19 April Friday

പ്ളേറ്റ്‌ലറ്റ്സ് കുറയുന്ന രോഗത്തിന് നൂതന ചികിത്സ കിംസില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 31, 2016

തിരുവനന്തപുരം > രക്തത്തിലെ പ്ളേറ്റ്‌ലറ്റ്സ് കുറയുന്ന (ഇഡിയോപതിക് ത്രോംബോസൈറ്റോപീനിയ (ഐടിപി)) രോഗത്തിനുള്ള നൂതന ചികിത്സ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വിജയകരമായി നടത്തി. മാര്‍ത്താണ്ഡം സ്വദേശിയായ 28 വയസുള്ള രോഗിക്ക് പ്ളീഹാധമനിയുടെ ഭാഗീക എംബൊളൈസേഷന്‍ (Splenic Artery Embloization)) എന്ന ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി ചികിത്സയാണ് നടത്തിയത്.

മരുന്ന് ചികിത്സ ഫലപ്രദമല്ലാതെയായിരുന്ന ഈ രോഗി പുതിയ ചികിത്സയെതുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തു വരുന്നു. അനിയന്ത്രിതമായ പ്ളീഹ (സ്പ്ളീന്‍)യുടെ പ്രവര്‍ത്തനത്താല്‍ രക്തത്തിലെ പ്ളേറ്റ്‌ലെ‌റ്റുകള്‍ എന്ന കോശങ്ങള്‍ ക്രമാതീതമായി നശിക്കപ്പെടുന്നു ഇതു കാരണം പ്ളേറ്റ്‌ലറ്റിന്റെ അളവ് (കൌണ്ട്) വളരെ കുറഞ്ഞ് ആന്തരിക രക്തസ്രാവങ്ങള്‍ ഉണ്ടാകാം. ആദ്യഘട്ടത്തില്‍ മരുന്നുകള്‍കൊണ്ട് കുറെയൊക്കെ നിയന്ത്രിക്കാമെങ്കിലും പിന്നീട് ചികിത്സ ദുഷ്കരമാകുന്നു.

ശസ്ത്രക്രിയയിലൂടെ പ്ളീഹ നീക്കം ചെയ്യുന്നത്, ഒരു ചികിത്സാരീതിയാണ്. എന്നാല്‍ അമിത രക്തസ്രാവസ്വഭാവമുള്ള ഈ രോഗികളില്‍ ഈ ചികിത്സ അപകടകരമായേക്കാം. പ്ളീഹ പൂര്‍ണ്ണമായി മാറ്റുന്നത് മൂലം വ്യക്തിയുടെ രോഗ പ്രതിരോധശക്തിയെ കുറയ്ക്കുകയും ചെയ്യാം. ഇതിനാലാണ് ധമനിയുടെ ഭാഗികമായ എംബോളൈസേഷന്‍ എന്ന ചികിത്സയിലൂടെ പ്ളീഹയുടെ 60–70% പ്രവര്‍ത്തനരഹിതമാക്കുന്ന രീതി സ്വീകരിക്കുന്നത്. കാലിലെ രക്തധമനിയിലെ ചെറു സുഷിരത്തിലുടെ വളരെ ചെറിയ ഒരു ട്യൂബ് (കത്തീറ്റര്‍) കടത്തി പ്ളീഹധമനിയിലെത്തിച്ചാണ് ഈ ചികിത്സ നടത്തിയത്. കാലിലെ രക്തധമനിയുടെ ഭാഗത്ത് ചര്‍മ്മം മരവിപ്പിച്ച് ചെയ്യുന്ന ഈ ചികിത്സയില്‍ രോഗി പൂര്‍ണ്ണമായും ബോധവാനായിരിക്കും (Local Anesthesia Only)

ഇതിനെ തുടര്‍ന്ന് രോഗിയുടെ രക്തത്തിലെ പ്ളേറ്റ്‌ലെ‌‌റ്റ് കോശങ്ങളുടെ എണ്ണം 2000/cmm ല്‍ നിന്നും ദിവസങ്ങള്‍ക്കുള്ളില്‍ 1,83,000/cmm ആയി വര്‍ദ്ധിക്കുകയുണ്ടായി. പശ്ചാത്ത്യ രാജ്യങ്ങളില്‍ ചെയ്തുവരാറുണ്ടെങ്കിലും ഇന്ത്യയില്‍ ഈ ചികിത്സാരീതി അത്യപൂര്‍വ്വമാണ്. ഹിമറ്റോളജി വിഭാഗത്തിലെ പ്രൊഫ. മാത്യൂ തോമസ്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലെ ഡോ. മനീഷ് കുമാര്‍ യാദവ്, ഡോ. മാധവന്‍ ഉണ്ണി എന്നിവരാണ് ഈ അപൂര്‍വ്വ നേട്ടത്തിന് പിന്നില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top