23 April Tuesday

ആരോഗ്യമുള്ള വൃക്കകള്‍ എല്ലാവര്‍ക്കും

ഡോ. വിഷ്‌ണു ആർ എസ്‌Updated: Sunday Mar 6, 2022


ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്താതിസമ്മർദം തുടങ്ങിയ രോഗങ്ങൾ കൂടുന്നതിനാലും വൃക്കരോഗങ്ങൾ സമൂഹത്തിൽ വർധിച്ചുവരികയാണ്. ഈ കഴിഞ്ഞ പതിറ്റാണ്ടിൽ ലോകമെമ്പാടും വൃക്കരോഗികളുടെ എണ്ണത്തിൽ 30 ശതമാനം വർധന ഉണ്ടായതായാണ്‌ കണക്ക്‌.

ഇന്ത്യയിൽ ജനസംഖ്യയുടെ 17 ശതമാനം പേർക്ക് വൃക്കരോഗം ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇതിൽ വൃക്കരോഗത്തിന്റെ ഗുരുതരാവസ്ഥയായ സ്ഥിരമായ വൃക്കസ്തംഭനം (Chronic kidney disease stage 4 & 5) ആയിരം പേരിൽ എട്ടുപേർക്ക് കാണുന്നു. 2018ലെ കണക്ക് പ്രകാരം 1.75 ലക്ഷം പേർ ഡയാലിസിസിന് വിധേയരാകുന്നു.  രാജ്യത്ത്‌ ഡയാലിസിസ് ആവശ്യമായി വരുന്ന രോഗികളിൽ കേവലം മൂന്നിലൊന്നു പേർക്കേ അത് ലഭ്യമാകുന്നുള്ളൂ എന്നതാണ്‌ യാഥാർഥ്യം. അതായത്, 100 പേർക്ക് ഡയാലിസിസ് ആവശ്യമുള്ളിടത്ത്‌  30 പേർക്ക് ലഭിക്കുകയും ബാക്കി 70 പേർ മരണത്തിനു കീഴടങ്ങുകയും ചെയ്യുന്ന ഭീതിദമായ ഒരു സാഹചര്യം നിലനിൽക്കുന്നു എന്നർഥം. 90ൽ വൃക്കരോഗങ്ങൾകൊണ്ടുണ്ടായ മരണം അഞ്ചു ലക്ഷമായിരുന്ന സ്ഥാനത്ത് 2016ൽ അത് ഇരട്ടിച്ച് 11 ലക്ഷത്തോളമായിരിക്കുന്നു. അമ്പരപ്പിക്കുന്ന കണക്കുകളാണിത്‌.

ഈ സാഹചര്യത്തിൽ ഈ വർഷത്തെ ലോകവൃക്കദിന സന്ദേശമായ ‘ആരോഗ്യമുള്ള വൃക്കകൾ -എല്ലാവർക്കും'  എന്നതിന് നമ്മുടെ രാജ്യത്ത് പ്രത്യേക പ്രാധാന്യമുണ്ട്. വൃക്കരോഗം കണ്ടുപിടിക്കുക എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിലെ തികച്ചും വിഷമംപിടിച്ച കാലഘട്ടമാണ്. ലക്ഷണങ്ങൾ പലപ്പോഴും നേരത്തേ പ്രകടമാക്കാത്തതിനാൽ രോഗം അതിന്റെ അവസാന ഘട്ടത്തിലാകും കണ്ടുപിടിക്കുക. വൃക്കരോഗം പൂർണമായും ഭേദമാകില്ലെന്ന ചിന്ത രോഗികളെ പലപ്പോഴും അമിതമായ ഉൽക്കണ്ഠയിലേക്കും വിഷാദരോഗത്തിലേക്കും നയിക്കാറുണ്ട്. ഇതവരുടെ കുടുംബപരവും സാമൂഹ്യപരവുമായ കടമ ശരിയായ രീതിയിൽ നിർവഹിക്കുന്നതിൽനിന്ന് അവരെ തടയുകയും പതിയെ പതിയെ സ്വയം ഒറ്റപ്പെടലിന്റെ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. രോഗികൾക്ക് ശരിയായ രീതിയിലുള്ള ചികിത്സയ്‌ക്കുള്ള സൗകര്യം ഉറപ്പുവരുത്തുന്നതോടെ അവർക്ക് മാനസികമായ പിന്തുണയും നൽകണം.

വൃക്കരോഗത്തിന്റെ ബാഹ്യലക്ഷണങ്ങൾ ചികിത്സിക്കുക, ജീവിതദൈർഘ്യം കൂട്ടുക എന്നതിലാണ് രോഗ ചികിത്സ ഇപ്പോൾ ഊന്നൽ നൽകുന്നത്. ഇതോടൊപ്പം വൃക്കരോഗികളുടെ ജീവിതത്തിന്റെ ഗുണനിലവാരം കൂട്ടുകയെന്നതും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരികയെന്നതും ചികിത്സയുടെ പ്രധാനഭാഗമായി മാറേണ്ടതാണ്. രോഗിയുടെ കുടുംബത്തിനാണ് ഇതിൽ പ്രധാന പങ്ക് വഹിക്കാനാകുന്നത്. അവരെ ഒരു നിത്യരോഗിയായി കാണാതെ കുടുംബത്തിലെ എല്ലാകാര്യങ്ങളിലും അതൊരു സിനിമയാകട്ടെ, വിനോദയാത്രയാകട്ടെ പങ്കെടുപ്പിക്കാൻ ശ്രമിക്കുക. അവർക്ക് ശാരീരിക അസ്വസ്ഥതകളില്ലെന്ന് ഉറപ്പുവരുത്തുന്ന അതേ പ്രാധാന്യത്തോടെ അവരുടെ മനസ്സിന്റെ സന്തോഷവും ഉറപ്പുവരുത്തുക.

വൃക്കരോഗികൾ പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രധാന പ്രയാസം സാമ്പത്തികമാണ്. മരുന്നുകൾക്കും ഡയാലിസിസ് ഉള്ളവർക്കും അതിന്‌ ഭീമമായ പണച്ചെലവ് വേണ്ടിവരുന്നു. സർക്കാരിനും സർക്കാരിതര സാമൂഹ്യ, സംഘടനകൾക്കും ഈ കാരൃത്തിൽ വളരെധികം ചെയ്യാൻ കഴിയും. സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം കൂട്ടാൻ പറ്റിയാൽ അത് പാവപ്പെട്ട രോഗികൾക്ക് ഒരു ആശ്വാസമാകും. ചെറുപ്പത്തിൽ വൃക്കരോഗം ബാധിക്കുന്നത് പലപ്പോഴും അമിതമായ കായികാഭ്യാസമുള്ള ജോലികൽ തുടരാൻ സാധിക്കുകയില്ല. അത്തരം രോഗികൾക്ക് അനുയോജ്യമായ ജോലികൾ നൽകി അവരെ സാധാരണ ജീവിതത്തിലേക്ക്‌, മറ്റുള്ളവരെ ആശ്രയിക്കാതെ മടക്കികൊണ്ടുവരാൻ സാധിക്കും. കുടുംബത്തിലെ പ്രധാന അത്താണിയായ കുടുംബനാഥനോ/ കുടുംബനാഥയ്ക്കോ വൃക്കസ്തംഭനം വന്നാൽ അവരുടെ കുട്ടികൾ, വൃദ്ധരായ അച്ഛനമ്മമാർ എന്നിവർ അനുഭവിക്കേണ്ടിവരുന്ന മാനസികവും സാമ്പത്തികവുമായ കഷ്ടപ്പാടുകൾ സമൂഹം കണക്കിലെടുക്കണം.

ചുരുക്കത്തിൽ വൃക്കരോഗികൾ അഭിമുഖീകരിക്കുന്നത് കേവലം രോഗത്തിന്റെ മാത്രമല്ല, അതുവഴിയുണ്ടാകുന്ന സാമൂഹ്യ, സാമ്പത്തിക, മാനസിക പ്രശ്നങ്ങളുമാണ്. വൃക്കരോഗിയെ ഒരു രോഗിയായിമാത്രം കണ്ട് ചികിത്സ നിശ്ചയിക്കാതെ നമ്മളിലൊരാളായി കണ്ട്‌,  ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, അതിന് സാമൂഹ്യവും സാമ്പത്തികവുമായ പ്രതിവിധികൾ നിശ്ചയിച്ച് നല്ല ശാരീരിക മാനസിക ആരോഗ്യത്തോടെ ജീവിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഒരു നല്ല സമൂഹത്തിന്റെ കടമ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top