26 April Friday

പി ജി ഭാഗീരഥി: പച്ചപ്പനംതത്തയുടെ പാട്ടുകാരി

ജി വേണുഗോപാല്‍Updated: Tuesday Sep 19, 2017

വിസ്മൃതിയിലായ ഗായകരെപ്പറ്റിയുള്ള പരമ്പരയില്‍ ആദ്യകാല ഗായിക പി ജി ഭാഗീരഥിയെപ്പറ്റി പ്രശസ്ത ഗായകന്‍ ജി വേണുഗോപാല്‍ എഴുതുന്നു

'പച്ച പനംതത്തേ പുന്നാര പൂമുത്തേ പുന്നെല്ലിന്‍ പൂങ്കരളെ' എന്ന ഗാനം പുതിയകാലത്തിന് ഒരുപക്ഷേ പരിചിതമായത് നോട്ടം എന്ന ചിത്രത്തില്‍ ആ പാട്ട് പാടികേട്ടപ്പോഴാകാം. പക്ഷേ അരനൂറ്റാണ്ടു മുമ്പ് ആ ഗാനത്തിന് മറ്റൊരു ശബ്ദമുണ്ടായിരുന്നു. പി ജി ഭാഗീരഥിയെന്ന അനുഗൃഹീത ഗായികയിലൂടെ അന്ന് കേരളത്തിലെ നാടകവേദികളില്‍ ആ ഗാനം നിറഞ്ഞു. മങ്ങുന്ന ഓര്‍മ്മകളോടും പാതി തളര്‍ന്ന ശരീരത്തോടും പൊരുതി കൊടുങ്ങല്ലൂരില്‍ വിശ്രമിയ്ക്കുന്ന ആ ഗായികയെ രണ്ടുവര്‍ഷം മുമ്പ് സന്ദര്‍ശിച്ചത് ഇന്നും ഓര്‍മ്മയില്‍ തിളങ്ങിനില്‍ക്കുന്നു.

ചെറുകാട് രചിച്ച നമ്മളൊന്ന് എന്ന നാടകത്തിലെ ആയിരുന്നു ആ ഗാനം. പൊന്‍കുന്നം ദാമോദരന്‍ രചിച്ചു പി.ജെ.ആന്റണി സംഗീതം പകര്‍ന്ന് ഭാഗീരഥി ടീച്ചര്‍ ആ പാട്ടുപാടുമ്പോള്‍ മറ്റൊരു സംഗീത വിസ്മയം കൂടി ഒപ്പമുണ്ടായിരുന്നു. സാക്ഷാല്‍ എം.എസ്.ബാബുരാജ്.പാട്ടിന് ഹാര്‍മോണിയത്തില്‍ ശ്രുതി മീട്ടിയത് അദ്ദേഹം . ഇരിങ്ങാലക്കുട കേന്ദ്രമായുള്ള കേരള കലാവേദിയാണ് നാടകം അരങ്ങിലെത്തിച്ചത്്. ആ പാട്ടിന് പിന്നീട് പല അവകാശികളും പലപ്പോഴായിരംഗത്തുവന്നെങ്കിലും സിലോണ്‍ റേഡിയോവില്‍ ഇപ്പോളും ഉള്ള പച്ചപനം തത്തയുടെ റെക്കോര്‍ഡ് ഭാഗീരഥി ടീച്ചറുടെതാണ്.    

ശാസ്ത്രീയ സംഗീതം അഭ്യസിച്ചാണ് ഭാഗീരഥി ടീച്ചര്‍ സംഗീത ലോകത്തെത്തിയത്. പ്രഗത്ഭ നാഗസ്വര വിദ്വാന്‍ നെല്ലിക്കല്‍ ഗോവിന്ദ പണിക്കര്‍ ആയിരുന്നു ഗുരു. എത്ര കാഠിന്യമുള്ള സംഗതി ആയാലും രണ്ടു തവണ പാടി കേട്ടാല്‍ ശിഷ്യ ഹൃദിസ്ഥമാക്കുമെന്നു ഗുരു എല്ലാവരോടും പറയാറുണ്ടായിരുന്നുവെന്ന് ടീച്ചര്‍ ഓര്‍മ്മിച്ചു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. എന്നാല്‍ പതിനാറാം വയസില്‍ കലാമണ്ഡലത്തില്‍ വച്ച് മഹാകവി വള്ളത്തോളിന്‍റെ സാന്നിധ്യത്തിലായിരുന്നു ഭാഗീരഥി ടീച്ചറുടെ ആദ്യ സമ്പൂര്‍ണ്ണ കച്ചേരി. കഴിഞ്ഞപ്പോള്‍ മഹാകവി അഭിനന്ദനമായി സ്വര്‍ണ മെഡല്‍ സമ്മാനിച്ചു. തുടര്‍ന്ന് ധാരാളം സംഗീത കച്ചേരികള്‍. ശാസ്ത്രീയ സംഗീതത്തിന്റെ ഈറ്റില്ലമായ തിരുവയ്യാറിലെ കച്ചേരി ഇന്നും ടീച്ചറുടെ മനസ്സില്‍ ദീപ്ത സ്മരണയാണ്. അനുവദിച്ച അഞ്ചു മിനുട്ടായിരുന്നു. പക്ഷേ പാടി തുടങ്ങിയപ്പോള്‍ സംഘാടകര്‍ എട്ടു മിനിറ്റു പാടികൊള്ളാന്‍ അനുമതി കിട്ടി.സംഗീതജീവിതത്തിന്റെ തുടക്കകാലത്ത് തോഡി ഭാഗീരഥി എന്ന് പേര് വീണു. തോഡി രാഗം ആലപിക്കുന്നതിലെ മികവാണ് ഈ പേര് നേടിക്കൊടുത്തത്.

ശാസ്ത്രീയ സംഗീതം കൊണ്ട് മാത്രം ജീവിക്കാനാകുമായിരുന്നില്ല. ജനപ്രിയമായ നാടകവേദിയിലെക്കും നൃത്തലോകത്തേക്കും കൂടി തിരിഞ്ഞു. കേരള കലാവേദി നാടക സംഘത്തിലാണ് ടീച്ചര്‍ ആദ്യമെത്തുന്നത്. അക്കാലത്ത് പ്രസിദ്ധമായ പച്ചപനംതത്തെ അടക്കം നിരവധി ഗാനങ്ങള്‍ സമിതിക്കു വേണ്ടി ആലപിച്ചു. പി.ജെ ആന്റണി , ബാബുരാജ്, പ്രേംജി, തുടങ്ങിയ പ്രമുഖര്‍ അന്ന് കലാവേദിയുടെ അരങ്ങഇലും പിന്നണിയിലുമുണ്ടായിരുന്നു. ……….

ഡല്‍ഹിയില്‍ ഇന്ദിരാഗാന്ധിയുടെ വസതിയില്‍ അവതരിപ്പിച്ച നൃത്തപരിപാടിക്ക് പാടിയ ടീച്ചറെ ഇന്ദിരാഗാന്ധി നേരിട്ട് അഭിനന്ദിച്ച ഓര്‍മ്മ ടീച്ചര്‍ അഭിമാനത്തോടെ പങ്കുവെച്ചു. കൊല്‍ക്കത്തയില്‍ നാടക സംഘത്തോടൊപ്പം എത്തിയ ടീച്ചറുടെ പാട്ട് കേട്ട് കെട്ടിപ്പുണര്‍ന്ന് അഭിനന്ദിച്ചത്് വി.കെ.കൃഷ്ണമേനോന്‍. അദ്ദേഹം പ്രത്യേകം പറഞ്ഞുവത്രേ, കേരളം വിട്ടു മദ്രാസിലെക്കു പോയി ഉയരങ്ങള്‍ കീഴടക്കാന്‍. സംഗീത സംവിധായകന്‍ ജി.ദേവരാജന്‍ മാഷ് ഭടീച്ചറെ കണ്ടാല്‍ ഒരു കീര്‍ത്തനെമെങ്കിലും പാടിക്കാതെ അയക്കുമായിരുന്നില്ല. സംഗീത സംവിധാനം ചെയ്തു കൂടെ എന്ന് മാഷുതന്നെ പലപ്പോഴും ചോദിച്ചിട്ടുണ്ട്. അതുപോലെ തന്നെ ദക്ഷിണാമൂര്‍ത്തി സ്വാമിയും.………… പക്ഷേ ടീച്ചര്‍ ആലാപനരംഗത്ത് ഉറച്ചുനിന്നു.

അരനൂറ്റാണ്ടോളം സംഗീതരംഗത്ത് സജീവമായിരുന്ന ഭാഗീരഥി ടീച്ചര്‍ ആകാശവാണിയിലെ എ ഗ്രേഡ് ആര്‍ടിസ്റ്റ് ആയിരുന്നു. കൊടുങ്ങല്ലൂരിനു സമീപമുള്ള സ്കൂളില്‍ സംഗീത അധ്യാപികയുമായി. 1985ല്‍ വിരമിച്ചു. ഭാഗീരഥി ടീച്ചറെ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നല്‍കി ആദരിച്ചു. അവിവാഹിതയായ ടീച്ചര്‍ ഇപ്പോള്‍ സഹോദരന്‍ കാളിദാസന്റെസംരക്ഷണയിലാണ്. 88 വയസ്സിന്റെ പരാധീനതകളെല്ലാമുണ്ട്. പന്ത്രണ്ടുവര്‍ഷമായി കാലുകള്‍ തകര്‍ന്ന് കിടപ്പിലാണ്.

2015 ഒക്ടോബറില്‍  ടീച്ചറെ കാണാനെത്തുമ്പോള്‍ ഒപ്പം ഫാന്‍സ് ക്ളബ്ബിലെ വിപിന്‍ ചന്ദ്രന്‍ ചേട്ടനും മണിയേട്ടനും വിനോദും ഉണ്ടായിരുന്നു. സംഗീതത്തിനും ശബ്ദ ഗാംഭീര്യത്തിനും ആത്മവീര്യത്തിനും ഒട്ടും ഉലച്ചില്‍ സംഭവിച്ചിരുന്നില്ല. ഓര്‍മ്മ ഇടയ്ക്കിടെ നിഴല്‍വീഴ്ത്തുമെങ്കിലും ഒരു മണിക്കൂറോളം ഞങ്ങളോട് ടീച്ചര്‍ സംസാരിച്ചു.  ആലപിക്കുമ്പോള്‍ ഓരോ രാഗത്തിന്റെയും സൂക്ഷ്മാംശങ്ങളിലേക്ക് ടീച്ചര്‍ അനായാസേന കയറിയിറങ്ങുന്നത് അദ്ഭുതത്തോടെ കേട്ടിരുന്നു.

ദുരനുഭവങ്ങളും നിസ്സംഗമായി ആരോടും പരിഭവം പ്രകടിപ്പിക്കാതെ ടീച്ചര്‍ ഓര്‍ത്തെടുത്തു. ഏകദേശം ആറു പതിറ്റാണ്ട് മുന്‍പ് ആകാശവാണി നിലയത്തില്‍ പാടാനെത്തിയപ്പോള്‍ പത്തു മിനുട്ട് വൈകി എന്ന കാരണത്താല്‍ തിരിച്ചയച്ച ഏതോ രാധാകൃഷ്ണന്‍ മാഷുടെ കാര്യമായിരുന്നു വേദനിപ്പിച്ച ഓര്‍മ്മകളിലൊന്ന്. ഞാന്‍ ആകാശവാണിയില്‍ ആയിരുന്നു എന്ന ഓര്‍മ്മ ശേഷിക്കുന്നതുകൊണ്ടാകാം ആ രാധാകൃഷ്ണന്‍ ഞാനാണെന്ന ചിന്തയില്‍ ഇടയ്ക്കിടെ ടീച്ചര്‍ ആ സംഭവം ആവര്‍ത്തിച്ചിരുന്നു. ഒന്നു രണ്ടു തവണ ആ വ്യക്തി ഞാനല്ല എന്ന് പറഞ്ഞുവെങ്കിലും പിന്നീട് ഞാന്‍ ടീച്ചറെ തിരുത്താന്‍ ശ്രമിച്ചില്ല. രാധാകൃഷ്ണന്‍ ചെയ്ത തെറ്റ് ഞാന്‍ ഏറ്റെടുത്തു. തന്നെ പണ്ട് വേദനിപ്പിച്ച രാധാകൃഷ്ണന്‍ പരാജയം സമ്മതിച്ചു തന്‍റെ വീട്ടിലെത്തിയിരിക്കുന്നു എന്ന് അറിഞ്ഞതുകൊണ്ടാകണം പിന്നീട് മടങ്ങുന്നതുവരെ എന്നെ രാധാകൃഷ്ണനായി ടീച്ചര്‍ കണ്ടില്ല. എന്റെ വരവുകൊണ്ട് ഇത്ര കാലം മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു വൈരാഗ്യത്തില്‍ നിന്ന് ടീച്ചര്‍  മുക്തയായതായി തോന്നി.

 ഇറങ്ങും മുമ്പ് എന്നോട് ഒരു പാട്ടു പാടാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു. സത്യം പറഞ്ഞാല്‍ ഞാന്‍ ഒന്ന് പകച്ചു. 'സംഗീത സമുദ്രത്തിന്‍റെ മുന്നില്‍ പകച്ചു നില്‍ക്കുന്ന കുട്ടി' എന്നൊക്കെയുള്ള സിനിമാഡയലോഗ് ആണ് ഓര്‍മ്മ വന്നത്. പാടൂ, എന്ന ടീച്ചറുടെ ആജ്ഞയില്‍ പാടി.  ചലച്ചിത്ര ഗാനങ്ങളൊഴിവാക്കി സദാശിവ ബ്രഹ്മേന്ദ്രരുടെ ഒരു കീര്‍ത്തനം. പിബരേ രാമരസം. രസനെ പിബരേ രാമരസം. ജനന മരണ ഭയ ശോക വിദൂരം. കുറച്ചു നിശബ്ദതക്ക് ശേഷം ടീച്ചര്‍ എന്റെ കയ്യ് തപ്പിപിടിച്ചു പറഞ്ഞു: 'അസ്സലായി പാടി'. 

ജി.വേണുഗോപാല്‍ ഫാന്‍സ് ക്ളബ്ബിന്റെ വകയായുള്ള ധനസഹായം ദക്ഷിണയായി ടീച്ചര്‍ക്ക് സമര്‍പ്പിച്ചു.  ടീച്ചറുടെ നെറ്റിയില്‍ ഒരു ചുംബനം കൂടി നല്‍കി പടിയിറങ്ങുമ്പോള്‍ ഓര്‍ത്തു: സംഗീതവും മനുഷ്യ മനസും ഒരുപോലെയാണ്. ആര്‍ക്കും പിടി കൊടുക്കില്ല. എന്നും അദ്ഭുതം മാത്രം അവശേഷിപ്പിക്കും. എന്നും അതിജീവിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top