26 April Friday

"ഇത് കല്ലറ ഗോപൻ ആദ്യം പാടിയതാ" കേട്ടപ്പോള്‍ മനസ്സൊന്ന് പിടഞ്ഞു''...ഒരു പാട്ടിന്റെ ഓര്‍മ്മ പകര്‍ന്ന വേദന പങ്കുവെച്ച് ജി വേണുഗോപാല്‍

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

ഒരാള്‍ പാടിയ പാട്ട് മറ്റൊരു ഗായകന്‍ വീണ്ടും പാടി റെക്കോഡ് ചെയ്യുന്നത് ചലച്ചിത്രഗാന മേഖലയില്‍ പതിവാണ്.എങ്കിലും അങ്ങനെ പാടേണ്ടിവരുന്ന ചില സന്ദര്‍ഭങ്ങള്‍ വേദനാജനകമാകും. 2004 ൽ കഥാവശേഷന്‍ എന്ന സിനിമയിലെ 'ഹൃദയവൃന്ദാവനിയിൽ' എന്ന ഗാനത്തിന്റെ റെക്കോഡിങ്ങ് അനുഭവത്തെപ്പറ്റി പ്രശസ്തഗായകന്‍ ജി വേണുഗോപാല്‍ എഴുതുന്നു. ഒപ്പം ഒരു 'ഗാനഗന്ധര്‍വ്വ സ്മരണ"യും.

വേണുഗോപാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ നിന്ന്

"ഹൃദയവൃന്ദാവനിയിൽ എന്ന ഗാനത്തെക്കുറിച്ച് ഒരു രണ്ട് വാക്ക് പറഞ്ഞ് തരാമോ വേണുവേട്ടാ, എനിക്ക് പോസ്റ്റ് ചെയ്യാനാ" അങ്ങേത്തലയ്ക്കൽ എന്റെ ഓൺലൈൻ സ്പെയ്സിലെ ഞങ്ങളുടെയൊക്കെ കുഞ്ഞനുജത്തി ദേവി വിജയനാണ്. ദേവിക്ക് മറുപടി കൊടുത്തേ മതിയാകൂ. ഒരൽപ്പം വയ്യായ്കയൊക്കെ കടിച്ച് പിടിച്ച് 24 മണിക്കൂറും ഓൺലൈനിൽ എന്റെ പാട്ടുകളും വിശേഷങ്ങളും തിരഞ്ഞ് കൊണ്ടേയിരിക്കുന്ന അവളെ നിരാശപ്പെടുത്താനാവില്ല. ഉള്ളിലെവിടെയോ സ്പർശനാതീതമായൊരു വേദന. ഒരു പഴയ മുറിവുണർന്നപോലെ.
 
രണ്ടായിരമാണ്ടിന്റെ  ആദ്യ പകുതിയിലെപ്പൊഴോ ആണു് ഹൃദയവൃന്ദാവനിയിൽ റെക്കാർഡ് ചെയ്യുന്നത്. കഥാവശേഷൻ എന്ന സിനിമയുടെ സംഗീത ആൽബത്തോടൊപ്പം ചേർക്കാനുള്ള ഫില്ലർ സോങ് ആണ്. തിരുവനന്തപുരത്ത് എസ്.എസ്. ഡിജിറ്റലിലാണ് റിക്കാർഡിങ്. കൺസോളിൽ പാട്ട് കേട്ട് മതിമയങ്ങി നിൽക്കുമ്പോൾ ഗാനസൃഷ്ടാക്കൾ ചെവിയിൽ മന്ത്രിച്ചു. "ഇത് കല്ലറ ഗോപൻ ആദ്യം പാടിയതാ." മനസ്സൊന്ന് പിടഞ്ഞു. ഓർത്തെടുക്കാൻ പ്രയാസമുണ്ടായിരുന്നില്ല ഗോപനെ. എൺപതുകളുടെ ആദ്യം ഓൾഡ് ഈസ് ഗോൾഡ് എന്ന സംഗീത പരിപാടികളിൽ കെ.പി. ഉദയഭാനു അഭിമാനത്തോടെ, രംഗത്ത് നാളെയുടെ വാഗ്ദാനങ്ങൾ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയിരുന്നതായിരുന്നു ഞങ്ങൾ രണ്ട് പേരെയും . സമപ്രായക്കാരായ രണ്ട് പാട്ടുകാർ. സ്വഭാവങ്ങൾക്കും സാമ്യതയുണ്ടായിരുന്നു രണ്ട് പേർക്കും . തിരുവനന്തപുരത്തെ സജീവമായ സിനിമാ ശക്തിദുർഗ്ഗങ്ങൾക്കും,  ബെൽറ്റുകൾക്കും, കോക്കസുകൾക്കും പിടികൊടുക്കാതെ മാറി നടക്കുകയായിരുന്നു ഞങ്ങൾ രണ്ടും.  സംഗീതകോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഗോപന് എന്നെക്കാൾ സംഗീത വിദ്വത്തവും, സാധനയുമുണ്ടായിരുന്നു. പക്ഷേ സിനിമയിൽ ആവശ്യത്തിലധികം എനിക്ക് കിട്ടിയ ഭാഗ്യദേവതയുടെ കടാക്ഷം ഗോപന് കുറവായിരുന്നു.
 
ഞാനീ ഗാനം പാടിയില്ലെങ്കിൽ വേറെയേതെങ്കിലുമൊരു ഗായകൻ അത് പാടും എന്നെനിക്കറിയാമായിരുന്നു. അതാണ് സിനിമയുടെ അലിഖിത നിയമം. അതിനാരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. 'ഹൃദയ വൃന്ദാവനിയിൽ " പാടി കഴിഞ്ഞ് വെളിയിലിറങ്ങി ഞാൻ ഗോപനെ വിളിച്ച് ഇതൊരു അപരാധമാണെങ്കിൽ പൊറുക്കണം എന്നപേക്ഷിച്ചു. ഉത്തരം ഒരു ചിരിയായിരുന്നു. " അണ്ണാ ഇതിലൊക്കെയെന്തോന്ന് കുറ്റവും ശിക്ഷയും? ഈ പാട്ട് പാടിയതിന്റെ പ്രതിഫലം അവരെനിക്കന്തസ്സായി തന്നു. പിന്നീടത് നിങ്ങൾ പാടി. നിങ്ങളും പ്രതിഫലം വാങ്ങിക്കാണും. അങ്ങനെ കണ്ടാൽ മതി ഇതൊക്കെ " . അതിശയത്തോടെ, ആരാധനയോടെ, ഞാൻ ഗോപന്റെ സ്ഥാനത്തെന്നെ പ്രതിഷ്ഠിച്ച് നോക്കി. സംഗീത ജ്ഞാനത്തിൽ മാത്രമല്ല, സ്വഭാവ വൈശിഷ്യത്തിലും ഗോപൻ എന്നെക്കാളേറെ മുമ്പെയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. പണ്ട് എം.എ. ഇംഗ്ലീഷിന് പഠിച്ചൊരു quote ഓർമ്മയിൽ തികട്ടി വന്നു. " A person's character is not defined by how he enjoys victory, but how he endures defeat"! ( ഒരാളുടെ തനിയായ സ്വഭാവം അറിയണമെങ്കിൽ അയാൾ വിജയം എങ്ങനെ അർമ്മാദിക്കുന്നു എന്നതിലേറെ അയാളുടെ പരാജയങ്ങളെ എങ്ങനെ അതിജീവിക്കുന്നു എന്ന് ശ്രദ്ധിച്ചാൽ മതി )
 
അടുത്ത ദിവസങ്ങളിൽ ചെന്നൈയിൽ മരിയൻ ഡിജിറ്റൽ ഇന്നിൽ റിക്കാർഡിങിനെത്തിയപ്പോൾ Studio engineer ആന്റണി ഏതാനും ദിവസങ്ങൾക്ക് മുൻപ് അവിടെ നടന്ന ഒരു പുതിയ തമിഴ് സിനിമാ ഗാന റെക്കാർഡിങ്ങ് വിശേഷം രസകരമായി അവതരിപ്പിച്ചു. പാട്ട് പാടാൻ സീനിയർ ഗായകൻ ജയചന്ദ്രൻ (ജയേട്ടൻ ) എത്തുന്നു, ഭംഗിയായി പാടി പ്രതിഫലവും വാങ്ങി പോകുന്നു. അപ്പോഴാണ് വേറൊരു ചർച്ച അവിടെ ഉടലെടുക്കന്നത്. നമുക്ക് സാക്ഷാൽ ഗാനഗന്ധർവ്വൻ യേശുദാസിനെ തന്നെ വിളിച്ചാലോ? കഥയേതുമറിയാതെ ദാസേട്ടൻ സ്റ്റുഡിയോവിൽ വരുന്നു. പാട്ടൊന്ന് കേൾക്കട്ടെ എന്ന അദ്ദേഹത്തിൻ്റെ ആജ്ഞയിൽ ആൻ്റണി സംഗീത സംവിധായകൻ തന്നെ പാടി വച്ച ട്രാക്ക് പ്ളേ ചെയ്യുന്നു. ഇടയ്ക്കെപ്പൊഴോ ട്രാക്കിൽ നിന്നും ജയേട്ടന്റെ സുപരിചിതമായ ശബ്ദം ലീക്ക് ചെയ്യുന്നു.
 
ദാസേട്ടൻ: "ഇത് ജയൻ വോയിസ് താനേ?"
 
സംഗീത സംവിധായകൻ (ഒന്ന് പരുങ്ങി) " ആമങ്കാ സാർ''
 
ദാസേട്ടൻ: "എനക്ക് എന്നുടെ സാതം പോതും " ( എനിക്കെൻ്റെ ശാപ്പാട് മതി )
 
അവിടെ പിന്നെ ദ്രുതഗതിയിൽ ഒരു സ്യൂട്ട് കേസ് അടയുന്ന ശബ്ദവും, ദാസേട്ടന്റെ  കാലടികൾ സ്റ്റുഡിയോവിന് വെളിയിലേക്ക് പോകുന്ന ശബ്ദവും മാത്രമേ കേട്ടുള്ളൂ എന്ന് ആന്റണി പറഞ്ഞപ്പോൾ ഞാൻ ചൂളി ചെറുതായി .
 
മുൻപേ പറന്ന പക്ഷികൾ, അവരുടെ വിസ്തീർണ്ണത്തിലുള്ള വർണ്ണച്ചിറകുകൾ വീശി, ലക്ഷ്യം കുറിച്ച്, ഔന്നത്യമുള്ള പാത തിരഞ്ഞെടുത്ത് പോയപ്പോഴും, ആ മര്യാദയും, ഒതുക്കവും, അച്ചടക്കബോധവും, പിൻപേ വന്ന തലമുറയ്ക്ക് നഷ്ടമായില്ലേ എന്ന് ഞാനുമോർത്തുപോയി . 
 
ദാസേട്ടന് ശതകോടി പ്രണാമം!
 

( വാൽക്കഷ്ണം: അങ്ങനെ അവസാനം ഈ തമിഴ് ഗാനം, അതിന്റെ പൂർവ്വ ചരിത്രമൊക്കെ അറിഞ്ഞതിന് ശേഷം, ഇവരുടെ തന്നെ തലമുറയിലെ മറ്റൊരു തമിഴ്, തെലുഗ്, കന്നഡയിലെ legendary singer വന്ന് പാടി, സന്തോഷമായി പ്രതിഫലവും വാങ്ങിപ്പോയി.)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top