20 April Saturday

ചെമ്പൈ; കർണാടക സംഗീതത്തിലെ സൂര്യതേജസ്സ്

കീഴത്തൂർ മുരുകൻUpdated: Sunday Oct 11, 2020

ചെമ്പൈ മൺമറഞ്ഞിട്ട്‌ 16ന്‌  46 വർഷം

 
1974 ഒക്ടോബർ 16. ഒറ്റപ്പാലം സുന്ദരയ്യർ റോഡിലുള്ള ഒളപ്പമണ്ണ മന. സംഗീതജ്ഞനും സഹൃദയനുമായ വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വസതിയിൽ തലേന്നാൾ തന്നെ ചെമ്പൈ എത്തിയിരുന്നു. നവരാത്രിയോടനുബന്ധിച്ച് പൂഴിക്കുന്നം ശ്രീകൃഷ്‌ണക്ഷേത്രത്തിൽ കച്ചേരി നടത്താൻ.
 
അടുത്തറിയുന്ന പലരും മനയിൽ എത്തി. കവിയും അഭിഭാഷകനുമായ പി ടി നരേന്ദ്രൻ മേനോൻ, ഗായിക സുകുമാരി, മണ്ണൂർ രാജകുമാരനുണ്ണി തുടങ്ങിയവർ. എല്ലാവരോടും ഉള്ളുതുറന്ന്‌  സംസാരിച്ചു. ഇടയ്‌ക്ക് പത്രക്കാരുമായി അഭിമുഖം. അടുത്തുള്ള അടുത്തുള്ള ബന്ധുവീട്ടിൽ സന്ദർശനം.
  
പകൽ അവസാനിക്കുംമുമ്പേ ഭാഗവതരും സംഘവും പൂഴിക്കുന്നം ക്ഷേത്രാങ്കണത്തിൽ. വേദിയിൽ ഭാഗവതർ ഉപവിഷ്ടനാകുന്നു.  വയലിനുമായി രാമചന്ദ്രൻ,  മൃദംഗവുമായി മൂർത്തിയും തൃശൂർ മോഹനനും ഘടവുമായി ആലംകുടി രാമചന്ദ്രൻ. കൂടെ പാടാൻ ബാബു നമ്പൂതിരി. ശിഷ്യരായ വാസുദേവൻ നമ്പൂതിരിപ്പാടും  ശൂലപാണി വാര്യരും ചിതലി രാമൻ മാരാരും പി കെ ജി നമ്പ്യാരും പിന്നിൽ. വിരിഭോണി വർണത്തിൽ തുടങ്ങി സ്ഥിരമായി ആലപിക്കുന്ന ഹംസധ്വനിയിലൂടെ, പന്തുവരാളിയിലൂടെ, ഹംസാനന്ദിയിലൂടെ, ഗംഭീരനാട്ടയിലൂടെ, കാംബോജിയിലൂടെ സഞ്ചരിച്ച് ആലാപനത്തിന്റെ സമസ്‌ത സൗന്ദര്യങ്ങളും ഒത്തിണക്കി യദുകുല കാംബോജിയിലെ കരുണ ചെയ്‌വാനെന്തു താമസം കൃഷ്‌ണ എന്ന കീർത്തനത്തോടെ മൂന്നര മണിക്കൂർ നീണ്ട നാദവിസ്‌മയം... പിന്നെ വാസുദേവൻ നമ്പൂതിരിപ്പാടിനെ തിരിഞ്ഞുനോക്കി ഒരു മന്ദസ്‌മിതം. ഇരു കൈകളും കൂപ്പി വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മറുമൊഴി.
 
പിന്നീട് ക്ഷേത്രനടയിൽ. ‘ഗുരുവായൂരപ്പാ... എനിക്ക് 79 വയസ്സായി ജീവിതത്തിലെ എല്ലാ മോഹങ്ങളും പൂർത്തിയായി. തടിച്ചുവീർത്ത ഈ ശരീരം എന്നെ വല്ലാതെ തളർത്തുന്നു. വൈകാതെ എന്നെ കൂടി അങ്ങോട്ട് വിളിച്ചൂടെ...  ഉറക്കെയുറക്കെയുള്ള ദീനസ്വരം കേട്ട് അടുത്തുനിന്നവർ നടുങ്ങുന്നു. ആകപ്പാടെ നിശ്ശബ്ദത. അന്തരീക്ഷത്തിന്റെ പിരിമുറുക്കം കുറയ്‌ക്കാൻ രാമ മാരാർ പറഞ്ഞു: “ഭാഗവതർ ഇനിയും നൂറുകൊല്ലം ജീവിക്കണം, ഞങ്ങൾക്കൊക്കെ വേണ്ടി.’’ ഉടനെ ഭാഗവതരുടെ മറുപടി: ‘‘രാമാ ഞാനും ഗുരുവായൂരപ്പനും തമ്മിലുളള വിഷയം. മറ്റാരും ഇതിൽ ഇടപെടേണ്ട.’’
 
-  മഞ്ചലിലേറി തിരിച്ച് ഒളപ്പമണ്ണ മനയിലേക്ക്. പടികൾ കയറവെ ഭാഗവതരുടെ ശരീരം ഒരു ഭാഗത്തേക്ക് ചായുന്നതുകണ്ട് പിറകിലുള്ളവർ താങ്ങി. തളത്തിലെ കോലായിൽ കിടത്തി. ശരീരമാകെ വിയർത്തിരുന്നു. ഡോക്ടർ എത്തുമ്പോഴേക്കും   ശരീരം നിശ്ചലം. കർണാടകസംഗീതത്തിന്റെ എക്കാലത്തെയും സമ്പന്നമായ ആ ശബ്ദം നിലച്ചു.
 
മലയാളം കൊല്ലവർഷത്തിന്റെ കാലഗണന അനുസരിച്ച് 1072 ചിങ്ങത്തിലെ ഭരണി നക്ഷത്രത്തിലാണ് ഭാഗവതരുടെ ജനനം.  അച്ഛൻ അനന്ത ഭാഗവതർ. അമ്മ പാർവതിയമ്മാൾ. അച്ഛനും മുത്തച്ഛന്മാരും പേരുകേട്ട സംഗീതവിദ്വാന്മാർ.   സംഗീതം പഠിക്കാൻ എത്തുന്ന കുട്ടികളോടൊപ്പം അച്ഛൻ അനന്ത ഭാഗവതരുടെ വായ്‌ത്താരികളിൽനിന്ന്‌  വൈദ്യനാഥനും അനുജൻ അനുജൻ  സുബ്രഹ്മണ്യൻ എന്ന ശുപ്പാണിയും പരിശീലിച്ചു,  അന്യദേശങ്ങളിൽനിന്ന്‌ അനന്ത ഭാഗവതരെ കാണാൻ എത്തുന്ന സംഗീത വിദ്വാന്മാരുമായുള്ള കൂടിക്കാഴ്‌ചയും വ്യത്യസ്‌ത ബാണികളിലുള്ള ആലാപന സമ്പ്രദായങ്ങളും സംവാദങ്ങളിൽ ഉരുത്തിരിയുന്ന  ആശയങ്ങളും സംഗീതജ്ഞാനം വർധിപ്പിച്ചു. പത്താം വയസ്സിൽ അഗ്രഹാരത്തിലെ പാർഥസാരഥി ക്ഷേത്രത്തിൽ  അരങ്ങേറ്റം.
 
പഴയ വള്ളുവനാട് താലൂക്കിലെ വെള്ളിനേഴിയിലെ ഒളപ്പമണ്ണ മനയിലും കൂറ്റനാടിനടുത്തുള്ള പൂമുള്ളി മനയിലുമുള്ളവരിൽ ചിലർ കർണാടക സംഗീതപ്രിയരും അനന്ത ഭാഗവതരോട് ഏറെ സൗഹൃദം പുലർത്തിയവരുമായിരുന്നു. ചെമ്പൈ സഹോദരന്മാരെയും അവർ ബഹുമാനിച്ചു. പൂമുള്ളി രാമൻ നമ്പൂതിരിപ്പാടും ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിപ്പാടും ഭാഗവതർക്ക്‌ ശിഷ്യപ്പെട്ടു.  വായ്‌പ്പാട്ടിൽ എന്നപോലെ വയലിനിലും ചെമ്പൈക്ക്‌ പ്രാവീണ്യം ഉണ്ടായിരുന്നു. ചെമ്പൈ ഗ്രാമത്തിൽ എം എസ് സുബ്ബുലക്ഷ്‌മി കച്ചേരി അവതരിപ്പിക്കുന്ന വേളയിൽ,  ഫിഡിൽ ചൗഡയ എത്താൻ വൈകിയപ്പോൾ ചെമ്പൈ തന്നെ വയലിൻ വായിച്ച കാര്യം ഇന്നും പഴമക്കാരുടെ ഓർമയിലുണ്ട്‌. 
 
- സുപ്രസിദ്ധ സംഗീതജ്ഞനും  കഥാകാലക്ഷേപം അവതരിപ്പിക്കുന്ന കലാകാരനുമായ രാമായണം നടേശ ശാസ്‌ത്രികൾ ഹരികഥ പറയാൻ കൽപ്പാത്തിയിൽ വന്നു.  ചെമ്പൈ സഹോദരന്മാരുടെ ആലാപന വൈഭവം കേട്ടറിഞ്ഞ് അവർ ചെമ്പൈയിൽ എത്തി. അനന്ത ഭാഗവതരുമായി സംസാരിക്കവെ പാട്ടുകാർക്ക്‌ തമിഴ്നാട്ടിലുള്ള സാധ്യതകൾ ധരിപ്പിച്ചു. തുടർന്ന്‌  കുട്ടികളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. 
 
 നടേശ ശാസ്‌ത്രികൾ ഹരികഥ പറയുന്ന വേദിയിലെല്ലാം ചെമ്പൈ സഹോദരന്മാരുടെ ഭക്തിരസപ്രധാനമായ കീർത്തനങ്ങളുടെ ആലാപനം.  സദസ്യർ ഇവരെ  അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. സുപ്രസിദ്ധ വയലിൻ വിദ്വാനായ മലക്കോട്ടെ ഗോവിന്ദസ്വാമി പിള്ള, കാഞ്ചീപുരം നൈനാ പിള്ള, മൃദംഗവിദ്വാന്മാരായ ദക്ഷിണാമൂർത്തി പിള്ള, പഴനി സുബ്ബയ്യപിള്ള, ഘടം വാദകൻ കൃഷ്‌ണയ്യർ തുടങ്ങിയവരുമായി അവർ  പരിചയപ്പെട്ടു. 
 
ചെമ്പൈ അഗ്രഹാരത്തിൽ തിരിച്ചുവന്നെങ്കിലും ഏറെ താമസിയാതെ തമിഴകത്ത് ധാരാളം വേദികളിലേക്ക്‌ ചെമ്പൈക്ക് ക്ഷണം ലഭിച്ചു.  മഹാരാജാപുരം വിശ്വനാഥ ഭാഗവതർ, അരിയക്കുടി രാമാനുജം അയ്യങ്കാർ, മുസരി സുബ്രഹ്മണ്യയ്യർ, ജി എൻ ബാലസുബ്രഹ്മണ്യം, മധുരെ മണി അയ്യർ, ആലത്തൂർ ബ്രദേഴ്സ്, ടി വൃന്ദ, ടി മുക്ത, എസ് രാമനാഥൻ, ഡി കെ പട്ടമ്മാൾ, എം എസ് സുബ്ബുലക്ഷ്‌മി തുടങ്ങിയ മഹാപ്രതിഭകൾ ജ്വലിച്ചുനിൽക്കുന്ന ഘട്ടത്തിലാണ് ചെമ്പൈയുടെ സാന്നിധ്യം.
  
1930കളിലാണ് ചെമ്പൈയിൽ ഗുരുകുലം ആരംഭിക്കുന്നത്. അന്യദേശങ്ങളിൽനിന്ന്‌ നിരവധിപേർ പഠിക്കാനെത്തി. താമസം, ഭക്ഷണം, പരിശീലനം എല്ലാം സൗജന്യം. കർശനമായ അച്ചടക്കവും പരിശീലനപദ്ധതിയും. എഴുതിപ്പഠിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല.  ജാതി ചിന്തകൾ തീക്ഷ്‌ണമായി നിലനിന്ന കാലത്ത്‌  ഈഴവസമുദായത്തിലുള്ള  ചെറുപ്പക്കാർ പാലക്കാട്, ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലെ ഉൾനാടൻ പ്രദേശങ്ങളിൽനിന്നും സൈക്കിൾ ചവിട്ടി ഗുരുകുലത്തിലെത്തി സംഗീതം പഠിച്ചു. മൺമറഞ്ഞ മാൻഡൊലിൻ വാദകൻ ശ്രീനിവാസന്റെ ഗുരുനാഥൻ ഹൈദരാബാദ് സുബ്ബരാജുലു, വി വി സുബ്രഹ്മണ്യൻ, മംഗലാപുരത്തെ മണി ഭാഗവതർ, ഞെരളത്ത് രാമ പൊതുവാൾ, കടത്തനാട് മാധവക്കുറുപ്പ്, പഴശ്ശി രാജകുടുംബത്തിലെ ശങ്കരവർമരാജ, കെ എം നീലിമന നമ്പൂതിരി, കുഴൽമന്ദം ഗോപാലകൃഷ്ണയ്യർ, കോദണ്ഡരാമ ഭാഗവതർ തുടങ്ങിയവരെല്ലാം ഈ കാലഘട്ടത്തിൽ ചെമ്പൈ ഗുരുകുലത്തിൽ സംഗീത പരിശീലനം നേടിയവരാണ്. ടി വി ഗോപാലകൃഷ്‌ണനും ജയവിജയന്മാരും, കെ.ജെ.യേശുദാസുമൊക്കെ ചെമ്പൈയുടെ ശിഷ്യത്വം സ്വീകരിക്കുന്നത് മദിരാശിയിൽവച്ചാണ്‌.
 
മരണാനന്തരവും യുഗപുരുഷനായി കർണടക സംഗീത ലോകത്ത് നിറഞ്ഞു നിൽക്കുകയാണ്‌ ചെമ്പൈ.  15 നാൾ  നീണ്ടുനിൽക്കുന്നതും, വായ്പാട്ടിലും വാദ്യേപകരണങ്ങളിലുമായി മൂവായിരത്തഞ്ഞൂറോളം ഗായകർ സംഗമിക്കുന്നതുമായ ഗുരുവായൂരിലെ ചെമ്പൈ സംഗീതോത്സവം ആ മഹാപ്രതിഭയ്‌ക്കുള്ള നിസ്‌തുലമായ അംഗീകാരമാണ്‌. സമകാലികരായ സംഗീതവിദ്വാന്മാർക്കാർക്കും ലഭിക്കാത്ത അംഗീകാരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top