19 March Tuesday

നിനക്കായ് ദേവീ... പുനർജനിക്കാം...; ബാലഭാസ്‌കർ യാത്രയായിട്ട്‌ മൂന്നുവർഷം

വെബ് ഡെസ്‌ക്‌Updated: Saturday Oct 2, 2021

നിനക്കായ് ദേവീ... പുനർജനിക്കാം... ഇനിയും ജനമങ്ങൾ ഒന്നുചേരാൻ...

വരികളിലെ പ്രണയത്തെ, സ്നേഹത്തെ മുഴുവൻ ഈണത്തിലേക്കെടുത്ത സംഗീതജ്ഞൻ യാത്രയായിട്ട്‌ മൂന്നുവർഷം. ആ വയലിൻ തന്ത്രികളിൽനിന്ന് മധുരസംഗീതമുതിരാത്ത കാലം സങ്കൽപ്പിക്കാൻതന്നെ പ്രയാസം. മലയാളി മനസ്സിൽ നോവോർമയായി മാറിയിരിക്കുന്നു വയലിനിസ്റ്റ് ബാലഭാസ്‌കർ.

മലയാളത്തിന് ലഭിച്ച എക്കാലത്തെയും മികച്ച പ്രണയഗാനമായിരുന്നു 'നിനക്കായ്' എന്ന ആൽബം. അതിലെ വരികൾ ഇപ്പോൾ അദ്ദേഹത്തോട് തിരിച്ചുചൊല്ലുകയാണ്; ആസ്വാദകലോകം. വരും ജന്മത്തിലും നിന്റെ ഗാനങ്ങൾക്കായി കാതോർത്തിരിക്കാമെന്ന്. അത്രമേൽ ആർദ്രമായി, ലളിതമായി, ഹൃദയസ്‌പർശിയായി സംഗീതസംവിധാനമൊരുക്കിയാണ് ബാലഭാസ്‌കർ എന്ന അതുല്യപ്രതിഭ മലയാളമനസിൽ ഇടംനേടിയത്.

ചെറുപ്രായത്തിൽ വരികൾക്കുമേൽ സംഗീതത്തിന്റെ, ഈണത്തിന്റെ മാന്ത്രികസ്പർശം തുന്നിച്ചേർത്ത സംഗീതസംവിധായകനെയാണ് അകാലത്തിൽ നഷ്‌ട‌മായത്. 20ാം വയസ്സിലാണ് സംഗീതസംവിധായകനായി രംഗത്തെത്തിയത്. ഈസ്റ്റ്കോസ്റ്റ് വിജയൻ രചിച്ച‌് 1998ൽ പുറത്തിറങ്ങിയ "നിനക്കായ്' പ്രണയ ആൽബത്തിലെ നിനക്കായ് തോഴാ (നിനക്കായ് ദേവീ) പുനർജനിക്കാം എന്ന പാട്ടിലൂടെ ശ്രദ്ധനേടി. അതേവർഷം ഇറങ്ങിയ 'മംഗല്യപല്ലക്ക്'  സിനിമയിലെ ഗാനത്തിനും സംഗീതം പകർന്നു. വിനോദ് റോഷൻ സംവിധാനംചെയ്‌ത ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്കാണ് ഈണമിട്ടത്.

തുടർന്ന് 2000ൽ കണ്ണാടിക്കടവത്തിനുവേണ്ടി കൈതപ്രത്തിന്റെ വരികൾക്കും 2004ൽ പാഞ്ചജന്യത്തിനുവേണ്ടി സംവിധായകൻ പ്രസാദിന്റെ വരികൾക്കും 2005ൽ മോക്ഷത്തിനുവേണ്ടി കാവാലം നാരായണപ്പണിക്കരുടെ വരികൾക്കും ഈണം പകർന്നു. യേശുദാസ്, ജയചന്ദ്രൻ, ശ്രീകുമാർ, വേണുഗോപാൽ, ജയൻ (ജയവിജയ), ചിത്ര, മഞ്ജരി, ജ്യോത്സ്ന, രാധികാ തിലക് തുടങ്ങിയ ഗായകരെല്ലാം ബാലഭാസ്‌കറിന്റെ ഈണത്തിന് ശബ്ദമേകി. പാഞ്ചജന്യത്തിൽ ഒരു ഗാനവും ആലപിച്ചു. അഞ്ച് സിനിമകളിലായി മുപ്പതോളം പാട്ടുകൾക്കും 15ലേറെ ആൽബങ്ങളിൽനിന്ന് ഇരുനൂറിലേറെ ഗാനങ്ങൾക്കും സംഗീതമേകി.

മാന്ത്രിക സംഗീതമൊഴുക്കിയ പ്രതിഭ മലയാള സിനിമാ ഗാനങ്ങൾ വയലിൻ തന്ത്രികളിലൂടെ പകർന്ന‌് ആസ്വാദകരെ കൈയിലെടുത്തു. ബാലഭാസ്‌കർ എന്ന സൗമ്യനായ കലാകാരന്റെ പ്രണയവും മകൾക്കുവേണ്ടിയുള്ള ഒന്നര പതിറ്റാണ്ടിലധികം നീണ്ട  കാത്തിരിപ്പും ഒക്കെ ആ സ്നേഹത്തെ അടയാളപ്പെടുത്തുന്നു. കലവറയില്ലാത്ത ആ സ്നേഹത്തിന്റെ ഈണമായിരുന്നു പാതിവഴിയിൽ നിലച്ചുപോയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top