26 April Friday

മനസ്സിന്റെ ആരോഗ്യം എന്ത് ? എങ്ങനെ ?..പ്രസാദ് അമോര്‍ എഴുതുന്നു

പ്രസാദ് അമോര്‍Updated: Monday Oct 14, 2019

പ്രസാദ്‌ അമോര്‍

പ്രസാദ്‌ അമോര്‍

മനഃശാസ്ത്രത്തിന്റെ ശാസ്ത്രീയതയെയും ഈ പഠനശാഖയില്‍ സമീപകാലത്തുണ്ടായ വികാസങ്ങളെയും പറ്റി മൂന്ന് ഭാഗങ്ങളായി പ്രസാദ്‌ അമോര്‍ എഴുതുന്നു. അവസാന ഭാഗം ഇവിടെ:

മാനസികാരോഗ്യം, ശാരീരികാരോഗ്യം എന്നി ദ്വന്ദങ്ങൾ തന്നെ മനസ്സിനെ ശരീരത്തിൽ നിന്ന് അതീതമാക്കുന്ന സങ്കൽപ്പങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. യഥാർത്ഥത്തിൽ ഉള്ളത് ശരീരമാണ്. ആരോഗ്യകരമായ ജൈവവ്യവസ്ഥ സൃഷ്ഠിക്കുന്ന സ്ഥിതിസ്ഥിരത അനുഭവിക്കുന്ന വ്യക്തിക്കുണ്ടാകുന്ന സ്വയം ബോധമാണ് ആന്തരികനിലയുടെ ആരോഗ്യമായി വ്യാഖാനിക്കുന്നത്.

മനുഷ്യനും മറ്റു ജീവിവർഗ്ഗങ്ങളുമെല്ലാം സംഘർഷങ്ങളും അവ്യവസ്ഥയും അനുഭവിച്ചാണ് ജീവിക്കുന്നത്.കെടുതികൾ, രോഗങ്ങൾ ശത്രുക്കളുടെ ആക്രമണങ്ങൾ, സൂക്ഷമവും ശക്തരുമായ ജീവികൾ പരത്തുന്ന ഭീകരരോഗങ്ങൾ- എക്കാലത്തും മനുഷ്യവർഗ്ഗം പ്രതിസന്ധിയുടെ, വിഷമങ്ങളുടെ വഴികളിലൂടെയാണ് നടന്നുപോയിട്ടുള്ളത്.

തീര്ച്ചയായും ഓരോ ജീവി വർഗ്ഗത്തിനും തനതായ ജനിതകഘടനയുണ്ട്.ജനിതകഘടന ജീവശാസ്ത്രപരമായി തിരുമാനിക്കപ്പെട്ടതാണ്. എന്നാൽ മനുഷ്യൻ ജനിതക വാസനയുടെ അടിമയൊന്നുമല്ല. അറിവ്, സംസ്‍കാരം, ജീവിതശൈലി, അനുകൂലമായ പരിസ്ഥിതി മുതലായ ഘടകങ്ങൾകൊണ്ട് ലഭ്യമായ ജനിതകഘടനയെ കാര്യക്ഷമയായി വിനിയോഗിക്കാൻ മനുഷ്യന് കഴിയും.ഭക്ഷണം, ജീവിത ശൈലികൾ, അനുകൂലമായ ജൈവ മണ്ഡലം തുടങ്ങിയ ഘടകങ്ങൾ ഒരാളുടെ ചുറുചുറുക്ക്, ഊർജസ്വലത, ജിവിത സംതൃപ്തി മുതലായവയെ സ്വാധീനിക്കുന്നു.

ഒരാളുടെ ചിന്തകളെ വൈകാരികതകളെ വ്യക്തിത്വത്തെയെല്ലാം സ്വാധീനിക്കുന്നത് ജൈവപരമായ, ജനിതകപരമായ പശ്ചാത്തലമായതിനാൽ കേവലം ഉപദേശം കൊണ്ടോ മറ്റോ ആന്തരിക സമാധാനം കൈവരിക്കാൻ സാധ്യമാണോ ?

നമ്മുടെ വളർച്ചയെയും വികാസത്തെയും നിശ്ചയിക്കുന്നത് ജനിതക ഘടന തന്നെയാണെങ്കിലും ലഭ്യമായ ജനിതക ഗുണങ്ങൾ പ്രയോജനപ്പെടുത്താതെ കാലാവധിക്കു മുൻപേ പലരുടെയും ജീവിതം അവസാനിക്കുന്നു.അനാരോഗ്യകരമായ ജീവിത ശൈലികളും, അജ്ഞതയും മറ്റുമായി ജീവിക്കുന്ന അവർ ജൈവപരമായ തങ്ങളുടെ ഗുണങ്ങൾ തിരിച്ചറിയാതെ ജീവിതം ജീവിക്കാതെ കളയുകയാണ്. ശരീരത്തിന്റെ പൂർണമായ സ്വാസ്ഥ്യവും അത് സൃഷ്ടിക്കുന്ന സന്തോഷവും അനുഭവിക്കാനാവുന്ന വഴികളെക്കുറിച്ചുള്ള ഉൾക്കാഴ്ച മെച്ചപ്പെട്ട ജീവിതം നയിക്കാൻ ആവുന്നതൊക്കെ ചെയ്യാൻ വ്യക്തിയെ പ്രേരിപ്പിക്കും.

യഥാർത്ഥത്തിൽ വിശ്വാസങ്ങൾ, ആശയങ്ങൾ എന്നിവ ശരീര രസതന്ത്രത്തെ സ്വാധീനിക്കുന്നുണ്ട്. വികാരങ്ങളെ നിയ്രന്തിച്ചാലെ ജീവിതവിജയം സാധ്യമാവുകയുള്ളു എന്ന് വിശ്വാസമുള്ള ആൾ സ്വന്തം അതിജീവനത്തിന് ആവശ്യം വേണ്ട വൈകാരികതകളെ നിയന്ത്രിക്കുകയും തൽഫലമായി സമ്മർദ്ദം അനുഭവിക്കുകയും ചെയ്യും. സമ്മർദ്ദം ഹൈപ്പോതലാമസ്സിനെ ബാധിക്കും അത് അഡ്രിനൽ ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും അഡ്രിനാലിൻ കോർട്ടിസോൺ എന്നി ഹോര്മോണുകളുടെ ഉത്പാദനം കൂട്ടുന്നു .അമിനോ ആസിഡുകളുടെ നിർമ്മാണം മന്ദിഭവിപ്പിക്കുന്നു പലപ്പോഴും ഇത്തരം അവസ്ഥ മസ്തിഷ്കത്തിലെ ഹിപ്പോകാമ്പസ് എന്ന ഭാഗത്തെ പ്രതികൂലമായി ബാധിക്കും. അത് ഓർമക്കുറവ് ,ഉറക്കക്കുറവ് എന്നിവയ്ക്ക് കാരണമാകും. അതിനാൽ വൈകാരികതകൾക്ക് ദമനം വരുത്തുന്ന രീതികൾ നിത്യ ചര്യയുടെ ഭാഗമായി മാറ്റുന്നത് നല്ലതാണ്.ലളിതമായ കായിക വ്യായാമങ്ങൾ കളികൾ, വിശ്രമാവസ്ഥ അനുഭവിക്കാൻ എന്നിവ എന്ടോര്ഫിനുകളുടേയും അഡ്രിനാലിന്റെയും ഉൽപാദനത്തെ സഹായിക്കുന്നു.നോർ എപ്പിനെഫ്രിൻറെ ഉത്പാദനത്തിന് കാരണമാകുന്നു. ആന്തരികാസ്വസ്ഥ്യം അനുഭവിക്കാൻ അതെല്ലാം സഹായിക്കും.

നാഗരികത മനുഷ്യന്റെ സ്വഭാവ രൂപങ്ങൾ, ശാരീര ഭാഷ, നടപ്പ് തുടങ്ങിയവയെ മനുഷ്യരുടെ ജൈവമായ വികാരങ്ങളെ കാമനകളെ എല്ലാം നിയന്തിതമാക്കുന്ന ശിക്ഷണങ്ങൾ അടിച്ചേൽപ്പിക്കയാണ്. സ്വാഭാവിക മനുഷ്യപ്രകൃതിക്ക്‌ വിരുദ്ധമായ ഇത്തരം ഘടകങ്ങൾ മനുഷ്യന്റെ സമാധാനത്തിന് അനുകൂലമല്ല.

നാഗരികതയുടെ മൂശയിൽ വാർത്തെടുത്ത മര്യാദകൾ പാലിക്കുമ്പോഴും വൈകാരിക വിരേചനം സാധ്യമാകുന്ന വഴികളിലൂടെ സഞ്ചരിക്കേണ്ടിവരുന്നു .കരയാൻ തോന്നുമ്പോൾ കരയുക, ചിരിക്കാൻ തോന്നുമ്പോൾചിരിക്കുക ദേഷ്യം തോന്നുമ്പോൾ ദേഷ്യപെടുക എന്ന് പറയുന്നതിൽ വസ്തുതയുണ്ട്. വൈകാരികതയുടെ സ്വാഭാവികപ്രകടനം ആരോഗ്യത്തിന് അനുകൂലമാണ്. അത് എൻഡോർഫിനുകളുടെയും എൻകഫാലിനുകളുടെയും ഉത്പാദനത്തിന് കാരണമാവുകയും വൈകാരികനില, ഉണർവ് എന്നിവ ഭദ്രമായി നിലനിർത്തുന്നു.

കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടയിൽ മനുഷ്യനിർമ്മിത ചുറ്റുപാടിൽ വന്ന ഗണ്യമായ മാറ്റങ്ങൾ മനുഷ്യരുടെ ശാരീരിക അദ്ധ്വാനത്തെ ഗണ്യമായി നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.ഷോപ്പിങ് മാളുകളും ലിഫ്റ്റുകളും എസ്കെലോറ്ററുകളും മറ്റും ശാരീരിക പ്രയത്‌നത്തെ കുറച്ചു. വീട്ടിലോ ഓഫീസിലോ ഇരുന്ന് നടപടികൾ ചെയ്യാൻ കഴിയുന്ന സൈബർ വിനിമയ സാധ്യതകൾ സാമൂഹിക വിനിമയത്തെ ശുഷ്ക്കമാക്കി.ജീവിതശൈലിയിൽ ആകമാനം മാറ്റങ്ങൾ ഉണ്ടായി ഫാസ്റ്റഫുഡുകൾ മധുരവും കൊഴുപ്പും കൂടിയ സാധനങ്ങൾ എന്നിവയുടെ അമിത ഉപയോഗം പലവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണങ്ങളാണ്. വ്യായാമരഹിത അലസജീവിതം നിലവിലെ പ്രതിസന്ധി ഭീകരമാക്കുന്നു .ശരീരത്തിന്റെ എല്ലാ ഭാഗത്തും രക്തചംക്രമണം പൂർണ്ണശേഷിയിലാക്കുകയും കുറവുള്ള ഭാഗത്തേയ്ക്ക് രക്തചംക്രമണത്തിന് കൂടുതൽ സാധ്യത രൂപപ്പെടുത്തുകയും ചെയ്യുന്ന വ്യായാമങ്ങളായ നടത്തം, ഓട്ടം, നീന്തൽ, വോളിബോൾ, ഷട്ടിൽ, ബാഡ്‌മിന്റൺ തുടങ്ങിയവ നാഗരിക ജീവിതത്തിൽ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണ്.ഓരോ വ്യക്തിയിലും സവിശേഷമായ നിരവധി സാധ്യതകളുണ്ട് വ്യക്തിയുടെ ചുറ്റുപാട് സാമൂഹ്യമായ അടിത്തറ വിശാലമായ സാമൂഹ്യബന്ധങ്ങൾ സാംസ്‌കാരിക വിനിമയങ്ങൾ, ആഘോഷങ്ങൾ എല്ലാം ആരോഗ്യകരമായ ജീവിതത്തിന്റെ വഴികൾ തുറക്കുന്നു.

മനസ്സിന്റെ സ്വാസ്ഥ്യത്തിനുവേണ്ട ചികിത്സകൾ.

വർണ്ണശബളമായ നാഗരിക ജീവിതത്തിലെ പ്രതിസന്ധികൾക്കുമുന്പിൽ അന്ധാളിച്ചു നിൽക്കുകയാണ് നാം.അനാവശ്യമായ ഭീതികളും ജീവിത സമർദ്ദങ്ങളും എല്ലാം സൃഷ്ടിക്കുന്ന അനിശ്ചിതത്വം സ്വാഭാവികമായ ഒരു ജൈവപരിണിതിയായി നിൽക്കുമ്പോൾ തന്നെ ആധിയോ, വ്യഥയോ പിടിപെടുമ്പോൾ ശാസ്ത്രീയമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നതാണ് നല്ലത്.മുൻവിധികളില്ലാതെ വസ്തുനിഷ്ഠ സമീപനങ്ങളുള്ള മനഃശാസ്ത്രചികിത്സകൾ വഴിമുട്ടലുകൾ അനുഭവപ്പെടുന്നവർക്ക് താത്കാലിക ആശ്വാസം നൽകും.

എന്നാൽ വിഭ്രാന്തിയും മതിഭ്രവും സംശയഭീതിയും വെളിപാടുകളും അനുഭവിക്കുന്നവർ മരുന്നുകൾ കഴിക്കേണ്ടിവരും.മസ്തിഷ്കത്തെ മരവിപ്പിക്കാത്ത അതേസമയം മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്നവയാണ് മിക്ക ആധുനികമരുന്നുകളും.ഓരോ വ്യക്തിക്കും വ്യത്യസ്‍തമായ ജനിതക സാധ്യതകളുണ്ട്.ഓരോ വ്യക്തിക്കും സവിശേഷമായ ചുറ്റുപാടുണ്ട്. ആ ചുറ്റുപാടിൽ നിന്ന് മാറി കഴിഞ്ഞാൽ ആ വ്യക്തി അവൾ / അവൻ അല്ലാതെയാകുന്നു.ഓരോ വ്യക്തിയുടെയും ശാരീരിക വ്യക്തിത്വപരമായ പ്രത്യേയ്ക്തകളും, ലഭ്യമായ ജൈവപരമായ ഗുണങ്ങളും പരിഗണിച്ചുകൊണ്ടുള്ള തെറാപ്പികൾ ആണ് വേണ്ടത്. ഓരോരുത്തരും വ്യത്യസ്തരാണ്. ഒരാൾക്ക് പ്രയോജനകരമായത് മറ്റൊരാൾക്ക് അങ്ങനെയാവണമെന്നില്ല.മരുന്ന് ചികിത്സയോടൊപ്പം വ്യക്തിപര-കുടുംബ - സാമൂഹ്യ സംയോജന ചികിത്സകൾ മനോവ്യാധികൾക്ക് പരിഹാരമാകും  
 
 ( Licensed Rehabilitation Psychologist ആണ് ലേഖകന്‍ )
 
References:
The Neuroscience of Psychotherapy by Louis Cozolino
 
Neurobiology of Essentials for Clinicians .What every therapist needs to know by Arlene Montgomery
 
ആദ്യ രണ്ടുഭാഗങ്ങള്‍ ഇവിടെ:
 

ഭാഗം ഒന്ന്:മനഃശാസ്ത്രം ശാസ്ത്രീയമോ?

ഭാഗം രണ്ട്: മനോരോഗങ്ങൾ ശാരീരികരോഗങ്ങൾ തന്നെയാണോ ?

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top