30 May Tuesday

പാട്ടിന്റെ പൂത്താലമേന്തി...ജി വേണുഗോപാല്‍ അറുപതാം വയസ്സിലേക്ക്

ഡോ. എം ഡി മനോജ്‌Updated: Thursday Dec 10, 2020

ഫോട്ടോ: പി ദിലീപ്കുമാര്‍

‌ചലച്ചിത്രഗാനങ്ങളിൽ വ്യത്യസ്‌തവും സാർഥകവുമായ ഭാവസംക്രമണ സാധ്യത തുറന്നുനൽകിയ ഗായകൻ ജി വേണുഗോപാലിന്‌ ഡിസംബർ 10ന്‌ 60 തികയുന്നു; അദ്ദേഹം സൃഷ്ടിച്ച സംഗീത സംസ്‌കാരത്തിന്‌ 36 വയസ്സും..ഡോ. എം ഡി മനോജ്‌എഴുതുന്നു. വേണുഗോപാലുമായി ലേഖാരാജിന്റെ അഭിമുഖവും

നപ്രിയ സംഗീതത്തിന്റെ പ്രഖ്യാപിത ചരിത്രത്തിൽ ജി വേണുഗോപാൽ നിർമിച്ചെടുത്ത സംഗീത സംസ്‌കാരത്തിന്‌ മൂന്നു ദശകം പിന്നിടുകയാണ്‌; ഗായകന്‌ ഡിസംബർ 10ന്‌ 60 വയസ്സും. മലയാള ചലച്ചിത്രഗാനങ്ങളിൽ വ്യത്യസ്‌തവും സാർഥകവുമായൊരു ഭാവസംക്രമണ സാധ്യത തുറന്നുനൽകുകയായിരുന്നു ഈ ഗായകൻ.

 

കാമുകശബ്‌ദം

വരികളിലും സംഗീതസംവിധാനത്തിലുമൊക്കെ രൂപംകൊള്ളുന്ന മൗലികമായ ലയാത്മകതയെ പൂർണമായും സാക്ഷാൽക്കരിക്കാൻ കഴിയുന്ന നാദവിശേഷമാണത്‌. ഭാവപരമായ ഘടകങ്ങൾ സൂക്ഷ്‌മമായി സമന്വയിക്കുന്ന ഗാനങ്ങളിലായിരുന്നു ആ നാദസിദ്ധി മുഴുവനായും വിനിമയം ചെയ്യപ്പെട്ടത്‌. ആകാശവാണിയിലെ ലളിതസംഗീതത്തിന്റെ അവസാന കണ്ണിയായിരുന്നു വേണുഗോപാൽ. ശുദ്ധിയാർന്ന  കാമുകശബ്ദത്തിനുടമ. താളക്കൊഴുപ്പുകൾക്ക്‌ അന്യമായ ആലാപനഭംഗികൾ.
 
ശെമ്മാങ്കുടിയുടെ ശിഷ്യരായ അമ്മയും വല്യമ്മയും (പറവൂർ സിസ്റ്റേഴ്‌സ്‌) ആയിരുന്നു  ആദ്യപാഠങ്ങൾ പറഞ്ഞുകൊടുത്തത്‌. പിന്നെ ചേർത്തല ഗോപാലൻനായർ, മങ്ങാട്‌ നടേശൻ, ബി ശശികുമാർ, പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌, നാരായണസ്വാമി എന്നിവരുടെ ശിക്ഷണം. 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിൽ നാലുവരി പാടി സിനിമയിൽ എത്തിയ വേണുഗോപാലിന്റെ പ്രശസ്‌തമാകുന്ന ആദ്യഗാനം ‘രാരീ രാരീരം’ (ഒന്നുമുതൽ പൂജ്യംവരെ) ആയിരുന്നു.  മെലഡിയുടെ പൂത്താലമേന്തുന്ന പാട്ടിന്റെ വസന്തകാലത്തെ അദ്ദേഹം സിനിമയിലേക്ക്‌ കൊണ്ടുവന്നു. ലയഭരിതവും മൗനമുദ്രിതവുമായ ആലാപന കാലത്തെയാണ്‌ വേണുഗോപാൽ പ്രതിനിധാനം ചെയ്യുന്നത്‌. താളക്കൊഴുപ്പുകൾക്ക്‌ അന്യമായ പാട്ടിന്റെ ഭാവപരിസരത്തിലാണ്‌ ആ ആലാപനഭംഗികൾ. വിഷാദഭരിതവും കാൽപ്പനികവുമായ ഓർമകൾ പങ്കുവയ്‌ക്കുന്ന പാട്ടുകൾക്ക്‌ ഭാവ നൈർമല്യമേകുകയായിരുന്നു വേണുഗോപാൽ. ഏകാന്ത വിഷാദത്തിന്റെയും മൗനത്തിന്റെയും അഴകുണ്ടാകും അതിൽ. പ്രണയത്തിന്റെ മറക്കാനാകാത്ത ആലാപനം, പാട്ടിലെ നാടോടിത്തം, താരാട്ടുപാട്ടിൽ ദീക്ഷിക്കുന്ന ശ്രദ്ധ, മലയാളത്തിൽ കൃത്യവും സൂക്ഷ്‌മവുമായ പദശുദ്ധി എന്നിവയെല്ലാം വേണുഗോപാലിന്റെ പാട്ടിലെ വ്യത്യസ്‌ത ധാരകളാണ്‌. താമര നൂലുപോലെ, ഇലകളിൽ പൊൻവെയിൽ എന്നപോലെ അതിലോലമാണ്‌ ഈ ആലാപനശൈലി.

 

മധ്യസ്‌ഥായിയുടെ കേൾവിസൗഖ്യം

മധ്യസ്ഥായിയിൽ വിന്യസിച്ച ശബ്ദസഞ്ചാരത്തിന്റെ കേൾവിസൗഖ്യമാണ്‌ വേണുഗീതങ്ങളെ വേറിട്ടതാക്കുന്നത്‌. ചന്ദനമണിവാതിൽ, ഉണരുമീ ഗാനം, വസന്തത്തിൻ മണിച്ചെപ്പ്‌, പ്രസാദചന്ദ്രിക, കിനാവിന്റെ കൂടിൽ, പൂത്താലം വലം കൈയിലേന്തി, എന്തിത്ര വൈകി, താനേ പൂവിട്ട മോഹം എന്നിങ്ങനെ മെലഡിയുടെ നീണ്ടനിരകൾ. ഗാനത്തിന്റെ ഉള്ളമറിയുന്ന പാട്ടുരീതി. ‘കാണാനഴകുള്ള’, ‘പീലിക്കണ്ണെഴുതി’ ഇങ്ങനെ എത്രയോ ഫോക്‌ ടച്ചുള്ള പാട്ടുകളിൽ ആ ശബ്ദത്തിന്‌ മറ്റു വിചാരാർഥങ്ങൾ പ്രദാനംചെയ്യാൻ കഴിയുന്നു. താരാട്ടിന്റെ ഭാവങ്ങളുണരുന്ന ഈണങ്ങൾക്കും ശബ്ദം പകർന്നിട്ടുണ്ട്‌. വെസ്റ്റേൺ സമൃദ്ധിയിൽ പിറന്ന ‘രാരീരാരീരം’, ആർദ്രമധുരശ്രീരാഗത്തിലെ ‘ഏതോ വാർമുകിലിൻ’, താരാട്ടിന്റെ ഉള്ളറിഞ്ഞ ‘ആടെടീ ആടാടെടീ’, ‘മയ്യണിക്കണ്ണേ ഉറങ്ങ്‌’ അങ്ങനെ താരാട്ടുപാട്ടിന്റെ വിഭിന്നശ്രുതികൾ.
 
പാട്ടിൽ സമ്പൂർണമായി ഇഴചേരുന്ന ലയഭാവങ്ങൾക്ക്‌ സവിശേഷ വികാരങ്ങളെ കൈപിടിച്ചുനടത്താനായി വേണുഗോപാലിന്‌. താനേ പൂവിട്ട മോഹം (ശോകം), എന്നിൽ നിന്നോർമയും പൂക്കളം (ഗൃഹാതുരത), മൈനാകപ്പൊന്മുടിയിൽ (പ്രസാദാത്മകത) എന്നിങ്ങനെ എത്രയോ ഉദാഹരണം. പാട്ടിൽ വേണുഗോപാൽ നിർമിക്കുന്ന അനായാസവും മധുരോദാരവുമായ ട്വിസ്റ്റുകൾ അനന്യമാണ്‌. പാട്ടിലെ സ്ഥായി വ്യത്യാസങ്ങളെ ഉദാത്തമായും സൗമ്യമായും ആവിഷ്‌കരിക്കുകയായിരുന്നു അദ്ദേഹം. മൈനാകപ്പൊന്മുടിയിൽ എന്ന ഗാനത്തിൽ താരസ്ഥയിയിൽ ഒരു നടകയറുകയാണ്‌. പ്രഭാതത്തെ അത്രയ്‌ക്കും ധന്യമാക്കുന്ന പാട്ടുകൂടിയാണിത്‌. അതേസമയം, ‘മനസ്സേ ശാന്തമാകൂ’ എന്ന ഗാനം മന്ദ്രസ്ഥായിയിൽ കൊരുത്തിട്ടതാണ്‌. സ്ഥായി താഴോട്ടിറങ്ങി വിഷാദത്തിന്റെ മൃദുമന്ത്രണം സാധ്യമാകുന്നുണ്ട്‌ ഈ പാട്ടിൽ.
 
ലളിതഗാനത്തിന്റെ സ്വരസ്വരൂപമുള്ള എത്രയോ ഗാനം വേണുഗോപാൽ പാടി വിജയിപ്പിച്ചിട്ടുണ്ട്‌. ‘ശ്യാമവാനിലേതോ’, ‘കിനാവിന്റെ കൂടിൽ’, ‘മായാമഞ്ചലിൽ’, ‘നക്ഷത്രനാളങ്ങളോ’ ഇങ്ങനെ ഒരുകൂട്ടം ഹമ്മിങ്ങിന്റെ സവിശേഷവും മൗലികവുമായ ആവിഷ്‌കാര രീതികൾ പാട്ടിൽ പ്രബലമാക്കുകയായിരുന്നു വേണുഗോപാൽ.   ‘ഒന്നാം രാഗം പാടി’ എന്ന ഗാനം തുടങ്ങുന്നതുതന്നെ ഹമ്മിങ്ങിലാണ്‌. ആദ്യം ഈ പാട്ടിൽ ഹമ്മിങ്‌ ഉണ്ടായിരുന്നില്ല. വേണുവിന്‌ പാട്ടിന്റെ ബെനിഫിറ്റ്‌ ഉണ്ടാകണമെന്നുകൂടി കരുതിയാണ്‌ ഹമ്മിങ്‌ ചേർത്തതെന്ന്‌  പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌ പറഞ്ഞതായി ഓർക്കുന്നു. ‘ചന്ദനമണിവാതിൽ’ എന്ന പാട്ടിൽ ഹിന്ദോളത്തിന്റെ ആന്ദോളനം. ‘തളിർ വെറ്റിലയുണ്ടോ’ എന്ന പാട്ടിൽ തറ്റുടുത്തു നിൽക്കുന്ന തരളലാവണ്യം ഹമ്മിങ്ങിനോടൊപ്പം ചേർത്തുനൽകുന്നത്‌ അളവറ്റ ലയസൗഖ്യം. ‘താളത്തിൽ പൂപ്പട കൂട്ടാനായ്‌’ എന്ന നീട്ടലിൽ ഈ തുളുമ്പലുണ്ട്‌. ‘പൂവെല്ലാം പൊൻപണമായ്‌’ എന്ന വരിയിൽ സൗമ്യാലാപനത്തിന്റെ സാന്ദ്രകാൽപ്പനികതകൾ. ജോൺസന്റെ പാട്ടുകളിൽ വേണുഗോപാലിന്റെ ശബ്‌ദസാന്നിധ്യം ഉജ്വലമായത്‌ ചരിത്രം‌.


തലത്തിന്റെ ആരാധകൻ

തലത്‌ മഹ്‌മൂദിന്റെ ശബ്‌ദം എക്കാലവും വേണുഗോപാലിന്റെ സ്വരജീവിതവുമായി ചേർന്നുനിന്നു. പങ്കജ്‌ മല്ലിക്‌, സൈഗാൾ, ആർ ഡി ബർമൻ, മദൻമോഹൻ, ബാബുരാജ്‌ എന്നിവരോടുള്ള കടുത്ത ആരാധന അദ്ദേഹത്തെ അത്തരം റേഞ്ചിലുള്ള പാട്ടുകൾ പാടാൻ കൊതിപ്പിച്ചത്‌ സ്വാഭാവികം. പാട്ടിന്റെ പതിഞ്ഞ കാലത്തിലൂടെയുള്ള നടത്തമാണ്‌ തന്റെ സംഗീതജീവിതമെന്ന്‌ വേണുഗോപാൽ തെളിയിച്ചു. ശാസ്‌ത്രീയസംഗീത സ്‌പർശമുള്ള പാട്ടുകൾ പാടുമ്പോഴും ഭാവനൈർമല്യത്തിന്റെ  ആന്തരിക ലോകത്ത്‌ അതിനെ ഭദ്രമാക്കിവച്ചു. പൂന്തേൻ നേർമൊഴി, പച്ചിലച്ചാർത്താം എന്നീ ഗാനങ്ങൾ ഓർക്കാവുന്നതാണ്‌.

 

കാവ്യപാരമ്പര്യത്തിന്റെ സൂചകങ്ങൾ

വേണുഗോപാലിന്റെ പാട്ട്‌ നമ്മുടെ ഓർമയുടെ ആഴത്തിൽ വേരോടിയ പൂമരമാണ്‌. മലയാളത്തിന്റെ സുദീർഘമായ കാവ്യപാരമ്പര്യത്തിന്റെ സൂചകങ്ങൾ ആ പാട്ടിലുണ്ട്‌.  പാട്ടിൽ കവിതയുടെ ഋതുക്കളെ കൊണ്ടുവരികയുണ്ടായി. മൂന്നു ദശകം പാട്ടിൽ സ്‌ഫുടം ചെയ്‌ത സൗമ്യവും ശാന്തവുമായ ശബ്ദകാലം. ജീവിതക്കാഴ്‌ചയും അറിവും നിരീക്ഷണവും വായനയും സൗഹൃദവും അതിനെ ആകർഷകമാക്കി. എം ബി എസിന്റെ പാട്ടുകൾ വേണുഗോപാലിന്റെ ശബ്‌ദത്തിന്‌ ഏറെ ഇണങ്ങുമെന്ന്‌ തോന്നാറുണ്ട്‌. കവിതയുടെ കാന്തിനിറയുന്ന എത്രയോ ഗാനങ്ങളുണ്ട്‌ വേണുഗോപാലിന്റേതായി. സ്വരമിടാതെ (ഉത്തരം), തങ്കച്ചേങ്കില (ഈ പുഴയുംകടന്ന്‌), കനകമുന്തിരികൾ (പുനരധിവാസം) ഇങ്ങനെയുള്ള ഗാനങ്ങൾ. പാട്ടിലെ കാവ്യസങ്കൽപ്പത്തെ ജനകീയമാക്കുകയായിരുന്നു വേണുഗോപാൽ. കാവ്യരാഗവും കാവ്യഗീതികളും കവിതകളുടെ ആന്തരിക ശ്രുതിയെ വിസ്‌തരിച്ച ആൽബങ്ങളാണ്‌. വാടകവീട്ടിലെ ജ്യോത്സ്‌ന (ഒ എൻ വി), പവിഴമല്ലി (സുഗതകുമാരി), മീര പാടുന്നു (സച്ചിദാനന്ദൻ), സഫലമീയാത്ര (എൻ എൻ കക്കാട്‌) എന്നിവയെല്ലാം ജെയ്‌സൺ ജെ നായരുടെ സംഗീതത്തിൽ വേണുഗോപാൽ അനശ്വരമാക്കി. 
 
വേണുഗോപാലിന്റെ പ്രതീക്ഷിത ശ്രോതാക്കൾ ഏകാന്തതയിലിരുന്ന്‌ പാട്ട്‌ കേൾക്കുന്നവരാണ്‌. അതാണ്‌ ഈ ഗായകന്റെ തനിമയും വിജയവും. ഒരേസമയം വൈയക്തികവും ജനകീയവുമാണത്‌. പാടുന്ന കാലത്ത്‌ മാത്രമല്ല, ഏതുകാലത്തും കുറെയേറെ ആസ്വാദകരെയെങ്കിലും നിലനിർത്താൻ വേണുഗോപാലിന്‌ കഴിയുന്നത്‌ അതുകൊണ്ടാണ്‌.
 

ഫോട്ടോ: പി ദിലീപ്കുമാര്‍

ഫോട്ടോ: പി ദിലീപ്കുമാര്‍

പ്രണയത്തിന്റെ നാദം അറുപതിന്റെ ചെറുപ്പം

അഭിമുഖം

ജി വേണുഗോപാൽ/ ലേഖാരാജ്‌     

36 കടന്ന്...

പാട്ടിലെ 36 വർഷത്തെ മറ്റുള്ളവരാണ് വിലയിരുത്തേണ്ടതെന്ന് എനിക്കുതോന്നുന്നു. അവരുടെ ജീവിതത്തെ ഏതെങ്കിലും വിധത്തിൽ എന്റെ പാട്ട് സ്‌പർശിച്ചുവോ എന്നത് അവരാണ് പറയേണ്ടത്. സിനിമയിൽ പ്രശസ്‌തിയുണ്ടാകുക എന്നതിന് ഭാഗ്യത്തിന്റെ ഒരു സ്‌പർശംകൂടിയുണ്ട്.

 

ജി വേണുഗോപാൽ മാഷ്!

പത്രപ്രവർത്തനം, ആകാശവാണി ജോലി, ഗായകൻ... ഇതൊന്നുമായിരുന്നില്ലെങ്കിൽ  ഒരധ്യാപകനാകുമായിരുന്നു. എന്നുമെന്നെ പ്രലോഭിപ്പിക്കുന്നത് അധ്യാപനമാണ്. രണ്ടാണ് കാരണം, ഒന്ന് പുതിയ തലമുറയ്‌ക്കൊപ്പം അവരുടെ യുവത്വത്തിന്റെ, വളർച്ചയുടെ ഭാഗമാകാൻ സാധിക്കുന്നു. രണ്ട്, ഭാവിപ്രതീക്ഷകളായി കുട്ടികളെ വാർത്തെടുക്കുന്നു, അതൊരു വലിയ കടമയാണ്.
 

 

ചന്ദനമണിവാതിൽ തുറന്ന്

ചന്ദനമണിവാതിൽ, ഉണരുമീ ഗാനം, രാരീ രാരീരം രാരോ... എന്നിങ്ങനെ ചില പ്രത്യേക ശൈലിയിലെ ഗാനങ്ങളിലേക്കൊതുങ്ങിയോ എന്നൊരു ആശങ്ക പലരും പറഞ്ഞുകാണാറുണ്ട്. പക്ഷേ, ഇതെല്ലാം എന്നെ അക്കാലത്ത് തേടിവന്ന പാട്ടുകളാണ്. തെരഞ്ഞെടുക്കാൻ അവകാശമോ സ്വാതന്ത്ര്യമോ ഇല്ലാതിരുന്ന കാലം. അന്നു ഞാൻ പാടിയ ഗാനങ്ങളിൽ പലതും സിനിമയിൽ ഒഴിവാക്കിയിട്ടുണ്ട്. അല്ലെങ്കിൽ ഗായികാസ്വരത്തിലാകും സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുക. ഉദാഹരണത്തിന് ഏഴാച്ചേരി രാമചന്ദ്രൻ ഒരുക്കിയ ചന്ദനമണിവാതിൽ...പാട്ട് സിനിമയിൽ സ്‌ത്രീശബ്‌ദമാണ്. നാലു വർഷത്തിനുശേഷമാണ് ആളുകൾ എന്റെ ശബ്‌ദത്തിൽ കേട്ടത്. "കളിക്കള'ത്തിലെ ആകാശഗോപുരം ഹിറ്റാണ്. പക്ഷേ, സിനിമയിലില്ലാത്ത പൂത്താലം വലംകൈയിലേന്തി... അതിലേറെ ഹിറ്റായി. പുനരധിവാസത്തിലെ കനകമുന്തിരികൾ.. സിനിമയിൽ ഉപയോഗിച്ചത് പക്ഷേ സ്‌ത്രീശബ്‌ദമാണ്. ഇതൊന്നും ഞാനോ അവരോ തീരുമാനിച്ചുറപ്പിച്ചതല്ല. എല്ലാം സംഭവിച്ചുപോകുകയായിരുന്നു. സിനിമയിൽ ഒന്നും കാലേക്കൂട്ടി ചെയ്യാനാകില്ല. പരമാവധി നന്നായി വരണമെന്ന ആഗ്രഹംമാത്രം.


പാടാനോർത്തൊരു...

ഏറ്റവും മികച്ച ഗായകരിൽ ഞാനടക്കമുള്ള സിനിമാപ്പാട്ടുകാർ ഉൾപ്പെടുന്നില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. കച്ചേരി, കഥകളിപ്പദം, സോപാന സംഗീതം  തുടങ്ങിയവയിലാണ് യഥാർഥ ഭാവഗായകർ. അപാരമായ സൃഷ്ടിപരതയാണ് അവരുടെ കൈമുതൽ. 1960കളിലെയും 70കളിലെയും ബാബുക്കയുടെ ഗാനങ്ങൾ എക്കാലത്തും പ്രലോഭിപ്പിച്ചിട്ടുണ്ട്.

 

ഫാസ്റ്റ് നമ്പരുകളില്ലേ? 

തിന്തകത്തോം ചിലമ്പണിഞ്ഞ്, അക്കുത്തിക്കുത്താനക്കൊമ്പിൽ... എന്നിങ്ങനെയുള്ള പാട്ടുകൾ പാടിയിട്ടും റൊമാന്റിക് ഗായകൻ എന്ന ചതുരത്തിലേക്ക് ഒതുങ്ങിയതായി പലരും പറയാറുണ്ട്. ഞാൻ പാടിയ ആകെ പാട്ടുകൾ വച്ചല്ല അങ്ങനെയൊരു അഭിപ്രായം. ആളുകൾക്കേറെയിഷ്ടമായ പാട്ടുകൾവച്ചാണ് ആ തീർപ്പ്‌.

 

സസ്‌നേഹം ജി വേണുഗോപാൽ

നാല് കൂട്ടുകാർക്കൊപ്പം 2009ൽ കരിയർ 25 വർഷം പൂർത്തിയായ വേളയിൽ ഒരിക്കൽ തിരുവനന്തപുരം ആർസിസിയിലെ ക്യാൻസർവാർഡ് സന്ദർശിക്കാനിടയായി. കുട്ടികളുടെ വാർഡിന്റെ വാതിൽക്കൽവച്ച് ഒപ്പമുണ്ടായിരുന്ന രണ്ടുപേർ മടങ്ങി. ഞാനും സുഹൃത്തും അകത്തുകയറി. വിടർന്ന കണ്ണിൽ വേദനയൊളിപ്പിച്ച് മൊട്ടയടിച്ച തലയുമായി കുഞ്ഞുങ്ങൾ... പാതിപിന്നിട്ടപ്പോഴേക്കും മനസ്സുതകർന്ന് സുഹൃത്തും തിരികെ നടന്നു. കൂട്ടിരിക്കുന്ന അച്ഛനമ്മമാരുടെ കണ്ണുകളിലാണ് ദൈന്യംമുഴുവൻ. മുഴുവൻ കാണാനാകാതെ പിന്തിരിഞ്ഞ എന്റെ വസ്‌ത്രത്തുമ്പിൽ ഒരു കുഞ്ഞുകൈ പിടികൂടി. "ഞാൻ മാമന്റെ എല്ലാ പാട്ടും കേൾക്കാറുണ്ട്, എനിക്ക് വലിയ ഇഷ്ടമാണ്. ഇതിലൊരു ഒപ്പിട്ടുതരുമോ’,  കഥാപുസ്‌തകം എന്റെ നേരെ നീട്ടി ചോദിക്കുകയാണ്. എന്റെ ധൈര്യം മുഴുവൻ ചോർന്നു.  നെഞ്ചകം കനലായി. ഈ സംഭവമാണ് അന്നത്തെ എന്റെ ഓർക്കുട്ട് സുഹ-‍ൃത്തുക്കൾക്കൊപ്പം സസ്‌നേഹം ജി വേണുഗോപാൽ എന്ന കൂട്ടായ്‌മയിലെത്തിച്ചത്.
 
ആർസിസിയിൽ കുട്ടികൾക്ക് ജീവിതത്തിന്റെ നിറം പകരാനായി ശ്രമം. വാർഡിനുസമീപം ഒരു മുറിയിൽ വരയും എഴുത്തും നിറംപകരലും ശിൽപ്പനിർമാണവും മാജിക്കും മിമിക്രിയും എന്നുവേണ്ട എല്ലാം പരിചയപ്പെടുത്തുന്ന സെഷനുകളൊരുക്കി. വിഷുക്കാലത്ത് സ്‌നേഹക്കൈനീട്ടം നൽകി. യേശുദാസടക്കം പ്രമുഖരെത്തി. ആറുവർഷം പിന്നിട്ടപ്പോൾ ചില ഉദ്യോഗസ്ഥരുടെ അഹംഭാവത്താൽ പരിപാടി നിർത്തേണ്ടിവന്നു.

 

മുടങ്ങിയ കൈനീട്ടം

പലതരത്തിലാണ് ഉദ്യോഗസ്ഥർ പാരയായത്. ന്യൂയോർക്കിലെ ഒരു ട്രസ്റ്റ്‌ നൽകിയ നാലരലക്ഷം രൂപ കൈമാറാൻ ആർസിസിയുമായി ബന്ധപ്പെട്ടപ്പോൾ ഒരു പെട്ടി വച്ചിട്ടുണ്ട്, അതിൽ ഇട്ടിട്ട് പോയാൽ മതി എന്നായിരുന്നു മറുപടി. ഞാൻ മന്ത്രിയെ ബന്ധപ്പെട്ടു. അദ്ദേഹം  സ്വീകരിക്കാൻ സന്നദ്ധതയറിയിച്ചു. ആർസിസിയിലെ ഡയറക്ടേഴ്സ് റൂമിൽ ചെക്ക് കൈമാറി.
 
തൊട്ടടുത്ത വിഷുവിന് സ്‌നേഹക്കൈനീട്ടം കൊടുക്കാൻ താൽപ്പര്യമറിയിച്ചപ്പോൾ ചില ഉദ്യോഗസ്ഥർ വീണ്ടും തടസ്സമുന്നയിച്ചു. സുഹൃത്തുമായി ബന്ധപ്പെട്ട് അവരുടെ ഐഎഎസ് അസോസിയേഷൻ ഇതേ ആവശ്യമുന്നയിച്ചപ്പോൾ മേൽപറഞ്ഞ ഉദ്യോഗസ്ഥർ സമ്മതവുമറിയിച്ചു. അസോസിയേഷൻ നമ്മളുമായി സഹകരിച്ച് പരിപാടി നടത്തിയത് അവർക്ക് ക്ഷീണമായി. ആർസിസിയിലുയർന്ന ആ ആശയം ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്താലാണ് അവസാനിച്ചത്. പിന്നീട് പൂജപ്പുര മഹിളാമന്ദിരത്തിലും മറ്റുമായി പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.

 

കോവിഡിന്റെ കരുതൽ

ദിവസക്കൂലിക്കാരായ 13 കുടുംബത്തെ കഴിഞ്ഞ മെയ് മുതൽ ഞങ്ങൾ കൂടെനിർത്തുന്നു. സാധനങ്ങൾ  വാങ്ങിനൽകിയും പ്രായമായവർക്ക് മരുന്നെത്തിച്ചും ഒപ്പമുണ്ട്. 60‐ാം പിറന്നാളാഘോഷം 10ന് എല്ലാ പിറന്നാളിനുമെന്ന പോലെ പുലയനാർകോട്ടയിലെ ഗവ. ഓൾഡ്ഏജ് ഹോമിൽ ആഘോഷിക്കാനിരുന്നതാണ്. പക്ഷേ, കോവിഡ് കാരണം ഇത്തവണ കേക്ക്മാത്രം എത്തിക്കാമെന്നു കരുതുന്നു. പാട്ടും പരിപാടിയുമായി ഓൺലൈനിൽ ഒത്തുകൂടാനും ആലോചിക്കുന്നുണ്ട്.

 

പാട്ടിന്റെ പാസ്‌പോർട്ട്

വെള്ളയും വെള്ളയുമിട്ട് ദാസേട്ടനെപ്പോലെ പാടുന്ന ഒരുപാട് യേശുദാസുമാരിൽനിന്നാണ് ഞാനും എം ജി ശ്രീകുമാറുമൊക്കെ പിടിച്ചുകയറിയത്. പാട്ടിന്റെ 25 വർഷം പിന്നിട്ടവേളയിൽ ദാസേട്ടൻ പറഞ്ഞു:"വേണൂ ശബ്‌ദം നമുക്ക് പാസ്‌പോർട്ട് പോലെയാണ്. ഒരാളുടെ ശബ്‌ദംകൊണ്ട്, അനുകരണംകൊണ്ട്, മറ്റൊരാൾക്ക് ഉപകാരമില്ല. വേണുവിന് തൊണ്ടയിൽത്തന്നെ ഒരു പാസ്‌പോർട്ടുണ്ട്’.

 

തിരപോലെ നീയും...

 സത്യൻ കീഴ്‌പ്പയ്യൂർ എന്ന എന്റെ സുഹൃത്താണ് ഈ സംഗീത ആൽബത്തിന്‌ വരികളെഴുതിയത്. ജി നിശികാന്ത് സംഗീതവും നൽകി. ഇതിനിടെ സത്യന് കോവിഡ് ബാധിച്ചു. അതെല്ലാം ഭേദമായി വന്നശേഷമാണ് ദൃശ്യാവിഷ്‌കാരമെന്ന ആശയം പങ്കുവച്ചത്. ഞാൻ വന്നാൽ നന്നാകുമെന്നും അവർ പറഞ്ഞു. അങ്ങനെയാണ് ആൽബത്തിൽ എത്തിയത്. അഭിനയം മോഹമേയല്ല.

 

പ്രണയം, പ്രാർഥന

എന്നെ സംബന്ധിച്ച് പ്രണയവും പ്രാർഥനയും നിഗൂഢമാണ്. പറഞ്ഞാൽ, പ്രകടിപ്പിച്ചാൽ പ്രണയമല്ലാതായി, നിഗൂഢമായിരിക്കുക എന്നതാണ് പ്രണയം, ഒരു പ്രാർഥനപോലെ.

 

പാട്ടിലെ കവിത

‘കാവ്യഗീതികൾ’, ‘കാവ്യരാഗം’ എന്നിങ്ങനെ കവിതകളിൽ സംഗീതം പകർന്ന് ശ്രോതാക്കൾക്കെത്തിച്ചപ്പോൾ നല്ല കവിതകൾ പാടണം എന്നത് മാത്രമായിരുന്നു എന്റെ ആഗ്രഹം. അന്ന് എം കൃഷ്ണൻനായർ സാർ പോലും അതിനെ വിമർശിച്ചു. എങ്കിലും പാട്ടിന്റെയും കവിതയുടെയും നേർത്ത അതിരിൽ കഴിയുന്ന ചിലരുണ്ട്. അവർക്കിത് വളരെയിഷ്ടമായി. കവിതയ്‌ക്ക്‌ സംഗീതം ആവശ്യമില്ല. എന്നാൽ, സംഗീതത്തിന് കവിതയെ ആവശ്യമുണ്ട് എന്നുതന്നെയാണ് എന്റെ വിശ്വാസം. കാവ്യഗീതികൾ‐4 ഉടൻ ഇറക്കും. ആശാൻ, സുഗതകുമാരി, ഏഴാച്ചേരി,  വിജയലക്ഷ്‌മി, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രഭാവർമ,  കുരീപ്പുഴ, റഫീക്ക് അഹമ്മദ്, ജി നിശികാന്ത് എന്നിവരുടെ കവിതകളാണ് പാട്ടിലാക്കുന്നത്. ഒപ്പം പ്ലാവില, മൂൺവാക്ക്, കാണെക്കാണെ എന്നീ സിനിമകളിലും പാടുന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top