29 November Wednesday

ക്യാൻസർ ചികിത്സയും മെഡിക്കൽ ഇമേജിങ്ങും

ഡോ. എം അരുൺ മോഹൻUpdated: Thursday Feb 4, 2021


എല്ലാ വർഷവും ഫെബ്രുവരി 4  ലോക അർബുദ ദിനമായി ആചരിച്ചുവരുന്നു. അർബുദരോഗത്തെ പറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, അർബുദത്തെ തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുക, കൃത്യസമയത്ത് രോഗനിർണയം നടത്തുക, അർബുദം ഫലപ്രദമായി ചികിത്സിക്കുക തുടങ്ങിയവയാണ്‌ ദിനാചരണ  ലക്ഷ്യം.
ലോകത്ത്‌ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ക്യാൻസർ അഥവാ അർബുദം. ക്യാൻസറിനെ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഓങ്കോളജി.

രോഗനിർണയ ഉപാധികളിൽ ഉണ്ടായ സാങ്കേതിക മുന്നേറ്റവും ക്യാൻസർ ചികിത്സാരീതികളിൽ സാധ്യമായി കൊണ്ടിരിക്കുന്ന പുരോഗതിയും കണക്കിലെടുക്കുമ്പോൾ മെഡിക്കൽ ഇമേജിങ്‌  അഥവാ റേഡിയോളജിയുടെ പങ്കും അതിൽ വൈദഗ്ധ്യം നേടിയവരുടെ സേവനങ്ങളും ക്യാൻസർ പരിചരണത്തിൽ ഒഴിവാക്കാനാകാത്തതാണ്. അർബുദരോഗ പരിചരണത്തിൽ റേഡിയോളജിയുടെ പങ്ക് പ്രധാനമായും അഞ്ച് ഘട്ടങ്ങളിലാണ് .

സ്ക്രീനിങ്ങും രോഗപ്രതിരോധവും
അർബുദത്തിന് എതിരായ പോരാട്ടത്തിൽ രോഗം നേരത്തെ കണ്ടെത്തുന്നതിനും തടയുന്നതിനും നിർണായകമായ സ്ഥാനമാണുള്ളത്‌. ഇത്തരത്തിൽ നേരത്തെ രോഗനിർണയം നടത്തിയാൽ മിക്ക അർബുദങ്ങളും ഫലപ്രദമായി ചികിത്സിക്കുവാൻ വൈദ്യശാസ്ത്രത്തിന് ഇന്ന് കഴിയും. അർബുദ രോഗം മാരകമാകുന്നതിനും രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനും വളരെ മുമ്പ്‌ തന്നെ അവ കണ്ടെത്തുന്നതിന് പല റേഡിയോളജി പരിശോധനകളും ഇന്നുണ്ട്‌. അവയിൽ ചിലത്‌: 

സ്തനാർബുദം വളരെ നേരത്തെ കണ്ടെത്താൻ 40 വയസ്സിനുമേലുള്ള സ്ത്രീകളിൽ വർഷംതോറും നടത്തുന്ന സ്ക്രീനിങ് മാമോഗ്രാഫി പരിശോധന,  കുടലിലെയും മലാശയത്തിലെയും അർബുദം കണ്ടെത്തുന്നതിനായുള്ള  സിടി സ്കാൻ പരിശോധന,  ശ്വാസകോശ അർബുദം നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശോധന ( പ്രത്യേകിച്ചും ഉയർന്ന അർബുദ സാധ്യതയുള്ള പുകവലിക്കാരിൽ),  പാരമ്പര്യമായി അണ്ഡാശയഅർബുദ സാധ്യതയുള്ളവരിൽ നടത്തുന്ന അൾട്രാസൗണ്ട് പരിശോധന,   കരളിൽ സിറോസിസ് രോഗം ബാധിച്ചവരിൽ അർബുദ നിർണയത്തിന് ആറു മാസത്തിലോ വർഷത്തിലൊരിക്കലോ നടത്തുന്ന അൾട്രാസൗണ്ട് പരിശോധന.

രോഗനിർണയം ( Diagnosis)
അർബുദ രോഗ നിർണയത്തിന് വൈദ്യശാസ്ത്രം പ്രധാനമായും ആശ്രയിക്കുന്നത് റേഡിയോളജി പരിശോധനകളെയാണ്. രോഗം നിർണയിക്കുന്നതിന് മാത്രമല്ല അതിന്റെ വ്യാപ്തി കണ്ടെത്തുന്നതിനും ഇവ സഹായകമാകുന്നു. എക്സ്-റേ, അൾട്രാ സോണോഗ്രാഫി, മാമോഗ്രാഫി, സിടി സ്കാൻ, എംആർഐ സ്കാൻ, പിഇടിസിടി തുടങ്ങിയ പരിശോധനകളാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്. രോഗം ബാധിച്ച അവയവം, രോഗത്തിന്റെ തരം എന്നിവയൊക്കെ അനുസരിച്ചാണ് ഈ പരിശോധനകൾ തെരഞ്ഞെടുക്കുക.  എക്സ്-റേ, അൾട്രാ സൗണ്ട് പരിശോധന , സിടി സ്കാൻ എന്നിവ താരതമ്യേന ചെലവ് കുറഞ്ഞ പരിശോധനകളാണ്. അൾട്രാസൗണ്ട് പരിശോധന, എംആർഐ സ്കാൻ എന്നിവ അണുവികിരണ അപകട സാധ്യത ഇല്ലാത്ത പരിശോധനകളാണ്.  അർബുദത്തെപ്പറ്റിയുള്ള മികച്ച ധാരണ ലഭിക്കാനും അവയുടെ തന്മാത്ര തലത്തിൽ ഉള്ള സൂക്ഷ്മ വിവരങ്ങൾ കണ്ടെത്താനും സഹായിക്കുന്ന പരിശോധനയാണ്  പിഇടിസിടി  സ്കാൻ. രോഗനിർണയത്തിന് ശേഷം അർബുദം സ്ഥിരീകരിക്കുന്നതിനായി  നടത്തുന്ന ബയോപ്സി അല്ലെങ്കിൽ കുത്തി പരിശോധന (എഫ്‌എൻഎസി) ചെയ്യുവാനും റേഡിയോളജി ടെസ്റ്റുകൾ വളരെ വ്യാപകമായും ഫലപ്രദമായും ഉപയോഗിച്ചുവരുന്നു.

രോഗത്തിന്റെ ഘട്ടം നിർണയിക്കുക (Tumor staging)
രോഗനിർണയം നടത്തുമ്പോൾ അർബുദം ഏത് ഘട്ടത്തിലാണ് എന്നതാണ് ചികിത്സയുടെ ഫലപ്രാപ്തി നിർണയിക്കുന്ന ഏറ്റവും പ്രധാന ഘടകം. മാത്രമല്ല അർബുദത്തിന്റെ ഘട്ടം അനുസരിച്ചാണ് ചികിത്സാരീതികൾ നിർണയിക്കുന്നതും. അർബുദം ബാധിച്ച അവയവത്തിൽ നിന്നും അടുത്തുള്ള മറ്റ് അവയവങ്ങളിലേക്കോ ( Local extent) ശരീരത്തിലെ ദൂരെയുള്ള മറ്റ് ഭാഗങ്ങളിലേക്കോ ( Distant metastases) പകർന്നിട്ടുണ്ടോ എന്ന് അറിയാനാണ്‌  പ്രധാനമായും റേഡിയോളജി പരിശോധനകൾ ഉപയോഗിക്കുന്നത്. അർബുദം ബാധിച്ച അവയവം, അത് പകരാൻ സാധ്യതയുള്ള അവയവങ്ങൾ ഏതൊക്കെ എന്നിവയൊക്കെ കണക്കിലെടുത്താണ്‌  അനുയോജ്യമായ പരിശോധന  ഡോക്ടർ തെരഞ്ഞെടുക്കുക.

ചികിത്സ
മെഡിക്കൽ ഓങ്കോളജിസ്റ്റ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ്, പത്തോളജി ഡോക്ടർ, റേഡിയോളജി ഡോക്ടർ, ശസ്ത്രക്രിയാ വിദഗ്ധൻ, പാലിയേറ്റീവ് പരിചരണ വിഭാഗം ഡോക്ടർ, നേഴ്സുമാർ എന്നിവർ അടങ്ങിയ ഒരു മൾട്ടി ഡിസിപ്ലിനറി സംഘമാണ് അർബുദ രോഗത്തിനുള്ള ചികിത്സ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും. ശസ്ത്രക്രിയ, കീമോചികിത്സ, റേഡിയേഷൻ ചികിത്സ തുടങ്ങിയ ചികിത്സാ രീതികളുടെ ഫലപ്രാപ്തി എത്രത്തോളമുണ്ട് എന്നറിയാനും അർബുദം ഈ ചികിത്സാ മാർഗങ്ങളോട് എത്രമാത്രം പ്രതികരിച്ചു എന്നറിയുന്നതിനും മാത്രമല്ല ചികിത്സയുടെ ഭാഗമായി ഉണ്ടാകാൻ സാധ്യതയുള്ള സങ്കീർണതകളും പാർശ്വഫലങ്ങളും തിരിച്ചറിയുന്നതിനും റേഡിയോളജി പരിശോധനകൾ ഉപയോഗിച്ചുവരുന്നു.

ചുറ്റുമുള്ള മറ്റ് അവയവങ്ങൾക്ക് ദോഷം വരാത്ത രീതിയിൽ അർബുദം ബാധിച്ച അവയവത്തിന് മാത്രം റേഡിയേഷൻ ചികിത്സ ക്രമീകരിക്കുന്നതിന് വേണ്ടിയും റേഡിയോളജി ഉപയോഗിക്കുന്നുണ്ട് . ഇതുവഴി റേഡിയേഷൻ ചികിത്സയുടെ പാർശ്വഫലങ്ങൾ പരമാവധി കുറയ്‌ക്കാനാകുന്നു.

ട്യൂമറുകൾ നീക്കം ചെയ്യാനും
ഇന്റർവൻഷനൽ റേഡിയോളജി ( IR) യുടെ സഹായത്തോടെ ഒരു ചെറിയ സൂചിയോ കുഴലോ ( Cathether) ഉപയോഗിച്ച് ഉയർന്ന താപം (Thermal, Microwave, Radiofrequency ablation), കീമോ മരുന്നുകൾ (Chemo embolization), റേഡിയേഷൻ മരുന്നുകൾ (Radio embolisation) എന്നിവ ട്യൂമറിന് ഉള്ളിലേക്ക് നേരിട്ട് എത്തിക്കുകയും  അതുവഴി ശസ്ത്രക്രിയ കൂടാതെ തന്നെ രോഗം ഭേദമാക്കാനുമാകും. കരൾ, വൃക്ക, ശ്വാസകോശം, എല്ലുകൾ തുടങ്ങിയ അവയവങ്ങളിലെ ട്യൂമറുകളുടെ ചികിത്സയ്ക്കായി ആണ് ഇത്തരം ചികിത്സാരീതി കൂടുതലായി ഉപയോഗിച്ചുവരുന്നത്.

തുടർ പരിശോധന
കൃത്യമായ ഇടവേളകളിലുള്ള തുടർ പരിശോധനകൾ അർബുദരോഗ പരിചരണത്തിൽ ചികിത്സയോളം തന്നെ പ്രധാനപ്പെട്ട ഒന്നാണ്. തലച്ചോറിലെ ചില ട്യൂമറുകൾ, അണ്ഡാശയ അർബുദം, മൂത്രാശയത്തിലെ അർബുദം, ലിംഫോമ, സർക്കോമ തുടങ്ങിയവ ചികിത്സ പൂർത്തീകരിച്ചതിനുശേഷവും വീണ്ടും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം അർബുദങ്ങളുടെ ആവർത്തനം എത്രയും നേരത്തെ കണ്ടുപിടിക്കാൻ സാധിക്കുന്നുവോ അത്രയും ഫലപ്രദമായി അവയെ ചികിത്സിക്കാനും കഴിയും. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനും വളരെ മുമ്പ്‌ തന്നെ ഇവയുടെ സാന്നിധ്യം കണ്ടുപിടിക്കാൻ റേഡിയോളജി ടെസ്റ്റുകൾ ഏറെ ഫലപ്രദമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top