24 January Monday

സാംക്രമികേതര രോഗങ്ങള്‍ നേരിടാന്‍ കേരളം കൂടുതല്‍ ഒരുങ്ങണം

ആനന്ദ് ശിവശങ്കര്‍Updated: Monday Oct 17, 2016


കേരളത്തിന്റെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ചും പരിഹാരങ്ങളെക്കുറിച്ചും ആനന്ദ് ശിവശങ്കര്‍ എഴുതുന്നു. (സംസ്ഥാന ആരോഗ്യനയം രൂപപ്പെടുത്താനുള്ള സമിതിയ്ക്ക് ജനീവയില്‍ ലോകാരോഗ്യ സംഘടനയില്‍ ഇവാലുവേഷന്‍ ഓഫീസര്‍ കൂടിയായ ആനന്ദ് നല്‍കിയ കുറിപ്പിന്റെ ചുരുക്കം)

എല്ലാവര്‍ക്കും ലഭ്യമാവുന്നതും (universality) സമതയില്‍  (equity) ഊന്നിയതും ഗുണനിലവാരം (quality) ഉള്ളതും ആയിട്ടുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നത്തിനു വേണ്ടി  ആയിരിക്കണം ഏതൊരു ആരോഗ്യ നയവും രൂപീകരിക്കേണ്ടത്. ശാസ്ത്രീയമായ തെളിവുകളുടെ വെളിച്ചത്തില്‍ രൂപീകരിക്കുന്ന ആരോഗ്യ നയം ആരോഗ്യ അസമത്വങ്ങള്‍ (health inequity) കുറയ്ക്കുന്നതിന് ഊന്നല്‍ നല്‍കണം. ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തി വേണം ആരോഗ്യ നയം രൂപീകരിക്കേണ്ടതും നടപ്പിലാക്കേണ്ടതും. സമീപ ഭാവിയിലേക്കുള്ളതും (short term) ഇടക്കാലത്തേയ്ക്കുള്ളതും (mid term) ദീര്‍ഘകാലത്തേയ്ക്കുള്ളതും (long term) ആയ കൃത്യമായ ലക്ഷ്യങ്ങളും (goals, objectives) അവ  വിജയം കൈവരിച്ചോ എന്നറിയാനുള്ള സൂചകങ്ങളും (indicators) ആരോഗ്യ നയത്തിന് വേണം

കഴിഞ്ഞ ദശാബ്ദങ്ങളില്‍ ജീവിതശൈലിയില്‍ വന്ന മാറ്റംമുലം സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളല്ലാത്ത രോഗ (non communicable disease-എന്‍സിഡി)ങ്ങളുടെ വ്യാപനം അപകടകരമാംവിധം വര്‍ധിച്ചിട്ടുണ്ട്. കൂടുതല്‍ മരണങ്ങള്‍ സംസ്ഥാനത്തുണ്ടാകുന്നതും ഈ രോഗങ്ങള്‍ മൂലമാണ്. ഉദാഹരണത്തിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ കേരളത്തിലാണ്. ആശുപത്രികള്‍ വഴി ലഭ്യമാകുന്ന മരണക്കണക്കുകള്‍ പരിശോധിച്ചാലും എന്‍സിഡി മൂലമാണ് സംസ്ഥാനത്ത് കൂടുതല്‍ മരണങ്ങളെന്ന് വ്യക്തമാകും.

എന്‍സിഡികളുടെ ആഘാതം നീണ്ടുനില്‍ക്കുന്നതാണ്. കുടുംബത്തിനും സമൂഹത്തിനും സംസ്ഥാനത്തിനും ഇവയേല്‍പ്പിക്കുന്ന സാമ്പത്തികാഘാതം വലുതാണ്. ദീര്‍ഘകാലത്തേക്ക് വേണ്ടിവരുന്ന ചെലവേറിയ ചികിത്സ ഇതിനൊരു കാരണമാണ്. പണച്ചെലവ് വരുത്തുന്നതു കൂടാതെ വരുമാനനഷ്ടം വഴിയും ഉല്‍പാദനകുറവ് മൂലവും ഉണ്ടാകുന്ന ആഘാതം വേറെ.

                                           വേണ്ട നടപടികള്‍

ബജറ്റ് വിഹിതം കൂട്ടണം
എന്‍സിഡികള്‍ തടയാനും നിയന്ത്രിക്കാനും ചികിത്സിക്കാനും ബജറ്റ് വിഹിതത്തില്‍ ആനുപാതികമായ വര്‍ധനവുണ്ടാകണം.

എന്‍സിഡികളുടെ ആഘാതം നീണ്ടുനില്‍ക്കുന്നതും സാവധാനവും ആയതിനാല്‍ പലപ്പോഴും രാഷ്ട്രീയ ശ്രദ്ധ കിട്ടാറില്ല. സംസ്ഥാനതലത്തില്‍ ഒരു കര്‍മ്മ പദ്ധതിയുണ്ടാക്കി എന്‍സിഡികള്‍ ഫലപ്രദമായി തടയാനും നിയന്ത്രിക്കാനും ചികിത്സയ്ക്കാനും ശ്രമം വേണം.

നടപടികള്‍ ഫലപ്രദമാക്കാന്‍ ബന്ധപ്പെട്ട എല്ലാ മേഖലകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുകയും വേണം.

ഏകോപനം വേണം

വിവിധ വകുപ്പുകള്‍ തമ്മിലും മന്ത്രാലയങ്ങള്‍ തമ്മിലും ഇക്കാര്യത്തില്‍ ഏകോപന സംവിധാനങ്ങള്‍ രൂപപ്പെടുത്തണം. എന്‍സിഡികളില്‍ തന്നെ ഏതൊക്കെ രോഗങ്ങള്‍ക്കാണ് വിവിധ വകുപ്പുകളുടെ ഏകോപനം വേണ്ടതെന്ന് കണ്ടെത്തി അവയെ നേരിടാന്‍ സംവിധാനം ഉണ്ടാകണം. ഇപ്പോള്‍തന്നെയുള്ള ഏകോപന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം.

ഉദാഹരണത്തിന് റോഡപകടങ്ങളുടെ കാര്യമെടുക്കാം. മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും വലിയൊരളവുവരെ ഇടയാക്കുന്നതാണ് അപകടങ്ങള്‍. സാമ്പത്തികമായും ഉല്‍പാദന നഷ്ടം എന്ന നിലയിലും വലിയ നഷ്ടം അപകടം മൂലം ഉണ്ടാകുന്നു. ഗതാഗതം, പൊലീസ്, ആരോഗ്യം പ്രാദേശിക സര്‍ക്കാരുകള്‍ എന്നിവ ഉള്‍പ്പെട്ട ഏകോപന സംവിധാനത്തിലൂടെ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അപകടങ്ങള്‍ നിരീക്ഷിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം.

ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തണം

പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവ കൂടുതലായും ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളാണ്. അതുകൊണ്ട് ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തിയെടുക്കാന്‍ സ്കൂള്‍തലം മുതല്‍ ശ്രമം വേണം.

കായികാധ്വാനം കൂട്ടണം. സംസ്ക്കരിച്ച ഭക്ഷണത്തിലെ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയുടെ അളവ് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നിയന്ത്രിക്കുകയും ക്രമീകരിക്കുകയും വേണം. കായിക പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ ഇതിന് സൌകര്യമുള്ള മെച്ചപ്പെട്ട പൊതുഇടങ്ങള്‍ ലഭ്യമാക്കണം. ഇക്കാര്യത്തില്‍ സാമൂഹ്യ കൂട്ടായ്മകളുമായി പ്രത്യേകിച്ച് സ്ത്രീ കൂട്ടായ്മകളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനത്തെപ്പറ്റി ആലോചിക്കണം.


സൈക്കിളില്‍ ജോലിക്ക് പോകുക എന്നത് സംസ്ഥാനത്ത് ഒരു പേടിസ്വപ്നമാണ്. അതുപോലെ തന്നെ റോഡില്‍ കൂടി നടന്നു പോകുന്നവരും വളരെയധികം റോഡപകടങ്ങളില്‍ പെടുന്നു. റോഡുകളുടെ വീതി കുറവ്, വാഹനങ്ങളുടെ എണ്ണം, നടപ്പാതയോ സൈക്കിള്‍ പോകാനുള്ള പാതയോ പ്രത്യേകമായി ഇല്ലാത്തത്  എന്നിവ വാഹനങ്ങള്‍ ഇല്ലാത്ത സാധാരണക്കാരെയാണ് കൂടുതല്‍ ബാധിക്കുന്നത്. ഇക്കാര്യത്തില്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം പ്രധാന ഘടകമാണ്. ഗതാഗതം, പൊതുമരാമത്ത് പൊലീസ് വകുപ്പുകള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച് അപകടങ്ങള്‍ കുറയ്ക്കാനും  ശ്രദ്ധിക്കണം.  നഗരങ്ങളിലെ റോഡുകളുടെ വശങ്ങളിലുള്ള നടപ്പാതകള്‍ ഉപയോഗ്യ യോഗ്യമാക്കണം


മറ്റ് വാഹനങ്ങളുടെ എണ്ണം, റോഡുകളുടെ വീതികുറവ്, കൂടുന്ന അപകടങ്ങള്‍ എന്നിവ സൈക്കിള്‍ ഉപയോഗം അസാധ്യമാക്കുന്നു. ഇക്കാര്യത്തില്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം പ്രധാന ഘടകമാണ്. ഗതാഗതം, പൊതുമരാമത്ത് പൊലീസ് വകുപ്പുകള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ച് അപകടങ്ങള്‍ കുറച്ച് സൈക്കിളിങ്ങ് സാധ്യമാക്കണം.

മദ്യഉപഭോഗം കൂടിവരുന്നത് സംസ്ഥാനം നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്. എന്‍സിഡികള്‍ മൂലമുള്ള മരണം കൂട്ടാനും അതിടയാക്കുന്നു. മദ്യം സംസ്ഥാനത്തിന് വരുമാനം നേടിത്തരുന്നു എന്നത് ശരിയാണ്. പക്ഷേ ഉല്‍പാദന നഷ്ടത്തിലൂടെയും ആരോഗ്യരക്ഷാ ചെലവുകളിലൂടെയും വ്യക്തിഗത – കുടുംബ ആരോഗ്യത്തിലുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയും (മാനസികാരോഗ്യ പ്രശ്നങ്ങള്‍, ആത്മഹത്യ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമം, കുട്ടികളുടെ സ്കൂളില്‍നിന്ന് കൊഴിഞ്ഞുപോക്കിനിടയാകുന്ന സ്ഥിതി) ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എത്രത്തോളം ബാധിക്കുന്നു എന്നത് മറന്നുകൂട. ഇക്കാര്യങ്ങള്‍ നേരിടുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ മുഖ്യപരിഗണനാ വിഷയമാകുന്നു.

മാനസികാരോഗ്യപ്രശ്നങ്ങള്‍: സമഗ്രമായ ഇടപെടല്‍ വേണം

മാനസികാരോഗ്യം പലപ്പോഴും അവഗണിക്കപ്പെടുന്ന മേഖലയാണ്. മാനസികാരോഗ്യപ്രശ്നങ്ങള്‍ തടയാനും ചികിത്സിക്കാനും സാമൂഹ്യ ഇടപെടലും വിദ്യാലയത്തിലും തൊഴിലിടത്തിലുമുള്ള ഇടപെടലും ആവശ്യമാണ്. കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളെയും ആശുപത്രികളുടെയും നില അത്ര ആശാവഹമല്ല.  പ്രാദേശിക സര്‍ക്കാരുകളെയും സാമൂഹ്യ കൂട്ടായ്മകളെയും പൊതുസമൂഹത്തെയും ഇക്കാര്യത്തില്‍ കൂടുതലായും സഹകരിപ്പിക്കണം.

പ്രായമായവരുടെ പ്രശ്നങ്ങള്‍: ശ്രദ്ധ വേണം

മെച്ചപ്പെട്ട ജീവിതരീതിയും ആരോഗ്യരക്ഷാ സംവിധാനവും മൂലം കേരളത്തില്‍ വൃദ്ധജനസംഖ്യ ഏറുകയാണ്. ജനസംഖ്യയുടെ 12 ശതമാനം 60 വയസില്‍ ഏറെയുള്ളവരാണ്. ഇവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.

പാലിയേറ്റീവ് കെയര്‍ മെച്ചമാകണം

എന്‍ഡിസികള്‍ കൂടുന്നതനുസരിച്ച് പാലിയേറ്റീവ് കെയര്‍ സംവിധാനവും മെച്ചമാക്കേണ്ടിവരും.

തിരികെയെത്തുന്ന പകര്‍ച്ചവ്യാധികള്‍ തടയണം

പതിറ്റാണ്ടുകളായി സാംക്രമിക രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. എന്നാല്‍ പ്രതിരോധ കുത്തിവെപ്പിലൂടെ തടയാന്‍ കഴിയുന്ന ഡിഫ്ത്തീരിയപോലുള്ള രോഗങ്ങള്‍ തിരിച്ചുവരുന്നതിലും കൊതുകു പരത്തുന്ന മലേറിയപോലുള്ള രോഗങ്ങളും പലയിടത്തും വ്യാപിക്കുന്നതായും കാണാം. ചില ജില്ലകളിലും എത്തിപ്പെടാന്‍ പ്രയാസമുള്ള ചില പ്രദേശങ്ങളിലും പ്രതിരോധ കുത്തിവെപ്പെടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ കുത്തനെയുണ്ടായ ഇടിവ് അത്യന്തം ഗൌരവതരമാണ്. ഇത് നേരിടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ മേഖലകളിലെല്ലാം ബോധവല്‍ക്കരണം ശക്തമാക്കണം. താഴേതട്ടില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും മറ്റും സഹായം തേടി ഇത് നടപ്പാക്കണം.

കൊതുകുപരത്തുന്ന രോഗങ്ങള്‍ തടയാന്‍ ജലവിഭവവകുപ്പ്, ശുചിത്വവിഭാഗം, ആരോഗ്യവകുപ്പ്, പ്രാദേശിക സര്‍ക്കാരുകള്‍, പൊതുസമൂഹമ എന്നിവയുടെ ഏകോപിതമായ പ്രവര്‍ത്തനം ശക്തമാക്കണം.

മാലിന്യനിര്‍മാര്‍ജനം: കൂടുതല്‍ ആസൂത്രണം വേണം


മാലിന്യനിര്‍മാര്‍ജനം കേരളത്തിലാകെയും നഗരമേഖലയിലും പരിതാപകരമായ അവസ്ഥയിലാണ്. ഖരമാലിന്യമോ ദ്രവമാലിന്യമോ ഇല്ലാതാക്കാന്‍ ആവശ്യമായ സൌകര്യങ്ങളില്ല. അതുകൊണ്ട് അവ കൊതുജന്യരോഗങ്ങള്‍ അടക്കമുള്ള സാംക്രമിക  രോഗങ്ങളുടെ ശേഖരണിയായി മാറുന്നു. സെപ്ടിക് ടാങ്ക് അടക്കമുള്ളവയില്‍നിന്നും ഖരമാലിന്യങ്ങളുടെയടക്കം നിര്‍മാര്‍ജനത്തിന് കൃത്യമായ ആസൂത്രണം അടിയന്തിരമായി വേണം. തുടക്കത്തില്‍ പൈലറ്റ് പദ്ധതി എന്ന നിലയില്‍ നാലോ അഞ്ചോ ചെറിയ പട്ടണങ്ങളില്‍ നടപ്പാക്കണം. ഈ അനുഭവം ഉള്‍ക്കൊണ്ട് 2019ഓടെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കണം.

വിലയിരുത്തല്‍ ശക്തമാക്കണം

നിലവിലുള്ള സംവിധാനങ്ങളുടെ വിലയിരുത്തല്‍ ശക്തമാക്കേണ്ടതുണ്ട്. വിലയിരുത്തലിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ തടുര്‍ നടപടികള്‍ക്ക് ഗുണം ചെയ്യും. സര്‍ക്കാരിന് വിലയിരുത്തല്‍ ഫലങ്ങള്‍ ഭാവി പ്രവര്‍ത്തനത്തിന് ഉപകരണമാക്കാം. ആരോഗ്യപദ്ധതികള്‍ മൊത്തത്തില്‍ വിലയിരുത്തിയാല്‍ മാത്രംപോര, മുന്‍ഗണനാപദ്ധതികള്‍ പ്രത്യേകം വിലയിരുത്തണം. ആരോഗ്യനയത്തിന്റെയും തന്ത്രങ്ങളുടെയും നടത്തിപ്പും വിലയിരുത്തപ്പെടണം. ഇതിനായി അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ ഉപയോഗിക്കണം. പ്രസക്തി, ഫലപ്രാപ്തി, കാര്യക്ഷമത, ഉപയോഗം, ആഘാതം, സുസ്ഥിരത തുടങ്ങിയവയൊക്കെയാണ് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള മാനദണ്ഡം. വിലയിരുത്തല്‍ നടത്തുന്നത് സുതാര്യമായിട്ടാകണം. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വിദഗ്ധരേയോ ഐഎംജിപോലെ മികച്ച സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തിയും ബന്ധപ്പെട്ടവരെയൊക്കെ ഉള്‍പ്പെടുത്തിയും വേണം വിലയിരുത്തല്‍ നടത്താന്‍. വിലയിരുത്തല്‍ ഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണം വ്യാപകമായി ചര്‍ച്ചചെയ്യപ്പെടണം. സര്‍ക്കാര്‍ തന്നെ ഒരുവര്‍ഷം നാലോ അഞ്ചോ വിലയിരുത്തലുകള്‍ക്ക് മുന്‍ഗണന നല്‍കണം.

ഒരുകാലത്ത് കേരളത്തിന്റെ സര്‍ക്കാര്‍ വക ആരോഗ്യസ്ഥാപനങ്ങളാണ് രോഗപ്രതിരോധത്തിലും വിവിധ ആരോഗ്യസംവിധാനങ്ങളിലും നേതൃത്വം നല്‍കിയിരുന്നത്. അറുപതുകള്‍ മുതല്‍ എണ്‍പതുകള്‍ വരെ ഇതായിരുന്നു സ്ഥിതി. ഇന്ന് ആരോഗ്യരക്ഷാരംഗത്ത് സ്വകാര്യമേഖലയ്ക്കാണ് മുഖ്യപങ്ക്. സ്വകാര്യമേഖലയെ ഇത്തരത്തില്‍ വര്‍ധിച്ച തോതില്‍ ആശ്രയിക്കുന്നത് ആശങ്കാജനകമാണ്. അത് ചെലവ് വര്‍ധിക്കാനും ഇടയാക്കുന്നു. ആരോഗ്യമേഖലയില്‍ പ്രത്യേകിച്ച് സ്വകാര്യമേഖലയില്‍ സേവനം ഗുണമേന്മയുള്ളതാക്കാനും ചെലവ് കുറയ്ക്കാനും നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ശക്തിപ്പെടുത്തുകയും വേണം.

വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള ചില പ്രദേശങ്ങളില്‍ മാതൃശിശുസംരക്ഷണം സവിശേഷ ശ്രദ്ധ ആവശ്യമുള്ള കാര്യമാണ്. അത്തരം മേഖലകളില്‍ പ്രത്യേക മാതൃശിശു സംരക്ഷണ പദ്ധതികള്‍ തന്നെ ഉറപ്പാക്കണം.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിഗണന വേണം

ഒറീസ, പശ്ചിമബംഗാള്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ  എണ്ണം ഏറിവരികയാണ്. അവരുടെ ജീവിത– തൊഴില്‍ സാഹചര്യവും ആരോഗ്യരക്ഷയും സവിശേഷ ശ്രദ്ധ വേണ്ട കാര്യമാണ്.

ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള പ്രദേശങ്ങളിലെങ്കിലും അവര്‍ക്ക് കൂടി ഉതകുന്ന വിധത്തില്‍ ആരോഗ്യരക്ഷാ സംവിധാനം ക്രമീകരിക്കണം. അവരുടെ മാതൃ സംസ്ഥാനത്തെ സര്‍ക്കാരുകളുമായി ചേര്‍ന്ന് അവരുടെ ആരോഗ്യപ്രശ്നങ്ങള്‍ നേരിടാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മാതൃ– ശിശുസംരക്ഷണ വിഷയത്തിലും ഇത്തരത്തില്‍ ഏകോപനത്തോടെയുള്ള സമീപനം വേണം.

(നിര്‍ദേശങ്ങള്‍ വ്യക്തിപരം)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top