12 July Saturday

കാലമാം കാവേരി പാടുന്നു പിന്നെയും; ഗായകൻ ജി വേണുഗോപാൽ ആകാശവാണിക്കാലത്തെ ഓർമകളിലൂടെ...

ജി വേണുഗോപാൽ/ ഡോ. എം ഡി മനോജ്Updated: Monday Oct 16, 2023

ജി വേണുഗോപാൽ - ഫോട്ടോ എ കെ ബിജുരാജ്‌

ആകാശവാണി എന്ന ഹരിത വനത്തിന്റെ കുളിർച്ഛായയിൽ ഇളവേൽക്കാതെ പോയ കലാകാരൻമാർ കേരളത്തിൽ കുറവാണ്. കവികളും സംഗീതസംവിധായകരും ഗായകരുമെല്ലാം ഈ വസന്താവതാര സമയത്ത് അവരുടെ സർഗാത്മക സാഫല്യം കണ്ടറിഞ്ഞവരാണ്. സംഗീതത്തിന്റെ സഹസ്രകമലദളങ്ങൾ വിടർത്തിയ ആകാശവാണിക്കാലത്തെ ഓർത്തെടുക്കുകയാണ് ഗായകൻ ജി വേണുഗോപാൽ.

ജി വേണുഗോപാൽ

ജി വേണുഗോപാൽ

ആകാശവാണിയുടെ ശാലീനവും രമണീയവുമായ ഋതുകാലങ്ങൾ അതിന്റെ ലളിതഗാനസംസ്കൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ആകാശവാണി എന്ന ഹരിത വനത്തിന്റെ കുളിർച്ഛായയിൽ ഇളവേൽക്കാതെ പോയ കലാകാരൻമാർ കേരളത്തിൽ കുറവാണ്. കവികളും സംഗീതസംവിധായകരും ഗായകരുമെല്ലാം ഈ വസന്താവതാര സമയത്ത് അവരുടെ സർഗാത്മക സാഫല്യം കണ്ടറിഞ്ഞവരാണ്.

സംഗീതത്തിന്റെ സഹസ്രകമലദളങ്ങൾ വിടർത്തിയ ആകാശവാണിക്കാലത്തെ ഓർത്തെടുക്കുകയാണ് ഗായകൻ ജി വേണുഗോപാൽ. ആകാശവാണി പകർന്നുതന്ന പാട്ടിന്റെ അപൂർവ്വാനുഭൂതിമുദ്രകളെക്കുറിച്ചും വേണുഗോപാൽ സംസാരിക്കുന്നു. 

? ബാല്യകാലത്തെ റേഡിയോ അനുഭവം എങ്ങിനെയായിരുന്നു. പാട്ടിന്റെ ലോകത്തേയ്‌ക്ക്‌ എത്തിപ്പെടാൻ റേഡിയോ എത്രമാത്രം   സഹായകമായിട്ടുണ്ട്‌.

= ഒരു റേഡിയോ യുഗം തന്നെയാണ്‌  എന്റെ കുട്ടിക്കാലം എനിക്ക്‌ സമ്മാനിച്ചത്‌. റേഡിയോയും,  അപൂർവമായി  തീയേറ്ററിൽ  പോയി കണ്ട സിനിമകളുമാണ്‌   അക്കാലത്തെ ദീപ്‌തമായ  ഓർമ്മകൾ. വീട്ടിൽ സ്വീകരണമുറിയിൽ, കുട്ടികൾക്ക് സ്പർശിക്കാനാവാത്ത ഉയരത്തിൽ ഒരു പീഠത്തിൽ വിലസുന്ന മർഫി റേഡിയോ. അതിനടുത്തു തന്നെ ഒരു കസേരയിൽ വലിഞ്ഞുകയറി തറയിൽ എത്താത്ത കുഞ്ഞിക്കാലുകളും ആട്ടി അങ്ങനെ റേഡിയോ കേട്ടിരിക്കുക, അതായിരുന്നു അന്നത്തെ ഞാൻ.

ഇതിനെ കുറിച്ച്‌ മുമ്പ്‌ ഞാൻ ഫെയ്‌സ്‌ബുക്കിൽ ഒരു കുറിപ്പിട്ടിരുന്നു. പാട്ടുകൾ കേട്ട് കേട്ട് പാട്ടുകാരായവർ തന്നെയാണ് എന്റെ തലമുറയിലെ ഭൂരിഭാഗം പേരും. മറുനാട്ടിലെയും നമ്മുടെ നാട്ടിലെയും മലയാളികളെ സ്വന്തം വീട്ടു മുറ്റവും ജനിച്ചു വളർന്ന സാഹചര്യങ്ങളുമായിണക്കുന്നത് പലപ്പോഴും റേഡിയോ ഗാനങ്ങളാണെന്നു തോന്നാറുണ്ട്.

റേഡിയോ യുഗത്തിലെ ഗായകരിൽ, ഉള്ളിൽ തറഞ്ഞു പോയ ശബ്ദവും രൂപവുമുള്ള  രണ്ടു ഗായകർ ദാസേട്ടനും  ,ജയേട്ടനും തന്നെയാണ്. വിണ്ണിലെ രണ്ടു സംഗീത താരകങ്ങൾ. ഹിന്ദി ഗായകരിൽ തലത്, റാഫി,

ജി വേണുഗോപാൽ  ഫോട്ടോ: പി  ദിലീപ്‌ കുമാർ

ജി വേണുഗോപാൽ ഫോട്ടോ: പി ദിലീപ്‌ കുമാർ

മന്നാഡേ, മുകേഷ്, ഇവരെയൊക്കെ ഇഷ്ടമാണെങ്കിലും ദാസേട്ടനും  ,ജയേട്ടനും പകർന്നു നൽകിയ സംഗീത പരമാനന്ദ രസം അത്ര എളുപ്പം  എഴുതി ഫലിപ്പിക്കാൻ പറ്റില്ല.

അതുള്ളിൽ കുരുത്തു ചിറകുവച്ചു പാറിപ്പറക്കാൻ തുടങ്ങിയപ്പോൾ, ഒരു നാൾ ഞങ്ങളിൽ പലരും പാടിത്തുടങ്ങി. ഇവർ സൃഷ്‌ടിച്ച പാട്ടിന്റെ പാലാഴിക്കരയുടെ തീരത്തുകൂടെ സഞ്ചരിക്കുമ്പോൾ, ഞങ്ങളിൽ പലർക്കും ഒന്ന് മുങ്ങി നിവരണമെന്നു തോന്നി. അങ്ങനെ ഞങ്ങളും പ്രൊഫഷണൽ ഗായകരായി അറിയപ്പെട്ടു തുടങ്ങി.

ആറാം സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ ജയേട്ടന്റെ ഗാനമേള വീട്ടിനു തൊട്ടടുത്തുള്ള വിമൻസ് കോളേജിൽ നടക്കുന്നതറിഞ്ഞു.  വീട്ടിൽ നിർബ്ബന്ധം പിടിച്ചു അവരുടെ കൂടെ വിമൻസ് കോളേജിൽ ജയേട്ടന്റെ ഗാനമേളയ്ക്കു പോയ മധുരസ്മരണകൾ ഇന്നും മറക്കില്ല   സ്റ്റേജിൽ വർണശബളമായ അരക്കയ്യൻ ഷർട്ടും പാന്റും അണിഞ്ഞു  ജയേട്ടൻ പാടിത്തുടങ്ങുന്നു, “ശ്രീശബരീശ ” എന്ന ഭക്തിഗാനത്തോടെ. അങ്ങനെ എന്റെ ഇഷ്ടഗാനങ്ങൾ പലതും ജയേട്ടൻ ഓരോന്നായി പാടുന്നു, മഞ്ഞലയിൽ മുങ്ങിത്തോർത്തീ, ഹർഷബാഷ്പം തൂകീ, സന്ധ്യക്കെന്തിനു സിന്ദൂരം,  ചില തമിഴ് ഗാനങ്ങൾ.

ഒന്നിനുമല്ലാതെ വെറുമൊരു അഭിനിവേശത്തിൽ  പാട്ടുകൾ വീണ്ടും വീണ്ടും കേട്ടിരുന്ന ഞാൻ, ഒരു സിനിമാപാട്ടു പോലും പാടാൻ സാധിക്കുമെന്ന് സ്വപ്നംപോലും കണ്ടിട്ടില്ലാത്ത ഞാൻ, ഒരു പ്രായത്തിൽ പെട്ടെന്ന് പാടി തുടങ്ങി, അറിയപ്പെടാനും  , കുറേശ്ശേ കുറേശ്ശെയായി. ഇപ്പോഴും കുട്ടിക്കാലത്തെ  ചില നിഷ്കളങ്ക വിഢിത്തങ്ങളോർത്തു പോകാറുണ്ട്. സിനിമയിൽ പ്രേംനസീർ പാടുന്നു. യേശുദാസും പാടുന്നു.

ഇതെന്തു  മായാജാലം? എന്റെ ബലമായ വിശ്വാസം ഇത് നസീർ തന്നെയാണെന്നായിരുന്നു. പക്ഷേ ഈ യേശുദാസ്—ഇയാൾ ശരിക്കെന്താ ചെയ്യുന്നത്? മുതിർന്നവർ അത് സ്റ്റുഡിയോ റെക്കോർഡഡ് ആണെന്ന് പറയുമ്പോഴും എന്ത്

യേശുദാസ്

യേശുദാസ്

സ്റ്റുഡിയോ, എന്ത് റെക്കോർഡിങ്, എന്നൊക്കെ മനസ്സിലായി തുടങ്ങിയത് പിന്നെയും കുറച്ചുകൂടി കഴിഞ്ഞായിരുന്നു. ബാലലോകത്തിൽ വഴുതക്കാട് ലക്കി സ്റ്റാർ റേഡിയോ ക്ലബ്ബിന്റെ ഭാഗമായി ആകാശവാണിയിൽ പോയി തുടങ്ങിയപ്പോഴാണ് ഒരേകദേശ ധാരണ കിട്ടിയത്. അന്ന് മുതൽ  ഇന്നുവരെ ഞാൻ പാട്ടുകാരെ മാത്രം ഇഷ്ടപ്പെട്ടു തുടങ്ങി.  

ഈ വേളയിൽ, ഒരു സംഗീതവിസ്മയമായി തിളങ്ങുന്ന ഗായകനാണ് ജയേട്ടൻ. ശബ്ദത്തിലെ യുവത്വവും  , ഗാനങ്ങളുടെ രചനയും, അവയുടെ സൃഷ്ടാക്കളെ ഓർത്തെടുക്കുന്നതിലുള്ള ശ്രദ്ധയും  , അവ അതി മനോഹരമായാലപിക്കുന്നതിലും ജയേട്ടനുള്ള വൈഭവം എടുത്തു പറയാതെ വയ്യ! ഒരു ഗാനം ശ്രദ്ധിച്ചു കേട്ട്, അതിഷ്ടപ്പെട്ടു പാടിയാൽ ഇന്നും ജയേട്ടൻ ആ ഗാനത്തിന്റെ ഭാവതലങ്ങളെ പുൽകിയ പോൽ മറ്റൊരു ഗായകനുമാകില്ലെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.  സ്വന്തം ഗാനങ്ങൾ മാത്രമല്ല, മറ്റുള്ള ഗായകരുടെ ഗാനങ്ങൾ ജയേട്ടൻ പാടുമ്പോൾ, ആ ഒറിജിനൽ ഗാനത്തിൽ നിന്നും പലയാവർത്തി മാധുര്യമൂറും പോലെ എനിക്കു തോന്നിയിട്ടുണ്ട്‌.

പി ജയചന്ദ്രൻ

പി ജയചന്ദ്രൻ

തലത്, റാഫി, മുകേഷ്, ലത മങ്കേഷ്‌കർ, ആശ ഭോൺസ്ലെ, യേശുദാസ്, തുടങ്ങി എത്രയെത്ര ക്ലാസിക് ഗായകരുടെ ഗാനങ്ങളെയാണ് സ്വകാര്യ നിമിഷങ്ങളിൽ ജയേട്ടൻ അവിസ്മരണീയമാക്കിയിരുന്നത്!  
ദാസേട്ടൻ,അന്നുമിന്നും അങ്ങ് ദൂരെ വിണ്ണിൻ സംഗീത നഭസ്സിൽ ഒരപ്രാപ്യതാരമായ്  മിന്നുന്നു. ജയേട്ടൻ എന്ന ഹൃദയരാഗങ്ങളുടെ ചൈതന്യനക്ഷത്രം പലപ്പോഴും ഭൂമിയിലേക്കിറങ്ങി വന്നു ഒരു മുതിർന്ന സഹോദരനെപ്പോലെ തോളത്തു കയ്യിട്ടു, കുശലമന്വേഷിച്ചു, പാട്ടുപാടിതരാറുണ്ട്.

ഒരിക്കൽ ഏതാനും വർഷങ്ങൾക്ക്‌  മുൻപ് തൊണ്ട സുഖമില്ലാതെ പാട്ടുകാരെല്ലാം ഇടയ്ക്കിടയ്ക്ക് പുലർത്തുന്ന വോയിസ് റസ്റ്റ് എന്ന ഏർപ്പാടിൽ ഞാൻ നിശ്ശബ്ദനായിരിക്കുമ്പോൾ ജയേട്ടൻ വിളിച്ചു. രണ്ടേരണ്ടു വാചകങ്ങൾ. “നീ  ഒരു വെള്ളിയോടക്കുഴൽ നേരു, ഗുരുവായൂരപ്പന്. എത്രയും വേഗം അതവിടെപ്പോയി സമർപ്പിക്കു”!! പെട്ടെന്ന് ഞാൻ അറുപതുകളിലെ ഞങ്ങളുടെ വീട്ടിലെ ഉയർന്ന പീഠത്തിൽ നിന്ന് പാട്ടു കേൾക്കുന്ന മർഫി റേഡിയോക്കു മുന്നിൽഒരു തടി

മകൻ അരവിന്ദ്‌, ഭാര്യ രശ്‌മി, മകൾ അനുപല്ലവി എന്നിവർക്കൊപ്പം ജി വേണുഗോപാൽ

മകൻ അരവിന്ദ്‌, ഭാര്യ രശ്‌മി, മകൾ അനുപല്ലവി എന്നിവർക്കൊപ്പം ജി വേണുഗോപാൽ

സ്റ്റൂളിൽ തറയിൽ എത്താത്ത കുഞ്ഞിക്കാലുകൾ ആട്ടിയിരിക്കുന്ന കുട്ടിയായി മാറി.

റേഡിയോയിൽ നിന്നലയടിക്കുന്നു ജയേട്ടന്റെ ശബ്ദം…”മരുഭൂമിയിൽ മലർ വിരിയുകയോ…എൻ മനസ്സിൽ സ്വപ്നം വിടരുകയോ…” പൊടുന്നനെ വർണ്ണശബളമായ വസ്ത്രങ്ങളണിഞ്ഞ ഗായകൻ ചെത്തിമിനുക്കിയ താടിയുമായി റേഡിയോയിൽ നിന്നിറങ്ങി വന്നെന്നെ തഴുകി, കുശലമന്വേഷിച്ചു റേഡിയോയുടെ ശബ്ദവീചികളിലേയ്ക്ക് തന്നെ ലയിച്ചു ചേർന്നു!  .ഇതൊക്കെയാണ്‌റേഡിയോ എനിക്ക്‌ സമ്മാനിച്ച അപൂർവ സുന്ദരരാഗ നിമിഷകങ്ങൾ

? ആകാശവാണിയുമായുള്ള ബന്ധം തുടങ്ങുന്നതെപ്പോഴാണ്?

= എന്റെ അമ്മയുടെ രണ്ട് ചേച്ചിമാർ ആകാശവാണിയിലുണ്ടായിരുന്നു. ഏതാണ്ട്‌ 4 വയസ്സ് പ്രായമുള്ള കൊച്ചുകുട്ടിയായി ഞാൻ അവരുടെ കൈപിടിച്ച് ആകാശവാണിയുടെ മുകളിലെ നിലയിൽ എത്തിയ ഒരോർമ ഇപ്പോഴുമെന്നിലുണ്ട്.

അച്ഛൻ ആർ ഗോപിനാഥൻ നായർ, അമ്മ സരോജിനി, സഹോദരി രാധിക  എന്നിവർക്കൊപ്പം ജി വേണുഗോപാൽ

അച്ഛൻ ആർ ഗോപിനാഥൻ നായർ, അമ്മ സരോജിനി, സഹോദരി രാധിക എന്നിവർക്കൊപ്പം ജി വേണുഗോപാൽ

അവിടെ “ചവിട്ടുമ്പോൾ കരയുന്ന പടികൾ” ഉണ്ടായിരുന്നു. അതിലായിരുന്നു എന്റെ കൗതുകം. മുകളിലെ നിലയിൽ കഥകളി പഠിപ്പിക്കുന്നത് കാണാനായിരുന്നു പടികൾ കയറിയത്.

അവിടെ ചെന്ന നേരം “ഇത് അനിയത്തി സരോജിനിയുടെ മകൻ വേണു”വാണെന്ന് വല്യമ്മ ഒരാളോട് പറയുന്നത് കേട്ടു. അയാൾ പറഞ്ഞു “മോനേ ഇവിടെ ഈ മുറിയിൽ പ്രേതമുണ്ട്.സി പി രാമസ്വാമി അയ്യരുടെ പ്രേതം. എന്റെ കുഞ്ഞുമനസ്സിൽ ഭീതിനിറഞ്ഞു. സ്റ്റേഷൻ ഡയറക്ടർ ഇരുന്നിരുന്ന മുറി കാണിച്ചുതന്നു അദ്ദേഹം. പിറകിൽ അപ്പോൾ ദുശ്ശാസനവധം കഥകളി നടക്കുകയായിരുന്നു. പ്രധാന നടൻ ആളുകൾക്കിടയിലൂടെ കുടൽമാലയെടുത്തു നടക്കുന്നതുപോലെ അഭിനയിച്ച നേരം ഞാൻ പേടിച്ചുകരഞ്ഞു.

അതായിരുന്നു ആകാശവാണിയിലേക്കുള്ള എന്റെ ആദ്യ പ്രവേശനം. പിന്നീട് 1990ൽ ഞാൻ അവിടെ അതേ മുറിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി ജോലിയിൽ പ്രവേശിച്ചുവെന്നത് ജീവിതത്തിലെ മറ്റൊരു നിയോഗം.

എം ജി  രാധാകൃഷ്ണൻ

എം ജി രാധാകൃഷ്ണൻ

? കുട്ടിക്കാലത്ത് ഏതൊക്കെ പരിപാടികളിൽ പങ്കെടുക്കാനാണ് ആകാശവാണിയിലെത്തിയിരുന്നത്?

= തിരുവനന്തപുരം വഴുതക്കാട് ലക്കിസ്റ്റാർ എന്നൊരു ക്ലബ്ബുണ്ടായിരുന്നു. കുട്ടികൾക്കായി ചില പരിപാടികൾ അവിടെ സംഘടിപ്പിക്കുമായിരുന്നു. ആകാശവാണിയിലെ ബാലലോകത്തിൽ പരിപാടികൾ അവതരിപ്പിക്കുന്നത് അങ്ങനെയാണ്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ധ്രുവചരിതം എന്ന സംഗീതശിൽപത്തിൽ പങ്കെടുത്തത് ഓർമയിലുണ്ട്. അതിൽ ധ്രുവൻ ഞാനായിരുന്നു. സംഗീതം എം ജി  രാധാകൃഷ്ണൻ ചേട്ടൻ.

പതിനൊന്ന് വയസ്സുള്ള എനിക്ക് അവിടെ പാടാൻ അന്ന് ചെറിയൊരു ഓഡിഷൻ കമ്മിറ്റിയുണ്ടാക്കി. ചേർത്തല ഗോപാലൻ നായർ സർ, ബി ശശികുമാർ സർ, ടി

പെരുമ്പാവൂർ ജി രവീന്ദ്രനാഥ്

പെരുമ്പാവൂർ ജി രവീന്ദ്രനാഥ്

പി രാധാമണിച്ചേച്ചി, മടവൂർ വാസുദേവൻ നായർ സർ എന്നിവരൊക്കെ അതിലുണ്ടായിരുന്നു. പതിനാല് വയസ്സ് പ്രായമുള്ളപ്പോൾ തിരുവനന്തപുരം മോഡൽ സ്കൂളിൽ നിന്ന് ക്ലാസിക്കലും ലളിതസംഗീതവും പാടാൻ എന്നെ തെരഞ്ഞെടുക്കുകയുണ്ടായി.

അഭിനയിക്കാൻ പലപ്പോഴും ലാലു (മോഹൻലാൽ)വുമുണ്ടാകും. അന്നത്തെ ഞങ്ങളുടെ ഹെഡ്മാസ്റ്റർ സുകുമാരൻ നായർ സർ ആയിരുന്നു. “പിബരേ രാമരസം” എന്ന കീർത്തനമായിരുന്നു ഞാനന്ന് മത്സരത്തിൽ പാടിയത്. ഹെഡ്മാസ്റ്റർക്ക് പാട്ടിനോട് വലിയ അടുപ്പമില്ലായിരുന്നു. “ആമരസം” എന്ന് അദ്ദേഹം കളി പറയും. ലാൽ ഇടയ്ക്കിടയ്ക്ക് എന്നെ കാണുമ്പോൾ“ആമരസം” എന്ന് നർമം പറയുമായിരുന്നു.

പിന്നീട് ഞാൻ “ഒന്നുമുതൽ പൂജ്യം വരെ”യിലെ പാട്ടുകൾ പാടിയ ശേഷം അക്കൊല്ലത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്ക് പോയി. കെ പി ഉദയഭാനുവിന്റെ നേതൃത്വത്തിൽ ഞാനും ചിത്രയുമടങ്ങന്ന ഗ്രൂപ്പിന്റെ ഗാനമേള ഉണ്ടായിരുന്നു.

സ്റ്റേജിന്റെ പിറകിൽ മോഹൻലാലും കവിയൂർപൊന്നമ്മ ചേച്ചിയുമൊക്കെ ഉണ്ടായിരുന്നു. ലാലേട്ടൻ എന്നെ നോക്കുന്നു. ഞാൻ

കെ പി ഉദയഭാനു

കെ പി ഉദയഭാനു

അദ്ദേഹത്തെ നോക്കുന്നു. ഞാൻ മടിച്ചു മടിച്ചു അടുത്തുചെന്ന് ഓർമയുണ്ടോ എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം “പിബരെ ആമരസം” എന്ന് പറഞ്ഞ് ചിരിച്ചതോർമയുണ്ട്.

? അക്കാലത്തെ തിരുവനന്തപുരം ആകാശവാണിയിലെ കലാകാരൻമാരെ ഓർക്കുന്നുണ്ടോ?

 = തിരുവനന്തപുരം ആകാശവാണി നിലയം കലാകാരൻമാരുടെ സർഗാത്മക നിലയം കൂടിയായിരുന്നു. പ്രതിഭാധനരായ ഒട്ടേറെ കലാകാരന്മാരുടെ സാന്നിധ്യം അവിടെയുണ്ടായിരുന്നു. എം ജി രാധാകൃഷ്ണൻ, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, കെ പി  ഉദയഭാനു, രത്നാകരൻ, ബി ശശികുമാർ, തബലയിൽ കരമന മണി, പുല്ലാങ്കുഴലിൽ കെ എസ് ഗോപാലകൃഷ്ണൻ, വീണയിൽ

സുജാത

സുജാത

ഗോമതിയമ്മാൾ, ഗിറ്റാറിൽ എസ് എ സ്വാമി... അങ്ങനെ നീളുന്നു ആ നിര.

? ലളിതഗാന മേഖലയിലേക്ക് വരുന്നതിൽ ആകാശവാണിയ്ക്കുള്ള പങ്കെന്തായിരുന്നു?

 = പതിനെട്ടുവയസ്സ് തികഞ്ഞതോടെ ആകാശവാണി സുഗമസംഗീത മത്സരത്തിൽ വിജയിയായി. തിരുവനന്തപുരം ആകാശവാണിയിൽ റെക്കോർഡ് ചെയ്ത് ഡൽഹിയിലേക്ക് അയച്ചുകൊടുത്ത് അവിടെനിന്ന് വിധികർത്താക്കൾ വിജയികളെ നിർണയിക്കുന്നതായിരുന്നു രീതി. ഘനശ്യാമസന്ധ്യാഹൃദയം, മോഹം നീലത്താമര, യമുനേ സ്വരരാഗഗായികേ എന്നിങ്ങനെയുള്ള പാട്ടുകൾ ആണ് ഞാൻ പാടിയത്. സുഗമസംഗീത വിജയിയായി മാറിയതോടെ ആകാശവാണിയിൽ ലളിതഗാന പരിപാടികളിൽ കൂടുതൽ സജീവമാകാൻ തുടങ്ങി.

? ആകാശവാണിയിലെ ലളിതഗാനപരിപാടികളിൽ സജീവമായ കാലത്തെ കുറിച്ച്?

ബിച്ചു തിരുമല

ബിച്ചു തിരുമല

 = എന്റെ ബന്ധുവായ ബേബിസുജാത (ഗായിക സുജാത)യെ യൂത്ത്ഫെസ്റ്റിവലിന് വേണ്ടി പെരുമ്പാവൂർ രവിച്ചേട്ടൻ (പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്) യമുനേ സ്വരരാഗഗായികേ എന്ന ഗാനം പഠിപ്പിച്ചത് ഞാൻ കേട്ടുപഠിച്ചത് ഇന്നും ഞാനോർക്കുന്നു. പിന്നീട് “ജയദേവകവിയുടെ”എന്ന പാട്ടൊക്കെ നിരവധി തവണ ഞാൻ ആകാശവാണിക്ക് വേണ്ടി ആവർത്തിച്ച് പാടിയിരുന്നു. എം ജി  രാധാകൃഷ്ണൻ ചേട്ടന്റെയും പെരുമ്പാവൂർ രവിച്ചേട്ടന്റെയുമൊക്കെ ലളിതഗാനങ്ങൾ ഏറെയും ആകാശവാണിക്ക് വേണ്ടി പാടിയത് ഞാനായിരുന്നു.

? ആകാശവാണിയിൽ അക്കാലത്ത് സിനിമയിൽ സജീവമായ കലാകാരൻമാർ സാന്നിധ്യമറിയിക്കാറുണ്ടായിരുന്നുവോ?

 =  തീർച്ചയായും, എത്രയോ കലാകാരൻമാർ. പി ഭാസ്കരൻമാഷ്, കാവാലം,

പൂവച്ചൽ ഖാദർ

പൂവച്ചൽ ഖാദർ

ശ്രീകുമാരൻ തമ്പി, ഒ എൻ വി, ബിച്ചു തിരുമല, പൂവച്ചൽ ഖാദർ എന്നിവരുടെയെല്ലാം വരികൾക്ക് സംഗീതം പകർന്ന് ആകാശവാണിയിൽനിന്ന് പ്രക്ഷേപണം ചെയ്തിരുന്നു. അതിൽ പല പാട്ടുകളും പാടാൻ എനിക്ക് ഭാഗ്യവും അവസരവും ഉണ്ടായിട്ടുണ്ട്. എം ജി  രാധാകൃഷ്ണൻ ചേട്ടനും പെരുമ്പാവൂർ രവിച്ചേട്ടനും ഉദയഭാനു ചേട്ടനുമെല്ലാമായിരുന്നു ഇവരുടെയെല്ലാം വരികൾക്ക് പ്രധാനമായും സംഗീതം നിർവഹിച്ചത്.

ആകാശവാണിയുടെ എല്ലാ വർഷവും നടക്കുന്ന ക്ഷണിക്കപ്പെട്ട സദസ്സുകളിൽ ആ ഗാനങ്ങളെല്ലാം വീണ്ടും പാടാൻ അവസരം ലഭിക്കാറുണ്ട്. അന്നത്തെ സിനിമാഗാനങ്ങൾക്കുള്ളതോ അതിനപ്പുറമോ ഉള്ള ഒരു ജനകീയത ഈ ലളിതഗാനങ്ങൾക്കെല്ലാമുണ്ടായിരുന്നു.

?  അക്കാലത്ത് പാടിയ ലളിതഗാനങ്ങൾ ഓർമയിലുണ്ടോ?

ശ്രീകുമാരൻ തമ്പി

ശ്രീകുമാരൻ തമ്പി

= എന്റെ സംഗീതജീവിതത്തിന്റെ ആരംഭകാലങ്ങളിൽ എന്നിലെ ഗായകനെ രൂപപ്പെടുത്തിയതിൽ ലളിതഗാനങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. അക്കാലത്തെ ഏറ്റവും മികച്ച ലളിതഗാനങ്ങൾ പാടാൻ എനിക്ക് കിട്ടിയ അവസരത്തിന് ഞാൻ കാലത്തോട് നന്ദി പറയുകയാണ്. തേനരുവിക്കരയിൽ (കാവാലം‐എം ജി രാധാകൃഷ്ണൻ), കാലമാം കാവേരി (പി കെ ഗോപി‐പെരുമ്പാവൂർ ജി  രവീന്ദ്രനാഥ്), മിണ്ടാതെ പോകുന്ന (ശ്രീകുമാരൻ തമ്പി‐ എം ജി രാധാകൃഷ്ണൻ), വേദത്തിലും ശ്രീരാഗത്തിലും (രമേശൻനായർ‐പെരുമ്പാവൂർ ജി രവീന്ദ്രനാഥ്) ഇന്നു പൊന്നോണമെൻ (ഒ എൻ വി‐ എം ജി രാധാകൃഷ്ണൻ), താമരക്കൈകളാൽ (രമേശൻനായർപെരുമ്പാവൂർ ജി രവീന്ദ്രനാഥ്) വസന്താവതാരസമയമിതേ (കാവാലം‐പെരുമ്പാവൂർ ജി രവീന്ദ്രനാഥ്) നിളാനദിയുടെ നിർമ്മലതീരം (പി കെ ഗോപി‐പെരുമ്പാവൂർ ജി രവീന്ദ്രനാഥ്) സഹസ്രകമലദളങ്ങൾ വിടർന്നു ജയദേവകവിയുടെ (പൂവച്ചൽഎം ജി രാധാകൃഷ്ണൻ)

കാവാലം

കാവാലം

നിറംചാർത്തി വിടരുമെൻ (പി കെ  ഗോപി‐ പെരുമ്പാവൂർ ജി രവീന്ദ്രനാഥ്) അഷ്ടപദീലയം (കളർകോട് ചന്ദ്രൻ‐ എം ജി  രാധാകൃഷ്ണൻ) മണിമുകിൽയവനിക (രവീന്ദ്രൻ ചെന്നിലോട് ‐ പെരുമ്പാവൂർജി രവീന്ദ്രനാഥ്) നിനക്കോർമ്മയുണ്ടോ (പി കെ ഗോപി ‐പെരുമ്പാവൂർജി രവീന്ദ്രനാഥ്) ജനുവരി പ്രിയസഖി (രമേശൻ നായർ ‐പെരുമ്പാവൂർ ജി രവീന്ദ്രനാഥ്) അമ്പലപ്പുഴ കൃഷ്ണൻ (തകഴി ശങ്കരനാരായണൻ‐പെരുമ്പാവൂർ ജി രവീന്ദ്രനാഥ്) പ്രാണസഖീ നിൻ മടിയിൽ (പി ഭാസ്കരൻ‐ എം ജി രാധാകൃഷ്ണൻ) രാധേനിന്നെയുണർത്താൻ(പൂവച്ചൽ ഖാദർ ‐ തിരുവിഴ ശിവാനന്ദൻ) രാധാമാധവ സങ്കൽപത്തിൻ (പൂവച്ചൽ‐എം ജി  രാധാകൃഷ്ണൻ), രാമഗിരിയുടെ താഴ്വരയിൽ (പി ഭാസ്കരൻ‐ജോസ്), കായാമ്പൂ മിഴികളിൽ (രവീന്ദ്രൻ ചെന്നിലോട്‐ കെ പി  ഉദയഭാനു) അങ്ങനെ എത്രയെത്ര പാട്ടുകൾ.

? എങ്ങനെയൊക്കെയായിരുന്നു ആകാശവാണി ലളിതഗാനങ്ങളുടെ ചിട്ടപ്പെടുത്തൽ രീതികൾ?

= വരികൾ കിട്ടിയാൽ അത് സംഗീതസംവിധായകൻ കംപോസ്‌ചെയ്ത് നമ്മെ പരിശീലിപ്പിക്കുന്നതായിരുന്നു പതിവ്. എം ജി  രാധാകൃഷ്ണൻ, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, കെ പി ഉദയഭാനു എന്നിവരൊക്കെ അങ്ങനെയാണ് ചെയ്യാറ്. ആകാശവാണി ലളിതഗാന റെക്കോർഡിങ്ങിൽ പാട്ട് ഒരു പല്ലവി, ഒരു അനുപല്ലവി എന്നിവ പഠിപ്പിക്കും. എന്നിട്ട് ചരണം ഞാനിപ്പോൾ ചെയ്തപോലെ ചെയ്യാൻ ഇവരൊക്കെ എന്നോട് ആവശ്യപ്പെടും. ഓർകസ്ട്രയാണ് മനോധർമം വായിക്കുന്നത്.

ഒ എൻ വി

ഒ എൻ വി

അതായത് ഒരു സുനിശ്ചിതമായ ബീജിഎം ഉണ്ടാകില്ല. ഒരൊറ്റ പ്രാക്ടീസ് മാത്രം. അതിന്  ഒരു താളവട്ടം കെ എസ് ഗോപാലകൃഷ്ണൻ ഫ്ളൂട്ട്, ഒരു താളവട്ടം എസ് എ സ്വാമിയുടെ ഗിറ്റാർ, ഒരു താളവട്ടം വീണയിൽ ഗോമതി ചിദംബരം. അതുകഴിഞ്ഞാണ് പാട്ട്. ഇത് പ്രാക്ടീസ് സമയത്ത് ഒരു ബീജിഎം. എന്നാൽ യഥാർഥ റെക്കോർഡിങ്ങിന് ആ ലൈറ്റ് ഓൺ ആകുമ്പോൾ സംഗീതോപകരണങ്ങൾ വായിക്കുന്നവർ അവരുടെ മനോധർമത്തിനനുസരിച്ച് മാറ്റി വായിച്ചുകൊണ്ടിരിക്കും. അതിനാൽ നമ്മൾ അത്രക്ക് ജാഗ്രതയോടെ വേണം റെക്കോർഡിങ്ങിൽ പങ്കാളിയാവാൻ.

?  കവിതകളുമായുള്ള ആത്മബന്ധത്തിന് ആകാശവാണിയുമായെന്തെങ്കിലും കടപ്പാടുണ്ടോ?

= കവിതയും സാഹിത്യവുമായുമൊക്കെ ബന്ധമുണ്ടാകുന്നത് അമ്മയുടെ ചേച്ചിയുടെ മകൻ വിനയൻ ചേട്ടനുമായുള്ള അടുപ്പത്തിൽനിന്നാണ്. അദ്ദേഹത്തിന് സാഹിത്യകാരൻമാരുമായി വളരെ അടുപ്പമുണ്ടായിരുന്നു. സാഹിത്യകാരൻമാരിൽ പലരും അക്കാലത്ത് അദ്ദേഹത്തിന്റെ വീട്ടിൽ വരുമായിരുന്നു. ഏത് കവിതയും ഓർമയിൽനിന്നെടുത്ത് ചൊല്ലാൻ അദ്ദേഹത്തിന് പ്രത്യേക സിദ്ധിയുണ്ടായിരുന്നു.

ഇങ്ങനെയൊരു സാഹചര്യം  കുട്ടിക്കാലത്തേ എന്നെ കവിതകളുമായി ഒന്നിപ്പിച്ചു. അക്കാലത്ത് ആകാശവാണിയിൽ എത്രയോ പുതുമുഖ കവികൾ അവരുടെ കവിതകൾ ലളിതഗാനങ്ങൾക്കായി സമർപ്പിച്ചിരുന്നു.

മഹാദേവൻ തമ്പി, കളർകോട് ചന്ദ്രൻ, പി കെ ഗോപി, ചെന്നിലോട് രവീന്ദ്രൻ, രമേശൻ നായർ, പൂവച്ചൽ ഖാദർ എന്നിവരൊക്കെ അതിൽപ്പെടുന്നു... ആകാശവാണി എപ്പോഴും “Exposed to all practices of music”ആയിരുന്നു. കുമാരനാശാന്റെ “ചന്തമേറിയ പൂവിലും” ഒക്കെ ആകാശവാണിക്ക് വേണ്ടി ഞാൻ ആലപിച്ചിട്ടുണ്ട്.

?  എന്നാണ് ആകാശവാണിയിൽ ഉദ്യോഗസ്ഥനായി വരുന്നത്? അക്കാലത്തെ അനുഭവങ്ങൾ?

ദക്ഷിണാമൂർത്തി

ദക്ഷിണാമൂർത്തി

 = 1990‐ൽ ആണ് ഞാൻ ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി ജോലിയിൽ പ്രവേശിക്കുന്നത്. 1991ൽ ഒരു ദിവസം സ്റ്റേഷൻ ഡയറക്ടർ എന്നെ വിളിച്ചു പറഞ്ഞു. “ദക്ഷിണാമൂർത്തി സ്വാമി വന്നിട്ടുണ്ട്. സ്വാമിയുടെ സംഗീതപരിപാടികൾ അറേഞ്ച് ചെയ്യണം”. സ്വാമി എന്നെ വിളിച്ചുപറഞ്ഞു. “നാളെ ഉച്ചയ്ക്ക് എനിക്ക് പോകണം, വേണുഗോപാൽ പാടൂ, ഒരു സ്ത്രീശബ്ദം കൂടി വേണം”. ഞാൻ അരുന്ധതിയെ വിളിച്ച് ഏർപ്പാടാക്കി.

പ്രകൃതിയെ ആരാധിക്കുന്ന രീതിയിലുള്ള പാട്ടുകളായിരുന്നു വേണ്ടത്. പിറ്റേദിവസം രാവിലെ 6 പാട്ടുകൾ ഒറ്റയടിക്ക് പാടിപ്പിച്ചെടുത്തു. എന്റെ സംഗീത ജീവിതത്തിൽ അത് വലിയ അനുഗ്രഹവും ഭാഗ്യവുമായി. ആറ്മാസം കഴിഞ്ഞ് സ്വാമി വീണ്ടും വന്നു. അടുത്ത ആഴ്ച മദ്രാസിൽ വരാനാവശ്യപ്പെട്ടു. മൂകാംബിക ദേവിയെക്കുറിച്ചുള്ള പാട്ടുകളാണ് മദ്രാസിൽ പോയി പാടിയത്. മൂന്നെണ്ണം ഞാനും ഒരെണ്ണം ജാനകിയും മറ്റൊന്ന് വാണീജയറാമുമാണ് പാടിയത്. ആകാശവാണി സംഗീതാനുഭവങ്ങളിലെ സാക്ഷാത്കാരധന്യതകളാണിവയെല്ലാം.

?  ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി ജോലിചെയ്യുമ്പോൾ ഉണ്ടായിട്ടുള്ള മറക്കാനാവാത്ത മറ്റെന്തെങ്കിലും അനുഭവങ്ങൾ?

 = തൃശൂർ ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയി ജോലിചെയ്യുമ്പോൾ സ്റ്റേഷൻഡയറക്ടർ ഒരു സ്പെഷ്യൽ പ്രോഗ്രാമിനെക്കുറിച്ച് പറഞ്ഞു,

പി ഭാസ്‌കരൻ

പി ഭാസ്‌കരൻ

ഭാസ്കരൻ മാഷെഴുതിയ ഭക്തിഗാനങ്ങൾ ചെയ്യാനായിരുന്നു ആവശ്യം. ഞാൻ ഭാസ്കരൻമാഷിന് ഒരു എഴുത്തയച്ചു. രണ്ടാഴ്ചക്കുള്ളിൽ പാട്ടുകൾ വന്നു. പക്ഷേ, സ്റ്റേഷൻഡയറക്ടർ മാറിയതിനാൽ ആ പരിപാടി ആ സമയം മുന്നോട്ടുകൊണ്ടു പോകാനായില്ല.

ഒരു മാസം കഴിഞ്ഞ് ഭാസ്കരൻമാഷിന്റെ ഒരു കത്ത് വന്നു. “യുവഗായകൻ എന്ന നിലയിൽ നിങ്ങൾ പറഞ്ഞതനുസരിച്ച് ഞാൻ അഞ്ച് പാട്ടുകൾ അയച്ചുതന്നു. അത് വേണ്ട സമയം ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞില്ല”. പുതിയ ആൾ ചാർജെടുത്തതുകൊണ്ടാണ് ആ പ്രൊജക്ട് വൈകുന്നതെന്ന് ഞാൻ മാഷിനെ അറിയിച്ചു. പിന്നീട് ആ ഗാനങ്ങൾ കേശവൻനമ്പൂതിരിയുടെ സംഗീതത്തിൽ റെക്കോർഡ് ചെയ്യപ്പെട്ടു.

? സിനിമയിൽ ഗായകനായ ശേഷം ആകാശവാണിയിൽനിന്ന് വിലക്കുകൾ എന്തെങ്കിലും ഉണ്ടായിരുന്നോ?

 =  ശനി, ഞായർ, അവധി ദിനങ്ങൾ എന്നീ ദിവസങ്ങളിലാണ് സിനിമകളിൽ പാടാൻ കഴിയുക.“സസ്നേഹം” എന്ന ചിത്രത്തിലെ പാട്ട് പാടാൻ സത്യൻ അന്തിക്കാട് വിളിക്കുമ്പോൾ കാഷ്വൽ ലീവ് അനുവദിച്ചുതന്നില്ല.

ജി വേണുഗോപാലും പറവൂർ ശാരദാമണിയും

ജി വേണുഗോപാലും പറവൂർ ശാരദാമണിയും

പോകാൻ പറ്റിയില്ല. ഒരാഴ്ച കഴിഞ്ഞ് സത്യൻ അന്തിക്കാടിനെ വിളിച്ച് ക്ഷമ പറഞ്ഞപ്പോൾ “വേണുവില്ലാത്തതിനാൽ പാട്ട് എടുത്തില്ല” എന്ന വിവരമാണ് കിട്ടിയത്. ജോൺസേട്ടനെ വിളിക്കാൻ പറഞ്ഞു.

“ക്രിസ്മസ്സിന് നസ്രാണികൾ എങ്ങനെയാ പാട്ടുപാടിക്കുക” എന്ന് തമാശ പറഞ്ഞു, ജോൺസേട്ടൻ.  ക്രിസ്മസ് 24ന് നിയന്ത്രിത അവധിയായിരുന്നതിനാൽ അന്ന് പോയി പാടേണ്ടി വന്നു. ഡിസംബർ 26ന് ആമ്പല്ലൂരിൽ ഒരു ഗാനമേളയുണ്ടായിരുന്നു. ചെന്നൈയിൽ വെച്ചായിരുന്നു റെക്കോർഡിങ്‌. അത്രയൊക്കെ ബുദ്ധിമുട്ടിയെങ്കിലും “താനേ പൂവിട്ട മോഹം”എന്ന ആ പാട്ടിന് സംസ്ഥാന അവാർഡ് ലഭിക്കുകയുണ്ടായി.

? എത്ര കാലം ആകാശവാണിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു?

 =  1979 മുതൽ ആകാശവാണിയുമായി ആത്മബന്ധമുണ്ട്. 1979‐1988 വരെയുള്ള ഏതാണ്ടൊരു ദശകം എന്റെ സംഗീതത്തിന്റെ സർഗാത്മകനേരങ്ങളെ അടയാളപ്പെടുത്തിയതിൽ മുഖ്യപങ്കുവഹിച്ചത് ആകാശവാണിയായിരുന്നു. ആകാശവാണിയിൽ നിന്ന് കിട്ടിയ സുഗമസംഗീതസംസ്കൃതികൾ എന്നിലെ ഗായകസ്വരൂപത്തെ ദൃഢപ്പെടുത്തുവാൻ ഏറെ സഹായിച്ചു.

? സിനിമയിൽ കാവ്യാത്മകമായ ആലാപനം സാക്ഷാത്കരിക്കുവാൻ ആകാശവാണിയിലെ നാദാനുശീലനം എത്രത്തോളം സഹായിച്ചിട്ടുണ്ട്?

= തീർച്ചയായും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. കാവ്യസമൃദ്ധമായ വരികൾ മഹാരഥൻമാർ ചിട്ടപ്പെടുത്തുന്നത് ഞാൻ കൗതുകപൂർവം നിരീക്ഷിച്ചിട്ടുണ്ട്.

 ഗിരീഷ് പുത്തഞ്ചേരി

ഗിരീഷ് പുത്തഞ്ചേരി

ആകാശവാണി തന്നെയായിരുന്നു അതിനുള്ള കളമൊരുക്കിയത്. ആകാശവാണിയിലെ ഇത്തരം സംഗീതാനുഭവങ്ങളിൽ പ്രചോദിതനായി കവിത ചിട്ടപ്പെടുത്തിപ്പാടേണ്ട ചില സിനിമാസന്ദർഭങ്ങളെ ഞാൻ പ്രയോജനപ്പെടുത്തിയിരുന്നു. “ഈ പുഴയും കടന്ന്” എന്ന സിനിമയിലെ “തങ്കച്ചേങ്ങില” എന്ന ഗിരീഷ് പുത്തഞ്ചേരി എഴുതിയ കവിത ചിട്ടപ്പെടുത്തിപ്പാടാൻ ആവശ്യപ്പെട്ടത് ജോൺസേട്ടനായിരുന്നു.

പാട്ട് കേട്ട് ജോൺസേട്ടൻ അഭിനന്ദിക്കുകയും ചെയ്തു. “പുനരധിവാസം” എന്ന സിനിമയിലെ “പാടുന്നു വിഷുപ്പക്ഷികൾ” എന്ന കവിത ഞാനും ഗിരീഷ് പുത്തഞ്ചേരിയും ചേർന്ന് കംപോസ് ചെയ്തതാണ്. ഇത്തരം കാവ്യഗീതികളുടെ കാന്തിയെക്കുറിച്ച് ചെറുപ്പത്തിലേ ബോധ്യപ്പെടുത്തുവാൻ ആകാശവാണിയുമായുള്ള അടുപ്പം എന്നെ സഹായിച്ചു എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top