26 April Friday

കമ്പിയിേടണ്ട; പല്ല് നേരെയാക്കാം

ഡോ. കീർത്തി പ്രഭUpdated: Sunday Dec 4, 2022


നിരതെറ്റിയ പല്ലുകളെ ഭംഗിയായി ക്രമീകരിക്കണം എന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടാകും. പക്ഷെ അതിനായി കുറേനാൾ പല്ലിൽ കമ്പിയിട്ട് നടക്കണം എന്ന് കേൾക്കുമ്പോൾ അതത്ര സുഖകരമായി തോന്നില്ല. എന്നാൽ കമ്പിയിടാതെ   ഇൻവിസിബിൾ ടീത്ത് അലൈനേഴ്സ് എന്ന നൂതന ദന്തക്രമീകരണ ചികിത്സാരീതി വഴി പല്ലുകൾ ഭംഗിയായി ക്രമീകരിക്കാനാവും.

മറ്റുള്ളവരോട്‌ നിരന്തര ഇടപഴകലുകൾ ആവശ്യം വരുന്ന ജോലികൾ ചെയ്യുന്നവർക്കുമൊക്കെ ദീർഘകാലം കമ്പിയിട്ട് നടക്കുക എന്നത് ആലോചിക്കാൻ കൂടി പറ്റില്ല.  വിദേശത്തോ മറ്റ്‌ നാടുകളിലോ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും നിരന്തര യാത്രകൾ നടത്തുന്നവർക്കും കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.  ഇതിനൊക്കെ ഒരു പരിഹാരമായാണ്‌ ഇൻവിസിബിൾ ടീത്ത് അലൈനേഴ്സ് അഥവാ ക്ലിയർ അലൈനേഴ്സ് വികസിപ്പിച്ചെടുത്തത്. സാധാരണയുള്ള കമ്പിയിടൽ ചികിത്സയ്‌ക്കും ക്ലിയർ അലൈനേഴ്സ് ഉപയോഗിച്ചുള്ള ചികിത്സയ്‌ക്കും അതിന്റേതായ ഗുണങ്ങളും പോരായ്മകളും ഉണ്ട്.

ദന്തക്രമീകരണം


ലോഹങ്ങൾകൊണ്ട് നിർമിച്ച വയറുകളുടെയും പല്ലിനു മുകളിൽ പിടിപ്പിക്കുന്ന ചെറിയ മുത്തുകൾ പോലുള്ള ബ്രാക്കറ്റുകളുടെയും  സഹായത്താൽ നേരിയ ബലം ഉപയോഗിച്ച് പല്ലുകളെ ക്രമീകരിച്ചെടുക്കുന്ന ചികിത്സാ രീതിയാണ്‌   പല്ലിനു കമ്പിയിടൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ക്ലിയർ അലൈനേഴ്സ് എന്നാൽ പ്രത്യേക രീതിയിൽ  പോളിയൂറത്തെയിൻ റെസിൻ പ്ലാസ്റ്റിക് എന്ന പദാർഥം കൊണ്ട് നിർമിച്ച സുതാര്യമായ ഒരു ട്രേയാണ്. വിള്ളലുകളെയും പാടുകളെയും  പ്രതിരോധിക്കാൻ ശേഷിയുള്ള ഒരു പദാർഥം.

ക്ലിയർ അലൈനേഴ്സ് ഉപയോഗിച്ചുള്ള ചികിത്സ തുടങ്ങുന്നതിനു മുമ്പ് പല്ലിന്റെയും അതുമായി ബന്ധപ്പെട്ട എല്ലുകളുടെയും ആരോഗ്യവും ഘടനയും മനസ്സിലാക്കുന്നതിനായി എക്സ്റേ എടുക്കുകയോ സ്കാനിങ് നടത്തുകയോ ചെയ്യും. പിന്നീട് വിവിധ കോണുകളിൽനിന്നുള്ള മുഖത്തിന്റെ ചിത്രവും വായയുടെ അളവും എടുക്കും. ഇവ വിദഗ്‌ധ ഡോക്ടർ പരിശോധിച്ചതിനുശേഷം ദന്ത ക്രമീകരണ നടപടികൾ തുടങ്ങും. എല്ലാത്തരം ദന്ത ക്രമീകരണങ്ങൾക്കും ചിലപ്പോൾ ക്ലിയർ അലൈനേഴ്സ് ഉപയോഗിക്കാൻ സാധിക്കാതെ വരും. ഈ ചികിത്സ നിങ്ങൾക്ക് അനുയോജ്യമാണെങ്കിൽ ലാബിൽനിന്ന്  പ്രാഥമിക പരിശോധനകൾക്ക് ശേഷം ഇൻട്ര ഓറൽ സ്കാനറുകൾ ഉപയോഗിച്ച്  പല്ലിന്റെയും അനുബന്ധ ഘടനകളുടെയും ഡിജിറ്റൽ അളവുകൾ എടുക്കും. പിന്നീട് അത്  ത്രിമാന മാതൃകകളാക്കി  പല്ല് എത്രത്തോളം ക്രമീകരിക്കാനുണ്ട് എന്ന് പഠിച്ച് നിശ്ചിത എണ്ണം ട്രേകൾ ഉണ്ടാക്കിയെടുക്കും.


രോഗിയുടെ പല്ലുകൾ എത്രത്തോളം ക്രമീകരിക്കാൻ ഉണ്ട് എന്നതനുസരിച്ചാണ്  ട്രേകളുടെ എണ്ണം തീരുമാനിക്കുന്നത്. ആ ട്രേകൾ മുഴുവനായും ചികിത്സ തുടങ്ങുന്ന ദിവസം തന്നെ രോഗിക്ക് കൈമാറാനും സാധിക്കും. പിന്നീട് രോഗിക്ക് ഡോക്ടറെ കാണേണ്ടി വരിക ചികിത്സാ കാലയളവ് കഴിഞ്ഞതിനുശേഷം മാത്രമായിരിക്കും. ഓരോ ട്രേയും കുറഞ്ഞത് 12 മുതൽ 20 ദിവസം വരെയാണ് ഉപയോഗിക്കേണ്ടി വരിക. ആദ്യത്തെ ട്രേ ഡോക്ടർ നിർദേശിക്കുന്ന രീതിയിൽ കൃത്യമായി ധരിച്ചാൽ ഏകദേശം 12 മുതൽ 20 ദിവസം ആകുമ്പോൾ അത് അയഞ്ഞു വരാൻ തുടങ്ങും. ഒരു ട്രേയിൽ നിന്നും അടുത്ത ട്രേയിലേക്ക് മാറുമ്പോൾ പല്ലുകൾക്ക് എന്തൊക്കെ ചലനങ്ങൾ ഉണ്ടാകുമെന്നും അവ എങ്ങനെ ക്രമാനുസൃതമായി നീങ്ങി കൃത്യമായി ക്രമീകരിക്കപ്പെടുമെന്നും ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ മുൻകൂട്ടി നിശ്ചയിക്കും. . ഡോക്ടറുടെ സഹായമില്ലാതെ അടുത്ത ട്രേ ധരിക്കാനുമാവും.

 ഗുണങ്ങൾ എന്തെല്ലാം

സാധാരണ പല്ല് കമ്പിയിടൽ ചികിത്സയിൽ പല്ലുതേക്കാനും അവ വൃത്തിയായി സൂക്ഷിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. കൂടാതെ കമ്പിയുടെ കൂർത്ത ഭാഗങ്ങൾകൊണ്ട് വായിൽ അവിടവിടെ മുറിയാനുള്ള സാധ്യതയും ഉണ്ട്. ഈ ചികിത്സാ കാലയളവിൽ ഉപയോഗിക്കാൻ പ്രത്യേകം ബ്രഷുകളൊക്കെ ഡോക്ടർ നിർദേശിക്കുമെങ്കിലും മുത്തുകൾക്കിടയിലും കമ്പിക്കിടയിലും ഒക്കെ കുടുങ്ങിയിരിക്കുന്ന ഭക്ഷണപദാർഥങ്ങൾ നീക്കം ചെയ്യാൻ കുറച്ച് അധിക സമയം വേണ്ടിയും വരും.  സമയക്കുറവ് മൂലം ചിലപ്പോൾ പലരും അതിന് മടി കാണിക്കും. അങ്ങനെ വരുമ്പോൾ പല്ലുകൾ കേടാകാനും മോണരോഗം ഉണ്ടാകാനും സാധ്യത കൂടുതലാണ്.  കമ്പി ഇടുന്നതിനു മുമ്പായാലും ക്ലിയർ അലൈനേഴ്സ് ചെയ്യുന്നതിന് മുമ്പായാലും  പല്ലുകളിലെ കേടുകളെല്ലാം അടയ്‌ക്കുകയും  ക്ലീനിങ് നടത്തുകയും ചെയ്യും. കേടുണ്ടാകാൻ സാധ്യതയുള്ള പ്രകൃതമുള്ളതും മുൻപേ തന്നെ മോണരോഗമുള്ളതുമായ ഒരാളുടെ വായിൽ സാധാരണ രീതിയിൽ പല്ലിൽ കമ്പി ഇടുന്നത് വളരെ ശ്രമകരമായ  കാര്യമാണ്. അവിടെയാണ് ക്ലിയർ അലൈനേഴ്സിന്റെ വരവ്  ആശ്വാസമാകുന്നത്. ട്രേ അഴിച്ചെടുത്ത് സൗകര്യപ്രദമായി പല്ലു തേക്കാനും  മോണയും പല്ലും  വളരെ വൃത്തിയായി സൂക്ഷിക്കാനും സാധിക്കും.  സാധാരണ പല്ലിൽ കമ്പിയിടുമ്പോൾ ഉണ്ടാകുന്ന വേദനയും പ്രശ്നങ്ങളും ക്ലിയർ അലൈനേഴ്‌സ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നില്ല എന്നതിനാൽ ധരിക്കാൻ വളരെ സുഖപ്രദവും ആണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top