26 April Friday

എ കെ സുകുമാരന്‍: പൊന്നും തോണിയിലേറിയ ഒരു സംഗീത ജീവിതം

ജി വേണുഗോപാല്‍Updated: Tuesday Dec 19, 2017

വിസ്‌മൃതിയിലായ ഗായകരെപ്പറ്റിയുള്ള പരമ്പരയില്‍  മണിമുകിലേ.. മണിമുകിലേ...എന്ന ഒറ്റ ഗാനത്തിലൂടെ മലയാളിയുടെ പ്രിയ ഗായകനായ എ കെ സുകുമാരനെപ്പറ്റി ജി വേണുഗോപാല്‍ എഴുതുന്നു..

ആശയ വിനിമയം എന്ന പേരില്‍ വാട്ട്സാപ്പ് സന്ദേശങ്ങള്‍ പലപ്പോഴും നമ്മെ അദൃശ്യനൂലുകള്‍ കൊണ്ട് നെയ്തെടുത്ത ഒരു കൃത്രിമ ലോകത്തേക്ക് ആനയിക്കാറുണ്ട്. അപൂര്‍വമായി ഇരുത്തിചിന്തിപ്പിക്കും. അത്യപൂര്‍വ്വമായി കണ്ണുകളെ ഈറനണിയിക്കും. ഈ അവസാനം പറഞ്ഞ ഗണത്തിലുള്ള ഒരു വിഷ്വലായിരുന്നു കഴിഞ്ഞ ആഴ്ച കിട്ടിയ എ കെ സുകുമാരന്‍ എന്ന ഗായകന്റേത്. പ്രായാധിക്യവും അവശതയും ബാധിച്ച തന്റെ ശരീരം ഒരു വീല്‍ചെയറില്‍ ഒതുക്കി എന്റെ എക്കാലത്തേയും പ്രിയതരമായ ഒരു യുഗ്മഗാനം, ഇടറുന്ന ശബ്ദത്തോടെ പാടുന്ന സുകുവേട്ടേന്‍'

മണിമുകിലേ.. മണിമുകിലേ.. മാനം നീളെയിതാരുടെ പൊന്നും തോണിയിലേറി പോണു... 

 എന്റെ ഓര്‍മ്മകളും അതിവേഗം പിറകിലേക്ക് പാഞ്ഞു. ഓരോ പാട്ടും ഓരോ ടൈം മെഷീനാണ്. അത് നമ്മെ അതിന്റെ ചിറകിലേറ്റി ഗതകാലത്തേക്ക് അതിവേഗം എത്തിക്കും.സംഗീതം നിറഞ്ഞുനില്‍ക്കുന്ന എന്റെ തിരുവനന്തപുരം പറൂര്‍ ഹൗസില്‍ ഉയര്‍ന്ന ഒരു പീഠത്തില്‍ ,കുട്ടികളുടെ കൈയ്യെത്താദൂരത്ത് ഭദ്രമായി സ്ഥാപിച്ച മര്‍ഫി റേഡിയോ.അതിനു തൊട്ടുതാഴെ ഒരു സ്റ്റൂളില്‍ കുഞ്ഞുകാലുകളാട്ടി പാട്ടാസ്വദിക്കുന്ന ഒരു കൊച്ചുകുട്ടി. എന്റെ ഇഷ്ടാനുസരണം മെഗാസെക്കന്റ് വ്യത്യാസങ്ങളില്‍ സിലോണില്‍ തുടങ്ങി വിവിധഭാരതിയുടെ തിരുവനന്തപുരം വരെ മാറിവരുന്ന സ്റ്റേഷന്‍ മാറ്റി മാറ്റി തന്നിരുന്ന വല്യമ്മമാര്‍. തലത് മഹ്മൂദിന്റെ ഗാനങ്ങളുടെ ആസ്വാദകനായ അമ്മാവന്‍. മനസും ഹൃദയവും ഒരൊറ്റ ആലാപനത്തിലൂടെ പാട്ടിന്റെ പാലാഴിയില്‍ മുക്കിത്താഴ്ത്തി മെലഡിയില്‍ കുളിപ്പിച്ച് മെല്ലെ മെല്ലെ കൊന്നിരുന്ന ബാബുരാജ് ഗാനങ്ങള്‍. പാട്ടുകേട്ട് പാട്ടുകാരനായി ഞാനും എന്റെ തലമുറയും. റേഡിയോയില്‍ ഒരു പതിഞ്ഞ ശബ്ദം ഇതാ  അനൗണ്‍സ് ചെയ്യുന്നു, ചിത്രം കടത്തുകാരന്‍. സംഗീതം ബാബുരാജ്,  രചന  വയലാര്‍, പാടിയത് എസ് ജാനകി,  എ കെ സുകുമാരന്‍. 

സുകുവേട്ടനെ ഞാന്‍ നേരിട്ട് ആദ്യമായി പരിചയപ്പെടുന്നത് തൊണ്ണൂറുകളുടെ ആദ്യം കോഴിക്കോട്ട് മുല്ലശ്ശേരി രാജുവേട്ടന്റെ വീട്ടില്‍ വച്ചാണ്. ആദ്യ നോട്ടത്തില്‍ ഒരു ടിപ്പ് ടോപ്പ് ജന്റില്‍മാന്‍. ഷര്‍ട്ട് ഇന്‍ ചെയ്ത് അലക്കിത്തേച്ച പാന്റും കറുത്ത ഷൂസും അതിനോടുചേരുന്ന  ലെതര്‍ ബെല്‍റ്റും ഒരു വിഗ്ഗും. പുതിയ പാട്ടുകാരനായ എനിക്ക് ഹസ്തദാനം തന്നു, നല്ല വാക്കുകള്‍ പറഞ്ഞു പിരിഞ്ഞു. തൊണ്ണൂറുകളുടെ ഇടയില്‍ വീണ്ടും കണ്ടു. മാക്ടയുടെ ബാബുരാജ് അക്കാദമിയുടെ ധനശേഖരണാര്‍ത്ഥം കോഴിക്കോട് നടന്ന സംഗീത സദസ്സില്‍. നീണ്ട 18 വര്‍ഷങ്ങള്‍ക്കു ശേഷം ഇതാ വീല്‍ചെയറില്‍. 
 
ഒന്നുകാണണം, ആവുന്നതെന്തെങ്കിലും സഹായം ചെയ്യണം.സുഹൃത്ത് രവി മേനോന്റെ കൈയ്യില്‍ നിന്നും ഫോണ്‍ നമ്പര്‍ കിട്ടി; വിളിച്ചു. അങ്ങെ തലക്കല്‍ പഴയ സുകുവേട്ടന്‍. പയ്യന്നൂരില്‍ 'ദൃശ്യ'യുടെ ഗാനമേളക്ക് ശേഷം ഞാന്‍ കോഴിക്കോട്ടിറങ്ങി. ഭാര്യ സഹോദരനെയും കൂട്ടി  വടകര പതിയാരക്കര തേടി യാത്രയാരംഭിച്ചു. തിരുവനന്തപുരത്തു നിന്നുവരുന്ന എന്നെപ്പോലുള്ളവര്‍ പാര്‍ട്ടി ഗ്രാമം എന്നൊക്കെ കേട്ടിട്ടേയുള്ളു. ഓരോ മുക്കിലും മൂലയിലും അരിവാള്‍ ചുറ്റിക നക്ഷത്രവും ജനപ്രിയ നേതാക്കളുടെ ചിത്രങ്ങളും അലങ്കരിക്കാന്‍ തോരണങ്ങളും. ഓരോ ലാമ്പ് പോസ്റ്റുകളില്‍ പോലും സിപിഐ എം എന്നും ഡിവൈഎഫ്ഐ എന്നും ചുവപ്പില്‍ പതിപ്പിച്ചിരിക്കുന്നു. വഴി കണ്ടുപിടിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും സുകുവേട്ടന്റെ ' രാഗസുധ' യില്‍ എത്തി. 
 
ഒരു കട്ടിലില്‍ തലയണ ചാരി കൈയകലത്ത് തന്റെ സന്തതസഹചാരിയായ തയ്യല്‍ മെഷീനില്‍ കൈ പതിപ്പിച്ച് എ കെ സുകുമാരന്‍ എന്ന സുകുവേട്ടന്‍ ഞങ്ങളെ എതിരേറ്റു. കണ്ണൂരില്‍ തളാപ്പിലായിരുന്നു വീട്. ബാബുരാജ് പ്രിയ കൂട്ടൂകാരനും. കല്യാണ സദസ്സുകളില്‍ അവര്‍ ഒത്തുകൂടും. അങ്ങനെ കോഴിക്കോട്ട് ഹട്ടണ്‍സ് ഓര്‍ക്കസ്ട്രയിലും ബ്രദേഴ്സ് മ്യൂസിക് ക്ലബിലും പാടി.സുഹൃത്ത് പറഞ്ഞ് ആകാശവാണിയില്‍ ഓഡീഷന് അപേക്ഷിച്ചു. 1954 മെയ് പന്ത്രണ്ട്, സുകുവേട്ടന്‍ കൃത്യമായി ഓഡീഷന്‍ ഡേറ്റ് പോലും ഓര്‍ത്തുവച്ചിരിക്കുന്നു. സ്വന്തമായി കംപോസ് ചെയ്ത മൂന്ന് ഗാനങ്ങളാണ് പാടിയത്. സുഹൃത്ത് കെ പി ബാലകൃഷ്ണന്‍ എഴുതിയ ഗാനങ്ങള്‍.
 
എ കെ സുകുമാരന്‍ എസ് ജാനകിയ്ക്കൊപ്പം

എ കെ സുകുമാരന്‍ എസ് ജാനകിയ്ക്കൊപ്പം

ഓഡിഷന്‍ പാസായ ശേഷം കോഴിക്കോട് ആകാശവാണിയില്‍ കെ പി ബാലകൃഷ്ണന്‍ എഴുതിയ ഗാനം ബി എ ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടി. കെ രാഘവന്‍ മാസ്റ്റര്‍ അന്ന് വളരെ സീനിയര്‍ ആണ്. തന്റെ കഴിവുകള്‍ തെളിയിച്ചതിനെ തുടര്‍ന്ന് രാഘവന്‍ മാസ്റ്ററും സുകുവേട്ടനെ വിളിച്ചുതുടങ്ങി.  പാട്ടുകള്‍ പെട്ടെന്ന് പഠിച്ചുപാടുന്ന ആ ചെറുപ്പക്കാരനെ വിളിക്കു എന്ന് രാഘവന്‍ മാസ്റ്റര്‍ കോണ്‍ട്രാക്റ്റ് അയക്കുമ്പോള്‍  പറഞ്ഞിരുന്നുവത്രെ.
 
ആദ്യത്തെ സിനിമ കടത്തുകാര (1965) ന്റെ റിക്കോര്‍ഡിംഗ് വ്യക്തമായി സുകുവേട്ടന്‍ ഓര്‍ക്കുന്നു. ഓരോ വരിയായി വയലാര്‍ എഴുതുന്നു.  മൂന്ന് ട്യൂണുകള്‍ വീതം ഓരോ ലൈനിനും  ബാബുരാജ് കംപോസ് ചെയ്യുന്നു. റെക്കോര്‍ഡിംഗിന് ഏതാണ്ട് മുപ്പത് നാല്‍പ്പത് മിനിറ്റുകള്‍ക്ക് മുമ്പ് സ്റ്റുഡിയോയിലെത്തിയ എസ് ജാനകിയോട് ബാബുരാജ് ചോദിക്കുന്നു. 'പുതിയ ഗായകനാണ് അമ്മക്ക് എതാവത് പ്രശ്നമിരിക്കാങ്കാ', 'ഒന്നുമേയില്ലൈ... അവന്‍ പാടട്ടും'; എസ് ജാനകി പറഞ്ഞു. ഫസ്റ്റ് ടേക്ക് ഓകെയായപ്പോള്‍ ജാനകി അമ്മ തിരിച്ചുചോദിച്ചു .'എന്ന ബാബു നീങ്ക താന്‍ സൊന്നെ പുതുസ ആര്‍ടിസ്റ്റ്, ഇവങ്ക പഴയ മാതിരിയാ പാടറേ, റൊമ്പ നല്ലാ പാടറെ'. 
 
തന്റെ ചില വിശ്വാസങ്ങളെ എക്കാലവും മുറുകെ പിടിച്ചയാളായിരുന്നു എ കെ സുകുമാരന്‍.സുകുവേട്ടനെ  ബാബുരാജ് ആദ്യം പഠിപ്പിച്ച പാട്ട് ഒരു കോമഡി സോംഗ്  ആയിരുന്നു. മെഹബൂബ് പാടേണ്ട പാട്ട്. അതേ സിനിമയിലെ (കടത്തുകാരന്‍)തന്നെ കൊക്കരക്കോ എന്ന് തുടങ്ങുന്ന പാട്ട്. മെഹബൂബ് കൃത്യസമയത്ത് എത്തിയതുമില്ല, ബാബു രാജ്  പറഞ്ഞു.. എടാ സുകു നിന്റെ കടുംപിടിത്തം ഒന്നും വേണ്ട. ചുമ്മാ പാടിയാ മതി. സുകുവേട്ടന്‍ കടുംപിടിത്തത്തില്‍ തന്നെയായിരുന്നു. ഇല്ല ബാബു, ഞാന്‍ ആദ്യമായിട്ട് കോമഡി പാട്ട് പാടിത്തുടങ്ങില്ല.ആ പാട്ട് പാടാന്‍ പിന്നീട് യേശുദാസ് വന്നു എന്നുള്ളതായിരുന്നു തമാശ.

തളിരുകളാ (1967)യിരുന്നു രണ്ടാമത്തെ ചിത്രം. സംവിധാനം ഡോ. ബാലകൃഷ്ണന്‍.അക്കാലത്ത് മലയാളി ക്ലബ്, കേരള സമാജം തുടങ്ങിയിടത്ത് പാടിനടക്കുന്ന കാലം. മ്യൂസിക് എ ടി ഉമ്മര്‍, രചന ഡോ. പവിത്രന്‍. രണ്ടു പാട്ടുകള്‍ അതിലുണ്ടായിരുന്നു. ഒരു സോളോ. 'പുലരിപ്പൊന്‍ താലവുമേന്തി' കൂടാതെ ഒരു മെയില്‍ ഡ്യൂവറ്റ്. കെ പി  ഉദയഭാനുവുമായി ചേര്‍ന്ന്. 'കുതിച്ചുപായും കരിമുകില്‍' എന്നുതുടങ്ങുന്നു.
 
മൂന്നാമത്തെ ചിത്രം ജന്‍മഭൂമി(1969). സംവിധാനം ജോണ്‍ ശങ്കര മംഗലം, സംഗീതം ബിഎ ചിദംബര നാഥ്. രചന പി ഭാസ്‌കരന്‍, ഗാനം 'നീലമലച്ചോലയിലെ  നീരാടുമ്പോള്‍'.നാലാമത്തെ ചിത്രം കുഞ്ഞാലിമരക്കാറായിരുന്നു. നമ്മുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം. രണ്ട് പാട്ടുണ്ടായിരുന്നു.ഒന്ന് 'ഉദിക്കുന്നു സൂര്യനെ'എന്ന് തുടങ്ങുന്ന ഗാനം. മറ്റൊന്ന്

കോറസ് നയിച്ചുകൊണ്ട് പാടിയിരിക്കുന്നു. പാട്ട് തുടങ്ങുന്നത് ആറ്റിനക്കരെ..

സിനിമ പിന്നണി സംഗീത രംഗത്ത് ഒരേ ഒരു ദു:ഖം മാത്രമാണ് സുകുവേട്ടന് ഉണ്ടായിരുന്നത്.മറ്റെല്ലാവരേയും പോലെ താന്‍ പഠിച്ചു പാടേണ്ട പാട്ട് മറ്റൊരാള്‍ പാടുന്നത്  കാണേണ്ട ദുര്യോഗം അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി എന്ന സിനിമക്ക് പാടുവാന്‍ ക്ഷണംവരുന്നു. പാട്ടുടന്‍ തന്നെ പഠിച്ചു. പക്ഷെ റെക്കോര്‍ഡിംഗ് അതാ നീണ്ട് നീണ്ടുപോകുന്നു.സംഗീതം നല്‍കിയ ചിദംബരനാഥിന് വെപ്രാളം. എ കെ സുകുമാരന്റെ ചെവിയില്‍ ചിദംബരം മൊഴിയുന്നു. 'ഇത് വിതരണക്കാരുടെ പണിയാണ്. അവര്‍ നിര്‍ദ്ദേശിച്ച ഗായകന്‍ കമുകറ പുരുഷോത്തമന്‍ വരാനായി വൈകിക്കുകയാണവര്‍.' പറഞ്ഞപോലെ സ്റ്റുഡിയോയുടെ മുന്നില്‍ ഒരു കാര്‍ വന്ന് നില്‍ക്കുന്ന ശബ്ദം.വെള്ള അംബാസിഡറില്‍ നിന്നും കോടി നിറത്തിലുള്ള സില്‍ക്ക് ജുബ്ബയും മുണ്ടുമുടുത്ത് കൈയ്യില്‍ മുറുക്കാന്‍ ചെല്ലവുമായി  അതാ വരുന്നു ശ്രീ കമുകറ. സുകുവേട്ടനോട് ചിദംബരനാഥ് രഹസ്യമായി പറയുന്നു. 'സുകു ഇനി ഇവിടെ  നീ നിന്നിട്ട് കാര്യമില്ല, എല്ലാത്തിനും ഒരു തീരുമാനം ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് ഉണ്ടാക്കിക്കഴിഞ്ഞു'.
 
അക്കാലത്ത് കെപിഎസി ഗാനങ്ങളുടെ ഗ്രാമഫോണ്‍ റെക്കോര്‍ഡ് പോലെ പ്രശസ്തമായ മറ്റൊരു റെക്കോര്‍ഡ് ഉണ്ടായിരുന്നു. എകെ  സുകുമാരന്‍ പാടിയ രണ്ടു ഗാനങ്ങള്‍. ഒന്ന്  'കുടമുല്ല വിരിഞ്ഞില്ലേ പുതുമണം ചൊരിഞ്ഞില്ലേ'... അതിന്റെ സംഗീതം സുകുവേട്ടന്‍ തന്നെ.രണ്ട്. 'കാനന മോഹന കന്യകളെ' എന്ന ഗാനം. സംഗീതം സഹദേവന്‍  ഭാഗവതര്‍, രണ്ടിന്റെയും രചന സുഹൃത്ത് കൂടിയായ കെ പി ബാലകൃഷ്ണന്‍. ഒരുവിധം എല്ലാ കല്യാണ വീടുകളിലും സദസിലും കെപിഎസി ഗാനങ്ങളോടൊപ്പം ഈ ഗ്രാമഫോണ്‍  റെക്കോര്‍ഡുകളും അലയടിച്ചിരുന്ന കാലം. സുകുവേട്ടന്‍ കണ്ണൂര്‍  മിലിട്ടറി ബാരക്കില്‍ ഒരല്‍പ്പം തയ്യലും ഒക്കെയായി ഇരിക്കുന്ന സമയം. കൂടെ ഗാനമേളകളും. 
 
കവിയൂര്‍ പൊന്നമ്മയ്ക്കൊപ്പം

കവിയൂര്‍ പൊന്നമ്മയ്ക്കൊപ്പം

ഉച്ചക്ക് ഒരാള്‍ അന്വേഷിച്ചുവന്നു. ദേവരാജന്‍ മാഷ് പറഞ്ഞിട്ട് വരുന്നതാണ്. ഉടന്‍ കരുനാഗപ്പള്ളിയിലുള്ള തോപ്പില്‍ ഭാസിയുടെ  മൂലധനം എന്ന നാടക റിഹേഴ്സല്‍ ക്യാമ്പിലെത്തണം. ശബ്ദ പരിശോധനയ്ക്കാണ് സുകുവേട്ടന്‍ പറഞ്ഞു: ഉടനെത്താന്‍ സാധിക്കില്ല. തലശേരിയില്‍ രണ്ട് ഗാനമേളകളുണ്ട്. ഒരാഴ്ച  കഴിഞ്ഞെത്താം. അങ്ങനെ ഒരാഴ്ച കഴിഞ്ഞ് കരുനാഗപ്പിള്ളിയില്‍ ട്രെയിന്‍ ഇറങ്ങുമ്പോള്‍ അവിടെ സ്റ്റേഷനില്‍ മണവാളന്‍ ജോസഫും ശങ്കരാടിയും  കാത്തുനില്‍ക്കുന്നു. ഉടന്‍ കൂട്ടിക്കെണ്ടുചെല്ലാന്‍  മാസ്റ്റര്‍ പറഞ്ഞിട്ടുണ്ട്. വിളിച്ച ഉടന്‍ ചെല്ലാത്തതില്‍ മാസ്റ്റര്‍ അല്‍പം നീരസത്തിലാണ്. ക്യാമ്പിലെത്തിയപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍, 'താന്‍ ഗാനമേളയുമായി കറങ്ങിനടക്കുകയാണല്ലേ. ഗാനമേള കഴിഞ്ഞാല്‍ ഒരാഴ്ചയെങ്കിലും എടുക്കും ശബ്ദം പൂര്‍വ്വസ്ഥിതിയിലാകാന്‍'. എന്തായാലും തന്റെ പാട്ട് നേരിട്ടൊന്ന് കേള്‍ക്കട്ടെ. യാത്രാക്ഷീണം ഒക്കെ മാറ്റിവെച്ച് സുകുവേട്ടന്‍ തുറന്നുപാടി. തന്റെ ഒന്നു രണ്ടു ഗാനങ്ങളും മുകേഷിന്റെ അക്കാലത്തെ പ്രശസ്തമായ ഓ ജാനേ വാലേ ഹോസകേ തു..

മാഷിന് വിരോധമൊന്നും ഇല്ലെന്ന് മുഖത്തുനിന്നും മനസിലായി. പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. രണ്ട് ഗാനങ്ങളായിരുന്നു മൂലധനം എന്ന നാടകത്തില്‍ സുകുവേട്ടനായി കരുതിവെച്ചിരുന്നത്. ഒന്ന്: ഏകതന്തിയാം വീണയുമേന്തി,രണ്ട്: മലര്‍തിങ്കള്‍ താലമേന്തും. ഒഎന്‍വിയാണ് രചന. ആയിരത്തിലധികം സ്റ്റേജില്‍ ഈ ഗാനങ്ങള്‍ ലൈവായി സുകുവേട്ടന്‍ പാടിയെന്നോര്‍മ്മിക്കുന്നു. കൂടാതെ ബോംബേയില്‍ നിരവധി വേദികളില്‍. പ്രധാന അഭിനേത്രി കവിയൂര്‍ പൊന്നമ്മയാണ് മൂലധനത്തില്‍. അക്കാലത്ത് പൊന്നമ്മ അഭിനയിച്ച് പാടുകയും കൂടി ചെയ്തിരുന്നു.

എണ്‍പതുകളില്‍ ഗാനമേളകളുമായി കോഴിക്കോട്ടും മലബാറിലും  നടക്കുന്ന സമയത്ത് മഞ്ചേരിയില്‍ ഒരു ഫൈന്‍ ആര്‍ട്സ് പ്രോഗ്രാം. റിഹേഴ്സലിനിടയില്‍ പിറകില്‍ നിന്നും തോളത്തൊരു കരസ്പര്‍ശം. തിരിഞ്ഞുനോക്കി മെലിഞ്ഞുവെളുത്ത് സുമുഖനായ ഒരു ചെറുപ്പക്കാരന്‍. ഞാനിവിടെ മഞ്ചേരിയില്‍ കോടതിയില്‍ അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്യുന്നു, മുഹമ്മദ് കുട്ടി. എനിക്ക് താങ്കളുടെ കുതിച്ചുപായും എന്ന ഗാനം ഒരുപാടിഷ്ടമാണ്. കൊച്ചിയില്‍ ലോ കോളേജിലൊക്കെ ആ പാട്ടിട്ട് ഒരുപാട് ഞങ്ങള്‍ ഡാന്‍സ് ചെയ്തിട്ടുണ്ട്.ഇന്നത്തെ പരിപാടിയ്ക്ക് ഒന്ന് അനൌണ്‍സ് ചെയ്തോട്ടെ ?
 
പില്‍ക്കാലത്തെ മമ്മുട്ടിയായിരുന്നു അത്.
 
സംവിധായകന്‍ തമ്പി കണ്ണന്താനം,മമ്മൂട്ടി, നടന്‍ സിദ്ദിഖ് എന്നിവര്‍ക്കൊപ്പം എ കെ സുകുമാരന്‍

സംവിധായകന്‍ തമ്പി കണ്ണന്താനം,മമ്മൂട്ടി, നടന്‍ സിദ്ദിഖ് എന്നിവര്‍ക്കൊപ്പം എ കെ സുകുമാരന്‍

 
അഞ്ച് ചിത്രങ്ങളില്‍ കൂടി പാടിയെങ്കിലും അവയൊന്നും വെളിച്ചം കണ്ടില്ല. കാലം കടന്നുപൊയ്ക്കൊണ്ടേയിരുന്നു. പുതിയ സംഗീത സംവിധായകരുടേയും ഗായകരുടേയും വരവായി. ഗാനമേള കൊണ്ട് മാത്രം ജീവിതം കരുപ്പിടിക്കാനാകില്ല എന്ന തിരിച്ചറിവില്‍ സൗദിയില്‍ ദമാമിലേക്ക് പ്രവാസിയായി കുടിയേറി. ഒരു ടെയ്‌ല‌റിംഗ് ഷോപ്പ് തുടങ്ങി. നാലുസഹായികളേയും നിയമിച്ചു. സൌദിയില്‍ സംഗീതം ഉള്‍പ്പെടെയുള്ള സുകുമാര കലകള്‍ക്ക് പരസ്യ ബാന്‍ ആയിരുന്നു. രഹസ്യമായി ഒരു സംഗീത ട്രൂപ്പും തുടങ്ങി.  പിജെ പോള്‍,  ഗോപാലകൃഷ്ണന്‍, തങ്കപ്പന്‍ ഒക്കെ പിന്നണിയില്‍. നഴ്സായ റോസി ലാലും, ഗൈനിക്ക് ഡോക്ടറായ ദല്‍ഹിക്കാരി, ഡോ അബ്ബയുമായിരുന്നു സ്ത്രീ ശബ്ദങ്ങള്‍. എല്ലാം നന്നായി നടന്നുവരുന്നതിനിടെയാണ് ഒരു സുപ്രഭാതത്തില്‍  തലച്ചുറ്റി ഛര്‍ദ്ദിയുണ്ടായി ബോധം കെട്ടുവീഴുന്നത്. കണ്ണുതുറക്കുമ്പോള്‍ ഹോസ്പിറ്റലിലാണ്. കഠിനമായ ഹൃദയാഘാതമാണ് സംഭവിച്ചിരിക്കുന്നത്. ചുറ്റും മലയാളി നഴ്‌സുമാരും ദമാമിലെ കുറച്ച് കലാസ്വാദകരും. പതിനാല് ദിവസം ഐസിയൂവില്‍ കിടക്കേണ്ടി വന്നു. കൈയ്യില്‍ നിന്നും ഒരു പൈസ പോലും ചെലവായില്ലെന്ന് സുകുവേട്ടന്‍ സാക്ഷ്യപ്പെടുത്തുന്നു. എല്ലാം സംഗീതം തന്ന ഉപകാരങ്ങള്‍.
 
ആരോഗ്യം മോശമായതോടെ നാട്ടിലേക്ക് തിരിച്ചെത്തി. നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ സമ്പാദ്യമായ 16 ലക്ഷം രൂപ നാട്ടിലും സൗദിയിലും പലര്‍ക്കായി കടം കൊടുത്തു കഴിഞ്ഞിരുന്നു. എണ്‍പതുകളിലെ 16 ലക്ഷം രൂപ.  അതില്‍ ഒരാള്‍ മാത്രം നാട്ടില്‍ തിരിച്ചെത്തി അയ്യായിരം രൂപ തനിക്ക് തിരിച്ചുതന്നതായി സുകുവേട്ടന്‍ ഓര്‍ക്കുന്നു. നാട്ടിലെത്തിയപ്പോഴേക്കും സിനിമ കലാരംഗമാകെ കലങ്ങി മറിഞ്ഞിട്ടുണ്ടായിരുന്നു. എങ്ങും പുതുമക്കാരും പുതിയ വിശേഷങ്ങളും. അപൂര്‍വ്വമെങ്കിലും വീണ്ടും ഗാനമേളകള്‍ നടത്തിപ്പോന്നു. ആറുവര്‍ഷം മുമ്പ് രോഗം വീണ്ടും ഒരു രണ്ടാം ഹാര്‍ട്ട് അറ്റാക്കിന്റെ രൂപത്തില്‍ എത്തി. പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു ബൈപ്പാസ്. തുടര്‍ന്ന് പക്ഷാഘാതവും തൊണ്ടയില്‍ ഒരു മുഴയും വന്നു. അതിന്റെ സര്‍ജറി മണിപ്പാലിലായിരുന്നു.
 
എണ്‍പതാം വയസില്‍ സുകുവേട്ടന്‍ ഭാര്യ സുധാദേവിയുടെ പതിയാരക്കരയിലെ പുരയിടത്തില്‍ 'രാഗസുധ' എന്ന ചെറിയ വീടുവെച്ച് താമസിച്ചു. ആരോടും പരിഭവമില്ല, കിട്ടിയതെല്ലാം ജീവിതത്തില്‍ മുതല്‍കൂട്ടായി കരുതുന്നു. ഓണ്‍ലൈനില്‍  സജീവമായ ജി വേണുഗോപാല്‍ ഫാന്‍സ് ക്ലബിന്റെ പേരില്‍ വിദേശത്ത് നിന്നും സ്വദേശത്തുനിന്നും മൂന്ന് ദിവസം കൊണ്ട് സമാഹരിച്ചെടുത്ത തുക കൈമാറിയിറങ്ങുമ്പോള്‍ പിന്നില്‍ നിന്നും സുധച്ചേച്ചിയുടെ സ്നേഹ നിര്‍ഭരമായ നിര്‍ബന്ധം. ഉണ്ടിട്ടുപോയാല്‍ മതി. ഉച്ച ഏറെയായിരുന്നെങ്കിലും വിശപ്പ് തീരെ തോന്നിയില്ല.മലയാളികളെ ഒരുകാലത്ത് കാല്‍പ്പനിക വശ്യലോകത്തേക്ക് പൊന്നിന്‍ തോണിയിലേറ്റി എത്തിച്ചിരുന്ന മോഹന ശബ്ദത്തിന്റെ ഉടമ തളര്‍ന്ന തന്റെ വലം കാല് നീക്കിവെക്കാനായി ഭാര്യയുടെ സഹായത്തിന് അപേക്ഷിക്കുന്നു. ഞാനും എന്റെ ഭാര്യാ സഹോദരനും ചേര്‍ന്ന് അദ്ദേഹത്തെ കട്ടിലില്‍ ചാരി ഇരുത്തിയ ശേഷം വീടിനുപുറത്തിറങ്ങിയപ്പോള്‍ സുകുവേട്ടന്റെ സ്വരം: 'വേണൂ. എനിക്ക് നിന്റെ പാട്ടുകളും സ്വരവും ഇഷ്ടമാണ്.വഴി തെറ്റാതെ പയ്യോളി വരെ ചോദിച്ചുപോകു കേട്ടോ'.
 
ജി വേണുഗോപാല്‍ ഫാന്‍സ് ക്ലബിന്റെ പേരില്‍ സമാഹരിച്ച സഹായം എ കെ സുകുമാരന് വേണുഗോപാല്‍ കൈമാറുന്നു.  സുകുമാരന്റെ ഭാര്യ സുധാദേവി  സമീപം

ജി വേണുഗോപാല്‍ ഫാന്‍സ് ക്ലബിന്റെ പേരില്‍ സമാഹരിച്ച സഹായം എ കെ സുകുമാരന് വേണുഗോപാല്‍ കൈമാറുന്നു. സുകുമാരന്റെ ഭാര്യ സുധാദേവി സമീപം


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top