25 April Thursday

‘സമ്പർക്കവിലക്കിൽ കഴിയുന്നവരോട്‌ സഹാനുഭൂതി വേണം’

ലെനി ജോസഫ്‌Updated: Tuesday Mar 17, 2020

കോട്ടയം > ക്വാറന്റൈനിൽ (സമ്പർക്കവിലക്ക്‌) കഴിയുന്നവർക്ക്‌ മന:ശാസ്‌ത്രപരമായ പ്രശ്‌നങ്ങളുണ്ടാകാം എന്നതിനാൽ അവരോട്‌ സമൂഹം സഹാനുഭൂതിയോടെയുള്ള  സമീപനം സ്വീകരിക്കണമെന്ന്‌  പ്രമുഖ സൈക്ക്യാട്രിസ്‌റ്റ്‌ ഡോ. റോയ്‌ എബ്രഹാം കള്ളിവയലിൽ  ദേശാഭിമാനിയോട്  പറഞ്ഞു. പോസ്‌റ്റ്‌ ട്രോമാറ്റിക്‌ സ്‌ട്രെസ്‌ , ആശങ്ക, ദേഷ്യം  എന്നിവയൊക്കെ ഇവർക്ക്‌ ഉണ്ടാകാം. ഇവരെ ബാധിക്കാനിടയുള്ള വിഷാദരോഗം ആത്മഹത്യക്കുവരെ ഇടയാക്കിയേക്കാം. താൻ എന്തുകൊണ്ട്‌ ഇതിൽ അകപ്പെട്ടുപോയി, താൻ ഒരു കുറ്റവും ചെയ്‌തില്ലല്ലോ എന്നൊക്കെയാകും അവരുടെ ചിന്ത.

സമ്പർക്ക വിലക്കിൽ കഴിയുന്നവർ ഇറങ്ങിയോടുന്നത്‌ ഭയംകൊണ്ടാണ്‌. താൻ എന്തോ കുറ്റം ചെയ്‌തുവെന്ന്‌ സമൂഹം ചിന്തിക്കുന്നുവെന്ന്‌ അയാൾ ഭയക്കുന്നു. ഇങ്ങനെ ചെയ്യുന്നവരെ കുറ്റവാളിയായി കണക്കാക്കാതെ സഹതാപ പൂർവം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ്‌ വേണ്ടത്‌. സമ്പർക്കവിലക്കിൽ കഴിയുന്നവർക്ക്‌ ഡോക്ടർമാരുടെ  മനശാസ്‌ത്രപരമായ പിന്തുണയും ലഭിക്കണം.

സമ്പർക്കവിലക്കിൽ കഴിയുന്നവരുടെ മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ലോകാരോഗ്യ സംഘടന ചില നിർദ്ദശങ്ങൾ നൽകിയിട്ടുണ്ട്‌. സമ്പർക്കവിലക്കിൽ വീട്ടിലാണ്‌ കഴിയുന്നതെങ്കിൽ കൃത്യമായ ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവ വേണം.  പ്രിയപ്പെട്ടവരുമായി വീട്ടിലും മറ്റുള്ള കുടുംബ ബന്ധുക്കളും സുഹൃത്തുക്കളുമായി ഇ മെയിലിലും ബന്ധം പുലർത്തണം. അങ്ങനെ ആരോഗ്യകരമായ ജീവിതശൈലിക്ക്‌ വേണ്ടതെല്ലാം ചെയ്യണം.   ലോകാരോഗ്യ സംഘടന, കേന്ദ്ര‐ സംസ്ഥാന സർക്കാരുകളുൾ എന്നിവയുടെ വിശ്വസനീയ സ്രോതസിലെ വാർത്തകൾ മാത്രം ആശ്രയിക്കുക തുടങ്ങിയവയാണ്‌ അത്‌.

രോഗിക്കും മനുഷ്യാവകാശങ്ങൾ ഉണ്ടെന്ന കാര്യം സമൂഹവും  മാധ്യമങ്ങളും ശ്രദ്ധിക്കണം. രോഗിയെ തിരിച്ചറിയുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത്‌ ശരിയല്ല. താൻ ഒരു തെറ്റും ചെയ്‌തില്ലല്ലോ, എന്നിട്ട്‌ താൻ മൂലം സമൂഹത്തിന്‌ ദോഷം വന്നല്ലോ എന്ന ചിന്ത രോഗിക്ക്‌ ഉണ്ടാകാൻ പാടില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top