19 April Friday

വാക്സിനേഷനെതിരായ പ്രചാരണം ചെറുക്കാൻ ബോധവൽക്കരണത്തിനിടെ സ്വയം കുത്തിവെപ്പെടുത്ത് ഡോക്ടർ

സ്വന്തം ലേഖകൻUpdated: Monday Nov 6, 2017

മലപ്പുറം> മീസിൽസ് റൂബെല്ല ബോധവൽക്കരണത്തിനിടെ ജനങ്ങളുടെ ഭീതി അകറ്റാൻ കുത്തിവെപ്പെടുത്ത് ഡോക്ടറും. മീസിൽസും റൂബെല്ലയും തടയാനുള്ള വാക്സിനേഷൻ യജ്ഞത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലയിലാണ് ബോധവൽക്കരണ ക്യാമ്പിൽ പങ്കെടുക്കാ നെത്തിയ ഡോക്ടറും കുത്തിവെപ്പെടുത്തത്.

കൊണ്ടോട്ടിക്കടുത്ത്‌ പള്ളിക്കൽ പഞ്ചായത്തിലെ  പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പിലാണ് ഡോ. ഷിംന അസീസ് തനിക്കും കുത്തിവെപ്പെടുത്തത്. ഈ പ്രദേശത്ത് പകുതിയിലേറെ കുട്ടികൾ   കുത്തിവെപ്പെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മഞ്ചേരി മെഡിക്കൽ  കോളേജിൽ നിന്ന് ഡോ. ഷിംന ക്‌ളാസെടുക്കാൻ എത്തിയത്.

മീസിൽസ് റൂബെല്ല (എം ആർ )വാക്സിനേഷനെതിരായ പ്രചാരണം ഈ പ്രദേശങ്ങളിൽ വ്യാപകമാണ്. വാക്സിനേഷനെടുത്ത ഒരു കുട്ടിയ്ക്ക്
വാക്‌സിനേഷനുമായി  ബന്ധമില്ലാത്ത ഒരു രോഗാവസ്‌ഥ ഉണ്ടായത് വാക്സിനേഷൻ മൂലമാണെന്ന് ചില മാധ്യമങ്ങളിലൂടെ ശക്തമായി പ്രചരിപ്പിച്ചിരുന്നു.അതുകൊണ്ടുതന്നെ പൊതുവെ രക്ഷിതാക്കൾ കുത്തിവെപ്പിനെപ്പറ്റി  ആശങ്ക പ്രകടിപ്പിച്ചു. വാക്‌സിനേഷന്‌ വേണ്ടി ഉപയോഗിക്കുന്ന  സിറിഞ്ച്‌, ഐസ്‌പാക്ക്‌ തുടങ്ങിയവയൊക്കെ  രക്ഷിതാക്കൾക്ക്‌ മുന്നിൽ ഡോക്ടർ തുറന്ന്‌ കാണിച്ചു. മരുന്നിനെപ്പറ്റിയും വിശദീകരിച്ചു.സ്വന്തംകുട്ടികൾക്ക് വാക്സിൻ എടുത്തതിന്റെ വീഡിയോവും കാട്ടിക്കൊടുത്തു. എന്നിട്ടും ആശങ്ക ഒഴിഞ്ഞില്ല. അതിനിടെ എത്ര വയസ്സുവരെ വാക്സിന്‍ കൊടുക്കാം എന്ന് ചോദ്യം വന്നു.'ഗൾഫ്‌ രാജ്യങ്ങളിൽ മുപ്പത്തഞ്ച്‌ വയസ്സ്‌ വരെ കൊടുക്കുന്നുണ്ട്‌, ഞാനും റുബല്ലക്ക്‌ കുത്തിവെപ്പ്‌ എടുക്കണമെന്ന്‌ കരുതിയിരിക്കുന്നു കുറേ കാലമായിട്ട്‌ ' എന്ന് ഷിംന വിശദീകരിച്ചു. ഉടൻ ഒരാള്‍  ചാടിയെഴുന്നേറ്റ്‌ 'നിങ്ങൾ ആ വർത്താനം പറയരുത്‌, നിങ്ങളത്രക്ക്‌ വാദിക്കുന്ന ഒരു സംഗതി നിങ്ങളെന്തേ ചെയ്യുന്നില്ല?' എന്ന്‌ ചോദിച്ചു.

'ഈ പദ്ധതിപ്രകാരം പതിനഞ്ച്‌ വയസ്സ്‌ വരെയേ കുത്തിവെപ്പ്‌ നൽകാൻ സാധിക്കൂ. എനിക്ക്‌ പ്രായം അതിലേറെയുള്ളത്‌ കൊണ്ട്‌. എന്റെ കുട്ടികൾക്ക്‌ നൽകുന്നത്‌ നിങ്ങൾക്ക്‌ ഞാൻ കാണിച്ച്‌ തന്നല്ലോ' എന്ന മറുപടിയിൽ ചോദ്യം ഉന്നയിച്ചയാള്‍  തൃപ്‌തനായില്ല. അത്‌ വരെ ക്ലാസിലിരുന്ന്‌ വസ്‌തുതകൾ മനസ്സിലാക്കിയവർ പോലും തന്നെ സംശയത്തോടെ നോക്കിത്തുടങ്ങിയതായി ഡോക്ടര്‍ പറഞ്ഞു.

'ഞാനെടുക്കാം.'...

സ്‌ത്രീ രക്ഷിതാക്കൾക്കിടയിൽ ഇരുന്ന്‌ ഡോക്ടറും  എം ആർ  കുത്തിവെപ്പ്‌ എടുക്കുകയായിരുന്നു.

ആരോഗ്യ ബോധവല്‍ക്കരണത്തിനു പ്രയത്നിയ്‌ക്കുന്ന ഡോക്ടര്‍മാരുടെ ഫേസ് ബുക്ക് കൂട്ടായ്മയായ ഇന്‍ഫോക്ലിനിക്കിന്റെ അഡ്‌മിന്‍മാരില്‍ ഒരാള്‍ കൂടിയാണ് ഷിംന.

മലപ്പുറം ജില്ലയില്‍ ഇതുവരെ 42 ശതമാനം കുട്ടികള്‍ക്കാണ് കുത്തിവെപ്പ് എടുത്തത് .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top