27 April Saturday

നാരങ്ങാവെള്ളം കോവിഡിനെ തടയുമോ...

ഡോ. ഷീജ ശ്രീനിവാസ്‌ ഇടമനUpdated: Monday Apr 13, 2020


ഒരു പേഷ്യന്റ്  അടുത്തയിടെ പറഞ്ഞതോർക്കുന്നു. "ഡോക്ടറേ ഞാൻ ദിവസവും ഒരു തവണ നാരങ്ങാവെള്ളം   കുടിക്കാറുണ്ട് . വൈറ്റമിൻ സി  കിട്ടൂലോ അപ്പോൾ കോവിഡൊന്നും വരൂലാലോ"  എന്താണ്  വൈറ്റമിൻ സി എന്ന് ആദ്യം അറിയാം.  പൊതുവെ  ഗുണമുള്ള വൈറ്റമിനെന്ന് എല്ലാവർക്കും അറിയാം. എന്നാൽ  എന്താണ് വൈറ്റമിൻ  സി? 

വെള്ളത്തിൽ അലിയുന്ന ഒരു വൈറ്റമിനാണ്‌ വൈറ്റമിൻ സി. അസ്‌കോർബിക്‌ ആസിഡ്‌ എന്നതാണ്‌ ശാസ്‌ത്രീയ നാമം.  മനുഷ്യശരീരത്തിൽ രക്തക്കുഴലുകൾ, പേശികൾ, എല്ലകളിലെ കൊളാജൻ, തരുണാസ്ഥി (കാർട്ടിലേജ്‌) തുടങ്ങിയവയുടെ രൂപീകരണത്തിന്‌ അത്യന്താപേക്ഷിതമായ ഒരു വൈറ്റമിനാണിത്‌. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുവാനും ഇത്‌ അത്യാവശ്യമാണ്.

വൈറ്റമിൻ സി ഒരു ആന്റി ഓക്‌‌സിഡൻറ്‌ ആണ്‌. ശരീരത്തിനു ദോഷകരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന്‌ ശരീരത്തെ രക്ഷിക്കാൻ ഈ വൈറ്റമിൻ സഹായിക്കുന്നു. ( ഫ്രീ റാഡിക്കലുകൾ ഹൃദ്‌രോഗം, ക്യാൻസർ എന്നിവയ്‌ക്കുള്ള ഒര കാരണമാണ്).
നമ്മുടെ ശരീരത്തിൽ ഇരുമ്പിനെ ആഗിരണം ചെയ്യുന്നതിനും വൈറ്റമിൻ സി സഹായിക്കുന്നു.
നമ്മുടെ ശരീരം വൈറ്റമിൻ സി ഉൽപാദിപ്പിക്കുന്നില്ല എന്നതിനാൽ ഭക്ഷണത്തിലൂടെ കിട്ടിയേ മതിയാവൂ.

വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ:


ചെറുനാരങ്ങ, ഓറഞ്ച്‌, ബെറികൾ, ഉരുളക്കിഴങ്ങ്‌, തക്കാളി,  കാബേജ്‌ , ബ്രോക്കോളി, ചീര, മുളപ്പിച്ച ധാന്യങ്ങൾ.
സ്‌ത്രീകൾക്ക്‌ ദിവസേന 75 മില്ലിഗ്രാമും, പുരുഷൻമാർക്ക്‌ 90 മില്ലിഗ്രാമും ആണ് നിഷ്കർഷിച്ചിട്ടുള്ള അളവ്.

വൈറ്റമിൻ സി യുടെ കുറവുകൊണ്ടുള്ള ദോഷങ്ങൾ:

വിളർച്ച, മോണയിൽനിന്ന്‌ രക്തസ്രാവം, ചതവ്‌, മുറിവ്‌ ഉണങ്ങാൻ താമസം, സ്‌കർവി.

പച്ചക്കറികളും പഴവർഗങ്ങളും കൂടുതലുള്ള ഭക്ഷണരീതി ചിലതരം ക്യാൻസറുകളുടെ    (ബ്രെസ്‌റ്റ്‌, കുടൽ, ശ്വാസകോശം)  സാധ്യത കുറയ്‌ക്കും.  ഇത്‌ ഈ ഭക്ഷണപദാർഥങ്ങളിലെ വൈറ്റമിൻ സി കാരണമാണോ എന്ന്‌ വ്യക്തമല്ല. കാരണം വൈറ്റമിൻ സി സപ്ലിമെന്റുകൾ അത്രയും ഫലപ്രദമായി കാണുന്നില്ല

വൈറ്റമിൻ സി ജലദോഷത്തെ പ്രതിരോധിക്കില്ല. എന്നാൽ വൈറ്റമിൻ സി സപ്ലിമെന്റുകൾ സ്ഥിരമായി എടുക്കുന്നവരിൽ ജലദോഷം അധിക ദിവസം നീണ്ടു നിൽക്കാതിരിക്കുന്നതായും ലക്ഷണങ്ങൾ കഠിനമാകാതെ ഇരിക്കുന്നതായും കാണുന്നുണ്ട്‌.
വൈറ്റമിൻ സി പ്രായാധിക്യംമൂലം കണ്ണിലുണ്ടാകുന്ന മാക്യൂലാർ ഡിജെനറേഷൻ വഷളാകുന്നത്‌ തടയുവാൻ സഹായിക്കുന്നു. ഭക്ഷണത്തിൽ വൈറ്റമിൻ സി കൂടുതലുണ്ടെങ്കിൽ അതു തിമിരത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നതായി ചില പഠനങ്ങൾ പറയുന്നു.


മാനസിക സമ്മർദംമൂലം രോഗപ്രതിരോധശേഷി കുറയുന്നവരിൽ വൈററമിൻ സി വളരെ പ്രയോജനകരമാണ്‌.               
ഓരോ ഭക്ഷണത്തിലും എത്ര വൈറ്റമിൻ സി:    ഒരു കപ്പ് ഓറഞ്ച് ജ്യൂസ്=97മില്ലിഗ്രാം, പാചകംചെയ്ത ബ്രോക്കോളി ഒരു കപ്പ്=74 മില്ലിഗ്രാം, ചുവന്നക്യാബേജ് അരകപ്പ്=40മില്ലിഗ്രാം, പച്ചകുരുമുളക് അരകപ്പ് =60 മില്ലിഗ്രാം, ചുവന്ന കുരുമുളക് അരകപ്പ് 95 മില്ലിഗ്രാം, ഒരു കിവി = 70മില്ലിഗ്രാം, തക്കാളിജ്യൂസ് ഒരു കപ്പ്=95മില്ലി ഗ്രാം. വൈറ്റമിൻ സി.

പാർശ്വഫലങ്ങൾ:

പൊതുവെ വൈറ്റമിൻ സി സുരക്ഷിതമാണ്‌. എന്നാൽ, ഡോസിന്‌ അനുബന്ധമായി ചില പാർശ്വഫലങ്ങൾ കാണാറുണ്ട്‌. ഓക്കാനം, ഛർദി, നെഞ്ചെരിച്ചിൽ,  ഈ സോഫാഗൈറ്റിസ്,  കുടലിലെ തടസം, വയറിളക്കം, ഉറക്കകുറവ്‌, ക്ഷീണം, തലവേദന, തുടങ്ങിയവയാണ്‌ പാർശ്വഫലങ്ങൾ.  ഇപ്പോൾ  ഇതൊക്കെ  പറഞ്ഞത്   എന്താണെന്നല്ലേ?  നാട്ടുകാരോട് അലോപതി മരുന്ന്  വിഷമാണ്  കടലിൽ എറിഞ്ഞോളൂ എന്നു പറയും;   സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൃത്യമായി ചെക്കപ്പും  ചികിൽസയും നടത്തും.   അങ്ങനെയും  ചിലരുണ്ട്.എന്നിട്ട് നാട്ടുകാരോട് പറയും; കോവിഡിന് മരുന്നുവേണ്ട; വിറ്റാമിൻ സി മതിയത്രെ. പാവം വിറ്റാമിൻ സി എന്തു ചെയ്യാൻ? അതിനെ വെറുതെ വിടുക . ഗുണങ്ങൾ ഏറെയുണ്ട്. എന്നാൽ കോവിഡ് ചികിൽസയുമായി കൂട്ടിക്കുഴക്കേണ്ടെന്ന്  മാത്രം.     drsheejasreenivas@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top