26 September Tuesday

ജലപ്രസവത്തിനൊരുങ്ങുന്നവര്‍ അറിയണം ഈ പ്രശ്‌നങ്ങള്‍

ഡോ. ഷിംന അസീസ്, ഡോ. അന്‍ജിത് ഉണ്ണി, ഡോ. ജിനേഷ് പി എസ്.Updated: Friday Jan 12, 2018

പ്രകൃതിചികിത്സയെന്നവകാശപ്പെട്ട് കേരളത്തില്‍ നടക്കുന്ന വാട്ടര്‍ ബര്‍ത്തിനെ(ജലപ്രസവം) കുറിച്ച് അറിയേണ്ടതെല്ലാം. ജലപ്രസവത്തിന്റെ ശാസ്ത്രീയ വശം, പ്രശ്‌നങ്ങള്‍, പരിമിതികള്‍  എന്നിവയെകുറിച്ചുള്ള വിശദമായ കുറിപ്പ് .

  ശാസ്ത്രീയമായ ചികില്‍സയുടെയും ആരോഗ്യ പരിചരണ രീതികളുടെയും കെണിയില്‍ നാം വീണ്ടും വീണ്ടും ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ദു:ഖകരമാണ്. കഴിഞ്ഞ വര്‍ഷം മൂന്നാമത് ഗര്‍ഭിണിയായ സ്ത്രീയില്‍ വാട്ടര്‍ ബര്‍ത്ത് പരീക്ഷിച്ചത് മുന്‍പ് നടന്ന രണ്ട് സിസേറിയനുകള്‍ക്ക് ശേഷം സ്വാഭാവികപ്രസവം എന്ന മോഹനവാഗ്ദാനം നല്‍കിയാണ്. കുഞ്ഞ് മരണപ്പെട്ടു, അമ്മ ഗര്‍ഭപാത്രവും മൂത്രസഞ്ചിയും തകര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്തുള്ള സ്ഥാപനം അടച്ചുപൂട്ടി.

അതേ സ്ഥാപനം ജില്ലയിലെ മറ്റൊരു പ്രധാനപട്ടണമായ മഞ്ചേരിയില്‍ തുടങ്ങിയപ്പോള്‍ ഇരകളായി വീണ്ടും ഗര്‍ഭിണികളും കുടുംബങ്ങളുമെത്തി. അതിലൊരു ഗര്‍ഭിണി കടുത്ത രക്തസ്രാവവും അമിതമായ രക്തസമ്മര്‍ദവും കൊണ്ട് മരിച്ചു. അവര്‍ക്കെതിരെയുള്ള നടപടികള്‍ പുരോഗമിക്കുന്നു. ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ കണ്ടിട്ടും നമ്മള്‍ പഠിക്കാത്തതെന്താണ്? ഈയാംപാറ്റകള്‍ വിളക്കിലേക്ക് പറന്നടുക്കുന്ന പോലെ അമ്മയും കുഞ്ഞും മുന്നൊരുക്കവും കരുതലുമില്ലാത്ത പരീക്ഷണങ്ങളില്‍ പിടഞ്ഞു വീഴുന്നതെന്തേ നമ്മള്‍ കാണാതെ പോകുന്നു?

പ്രകൃതിചികിത്സയെന്നവകാശപ്പെട്ട് മാര്‍ക്കറ്റ് ചെയ്യുന്ന വിചിത്ര രീതികളും വിടുവായത്തങ്ങളും വേട്ട തുടരുകയാണ്. നഷ്ടം നഷ്ടപ്പെട്ടവര്‍ക്ക് മാത്രവും. അപ്പോള്‍ വാട്ടര്‍ ബര്‍ത്ത് പ്രകൃതി ചികിത്സയാണോ? പല പാശ്ചാത്യ രാജ്യങ്ങളിലും മോഡേണ്‍ മെഡിസിന്‍ ആശുപത്രികളിലും ഇത് ലഭ്യമല്ലേ? അതിലേക്ക് വരാം.

*പ്രസവത്തിന് എന്തിനാണ് ഡോക്ടറുടെ കാവല്‍?

പ്രസവം ഒരു രോഗമൊന്നുമല്ല ചികില്‍സിക്കാന്‍ എന്നൊക്കെ വാദം കേള്‍ക്കാറുണ്ട്. ശരിയാണ്, പ്രസവം പൂര്‍ണമായും ഒരു സ്വാഭാവിക ശാരീരിക പ്രക്രിയയാണ്. ഗര്‍ഭം തുടങ്ങും മുതല്‍ പ്രസവശേഷം മറുപിളള വേര്‍പെടും വരെയും അതിനെ തുടര്‍ന്നുമുള്ള സംഭവങ്ങള്‍ ഒരു ശൃംഖല കണക്ക് മുന്നേറുന്നു. ഇതിലേതെങ്കിലും ഒരു കാര്യം പിഴച്ചാല്‍ മതി സര്‍വ്വത്ര സങ്കീര്‍ണമാകാന്‍. ആ സങ്കീര്‍ണത ഒഴിവാക്കാനുള്ള മേല്‍നോട്ടവും മുന്‍കരുതലുകളുമാണ് പ്രസവപൂര്‍വ്വ പരിചരണവും പ്രസവസമയത്തും തുടര്‍ന്നുമുള്ള പരിചരണവുമായി ആധുനിക വൈദ്യശാസ്ത്രം ചെയ്തു വരുന്നത്. ഏത് ചെറിയ അപാകതയും അമ്മയുടേയോ കുഞ്ഞിന്റേയോ രണ്ടു പേരുടേയും തന്നെയോ ജീവന്‍ അപകടത്തിലാകാം. അത്തരം അത്യാവശ്യഘട്ടങ്ങളിലാണ് സിസേറിയന്‍ ശസ്ത്രക്രിയ പോലുള്ള രീതികളെ ആശ്രയിക്കുന്നത്. ഇങ്ങനെയുള്ള ഇടപെടലുകളിലൂടെ പ്രസവസമയത്തെ അപ്രതീക്ഷിതദുരന്തങ്ങള്‍ തടയുന്നതില്‍ ആധുനികവൈദ്യശാസ്ത്രം വഹിച്ച പങ്ക് സുവ്യക്തമാണ്.

നമ്മുടെ നാട്ടിലെ മാതൃ മരണ നിരക്കും ശിശുമരണനിരക്കും ഒന്നു പരിശോധിച്ചുനോക്കാം. 200103 കാലത്ത് കേരളത്തിലെ മാതൃമരണ നിരക്ക് 110 ആയിരുന്നു. 200406 കേരളത്തിലെ മാതൃമരണനിരക്ക് 95 ആയിരുന്നു. അതായത്, ഒരു ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ 95 അമ്മമാര്‍ മരണപ്പെടുന്നു. ഈ നിരക്ക് 2013 ആയപ്പോളേക്കും 61 ആയി കുറഞ്ഞു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഇത് വളരെ ഉയര്‍ന്നതായിരുന്നു.

1960 കളില്‍ ഇന്ത്യയിലെ ശിശു മരണ നിരക്ക് 160 ആയിരുന്നു. അതായത് ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍, 160 പേര്‍ മരണപ്പെടുന്നു. ഇന്ത്യയില്‍ ഇന്നത് 40ല്‍ താഴെ എത്തി നില്‍ക്കുന്നു. കേരളത്തിലെ ശിശുമരണനിരക്ക് പത്തിലും താഴെയാണ്. ഇതെല്ലാം ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ഭാഗം കൂടിയാണ്. വീട്ടില്‍ നടന്നിരുന്ന പ്രസവങ്ങള്‍ കുറഞ്ഞതും, സൗകര്യമുള്ള ആശുപത്രികളില്‍ പ്രസവങ്ങള്‍ കൂടുതല്‍ നടക്കുന്നതും, പ്രസവത്തിലെ സങ്കീര്‍ണ്ണതകള്‍ കുറയുന്നതും ഇതിന് പ്രധാന കാരണമാണ്.

*എന്താണ് വാട്ടര്‍ബര്‍ത്ത്?

ലളിതമായി പറഞ്ഞാല്‍ ഇളംചൂടുവെള്ളം നിറച്ച ടബ്ബില്‍ പ്രസവിക്കുന്നതാണ് വാട്ടര്‍ ബര്‍ത്ത്. ഗര്‍ഭപാത്രത്തില്‍ ആംനിയോട്ടിക് ദ്രവത്തില്‍ ജനിക്കുന്ന കുഞ്ഞിന് ഈ വെള്ളത്തിലേക്ക് വന്നു വീഴുന്നത് നല്ലതാണെന്നും പ്രസവിക്കുന്ന ഗര്‍ഭിണിക്ക് ഈ ജലാന്തരീക്ഷം ആശ്വാസം നല്‍കുമെന്നും അവര്‍ക്ക് അനസ്തേഷ്യ, കുഞ്ഞിന്റെ ആഗമനം സുഗമമാക്കാന്‍ അമ്മയുടെ യോനിയുടെ ഭാഗത്ത് ചെറിയ മുറിവുണ്ടാക്കുന്ന എപ്പിസിയോട്ടമി എന്നിവ ഒഴിവാക്കാന്‍ സാധിക്കും എന്നുമെല്ലാമാണ് അവകാശപ്പെടുന്ന ഗുണങ്ങള്‍.

അമേരിക്കന്‍ കോളേജ് ഓഫ് ഒബ്സ്റ്റെട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്സ് ഈ രീതിയെ വിശകലനം ചെയ്യുന്നത് ഇങ്ങനെയാണ് പ്രസവത്തിന്റെ ആദ്യ ഘട്ടത്തില്‍ (പ്രസവവേദന തുടങ്ങുന്നത് മുതല്‍ ഗര്‍ഭാശയം പൂര്‍ണമായി വികസിക്കുന്നത് വരെ) ഇളംചൂട് വെള്ളം അമ്മക്ക് ആശ്വാസം പകര്‍ന്നേക്കാം. എന്നാല്‍, ഇത് കൊണ്ട് മാത്രമായി പ്രത്യേകിച്ചൊരു ഗുണം പ്രസവത്തില്‍ നിരീക്ഷിക്കാനായിട്ടില്ല. രണ്ടാം ഘട്ടം (ഗര്‍ഭാശയം പൂര്‍ണ്ണമായി വികസിക്കുന്നത് മുതല്‍ കുഞ്ഞ് പുറത്ത് വരുന്നത് വരെ) ഇത്തരത്തില്‍ ശ്രമിക്കുന്നത് പൂര്‍ണമായും പരീക്ഷണാടിസ്ഥാനത്തില്‍ ആയിരിക്കണം, എന്ത് സങ്കീര്‍ണതക്കുള്ള സാധ്യത കണ്ടാലും അടിയന്തരചികിത്സ ലഭ്യമാക്കാനുള്ള മാര്‍ഗം തയ്യാറായിരിക്കണം .

ലേബര്‍ റൂമില്‍ പ്രസവവേദന തുടങ്ങിയ ശേഷം തുടര്‍ച്ചയായി കുഞ്ഞിന്റെ ഹൃദയമിടിപ്പും അമ്മയുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും ഗര്‍ഭാശയസങ്കോചവുമെല്ലാം തുടര്‍ച്ചയായി അളക്കുന്നുണ്ട്. ഏത് സന്ദേഹവും തീര്‍ക്കാന്‍ വര്‍ഷങ്ങളോളം വിഷയം മാത്രം പഠിച്ച വിദഗ്ധരുണ്ട്. ഏത് കാര്യത്തിനും അമേരിക്കയേയും യൂറോപ്പിനേയും പുച്ഛിക്കുന്ന പ്രകൃതിചികിത്സകര്‍ വാട്ടര്‍ബര്‍ത്തിന്റെ കാര്യം വരുമ്പോള്‍ മാത്രം ഈ രീതിയെ വിദേശരാജ്യങ്ങളിലെ അദ്ഭുതപ്രവര്‍ത്തിയായി വാനോളമുയര്‍ത്തി ജനപ്രീതി പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നത് തന്നെ വിരോധാഭാസമാണ്.

വിദേശരാജ്യങ്ങളിലും അംഗീകൃത സെന്ററുകളിലും ഗര്‍ഭിണി പരിപൂര്‍ണ്ണ ആരോഗ്യവതിയാണ് എന്നുറപ്പ് വരുത്തിയാണ് വാട്ടര്‍ ബര്‍ത്തിന് മുതിരുന്നത്. കൂടെ അണുബാധ തടയാനുള്ള കണിശമായ മുന്‍കരുതലുകളും രക്തസ്രാവമടക്കമുള്ള സങ്കീര്‍ണതകളോ ബുദ്ധിമുട്ടുകളോ വന്നാല്‍ നേരിടാനുള്ള സന്നാഹവും വൈദ്യസഹായവും ഉള്ളയിടത്ത് മാത്രമാണ് പാശ്ചാത്യ രാജ്യങ്ങളില്‍
ജലപ്രസവം നടക്കുന്നത്.

ഇത്തരം കരുതലോ സന്നാഹമോ വൈദ്യസഹായമോ ഇല്ലാതെ പ്രകൃതിയെന്നും സുരക്ഷിതമെന്നും പരസ്യപ്പെടുത്തി അമ്മയേയും കുഞ്ഞിനേയും മരണത്തിന് വിട്ട് കൊടുക്കുന്ന പ്രാകൃതമായ രീതി ഇവിടെ മാത്രമേ കാണാന്‍ വഴിയുള്ളൂ . ഇത്തരം സെന്ററുകളുടെ മുഖമുദ്ര തന്നെ ആധുനികവൈദ്യശാസ്ത്രത്തിനെതിരെ അകാരണമായ ഭീതി ജനിപ്പിക്കുക എന്നതാണ്. അവരുടെ നിലനില്‍പ് അതിലായിരിക്കാം, പണയത്തിലാവുന്നത് സാധാരണക്കാരന്റെ ജീവനാണ്.

*വാട്ടര്‍ബര്‍ത്തിനൊരുങ്ങുന്നവരോട്,


പൂര്‍ണ്ണമായും സുരക്ഷിതമല്ല ഈ വഴി. അറിവുള്ളവര്‍ മേല്‍നോട്ടം വഹിക്കാതെ പരീക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക പോലുമരുത്. വെള്ളത്തില്‍ പ്രസവം സംഭവിക്കുമ്പോള്‍ രക്തനഷ്ടം എത്രയെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. അണുബാധക്കുള്ള സാധ്യത, വെള്ളത്തിന്റെ താപനില അനുചിതമെങ്കില്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ തുടങ്ങി പലതും പരിഗണിക്കേണ്ടതുണ്ട്.

അതേ സമയം, ഒരു തരത്തിലും പ്രസവം സാധ്യമല്ലാത്ത ഇടുപ്പ് വികാസമില്ലാത്ത അവസ്ഥ (cephalo pelvic disproportion) പോലുള്ളവയില്‍ പോലും 'വരൂ നമുക്ക് വെള്ളത്തില്‍ പ്രസവിക്കാം' എന്ന് പറഞ്ഞതിന്റെ ഫലമാണ് കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട കുഞ്ഞിന്റെ ജീവന്‍. കുഞ്ഞിന്റെ തല പുറത്തേക്ക് വരുന്നത് സുഗമമാക്കാന്‍ വേണ്ടി ഉണ്ടാക്കുന്ന ചെറിയ മുറിവിനെ ഭീതിപ്പെടുത്തി 'കീറുകയാണ്' എന്നൊക്കെ വിവരിക്കുന്നതിലൂടെ അരക്ഷിതത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇതേ എപിസിയോടമി ചെയ്യാതിരുന്നാല്‍ ചിലവര്‍ക്കെങ്കിലും അമ്മയുടെ യോനിക്കും മലദ്വാരത്തിനും ഇടയില്‍ സാരമായ കീറലുകളും പോറലുകളും വന്ന് ബുദ്ധിമുട്ടുകള്‍ നേരിടാം. വലിയ കഷ്ടപ്പാടുകള്‍ ഒഴിവാക്കാനുള്ള ഒരു ചെറിയ സൂത്രപ്പണി മാത്രമാണിത്. ചെയ്യുന്നതാകട്ടെ, വിദഗ്ധരും. അത്യാവശ്യ ഘട്ടങ്ങളില്‍ സിസേറിയനിലേക്ക് വഴി മാറാനും അവിടെ സാധ്യതയുണ്ട്. എങ്ങനെ നോക്കിയാലും ഗര്‍ഭിണിയും കുഞ്ഞും സുരക്ഷിതരാണെന്ന് ചുരുക്കം.

നല്‍കാവുന്നതിന്റെ പരമാവധി സുരക്ഷയും സംരക്ഷണവും അമ്മയ്ക്കും കുഞ്ഞിനും ഉറപ്പ് വരുത്താന്‍ നമുക്ക് കഴിയണം.അവരുടെ ജീവന്‍ പരീക്ഷണ വസ്തുവാക്കരുത് . നിയമപരമായ ലൈസന്‍സിങ്ങും വ്യവസ്ഥകളും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഇല്ലാതെ ആര്‍ക്കും എവിടെയും ഏത് രീതിയിലും പ്രസവരക്ഷയും ചികിത്സാ കേന്ദ്രങ്ങളും നടത്താമെന്ന ഭീതിദമായ അവസ്ഥ നമ്മുടെ ഭരണാധികാരികള്‍ കാണാതിരുന്നു കൂടാ. സാക്ഷരതയിലും സാമൂഹിക പുരോഗതിയിലും മുന്നേറിയ ഒരു നാട്ടില്‍ ഈ കാലത്ത് ഇങ്ങനെ എഴുതേണ്ടി വരുന്നത് തന്നെ ദുരന്തമാണ്.

ജനനത്തില്‍ തന്നെ ജലസമാധിയൊരുക്കുന്ന ഇതു പോലുളള ദുരന്തങ്ങള്‍ ഇനി അരങ്ങേറാതിരിക്കട്ടെ.

എഴുതിയത്: ഡോ. ഷിംന അസീസ്, ഡോ. അന്‍ജിത് ഉണ്ണി, ഡോ. ജിനേഷ് പി എസ്.
കടപ്പാട്: ഇന്‍ഫോ ക്ലിനിക് 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top