02 May Thursday

ജാഗ്രത തുടരുക വീടുകളിൽ

എം ആർ ആനന്ദ്‌Updated: Sunday Jun 13, 2021


കോവിഡ്‌ മഹാമാരിക്കാലത്ത്‌ നമ്മെ അലട്ടുന്ന ചോദ്യം നാം വീടുകൾക്കുള്ളിൽ സുരക്ഷിതർ ആണോ അല്ലയോ എന്നുള്ളതാണ്. ഇന്നത്തെ സാഹചര്യത്തിൽ രോഗം ബാധിച്ച ആളുകളിൽനിന്ന് കുടുംബാംഗങ്ങളിലേക്കാണ് രോഗവ്യാപനം കൂടുതൽ ഉണ്ടാകുന്നത്‌. വീടുകൾക്കുള്ളിലും മാസ്ക് ധരിക്കേണ്ട സ്ഥിതി. കൈകാലുകൾ സോപ്പിട്ട്‌ കഴുകുക, അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങൾക്കൊപ്പം വീടുകൾക്കുള്ളിലെ കോവിഡ്‌ പ്രതിരോധവും വളരെ പ്രധാനപ്പെട്ടതാണ്‌.

അടച്ചിട്ട, വായുസഞ്ചാരം ഇല്ലാത്ത മുറികളിൽനിന്ന് രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതൽ.  ശുദ്ധവായു മുറികൾക്കുള്ളിൽ ലഭിക്കാൻ ജനലുകളും വെന്റിലേറ്ററുകളും പരമാവധി തുറന്നിടുക. പേരിനുവേണ്ടി ഏതെങ്കിലും ഒരു വശത്തെ ജനലോ പാളിയോ തുറന്നിടാതെ, മുറിക്ക്‌ രണ്ടുവശത്തും ജനലുകൾ  ഉണ്ടെങ്കിൽ അവ രണ്ടും തുറന്നിടുക. ഇത് ക്രോസ് വെന്റിലെഷൻ/സ്റ്റാക്ക് ഇഫക്റ്റ് എന്നീ  പ്രതിഭാസങ്ങൾക്ക് കാരണമാകുകയും,  മുറിയിൽ വായുസഞ്ചാരം കൂടുതൽ എളുപ്പമാക്കുകയും ചെയ്യും. ഇനിയിപ്പോൾ മുറിയിൽ ഒരു ജനൽ മാത്രമേ ഉള്ളൂ എങ്കിൽ ഒരു പെഡസ്റ്റൽ ഫാൻ മുറിയിൽ ജനലിനു അഭിമുഖമായി മുൻഭാഗം പുറംവശത്തേക്ക് തിരിച്ചുവച്ച് പ്രവർത്തിപ്പിക്കുക. ഇതുവഴി ഫാൻ പുറത്തെ ശുദ്ധവായുവിനെ മുറിക്കുള്ളിലേക്ക് കടത്തിവിടുന്നു.

എസി ഉപയോഗം പരമാവധി കുറയ്‌ക്കണം. (കോവിഡ്‌ കാലത്ത്‌ ഉപയോഗിക്കാതിരിക്കുന്നത്‌ നല്ലത്‌) എസി-യും ഫാനും ഒരുമിച്ച് ഉപയോഗിക്കുന്നവർ ആ ശീലം പൂർണമായി ഉപേക്ഷിക്കണം. കാറിൽ എസി ഉപയോഗിക്കുമ്പോൾ ശുദ്ധവായു ലഭിക്കാൻ "ഫ്രഷ് എയർ മോഡ് ' സംവിധാനം ഉണ്ട്. മറിച്ച്‌, വീടുകളിൽ സാധാരണ  ഉപയോഗിക്കുന്ന 80 ശതമാനം എസികൾക്ക് ഈ സംവിധാനം ഇല്ലതാനും. പകരം ഒരേ വായുവിനെ "റീ-സർക്യൂലറ്റ്' ചെയ്തു തണുപ്പിക്കുന്ന മാർഗമാണ് പ്രയോഗിക്കാറ്‌. പനിയോ മറ്റസുഖങ്ങളോ ഉള്ള ഒരാൾ ശീതീകരിച്ച മുറിക്കുള്ളിൽ ഉറക്കെ സംസാരിക്കുകയോ  ചുമയ്‌ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ വൈറസ് ആ മുറിയിൽ പ്രവേശിക്കുന്നു. "റീസർക്യൂലേഷൻ'മാത്രം നടക്കുന്നതുമൂലവും ശുദ്ധവായു ഉള്ളിൽ ലഭിക്കാത്തതുമൂലവും വൈറസ് ആ മുറിയിൽ  തങ്ങിനിൽക്കുമെന്ന് മാത്രമല്ല, മറ്റുള്ളവരിലേക്ക് അസുഖം പടരാൻ കാരണമാകുകയും ചെയ്യും. മറ്റൊരു രീതിയിൽ ചിന്തിച്ചാൽ ഇത് കെട്ടിടത്തെയും ‘അസുഖം’ പിടിപ്പിക്കുകയാണ്. ഈ അവസ്ഥയെ " സിക്ക് ബിൽഡിങ്‌ സിൻഡ്രോം അഥവാ എസ്ബിഎസ് എന്ന് പറയും. ഇതിനെതിരെ പ്രതിരോധ മാർഗങ്ങൾ തീർച്ചയായും സ്വീകരിക്കണം:

മുറിയുടെ വലിപ്പത്തിന് അനുയോജ്യമായ എസി വയ്‌ക്കുക.
എസി ഫിൽറ്റർ എംഇആർവി 13 (മിനിമം എഫിഷ്യൻസി റിപ്പോർട്ടിങ് വാല്യൂ) / എച്ച്‌ഇപിഎ 14 (ഹൈ എഫിഷ്യൻസി പർട്ടിക്കുലേറ്റ് എയർ ഫിൽറ്റർ) എന്നിവയ്ക്കു മുകളിലുള്ള എസി വേണം ഉപയോഗിക്കാൻ. ഇതിൽ താഴെയുള്ള എസി കീടാണുകൾക്ക് എതിരെ ഫലപ്രദമാകില്ല. യഥാസമയം എസി ഫിൽറ്റർ മാറ്റുക,  എസി  അറ്റകുറ്റപ്പണി കൃത്യസമയത്തു നടത്തുക,

അടുക്കള /ശുചിമുറി മുതലായവ  എല്ലാ സമയവും വൃത്തിയായി സൂക്ഷിക്കണം. ഉപയോഗത്തിനുശേഷം ക്ലോസെറ്റ് കവർലിഡ് കൊണ്ട് അടച്ചുവയ്‌ക്കണം. മുറികളിൽ അവശ്യസാധനങ്ങൾ ഒഴികെ മറ്റ് എല്ലാ സാധനവും റാക്ക്/ചെസ്റ്റർ എന്നിവയിൽ മാറ്റണം. മേശവിരികൾ, കിടക്കകൾ, കർട്ടനുകൾ, ചവിട്ടികൾ എന്നിവയിൽ അഴുക്കോ പൊടിയോ പറ്റിയിരിക്കാതെ നോക്കുക. മാറാലകൾ അടിച്ചുകളയുക. ഇല്ലെങ്കിൽ  പൊടി തങ്ങിനിൽക്കാനും ഇവിടെയെല്ലാം കീടാണുവിന്റെ വാസസ്ഥലമാകാനും വേറെ കാരണം നോക്കേണ്ട. തറ, ഭിത്തികൾ, അടുക്കള, ശുചിമുറി, മറ്റു ടൈലുകൾ എല്ലാം അണുനാശിനി ഉപയോഗിച്ച് കഴുകുന്നത് രോഗപ്രതിരോധത്തിന് ആക്കം കൂട്ടും.

മഴക്കാലത്ത്‌ ഭിത്തികളിലോ മേൽക്കൂരയിലോ ഈർപ്പം തങ്ങിനിൽക്കാൻ അനുവദിക്കരുത്. ചോർച്ച, വിള്ളൽ, ചിമ്മൽ മുതലായ പ്രശ്നങ്ങൾ  പരിഹരിക്കണം. സൺഷേഡ് /പുരപ്പുറം എന്നിവയിലെ ഇലകളുടെ അവശിഷ്ടവും മറ്റു അവശിഷ്ടങ്ങളും നശിപ്പിക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top