29 January Sunday
ലോക വൃക്ക ദിനം മാർച്ച്‌ 11ന്‌

വൃക്കരോഗബാധിതർക്ക് ആരോഗ്യത്തോടെയുള്ള ജീവിതം

ഡോ. വിനു ഗോപാൽUpdated: Tuesday Mar 9, 2021

ഡോ. വിനു ഗോപാൽ

ഡോ. വിനു ഗോപാൽ

വൃക്കരോഗികളുടെ ആരോഗ്യപൂര്‍ണ്ണമായ ജീവിതം ഉറപ്പ് വരുത്തുന്നതിന് പുതിയ നയങ്ങള്‍ രൂപീകരിക്കപ്പെടേണ്ടതുണ്ട്. പരിചരണത്തിന്റെ വിവിധ വശങ്ങള്‍, രോഗിക്ക് ആത്മവിശ്വാസമുണ്ടാകുന്ന കാര്യങ്ങള്‍, രോഗിക്ക് പ്രത്യാശ നല്‍കുന്ന ഇടപെടലുകള്‍, രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കും ബന്ധുക്കള്‍ക്കും ഹിതകരമായ കാര്യങ്ങള്‍ മുതലായവയെല്ലാം ഉള്‍പ്പെടുന്ന വിശാലമായ നയം രൂപികരിക്കപ്പെടേണ്ടതുണ്ട്...
കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽനെഫ്രോളജി കൺസല്‍ടന്റ്‌ ഡോ. വിനു ഗോപാൽഎഴുതുന്നു.

"വൃക്കയുടെ ആരോഗ്യം എല്ലാവര്‍ക്കും എല്ലായിടത്തും- വൃക്കരോഗബാധിതർക്ക്  ആരോഗ്യത്തോടെയുള്ള  ജീവിതം' എന്നതാണ് ഈ വര്‍ഷത്തെ ലോക വൃക്ക ദിനത്തിന്റെ സന്ദേശം. ഇത് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ വൃക്കരോഗികളെ ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നതിന് വലിയ നടപടിക്രമങ്ങളും ഇടപെടലുകളും നമ്മള്‍ നടത്തേണ്ടതായിട്ടുണ്ട്.

വൃക്കരോഗിയായിക്കഴിഞ്ഞാല്‍ വ്യക്തിയുടെ അതുവരെയുണ്ടായിരുന്ന സാധാരണ ജീവിതം ദുരിത പൂർണമായിത്തീരുന്നു. . ജോലിസമയം ക്രമീകരിച്ചും, വിവാഹം പോലുള്ള സാമൂഹിക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതെയും ഡയാലിസിസ് പോലുള്ള ചികിത്സാ രീതികള്‍ മുടക്കം വരാതെ  കൊണ്ടുപോകേണ്ടി വരികയും ചെയ്യുന്നു. ഇത്തരം സാഹചര്യം രോഗിക്ക് സൃഷ്ടിക്കുന്ന മാനസികമായ സമ്മര്‍ദ്ദം വലിയ വെല്ലുവിളിയാണ്. അതുവരെ സജീവമായിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് എല്ലാറ്റില്‍ നിന്നും ഉള്‍വലിയേണ്ടി വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വളരെ വലുത് തന്നെയാണ്. രോഗബാധിതന്റെ അവസ്ഥ മനസ്സിലാക്കി സാമൂഹികമായി ഒറ്റപ്പെടുത്താതെ അദ്ദേഹത്തിന് പിന്തുണ നല്‍കുക എന്നതാണ് ഇത്തരം ഒരു അവസ്ഥയെ അഭിമുഖീകരിക്കുന്നവര്‍ക്ക് വേണ്ടി നമുക്ക്  നിര്‍വ്വഹിക്കാന്‍ സാധിക്കുന്ന കാര്യം.

സാമ്പത്തികമായ വെല്ലുവിളികളാണ് മറ്റൊരു പ്രധാനപ്പെട്ട വെല്ലുവിളി. ഡയാലിസിസിന് വിധേയമാകുന്നവര്‍ക്ക് അതിനുള്ള വലിയ ചെലവ് ഓരോ മാസവും കൃത്യമായി കണ്ടെത്തേണ്ടി വരുന്നു. നിലവില്‍ കേരളത്തില്‍ പല ഇടങ്ങളിലും സൗജന്യമായോ സൗജന്യ നിരക്കിലോ സേവനം നല്‍കുന്ന ഡയാലിസിസ് സെന്ററുകളുണ്ട്. എന്നാല്‍ രോഗികളുടെ ബാഹുല്യത്തിന് ആനുപാതികമായ എണ്ണം ഈ രംഗത്തില്ല എന്നത് ഖേദകരമാണ്. പല ഇടങ്ങളിലെയും നീണ്ട വെയിറ്റിംഗ് ലിസ്റ്റ്  കാണുമ്പോഴുണ്ടാകുന്ന ഭീതിയും വലുതാണ്. പലപ്പോഴും കുടുംബത്തിന്റെ സാമ്പത്തിക ശ്രോതസ്സായ വ്യക്തി തന്നെയായിരിക്കും അസുഖ ബാധിതനാകുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ആ കുടുംബത്തിനുണ്ടാകുന്ന സാമ്പത്തിക അനിശ്ചിതത്വവും പരിഗണിക്കപ്പെടേണ്ടതുണ്ട്.

വൃക്ക മാറ്റിവെക്കലിന് ആവശ്യമായ നിയമപമായ വലിയ കടമ്പകളും വൃക്കദാതാക്കളെ ലഭ്യമല്ലാത്തതും സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ വളരെ വലുതാണ്. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകളെ കുറിച്ച് വ്യാപകമായുള്ള തെറ്റിദ്ധാരണ പരത്തുന്ന വ്യാജവാര്‍ത്തകളും മറ്റും ഈ മേഖലയിലേക്ക് സേവന സന്നദ്ധരായി കടന്ന് വരുന്നവരെ പിന്‍തിരിപ്പിക്കാന്‍ കാരണമാകുന്നുണ്ട്. ദാതാവിനെ കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് ഏറ്റവും വലിയ പ്രതീക്ഷ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തുള്ള കാത്തിരിപ്പാണ്. എന്നാല്‍ അത്തരത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ കുടുംബങ്ങളും വളരെ കുറച്ച് മാത്രമേ അവയവദാനത്തിന് തയ്യാറാകുന്നുള്ളൂ. ഇനി ഇതെല്ലാം ഒത്തുവന്നാലും ശസ്ത്രക്രിയയ്ക്കാവശ്യമായ വലിയ ചെലവും, അതുകഴിഞ്ഞ് തുടര്‍ച്ചയായി കഴിക്കേണ്ട വരുന്നുകളുടെ ചെലവും വലിയ ബാധ്യത തന്നെയാണ്.

വൃക്കരോഗ നിര്‍ണ്ണയം നടത്തിയ ശേഷമുള്ള തുടര്‍ ജീവിതം നിലവിലെ സാഹചര്യത്തില്‍ രോഗിയെ സംബന്ധിച്ചിടത്തോളവും അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള മറ്റുള്ളവരെ സംബന്ധിച്ചിടത്തോളവും വലിയ വെല്ലുവിളിയാണ്. രോഗം കൂടുതല്‍ സങ്കീര്‍ണ്ണമായ അവസ്ഥയിലുള്ളതാണെങ്കില്‍ ഈ വെല്ലുവിളികളുടെ തീവ്രതയും വര്‍ദ്ധിക്കും. ദൈനംദിന ജീവിതം, യാത്ര, സാമൂഹികമായ ഇടപെടലുകള്‍ എന്നിവയെല്ലാം തന്നെ താളം തെറ്റും. ഇതിന് പുറമെ രോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലമുള്ള ദുരിതങ്ങളായ വേദന, നിരാശ, മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവ വേറെയും.

വൃക്കരോഗം സ്ഥിരീകരിച്ചവരെ മരുന്നുകളിലൂടെ സംരക്ഷിക്കുകയോ,  വൃക്ക പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമായവര്‍ക്കാണെങ്കില്‍ ഡയാലിസിസ്, വൃക്കമാറ്റിവെക്കല്‍ പോലുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്ത് രോഗിയുടെ ജീവിത ദൈര്‍ഘ്യം നീട്ടിയെടുക്കുക എന്ന ചികിത്സാ രീതിയാണ് നിലവില്‍ സ്വീകരിച്ച് പോരുന്നത്.

സങ്കീര്‍ണ്ണമായ വൃക്കരോഗമുള്ളവര്‍ (സികെഡി), അവരുടെ കുടുംബാംഗങ്ങളും, പരിചാരകരും രോഗിയുടെ ചികിത്സാപരമായ പുരോഗതികളെക്കുറിച്ചും, ജീവിതത്തില്‍ പുലര്‍ത്തേണ്ടതായ ലക്ഷ്യങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കുകയും, അവരെ ശാക്തീകരിക്കപ്പെടുകയും വേണം. ചികിത്സാ കാര്യങ്ങളില്‍ ഇവരുടെ പ്രാധാന്യം, ചികിത്സാ സംബന്ധമായ അനിവാര്യമായ അറിവുകള്‍, ചികിത്സ തീരുമാനിക്കുന്നതില്‍ ഇവരുടെ കൂടി ഇടപെടല്‍ ഉറപ്പ് വരുത്തല്‍, ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ സെല്‍ഫ് മാനേജ്‌മെന്റ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലുള്ള ചെറിയ പരിശീലനങ്ങള്‍ എന്നിവയെല്ലാം ഇവര്‍ക്ക് ലഭിച്ചിരിക്കണം.

രോഗിയുമായുള്ള നിരന്തരമായ ആശയവിനിമയം വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. നന്നായി ജീവിക്കാന്‍ പ്രാപ്തരാക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും, രോഗിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ക്രമീകരിക്കുന്നതിനാവശ്യമായ ഇടപെടലുകളും, രോഗിയുടെ അവസ്ഥ കൃത്യമായി വിലയിരുത്തി അതിനെക്കുറിച്ച് രോഗിക്ക് അറിവ് നല്‍കുന്നതും പ്രാധാന്യമര്‍ഹിക്കുന്നു.

രോഗിക്ക് ആവശ്യമായ എല്ലാവിധ നൂതന ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കപ്പെടേണ്ടത് അനിവാര്യമാണ്. ആധുനികമായ ചികിത്സാ രീതികള്‍, ശസ്ത്രക്രിയാ രീതികള്‍, മരുന്നുകള്‍ മുതലായവ എല്ലാവര്‍ക്കും പ്രാപ്യമായ രീതിയില്‍ ലഭ്യമാക്കപ്പെടണം.

രോഗത്തോടൊപ്പം തന്നെ രോഗി അനുഭവിക്കുന്ന മറ്റ് ബുദ്ധിമുട്ടുകളായ അമിത ഉത്കണ്ഠ, വേദന, ഉറക്കക്കുറവ്, നിരാശ, സമ്മര്‍ദ്ദം, ചലന സംബന്ധമായ ബുദ്ധിമുട്ടുകള്‍ മുതലായവയെയും കൃത്യമായി പരിഗണിക്കപ്പെടുകയും നിയന്ത്രിച്ച് നിര്‍ത്തുകയും വേണം. ഇതിലൂടെ മാത്രമേ രോഗിക്ക് ആരോഗ്യപൂര്‍ണ്ണമായ തുടര്‍ ജീവിതം ഉറപ്പ് വരുത്താന്‍ സാധിക്കുകയുള്ളൂ.

വൃക്കരോഗികളുടെ ആരോഗ്യപൂര്‍ണ്ണമായ ജീവിതം ഉറപ്പ് വരുത്തുന്നതിന് പുതിയ നയങ്ങള്‍ രൂപീകരിക്കപ്പെടേണ്ടതുണ്ട്. പരിചരണത്തിന്റെ വിവിധ വശങ്ങള്‍, രോഗിക്ക് ആത്മവിശ്വാസമുണ്ടാകുന്ന കാര്യങ്ങള്‍, രോഗിക്ക് പ്രത്യാശ നല്‍കുന്ന ഇടപെടലുകള്‍, രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കും ബന്ധുക്കള്‍ക്കും ഹിതകരമായ കാര്യങ്ങള്‍ മുതലായവയെല്ലാം ഉള്‍പ്പെടുന്ന വിശാലമായ നയം രൂപികരിക്കപ്പെടേണ്ടതുണ്ട്. ഈ ലോക വൃക്കദിനത്തില്‍ ലോക വ്യാപകമായി അത്തരം ഒരു ഇടപെടലിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കപ്പെട്ടിരിക്കുന്നു. ശുഭകരമായ തുടര്‍ ഇടപെടലുകള്‍ വരും നാളുകളില്‍ സംഭവിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽനെഫ്രോളജി കൺസല്‍ട്ൻറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top