19 April Friday

നീരിറക്കം കുഴപ്പമാകുന്നതെപ്പോള്‍ ...ഡോ.ഷിംന അസീസ്‌ എഴുതുന്നു

ഡോ.ഷിംന അസീസ്‌Updated: Tuesday Mar 27, 2018

ഷിംന അസീസ്‌

ഷിംന അസീസ്‌

'നീരിറക്കം' എന്ന പ്രതിഭാസം ദിനേനയെന്നോണം ഡോക്ടർമാർ ഓപിയിൽ കേൾക്കുന്നതാണ്‌. ഇന്നുവരെ അതിന്റെ മെഡിക്കൽ അർത്‌ഥം ആർക്കുമറിയില്ല...ഡോ.ഷിംന അസീസ്‌ എഴുതുന്നു.

കാലിലെ നീര്‌ കണ്ടാലുടൻ കിഡ്‌നി പോയെന്ന്‌ കരുതി ഭയന്നിരിക്കുന്നവർക്കും ഭയപ്പെടുത്തുന്നോർക്കും സ്വാഗതം. അത്‌ മാത്രമല്ല നീരിന്‌ പിന്നിലെ രഹസ്യം. കാലിലെ നീര്‌ എന്തൊക്കെയാകാം എന്നുള്ളതിലേക്കൊരു വെളിച്ചം വീശലാണ്‌ ഇവിടെ

'നീരിറക്കം' എന്ന പ്രതിഭാസം ദിനേനയെന്നോണം ഡോക്ടർമാർ ഓപിയിൽ കേൾക്കുന്നതാണ്‌. ഇന്നുവരെ അതിന്റെ മെഡിക്കൽ അർത്‌ഥം ആർക്കുമറിയില്ല. രോഗിയുടെ പല്ലിലും തലക്കും കഴുത്തിലും തോളിലും ഇടുപ്പിലും എന്ന്‌ വേണ്ട ഏത്‌ സ്‌പെയർപാർട്ട്‌സിലും ഈ 'നീര്‌' ഇറങ്ങിക്കളയും! വേദനകൾക്ക്‌ അത്തരത്തിൽ മൊത്തത്തിൽ പറയുന്ന ആ സമൂഹനാമം അല്ല, യഥാർത്ഥത്തിൽ കാലിൽ വീക്ഷിക്കാൻ കഴിയുന്ന വീക്കവും തടിപ്പുമാണ്‌ ഇവിടെ വിശദീകരിക്കുന്നത്‌.

ഒരു കാലിൽ മാത്രമായി ഒതുങ്ങുന്ന നീര്‌ ആ കാലിന്‌ സംഭവിച്ച എന്തെങ്കിലും വീഴ്‌ചയോ അപകടമോ കാരണമാകാം. പാമ്പോ പ്രാണിയോ ടേസ്‌റ്റ്‌ നോക്കിയതിന്റെയാകാം, കഴലയിൽ മന്തുണ്ടാക്കുന്ന പരാദങ്ങൾ നുഴഞ്ഞ്‌ കയറിക്കൂടി ലിംഫ്‌ സ്രവം ബ്ലോക്ക്‌ ചെയ്യുന്നത്‌ കൊണ്ടാകാം, ചില ട്യൂമറുകൾ കാരണമാകാം, കാലിലെ സിരകളിൽ രക്‌തം കട്ട പിടിച്ച്‌ രക്‌തചംക്രമണം ബ്ലോക്ക്‌ ആകുന്നത്‌ കൊണ്ടുമാകാം.

രണ്ട്‌ കാലുകളിലും ഒന്നിച്ച്‌ വരുന്ന നീരിന്റെ കാരണങ്ങൾ കുറച്ച്‌ കൂടി ഗൗരവമാർന്നതാണ്‌. കൂടുതൽ സമയം നിൽക്കുന്നത്‌ കാരണമായും ഗർഭിണിക്ക്‌ വരുന്നതുമെല്ലാം തികച്ചും സ്വാഭാവികമാണ്‌. വൃക്കരോഗികളിൽ ശരീരത്തിലെ പ്രോട്ടീനുകൾ മൂത്രത്തിലൂടെ നഷ്‌ടപ്പെടുമ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്‌. കരൾ രോഗികളിൽ പ്രൊട്ടീൻ നിർമ്മാണം സ്വാഭാവികമായി നടക്കുന്നതിൽ വരുന്ന അപാകത മൂലം ഇതുണ്ടാകാം. ഹൃദയം പണിമുടക്കിയാലും രണ്ട്‌ കാലിൽ നീര്‌ വരാം. തൈറോയ്‌ഡ്‌ ഹോർമോണിന്റെ കുറവ്‌, ശക്‌തമായ വിളർച്ച, വെരിക്കോസ്‌ വെയിൻ, കടുത്ത പോഷകാഹാരക്കുറവ്‌ എന്നിവയും നീരുണ്ടാക്കാം. ഡോക്‌ടറുടെ മേൽനോട്ടത്തിൽ അല്ലാതെ ചില മരുന്നുകളുടെ തുടർച്ചയായ ഉപയോഗം കാലിൽ നീരുണ്ടാക്കാം. ഇനി പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ലാതെയും നീരുണ്ടാകാം.

കാലിലെ നീരിന്റെ ചികിത്സ അതിന്റെ കാരണം കണ്ടെത്തി അത്‌ ചികിത്സിക്കുക എന്നതാണ്‌. എങ്കിലും നീരുള്ള കാല്‌ തൂക്കിയിടാതെ ഉയർത്തി വെക്കുന്നത്‌ പൊതുവിൽ ഗുണകരമാണ്‌. ഓപ്പറേഷൻ കഴിഞ്ഞ്‌ അനങ്ങാതെ കിടക്കുന്നവരിൽ കാലിലെ സിരയിൽ രക്‌തം കട്ട പിടിക്കുന്നത്‌ വളരെ സാരമായ അവസ്‌ഥ സംജാതമാക്കാം. സർജറി കഴിഞ്ഞ്‌ കഴിയുന്നത്ര വേഗം നടക്കാൻ തുടങ്ങാൻ ഉപദേശം നൽകുന്നതിന്‌ കാരണം ഉഢഠ എന്ന ഈ അവസ്‌ഥ തടയാനാണ്‌.

വൃക്ക, കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങളിലെ രോഗങ്ങൾ പോലും കാലിലെ നീരിന്‌ കാരണമായേക്കാം എന്നതിനാൽ, നീരിനെ ഭയപ്പെട്ടില്ലെങ്കിൽ കൂടിയും ഒന്ന്‌ ഗൗനിക്കുന്നത്‌ നല്ലതാണ്. കാരണം, ചില അവസരങ്ങളിൽ കാലിലെ നീര്‌ 'എമർജൻസി'യാണ്‌. ഉദാഹരണത്തിന്, ഹൃദയത്തിന്റെ വലതുഭാഗം പ്രവർത്തനരഹിതമാകുന്നതിന്റെ ഫലമായി കാലിൽ നീരുണ്ടാകുമ്പോൾ നീരിനുള്ള ഗുളിക മെഡിക്കൽ ഷോപ്പിൽ നിന്ന്‌ ചോദിച്ച്‌ വാങ്ങി രോഗിക്ക്‌ നൽകി വീട്ടിൽ കിടത്തിയാൽ മരണം ചോദിച്ച്‌ വാങ്ങുന്നതിന്‌ തുല്യമായിരിക്കും. ചെയ്യേണ്ടത്‌, ഉടനടി ആശുപത്രിയിലെത്തിച്ച്‌ ഹൃദയത്തെ വീണ്ടും പ്രവർത്തനസജ്ജമാക്കാനുള്ള അടിയന്തര ചികിത്സ നൽകുക എന്നതാണ്‌.

ഇത്രയേറെ കാരണങ്ങൾ ഉള്ളതിനാൽ തന്നെ, കാലിൽ കാണുന്ന നീര്‌ മിക്കവാറും നിരുപദ്രവകാരിയായിരിക്കും. എന്നാലും, കുഴപ്പക്കാരനല്ലെന്ന്‌ ഉറപ്പ്‌ വരുത്തിയാൽ മനസ്സമാധാനത്തോടെ ഇരിക്കാം. അപ്പോൾ, ഇനി മുതൽ നീര്‌ കണ്ട്‌ സംശ്യം വല്ലോമുണ്ടേൽ ഇങ്ങ്‌ പോരാൻ മടിക്കേണ്ട. ഭയപ്പെടുകയും വേണ്ട.

ഓർമ്മയുണ്ടല്ലോ, നീരിനല്ല ചികിത്സ, കാരണത്തിനാണ്‌.

വാൽക്കഷ്‌ണം : രക്‌തം പോലെ ശരീരത്തിലൂടെ അങ്ങോളമിങ്ങോളം പല ധർമ്മങ്ങളുമായി ഒഴുകി നടക്കുന്ന ഒരു സ്രവമാണ്‌ ലിംഫ്‌. ഈ ലിംഫിന്‌ പ്രതിരോധവ്യവസ്‌ഥയിൽ വലിയ പങ്കുണ്ട്‌. കക്ഷത്തിൽ ഇടക്കുണ്ടാകുന്ന കഴലയും കാലിടയിൽ പൊങ്ങുന്ന 'മുഴ'യും കഴുത്തിലും തൊണ്ടയിലും പ്രത്യക്ഷപ്പെടുന്ന മുഴകളുമെല്ലാം പൊതുവേ ലിംഫ്‌ നോഡുകളാണ്‌. ശരീരത്തിനകത്തും പുറത്തുമുള്ള ഓരോ പ്രവിശ്യകൾക്കും സംരക്ഷണം നൽകാൻ പ്രത്യേകം ലിംഫ്‌ നോഡ്‌ ഗ്രൂപ്പുകളുണ്ട്‌. അണുക്കളെ പിടികൂടി ഈ നോഡുകൾ വഴി ലിംഫിലേക്ക്‌ തട്ടുന്ന വഴികളും മാർഗവുമുണ്ട്‌. ഏറെ രസകരവും സങ്കീർണവുമാണ്‌ നമ്മുടെ പ്രതിരോധവ്യവസ്‌ഥ. അക്കൂട്ടത്തിൽ കാരണവൻമാരായി നേതൃത്വം നൽകാൻ തൈമസ്‌, ടോൺസിൽ, പോലുള്ള ലിംഫ്‌ നോഡ്‌ കോശങ്ങളാൽ സമൃദ്ധമായ അവയവങ്ങളുണ്ട്‌. കാലിൽ ഒന്ന്‌ മുള്ള്‌ കൊണ്ട്‌ പോറലേറ്റാൽ പോലും കാലിനിടയിൽ കഴല പൊങ്ങുന്നത്‌ കണ്ടിട്ടില്ലേ? കാരണം ഈ ലിംഫോട്ടമാണ്‌... വിസ്‌മയിപ്പിക്കുന്ന പ്രതിരോധം!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top