01 December Friday

അൽഷിമേഴ്‌‌സ് എന്ന മറവിരോഗം... മാർഷൽ സി രാധാകൃഷ്ണൻ എഴുതുന്നു

മാർഷൽ സി രാധാകൃഷ്ണ‌‌‌ൻUpdated: Wednesday Sep 21, 2022

മാർഷൽ സി രാധാകൃഷ്ണൻ

മാർഷൽ സി രാധാകൃഷ്ണൻ

സെപ്‌തംബർ 21 ലോക അൽഷിമേഴ്‌‌സ് ദിനമായി ആചരിക്കുകയാണ്. ഈ ദിനചരണത്തിന്റെ പ്രാഥമിക ലക്ഷ്യം ഈ പ്രത്യേക രോഗാവസ്ഥയെക്കുറിച്ച് കഴിയുന്നത്ര ആളുകളെ ബോധവാന്മാരാക്കുക, അവബോധത്തിന്റെ ആഗോള അഘാതം കാണിക്കുകയും അൽഷിമേഴ്‌സ് രോഗവുമായി കഴിയുന്നവരെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുക എന്നതാണ്.

ലോകത്തിൽ ഇന്ന്  47 ദശലക്ഷത്തിൽ അധികം ആളുകൾ മറവിരോഗം ബാധിതനാണ്. ഇത് 2030 ആകുമ്പോൾ 74 .7 ദശലക്ഷവും 2050  ആകുമ്പോൾ 131.5 ദശലക്ഷവും ആകുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്നു കേരളത്തിൽ 2 ലക്ഷത്തിൽ അധികം ഡിമെൻഷ്യ (മറവിരോഗം) രോഗമാധിതരാണ്. എന്നാൽ ഡിമെൻഷ്യ രോഗബാധിതരിൽ  വെറും 10 ശതമാനം മാത്രമേ രോഗനിർണ്ണയവും പരിചരണവും ലഭിക്കുന്നുള്ളൂ എന്ന വസ്തുത ഒരു  വലിയ  വെല്ലുവിളിയാണ്.

ലോകത്തെ വൃദ്ധജനങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ആയുസ്സിന്റെ കണക്കുപുസ്‌തകത്തിൽ ദേശീയ ശരാശരി 62 വയസ്സാണെങ്കിൽ കേരളത്തിന്റേത് 72-74 വയസ്സാണ്. കേരളത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ ഏകദേശം മൂന്നുശതമാനത്തോളം മറവിരോഗത്താൽ വലയുന്നുണ്ട്. ഈ സംഖ്യ ഉയരാനാണ് സാധ്യത. കാരണം അൽഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങൾ പലപ്പോഴും പ്രായാധിക്യത്തിന്റെ സ്വാഭാവിക പരിണാമമായി കരുതുന്നവരാണ് ഏറെയും.

ഇന്നത്തെ സാഹചര്യത്തിൽ കൃത്യമായി അൽഷിമേഴ്‌സ് രോഗത്തെ അറിയുക എന്നതാണ് പ്രധാനം. ഈ വർഷത്തെ പ്രമേയവും അത് തന്നെ "ഡിമെൻഷ്യയെക്കുറിച്ച് അറിയുക... അൽഷിമേഴ്‌സിനെ അറിയുക"(Know Dementia Know Alzheimer's).

 
എന്താണ് അൽഷിമേഴ്‌‌സ് എന്ന മറവിരോഗം

ജനസമൂഹത്തിന് പ്രായമേറുമ്പോൾ അവരിൽ വാർധക്യരോഗങ്ങളും വർധിക്കുന്നു. വാർധക്യ സംബന്ധമായ രോഗാവസ്ഥകളിൽ ഏറ്റവും പ്രധാനമാണ് അൽഷിമേഴ്‌സ് ഡിമൻഷ്യ അഥവാ മേധാക്ഷയം. മറവിരോഗം എന്നാണ് ഇതിനെ സാധാരണക്കാർ വിളിക്കുന്നത്. ഓരോ ഏഴ് സെക്കൻഡിലും ഓരോ അൽഷിമേഴ്‌സ് രോഗി ഉണ്ടാകുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ലോകത്തെ വൃദ്ധജനങ്ങളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ആയുസ്സിന്റെ കണക്കുപുസ്‌തകത്തിൽ ദേശീയ ശരാശരി 62 വയസ്സാണെങ്കിൽ കേരളത്തിന്റേത് 72-74 വയസ്സാണ്. കേരള ജനസംഖ്യയിൽ 2011-ൽ വൃദ്ധരുടെ എണ്ണം 12 ശതമാനം ആയതായാണ് കണക്ക്. അപ്പോൾ അൽഷിമേഴ്‌സ് രോഗഭീഷണിയും വ്യാപകമാകുന്നു.

അടുത്തിടെ നടത്തിയ ചില പഠനങ്ങളനുസരിച്ച് കേരളത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ മൂന്നുശതമാനത്തോളം മറവിരോഗത്താൽ വലയുന്നുണ്ട്. ഈ സംഖ്യ ഉയരാനാണ് സാധ്യത. കാരണം അൽഷിമേഴ്‌സ്‌ രോഗത്തിന്റെ ലക്ഷണങ്ങൾ പലപ്പോഴും പ്രായാധിക്യത്തിന്റെ സ്വാഭാവിക പരിണാമമായി കരുതുന്നവരാണ് ഏറെയും.എന്താണ് അൽഷിമേഴ്‌‌സ്  ?

തലച്ചോറിലെ നാഡീകോശങ്ങൾ ക്രമേണ ജീർണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുണ്ടാകുന്നത്. ഇതോടൊപ്പം തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. നാഡീകോശങ്ങൾ ഒരിക്കൽ നശിച്ചാൽ അവയെ പുനർജീവിപ്പിക്കുക അസാധ്യമായതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സാവിധികൾ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

അടിസ്ഥാന കാരണം

കാരണങ്ങൾ ഇന്നും അജ്ഞാതമാണ്. പ്രായമായവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 65 വയസ്സിനു മുകളിലുള്ളവരിൽ 15 പേരിൽ ഒരാൾക്ക് അൽഷിമേഴ്‌സ് ഉണ്ട്. ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും രോഗമുണ്ടാകാനുള്ള സാധ്യത വർധിച്ചുവരുന്നതായി കാണാം. 85 നു മുകളിൽ പ്രായമുള്ളവരിൽ പകുതിപ്പേർക്കും അൽഷിമേഴ്‌സ് വരാനുള്ള സാധ്യതയുണ്ട്. ചില കുടുംബങ്ങളിൽ രോഗസാധ്യത ഉണ്ടാക്കുന്ന ജീനുകൾ തലമുറകളിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്‌ത്രീകളിലാണ് അൽഷിമേഴ്‌സ്‌ ബാധിതർ കൂടുതലുള്ളത്.

ലക്ഷണങ്ങൾ

മിക്കപ്പോഴും രോഗം പതുക്കെയാണ് ആരംഭിക്കുക. യഥാർഥത്തിൽ പലർക്കും അവർക്ക് അൽഷിമേഴ്സ് ഉണ്ടെന്ന കാര്യം അറിഞ്ഞുകൊള്ളണമെന്നില്ല. അവർ മറവിയെ വാർധക്യത്തിന്റെ ഭാഗമായി പഴിചാരുന്നു. എന്നാൽ നാളുകൾ ചെല്ലുന്തോറും ഓർമശക്തി കുറഞ്ഞുവരുന്നു. അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങളാണ് ആദ്യഘട്ടത്തിൽ മറന്നുപോകുന്നത്. വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും ഓർമിച്ചെടുക്കാൻ ഇവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചെറിയ കണക്കുകൾ പോലും ചെയ്യുന്നതിന് പ്രയാസം നേരിടും. കാലക്രമേണ എല്ലാത്തരം ഓർമകളും നശിച്ചുപോകും. ഭാഷയുമായി ബന്ധപ്പെട്ട കഴിവുകൾ എന്നിവ നഷ്ടമാകുന്നു. ഈ അവസ്ഥയിൽ എങ്ങനെ പല്ലുതേക്കണമെന്നും മുടിചീകണമെന്നും മറന്നുപോകുന്നു. കാലക്രമേണ രോഗി വൈകാരികാവസ്ഥയിലും പ്രകടമായ മാറ്റങ്ങൾ കാണിച്ചുതുടങ്ങുന്നു. ഇവർക്ക് ദിശാബോധം നഷ്ടപ്പെടുകയും നിസ്സാര കാര്യങ്ങൾപോലും ചെയ്യുന്നതിന് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. രോഗം ഘട്ടംഘട്ടമായി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിനോടൊപ്പം രോഗി ശയ്യാവലംബിയും പരിപൂർണ പരാശ്രയിയുമായി മാറുന്നു.

അൽഷിമേഴ്‌സ് മൂർച്ഛിക്കുന്നതിനൊപ്പം പലവിധ പെരുമാറ്റപ്രശ്നങ്ങളും മാനസിക രോഗലക്ഷണങ്ങളും പ്രകടമാകുന്നു. പലതരത്തിലുള്ള മിഥ്യാധാരണകളും മിഥ്യാഭ്രമങ്ങളും ഇവർ പ്രകടമാക്കുന്നു. ഇപ്പോൾ താമസിക്കുന്നത് സ്വന്തം വീട്ടിലല്ല, മറ്റേതോ വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണ് എന്നൊക്കെ ഇവർ നിരന്തരം പരാതിപ്പെടും. ഈ ധാരണയിൽ പലപ്പോഴും വീടുവിട്ട് പുറത്ത് ഇറങ്ങിപ്പോകാൻ ശ്രമിക്കുന്നു. മറ്റൊന്ന്, തങ്ങളുടെ സാധനങ്ങളും വസ്‌തുവകകളും മറ്റാരോ മോഷ്‌ടിക്കുന്നു എന്ന ആരോപണമാണ്. സ്വന്തം കുടുംബാംഗങ്ങളെപ്പോലും തിരിച്ചറിയാൻ ചിലർക്ക് കഴിയില്ല. അനുചിതമായ ലൈംഗികസ്വഭാവങ്ങൾ ഇവർ കാണിക്കും. ചില രോഗികൾ സംശയാലുക്കളായിത്തീരുന്നു. ചിലരാകട്ടെ മറ്റുള്ളവർ തങ്ങളെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്ന മിഥ്യാധാരണ പ്രകടിപ്പിക്കുന്നു.

ചികിത്സയും പുനരധിവാസവും

ഫലപ്രദമായ ഔഷധങ്ങളൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഇന്ന് പ്രചാരത്തിലുള്ള ഔഷധങ്ങൾ രോഗാവസ്ഥ മൂർച്ഛിക്കാതിരിക്കുന്നതിനും ദിനചര്യകൾ നടത്തിക്കൊണ്ടുപോകാനുള്ള കഴിവ് നിലനിർത്തുന്നതിനും സഹായിക്കുന്നു. അൽഷിമേഴ്‌സ് രോഗികളുടെ നാഡീകോശങ്ങളിൽ അസറ്റൈൻ കോളിൻ എന്ന രാസവസ്‌തുവിന്റെ കുറവ് ഉള്ളതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഈ രാസവസ്‌തുവിന്റെ വിഘടനം തടഞ്ഞ് തലച്ചോറിൽ അതിന്റെ അളവ് വർധിപ്പിക്കുന്ന ഔഷധങ്ങളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ഡോണപ്പസിൽ, റിവാസ്റ്റിഗ്മിൻ, മെമാന്റിൻ, ഗാലന്റമിൻ തുടങ്ങി വിദേശരാജ്യങ്ങളിൽ ലഭ്യമായിട്ടുള്ള ഒട്ടുമിക്ക ഔഷധങ്ങളും ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്. ഇത്തരം മരുന്നുകൾ അസുഖത്തിന്റെ മുന്നോട്ടുള്ള ഗതിയെ കുറയ്‌ക്കുന്നതിന് സഹായിക്കുന്നു. അസുഖം നേരത്തേ കണ്ടുപിടിക്കാൻ ഇടയാകുന്നപക്ഷം ഈ മരുന്നുകൾ കൂടുതൽ പ്രയോജനം ചെയ്തേക്കും.

പരിചരണം

രോഗത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ, രോഗിയുടെ സവിശേഷതകൾ ഇവയൊക്കെ ഉൾക്കൊണ്ട് ശരിയായ രീതിയിലുള്ള പരിചരണം ഉറപ്പുവരുത്തുക അതിപ്രധാനമാണ്. ഇതിന് വിദഗ്ധരുടെ സഹായം തേടാം. ഇതോടൊപ്പം തന്നെ അൽഷിമേഴ്സ് രോഗബാധിതരും അവരുടെ ബന്ധുക്കളും അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനുവേണ്ടിയുള്ള സഹായങ്ങളും സാന്ത്വനങ്ങളും ആവശ്യമാണ്.അൽഷിമേഴ്‌സ് പ്രതിരോധിക്കാമോ ?


അൽഷിമേഴ്‌സ് രോഗത്തിന്റെ യഥാർഥ കാരണം വ്യക്തമല്ലാത്തതിനാൽ ഇത് പ്രതിരോധിക്കാനുള്ള മാർഗങ്ങളൊന്നും നിലവിലില്ല. കൂടുതൽ ഗവേഷണങ്ങളുടെ ഫലമായി പുതിയ പ്രതിരോധ മാർഗങ്ങൾ ഉരുത്തിരിയുന്നതിനനുസരിച്ച് അവ ജീവിതശൈലിയിൽ ഉൾപ്പെടുത്തുന്നത് ഈ രോഗം ഒഴിവാക്കുന്നതിന് ഒരു പരിധിവരെ സഹായിച്ചേക്കും. മാനസികവും ശാരീരികവുമായി പ്രവർത്തനനിരതരാകുക, ശരിയായ രക്തസമ്മർദം നിലനിർത്തുക, തലയിലെ പരിക്കുകൾ ഒഴിവാക്കുന്നതിന് സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കുക തുടങ്ങിയ കാര്യങ്ങൾ പ്രധാനമാണ്. കൂടാതെ ശരിയായ ഭക്ഷണക്രമം പാലിക്കുക, മദ്യപാനം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ അൽഷിമേഴ്സ് കൂടാതെ ഡിമൻഷ്യയ്‌ക്ക് ഇടയാക്കുന്ന മറ്റു രോഗങ്ങളും തടയാൻ കുറേയൊക്കെ സാധിക്കും. അൽഷിമേഴ്‌സ് രോഗികളുടെ എണ്ണം കൂടുന്നു എന്നത് ആശങ്കജനകമാണ്. ഈ രോഗവസ്‌ഥയെക്കുറിച്ചുള്ള കൃത്യമായ അറിവും, ലഭ്യമായ സഹായക ചികിത്സ പിന്തുണയും, ശുശ്രൂഷകർക്കുള്ള ബോധവത്കരണവും അൽഷിമേഴ്‌സ്  രോഗികളുടെ ജീവിതത്തിന് ഏറെ ആശ്വാസം പകരും.

ഇവരുണ്ട് കൂടെ…..

അൽഷിമേഴ്‌സ്  ഡിമെൻഷ്യ അഥവാ മേധാക്ഷയം എന്ന രോഗത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ,രോഗിയുടെ സവിശേഷതകൾ  ഇവയൊക്കെ ഉൾക്കൊണ്ട്‌ ശരിയായ രീതിയിലുള്ള പരിചരണം ഉറപ്പാക്കുക എന്നത് അതി പ്രധാനമാണ്. ഇതിനു വിദഗ്ദരുടെ സഹായം തേടേണ്ടതാണ്. ഇതോടൊപ്പം തന്നെ അൽഷിമേഴ്‌സ് രോഗബാധിതരും അവരുടെ ബന്ധുക്കളും അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘുകരിക്കുന്നതിനുവേണ്ടിയുള്ള സഹായങ്ങളും സാന്ത്വനങ്ങളും അനിവാര്യമാണ്.കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് (DSJ), കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ(KSSM),അൽഷിമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്‌സ്  സൊസൈറ്റി ഓഫ് ഇന്ത്യ (ARDSI) കൈകോർത്തുകൊണ്ട് സ്മൃതിപഥം (Kerala State Initiative on Dementia) എന്ന സംരംഭം നടത്തി വരുന്നുണ്ട്. അൽഷിമേഴ്‌സ് രോഗികൾക്കും കുടുംബാംഗങ്ങൾക്കും സാന്ത്വനം നൽകുകയെന്ന ലക്ഷ്യത്തോടു കൂടി പ്രവർത്തിക്കുന്ന സംഘടനയാണ് അൽഷിമേഴ്‌സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് ഓഫ് ഇന്ത്യ. ഇവരുടേതായി രോഗിപരിചരണ കേന്ദ്രങ്ങൾ വിവിധ ജില്ലകളിൽ നിലവിലുണ്ട്. വെബ്സൈറ്റ്: www.alzheimerindia.org രോഗീപരിചരണത്തെക്കുറിച്ചുള്ള വിവരങ്ങൾക്കും രോഗീ പരിചരണത്തിനുള്ള വിദഗ്ധ നിർദേശങ്ങൾക്കും വിവിധ വെബ്സൈറ്റുകൾ നിലവിലുണ്ട്. www.alz.org, www.alzforum.org, www.carigiver.org.

ഒരിക്കലും അൽഷിമേഴ്‌സ്‌‌ ഡെമെൻഷ്യ ബാധിതരെ അവഗണിക്കാതിരിക്കൂ... അവരുടെ നിസ്സഹായാവസ്ഥ നാം മനസ്സിലാക്കി അവരെ ചേർത്ത് നിർത്തൂ....ഈ ഒരു ദിനത്തിന്റെ പ്രാധാന്യം മനസിലാക്കി ഈ അറിവുകൾ നമുക്ക് ചുറ്റും ഉള്ളവരിലേക്കും .എത്തിക്കൂ.....താങ്ങാവാം... തണലാകാം.... നമ്മെ വഴിനടത്തിയവർക്ക്....ഓർമ്മിക്കാൻ കഴിയാത്തവരെ ഇന്നും എന്നും ഓർമ്മിക്കാം നമുക്ക്.

(മാർഷൽ സി രാധാകൃഷ്ണ‌‌‌ൻ- MSW, M .Phil സൈക്ക്യായാട്രിക് സോഷ്യൽ  വർക്കർ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top