16 April Tuesday
സപ്തംബര്‍ 21: ലോക അൽഷിമേഴ്‌സ് ദിനം

ഓരോ ഏഴ് സെക്കന്റിലും ഒരു മറവി രോഗി ഉണ്ടാകുന്നു: ഇന്ത്യയിൽ നാല്‍പ്പത് ലക്ഷം പേർ

ഡോ. കെ എ സലാംUpdated: Sunday Sep 20, 2020

ഡോ. കെ എ സലാം

ഡോ. കെ എ സലാം

നുഷ്യന് പ്രായമേറുമ്പോൾ നിരവധി അസുഖങ്ങൾ വരാറുണ്ട്. വാർധക്യ സംബന്ധമായ രോഗാവസ്ഥകളിൽ പ്രധാനപ്പെട്ടതാണ് അൽഷിമേഴ്‌സ് അഥവാ സ്‌മൃതിനാശം. സാധാരണ ജനങ്ങൾക്കിടയിൽ മറവിരോഗം എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഓരോ ഏഴ് സെക്കന്റിലും ഒരു അൽഷിമേഴ്‌സ് രോഗി ഉണ്ടാകുന്നു എന്ന് പഠനങ്ങൾ പറയുന്നു. ഇന്ത്യയിൽതന്നെ നാല് ദശലക്ഷത്തിലധികം പേർ രോഗബാധിതരാണെന്ന് കണക്കുകൾ പറയുന്നു. ലോകത്ത് അഞ്ചുകോടി  ജനങ്ങളെയാണ് ഈ  രോഗം പിടികൂടിയിരിക്കുന്നത്. ഓരോ വർഷവും ഒരുകോടി ആൾക്കാരിൽ ഇത് പുതുതായി സ്ഥിരീകരിക്കുന്നു.

മസ്തിഷ്കത്തിലെ ഓർമ്മകൾ കൈകാര്യം ചെയ്യുന്ന ടെമ്പറൽ ലോബിലെ കോശങ്ങൾക്ക് തകരാർ സംഭവിക്കുമ്പോഴാണ് മറവിയുണ്ടാകുന്നത്. തലച്ചോറിലെ മുഴകൾ, അപസ്മാരം, സ്ട്രോക്ക്,ഹോർമോൺ വ്യതിയാനങ്ങൾ, തലച്ചോറിനേൽക്കുന്ന ക്ഷതങ്ങൾ എന്നിവയെല്ലാം മറവിരോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. പക്ഷെ അൽഷിമേഴ്സ്  ഇതിൽ നിന്നും വ്യത്യസ്തമാണ്. ഓർമ്മയും മറ്റ് പ്രധാനപ്പെട്ട മാനസിക പ്രവർത്തനങ്ങളും കാലക്രമേണ നശിക്കുന്ന രോഗമാണിത്. ഇത് രോഗികളിൽ ആശയക്കുഴപ്പം, സ്വഭാവമാറ്റം, മറവി, ബുദ്ധിശക്തി, സാമൂഹിക കഴിവുകൾ എന്നിവ നഷ്ടപ്പെടുത്തും. തലച്ചോറിൽ ഉണ്ടാകുന്ന ചില തകരാറുകൾക്ക് (പ്ലാഗ്സ് ആന്റ് ടാങ്കിൾസ്) ഈ  രോഗവുമായി ബന്ധമുണ്ടെന്ന്  ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

അൽഷിമേഴ്സിന്  പ്രധാനമായും നാല് ഘട്ടങ്ങളാണ് ഉള്ളത് . പ്രീ ഡിമെൻഷ്യ എന്ന് വിളിക്കുന്ന ആദ്യകാല ലക്ഷണങ്ങൾ പലപ്പോഴും വാർദ്ധക്യം മൂലമോ ജീവിതസമ്മർദ്ദം മൂലമോ ആണെന്ന് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. ഓർമ്മശക്തിക്കുറവും അടുത്ത കാലത്തായി മനസ്സിലാക്കിയ കാര്യങ്ങൾ മറന്നു പോവുന്നതും പുതിയ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടും സങ്കീർണമായ ചില ദൈനംദിനകാര്യങ്ങളെ ബാധിച്ചേക്കാം. വളരെ പ്രകടമല്ലെങ്കിലും ശ്രദ്ധ, ആസൂത്രണം, ചിന്ത, ഓർമ്മശക്തി എന്നിവയിൽ ചെറിയ പിഴവുകൾ കാണപ്പെടാം.

രണ്ടാമത്തെ  ഘട്ടത്തിലെത്തുമ്പോഴേക്കും കാര്യങ്ങൾ ഗ്രഹിക്കുന്നതിലും ഓർമ്മശക്തിയിലുമുള്ള പ്രശ്നങ്ങൾ പ്രകടമായി പുറത്തുവരാം. ചുരുക്കം ചിലരിൽ ഭാഷ, കാഴ്ചപ്പാടുകൾ, ശരീരചലനങ്ങൾ എന്നിവയിലെ പ്രശ്നങ്ങൾ ഓർമ്മക്കുറവിനെക്കാൾ പ്രകടമായി കാണാം. ഒരാളുടെ പഴയകാല ഓർമ്മകൾ, പഠിച്ച വസ്തുതകൾ,ദൈനംദിനകാര്യങ്ങൾ ചെയ്യാനുള്ള അറിവ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ പുതിയതായി ഗ്രഹിച്ച കാര്യങ്ങൾ ഓർമ്മിക്കുന്നതിലാണ്  ഈ ഘട്ടത്തിലെ രോഗികളിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതെന്ന്  കണ്ടിട്ടുണ്ട്. പദസമ്പത്തിൽ വരുന്ന കുറവ് സംസാരഭാഷയിലും എഴുത്തിലും പ്രകടമാവാം. എന്നാൽ അടിസ്ഥാനപരമായ കാര്യങ്ങൾ വലിയ പ്രയാസം കൂടാതെ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ രോഗികൾക്ക് കഴിഞ്ഞേക്കാം.

സാവധാനത്തിൽ രോഗിയുടെ നില വഷളാവുകയും ദൈനംദിനകാര്യങ്ങൾ ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുന്നതാണ് അടുത്ത ഘട്ടം. വാക്കുകൾ കൃത്യമായി ഉപയോഗിക്കാൻ പറ്റാത്തതിനാൽ സംസാരിക്കാനുള്ള വൈഷമ്യം ഈ  ഘട്ടത്തിൽ വളരെ പ്രകടമായി കാണാം. എഴുതാനും വായിക്കാനുമുള്ള കഴിവ് ക്രമേണ നഷ്ടപ്പെടും. വീഴ്ചയ്ക്കുള്ള സാധ്യത കൂടുതലായി കാണപ്പെടുന്ന ഈ  ഘട്ടത്തിൽ അടുത്ത ബന്ധുക്കളെപ്പോലും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാവും . അലഞ്ഞുതിരിഞ്ഞ് നടക്കൽ, പെട്ടെന്ന് ദേഷ്യംവരൽ എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ പ്രകടമാവുന്നു.

നാലാമത്തെ ഘട്ടമാവുന്നതോടെ രോഗിക്ക് പരിപൂർണമായ പരിചരണമില്ലാതെ ജീവിക്കാൻ  സാധ്യമല്ലാത്ത അവസ്ഥ വരുന്നു. ഭാഷയുപയോഗിച്ചുള്ള ആശയവിനിമയം ഒറ്റ വാക്കുകളിലോ ചെറിയ വാചകങ്ങളിലോ ഒതുങ്ങുകയും അവസാനം തീരെ ഇല്ലാതാവുകയും ചെയ്യുന്നു. പേശികൾ ശോഷിക്കുകയും നടക്കാനോ സ്വന്തമായി ഭക്ഷണം കഴിക്കാനോ ഉള്ള ശേഷിയും നഷ്ടപ്പെടുന്നു. ന്യൂമോണിയയോ അൾസറുകളോ പോലെയുള്ള മറ്റ് അസുഖങ്ങളാലാണ് രോഗിയുടെ അന്ത്യം പലപ്പോഴും സംഭവിക്കുന്നത്.

രോഗകാരണങ്ങൾ

അൽഷിമേഴ്സ് രോഗത്തിന്റെ കാരണം ഇതുവരെ പൂർണമായും ശാസ്ത്രലോകത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും പൊതുവിൽ കാണുന്ന കാരണങ്ങൾ നമുക്ക് നോകാം.

•  ജീവിത രീതി

•  മസ്തിഷ്ക കോശങ്ങൾ ക്ഷയിച്ചുപോകുന്നത്

•  പ്രായം: 65 വയസിനു ശേഷം ഓരോ ദശകത്തിലും രോഗം വരാനുള്ള സാധ്യത ഇരട്ടിയാണ്.

•  ജനിതക വ്യതിയാനം: അപൂർവ്വ ജനിതക മാറ്റമുള്ള ആളുകളിൽ ഈ  രോഗം 65 വയസ്സിനു മുമ്പ് പ്രത്യക്ഷപ്പെടാം

•  സെക്സ്: സ്ത്രീകളിൽ ഈ  രോഗം പുരുഷന്മാരേക്കാൾ  കൂടുതലായി കണ്ടുവരുന്നു. സ്ത്രീകൾ കൂടുതൽ കാലം  ജീവിക്കുന്നതാണിതിനു  കാരണം

•  ഡൗൺ സിൻഡ്രോം: ഡൗൺ സിൻഡ്രോം ഉള്ള ആളുകളിൽ അൽഷിമേഴ്സ് രോഗം കൂടുതലായി കാണപ്പെടുന്നു. ഇതിന്റെ ലക്ഷണങ്ങൾ 10 മുതൽ 20 വർഷം മുമ്പേ ഇവരിൽ കണ്ടുവരുന്നു.

•  അമിതവണ്ണം

•  പുകവലി

•  ഉയർന്ന രക്തസമ്മർദ്ദം

•  ഉയർന്ന കൊളസ്ട്രോൾ ലെവൽ

•  പ്രമേഹം

•  ഹൃദയസംബന്ധമായ രോഗങ്ങൾ: തലച്ചോറിലേക്ക് രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്. അതുകൊണ്ട് തന്നെ ഹൃദ്രോഗത്തിന് കാരണമാകുന്ന രോഗങ്ങളെല്ലാം അൽഷിമേഴ്സിന്റെ സാധ്യത കൂട്ടുന്നു.

• മസ്തിഷ്കാഘാതം: തലച്ചോറിനുണ്ടാകുന്ന  ആഘാതങ്ങൾ അൽഷിമേഴ്സിനു വഴിതെളിക്കുന്നു.

. ട്രുമാറ്റിക് ബ്രെയി൯ ഇ൯ജുറി

വ്യായാമമില്ലായ്മ

രോഗലക്ഷണങ്ങൾ

• മറവി: അൽഷിമേഴ്‌സിന്റെ ഓർമ്മകളെ പ്രത്യേകിച്ച് അടുത്ത കാലത്തെ ഓർമ്മകളാണ് ഇത് ഇല്ലാതാക്കുന്നത്. ഉദാ: സാധനങ്ങൾ വെച്ച സ്ഥലം മറക്കുക, പേരുകൾ, പണം, അടുത്ത ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ മറക്കുക. എന്നാൽ രോഗിയുടെ പഴയ കാല ഓർമ്മകൾ കൃത്യമായി ഓർക്കുകയും ചെയ്യും.

• ചിന്തയും യുക്തിയും: രോഗികളിൽ ഈ രോഗം സങ്കീർണത ഉളവാക്കുന്നു. ഒന്നിലധികം പ്രവൃത്തികൾ ചിന്തിക്കുവാനോ യുക്തിക്കനുസരിച്ച് നടപ്പിലാക്കുവാനോ രോഗിക്ക് സാധിച്ചെന്നും വരില്ല.

• ഉദാഹരണത്തിന് പണം കൈകാര്യം ചെയ്യുക, ബാലൻസ് നോക്കുക, ബില്ലുകൾ അടക്കുക തുടങ്ങിയവ യുക്തിപൂർവ്വം നടത്താതെ വരിക.

• അക്കങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ലായ്മ ഈ  ബുദ്ധിമുട്ടുകളെ വർധിപ്പിക്കുന്നു.

• സ്വന്തമായി തീരുമാനം എടുക്കാൻ പ്രയാസം അനുഭവപ്പെടുക

• പരിചിതമായ ജോലി സ്ഥിരമായി ചെയ്യുന്ന കാര്യങ്ങൾ തെറ്റിക്കുകയും അതിൽ പാകപ്പിഴ വരുത്തുകയും ചെയ്യുക.

• രോഗിയുടെ വ്യക്തിത്വത്തിലും പെരുമാറ്റത്തിലുമുള്ള മാറ്റം.

• രോഗികളിൽ വിഷാദം, ഉൾവലിയൽ, മറ്റുള്ളവരിലുള്ള വിശ്വാസം നഷ്ടപ്പെടൽ . എന്നാൽ ചിലരിൽ അക്രമസ്വഭാവവും ഉപദ്രവമനോഭാവവും കാണപ്പെടുന്നു. ചില രോഗികളിൽ ഉറക്കത്തിലുള്ള മാറ്റങ്ങൾ (പകൽ ഉറങ്ങുകയും രാത്രിയിൽ ഉറക്കമില്ലായ്മ അനുഭവപ്പെടുകയും) സ്വപ്നം കാണുക തുടങ്ങിയവയും കാണപ്പെടുന്നു.

• സ്ഥലകാലബോധം നഷ്ടപ്പെടുക

•  പ്രാരംഭലക്ഷണങ്ങൾ പലപ്പോഴും വാർദ്ധക്യം മൂലമോ ജീവിതസമ്മർദ്ദം (സ്ട്രസ്) മൂലമോ ആണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

രോഗനിർണയം


അൽഷിമേഴ്‌സ് രോഗം ഉണ്ടെന്ന്  സ്ഥിരീകരിക്കാൻ ഒരു പ്രത്യേക പരിശോധനയും നിലവിൽ ഇല്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് രോഗനിർണയം നടത്തുന്നത്. ചില വിറ്റാമിൻ കുറവുകളും തൈറോയ്ഡ് രോഗങ്ങളും ഇത്തരം രോഗലക്ഷണങ്ങൾ കാണിക്കാവുന്നതാണ്. ഇമേജിങ്ങ്: സിടി/ എംആർഐ  തുടങ്ങിയ ആധുനിക സ്കാനുകൾ വഴി തലച്ചോറിന്റെ ഘടന മനസ്സിലാക്കാനും കോശങ്ങൾ നശിച്ചുപോകുന്നതും തലച്ചോർ ചുരുങ്ങിപ്പോകുന്നതും ഇതുവഴി നമുക്ക് സ്ഥീരീകരിക്കാൻ കഴിയും.

അൽഷിമേഴ്‌സിന് പ്രത്യേകിച്ച് ചികിത്സയൊന്നുമില്ലെങ്കിലും ഇതിന്റെ ലക്ഷണങ്ങളെ നമുക്ക് ചികിത്സിക്കാവുന്നതാണ്. ഓർമ്മശക്തി പെട്ടെന്ന് നഷ്ടപ്പെടാതിരിക്കാനുള്ള ചില മരുന്നുകൾ ലഭ്യമാണ്. അതുപോലെ സ്വഭാവവൈകല്യങ്ങളെ നമുക്ക് മരുന്നുകൾകൊണ്ട്  പ്രതിരോധിക്കാൻ സാധിക്കും. അതേസമയം ഇതിനൊക്കെ പരിമിതികളുമുണ്ട്. ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പല ഘടകങ്ങളും അൽഷിമേഴ്‌സിനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്. ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, അമിത ഭാരം, പ്രമേഹം ഇവയെയൊക്കെ നിയന്ത്രിക്കുക അതോടൊപ്പം മാനസിക സമ്മ൪ദ്ദം കുറയ്ക്കുക, ശാരീരികാധ്വാനം വ൪ദ്ധിപ്പിക്കുക എന്നിവയിലൂടെ ഹൃദ്രോഗത്തെയും അൽഷിമേഴ്‌സിന്റെ സാധ്യതയെയും അകറ്റിനിർത്താം. കൂടാതെ ശാരീരികമായും മാനസികമായും നിങ്ങളുടെ ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കുന്നത് അൽഷിമേഴ്‌സിന്റെ സാധ്യത കുറയ്ക്കും.

 (കോഴിക്കോട് മേയ്‌ത്ര ഹോസ്പിറ്റലിലെ  സെന്റ൪ ഫോ൪ ന്യൂറോസയൻസസ് ചെയർമാനാണ് ഡോ. കെ എ സലാം)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top