപനത്തിൽ. ആ രാത്രി മറക്കാൻ പറ്റില്ല. അതൊക്കെ പാട്ടിന്റെ ലോകത്തിലേക്ക് എന്നെ അങ്ങേയറ്റം അടുപ്പിച്ച നിമിഷങ്ങളാണ്.

രവി എഴുതിയ ലേഖനങ്ങളിൽ ഉത്തരേന്ത്യൻ സംഗീതത്തെക്കുറിച്ച്, വിശേഷിച്ചും ഹിന്ദി സിനിമാഗാനങ്ങളെക്കുറിച്ചുള്ള വിശദമായ പ്രതിപാദനങ്ങളുണ്ട്. സോജാ രാജകുമാരി എന്ന പുസ്തകത്തിൽ വിശേഷിച്ചും.

= ആദ്യത്തെ പുസ്തകമാണത്...

അതെ. ഈ പുസ്തകത്തിന് ഒഎൻവി എഴുതിയ അവതാരികയിൽ രവി ഗാനനിരൂപണം എന്ന സാഹിത്യവിഭാഗത്തെ മാറ്റിമറിച്ചതിനെക്കുറിച്ച് പറയുന്നുണ്ട്. ആശിഷുമായി സംസാരിക്കുമ്പോൾ ഞങ്ങൾ ചർച്ച ചെയ്ത ഒരു കാര്യമുണ്ട്. മലബാറിലെ വിദ്യാസമ്പന്നരല്ലാത്ത സാധാരണക്കാർക്കുപോലും ഉറുദു പദങ്ങളടക്കം മനസ്സിലാക്കാനും ആസ്വദിക്കാനും ഒരു പ്രയാസവുമില്ല. രവി ഉത്തരേന്ത്യൻ സംഗീതത്തിന്റെ ആസ്വാദകനായത് എപ്പോൾ മുതൽക്കാണ്.

ഹിന്ദി പാട്ടുകളോടുള്ള മമത കുട്ടിക്കാലം മുതൽക്കേയുണ്ട്. റേഡിയോ ആണല്ലോ, പ്രധാനപ്പെട്ട എന്റർടെയ്ൻമെന്റ്. അച്ഛൻ എപ്പോഴും ബിനാക്കാ ഗീത്മാല വയ്ക്കുമായിരുന്നു. അമീൻ സയാനി അവതരിപ്പിച്ചിരുന്നത്. ഇന്നത്തെ ടെലിവിഷൻ ഷോകളെക്കാളൊക്കെ പോപ്പുലറായിരുന്നു അക്കാലത്ത് ആ പ്രോഗ്രാം. അമീൻ സയാനിയെ കാത്തിരിക്കുമായിരുന്നു അന്നത്തെ ശ്രോതാക്കൾ. അദ്ദേഹമാണെന്നൊന്നും എനിക്കറിയില്ല. നല്ല ശബ്ദമുള്ള ഒരാൾ വന്നിട്ട് ഈ പാട്ടുകളൊക്കെ വളരെ രസകരമായി അവതരിപ്പിക്കും. അങ്ങനെയാണ് ഈ ഹിന്ദി ഗാനങ്ങളൊക്കെ ആദ്യകാലത്തു കേൾക്കുന്നത്. ഇപ്പോഴും ഓർമയുണ്ട് തലത്തിന്റെ ‘ജൽതേ ഹേ ജിസ് കേ ലിയേ എന്ന പാട്ടിന്റെ ഹമ്മിങ് ആദ്യമായി കേട്ടത്. ശരിക്കും കോരിത്തരിച്ചുപോയ അനുഭവമായിരുന്നു. അതിന്റെ മാസ്മരികതയിൽ ലയിച്ചുപോയിട്ടുണ്ട്. മലയാളഗാനങ്ങൾക്കു സമാന്തരമായിത്തന്നെ ഹിന്ദി പാട്ടുകളോടും അന്നു മുതൽക്കേ പ്രേമമുണ്ട്.

സ്കൂളിലെ എന്റെ കൂട്ടുകാർക്ക് മലയാളഗാനങ്ങളോടാണ് പ്രിയം. അന്ന് ബോബി എന്ന സിനിമയിലെ പാട്ടുകൾ പോപ്പുലറായിരുന്നതുകൊണ്ട് ആ ഗാനങ്ങളൊക്കെ എല്ലാവർക്കും ഇഷ്ടമായിരുന്നു. അതിനും മുമ്പുള്ള പാട്ടുകൾ, മദൻമോഹന്റെ പാട്ടുകളൊക്കെ അങ്ങനെയൊന്നും ആർക്കും താൽപ്പര്യമില്ല. ഇതെന്റെ സ്വകാര്യമായ ഇഷ്ടമായിരുന്നു. കോഴിക്കോടു വന്നപ്പോഴാണ് ഈ ഇഷ്ടത്തിന് വളരാൻ പറ്റിയ അന്തരീക്ഷം കിട്ടിയത്. ഞാൻ അവിടെ പഠിക്കാൻ പോയ സമയത്ത് ടൗൺഹാളിന്റെ മുന്നിൽക്കൂടി നടക്കുമ്പോൾ തലത് മഹ്‌മൂദിന്റെ പാട്ടു കേൾക്കുന്നു. ചെന്നു നോക്കുമ്പോൾ വളരെ പ്രായമായ ക്ഷീണിച്ച ഒരാളാണ് പാടുന്നത്.

തലത്‌ മഹ്‌മൂദ്‌

തലത്‌ മഹ്‌മൂദ്‌

കേൾക്കാൻ കുറച്ചു പേരുണ്ട്. നിലത്തിരുന്നു പാടുകയാണ്. ‘തസ്വീര് ബനാത്താ ഹൂം’ എന്ന പാട്ട്. പാട്ടു കഴിയുമ്പോൾ കേൾവിക്കാർ നോട്ടുകൾ എറിയുന്നു. അക്കാലത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ആണത്. ഓടിച്ചെന്ന് സ്റ്റേജിൽ കയറി പൈസ കൊണ്ട് അഭിഷേകം. സി എ അബൂബക്കർ എന്നാണ് ആ പാട്ടുകാരന്റെ പേര്.

മാപ്പിളപ്പാട്ടുകളൊക്കെ പാടിയിരുന്ന ഒരു ഗായകൻ. ഈ കൾച്ചറിലേക്ക് ഞാൻ ആദ്യമായി വരുന്നത് അങ്ങനെയാണ്. കോഴിക്കോട്ട് എല്ലാ പാട്ടുകാർക്കും അപരൻമാരുണ്ടായിരുന്നു. കേരളത്തിൽ വേറെയെവിടെയും അക്കാലത്ത് അങ്ങനെയുണ്ടായിരുന്നു എന്നു തോന്നുന്നില്ല. പത്രപ്രവർത്തനം തുടങ്ങിയതിനുശേഷം കൂട്ടുകാരുടെ കൂടെ മെഹ്ഫിലുകൾക്കു പോകും. പുഷ്പ തിയറ്ററിനടുത്ത് പാണ്ടികശാല പോലെ ഒരു സ്ഥലത്ത് പോയത് ഓർക്കുന്നു. മുകളിലത്തെ നിലയിലേക്കു പോകുന്ന ഗോവണിയുടെ സ്റ്റെപ്പുകൾ ഇടയ്ക്കിടെ പൊളിഞ്ഞു പോയിട്ടുണ്ട്. ചാടിക്കടക്കണം. അങ്ങനെ ചാടിക്കടന്നു മുകളിലെ കുടുസ്സുമുറിയിൽ ചെല്ലുമ്പോൾ ഹാർമോണിയത്തിന്റെയും തബലയുടെയും അകമ്പടിയോടെ മെഹ്ഫിൽ നടക്കുകയാണ്. ഹാർമോണിയം വായിക്കുന്നത് രാശിക്കുഞ്ഞ് എന്നൊരാളാണ്. ബാബുരാജിന്റെ ഗാനമേളകളിൽ ഫീമെയ്ൽ വോയ്സിൽ പാടിയിരുന്നു രാശിക്കുഞ്ഞ്. ചുമട്ടുതൊഴിലാളികളും മത്സ്യത്തൊഴിലാളികളുമടങ്ങുന്ന ചെറുസംഘമാണ് കേൾവിക്കാർ. ഞാനും എന്റെ കൂട്ടുകാരും ആ സദസ്സിൽ അതിഥികളായി ചെന്നിരിക്കുകയാണ്. ആ സദസ്സിലേക്ക് വളരെ ടഫ് ലുക്കിങ് ആയ ഒരാൾ വന്നു. തിലകന്റെ സ്റ്റൈലിലുള്ള ഒരു മനുഷ്യൻ. ഒരു ഗുണ്ടാലൈൻ.

പ്രേം നസീറിനൊപ്പം

പ്രേം നസീറിനൊപ്പം

ഞാൻ ആലോചിച്ചു, ഇയാൾ പാട്ടുകാരനാകാൻ ഒരു വഴിയുമില്ല. ബീഡി വലിച്ച് അയാൾ അങ്ങനെ ഇരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ രാശിക്കുഞ്ഞ് അയാളോടു പറഞ്ഞു, ‘അഹമ്മദ്ക്കാ പാടിയേ ങ്ങള്’. അഹമ്മദ്ക്കാ ബീഡി വലിച്ചെറിഞ്ഞു. ഹാർമോണിയം എടുത്തു വച്ചു, പാടാൻ തുടങ്ങി. ഏതു പാട്ടാണെന്നറിയുമോ?  പ്യാര് ഭരേ ദോ ശർമ്മീലെ ‘നയ്ൻ...’ മെഹ്ദി ഹസ്സന്റെ ഗസലാണ് പാടുന്നത്. വളരെ മെലോഡിയസ് ആയി. പിന്നെ അദ്ദേഹവുമായി കമ്പനിയായി. ഒരു പാത്രക്കച്ചവടക്കാരനാണ്. ഈ സദസ്സുകളിൽ പങ്കെടുക്കുന്ന തൊഴിലാളികൾ പറയും, ‘വീട്ടിൽ പോയാൽ കഷ്ടപ്പാടുകളെക്കുറിച്ചോർത്ത് ആകെ ടെൻഷനാണ്.
നജ്‌മൽ ബാബു

നജ്‌മൽ ബാബു

കുറച്ചു കൂടി പാടാം നമുക്ക്. ങ്ങള് പാട് രാശിക്കുഞ്ഞേ...’ ഇങ്ങനെ പറഞ്ഞ് പാതിരാത്രി വരെ പാട്ടാണ്. ജീവിത പ്രാരബ്ധങ്ങൾ മറക്കാൻ വേണ്ടി സാധാരണക്കാർ വന്നുകൂടുന്ന ഒരു കേന്ദ്രമായിരുന്നു അത്. അങ്ങനെ ധാരാളം സ്ഥലങ്ങളുണ്ടായിരുന്നു കോഴിക്കോട്ട്‌.

നജ്‌മൽ ബാബുവൊക്കെ ഗസലുകളും സിനിമാഗാനങ്ങളും ഇംപ്രവൈസ് ചെയ്തു പാടുമായിരുന്നു. ഒരേ ഫ്രെയ്സ് തന്നെ പല തരത്തിൽ ആവർത്തിച്ച്. ഉദാഹരണത്തിന് ‘തുമ് ബിന് ജീവൻ കൈസേ ബീതാ പൂച്ഛോ മേരേ ദില് സേ, ഹായ് പൂച്ഛോ മേരേ ദില് സേ…’ എന്ന പാട്ട്. ‘ഹായ്’ എന്ന പ്രയോഗമാണ് ആ പാട്ടിന്റെ സൗന്ദര്യം. അത് ഓരോ തവണയും ഓരോ രീതിയിലാണ് നജ്മൽ പാടുക. ഒറിജിനൽ റെക്കോഡിൽ ഉള്ളതുപോലെയല്ല. അപ്പോഴാണ് ഇംപ്രവൈസേഷന്റെ സാധ്യതകളെക്കുറിച്ച് മനസ്സിലായത്. കണ്ണടച്ചാണ് നജ്മൽ പാടുക. ചുറ്റുമുള്ളതൊന്നും കാണാതെ, അറിയാതെ മറ്റേതോ ലോകത്തായിരിക്കും അദ്ദേഹം. പങ്കജ് ഉദാസിന്റെ ‘ചിട്ഠീ ആയീ ഹെ’ ഒക്കെ കെ ആർ വേണു പാടിയിട്ടാണ് ആദ്യം കേൾക്കുന്നത്. അങ്ങനെയുള്ള പാട്ടുകാരും ആ അന്തരീക്ഷവുമൊക്കെയാണ് എന്നെ ഇങ്ങനെയാക്കിയത്. ഡ്യൂട്ടി കഴിഞ്ഞാൽ മുഴുവൻ സമയവും പാട്ടിന്റെ പിന്നാലെ തന്നെയായിരുന്നു.

ഇതൊക്കെ ഏതു കാലഘട്ടത്തിലായിരുന്നു.

=  എ‌യ്‌റ്റിഫോറിലാണ് എന്റെ ജേണലിസം പഠനം കഴിഞ്ഞത്. ഫസ്റ്റ് റാങ്കുണ്ടായിരുന്നു. അതു കഴിഞ്ഞ് ആദ്യം ജോലി കിട്ടിയത് കേരള കൗമുദിയിലാണ്. നാനൂറു രൂപ സ്റ്റൈപ്പൻഡിൽ. ഒന്നരക്കൊല്ലം അവിടെയായിരുന്നു. പൈസയൊന്നും അന്ന് പ്രശ്നമായിത്തോന്നിയിരുന്നില്ല. കോഴിക്കോടിന്റെ സംഗീതലഹരിയിലലിഞ്ഞ് പ്രാരബ്ധങ്ങളൊക്കെ മറന്നിരുന്നു. അന്ന് പാട്ടിനെക്കുറിച്ചെഴുതുമെന്നൊന്നും ഓർത്തിട്ടില്ല. എന്റെ എഴുത്തൊക്കെ സ്പോർട്സിനെക്കുറിച്ചായിരുന്നല്ലോ. പ്രത്യേകിച്ചും ഫുട്ബോൾ. ഒരു വലിയ കോൺട്രാസ്റ്റ് ആണത്. ഫുട്ബോൾ ഒരിക്കലും നമുക്ക് ഒറ്റയ്ക്കിരുന്ന് ആസ്വദിക്കാൻ പറ്റില്ല. ഗ്യാലറിയിലിരുന്ന് ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിലാണ് കളി ആസ്വദിക്കേണ്ടത്.

പാട്ട് അങ്ങനെയല്ല. ഏകാന്തതയിലിരിക്കണം. ആൾക്കൂട്ടത്തിനിടയിൽ വെച്ചാണെങ്കിൽപ്പോലും പാട്ടു കേൾക്കുമ്പോൾ നമ്മൾ സ്വയം സൃഷ്ടിച്ച ഒരേകാന്തതയിലേക്ക് പിൻവാങ്ങണം. കളിയെക്കുറിച്ചെഴുതുന്നതും പാട്ടിനെക്കുറിച്ചെഴുതുന്നതും രണ്ടുതരം ഭാഷാശൈലിയിലാണ്. ഫുട്ബോളിന് പഞ്ച് ഉള്ള ഒരു ഭാഷ വേണം. പാട്ടിന് ആർദ്രമായ മറ്റൊരു ഭാഷ. എന്തോ ഒരു ഭാഗ്യത്തിന് രണ്ടും സമാന്തരമായി കൊണ്ടുപോകാൻ പറ്റി.
ഹന്ത ഭാഗ്യം ജനാനാം എന്നു പറഞ്ഞതു പോലെ..

(ഒരു പൊട്ടിച്ചിരിയുടെ ഇടവേള)

സോജാ രാജകുമാരി എന്ന പുസ്തകത്തിലെ ആദ്യത്തെ ലേഖനം മുകേഷിനെക്കുറിച്ചുള്ളതാണ്. റെക്കോഡിങ് സമയത്ത് എവിടെയോ അടിച്ചുഫിറ്റായി അദ്ദേഹം കിടന്ന കഥ. സൈഗാളിനെപ്പോലെ പാടാൻ വേണ്ടി മദ്യപിച്ച ആരാധകൻ…

= അന്നത്തെക്കാലത്ത് സൈഗാളിനെ അനുകരിക്കലായിരുന്നു പാട്ടുകാരുടെ ഹരം. യേശുദാസിനെ അനുകരിച്ച് വെള്ളയും വെള്ളയും ധരിച്ചു നടന്ന ഒരു ജനറേഷൻ നമുക്കുണ്ടായിരുന്നല്ലോ. അതുപോലെയായിരുന്നു അത്. അനുകരിക്കുമ്പോൾ മൊത്തം അനുകരിക്കുക എന്നുള്ളതായിരുന്നു അവരുടെ രീതി. ആരാധ്യപുരുഷന്മാരുടെ ജീവിതത്തിലെ നല്ല വശങ്ങൾ മാത്രമല്ല ചീത്ത വശങ്ങളും അനുകരിക്കണമെന്നു കരുതിയിരുന്ന നിഷ്കളങ്കരായിരുന്നു അവർ. മുകേഷ് ആ തലമുറയുടെ പ്രതിനിധിയാണ്.

സൈഗാൾ

സൈഗാൾ

മദ്യപിച്ചിട്ടാണ് പാടാറുള്ളതെന്ന് മുകേഷ് കേട്ടിട്ടുണ്ട്. അതുകൊണ്ട് കുടിച്ചതാണ്. സൈഗാൾ മദ്യപിച്ചുകൊണ്ട് ഗംഭീരമായി പാടി എന്നുവച്ച് എല്ലാവർക്കും അതുപോലെയാകാൻ പറ്റില്ലല്ലോ.

?   സിഗരറ്റ് വലിച്ചുകൊണ്ട് പാട്ട് റെക്കോഡ് ചെയ്തിരുന്ന ഒരു ഗായകനുണ്ടായിരുന്നല്ലോ, ഹേമന്ത് കുമാറാണോ.

=  ബെയ്സ് വോയ്സ് കൂട്ടാൻ വേണ്ടി പാട്ടുകാരോട് സിഗരറ്റ് വലിക്കാൻ ചില സംഗീത സംവിധായകർ പറയുമായിരുന്നു. ശബ്ദത്തിന് തെളിച്ചം കിട്ടാൻ ചിക്കൻ കഴിക്കണം എന്ന് ദേവരാജൻ മാസ്റ്റർ നിർബന്ധിക്കുമായിരുന്നത്രേ. ശ്രീകാന്ത് ആദ്യം പാടാൻ ചെന്നപ്പോൾ മാഷ് പറഞ്ഞു: ‘എടാ നീ പോയി ചിക്കൻ കഴിച്ചിട്ടു വാ...’ അങ്ങനെ ചിക്കൻ കഴിച്ച് ത്രോട്ട് ക്ലിയറാക്കിയിട്ടാണ് പാട്ട് റെക്കോഡ് ചെയ്തത്. പക്ഷേ, അതോടെ ശ്രീകാന്ത് ചിക്കന് അഡിക്ട്‌ ആയിപ്പോയി. ഗാനമേളക്ക് പാടാൻ പോകുന്നതിനു മുമ്പ് ചിക്കൻ കഴിക്കാതെ പറ്റില്ലെന്നായി. മാധുരിക്ക് ചിക്കൻ കഴിക്കാൻ പറ്റില്ല. ചിക്കന്റെ എസ്സൻസ് ആണ് കഴിച്ചിരുന്നത്. ഇതൊക്കെ ഓരോ കാലത്തും കംപോസേഴ്സിന്റെ പ്രിഫറൻസസും തീരുമാനങ്ങളുമായിരുന്നു.

ജയചന്ദ്രൻ

ജയചന്ദ്രൻ

എസ് പി ബാലസുബ്രഹ്മണ്യം സിഗരറ്റ് വലിക്കുകയും തണുത്ത വെള്ളം കുടിക്കുകയും ഐസ്ക്രീം കഴിക്കുകയും ചെയ്യുമായിരുന്നല്ലോ.

= അതേ. ജയേട്ടനും അങ്ങനെ വലിയ ചിട്ടകളൊന്നും പാലിക്കാറില്ല. തണുത്ത വെള്ളം കുടിക്കാനും ഐസ്ക്രീം കഴിക്കാനുമൊന്നും ഒരു പ്രശ്നവുമില്ല. ഡിസിപ്ലിൻ പാലിച്ചാൽ ശബ്ദത്തിന്റെ ക്വാളിറ്റി ലാസ്റ്റ് ചെയ്തേക്കാം, കേട്ടോ. യേശുദാസ് പതിനായിരക്കണക്കിന്‌ പാട്ടുകൾ പാടി ഇപ്പോഴും നിലനിൽക്കുന്നതിനു പിന്നിൽ അച്ചടക്കത്തിനു വലിയ പ്രാധാന്യമുണ്ട്. രുചികരമായ പല ഭക്ഷണങ്ങളും അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. അതൊരു തപസ്യയുടെ ഭാഗമാണ്.

കുറുപ്പുസാറിന്റെ അവതാരികയിൽ പറയുന്നതുപോലെ ആത്മബന്ധങ്ങളുടെയും അനിവാര്യമായ വൈരാഗ്യങ്ങളുടെയും കഥകൾ മ്യൂസിക് ഇൻഡസ്ട്രിയിലുണ്ട്. ഉദാഹരണത്തിന് ലതാ മങ്കേഷ്കറും ആശ ഭോസ്ലെയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ...

ആശ ഭോസ്ലെ

ആശ ഭോസ്ലെ

=  ലതയും ആശയും തമ്മിൽ അങ്ങനെ വലിയൊരു റൈവൽറി ഉണ്ടായിട്ടില്ല. പക്ഷേ, ലതയും റഫിയും തമ്മിൽ ഉണ്ടായിട്ടുണ്ട്. മൂന്നു വർഷത്തോളം അവർ ഒരുമിച്ചു പാടാതിരുന്നിട്ടുണ്ട്. റോയൽറ്റിയുമായി ബന്ധപ്പെട്ട ഒരു തർക്കമായിരുന്നു അതിനു പിന്നിൽ. ഒരു പാട്ട് റെക്കോഡ് ചെയ്ത് പ്രതിഫലം വാങ്ങിക്കഴിഞ്ഞാൽ വീണ്ടും അതിന്റെ പേരിൽ റോയൽറ്റി വാങ്ങാൻ പാടില്ലെന്നായിരുന്നു റഫിയുടെ നിലപാട്. ലതാ മങ്കേഷ്കറുടേ കാഴ്ചപ്പാട് മറ്റൊന്നായിരുന്നു. ‘എനിക്കോ റഫി സാഹിബിനോ റോയൽറ്റി വാങ്ങാതിരിക്കാം. പക്ഷേ, തീരെ വരുമാനമില്ലാത്ത എത്രയോ ഗായകർ വേറെയുണ്ട്. അവർക്ക് ഒരു ജീവിതമാർഗമുണ്ടാക്കാൻ റോയൽറ്റി സഹായമാകും’. അതായിരുന്നു ലതാജിയുടെ കാഴ്ചപ്പാട്.

അവരെ പിന്താങ്ങാൻ വേറെയും ഗായകരുണ്ടായിരുന്നു അക്കാലത്ത്. രണ്ടുപേരുടെയും നിലപാടുകൾ അവരവരുടെ കാഴ്ചപ്പാടുകളിൽ ശരിയാണ്. ഈ പ്രശ്നമാണ് അവരെ തമ്മിൽ അകറ്റിയത്. ലതാജി പാടാതിരുന്നതുകൊണ്ട് അക്കാലത്ത് റഫിക്കൊപ്പം ഒരുപാടു യുഗ്മഗാനങ്ങൾ സുമൻ കല്യാൺപൂരിന്റെയും ആശാ ഭോസ്ലെയുടെയും ശാരദയുടെയുമൊക്കെ ശബ്ദത്തിൽ നമ്മൾ കേട്ടു. ഒ പി നയ്യാരുടെ സംഗീതസംവിധാനത്തിൽ ആശയും റഫിയും ചേർന്നു പാടിയതൊക്കെ ഗംഭീര പാട്ടുകളാണല്ലോ. നയ്യാരും ലതയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു.

ലത മങ്കേഷ്‌കർ

ലത മങ്കേഷ്‌കർ

കറെക്കൊണ്ട് ഒരു പാട്ടുപോലും അദ്ദേഹം പാടിപ്പിച്ചില്ല. ‘ഞാൻ ട്യൂൺ ചെയ്ത പാട്ടുകൾക്കിണങ്ങുന്ന ശബ്ദമല്ല, ലതയുടേത്’ എന്ന വിശദീകരണമാണ് ഇക്കാര്യത്തിൽ ഒ പി നയ്യാർ നൽകിയത്. സിനിമാസംഗീതത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ചിട്ടുള്ളവർ പറയുന്നത് മറ്റൊന്നാണ്.

നയ്യാർ ആദ്യം കംപോസ് ചെയ്ത പാട്ടുകളുടെ റെക്കോഡിങ്ങിന് ലത മനഃപൂർവം വളരെ വൈകി വന്ന് അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു. അന്നു തുടങ്ങിയ ഈഗോ ഇഷ്യൂ ആണ് അവർ തമ്മിലുള്ള അകൽച്ചയ്ക്കു വഴിയൊരുക്കിയതത്രേ. ഒന്നാലോചിച്ചാൽ അദ്ദേഹത്തെ നമിക്കണം. ലതാ മങ്കേഷ്കർ കത്തിജ്വലിച്ചു നിന്ന മുപ്പതോളം വർഷങ്ങൾ അവരെക്കൊണ്ട് ഒരു പാട്ടു പോലും പാടിക്കാതെ അദ്ദേഹം സംഗീതലോകത്ത് ഒന്നാം സ്ഥാനത്തു നിലനിന്നു. ഒരുവിധം എല്ലാ പാട്ടുകളും ഹിറ്റാക്കി മാറ്റി. ആ ചങ്കൂറ്റത്തിന് കയ്യടി കൊടുത്തേ പറ്റൂ.

?   യേശുദാസിന്റെ ഹിന്ദി സിനിമാഗാനങ്ങളെക്കുറിച്ചും പറയേണ്ടിയിരിക്കുന്നു. ഹിന്ദി സിനിമാഗാനചരിത്രത്തിലെ സുവർണാധ്യായമാണത്. യേശുദാസിനെ ഒഴിവാക്കാൻ ലോബീയിങ് നടന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.

=  ഞാൻ ദാസേട്ടനോടുതന്നെ ചോദിച്ചിട്ടുണ്ട് ഇക്കാര്യം. ഒരുതരത്തിലുള്ള ലോബീയിങ്ങും ഉണ്ടായിരുന്നില്ല. ബോംബെയിലുള്ള ഒരു കസിൻ പണ്ടു പറഞ്ഞിട്ടുണ്ട്, കിഷോർ കുമാർ യേശുദാസിനെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചെന്ന്.

ഒ പി നയ്യാർ

ഒ പി നയ്യാർ

ഞാൻ കേട്ടിട്ടുള്ളത് ലതാ മങ്കേഷ്കറുടെ ഗുണ്ടകൾ യേശുദാസിനെ ആക്രമിച്ചെന്നാണ്.

= അതെയോ? അങ്ങനെ പല കഥകളുമുണ്ട്. ദാസേട്ടൻ പറഞ്ഞത് കിഷോറുമായുള്ള അടുപ്പത്തെക്കുറിച്ചാണ്. തരംഗ നിസരി സ്കൂളിനുവേണ്ടി ഫ്രീ ആയിട്ട് കിഷോർകുമാർ കേരളത്തിൽ വന്ന് ഗാനമേള നടത്തിയിട്ടുണ്ട്. അത്രക്ക് അടുപ്പമുള്ളതുകൊണ്ടാണ് കിഷോർകുമാർ അതു ചെയ്തത്. ഹിന്ദിയിൽ യേശുദാസ് പാടിയ പാട്ടുകളടങ്ങുന്ന സിനിമകൾ പലതും മിഡിൽ സ്ട്രീമിൽ ഉള്ളവയാണ്. ബസു ഭട്ടാചാര്യയെപ്പോലുള്ള സംവിധായകരുടെ സിനിമകൾ. കംപോസേഴ്സാണെങ്കിൽ രവീന്ദ്ര ജെയ്നിനെപ്പോലുള്ളവർ. ഹിന്ദിയിൽ പലരും യേശുദാസിന്റെ ശബ്ദം വേണ്ടതുപോലെ ഉപയോഗിച്ചിട്ടില്ല. എങ്കിലും അവിടെ അദ്ദേഹത്തിന് വിജയിക്കാമായിരുന്നു. പക്ഷേ, അക്കാലത്ത് അദ്ദേഹത്തിന് സൗത്ത് ഇന്ത്യൻ സിനിമയിൽ നല്ല തിരക്കുണ്ടായിരുന്നു. മദ്രാസിനും ബോംബെയ്ക്കും ഇടയിൽ പറന്നുനടന്ന് പാടുന്ന അവസ്ഥയായി. അതു ബുദ്ധിമുട്ടായതുകൊണ്ടാണ് മദ്രാസിൽത്തന്നെ ഉറച്ചുനിൽക്കാൻ തീരുമാനിച്ചത്.

കിഷോർ കുമാർ

കിഷോർ കുമാർ

ഇങ്ങനെയാണെങ്കിലും വരികൾക്കിടയിൽ നിന്നു വായിച്ചെടുക്കാൻ പറ്റുന്ന ചില സത്യങ്ങളും ദാസേട്ടൻ പറഞ്ഞിട്ടുണ്ട്. എന്താണെന്നു വച്ചാൽ ലക്ഷ്മീകാന്ത് പ്യാരേലാലിനെപ്പോലെയുള്ള വലിയ വലിയ കംപോസേഴ്സിന് അദ്ദേഹത്തെക്കൊണ്ടു പാടിക്കാൻ താൽപ്പര്യമുണ്ടായിരുന്നില്ല. ഫിലിം ഫെയർ അവാർഡ് നൈറ്റുമായി ബന്ധപ്പെട്ട ഒരനുഭവം അദ്ദേഹം പറഞ്ഞു. പുരസ്കാരം കിട്ടിയ പാട്ട് അവാർഡ് നൈറ്റിൽ പാടുന്ന പതിവുണ്ട്. അന്ന് എല്ലാവരുടെയും പാട്ടുകൾക്ക് വായിച്ചിരുന്നത് ലക്ഷ്മീകാന്ത് പ്യാരേലാലിന്റെ ഓർക്കസ്ട്രയാണ്. ദാസേട്ടൻ പാടാൻ വന്നപ്പോൾ അവിടെ ഓർക്കസ്ട്ര ഇല്ല. അവർ വായിക്കില്ല എന്നു പറഞ്ഞു. അവസാനം ഒരാൾ തബല വായിക്കാമെന്നു സമ്മതിച്ചു. അങ്ങനെ ദാസേട്ടൻ താൻസെൻ എന്ന സിനിമയിലെ രവീന്ദ്ര ജെയിൻ കംപോസ് ചെയ്ത ലെങ്തി ആയ പാട്ട് പാടി. ‘ഷഡജ് നെ പായാ’ എന്ന പാട്ട്. ലക്ഷ്മീകാന്ത് പ്യാരേലാൽമാർ പാട്ട് പാടി പഠിപ്പിക്കുന്ന രീതി പോലും ഒരു മാതിരി കളിയാക്കുന്നതു പോലെയാണെന്ന് ദാസേട്ടൻ പറഞ്ഞിട്ടുണ്ട്. അതൊക്കെ ഒരു ലോബീയിങ്ങിന്റെ ഭാഗമായിരിക്കാം. യേശുദാസിന്റെ ശബ്ദം മിസ് ചെയ്തു എന്നുള്ളത് അവരുടെ ഭാഗ്യദോഷമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്.

മലയാളികൾക്ക് യേശുദാസിന്റെ ഹിന്ദി പാട്ടുകളോട് ചെറിയ പുച്ഛമുണ്ട്. അദ്ദേഹത്തിന്റെ ഹിന്ദി ഉച്ചാരണം ശരിയല്ലെന്നൊക്കെ പറഞ്ഞ് വിമർശിക്കും. ഹിന്ദിക്കാർക്ക് അതൊന്നും വലിയ പ്രശ്നമല്ല. അവർക്ക് ശബ്ദവും ഭാവവുമൊക്കെയാണ് പ്രധാനം. ‘മാനസമൈനേ വരൂ’ എന്ന പാട്ട് മന്നാഡേ അത്ര ഉച്ചാരണശുദ്ധിയോടെയൊന്നുമല്ല ആലപിച്ചിട്ടുള്ളത്. നമ്മൾ ഇഷ്ടപ്പെട്ടത് ആ പാട്ടിലെ എക്സ്പ്രഷനാണ്. ദേവരാജൻ മാഷ് പറയാറുണ്ട്, ഉച്ചാരണത്തേക്കാളൊക്കെ പ്രധാനം ഭാവമാണെന്ന്. അടിസ്ഥാനപരമായി ഭാവമുണ്ടെങ്കിൽ ഒരു ഗായകനെക്കൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കാം. അതുകൊണ്ടാണ് സുശീലാമ്മയെക്കൊണ്ടൊക്കെ അദ്ദേഹം പാടിപ്പിച്ചത്.

തലത്‌ പാടിയിട്ടില്ലേ, കടലേ നീലക്കടലേ എന്ന പാട്ട്…

=  അതേ. നമുക്ക് അവരുടെയൊന്നും കാര്യത്തിൽ കംപ്ലെയ്ന്റ് ഇല്ല. ഹിന്ദിയിൽ യേശുദാസ് പാടുമ്പോൾ ഉച്ചാരണം ശരിയായില്ല എന്ന് നമ്മൾ പരാതി പറയും, പരിഹസിക്കും. അതാണ് മലയാളികളുടെ ഇരട്ടത്താപ്പ്. റഫിയും കിഷോറും ഉള്ള കാലത്തു തന്നെ യേശുദാസ് ഹിന്ദിയിൽ പാട്ടു പാടി നാഷണൽ അവാർഡും ഫിലിം ഫെയർ അവാർഡുമൊക്കെ വാങ്ങിച്ചിട്ടുണ്ട്. എല്ലാ ഭാഷകളിലും ഹിറ്റുകൾ സൃഷ്ടിച്ച, അവാർഡുകൾ വാങ്ങിയ ലെജൻഡ് ആണ് അദ്ദേഹം. അത് അംഗീകരിച്ചേ പറ്റൂ. യേശുദാസിനെപ്പോലുള്ള ഒരു പാട്ടുകാരൻ പാടിയിരുന്നില്ലെങ്കിൽ ഞാൻ പാട്ടിനെക്കുറിച്ചെഴുതുമായിരുന്നോ എന്നു പോലും സംശയമാണ്.

വളരെ വ്യത്യസ്തമായ, അനനുകരണീയമായ ആലാപനശൈലിയുണ്ടായിരുന്ന ഗായികയാണ് ഗീതാ ദത്ത്... വക്ത് നേ കിയാ എന്ന പാട്ട് വല്ലാതെ ഹോണ്ടിങ് ആണ്.

=  എനിക്കു വലിയ ഇഷ്ടമാണ് അവരുടെ പാട്ടുകൾ. ഗീതാ ദത്തിന്റെ ശബ്ദത്തിന് വലിയ റെയ്ഞ്ചുണ്ടെന്നൊന്നും പറയാൻ പറ്റില്ല. എല്ലാ സ്ഥായിയിലും പാടുന്ന പാട്ടുകാർ ഉണ്ടായിരിക്കാം. പക്ഷേ, അവരൊന്നും ഗംഭീര പാട്ടുകാരാകണമെന്നില്ല. തലത് മഹമൂദ് ഒറ്റ സ്ഥായിയിലേ പാടുന്നുള്ളൂ. പക്ഷേ, ആ പാട്ടുകൾക്കു പകരം വയ്ക്കാൻ മറ്റൊന്നുമില്ല. ഹേമന്ത് കുമാറും അങ്ങനെയാണ്. ഒരേ സ്റ്റൈലിലാണ് പാടുന്നത്. ഒരു വൈഡ് വെറൈറ്റി ഓഫ് സോങ്സ് പാടാൻ കഴിവുള്ള ഗായികയല്ല, ഗീത ദത്ത്. അവർക്കു കിട്ടിയിട്ടുള്ള പാട്ടുകൾ പൊതുവെ മെലോഡിയസ് ആണ്, നേർത്ത വിഷാദച്ഛായയുമുണ്ട്. കിട്ടിയതെല്ലാം അവർ അതിഗംഭീരമായി പാടി. ലതാ മങ്കേഷ്കറും ആശാ ഭോസ്ലെയുമൊക്കെ പാടുന്നതിലും ഗംഭീരമായിട്ട് പാടി. എന്റെ ജീവിതത്തിൽ ഒരനുഭവമുണ്ടായിട്ടുണ്ട്. ഒരിക്കൽ വഹീദ റഹ്മാൻ തിരുവനന്തപുരത്തു വന്നു. ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചായിരുന്നു അത്.

ഗീതാ ദത്ത്

ഗീതാ ദത്ത്

ഫെസ്റ്റിവലിന്റെ ഭാഗമായി കനകക്കുന്ന്‌ കൊട്ടാരത്തിൽ നടന്ന ഒരു എക്സിബിഷൻ കാണാൻ അവർ വന്നിരുന്നു. പെട്ടെന്ന് അവിടെ പ്രത്യക്ഷപ്പെടുകയായിരുന്നു അവർ. ഞാൻ അവരെ ചെന്നു കണ്ടു, അഭിവാദ്യം ചെയ്തു. സംസാരിക്കാൻ തീരെ സമയമുണ്ടായിരുന്നില്ല. ഞാൻ ‘ജാനേ ക്യാ തൂ നേ കഹി’ എന്ന പാട്ട് വെറുതെ പാടി. വേറൊന്നും പറഞ്ഞില്ല. അവർ വളരെ എക്സൈറ്റഡ് ആയി. ‘ഓ... യൂ റിമെംബർ ദാറ്റ് സോങ്?’ എന്നു ചോദിച്ചു. ഒന്നോ രണ്ടോ മിനിറ്റു മാത്രം നീണ്ടുനിന്ന ഒരു കൂടിക്കാഴ്ചയായിരുന്നു അത്. എന്നാലും ആ പാട്ടിനെക്കുറിച്ചോർത്തപ്പോൾ അവരുടെ മുഖത്തു വിരിഞ്ഞ ഒരു ഭാവമുണ്ട്. അതുമതി എനിക്കൊരായുഷ്കാലം മുഴുവൻ ഓർത്തിരിക്കാൻ. ഗീതാ ദത്ത് അവരുടെ അവസാനകാലത്ത് കോഴിക്കോട്ട് വന്നിട്ടുണ്ട്. ‘മേരീ ജാൻ, മേരീ ജാൻ’... എന്ന പാട്ടാണ് അവരുടെ ഹംസഗീതം. ഈ പാട്ട് പാടി റെക്കോഡ് ചെയ്ത ശേഷമാണ് കോഴിക്കോട്ട് ഗാനമേളക്കു വരുന്നത്. അന്നത്തെ ആ പരിപാടിയുടെ സംഘാടകരോട് ഞാൻ സംസാരിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരുണ്ടായിരുന്നു അവർക്ക്. പ്രിയപ്പെട്ട പല പാട്ടുകളും അവരുടെ ശബ്ദത്തിൽ നേരിട്ടു കേൾക്കാൻ വന്നവർ പക്ഷേ, നിരാശരായി.

കാരണം അവർ അന്ന്‌ മദ്യപിച്ചിരുന്നു.  മാത്രമല്ല, അവർക്ക്‌ പരിപാടിയുടെ സമയത്ത് കൃത്യമായി വരാൻ പറ്റിയില്ല. ഏതൊക്കെയോ പാട്ടുകൾ എങ്ങനെയൊക്കെയോ പാടി ആ പ്രോഗ്രാം അവസാനിപ്പിക്കുകയായിരുന്നു. കോഴിക്കോടാണ് അവരുടെ അവസാനത്തെ ഗാനമേള നടന്നതെന്ന് പലർക്കും അറിയില്ല. അവിടെനിന്നു തിരികെ പോയി അധികം വൈകാതെ അവർ മരണത്തിനു കീഴടങ്ങുകയായിരുന്നു. വളരെ ട്രാജിക്ക്‌  ആയ അവരുടെ ജീവിതത്തെപ്പറ്റിയല്ല നമ്മൾ ഓർത്തിരിക്കുന്നത്. പാട്ടുകളുടെ മാധുര്യമാണ് നമുക്കു പ്രധാനം. അങ്ങനെ എത്രയോ പാട്ടുകാരുണ്ട്, ദുരിതത്തിലും ദാരിദ്ര്യത്തിലും അവസാനനാളുകൾ ചെലവഴിച്ചവർ.

അങ്ങനെയുള്ളവരെപ്പറ്റിയും എഴുതാറുണ്ട് ഞാൻ. അനു മല്ലിക്കിന്റെ പിതാവ് സർദാർ മല്ലിക്ക് ‘മുഝേ തുമ് സേ മൊഹബത്ത് ഹേ’ എന്നിങ്ങനെയുള്ള പാട്ടുകളൊക്കെ ചെയ്തയാളാണ്. വളരെ ദാരിദ്ര്യത്തിലായിരുന്നു. പകീസയിലെ പാട്ടുകൾ ചെയ്ത ഗുലാം മുഹമ്മദ്... ആ പാട്ടുകൾ എടുക്കാൻ ആളില്ലാത്തതുകൊണ്ട് സിനിമയിൽ നിന്ന് ഒഴിവാക്കാൻ സംവിധായകൻ കമാൽ അംറോഹി തീരുമാനിച്ചതാണ്. ഗുലാം മുഹമ്മദ് സംവിധായകന്റെ പിന്നാലെ നടന്ന് പാട്ടുകൾ ഉൾപ്പെടുത്തിയതാണ്. ഇന്ന് ആ പാട്ടുകളില്ലാതെ പകീസയെക്കുറിച്ച് സങ്കല്പിക്കാൻ പറ്റുമോ? സിനിമ റിലീസാകുന്നതിനു മുമ്പ് അദ്ദേഹം മരിക്കുകയും ചെയ്തു. സെലിബ്രേറ്റഡ് ആയ പാട്ടുകൾക്കു പിന്നിൽ ദുഃഖം നിറഞ്ഞ കഥകളുമുണ്ട്.

ഹിന്ദി സിനിമാസംഗീത ലോകത്തിലെ ഏകാന്തപഥികനായിരുന്നു ഖയ്യാം...

=   അതേ, അദ്ദേഹം സൗകര്യമുണ്ടെങ്കിലേ വർക്ക് ചെയ്യൂ.

ഡോസ്റ്റോവ്സ്കിയെ വായിച്ച സംഗീത സംവിധായകനല്ലേ…

=  അതുകൊണ്ടാണ് ക്രൈം ആൻഡ് പണിഷ്മെന്റിനെ അധികരിച്ചുവന്ന ഫിർ സുബഹ് ഹോഗി എന്ന സിനിമയിൽ അദ്ദേഹം പാട്ടുകൾ കംപോസ് ചെയ്തത്. അതൊക്കെ ക്ലാസ്സിക്കുകളുമാണ്. ഖയ്യാം നല്ല വായനക്കാരനാണ്. ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. അതുകൊണ്ട് അത്തരം നിലവാരമുള്ള സിനിമകളിലേ അദ്ദേഹം മ്യൂസിക് ചെയ്തിട്ടുള്ളൂ.

വലിയ റെമ്യൂണറേഷനും വാങ്ങിക്കുമായിരുന്നു.

=  എന്റെ റേറ്റ് ഇത്രയാണ്. അതു തരാമെങ്കിലേ പാട്ടു ചെയ്യൂ എന്നു പറയും. അവിടത്തെ ഒരു ദേവരാജൻ മാഷായിരുന്നു മൂപ്പര്.

ഹിന്ദി സിനിമകളെ ഇന്ത്യക്കകത്തും പുറത്തും ജനപ്രിയമാക്കുന്നതിൽ പാട്ടുകൾക്ക് വലിയൊരു പങ്കുണ്ട്.

തീർച്ചയായും. സീനത്ത് അമൻ എത്രയോ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, ‘ദം മാരോ ദം’ എന്ന പാട്ടു കേട്ടാലേ നമുക്ക് അവരെ ഓർമവരൂ. ‘ഹം തും ഏക് കംരേ മേ ബന്ദ് ഹോ’ എന്ന പാട്ടു കേൾക്കുമ്പോഴാണ് ഡിംപിൾ കപാഡിയയെ ഓർമവരിക. പാട്ടുകളാണല്ലോ പ്രധാനമായിട്ടും ടെലിവിഷനിൽ വരുന്നത്. സിനിമ വന്നാലും മുഴുവൻ ഇരുന്നു കാണാനുള്ള ക്ഷമ പലർക്കും ഉണ്ടാവില്ല. പക്ഷേ, പാട്ടുകൾ കാലത്തെ അതിജീവിച്ചു. ബിമൽ റോയിയുടെയും ഗുരു ദത്തിന്റെയും ക്ലാസിക് സിനിമകൾ തീർച്ചയായും അനശ്വരങ്ങളാണ്. മറ്റു സിനിമകളുടെ കാര്യമാണ് പറയുന്നത്. അവയൊക്കെ നിന്നിടത്തുതന്നെ നിൽക്കുകയും പാട്ടുകൾ മുകളിലേക്കു കയറിപ്പോകുകയും ചെയ്തു. ഈ താരങ്ങളെല്ലാം ആ പാട്ടുകളിലൂടെയാണ് ഓർമിക്കപ്പെടുന്നത്.

ബുർക്കിനോ ഫാസ്സോ എന്ന ആഫ്രിക്കൻ രാജ്യത്തു നിന്നുള്ള ഖനിത്തൊഴിലാളികളുടെ കഥ പറയുന്ന ഒരു സിനിമ ഒരിക്കൽ കണ്ടിട്ടുണ്ട്. അതിൽ തൊഴിലാളികൾ വൈകുന്നേരങ്ങളിൽ ഒത്തുകൂടുന്ന ഒരു നാടൻ ചാരായ ഷാപ്പുണ്ട്. അവിടെ ഒരു കളർ ടിവി സ്ഥാപിച്ചിരിക്കുകയാണ്. ടിവി യിൽ കാണുന്നത് ഉമ്രാവ് ജാൻ എന്ന സിനിമയിലെ പാട്ടാണ്.

=   ഇന്ത്യൻ സബ്കോണ്ടിനെന്റിൽ ഉണ്ടാകുന്ന സിനിമകളിൽ മാത്രമേ കഥാപാത്രങ്ങൾ അവരുടെ വികാരങ്ങൾ പാട്ടുകളിലൂടെ പ്രകടിപ്പിക്കാറുള്ളൂ. നമ്മുടെ കഥാപാത്രങ്ങൾ ആരായാലും ‐ ഭാര്യ, ഭർത്താവ്, അച്ഛൻ, അമ്മ, വേലക്കാരൻ, പോസ്റ്റ് മാൻ‐ എല്ലാവരും പാടിക്കൊണ്ടേയിരിക്കും. ഇന്നും നമ്മുടെ സിനിമാ പാട്ടുകളിൽ നിന്നു പൂർണമായും മുക്തമല്ലല്ലോ... പാട്ടുകളുടെ രൂപവും ഭാവവുമൊക്കെ മാറി. പഴയതുപോലെ ലിപ് മൂവ്മെന്റ് കൊടുക്കലൊന്നുമില്ല. ദുഃഖം വരുമ്പോൾ പാടുന്ന പരിപാടിയൊക്കെ പോയി. ബാക്ക് ഗ്രൗണ്ട് സ്കോറിന്റെ ഭാഗമായി പാട്ടുകൾ വന്നുപോകുകയാണ്. പഴയതുപോലെ പാട്ടുകൾ ഹിറ്റാവുക എന്നുള്ള കോൺസെപ്റ്റൊന്നും ഇനിയുണ്ടാകാൻ പോകുന്നില്ല. ബാക്ക്‌ ഗ്രൗണ്ട് സ്കോർ ആണ് യഥാർത്ഥ സിനിമാസംഗീതമെന്ന ഒരു തിരിച്ചറിവ് ഉണ്ടായിരിക്കുന്നു. വളരെ വ്യത്യസ്തമായ ശബ്ദങ്ങൾ കേൾക്കാൻ കഴിയുന്നു എന്നുള്ളതും പുതിയ കാലത്തിന്റെ സവിശേഷതയാണ്.

എസ്‌ ജാനകി, പി ഭാസ്‌കരൻ, രവി മേനോൻ

എസ്‌ ജാനകി, പി ഭാസ്‌കരൻ, രവി മേനോൻ

മലയാളത്തിൽ കുറേക്കാലം നാലോ അഞ്ചോ പാട്ടുകാരുടെ ശബ്ദങ്ങൾ മാത്രമാണ് നമ്മൾ കേട്ടുകൊണ്ടിരുന്നത്. ഇപ്പോൾ വളരെ സ്വതന്ത്രമായി ചിന്തിക്കുകയും സ്വന്തം ശൈലിയിൽ പാട്ടുകൾ അവതരിപ്പിക്കുകയും ചെയ്യുന്ന പാട്ടുകാരുണ്ട്. സ്വയം എഴുതി കംപോസ് ചെയ്തു പാടുന്ന ഗായികമാർ തന്നെ ഇപ്പോഴുണ്ട്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അഡിക്റ്റുകളാണെങ്കിൽപ്പോലും അതിൽ നിന്നുകൊണ്ടുതന്നെ നല്ല പാട്ടുകൾ സൃഷ്ടിക്കുന്നവരാണ് പലരും. ലിറിസിസ്റ്റുകളിൽ പലരും വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ കഴിവുള്ളവരാണ്. ഗിരീഷ് പുത്തഞ്ചേരി പറഞ്ഞതു പോലെ, ഇക്കാലത്ത് പാട്ടെഴുതാൻ വിളിച്ചാൽ കാളിദാസൻ പോലും ഓടി രക്ഷപ്പെടും. എത്രയോ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു വേണം എഴുതാൻ. ബിച്ചു തിരുമലയും ഗിരീഷുമൊക്കെ ട്യൂണിനനുസരിച്ചു പാട്ടെഴുതാൻ അസാമാന്യ പ്രതിഭയുള്ളവരായിരുന്നു. അതിനുവേണ്ടി ജനിച്ചവരായിരുന്നു.

പി ഭാസ്കരനാണ് അക്കാര്യത്തിൽ അവരുടെ ഗുരു. ‘ചിന്നും വെൺതാരത്തിൻ’ എന്ന പാട്ടൊക്കെ ഹിന്ദി പാട്ടിന്റെ ട്യൂണിനനുസരിച്ച് മാഷ് എഴുതിയതാണല്ലോ. വയലാർ ‘അമൃതം പകർന്ന രാത്രി’ എന്ന പാട്ടെഴുതിയതും ഹിന്ദി ട്യൂണിന്‌ അനുസരിച്ചാണല്ലോ. കേട്ടാൽ ഒറിജിനൽ മലയാളം പാട്ടാണെന്നേ തോന്നൂ. ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു വച്ചാൽ എഴുത്തുകാരന്റെ കവിത്വമൊന്നും ആർക്കും ആവശ്യമില്ലെന്നതാണ്. ‘വലിയ കവിതയൊന്നും വേണ്ടാട്ടോ’ എന്ന് ആദ്യമേ തന്നെ പാട്ടെഴുത്തുകാരനോടു പറയും. ചില പ്രത്യേക വാക്കുകൾ പാട്ടിൽ വേണമെന്നൊക്കെ നിർദേശിക്കും. രാധാകൃഷ്ണ സങ്കല്പം വച്ചുള്ള ഒരു പാട്ട് എഴുതിയ കവിയുടെ അനുഭവം കേട്ടിട്ടുണ്ട്. ‘ഗോപികേ...’ എന്ന് തുടങ്ങുന്ന ഒരു വരിയുണ്ടായിരുന്നു ആ പാട്ടിൽ. സിനിമയുടെ പ്രൊഡ്യൂസർ പാട്ടു കേട്ടു, അഭിനന്ദിച്ചു. പക്ഷേ, അദ്ദേഹം ഒരു അഭ്യർഥന മുന്നോട്ടു വച്ചു.

വേറൊന്നുമല്ല, ഗോപികേ, എന്ന അഭിസംബോധന മാറ്റണം. പകരം രാധികേ എന്നാക്കണം. ആ സന്ദർഭത്തിൽ ഗോപികേ എന്നു തന്നെയാണ് വേണ്ടത് എന്നും ഗോപികയും രാധികയും രണ്ടാണെന്നും എഴുത്തുകാരൻ വിശദീകരിച്ചു. നിർമാതാവ് വാശി പിടിച്ചു. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ സംവിധായകൻ എഴുത്തുകാരനോടു പറഞ്ഞു: ‘നീയെന്തിനാണ് വെറുതേ അങ്ങേരോട് വാശി പിടിച്ചത്? അങ്ങേരുടെ ഭാര്യയുടെ പേരാണ് രാധിക...’ നടന്ന സംഭവമാണിത്. പാട്ടിലൂടെ അനശ്വരയാകാനുള്ള ഒരു ഭാര്യയുടെ മോഹം. ഇതിലും കഠിനമായ സന്ദർഭങ്ങളെയും പാട്ടെഴുത്തുകാരൻ പലപ്പോഴും അതിജീവിക്കേണ്ടി വരും. വരികളെയും വാക്കുകളെയും ഒരുതരത്തിലും ആരും പരിഗണിക്കാറില്ല.

രവി വളരെ സഹിഷ്ണുതയുള്ള ഒരു നിരൂപകനാണെന്ന് തോന്നിയിട്ടുണ്ട്. ആരും കാണാത്ത നന്മകൾ രവി പല പാട്ടുകളിലും കണ്ടെത്തുന്നു.

=  എന്നോട് ചിലർ ചോദിക്കാറുണ്ട്, എന്തുകൊണ്ടാണ് നിശിതവിമർശനങ്ങൾ എന്റെ ലേഖനങ്ങളിൽ ഇല്ലാത്തതെന്ന്. യേശുദാസിന്റെ വ്യക്തിപരമായ നിലപാടുകളെ എന്തുകൊണ്ട് വിമർശിക്കുന്നില്ല എന്നൊക്കെ ചിലർ ചോദിക്കും. അല്ലെങ്കിൽത്തന്നെ നമ്മുടെ മാധ്യമലോകത്തിന്റെ അന്തരീക്ഷം  വെറുപ്പും വിദ്വേഷവും വാദപ്രതിവാദങ്ങളും കൊണ്ടു നിറഞ്ഞിരിക്കുകയാണ്. അതിൽ എന്റെ കോൺട്രിബ്യൂഷൻ കൂടി ആവശ്യമില്ലല്ലോ. ഇഷ്ടമില്ലാത്തതിനെക്കുറിച്ച് എഴുതാതിരിക്കുക എന്നുള്ളതാണ് എന്റെ രീതി. ഞാൻ നിരൂപകനല്ല. ഒരു ക്രോണിക്ലർ ആണ്. ചരിത്രമാണ് ഞാനെഴുതുന്നത്. ചരിത്രമെഴുത്തിന് വലിയ പ്രാധാന്യമുണ്ട്. ആ ഉത്തരവാദിത്തമാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത്  .(അവസാനിച്ചു)

(ദേശാഭിമാനി വാരികയിൽ നിന്ന്)

(ആദ്യഭാഗം ഇവിടെ വായിക്കാം: ഗൃഹാതുരതയുടെ നിത്യഹരിതലോകം)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top