28 March Thursday

ആലായാല്‍ തറ വേണോ?... ശരിക്കൊന്ന്‌ മനസ്സിരുത്തി ആലോചിക്കണം; പൊളിച്ചെഴുത്ത്‌ പാട്ടിന്‌ തുടക്കമിട്ട് സൂരജ് സന്തോഷ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

കൊച്ചി > രണ്ടു ദിവസമായി കേരളത്തിന്റെ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ‘ആലായാല്‍ തറ വേണോ, അടുത്തൊരമ്പലം വേണോ, ആലിന്നു ചേർന്നൊരു കുളവും വേണോ’ എന്ന ഗാനമാണ്. ആലായാൽ തറവേണം എന്ന കാവാലം നാരായണ പണിക്കര്‍ പ്രശസ്തമാക്കിയ ഗാനത്തിന്റെ പുനരാവിഷ്കരണമാണ് ഇത്. ഗായകന്‍ സൂരജ് സന്തോഷും സിനിമ പ്രവർത്തകയും എഴുത്തുകാരിയുമായ ശ്രുതി ശരണ്യവുമാണ് ഈ ഗാനത്തിന് പിന്നില്‍. വര്‍ഷങ്ങളോളം മലയാളികള്‍ കേള്‍ക്കുകയും പാടുകയും ചെയ്ത പാട്ടാണ് ‘ആലായാല്‍ തറ വേണം’ എന്നത്.

നേരത്തെ മസാല കോഫി ബാൻഡ്‌ ആലായാല്‍ തറ വേണം എന്ന ഗാനം റീ മാസ്റ്റര്‍ ചെയ്ത് പുറത്ത് ഇറക്കിയിരുന്നു. സൂരജ് തന്നെയായിരുന്നു ഗാനം ആലപിച്ചതും. പിന്നീട് സോളോ എന്ന ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലും ഗാനം ഉപയോഗിച്ചു.

പുരുഷന് ഗുണവും സ്ത്രീകള്‍ക്ക് അടക്കമൊതുക്കവും വേണമെന്നാണു ആലായാല്‍ തറ വേണം എന്ന പാട്ടില്‍ പറയുന്നത്. ശ്രീരാമനെയും സീതയെയും ഉപമിച്ച് കൊണ്ടായിരുന്നു ഇത്. വാക്കിന് പൈങ്കിളിപ്പെണ്ണിന്റെ തെളിച്ചവും ശുദ്ധിയും വേണം. നാട് നന്നാവണമെങ്കില്‍ നല്ല ഭരണാധികാരി മാത്രം പോര നല്ല പ്രജകളും വേണം.

പൂവായാല്‍ മണം വേണം പൂമാനായാല്‍ ഗുണം വേണം,പൂമാനിനിമാര്‍കളായാല്‍ അടക്കം വേണം എന്നൊക്കെയായിരുന്നു ഗാനത്തിലെ വരികള്‍.

എന്നാല്‍ ഈ ഗാനങ്ങളിലെ വരികളില്‍ സ്ഥാപിക്കപ്പെടുന്ന ചില തെറ്റായ ചിന്തകളും രീതികളും ഉണ്ട്. ഇതിനെ പൊളിച്ചെഴുതി ആലപിക്കുകയാണ് സൂരജ് ഇപ്പോള്‍.

ആലായാല്‍ തറ വേണ്ടെന്നും അടുത്ത് അമ്പലം വേണ്ടെന്നും സൂരജ് പറയുന്നു. പുതിയ ഗാനത്തിനെ കുറിച്ച് സൂരജ് പറയുന്നത് ഇങ്ങനെയാണ്. ‘നാമെല്ലാവരും കേട്ട് വളര്‍ന്ന ഒരു നിരുപദ്രവകരമായ ഗാനമാണ് ആലായാല്‍ തറ വേണം. എന്നാല്‍ അതില്‍ പല തലത്തില്‍ തെറ്റായ നിരവധി കാര്യങ്ങളുണ്ട്, ശ്രുതി യോടൊപ്പം ഞാന്‍ പഴയ ഗാനം പുനാരാവിഷ്‌ക്കരിക്കുകയാണ്. തലമുറകളിലൂടെ അന്ധമായി കൈമാറിയ എല്ലാ സ്റ്റീരിയോടൈപ്പുകളെയും എല്ലാ ‘സത്യത്തെയും’ ഞങ്ങള്‍ ചോദ്യം ചെയ്യുന്നു. പറയുന്നതെന്തും നിശബ്‌ദമായി സ്വീകരിക്കുന്നതിനുപകരം ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു പുതിയ കലാപത്തിന്റെ വിത്ത് വിതയ്ക്കാം’ എന്നാണ് ഗാനം പുറത്തുവിട്ട് കൊണ്ട് സൂരജ് തന്റെ ചാനലില്‍ എഴുതിയത്.

1992 ല്‍ ആലോലം എന്ന സിനിമയ്ക്കായി കാവാലം നാരായണപ്പണിക്കര്‍ ആയിരുന്നു ആലായാല്‍ തറ വേണം എന്ന ഗാനം എഴുതിയത്. പ്രചാരത്തിലുണ്ടായിരുന്ന നാടന്‍ പാട്ട് സിനിമയ്ക്കായി അദ്ദേഹം  രചിക്കുകയായിരുന്നു. നെടുമുടി വേണുവാണ് ഗാനം ആലപിച്ചത്. മോഹന്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

സൂരജ് സന്തോഷും ശ്രുതി നമ്പൂതിരിയുമാണ് പുതിയ ഗാനത്തിന്റെ വരികള്‍ തയ്യാറാക്കിയത്. സൂരജ് തന്നെയാണ് പുതിയ ഗാനം ആലപിച്ചതും സംഗീതം പകരുകയും ചെയ്തത്.

പാട്ടിന്റെ വരികളിലെ വരേണ്യതയും രാഷ്‌ട്രീയ ശരികേടും തിരുത്തപ്പെടുമ്പോൾ അതു തിരുത്തണമെന്നു പറയുന്നവരും സ്വയം തിരുത്തലിന് തയ്യാറാകുന്നുണ്ടോ എന്ന ചോദ്യവും ഉയർന്നു. പാട്ടിന്റെ ക്രെഡിറ്റിൽ വരികളെഴുതിയത് 'ശ്രുതി നമ്പൂതിരി' എന്നു ചേർത്തതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു എഴുത്തുകാരിക്കു നേരെ ചോദ്യങ്ങൾ ഉയർന്നത്.

ഈ വിമർശനങ്ങളിൽ നിന്ന് മാറിനിൽക്കാതെ സ്വന്തം നിലപാടു വ്യക്തമാക്കുകയാണ് ശ്രുതി. "'ഈ പേര്... അതൊരു തെറ്റാണ്, അത് തിരുത്തപ്പെടേണ്ടതാണ് എന്നുള്ള ബോധ്യത്തോടു കൂടിത്തന്നെയാണ് ഞാനത് തിരുത്തുന്നത്. ഇനി മുതൽ ശ്രുതി നമ്പൂതിരി എന്നല്ല ശ്രുതി ശരണ്യം എന്നാകും രേഖപ്പെടുത്തുക," ശ്രുതി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top