29 March Friday
നാഷണൽ ക്രൈം ബ്യൂറോയുടെ സഹായം തേടും

എടിഎം കവർച്ച: സംഘത്തിൽ 7 പേർ; രക്ഷപ്പെട്ടത‌് ട്രെയിനിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 14, 2018

കൊച്ചി /ചാലക്കുടി
കൊച്ചി  ഇരുമ്പനത്തും തൃശൂർ ജില്ലയിലെ കൊരട്ടിയിലും എടിഎമ്മുകളിൽ കവർച്ച നടത്തിയത‌് ഇതര സംസ്ഥാനത്തുനിന്നുള്ള ഏഴംഗ  സംഘം. ഇവർ ചാലക്കുടിയിൽനിന്ന‌് ട്രെയിൻമാർഗം സംസ്ഥാനം വിട്ടതായും  സൂചനയുണ്ട‌്.  പ്രതികളെ കണ്ടെത്താൻ നാഷണൽ ക്രൈം റെക്കോഡ്സ‌് ബ്യൂറോയുടെ സഹായം തേടും.

കൊച്ചിയിൽ എറണാകുളം സൗത്ത‌്  സിഐയുടെയും കളമശേരി, ഹിൽ പാലസ‌് എസ‌്ഐമാരുടെയും  നേതൃത്വത്തിൽ മൂന്ന‌് സംഘത്തെ അന്വേഷണത്തിന‌് നിയോഗിച്ചു. വെള്ളിയാഴ‌്ച പുലർച്ചെയാണ‌് ഇരുമ്പനത്തും കൊരട്ടിയിലും എടിഎമ്മുകൾ തകർത്ത‌് പണം  കവർന്നത‌്. ഇരുമ്പനം എസ‌്ബിഐ എടിഎമ്മിൽനിന്ന‌് 25 ലക്ഷവും കൊരട്ടി സൗത്ത‌് ഇന്ത്യൻ ബാങ്ക‌് എടിഎമ്മിൽനിന്ന‌് 10.6 ലക്ഷവുമാണ‌് കവർന്നത‌്. രണ്ടിടത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന‌് ലഭിച്ചു.

മോഷണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന പിക്കപ്പ് വാൻ ചാലക്കുടി ഗവ. ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ  ഉപേക്ഷിച്ച  നിലയിൽ കണ്ടെത്തിയിരുന്നു. വാഹനത്തിൽ ചോര വീണ അടയാളങ്ങളുണ്ട‌്. ശനിയാഴ്ച രാവിലെ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി . ഇവിടെനിന്നും മണം പിടിച്ച പൊലീസ് നായ ഹൈസ്കൂളിനകത്ത‌് പ്രവേശിച്ചു. സ്കൂളിന്റെ മുൻ ഭാഗത്തെ പൊളിഞ്ഞുകിടക്കുന്ന മതിലിലൂടെ റെയിൽവേ സ്റ്റേഷൻ റോഡിൽ ചെന്നുനിന്നു. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഏഴംഗ കവർച്ചാസംഘം ട്രെയിൻ മാർഗം രക്ഷപ്പെട്ടതായുള്ള  സൂചന ലഭിച്ചത്.

കൊരട്ടിയിൽ പിക്കപ്പ് വാൻ എടിഎമ്മിന് സമീപം നിർത്തി രണ്ടുപേർ അകത്തേക്ക് കയറിയശേഷം ക്യാമറയിൽ സ്പ്രേ പെയിന്റടിച്ചാണ് പണം കവർന്നത്. എന്നാൽ സമീപത്തെ മറ്റൊരു ക്യാമറയിൽ രണ്ടുപേർ വന്നിറങ്ങുന്നതും എടിഎമ്മിൽ പ്രവേശിക്കുന്നതും പതിഞ്ഞത്സഹായകമായി. ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം ഉപേക്ഷിച്ച പിക്കപ്പ് വാനിനു സമീപത്തുനിന്നും ഏഴുപേർ നടന്നുപോവുന്ന ദൃശ്യവും ക്യാമറയിൽ പതിഞ്ഞു.

ഇതരസംസ്ഥാനങ്ങളിലെ മോഷ്ടാക്കളുടെ വിവരങ്ങളാണ‌് പ്രധാനമായും ശേഖരിക്കേണ്ടത‌്. എടിഎമ്മിൽനിന്നും ലഭിച്ച വിരലടയാളങ്ങളുടെ സാമ്യവും പരിശോധിക്കണം. ഇതിനാണ്  നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സഹായം തേടുന്നത്. വിരലടയാളങ്ങൾ അന്വേഷണ സംഘം ദേശീയ ക്രൈം റെക്കൊഡ്സ് ബ്യൂറോയ്‌ക്ക് കൈമാറി.  എടിഎം കേസുകളിൽ ജയിൽ മോചിതരായവരെക്കുറിച്ചുള്ള വിവരവും ആവശ്യപ്പെട്ടിട്ടുണ്ട‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top